*പ്രളയകാണ്ഡം*
വേനൽത്തീയ്യിലുരുകിടുമ്പോൾ
കൊതിച്ചിരുന്നൊരു മഴത്തണൽ
പുഴവറ്റിക്കിണർ വറ്റി ദാഹിച്ചപ്പോൾ
കാത്തിരുന്നൊരു മഴക്കുളിർ
മണ്ണിലുറങ്ങിക്കിടക്കും വിത്തുകൾ
ചില്ലകളിൽ മരവിച്ചിരുന്ന തളിരുകൾ
അന്നമേന്താൻ വെമ്പിയ കതിരുകൾ
കിനാവു കണ്ട കാർമേഘത്താരകൾ
പേപിടിച്ചലറി മുടിയഴിച്ചാടി
മരണനൃത്തംചവിട്ടിത്തിമർക്കും
ദുരിതത്തോറ്റത്തിൻ പേച്ചുകൾ
തിരിയാതെ നിൽക്കുന്നൊരീ
പ്രളയദിനങ്ങളിൽ
നിൻ പകർന്നാട്ടം കണ്ടു
പതറി നിൽക്കുന്നു ജീവിതം
ഉരുൾപൊട്ടിയിറങ്ങും
പെരുകുന്നുകൾ
കരകവിഞ്ഞേഴുലകും
വിഴുങ്ങിപ്പായും നദികൾ
മുങ്ങുന്ന കൂരകൾ
പൊന്തുന്ന നിലവിളിക്കയ്യുകൾ
തോരാതെ തോരാതെ പെയ്യുന്ന
മഴ കൊണ്ടു മുറിഞ്ഞ
ഹൃദങ്ങൾ പൊത്തിപ്പിടിച്ചോടും
മലയാളഭൂമിക്കരച്ചിൽ
ഇല്ല
പ്രണയിക്കാനാവുന്നില്ല
മഴയെ, വെറുത്തു പോകുന്നു
മാരിവില്ലുകളെ
മറന്നു പോകുന്നു
മാരിയെ വർണിച്ച
വാക്കുകളത്രയും
സൂര്യനുദിക്കും
വീണ്ടുമീ മണ്ണിൽ
തലയുയർത്തി നിൽക്കും
മനുഷ്യമഹാവൃക്ഷം
കോർത്തു പിടിച്ച കൈകളിൽ
നിന്നും ചോർന്നു പോവാത്ത
നന്മകൾ, സാഹോദര്യങ്ങൾ
പ്രളയവാരിധി നിന്തിക്കടന്നാണ്
ചരിത്രമെന്നുമുയിർത്തെണീറ്റത്
ജലപരീക്ഷകൾ ജയിച്ചു വാഴുവാൻ
സുദൃഢമലയാളമേ കൊടിയുയർത്തീടുക
*ശിവപ്രസാദ് പാലോട്*
Post Top Ad
ഉള്ളടക്കം
Saturday, August 18, 2018
Subscribe to:
Post Comments (Atom)
No comments:
Post a Comment