kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Saturday, August 1, 2020

തിരക്കഥ നാവേറ് ശിവപ്രസാദ് പാലോട്

തിരക്കഥ

                 നാവേറ്


സീന്‍ 1 day out door
(നേരം രാവിലെ പത്തിനും പതിനൊന്നിനും ഇടയില്‍ . ദൃശ്യത്തില്‍ പാതി തുറന്നു കിടക്കുന്ന ഒരു ഗേറ്റ്. ടൈലുകള്‍ പാകിയ മുറ്റത്തു നിന്നും വെട്ടിയൊരുക്കി നിര്‍ത്തിയ ചെടികളിലേക്ക് നീങ്ങുന്ന ദൃശ്യം. ഒരു ഇരുനില ടെറസ് വീടിന്റെ കാഴ്ച (ടോപ്പ് ആംഗിള്‍ ഷോട്ട്)


സീന്‍ 1 B day in door

(പോര്‍ച്ചില്‍ ഒരു കാര്‍ നില്‍ക്കുന്നു. കുട്ടികളുടെ ചാരിവച്ച സൈക്കിളുകള്‍ ചുവരില്‍ കൗസ്തുഭം എന്ന വീട്ടുപേര് കാണുന്നു. പാതി തുറന്നു കിടക്കുന്ന കൊത്തു പണികളുള്ള വാതില്‍. ഉള്ളില്‍ നിന്നും റേസിങ്ങ് കാറുകള്‍ ഇരമ്പുന്ന ശബ്ദം ഉയരുകയും താഴുകയും ചെയ്യുന്നു. (ക്യാമറ സൂം ഇന്‍)

സീന്‍ 1 C day in door

വാതിലിലൂടെ ളള്ളില്‍ ടാബ്ലറ്റില്‍ കാര്‍ റേസിങ്ങ് ഗെയിം കളിക്കുന്ന പന്ത്രണ്ട് വയസ്സ് പ്രായമുള്ള ഒരു പെണ്‍കുട്ടിയും അതില്‍ താഴെ പ്രായമുള്ള ഒരു ആണ്‍കുട്ടിയും. പെണ്‍കുട്ടിക്ക് ലെഗിന്‍സും ടീ ഷര്‍ടും വേഷം. അല്പം തടിച്ച പ്രകൃതം.മുടി പോണി ടെയില്‍ പോലെ കെട്ടിവച്ചിരിക്കുന്നു. മുഖത്തേക്ക് തൂങ്ങിക്കിടക്കുന്ന കുറച്ച് മുടിയിഴകള്‍. ആണ്‍കുട്ടിക്ക് ടീ ഷര്‍ട്ടും ബര്‍മുഡയും. കുട്ടികളുടെ മുഖത്തെ ഭാവങ്ങളിലേക്കും ഇടത്തോട്ടും വലത്തോട്ടും ചരിയുന്ന അവരുടെ ദേഹങ്ങളിലേക്കും കാഴ്ച മാറുന്നു. ക്രമേണ കുട്ടികളില്‍ നിന്നകന്ന് ടാബിന്റെ സ്ക്രീനിലെ കാറുകളുടെ മത്സരത്തിലേക്ക് ദൃശ്യം അടുക്കുന്നു. ദൃശ്യത്തില്‍ ചരിഞ്ഞും പാഞ്ഞു പോകുന്ന കാറുകള്‍ ദൃശ്യത്തില്‍നിറയുന്നു. കാറുകളുടെ ശബ്ദം അല്പം താഴുന്നിടത്ത് ഒരു പുള്ളുവ വീണയുടെ ശബ്ദം പുറത്തു നിന്ന് കേള്‍ക്കുന്നു.) (ക്യാമറ സൂം ഇന്‍)

സീന്‍ 2 day out door
(എക്സറ്റീരിയര്‍ മൂവിങ്ങ് ഷോട്ട്)

(ഗേറ്റിന് പുറത്ത് നിന്ന് പുള്ളുവക്കുടവും മാറാപ്പുമായി ഒരു സ്ത്രീയും കുട്ടിയും അല്പം ദുരെ നിന്ന് മണ്‍പാതയിലൂടെ നടന്നു വരുന്നു. കറുത്ത നിറം. മെല്ലിച്ച ദേഹം.നിറം മങ്ങിയ വെള്ളമുണ്ടും നരച്ച ഒരു പച്ച ബ്ളൗസും മാറിലൂടെ ഇട്ട ഒരു തോര്‍ത്തുമുണ്ടും വേഷം. തലമുടി തലയുടെ ഒരു ഭാഗത്തേക്ക് കെട്ടി വച്ചിരിക്കുന്നു.


സീന്‍ 2 B day out door
(
മീഡിയം ക്ളോസ് അപ്പ് ഷോട്ട്)

സ്ത്രീയുടെ കഴുത്തില്‍ ഒരു മഞ്ഞ നൂലില്‍ തൂങ്ങിക്കിടക്കുന്ന സര്‍പ്പരൂപത്തിലേക്ക് ദൃശ്യം അടുക്കുന്നു. കാതില്‍ പറ്റിക്കിടക്കുന്ന വെള്ളിനിറമുള്ള വിലകുറഞ്ഞ ആഭരണം. മൂക്കുത്തി. സ്ത്രീയുടെ മറവിലായി ഒരു പെണ്‍കുട്ടി. അധികം വെളുപ്പല്ലാത്ത നിറം. മെലിഞ്ഞ ദേഹം. പുള്ളുവ വീണ കയ്യില്‍ പിടിച്ചിരിക്കുന്നു. ജംബറും നിറം മങ്ങിയ ഒരു പാവാടയും വേഷം. എണ്ണ തേക്കാതെ പാറിക്കിടക്കുന്ന തലമുടി. കഴുത്തിലോ കൈയിലോ കാതിലോ ആഭരണങ്ങളില്ല. മുഖത്ത് ദുഖ ഭാവം. അവരുടെ കാലുകള്‍ ചലിക്കുന്നത് ദൃശ്യത്തിലേക്ക് വരുന്നു. ഗേറ്റ് കടന്ന് ‍ടൈല്‍ പാകിയ മുറ്റം വഴി അവര്‍ നടന്ന് വീടിന്റെ മുമ്പില്‍ എത്തുന്നു. കുട്ടി വീണയില്‍ കോലുകൊണ്ട് അറിയാതെ മീട്ടുന്നു. വീണയില്‍ നിന്ന് കരച്ചിലിനോട് സാമ്യമുള്ള ഒരു ശബ്ദം വരുന്നു.)

സ്ത്രീ- തമ്പ്രാട്ട്യേയ്...ഇവിടാരുല്ലേ?
(
അവരുടെ മുഖത്തേക്ക് ദൃശ്യം അടുക്കുന്നു. മീഡിയം ക്ളോസ് അപ്പ്)

(
സ്ത്രീ മുറ്റത്തിന്റെ വശത്തേക്ക് നടന്ന് ചെടികളുടെ മുകളിലേക്ക് വായിലെ മുറുക്കാന്‍ തുപ്പുന്നു. അത് ഇലകള്‍ക്കു മീതെ ചുകന്ന പുള്ളികളായി കിടക്കുന്നത് ദൃശ്യത്തില്‍ വരുന്നു. വീണ്ടും കാഴ്ച സിറ്റ് ഔട്ടിന് മുന്നിലേക്ക് വരുന്നു)

സ്ത്രീ- ടീച്ചര്‍ തമ്പ്രാട്ട്യേയ്..അമ്മാളു വന്നിര്ക്ക്ണൂ..


സീന്‍ 3 day out door
(
കുട്ടികള്‍ ടാബില്‍ നിന്ന് മുഖം തിരിച്ച് പുറത്തേക്ക് ഒാടി വാതിലിലേക്ക് വരുന്നു. അപ്പോഴും അവരുടെ കയ്യിലെ ടാബില്‍ നിന്ന് കാര്‍ റേസിങ്ങ് ഗെയിമിലെ ശബ്ദങ്ങള്‍ കേള്‍ക്കുന്നു. കുട്ടികള്‍ അകത്തു നിന്നും സിറ്റ്ഒൗട്ടിലേക്ക് ഇറങ്ങുന്നു. മുഖത്ത്‍ മുറ്റത്തു നില്‍ക്കുന്നവരെ കാണുന്ന ഭാവം.)

പെണ്‍കുട്ടി- (അകത്തേക്ക് നോക്കിക്കൊണ്ട്)
മമ്മീ മമ്മീ ഇവിടെ ആളുവന്നിട്ടുണ്ട്..

ആണ്‍കുട്ടി- മമ്മീ,

(സ്ത്രീക്കൊപ്പം വന്ന കുട്ടിയുടെയും വീട്ടിലെ കുട്ടികളുടെയും കണ്ണുകള്‍ തമ്മില്‍ ഇടയുന്ന ദൃശ്യം. മീഡിയം ക്ളോസ് അപ്പ്)


സീന്‍ 4 day out door
(
ഉള്ളില്‍ നിന്ന് കുട്ടികളുടെ അമ്മ വാതിലിലൂടെ പുറത്തേക്ക് വരുന്നു. ചുരിദാറും ടോപ്പും വേഷം. ടോപ്പിനു മുകളിലൂടെ ഏപ്രണ്‍ കെട്ടിയിരിക്കുന്നു. ട്രിം ചെയ്ത പുരികങ്ങള്‍. കാതില്‍ തിളങ്ങുന്ന തരം ആഭരണങ്ങള്‍. കയ്യില്‍ ഒരു പുസ്തകം പിടിച്ചിരിക്കുന്നു. അതിന്റെ കവറിലെ ഒഴിവുകാല പാചകങ്ങള്‍ എന്ന കവറിലേക്കും അതില്‍ പിടിച്ചിരിക്കുന്ന അവരുടെ നെയില്‍ പോളിഷ് ചെയ്ത വിരലുകളിലേക്കും ദൃശ്യം അടുക്കുന്നു മീഡിയം ക്ളോസ് അപ്പ്).


സീന്‍ 5 A day out door

(
വീടിന്റെ സിറ്റ് ഒൗട്ട്. ദൃശ്യത്തില്‍ ഒരേ ഫ്രേമില്‍ ടീച്ചറും കുട്ടികളും മുറ്റത്ത് നില്‍ക്കുന്ന അമ്മാളുവും കൂടെയുള്ള പെണ്‍കുട്ടിയും. വൈഡ് ഷോട്ട്)

ടീച്ചര്‍- ആരാപ്പോ ഇത്? അമ്മാളുവോ? എവിടെ കൊറേ കാലായീലോ ഈ വഴിക്കൊക്കെ ..അല്ല ഇതാരാപ്പോ കൂടെ ഒരാള്‍..?


