kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Friday, September 14, 2018

അന്ത്യവിധി



രൂപക്കൂട്ടിന് മുന്നിൽ
കരിന്തിരി പുകയുകയാണ്
കുമ്പസാരക്കൂട്ടിൽ
ഒരു കുറുക്കൻ
ആട്ടിൻകുട്ടിയെ രുചി വേദം
മൂളിക്കേൾപ്പിക്കുന്നു

പൊള്ളിയ ആത്മാവുമായി
ഒരു പച്ചില പോലുമില്ലാത്ത
വെയിൽത്തണലിലേക്ക്
ആട്ടിൻകുട്ടി ഇറങ്ങിയോടുന്നു

കൂട്ടം വിട്ട ആടിനും
ചാട്ടം പിഴച്ച കുരങ്ങനും
പുകഞ്ഞ കൊള്ളിക്കും
വറചട്ടിയിൽ നിന്ന്
എരിതീയിലേക്കാണ്
സ്വർഗമെന്ന്
അജപാലകനും
അറവുകാരനും തമ്മിൽ
ഒപ്പിട്ട കരാർ
അരമനയിൽ ചില്ലിട്ടു തൂക്കിയിട്ടുണ്ട്

നീതിയുടെ വാ മൂടിക്കെട്ടിയ
ചക്രവർത്തിമാർ
ചെന്നായ്ക്കൾക്കുടുക്കാൻ
ആട്ടിൻതോലിനായി
കാത്തു നിൽക്കുന്നുണ്ട്

മുള്ളുകളിൽനിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്നു
അത്തിപ്പഴവും പറിച്ചുതിന്ന്
അത്യുന്നതങ്ങളിലിരിക്കുന്നവർക്ക്
നിത്യവും സ്തുതി പാടുന്നതിനാൽ
അജപാലകന്റെ വിശപ്പിന്
മറുചോദ്യമില്ല

എല്ലാ വചനങ്ങളും
ജഡ ലിപികളായിത്തീരുമ്പോൾ
കണ്ണിരിന്റെ പുഴകൾ
ഇനി കാൽവരിയിലേക്ക് തിരിച്ചൊഴുകും
പാപത്തിന്റെ ശമ്പളം മരണമാകയാൽ
അതിൽ
നമ്മളെല്ലാരും
ഒന്നിച്ച് ഒലിച്ചു പോവും

ഈ അപ്പവും വീഞ്ഞും
വല്ലാതെ പുളിച്ചു പോയിരിക്കുന്നു


ശിവപ്രസാദ് പാലോട്

No comments:

Post a Comment