kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Monday, February 19, 2018

*അശാന്തന്‍*


കിടക്കുന്നു കരിമ്പായില്‍

മരച്ചും കൊണ്ടങ്ങിനെ 

കോടിമുണ്ടിന്‍പൊതിയായി

നമ്മിലോരുവനവന്‍


ശവത്തോടും തീണ്ടലല്ലോ

കടത്തുവാന്‍ പാടില്ലെന്ന്

വിധിച്ചു തമ്പുരാക്കന്മാര്‍

തോറ്റമാടുന്നു


കാളകൂടം കവിള്‍ക്കൊണ്ട

പെരുമാളിന്‍ കോവിലിന്ന്

കല കൊണ്ടേ കലഹിച്ചോ

നയിത്തമെത്രേ 


അവനല്ലോ കിടക്കുന്നു 

അശാന്തനായിപ്പോളും

അധികാരപ്പുരക്ക് മുമ്പില്‍ 

മുടിയാട്ടമായ്


അവനാര് തുടിപ്പാട്ടാല്‍

ഉലകത്തെ ഉണര്‍ത്തിയ 

പെരിയ ചെങ്കോലിന്റെ 

ഉടയോനല്ലേ 


അവനാര് കതിര്‍ക്കാള

പുറത്തേറി വരമ്പുകള്‍

കുളമ്പാലെ ചതച്ചോരു

നിറക്കരുത്തും 


അവനല്ലോ രമണന്ന്

വരകളാലുയിരുനല്‍കി 

പ്രേമപ്പുഴകടത്താന്‍ 

കൂട്ടുപോയ കളിച്ചങ്ങാതി

 

അവനല്ലേ ചെവി മുറിച്ചും 

നിറം ചേര്‍ത്ത് വരച്ചവന്‍ 

ജഠരാഗ്നീ കെടുത്തുവാ 

നുരുളക്കിഴങ്ങു തിന്നോര്‍


അവനല്ലേയീശ്വരന്മാര്‍ക്ക്

അവനിയില്‍ മുഖം നല്‍കി 

ഹൃദയസൂനമര്‍പ്പിച്ചേ

പൂജ ചെയ്തോനും


അവനല്ലോ പിഞ്ചു കയ്യാല്‍ 

ചുമര്‍ തോറും കരിക്കട്ട

ക്കിനാവുകള്‍ വരച്ചോരു 

കിടാത്തന്മാരും 


മുളകൊണ്ടും മണ്ണുകൊണ്ടും

തൃക്കരത്താല്‍ ഗൃഹം തീര്‍ത്ത്

കുടിയിരുന്നോരരചന്

അയിത്തമെന്നോ


വിയര്‍പ്പുകൊണ്ടും നിണം കൊണ്ടും 

വിശപ്പാലും ദാഹത്താലും 

വിരല്‍മുക്കി ജീവിതത്തെ 

വരച്ചെടുത്തോന്‍


നൂറു നൂറു കടുംവരകള്‍

ബാക്കിയിട്ടിട്ടവന്‍ പോകെ 

ശവത്തോടും തീണ്ടലല്ലോ 

കടത്തുവാന്‍ പാടില്ലെന്ന് 

വിധിച്ചു തമ്പുരാക്കന്മാര്‍

തോറ്റമാടുന്നു 


കാളകൂടം കവിള്‍ക്കൊണ്ട 

പെരുമാളിന്‍ കോവിലിന്ന്

കല കൊണ്ടേ കലഹിച്ചോ 

നയിത്തമെത്രേ  

 

കറുത്ത നീതി തന്‍ മുഖത്ത്

തുപ്പിക്കൊണ്ടുരുവമാകും

ജ്വലിക്കും തീപ്പന്തങ്ങള്‍ 

നിനക്ക് വേണ്ടി 


നിന്നെയാട്ടിയ പുഴുനാവുകള്‍

ഇല്ലെരിക്കല്‍ ക്ഷമകേഴും

ശാന്തനായുറങ്ങീടുക

കുഴിമാടത്തില്‍ 


നീ പിറക്കുംമാരിവില്ലില്‍ 

പൂത്തുമ്പിചിറകുകളില്‍ 

മയില്‍‌പ്പീലിക്കണ്ണുമായി 

അശാന്തനായി 


*ശിവപ്രസാദ് പാലോട്*

No comments:

Post a Comment