സീന്‍ 5 B day out door

(ദൂശ്യം അമ്മാളുവിലേക്കും പുള്ളവക്കുടത്തിലേക്കും മാറാപ്പിലേക്കും നീങ്ങി കൂടെ വന്ന പെണ്‍കുട്ടിയുടെ മുഖത്തേക്ക് അടുക്കുന്നു. close upപെണ്‍കുട്ടി അമ്മാളുവിന്റെ മറവിലേക്ക് നീങ്ങി നില്‍ക്കുന്നു. )

അമ്മാളു-എന്താ തറവാട്ടില് നാവേറ് ഒന്നും പാടണ്ടേ ? പുള്ളവന്റെ ഒപ്പം വന്ന കാലം മുതല്‍ക്ക് അമ്മാളു പാടിയിരുന്ന മുറ്റാണ്. അന്നിവിടെ പഴേ തറവാടല്ലേ..തുളസിത്തറേം കാവുമൊക്കെ ഉണ്ടാര്‍ന്ന ഇടാ..നാഗങ്ങള് കുടിയിരിക്കണ പറമ്പാ..

(ദൃശ്യം ടീച്ചറിലേക്കും കുട്ടികളുടെ മുഖത്തേക്കും വരുന്നു.)
ടീച്ചര്‍- അതിനെന്താ അമ്മാളു..ഒന്നിനും മുടക്കമില്ല ഇവിടെ..ഇപ്പളും തറവാട് തന്നെ അല്ലേ? ആ പഴേ വീട് പൊളിച്ചൂന്നേള്ളൂ..അതിപ്പോ കാലത്തിനനുസരിച്ച് മാറണ്ടേ..പിന്നെ കാവ് അതൊക്കെ കൊണ്ടാടാന്‍ ഈ കാലത്ത് പറ്റ്വോ
അമ്മാളു- തമ്പ്രാട്ടി മുഷിയണ്ട. അടിയങ്ങള് ഒരു പഴമ്പുരാണം പറഞ്ഞതാ..

ടീച്ചര്‍- എന്നാ നാവേറ് പാട്ട് ആയിക്കോട്ടെ..തറവാടിന്റെ കണ്ണും നാവേറും ഒക്കെ പൊയ്ക്കോട്ടെ.



സീന്‍ 5 C day out door

(ദൃശ്യത്തില്‍ മുറ്റത്തു നില്‍ക്കുന്ന അമ്മാളുവും പെണ്‍കുട്ടിയും നിറയുന്നു. മാറാപ്പിന് മുകളില്‍ പാമ്പുകള്‍ പോലെ പിണഞ്ഞുകിടക്കുന്ന കെട്ടിലേക്ക് ദൃശ്യം വന്നു നില്‍ക്കുന്നു. close up)
ടീച്ചര്‍- എന്തായാലും എപ്പോ വന്നാലും സൗമ്യ ടീച്ചര്‍ ഇവിടെ ഉള്ളിടത്തോളം ഈ വീട്ടീന്നുള്ളത് അമ്മാളുവിനു ഉണ്ടാകും. മനസ്സറിഞ്ഞു ഒരു നാവേറ് പാടൂ കുടുംബത്തിനും കുട്ട്യോള്ക്കും തറവാടിനും വേണ്ടി





സീന്‍ 6 A day out door

(
അമ്മാളു മുറ്റത്തെ നിലത്ത് കാലുനീട്ടി ഇരിക്കുന്നു. തേഞ്ഞ വാര്‍ ചെരിപ്പ് നീക്കി വക്കുന്നു. മാറ്റിവച്ച മാറാപ്പിലേക്ക് ദൃശ്യം അടുക്കുന്നു. പുള്ളുവക്കുടം മടിയില്‍ വച്ച് ചരട് കാല്‍ വിരലുകളിലേക്ക് കുടുക്കുന്നു. അഴുക്കുപുരണ്ട കുഴിനഖം വന്ന വിരലുകളും കാണാം. കൂടെയുള്ള പെണ്‍കുട്ടിയെ നോക്കി കൈ കൊണ്ട് ആംഗ്യം കാണിക്കുന്നു മീഡിയം ക്ളോസ് അപ്പ്)

അമ്മാളു- കുട്ട്യേ..ദാ ഇവിടെ ഇരുന്നോ.
(
പെണ്‍കുട്ടി അമ്മാളുവിന്റെ അപ്പുറത്ത് ചമ്രം പടിഞ്ഞ് ഇരിക്കുന്നു

സീന്‍ 6 B day out door
അമ്മാളു ഒന്ന് ചുമച്ച് തൊണ്ട ശരിയാക്കി പാടാന്‍ തുടങ്ങുന്നു. കുടം മീട്ടുന്ന ദൃശ്യം അടുക്കുന്നു. ദൃശ്യം പെണ്‍കുട്ടിയിലേക്കും നീങ്ങി പതുക്കെ സിറ്റ്ഒൗട്ടില്‍ നില്‍ക്കുന്ന ടീച്ചറും മക്കളും ഒറ്റ ഫ്രേമിലേക്ക് വരുന്നു.)

സീന്‍ 7 day out door

(കുടത്തിന്റെ സ്ഥാനം ശരിയാക്കി അമ്മാളു പാടിത്തുടങ്ങുപ്പോള്‍ കൂടെ വന്ന പെണ്‍കുട്ടി വീണയില്‍ ഒപ്പം മീട്ടുന്നത് കുട്ടികള്‍ കൌതുകത്തോടെ നോക്കി നില്‍ക്കുന്നു. പെണ്‍കുട്ടി ചമ്രം പടിഞ്ഞിരുന്ന് വീണ മാറിലേക്ക് ചാരിവക്കുന്നു. ഇടതു കൈകൊണ്ട് വീണയുടെ അറ്റത്ത് പിടിച്ച് വലതു കൈയ്യില്‍ പിടിച്ച കോല്‍ വീണയുടെ ചരടിലൂടെ നീക്കാന്‍ തുടങ്ങുന്നു. വീണയില്‍ വലിച്ചുകെട്ടിയ കറുത്ത തുകല്‍ വട്ടം പെണ്‍കുട്ടിയുടെ മുഖത്തിന് താഴെ കാണുന്ന കാഴ്ച. പെണ്‍കുട്ടിയിലേക്കും വീട്ടിലെ കുട്ടികളിലേക്കും മാറി മാറി വരുന്ന കാഴ്ച. പാട്ട് തുടരുന്നതിനനുസരിച്ച് ദൃശ്യം മാറുന്നു.പശ്ചാത്തലത്തില്‍ പാട്ടിന്റെ വരികള്‍ കേള്‍ക്കുന്നു മീഡിയം ക്ളോസ് അപ്പ് ഷോട്ട്)

ശ്രീ മഹാ ദേവൻ തന്റെ
ശ്രീ പുള്ളോർക്കുടം തന്നിൽ
ഓമന ഉണ്ണീടെ ….നാവോറു പാടുന്നു

സീന്‍ 8 day out door

(പുതിയ വീടിന്റെ മുറ്റത്തുനിന്ന് പഴയ തറവാടിന്റെ ഒാര്‍മയിലെ ബ്ളാക്ക് ആന്റെ് വൈറ്റ് ദൃശ്യത്തിലേക്ക് വരുന്നു. സമയം വൈകുന്നേരം, മുറ്റത്തെ തുളസിത്തറയും വിളക്കും പാമ്പിന്‍ കാവും നാഗത്താന്‍മാരുടെ വിഗ്രഹങ്ങളും. അവിടെ വിളക്കു വയ്ക്കുന്ന മുത്തശിയും ദൃശ്യത്തില്‍ വരുന്നു. പഴയകാലത്തെ അനുസ്മരിപ്പിക്കുന്ന മുണ്ടും നേര്യതുമായി നില്‍ക്കുന്ന തറവാട്ടമ്മയും ഉമ്മറത്ത് നില്‍ക്കുന്ന കാരണവരും . കെട്ടിത്തൂക്കിയിട്ടിരിക്കുന്ന ഭസ്മക്കൊട്ട. ചുവരില്‍ അരിമാവുകൊണ്ട് അണിഞ്ഞ ദൃശ്യവും കൈപ്പത്തിയുടെ പാടും. തറവാടിന്റെ മുറ്റത്ത് പുള്ളുവനും പുള്ളുവത്തിയും വന്നിരുന്ന് പാടുന്ന ദൃശ്യം. പശ്ചാത്തലത്തില്‍ പാട്ടിന്റെ വരികള്‍ കേള്‍ക്കുന്നു. സര്‍പ്പം തുള്ളലിന്റെ കളങ്ങളും പാട്ടും വെളുത്ത മുണ്ടും ജാക്കറ്റും അണിഞ്ഞ് കവുങ്ങിൻ പൂക്കുലകളുമായി കളത്തിലിരിക്കുന്ന സ്ത്രീകളുടെയും രൂപങ്ങള്‍ മങ്ങിയ നിലയില്‍ ദൃശ്യത്തിലൂടെ കടന്നു പോകുന്നു.

മുറ്റത്തൊരുണ്ണീടെ കൊച്ചടി കാണാഞ്ഞ്
തെറ്റാതെ നിത്യം ഭജിച്ചു കൊതിച്ചമ്മ
വഴിയിലത്താണി കെട്ടിക്കാമെന്നച്ഛൻ
ദാഹവെള്ളവും പാരിക്കാമെന്നമ്മ
(
പാട്ട് തുടരുന്നതിനനുസരിച്ച് ദൃശ്യം മാറുന്നു.)

സീന്‍ 9

(കുളിച്ച് ഈറനോടെ വരുന്ന ഒരു യുവതിയായ സ്ത്രീയുടെ ദൃശ്യം. സമയം രാവിലെയാണെന്നതിന്റെ സൂചനകള്‍ ദൃശ്യത്തില്‍. തലമുടി തോര്‍ത്തുകൊണ്ട് കെട്ടിവച്ചിരിക്കുന്നു. കണ്ണടച്ച് പ്രാര്‍ഥിക്കുന്ന അവരുടെ കണ്ണുകളിലൂടെ കണ്ണീര്‍ വരുന്ന ദൃശ്യം. സര്‍പ്പക്കാവിനു മുന്നില്‍ വിളക്കു വച്ച് തൊഴുതു നില്‍ക്കുന്ന യുവതി. മുന്നില്‍ കരിങ്കല്ലിലുള്ള നാഗത്താന്മാരുടെ ചെറു വിഗ്രഹങ്ങള്‍. അതിലൊന്നിനെ ചുറ്റി ഒരു പാമ്പിന്റെ വള. പശ്ചാത്തലത്തില്‍ പാട്ടിന്റെ വരികള്‍ കേള്‍ക്കുന്നു)

ഓമന ഉണ്ണീടെ നാവേറു പാടീട്ട്
ഓണാരി തന്നമ്മ
ഏണമുണ്ട് തന്നച്ഛൻ
ശ്രീ മഹാദേവൻ തന്റെ

ശ്രീ പുള്ളോർക്കുടം കൊണ്ട്
ഓമന ഉണ്ണീടെ നാവേറു പാടുന്നേ
ഓമന ഉണ്ണീടെ നാവേറു പാടുന്നേ
അമ്മയ്ക്ക് മുത്താണ് അച്ഛന് പൊന്നാണ്
മുത്തശ്ശിയമ്മയ്ക്കോ കണ്ണിനു കണ്ണാണ്
നാവേറുഴിയണം നാൾദോഷം തീരേണം
നാഗശാപങ്ങളും ഒക്കെയൊഴിയേണം
ആദിത്യനുണ്ണി ഭഗവാനെപ്പോൽ വേണം
ആയുരാരോഗ്യമായ് നൂറ്റാണ്ടും വാഴണം
ശ്രീ മഹാദേവൻ തന്റെ
ശ്രീ പുള്ളോർക്കുടം കൊണ്ട്
ഓമന ഉണ്ണീടെ നാവേറു പാടുന്നേ
ഓമന ഉണ്ണീടെ നാവേറു പാടുന്നേ
നാവേറു പാടുന്നേ നാവേറു പാടുന്നേ.


