kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Friday, August 24, 2018

ജലവേദം

*
*

നാലാം ദിവസവും
അഞ്ചാം ദിവസവും
മഴ പെയ്തു കൊണ്ടേയിരുന്നപ്പോൾ
തങ്ങൾ മഴയത്താണ് ജനിച്ചതെന്നും
മഴയത്താണ് വളർന്നതെന്നും
പുരുഷാരം വിശ്വസിച്ചു..

ഓരോ മലയും
അനേകം മൺ വിത്തുകളിൽ നിന്ന്
അനാദിയിൽ മുളച്ചതാണ്

മഴ തടുക്കാനുള്ള
അണക്കെട്ടുകളാണ്
മലകൾ,
പരിധിയെത്തുമ്പോൾ
പുറന്തള്ളുന്ന വെള്ളമെത്രേ
പുഴകളരുവികൾ

ബോധമുള്ളവരെ
അനുകരിക്കുന്ന ഭ്രാന്തരാണത്രേ
മഴ, പുഴ, മല
ചിരിച്ചു കൊണ്ട് കരയിപ്പിക്കും
കരഞ്ഞുകൊണ്ട് ഇക്കിളിയിടും

വെള്ളമെന്നത് സത്യവും
കരയെന്നത് അനേകം
നുണകൾ കൊണ്ട്
തൂർത്തെടുത്ത ആകാശവും

മേഘങ്ങൾ വെള്ളത്തിന് മീതേ
പൊങ്ങിക്കിടക്കുന്നത്ര
ഉയരുന്നതാണ്
കിനാവിലെ വെള്ളപ്പൊക്കം

നാലഞ്ചു ദിവസം കൊണ്ട്
വെള്ളത്തിനടിയിൽ
കൊത്തിപ്പെറുക്കാൻ
പഠിച്ച കോഴികൾ

വെള്ളത്തിനടിയിൽ
ഊളിയിട്ടു നടക്കുന്ന മനുഷ്യർ
പാചകം ചെയ്യുന്നവർ
വസ്ത്രത്തെപ്പറ്റി ആകുലപ്പെട്ടില്ല
ഇണചേരുന്നവർ ആഹാരത്തെപ്പറ്റിയും
പ്രണയിക്കുന്നവർ ശ്വാസത്തെപ്പറ്റിയും
വിശക്കുന്നവർ സമയത്തെക്കുറിച്ചു പോലും
ആകുലപ്പെടാത്ത ജലയുഗം

വെള്ളമിറങ്ങിപ്പോയപ്പോളും
ഇരമ്പം കേൾക്കുന്ന പോലെ
എന്തിലോ നനഞ്ഞൊട്ടിയ പോലെ
വെള്ളത്തിന്റെ പാളികൾ കൊണ്ട്
കെട്ടിയ വീടുകൾ

വെള്ളം കൊണ്ടതിരിട്ട
കണ്ണും കാഴ്ചയും കൊണ്ട്
വെള്ളം കൊണ്ടുള്ള കവിതയും വേദവും

വെള്ളത്തിന്റെ മണമുള്ള കിനാവിലിരുന്ന്
കരയെ വരക്കാൻ ശ്രമിക്കട്ടെ
നിറങ്ങൾ കലങ്ങിപ്പോയ,
കൈകളില്ലാത്ത,
കുമിളകളെപ്പോലെ
കൂട്ടം തെറ്റിപ്പോയ
ഒരു കൂട്ടം കുട്ടികൾ

*ശിവപ്രസാദ് പാലോട്*

No comments:

Post a Comment