kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Monday, April 2, 2018

ഒച്ചയടപ്പ്



എന്റെ ഒച്ചയെ
ഞാനൊരു കുടത്തിലടച്ചിട്ടു
കുടമെടുത്ത് തലയിൽ വച്ചു
തലയെടുത്ത് കയ്യിൽ വച്ചു
കയ്യെടുത്ത് കാലിൽ വച്ച്
ധൃതി പിടിക്കാതെ നടക്കുകയാണ്
പോകും വഴി
ഒരു കൂട്ടം വിശന്ന
പശുക്കളുടെ ബേ ബേ
ഒരാടിന്റെ ശാന്തതയുള്ള മേമേ
ഒരു കാളയുടെ മുക്ര
ഒരു നായയുടെ ബൗ ബൗ
സൂര്യനെ കളിയാക്കിയ
കോഴിയുടെ കൊക്കരക്കോ
കാലൻകോഴിയുടെ പൂവ്വാ പൂവ്വാ
തത്തയുടെ പൂച്ച പൂച്ച
വിഷു ക്കിളിയുടെ
വിത്തും കൈക്കോട്ടും
കാക്കയുടെ ചരിഞ്ഞ കാ കാ
താറാവിന്റെ ക്വാ ക്വാ
കുയിലിന്റെ കൂകൂ
പാമ്പിന്റെ ഊത്ത്
കൂമന്റെ മൂളൽ
ആനയുടെ ചിന്നം വിളി
കുതിരച്ചിനപ്പ്
കഴുതക്കഴപ്പ്
പന്നി മുരളൽ
പൂച്ചയുടെ മ്യൂവൂ
പുള്ളിന്റെ ചിലപ്പ്
വെരുകിന്റെ ചീറൽ
പൂത്താംകീരിയുടെ കി കീ
പ്രാവിന്റെ ചങ്കിലെ
സമാധാനം കുറുകൽ
അണ്ണാറക്കണ്ണന്റെ
തന്നലായതും അല്ലാത്തതുമായ
ചില്ലക്ഷരങ്ങള്‍
ഇലയനക്കം
പൂവനക്കം
വേരനക്കം
വിത്തനക്കം
മുളയനക്കം
ഇടി, മഴ,
കാറ്റ്, വെയിലുണക്കം
നിഴൽ സീൽക്കാരങ്ങൾ
പത്രക്കാരന്റെ 'ബെല്ലടി
മോല്യാരുടെ വാങ്ക്
പിതാവിന്റെ മണിയടി
ദേവന്റെ ശംഖ്
വേശ്യയുടെ കുലുങ്ങിച്ചിരി
കുട്ടികളുടെ കരച്ചിൽ
മുനിസിപ്പാലിറ്റിയുടെ സൈറൺ
തി കെടുത്താനോടുന്ന കൂട്ടമണി
ആംബുലൻസിന്റെ നിലവിളി
എണ്ണമറ്റ ഹോണുകൾ
പീപ്പി, കൊമ്പുകുഴലുകൾ
ചെണ്ട മദ്ദളങ്ങൾ
പുളിച്ച തെറി
പിരാക്കുകൾ
ഭ്രാന്തന്റെ പാട്ട്
തോറ്റതും ജയിച്ചതും
അലറുന്ന ഉച്ചഭാഷിണി
ആമയുടെ വിജയാഹ്ലാദം
മുയലിന്റെ കൂര്‍ക്കം
ഇരയുടെ കിതപ്പ്
വേട്ടയുടെ ഇരപ്പ്
അരമന രഹസ്യം
അങ്ങാടിപ്പാട്ട്
വെടി,
ഏമ്പക്കം, ക്ഷയച്ചുമ
ഊർധ്വൻ, ചാക്കാല
വണ്ടിക്കാളയുടെ
ചക്രശ്വാസം
ചാട്ടവാറടി
മുദ്രാവാക്യങ്ങൾ
ചിതയാളൽ
ചിതലരിപ്പ്
ഓരോന്നും എടുത്തു
കുടത്തിലിട്ടു
കുടത്തിൽ നിന്ന്
തലയെടുത്തു
തലയെടുത്ത് കയ്യിൽ വച്ചു
കയ്യെടുത്ത് കാലിൽ
വച്ചപ്പോളല്ലേ
ഒച്ചപോയ എല്ലാത്തുങ്ങളും വന്ന്
എന്റെ ഒച്ച തായോ
ഞങ്ങടെ ഒച്ചതായോ
എന്ന് ഉറുമ്പടക്കം
കെട്ടിപ്പിടിച്ചത്
അങ്ങനല്ലേ
കൊടുത്ത് കൊടുത്ത്
എനിക്ക് ഒച്ചയില്ലാണ്ടായത്
എന്നാലും സമാധാനമുണ്ട്
രാജാവിപ്പോളും
തുണിയിടാതെ നടക്കുന്നുണ്ട്
ഒച്ചയില്ലാത്തതു കൊണ്ട്
എനിക്കതു പറയണ്ടല്ലോ
നിനക്കതു കേൾക്കണ്ടല്ലോ...
ശിവപ്രസാദ് പാലോട്

No comments:

Post a Comment