(പശ്ചാത്തലത്തില്‍ പാട്ടിന്റെ വരികള്‍ കേള്‍ക്കുന്നു. പാട്ട് ഇവിടെയെത്തുന്നതിനനുസരിച്ച് ‍ പുള്ളുവനും പുള്ളുവത്തിക്കും അരിയും നെല്ലും കൊടുക്കുന്ന തറവാട്ടമ്മയുടെ ദൃശ്യം. ഉമ്മറത്തെ പാതിചാരിയ വാതിലിന്റെ മറവില്‍ നില്‍ക്കുന്ന യുവതിയുടെ ദൃശ്യം. പുള്ളുവനും പുള്ളുവത്തിയും മമാറാപ്പുകളില്‍ അരിയും നെല്ലും കെട്ടിയെടുക്കുന്ന ദൃശ്യം. മാറാപ്പ് കെട്ടുന്ന കാഴ്ച. അതില്‍ നിന്ന് മൊണ്ടാഷ് ആയി പഴയ കാഴ്ചയിലേക്കും വീട്ടുമുറ്റത്തിരുന്ന് പാടുന്ന അമ്മാളുവിലേക്കും മാറി മാറി വരുന്നു. തുടര്‍ന്ന് പാട്ട് പതുക്കെ നിലക്കുന്നു)


സീന്‍ 10 A day out door

(പാട്ട് നിലക്കുന്നതിനനുസരിച്ച് ദൃശ്യം മാറി പുതിയ വീടിന്റെ ദൃശ്യത്തിലേക്ക് മടങ്ങുന്നു. കുടം ഒതുക്കി വക്കുന്ന അമ്മാളുവിലേക്ക് കാഴ്ച അടുക്കുന്നു. അമ്മാളു കോട്ടുവായിട്ട് പതുക്കെ എഴുന്നേല്‍ക്കുന്നു. കൂടെയുള്ള പെണ്‍കുട്ടിയും എഴുന്നേല്‍ക്കുന്നു. കുട്ടി അമ്മാളുവിന്റെ പിന്നിലേക്ക് മാറി നില്‍ക്കുന്നു. സിറ്റ് ഒൗട്ടില്‍ നില്‍ക്കുന്ന ടീച്ചറും കുട്ടികളും. അവരെ നോക്കി അമ്മാളു പറയുന്നു.)

അമ്മാളു- കുട്ട്യോള്‍ക്ക് നല്ല നാവെറുണ്ട് തമ്പ്രാട്ട്യെ.

സൗമ്യ ടീച്ചര്‍- ണ്ടാവാണ്ടിരിക്കോ അമ്മാളൂ..അയലേക്കക്കാര് ഒക്കെ അസൂയക്കാരാ..പോരാത്തതിന് ആതിരേം ആദിത്യനുമൊക്കെ ക്ളാസില് ഫസ്റ്റാ..സഹിക്കാത്തവര് ണ്ടാവല്ലോ നാലു പുറോം.
(
അയല്‍പ്പക്കത്തേക്ക് നോക്കുന്നു. മതിലിന് മുകളിലൂടെ അപ്പുറത്തെ വീടുകളിലേക്ക് ദൃശ്യം നീങ്ങുന്നു വൈഡ് ഫിക്സഡ് ഷോട്ട്)
സൗമ്യ ടീച്ചര്- അമ്മാളു നല്ലോണം വിചാരിച്ചു പാടീലേ..ഇനി എന്നെങ്കിലും അല്ലെ ഈ വഴിക്ക് വരവുണ്ടാകൂ..

അമ്മാളു- പിന്നെന്താ തമ്പ്രാട്ട്യേ..അമ്മാളുന്റെടുത്ത് കണ്ണും നാവേറുമൊക്കെ പറന്നു പോകില്ലേ..പഴേ പോലെ സഞ്ചാരം ഒന്നുല്യ തമ്പ്രാട്ട്യെ ..മുമ്പേ എത്തീരുന്ന ഇടത്തൊക്കെ ഇടക്കൊന്നു വന്നു പോണൂ ന്നെള്ളൂ ..ഇതന്റെ മകന്റെ കുട്ട്യാ .മീനാക്ഷി.ഏഴാം തരത്തില്‍ പഠിക്യാ..നിക്കൊരു കൂട്ടിനു ഓളേം കൂട്ടിപ്പോന്നു ..ഓളടച്ചന്‍ പോയെ പിന്നെ ന്റെ കൂട്ട് ന്നെ..

സീന്‍ 10 B day out door

(അമ്മാളു കുട്ടിയെ ചേര്‍ത്ത് പിടിക്കുന്നു. കുട്ടിയുടെ തലയില്‍ തലോടി മുടിയിലെ കരട് എടുത്ത് വലിച്ചെറിയുന്നു.കുട്ടി അമ്മാളുവിനോട് ചേര്‍ന്ന് നില്‍ക്കുന്നു. കുട്ടിയുടെ കയ്യിലെ കോല് വീണയില്‍ റിയാതെ തട്ടുന്ന ദൃശ്യം. പ്പോള്‍ ഒരു കരച്ചില പോലെ വീണയില്‍ നിന്ന് പെട്ടെന്നുണ്ടാകുന്ന ശബ്ദം).

അമ്മാളു- ഓളും ഓനും തമ്മില്‍ എന്തിനോ ഒരൂട്ടം പറഞ്ഞു തെറ്റി ..ചെക്കന്‍ പോയി തൂങ്ങി ന്റെ തമ്പ്രാട്ട്യെ ..പേപ്പറില്‍ പോട്ടം ഒക്കെ ണ്ടാര്ന്ന് ..ഇങ്ങലോക്കെ കണ്ടിട്ടുണ്ടാവ്വല്ലോ ..ന്താ ചെയ്യാ ന്റെ വിധി ..ആകെണ്ടാര്‍ന്ന ആന്തരി ..ബാക്കില്ലേനെ ഒക്കെ കെട്ടിച്ചു വിട്ടു ഒന്ന് നടു നൂര്‍ത്തീട്ടെ ഉണ്ടായിരുന്നൊള്ളൂ..ന്റെ പുള്ള്വോന്‍ പോകുമ്പോ ഇവറ്റകളൊക്കെ പൈതങ്ങള്‍ അല്ലെ ?
(
അമ്മാളു മൂക്കി ചീറ്റി കണ്ണു തുടച്ച് മുണ്ടില്‍ കൈ തുടക്കുന്ന ദൃശ്യം)


സീന്‍ 11 A Day out door

(മീനാക്ഷി പുറം തിരിഞ്ഞു മുറ്റത്തെ തൈത്തെങ്ങിലേക്ക് നോക്കി നില്‍ക്കുന്നതിന്റെ ദൃശ്യം. (ക്യാമറ ടില്‍റ്റ് ഡൗണ്‍ ചെയ്യുമ്പോള്‍) പിിറകില്‍ നിന്നുള്ള ദൃശ്യത്തില്‍ ഇരു കൈകളും ഉയര്‍ത്തി കണ്ണു തിരുമ്മുന്ന കാഴ്ച)

സീന്‍ 11 B day out door

(മീഡിയം ക്ളോസ് അപ്പ്)
നിര്‍വികാരയായി നില്‍ക്കുന്ന അവളുടെ മുഖത്തിന്റെ പാതിയും ഒലിച്ചിറങ്ങുന്ന കണ്ണീരും പതുക്കെ ക്ളോസപ്പിലേക്ക് വരുന്നു. അമ്മാളു, മീനാക്ഷി, സൗമ്യ ടീച്ചര്‍ കുട്ടികള്‍ എന്നിവര്‍ ഒരേ ഫ്രേമില്‍ വരുന്നു.

സീന്‍ 11 B day in door

കുട്ടികള്‍ ടാബില്‍ പിടിവലി കൂടി ഉള്ളിലേക്ക് പോകുന്നു. മീനാക്ഷി അവരെ നോക്കി നില്‍ക്കുന്നു. കുട്ടികള്‍ ഉള്ളിലേക്ക് മറഞ്ഞ് കാണാതാവുന്നു. ടീച്ചര്‍ എന്തോ ആലോചിച്ച് ഉള്ളിലേക്ക് നോക്കി പറയുന്നു.)

ടീച്ചര്‍ - ഡീ.ആതിരേ .അന്റെയൊരു പഴേ പാവാട ഉണ്ടായിരുന്നില്ലേ ..അത് കൊണ്ട് വന്നു ഈ കുട്ടിക്ക് കൊടുക്ക്‌ ..പിന്നെ അടുക്കളയിലെ അളുക്കില്‍ മൈസൂര്‍പ്പാവുണ്ടാകും ..അതില്‍ നിന്ന് രണ്ടെണ്ണം കൊണ്ടുവന്നു ഇവര്‍ക്ക് കൊടുക്ക്

സീന്‍ 12 A in door

(ആതിര അകത്തുനിന്നും ഒരു നിറം മങ്ങിയ പാവാട ചുരുട്ടിപ്പിടിച്ച് വരുന്നു. ആണ്‍കുട്ടിയും ഒപ്പം വരുന്നു. സൊമ്യ ടീച്ചര്‍ അതു വാങ്ങി അമ്മാളുവിന് നീട്ടുന്നു. അമ്മാളു മീനാക്ഷിയെ മുന്നോട്ട് നീക്കി നിര്‍ത്തുന്നു)
അമ്മാളൂ..അങ്ങ്ട് വാങ്ങിക്കാ കുട്ട്യേ..തമ്പ്രാട്ടി അറിഞ്ഞ് തരണതാ..നാണിക്കണ്ട.

(മീനാക്ഷി അല്പം മുന്നോട്ട് നീങ്ങി പാവാട വാങ്ങി അമ്മാളുവിന്റെ പിന്നിലേക്ക് മാറി പാവാട നിവര്‍ത്തി നോക്കുന്ന ദൃശ്യം.ടീച്ചര്‍ ഉള്ളിലേക്ക് നടക്കുന്നു)

സീന്‍ 12 B in door

ടീച്ചര്‍- അമ്മാളു നിക്ക് ഞാനിതാ വരുന്നു,
അമ്മാളു- ശരി തമ്പ്രാട്ട്യേ
(
അമ്മാളുവും മീനാക്ഷിയും ഉള്ളിലേക്ക് പോകുന്ന ടീച്ചറെ നോക്കി നില്‍ക്കുന്നു.

