ബൃഹദാകാരങ്ങൾ വിട്ട്
സൂക്ഷ്മദേവതയായി
അവതരിച്ച ശത്രു
നിഗ്രഹത്തിനായ് പൊരുതുന്നു
ശാസ്ത്രാവതാരം
കൈകളിലായുധങ്ങൾ
ഒന്നിൽ മാസ്ക്
ഒന്നിൽ സാനിറ്റൈസർ
ഒന്നിൽ സോപ്പ്
ഒന്നിൽ മരുന്ന്
ഒന്നിൽ സിറിഞ്ച്
വാഹനം ആംബുലൻസ്
ആശുപത്രി
അതിന്റെ ആലയം
വെന്റിലേറ്റർ അതിന്റെ അൾത്താര,
എല്ലാ വീടുകളിലും
ഏകാന്തവാസമെന്ന പൂജാമുറി
സമ്പർക്ക വിലക്കെന്ന
നോമ്പു വഴിപാട്,
വിരുന്നു സദ്യ നിഷിദ്ധം,
മരുന്നതിന്റെ പ്രസാദം
ഡോക്ടർമാർ പ്രവാചകർ
നഴ്സുമാർ പുരോഹിതർ
ഭരണയന്ത്രം
അതിന്റെ വെളിച്ചപ്പാട്
തന്നെപ്പോലെ
തന്റെ അയൽക്കാരനേയും കാക്കുന്ന
ആൾദൈവങ്ങളാകണം
ഓരോരുത്തരുമെന്ന്
അതിന്റെ വിശുദ്ധവേദ പുസ്തകം
ഹസ്തദാനം വെടിഞ്ഞ്
ആലിംഗനം വെടിഞ്ഞ്
ചുംബനവും വെടിഞ്ഞ്
സമൂഹവ്യാപന രോധാർഥം
ഹസ്തധാവനം
ഇഷ്ടപൂജ
ഘോഷിപ്പിൻ
ചങ്ങല മുറിക്കുകയെന്ന്
അതിന്റെ മുട്ടിപ്പു പ്രാർഥന
*ശിവപ്രസാദ് പാലോട്*

No comments:
Post a Comment