സീന്‍ 12 B out door

ടീച്ചര്‍ പുറത്തേക്ക് വരുന്നു. കുട്ടികളുടെ കയ്യില്‍ രണ്ടു പത്ത് രൂപ നോട്ടുകള്‍ കൊടുക്കുന്നു)

ടീച്ചര്‍- ആതൂ..ആദി..ദാ ഇത് അമ്മാളുവിനു കൊടുക്കൂ.

(അമ്മാളു നോട്ടുകള്‍ വാങ്ങി രണ്ടു കണ്ണിലും തൊടുവിച്ചു അമ്മാളു ടീച്ചറുടെ നേരെ നോക്കുന്നു.)

അമ്മാളു- ണ്ടെങ്കി രണ്ടു സാരീം, ഈ പെണ്ണിന് ഉടുക്കാന്‍ കുട്ട്യോള്ടെേ പഴേത് വേറെ എന്തെങ്കിലും

ടീച്ചര്‍- സാരിയൊന്നും ഇല്ല അമ്മാളൂ.
(
പിന്നെ പെട്ടെന്ന് കുട്ടികളുടെ നേരെ തിരിയുന്നു.)

ടീച്ചര്‍ -ഡീ ആതു ..ഇപ്പോളാ ഒരു കാര്യം ഓര്‍ത്തത് ..നിനക്ക് സബ് ജില്ലക്ക് പാടാന്‍ നാടന്‍ പാട്ട് വേണ്ടേ ..പുള്ളുവന്‍ പാട്ട് പാട്യാ നിനക്ക് ഫസ്റ്റ് കിട്ടും. അമ്മാള്ന്റെടുത്ത് നിന്നും എഴുതി എടുത്തോ ..ടാബില് റിക്കോര്‍ഡ് ചെയ്തോ.

സീന്‍ 12 B out door

(അമ്മാളു കുടം കയ്യിലെടുക്കുന്ന ദൃശ്യം. മുകളിലേക്ക് ആകാശം നോക്കി പറയുന്നു )
അമ്മാളു- തമ്പ്രാട്ട്യെ നേരല്ല്യ ..ഇപ്പത്തന്നെ വൈകി. വെയില് കനക്കും മുമ്പേ പത്ത് വീടൂടെ കയറണം .ഈ കുട്ടിയെ വെയില് കൊള്ളിച്ചു കറപ്പിക്കാന്‍ വയ്യ.



സീന്‍ 12 C out door

(അമ്മാളു മീനാക്ഷിയെ ചേര്‍ത്തു പിടിക്കുന്നു. പിടിയില്‍ നിന്ന് പതുക്കെ മാറി മീനാക്ഷി വീണ തുണിയുടെ ഉറയിലേക്ക് ആക്കുന്ന കാഴ്ച. തുണിക്കുള്ളിലേക്ക് വീണ കയറിപ്പോയി വീണയുടെ തുമ്പ് മാത്രം പുറത്തുകാണുന്ന ദൃശ്യം.)

സീന്‍ 12 D in door

ടീച്ചര്‍- നിക്ക് അമ്മാളു ..ഞാന്‍ ഒരു സാരി ണ്ടോന്നു നോക്കട്ടെ


അമ്മാളു- തമ്പ്രാട്ട്യേ സാരണ്ടങ്കി രണ്ടെണ്ണം ആയിക്കോട്ടെ..

(ടീച്ചര്‍ അകത്തേക്ക് പോകുന്നു. കുട്ടികള്‍ ടാബ്ലറ്റുമായി മുറ്റത്തേക്ക് ഇറങ്ങുന്നു. അമ്മാളു വെറ്റിലയില്‍ നൂറു തേച്ച് മുറുക്കുന്നത് കുട്ടികള്‍ ഫോട്ടോ എടുക്കുന്നു. ക്യാമറ നേര്‍ക്കു വരുമ്പോള്‍ മീനാക്ഷി അമ്മാളുവിന്റെ പിന്നിലേക്ക് മാറുന്നു.അമ്മാളു മുറുക്കാന്‍ ചവക്കുന്നതിനിടെ പറയുന്നു.) മീഡിയം വൈഡ് ഷോട്ട്

സീന്‍ 13 A in door

(ടീച്ചര്‍ ഉള്ളില്‍ നിന്നും നരച്ച രണ്ടു സാരിയുമായി വരുന്ന ദൃശ്യം)

ടീച്ചര്‍ - അമ്മാളൂ ഇതൊന്നും അധികം പഴെതല്ല ട്ടോ ..ആകെ രണ്ടോ മൂന്നോ പ്രാവശ്യെ ഉടുത്തിട്ടുള്ളൂ..നിനക്കാവ്വോണ്ട് തരാന്ന് മാത്രം .

സീന്‍ 13 B out door

(സാരികള്‍ രണ്ടും മടക്കി മാറാപ്പിനുള്ളിലേക്ക് ഒതുക്കുന്നതിനിടെ അമ്മാളു പറയുന്നു)

അമ്മാളു- തമ്പ്രാട്ട്യെ നാഗങ്ങള് കാത്തോളും ,,ന്നാ അമ്മാളു പോട്ടെ ..

ടീച്ചര്‍- പാട്ട് പറഞ്ഞു കൊടുത്തോ നീ ആതൂന്...അവള്ക്കെ സബ് ജില്ലക്ക് പാടാന്‍ ഉള്ളതാ

അമ്മാളു- അയിനെന്താ കുട്ടി എഴുതി എടുത്തോ


സീന്‍ 13 B out door
(
അമ്മാളു പാട്ട് തുടങ്ങുന്നു. ആതിര ടാബ്ലറ്റില്‍ അത് റിക്കോര്‍ഡ് ചെയ്യാനായി പിടിക്കുന്നു. സ്ക്രീനിലേക്ക് നോക്കി ആദിത്യന്‍ ആതിരക്ക് പിന്നില്‍ നില്‍ക്കുന്നു. . അമ്മാളു പാടുന്നതും ടാബിന്റെ സ്ക്രീനില്‍ അതു കാണുന്നതും മാറി മാറി ദൃശ്യത്തില്‍ വരുന്നു.

സീന്‍ 13 C out door
അമ്മാളു പാടുന്നത് മീനാക്ഷി കേട്ടു നില്‍ക്കുന്നു. (ക്ളോസപ്പ് ) എന്തോ ഒാര്‍ത്തു നില്‍ക്കുന്ന ഭാവം.
പാട്ട്
ശ്രീ മഹാ ദേവൻ തന്റെ
ശ്രീ പുള്ളോർക്കുടം തന്നിൽ
ഓമന ഉണ്ണീടെ ….നാവോറു പാടുന്നു
മുറ്റത്തൊരുണ്ണീടെ കൊച്ചടി കാണാഞ്ഞ്
തെറ്റാതെ നിത്യം ഭജിച്ചു കൊതിച്ചമ്മ
വഴിയിലത്താണി കെട്ടിക്കാമെന്നച്ഛൻ
ദാഹവെള്ളവും പാരിക്കാമെന്നമ്മ

ഓമന ഉണ്ണീടെ നാവേറു പാടീട്ട്
ഓണാരി തന്നമ്മ
ഏണമുണ്ട് തന്നച്ഛൻ
ശ്രീ മഹാദേവൻ തന്റെ

ശ്രീ പുള്ളോർക്കുടം കൊണ്ട്
ഓമന ഉണ്ണീടെ നാവേറു പാടുന്നേ
ഓമന ഉണ്ണീടെ നാവേറു പാടുന്നേ
അമ്മയ്ക്ക് മുത്താണ് അച്ഛന് പൊന്നാണ്
മുത്തശ്ശിയമ്മയ്ക്കോ കണ്ണിനു കണ്ണാണ്
നാവേറുഴിയണം നാൾദോഷം തീരേണം
നാഗശാപങ്ങളും ഒക്കെയൊഴിയേണം
ആദിത്യനുണ്ണി ഭഗവാനെപ്പോൽ വേണം
ആയുരാരോഗ്യമായ് നൂറ്റാണ്ടും വാഴണം
ശ്രീ മഹാദേവൻ തന്റെ
ശ്രീ പുള്ളോർക്കുടം കൊണ്ട്
ഓമന ഉണ്ണീടെ നാവേറു പാടുന്നേ
നാഗത്തറയിലെ നാഗത്താന്മാരുടെ മുന്നില്‍
കുടംക്കൊട്ടിയിന്നു ഞങ്ങള്‍ പാടുന്നേന്‍
ഗൃഹദോഷം മാറുവാന്‍ ശനിദോഷം തീരുവാന്‍
നാഗദൈവങ്ങളെ തുണയേകണെ.

സീന്‍ 13 D out door

പാട്ട് നീങ്ങുന്നതിനിടെ മീനാക്ഷിയുടെ ഒാര്‍മയെ അവതരിപ്പിക്കുന്ന വിധം ഒരു ഒറ്റമുറി വീട് ദൃശ്യത്തിലേക്ക് വരുന്നു. തേയ്ക്കാത്ത ചുവരുകള്‍. വീടിന് മുമ്പില്‍ കുറെ ആളുകള്‍ കൂടി നില്‍ക്കുന്നു. വെളിച്ചം മങ്ങിയ ദൃശ്യത്തില്‍ അവിടെ ഒരു മൃതദേഹം കിടത്തിയിരിക്കുന്നതും നിലവിളക്ക് കത്തുന്നതും ദേഹത്തിന്റെ തലഭാഗത്ത് ഇരുന്ന് കരയുന്ന സ്ത്രീയും മീനാക്ഷിയും . മീനാക്ഷിയുടെ അമ്മയും അമ്മാളുവും മാറത്തടിച്ച് കരയുന്നതും ദൃശ്യത്തില്‍ വേഗത്തില്‍ മിന്നിമറയുന്നു. മൊണ്ടാഷ് ആയി രണ്ടു ദൃശ്യങ്ങളും മാറി മാറി വരുന്നു. പാട്ട് നിലക്കുന്നതോടെ ദൃശ്യം ടാബ്ലറ്റിന്റെ സ്ക്രീനില്‍ അമ്മാളിവിനോട് ചേര്‍ന്ന് മീനാക്ഷി നില്‍ക്കുന്നത് തെളിയുന്നു.)

സീന്‍ 14 A out door

(കുട്ടികള്‍ എടുത്ത വീഡിയോ നോക്കി നില്‍ക്കുന്ന കാഴ്ച. അമ്മാളു ആതിരയുടെ നേര്‍ക്ക് നോക്കി ചോദിക്കുന്നു)

അമ്മാളു- കുട്ട്യേ എടുത്തു ന്റെ ഫോട്ടം പിടിച്ചത് ഒന്ന് കാണട്ടെ ..



സീന്‍ 14 B out door

(ടീച്ചര്‍ മുറ്റത്തേക്ക് ഇറങ്ങി വരുന്നു. ടാബ് വാങ്ങി അമ്മാളു പാടുന്ന വീഡിയോ കാണിച്ചു കൊടുക്കുമ്പോള്‍ കുട്ടികള്‍ ചുറ്റും വട്ടം കൂടിനില്‍ക്കുന്നു. സ്ക്രീനില്‍ മീനാക്ഷിയും അമ്മാളുവും തെളിയുന്നു.)


അമ്മാളു- ന്നാ മ്പ്രാട്ട്യേ..അമ്മാളു ഇറങ്ങാണ്..അടുത്ത കന്നിക്ക് അമ്മാളുണ്ടെങ്കി വരാ.. ങ്ങക്കും തറവാടിനും ഗുണേണ്ടാവു..

സീന്‍ 15 A day out door

(കുടവും മാറാപ്പും എടുത്ത് അമ്മാളു ഊരിയിട്ട ചെരിപ്പിട്ട് നടക്കുന്ന അമ്മാളു. പിന്നില്‍ വീണയിട്ട തുണി സഞ്ചി പിടിച്ച് മീനാക്ഷിയും. അവരെ നോക്കി നില്‍ക്കുന്ന വീട്ടുകാര്‍. ഗേറ്റ് കടക്കുമ്പോള്‍ വീട്ടിലെ കുട്ടികളെ തിരിഞ്ഞു നോക്കുന്ന മീനാക്ഷിയിലേക്ക് കാഴ്ച വരുന്നു.) ക്യാമറ മൂവിങ്ങ് ഷോട്ട്, മിഡ് ഷോട്ട്


സീന്‍ 16 A day out door

(ഒരു മൈതാനത്തില്‍ കെട്ടിയുണ്ടാക്കിയ കലോത്സവ വേദികള്‍ . കര്‍ട്ടന്‍ താണു കിടക്കുന്നു. അതില്‍ സ്റ്റേജ് മൂന്ന് നാട്യം എന്ന് വലുതാക്കി എഴുതിയിരിക്കുന്നു. കര്‍ട്ടനില്‍ നൃത്ത വേഷത്തില്‍ നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം.വേദിക്ക് മുന്നില്‍ രണ്ടു വശത്തായി ഇട്ടിരിക്കുന്ന സൗണ്ട് ബോക്സുകള്‍. മുന്നില്‍ വിധികര്‍ത്താക്കള്‍ക്കുള്ള ഇരിപ്പിടങ്ങള്‍. അവയില്‍ ഇരിക്കുന്ന വിധികര്‍ത്താക്കള്‍. അവര്‍ക്ക് മുന്നിലിട്ട ഡസ്കില്‍ വെള്ളക്കുപ്പികള്‍ കൊണ്ടു വന്നു വയ്ക്കുന്ന ബാഡ്ജ് ധരിച്ച സംഘാടകര്‍.സ്റെജിനു മുന്നില്‍ കാണികള്‍ക്ക് ഇരിക്കാനുള്ള കസേരകള്‍. അവയില്‍ പലയിടത്തായി ഇരിക്കുന്ന കുട്ടികളും അധ്യാപകരും. വലിച്ചു കെട്ടിയ ഷാമിയാന പന്തല്‍. ഉരിടത്ത് ഇരിക്കുന്ന മൈക്ക് ഒാപ്പറേറ്റര്‍. ആംപ്ളിഫയര്‍ മറ്റു ഉപകരണങ്ങ‍ള്‍. വേദിക്ക് വശത്തുകൂടി നടന്നു പോകുന്ന അധ്യാപകരും കുട്ടികളും. ‍. പല സ്റ്റേജുകളില്‍ നിന്ന് അവ്യക്തമായി കേള്‍ക്കുന്ന അനൗണ്‍സ് മെന്റുകള്‍. വേദിയില്‍ കര്‍ട്ടന് പിറകില്‍ നിന്ന് വിളിച്ചു പറയുന്നത് കേള്‍ക്കുന്നു. ഇരുന്നിടത്തു നിന്നും അനങ്ങി മുന്നിലെ പേപ്പറുകളില്‍ എഴുതുന്ന ഭാവത്തിലിരിക്കുന്ന വിധികര്‍ത്താക്കള്‍) വൈഡ് ഷോട്ട്

അനൗണ്‍സര്‍ - വേദി മൂന്ന് നാട്യത്തില്‍ യുപി വിഭാഗം‍ നാടന്‍ പാട്ട് മത്സരം അല്പസമയത്തിനുള്ളില്‍ ആരംഭിക്കുന്നു. പങ്കെടുക്കുന്ന കുട്ടികള്‍ വേദിക്ക് പിറകില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ചെസ്റ്റ് നമ്പര്‍ നൂറ്റി പത്ത്, നൂറ്റി പതിനൊന്ന്, നൂറ്റി പന്ത്രണ്ട്,നൂറ്റിപ്പതിമൂന്ന്, നൂറ്റി പതിനാല്, നൂറ്റി പതിനഞ്ച്, നൂറ്റി പതിനാറ്..



സീന്‍ 17 A out door

(വേദിയുടെ അരികിലൂടെ മുന്നിലേക്ക് ധൃതിയില്‍ നടക്കുന്ന സൗമ്യടീച്ചറും ആതിരയും ആദിത്യനും. വിലകൂടിയ കടുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍. അവരുടെ മുന്നിലും പിന്നിലുമായി നടക്കുന്ന മറ്റു കുട്ടികളും അധ്യാപകരും.

സീന്‍ 17 B in door

ദൃശ്യത്തില്‍ സ്റ്റേജിന്റെ പിറകുഭാഗം. ഗ്രീന്‍ റൂം പോലെ ടാര്‍പ്പാകൊണ്ട് കെട്ടിമറച്ച ഭാഗം. അവിടെ കൂടി നില്‍ക്കുന്ന കുട്ടികളും അധ്യാപകരും. അവര്‍ നിന്നിടത്തു നിന്നും വേദിയിലേക്ക് കയറാനുള്ള പടവുകള്‍. സൗമ്യ ടീച്ചര്‍ ആതിരയോട് പറയുന്നു.)

സൗമ്യ ടീച്ചര്‍- സ്റ്റേജില്‍ കയറുന്നതിനു മുമ്പ് ഒന്നൂടെ പാടി നോക്കാം നമുക്ക് .ഇപ്പൊ ലോട്ട് കൊടുക്കും. അതു കഴിയട്ടെ..
ടീച്ചര്‍ വാച്ചില്‍ നോക്കുന്നു. മകളോടായി പറയുന്നു.

സൗമ്യ ടീച്ചര്‍- ഇപ്പൊത്തന്നെ പതിനൊന്നായി. അര മണിക്കൂറിനുള്ളില്‍ തുടങ്ങുമായിരിക്കും.

സീന്‍ 18 A in door
(
പെട്ടെന്ന് ആതിര സൗമ്യടീച്ചറെ പിടിച്ചു വലിക്കുന്ന. കൂടി നില്‍ക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് കൈ ചൂണ്ടുന്നു.

ആതിര- മമമ്മി മമ്മി ..സീ ലാസ്റ്റ് ഡേ നമ്മുടെ വീട്ടില്‍ വന്ന കുട്ടി ..ലുക്ക് മമ്മി.നമ്മള്‍ അന്ന് കൊടുത്ത എന്റെ പഴയ പാവാടയാ ആ കുട്ടി ഇട്ടിരിക്കണേ

(അവിടെ ഒരു നരച്ച പാവാടയും ജംബറും ഇട്ട് നില്‍ക്കുന്ന മീനാക്ഷി. സൗമ്യ ടീച്ചര്‍ അങ്ങോട്ട് നോക്കുന്നു. എന്നിട്ട് മകളോട് പറയുന്നു.)
സൗമ്യ ടീച്ചര്‍- ആഹാ അവളും പാടുന്നുണ്ടോ ? മറ്റേ സ്കൂളില്‍ നിന്നാകും..ഒാ മൈ ഗോഡ്. ഇനി സെയിം പട്ടാകുമോ അമ്മാളു അവള്‍ക്കും കൊടുത്തത് ?
(
അവര്‍ മുഖാമുഖം നോക്കുന്ന ദൃശ്യം.


സീന്‍ 18 B in door

പതുക്കെ കാഴ്ച മീനാക്ഷിയിലേക്ക് നീങ്ങുന്നു. ആതിര വേവലാതിയോടെ അമ്മയോടു ചോദിക്കുന്നു).

ആതിര- അങ്ങിനെ വര്വോ അമ്മെ ? എനിക്ക് ഫസ്റ്റ് കിട്ടില്ലേ അപ്പൊ ?

(ടീച്ചര്‍ മീനാക്ഷിയുടെ അടുത്തേക്ക് ധൃതിയില്‍ പരിഭ്രമത്തോടെ നടക്കുന്ന ദൃശ്യം മുഖത്തെ ഭാവങ്ങളുടെ മീഡിയം ക്ളോസ് അപ്പ്)..ടീച്ചര്‍ മകളോടായി പറയുന്നു.
സൗമ്യ ടീച്ചര്‍- വാ നോക്കാം നമുക്ക്

സീന്‍ 18 C in door

(ടീച്ചറും മക്കളും മീനാക്ഷിയുടെ അടുത്തെത്തുന്നു. മീനാക്ഷിയുടെ മുഖത്ത് അവരെ തിരിച്ചറിഞ്ഞ ഭാവം. ടീച്ചര്‍ മീനാക്ഷിയോട് ചോദിക്കുന്നു.)
ടീച്ചര്‍- കുട്ടീ ..നീ അമ്മാളുന്റെ അവിടുത്തെ അല്ലെ ? നോക്ക് നിനക്കെന്നെ ഓര്‍മയുണ്ടോ ? നീ ഈ ഇട്ടിരിക്കണ ഡ്രസ് ദാ ഇവള്‍ക്ക് അവള്ടച്ചന്‍ പിറന്നാളിന് എടുത്തു കൊടുത്തതാ ട്ടോ ..ആട്ടെ നിന്റെ പാട്ടേതാ....?

(മീനാക്ഷി ഒന്നും പറയാതെ ടീച്ചറെയും ആതിരയെയും നോക്കുന്ന കാഴ്ച)

സൗമ്യ ടീച്ചര്‍- പറയൂ കുട്ടീ..നീ ജിയുപി ന്ന് അല്ലെ ?ഒപ്പം ടീച്ചര്‍ ഇല്ലേ ?

മീനാക്ഷി- ടീച്ചര്‍ എന്നെ ഇവിടാക്കി പോയി ..വേറെ സ്റെജില് പോയി വരാം പറഞ്ഞു

ടീച്ചര്‍- മീനാക്ഷി എന്ത് പാട്ടാ പാടുന്നത് ..? നിങ്ങള്ടെ പാട്ടെന്നെ ആണോ ? വെറുതെ ചോദിച്ചതാ ട്ടോ..ആതു അന്ന് അമ്മാളു പാടിയ പാട്ടാ പാടുന്നത്. അവളുടെ പാട്ടു മാഷ്‌ അതൊന്നു ചിട്ടപ്പെടുത്തി. ആ പാട്ടെന്നെ ആണോ കുട്ടീടേം ?

(മീനാക്ഷി അതെ എന്നു തലയാട്ടുന്നു. അവളുടെ മുഖത്തെ ദയനീയതയിലേക്കുള്ള ക്ളോസ് അപ്പ് ദൃശ്യം വരുന്നു.

സീന്‍ 19 day in door

ആതിര അമ്മയുടെ സാരിയില്‍ പിടിച്ചു വലിച്ച് മാറ്റി നിര്‍ത്തുന്നു. കാഴ്ച അമ്മയിലേക്കും മകളിലേക്കും വരുന്നു. ടീച്ചറുടെയും അതിരയുടെയും മുഖത്ത് പരിഭ്രമത്തിന്റെ ഭാവങ്ങള്‍. . വേദിയില്‍ നിന്ന് വീണ്ടും അനൗണ്‍സ് മെന്റ് കേള്‍ക്കുന്നു. ആതിര പരിഭ്രമത്തില്‍ വിരല്‍ കുടയുന്ന ദൃശ്യം ക്ളോസ് അപ്പ് )

ആതിര- പാരയായീലോ അമ്മെ ..ഇനി ഇപ്പൊ എന്താ ചെയ്യാ?

ആദിത്യന്‍- അപ്പോള്‍ ആതു ചേച്ചിക്ക് ഫസ്റ്റ് കിട്ടില്ലേ?

(ടീച്ചര്‍ ദേഷ്യത്തില്‍ മീനാക്ഷിയെ നോക്കുന്നു.തല താഴ്ത്തി നില്‍ക്കുന്ന മീനാക്ഷി )
ടീച്ചര്‍ ആതിരയോട് പറയുന്നു.

ടീച്ചര്‍- അതൊന്നും നീ കാര്യാക്കണ്ട ..നീ നന്നായി പെര്‍ഫോം ചെയ്താല്‍‍ മതി .എന്നാലും ആ അമ്മാളു ഈ ചതി ചെയ്യും എന്ന് കരുതീല . രണ്ടു സാരിയാ കൊണ്ട് പോയത് എന്നിട്ടും .ഇനിയും വരുമല്ലോ ആ പടി ഞാന്‍ കടത്തില്ല.നന്ദി ഇല്ലാത്ത വര്‍ഗം

സീന്‍ 20 A day in door

വേദിയില്‍ നിന്നും വീണ്ടും അനൗണ്‍സ് മെന്റ് മുഴങ്ങുന്നു.

അനൗണ്‍സര്‍-വേദി മൂന്ന് നാട്യത്തില്‍ യുപി വിഭാഗം നാടന്‍ പാട്ട് മത്സരത്തിനായി ലോട്ടെടുക്കാനുള്ള കുട്ടികള്‍ സ്റ്റേജിലേക്ക് വരേണ്ടതാണ്.

കൂടിനില്‍ക്കുന്ന കുട്ടികള്‍ തിരക്കു കൂട്ടുന്ന ചലനങ്ങളോട് കൂടിയ ദൃശ്യം. കുട്ടികളെ വേദിയുടെ പടവിലേക്ക് നയിക്കുന്ന മറ്റ് അധ്യാപകര്‍, അവിടേക്ക് നടന്നടുക്കുന്ന മീനാക്ഷി. മകളെ അവിടേക്ക് നയിക്കുന്ന സൗമ്യ ടീച്ചര്‍. കുട്ടികള്‍ ഒാരോരുത്ത രായി വേദിയിലേക്കുള്ള പടവുകള്‍ കയറുന്നു.

സീന്‍ 20 B day in door

ആതിരയും മീനാക്ഷിയും കയറുന്ന ദൃശ്യം. സംഘാടകരില്‍ ഒരാള്‍ കുട്ടികളുടെ ചെസ്റ്റ് നമ്പര്‍ പരിശോധിക്കുന്നു. കുട്ടികളെ പേപ്പറില്‍ ഒപ്പിടിക്കുന്ന ദൃശ്യം. രണ്ടാമത്തെ ആള്‍ ഒരു പാത്രത്തില്‍ ലോട്ടുകള്‍ ഇട്ടു കുലുക്കുന്നു. അതിന് ശേഷം കുട്ടികള്‍ക്ക് നേരെ നീട്ടുന്നു.

സംഘാടകന്‍- എന്നാല്‍ ലോട്ട് എടുത്തോളൂ.

ഒാരോ കുട്ടികളായി ലോട്ടെടുക്കുന്ന കാഴ്ച. കുട്ടികള്‍ ലോട്ട് കിട്ടിയ നമ്പറുകള്‍ ഡ്രസ്സില്‍ മൊട്ടു സൂചികൊണ്ട് കുത്തി വയ്ക്കുന്നു. ഒാരോരുത്തരുടെയും നമ്പറുകളിലേക്ക് കാഴ്ച വരുന്നു. ആതിരയുടെ നമ്പര്‍ മൂന്ന്, മീനാക്ഷിയുടെ രണ്ട് എന്നിവ ദൃശ്യത്തിലേക്ക് വരുന്നു. മറ്റുകുട്ടികളുടെ നമ്പറിലേക്കും കാഴ്ച വരുന്നു ക്ളോസ് അപ്പ്).

സീന്‍ 21 day out door

(വേദിക്ക് മുന്നില്‍ നിന്നുള്ള ലോങ്ങ് ഷോട്ട് ദൃശ്യം. കസേരകളില്‍ നിരന്നിരിക്കുന്ന കാണികള്‍. ഏറ്റുവും മുന്നില്‍ ഇരിക്കുന്ന വിധികര്‍ത്താക്കളുടെ പിറകു ഭാഗത്തുനിന്നുള്ള കാഴ്ച. താണുതന്നെ കിടക്കുന്ന കര്‍ട്ടന്‍. ഇടക്കിടെ കര്‍ട്ടന്‍ ഇളകുുന്ന കാഴ്ച. വേദിയില്‍ നിന്ന് അനൗണസര്‍ മൈക്ക് ചെക്ക് ചെയ്യുന്ന ശബ്ദങ്ങള്‍.)
അനൗണ്‍സര്‍- ഹലോ മൈക്ക് ചെക്കിങ്ങ് ഹലോ..വേദി മൂന്ന് നാട്യത്തില്‍ യുപി വിഭാഗം നാടന്‍ പാട്ട് മത്സരം ആരംഭിക്കുകയാണ്..ജഡ്ജസ് പ്ലീസ് നോട്ട് കോഡ് നമ്പര്‍ വണ്‍ ഒാണ്‍ ദി സ്റ്റേജ്.

സീന്‍ 22 A day out door

(കര്‍ട്ടന്‍ പതിയെപതിയെ ഉയരുന്നു. വേദിയില്‍ മുന്നില്‍ കര്‍ട്ടന്‍ വലിക്കാന്‍ ഇരിക്കുന്ന സ്കൗട്ട് യൂണിഫോറം ധരിച്ച കുട്ടികള്‍. ഇരു വശത്തുമായി ഇട്ട രണ്ട് ഡസ്കുകള്‍. അവക്ക് പിറകില്‍ ബഞ്ചില്‍ ഇരിക്കുന്ന ബാഡ്ജ് ധരിച്ച സംഘാടകര്‍. ഡസ്കില്‍ വച്ചിട്ടുള്ള ബെല്‍. ബാക്ക് കര്‍ട്ടനില്‍ വലിച്ചു കെട്ടിയ ബാനര്‍. അതില്‍ ഉപജില്ല സാഹിത്യോത്സവം എന്നും സ്റ്റേജ് മൂന്ന് നാ‍ട്യം എന്നും എഴുതിയ വലിയ അക്ഷരങ്ങള്‍. വിധികര്‍ത്താക്കള്‍ തയ്യാറാകുന്ന ദൃശ്യങ്ങള്‍. ഒരാള്‍ കുപ്പിയില്‍ നിന്നും വെള്ളം എടുത്തു കുടിക്കുന്ന ദൃശ്യം.



സീന്‍ 22 B day out door

വിധികര്‍ത്താക്കള്‍ ഇരിക്കുന്നതിന്റെ പിറകില്‍ ഒഴിഞ്ഞു കിടന്ന കസേരയിലേക്ക് പോയി ഇരിക്കുന്ന സൗമ്യ ടീച്ചര്‍. ടീച്ചറുടെ സമീപത്തെ കസേരയില്‍ ഇരുന്ന് ടാബില്‍ കളിച്ചുകൊണ്ടിരിക്കുന്ന ആദിത്യന്‍.

സീന്‍ 22 C day out door

വേദിയില്‍ മൈക്കിന് പിറകില്‍ കോഡ് ഒന്ന് എന്ന് ഡ്രസില്‍ കുത്തിവച്ച കുട്ടി വന്ന് പാട്ട് പാടുന്ന ദൃശ്യവും ശബ്ദവും. ആ കുട്ടിയുടെ പാട്ട് കഴിഞ്ഞതും കര്‍ട്ടന്‍ താഴുന്നു. സദസ്സില്‍ നിന്ന് മുന്‍ നിരയിലെ കുട്ടികളുടെ കയ്യടികളുടെ ദൃശ്യവും ശബ്ദം കേള്‍ക്കുന്നു.)

സീന്‍ 23 A day out door

(കര്‍ട്ടന് പിറകില്‍ നിന്ന് അനൗണ്‍സ് മെന്റ് കേള്‍ക്കുന്നു.)
അനൗണ്‍സര്‍- വേദി മൂന്ന് നാട്യത്തില്‍ യുപി വിഭാഗം നാടന്‍ പാട്ട് മത്സരം തുടരുന്നു. അടുത്തതായി വേദിയില്‍ കോഡ് നമ്പര്‍ രണ്ട് ജഡ്ജസ് പ്ളീസ് നോട്ട് കോഡ് നമ്പര്‍ ടു ഒാണ്‍ ദി സ്റ്റേജ്.
(
കര്‍ട്ടന്‍ പതുക്കെ ഉയരുന്ന ദൃശ്യത്തിനൊപ്പം തെളിയുന്ന മീനാക്ഷിയുടെ വിലകുറഞ്ഞ ചെരിപ്പും നരച്ച പാവാടായും. പതുക്കെ ഉയര്‍ന്ന് അവളെ മുഴുവനായി കാണാനാകുന്നു.)

സംഘാടകരില്‍ ഒരാള്‍- കുട്ടീ മൈക്ക് ശരിയാക്കണോ ?

(മീനാക്ഷി വേണ്ട എന്ന് തലയാട്ടുന്നു.)

സീന്‍ 23 B day out door

മൈക്കിന് മുന്നില്‍ നില്‍ക്കുന്ന മീനാക്ഷി.‍ പരിഭ്രമത്തോടെ മുന്നിലേക്ക് നോക്കുന്നതിന്റെ ക്ളോസപ്പ് ദശ്യ. മീനാക്ഷി പുള്ളുവന്‍ പാട്ട് പാടുന്ന ശബ്ദം കേള്‍ക്കുന്നു. പുള്ളുവന്‍ പാട്ടിന്റെ തനിമയോടെ നീട്ടിയും കുറുക്കിയും ഉള്ള രീതി. കണ്ണടച്ചു നിന്ന് എല്ലാം മറന്ന് പാടുന്ന മുഖഭാവങ്ങള്‍. ഇടക്ക് കവിളിലൂടെ ഒലിച്ചു നീങ്ങുന്ന കണ്ണീരിന്റെ ക്ളോസപ്പ് ദൃശ്യം

സീന്‍ 23 C day out door

സ്റ്റേജില്‍ മീനാക്ഷി പാടുന്ന പാട്ട് പശ്ചാത്തലത്തില്‍ വന്നു കൊണ്ട് ദൃശ്യത്തിലേക്ക് അമ്മാളുവും മീനാക്ഷിയും വീടുകള്‍ തോറും പുള്ളുവന്‍ പാട്ട് പാടുന്നതും‍ സര്‍പ്പക്കാവുകളുടെയും നാഗദൈവങ്ങളുടെ വിഗ്രഹങ്ങളുടെയും ഫണമുയര്‍ത്തി സീല്‍ക്കാരമുതിര്‍ക്കുന്ന സര്‍പ്പത്തിന്റെയും വീട്ടിലെ ആള്‍ക്കൂട്ടവും കരച്ചിലുമെല്ലാം വേഗത്തില്‍ കടന്നു പോകുന്നു. പാട്ടിന്റെ വരികള്‍ ബാക്ക് ഗ്രൗണ്ടായി പോകുന്നു, മൊണ്ടാഷ് ആയി രണ്ടു ദൃശ്യങ്ങളും മാറി മാറി വരുന്നു. മീനാക്ഷിയുടെ പാട്ട് നില്‍ക്കുന്നതോടെ ദൃശ്യത്തിലേക്ക് അതിവേഗം താഴുന്ന കര്‍ട്ടന്‍ വന്നു നിറയുന്നു.

സീന്‍ 23 D day out door

ഒറ്റപ്പെട്ട് കയ്യടിക്കുന്ന കുട്ടികള്‍ക്കും വിധി കര്‍ത്താക്കള്‍ക്കും നേരെ കാഴ്ച വരുന്നു. വിധികര്‍ത്താക്കള്‍ തങ്ങളുടെ മുമ്പിലുള്ള കടലാസില്‍ എന്തൊക്കെയോ കുറിക്കുന്നതും ഒരാള്‍ മറ്റേ ആളോട് എന്തോ തമാശ പറഞ്ഞത് അവര്‍ മൂന്നു പേരും ചിരിക്കുന്നതും ദൃശ്യത്തില്‍ വരുന്നു.)


സീന്‍ 24 A day out door
(
താഴ്ന്നു കിടക്കുന്ന കര്‍ട്ടന് പിറകില്‍ നിന്ന് അനൗണ്‍സ് മെന്റ് കേള്‍ക്കുന്നു.)

അനൗണ്‍സര്‍- അടുത്തതായി വേദിയില്‍ കോഡ് നമ്പര്‍ മൂന്ന്.

(കര്‍ട്ടന്‍ ഉയരുന്നതും ആതിരയുടെ ലെഗിന്‍സില്‍ തുടങ്ങി ക്രമേണ ഉയര്‍ന്ന് അവളെ മുഴുവനായി കാണുന്ന വിധത്തില്‍ ദൃശ്യം. സൗമ്യ ടീച്ചര്‍ വിധി കര്‍ത്താക്കള്‍ക്കളെ നോക്കുന്ന ദൃശ്യം. .

സീന്‍ 24 A day out door
(
ആതിര മൈക്കിനടുത്തേക്ക് വരുന്ന ദൃശ്യം .മുഖത്ത് ഭാവങ്ങള്‍. മൈക്ക് ശരിയാക്കിക്കൊണ്ട്)

ആതിര- വള്ളുവനാട്ടിലെ പുള്ളുവ സമുദായക്കാര്‍ നാഗപ്രീതിക്കായി വീടുകള്‍ തോറും ചെന്ന് പാടുന്ന പാട്ടാണ് ഞാന്‍ അവതരിപ്പിക്കുന്നത്. അതിനുശേഷം പാടാന്‍ തുടങ്ങുന്നു. പാട്ടിനനു സരിച്ച് കൈകള്‍ കൊണ്ട് കാണിക്കുന്ന മുദ്രകള്‍. മുഖത്ത് വരുത്തുന്ന നാടകീയ ഭാവങ്ങള്‍.

സീന്‍ 24 B day out door

( പാട്ടിന്റെ ഓരോ വരിയും ഒപ്പം മൂളുന്ന ടീച്ചറുടെ മുഖഭാവങ്ങള്‍. എഴുന്നേറ്റ് നിന്ന് മൊബൈലില്‍ വീഡിയോ പകര്‍ത്തുന്ന ടീച്ചര്‍ ദൃശ്യത്തില്‍. തൊട്ടടുത്തിരിക്കുന്ന സ്ത്രീയോടായി പറയുന്നു.)

ടീച്ചര്‍- ഞാന്‍ ഒന്ന് വീഡിയോ എടുത്തോട്ടെ..എന്റെ മോളാ.
ടീച്ചര്‍ക്ക് നില്‍ക്കാന്‍ കസേര അല്പം മാറ്റി ഇട്ട് നീങ്ങിക്കൊടുക്കുന്ന സ്ത്രീ.

ടീച്ചറുടെ മുഖത്തെ പരിഭ്രമവും അഭിമാനവുമെല്ലാം ചേരുന്ന മുഖഭാവങ്ങളിലേക്ക് കാഴ്ച വരുന്നു. പാട്ടിന്റെ വരികള്‍ ബാക്ക് ഗ്രൗണ്ടായി പോകുന്നു)

സീന്‍ 24 C day out door

പാട്ട് കഴിഞ്ഞപ്പോള്‍ സദസ്സില്‍ നിന്ന് ഒരുപാടു പേര്‍ കയ്യടിക്കുന്ന ദൃശ്യവും ശബ്ദവും...ടീച്ചര്‍ പതുക്കെ നിന്നിടത്തു നിന്നും സദസ്സിലേക്ക് അഭിമാനത്തോടെ തിരിഞ്ഞു നോക്കുന്നു ദൃശ്യം. പിന്നെ ധൃതിയില്‍ വേദിയുടെ പിറകിലേക്ക് നടക്കുന്ന ടീച്ചര്‍. ഒപ്പമെത്താന്‍ പിറകെ ഒാടുന്ന ആണ്‍കുട്ടി. )

സീന്‍ 25 A in door

(വേദിയുടെ പിറകുഭാഗം. ടീച്ചര്‍ അവിടേക്ക് പ്രവേശിക്കുന്നു. ഗ്രീന്‍ റൂം പോലെ ടാര്‍ പായ കൊണ്ട് മറച്ച ഭാഗത്തു നിന്നും നടന്നു വരുന്ന ആതിര. ടീച്ചര്‍ ആതിരയെ കെട്ടിപ്പിടിക്കുന്നതും ഉമ്മവക്കുന്നതും ദൃശ്യത്തില്‍. ആതിരയുടെ അടുത്തെത്തുന്ന ആദിത്യന്‍. )

സൗമ്യ ടച്ചര്‍- ഡീ ആതു നീ നന്നായി ചെയ്തു ട്ടോ..കേട്ടില്ലേ ആളുകള്‍ കയ്യടിച്ചത് ..അമ്മാളൂനെ ഇതൊന്നു കേള്‍പ്പിക്കണം ..നിത്യോം പാടണതാ പറഞ്ഞിട്ടെന്താ ആ കുട്ടി പാടീത് കേട്ടില്ലേ ..നിന്റെ നാലയലത്ത് വരുമോ ?

(ടീച്ചര്‍ മകളെ ചുറ്റി വരിഞ്ഞു പിടിക്കുന്ന ദൃശ്യം.)

ആതിര- മമ്മീ നമുക്ക് റിസള്‍ട്ട് അറിഞ്ഞിട്ടു പോകാം.

സൗമ്യ ടീച്ചര്‍- ശരി. ഞാനീ വീഡിയോ നിന്റെ അച്ഛനും പാട്ടുമാഷിനും ഒന്നയച്ചുകൊടുക്കട്ടെ..ഡ്രൈവറെ വിളിച്ചു പറയട്ടെ..

സീന്‍ 25 B in door
(
ധൃതിയില്‍ വേദിയുടെ വശത്തുകൂടി നടന്നു പോകുന്ന ടീച്ചറും മക്കളും.അവര്‍ നടന്ന് മറ്റു കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടത്തില്‍ മറയുന്നതു വരെയുള്ള ലോംഗ് മൂവിങ്ങ് ഷോട്ട്.)


സീന്‍ 26 A day out door
(
കര്‍ട്ടന്‍ വീണ്ടും ഉയരുന്നതും താഴുന്നതും നാല് അഞ്ച് ആറ് എന്നീ നമ്പറുകള്‍ കുത്തിയ കുട്ടികളുടെ പാട്ടിന്റെ കുറച്ചു വരികളും അവരുടെ മുഖഭാവങ്ങളും വിധികര്‍ത്താക്കളുടെയും സദസ്സിലെ കുട്ടികളുടെയുമെല്ലാം ദൃശ്യങ്ങളും ശബ്ദങ്ങളും വേഗത്തില്‍ കടന്നു പോകുന്ന ദൃശ്യങ്ങള്‍.


സീന്‍ 26 B day out door

വീണ്ടും സദസ്സില്‍ വന്നിരിക്കുന്ന ടീച്ചറും മക്കളും. കുട്ടികളുടെ കയ്യിലെ പോപ്പ്കോണിന്റെ പാക്കറ്റുകള്‍. കസേരയിലിരുന്ന് അത് തിന്നുന്ന കുട്ടികള്‍. മൊബൈില്‍ എന്തൊക്കെയോ ടൈപ്പ് ചെയ്ത് അയക്കുന്ന ടീച്ചറിലേക്ക് കാഴ്ച വരുന്നു. താണു കിടക്കുന്ന കര്‍ട്ടന്‍ . അതിന് പിറകില്‍ നിന്നും അനൗണ്‍സറുടെ ശബ്ദം.)

അനൗണ്‍സര്‍- വേദി മൂന്ന് നാട്യത്തിലെ യു പി വിഭാഗം നാടന്‍ പാട്ട് മത്സരം ഇവിടെ അവസാനിക്കുകയാണ്. അടുത്തതായി ഈ വേദിയില്‍ കവിതാലാപനം. ഇപ്പോള്‍ നടന്ന നാടന്‍ പാട്ട് മത്സരത്തിന്റെ റിസള്‍ട്ട് പറയുന്നതിനായി വിധികര്‍ത്താക്കളെ ക്ഷണിക്കുന്നു.

(അത് പറഞ്ഞതിന് ശേഷം കര്‍ട്ടന്‍ ചെറുതായി പൊന്തിച്ച് ഇറങ്ങി വരുന്ന സംഘാടകന്‍. ഒരു മൈക്ക് വിധികര്‍ത്താക്കള്‍ ഇരിക്കുന്ന ഇടത്തേക്ക് നീട്ടി വച്ചു കൊടുക്കുന്ന സംഘാടകന്റെ ദൃശ്യം)




സീന്‍ 27 A day out door

(വിധികര്‍ത്താക്കള്‍ പരസ്പരം എന്തൊക്കെയോ പറയുന്ന ദൃശ്യങ്ങള്‍. എഴുതുന്നതിന്റെയും കണക്കു കൂട്ടുന്നതിന്റെയും ദൃശ്യങ്ങള്‍. വേദിക്കരികിലൂടെ നടന്നു പോകുന്ന കുട്ടികളും അധ്യാപകരും. അവരുടെ പിറകില്‍ കാണുന്ന പാലമരം. അതിന് മുന്നിലെ നാഗത്താന്‍മാരുടെ കല്‍പ്രതിമകള്‍. മരത്തിന്റെ ചുറ്റുമുള്ള തറയില്‍ ഒറ്റക്കിരിക്കുന്ന മീനാക്ഷിയിലേക്ക് ക്യാമറ സൂം ഇന്‍

സീന്‍ 27 B day out door

ദൃശ്യം പതിയെ സദസ്സിലെക്ക് നീങ്ങുന്നു. എഴുന്നേറ്റു നിന്ന് റിസള്‍ട്ട് പ്രഖ്യാപിക്കുന്ന വിധികര്‍ത്താവ്. പറയുന്ന ആളിന്റെ നേരെ നോക്കിയിരിക്കുന്ന മറ്റു രണ്ടു വിധികര്‍ത്താക്കള്‍. അവരുടെ അടുത്തു നില്‍ക്കുന്ന സംഘാടകര്‍. സദസ്സിലിരിക്കുന്ന കുട്ടികളും അധ്യാപകരും എന്നിവരിലേക്ക് വരുന്ന കാഴ്ച.)

വിധികര്‍ത്താവ്- ഇവിടെ ആറു മത്സരാര്‍ഥികളാണ് ഉണ്ടായിരുന്നത് ..നിര്‍ഭാഗ്യവശാല്‍ ഒരു കുട്ടിക്ക് ബി ഗ്രേഡ് ആണ് ലഭിച്ചിരിക്കുന്നത് .പുള്ളുവന്‍ പാട്ട് ആലപിച്ച ഈ കുട്ടി പാടിയപ്പോളൊക്കെ ശ്രുതി പോയിരുന്നു .പിന്നെ ആവശ്യമില്ലാതെ ചിലയിടങ്ങളില്‍ നീട്ടിപ്പാടി .അക്ഷരശുദ്ധിയും കുറവായിരുന്നു ..നാഗം എന്ന വാക്ക് അല്പം നീട്ടിയാണ് ഉച്ചരിച്ചത്..പല വരികളും സ്പഷ്ടമായില്ല


സീന്‍ 27 C day out door
(
അയാള്‍ ഒന്നു നിര്‍ത്തി സദസ്സിനെ നോക്കുന്ന ദൃശ്യം. പരിഭ്രമത്തോടെ ഇരിക്കുന്ന ടീച്ചറുടെയും മക്കളുടെടെയും മുഖഭാവങ്ങളിലേക്ക് കാഴ്ച പതിയുന്നു. വിധികര്‍ത്താവ് വീണ്ടും പറഞ്ഞു തുടങ്ങുന്നു.)

വിധികര്‍ത്താവ്-ബി ഗ്രേഡ് ലഭിച്ചത് കോഡ് നമ്പര്‍ രണ്ട്.
എ ഗ്രേഡ് കിട്ടിയ നമ്പരുകള്‍ ഒന്ന്, മൂന്ന്, നാല്, അഞ്ച്, ആറ്. മൂന്നാം സ്ഥാനം ലഭിച്ചത് കോഡ് ആറ്. രണ്ടാം സ്ഥാനം ലഭിച്ചത് കോഡ് ഒന്ന്.

(വിധികര്‍ത്താവ് പിന്നെയും ഒന്നു നിര്‍ത്തുമ്പോള്‍ വീണ്ടും ദൃശ്യം ടീച്ചറിലും മക്കളിലേക്കും. ..വിധികര്‍ത്താവ് തുടര്‍ന്നു.)

വിധികര്‍ത്താവ് - ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത് കോഡ് നമ്പര്‍ മൂന്നിനാണ് പുള്ളുവന്‍ പാട്ടിനെ തനിമയോടെ ശ്രുതി മധുരമായി ചൊല്ലുകയും ഭാവം ഉള്‍ക്കൊണ്ട് പാടുകയും ചെയ്തു . നല്ല ശാരീരവും അക്ഷരശുദ്ധിയും ഈ കുട്ടിയുടെ പ്രകടനത്തെ ഒന്നാമാതാക്കുന്നു. സംഗതികള്‍ എല്ലാം നന്നായി ഇണങ്ങി

അത് കൊണ്ട് അടുത്ത തലത്തിലേക്ക് പങ്കെടുക്കുവാന്‍‍ ഉള്ള യോഗ്യത കോഡ് നമ്പര്‍ മൂന്നു നേടിയിരിക്കുകയാണ്.

സീന്‍ 27 D day out door

(സദസ്സില്‍ നിന്ന് കയ്യടിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍. ആതിരയെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന സൗമ്യ ടീച്ചര്‍, ആതിരയുടെ ആഹ്ളാദം നിറഞ്ഞ മുഖഭാവങ്ങള്‍ എന്നിവയിലേക്ക് കാഴ്ച. കസേരകളില്‍ നിന്ന് എഴുന്നേറ്റ് പോകുന്ന വിധികര്‍ത്താക്കള്‍. അവരുടെ പിറകെ നടന്നു പോകുന്ന സംഘാടകര്‍. സദസ്സില്‍ നിന്നും എഴുന്നേറ്റ് വേദിയുടെ അരികിലേക്ക് മാറി നില്‍ക്കുന്ന ടീച്ചറും മക്കളും. )


സീന്‍ 28 A day out door

(ദസ്സില്‍ നിന്ന് അല്പം മാറി നില്‍ക്കുന്ന ടീച്ചറും മക്കളും. അവരുടെ അടുത്തുകൂടി നടന്നു പോകുന്ന മറ്റ് കുട്ടികളും അധ്യാപകരും. (വൈഡ് ഷോട്ട്). പതുക്കെ മീഡിയം ക്ളോസ് അപ്പിലേക്ക് ടീച്ചറിലേക്കും മക്കളിലേക്കും ദൃശ്യം വരുന്നു. ടീച്ചര്‍ ആതിരയോട് പറയുന്നു)

സൗമ്യ ടീച്ചര്‍- ഞാന്‍ അപ്പോളെ പറഞ്ഞിലെ ആതു നിനക്കാകും ഒന്നാം സ്ഥാനം എന്ന് ..എന്തൊക്കെയാ ജഡ്ജസ് പറഞ്ഞത് .എനിക്ക് കോരിത്തരിച്ചു ന്റെ ആതു. പാട്ടുമാഷ്ക്ക് എത്രയാ മമ്മി കൊടുത്തത് എന്നറിയോ നിനക്ക് ..രണ്ടായിരം രൂപ ..ന്നാലും നഷ്ടായില്ല ഫസ്ടായില്ലേ ..ഫസ്റ്റ് കിട്ടും എന്ന് മാഷും ഉറപ്പ് തന്നിരുന്നു

(ടീച്ചര്‍ ആതിരയെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന ദൃശ്യം. അവരുടെ മുഖത്തെ സന്തോഷഭാവങ്ങളിലേക്ക് കാഴ്ച.

സീന്‍ 28 B day out door

ടീച്ചര്‍ മക്കളുടെ കൈ പിടിച്ചു നടക്കാന്‍ തുടങ്ങുന്ന ദൃശ്യം .)

സൗമ്യ ടീച്ചര്‍- എന്നാ നമുക്ക് പോകുകയല്ലേ ..വാ
പാട്ടുമാഷേ ഒന്ന് വിളിച്ചു പറയണം ..നിന്റെ ഡാഡിയെ വിളിക്കണം ..സ്കൂളില്‍ അറിയിക്കണം ..ഈ മൈക്കിന്റെ അടുത്തു നിന്ന് ഒന്ന് മാറണം

(പെട്ടെന്ന് ആദിത്യന്‍ പാലമരത്തിന്റെ നേരെ ചൂണ്ടി പറയുന്നു).

ദിത്യന്‍-മമ്മീ മമ്മീ ദാ ആ കുട്ടി നില്‍ക്കന്നു
അവന്‍ വിരല്‍ ചൂണ്ടിയ ഭാഗത്തേക്ക് നീങ്ങുന്ന കാഴ്ച. ക്യാമറ മൂവിങ്ങ് ഷോട്ട് അവിടെ നില്‍ക്കുന്ന മീനാക്ഷിയിലേക്കും അവള്‍ക്കപ്പുറം പാലമരത്തിന്റെ താഴെയുള്ള നാഗത്തനാന്‍ മാരിലേക്കും അവര്‍ നടന്ന് പാലമരത്തിന്റെ അടുത്തേക്ക് എത്തുന്നതും ദൃശ്യത്തിലേക്ക് വരുന്നു.(ലോംഗ് ഷോട്ട്)

സീന്‍ 29 A day out door

പാലമരത്തിന്റെ തറയില്‍ ദുരെക്ക് നോക്കിയിരിക്കുന്ന മീനാക്ഷി. അവളുടെ അടുത്തെത്തുന്ന ടീച്ചറും മക്കളും.അവരെ കണ്ട് തറയില്‍ നിന്ന് എഴുന്നേല്‍ക്കുന്ന മീനാക്ഷി.ടീച്ചര്‍ മീനാക്ഷിട് പറയുന്നു.

സൗമ്യ ടീച്ചര്‍- അയ്യോ കുട്ടീ നീ ഇവിടെ നില്ക്കുന്നുണ്ടായിരുന്നോ ? റിസള്‍ട്ട് അനൗണ്‍സ് ചെയ്തത് കേട്ടില്ലേ ആതിരക്കാ ഒന്നാം സ്ഥാനം ..നിനക്ക് ബി ഗ്രേഡ് ആയി അല്ലെ ? സങ്കടപെടേണ്ട ട്ടോ ..അടുത്ത പ്രാവശ്യം നന്നായി പാടൂ ട്ടോ ജഡ്ജസ് കുറെ കാര്യങ്ങള്‍ വച്ചാണ് സ്കോറിടുന്നത് ..പാട്ടിനോക്കെ കിട്ടണം എങ്കില്‍ പാട്ട് മാഷന്മാരുടെ അടുത്ത് തന്നെ പഠിക്കണം .


(തല താഴ്ത്തി നില്‍ക്കുന്ന മീനാക്ഷിയിലേക്കും നാഗത്താന്‍മാരിലേക്കും ദൃശ്യം ചെന്നു നില്‍ക്കുന്നു. വീണ്ടും ടീച്ചറും കുട്ടികളും മീനാക്ഷിയും ഒരേ ഫ്രേമില്‍ വരുന്നു.)

സൗമ്യ ടീച്ചര്‍- അല്ല കുട്ടീ അമ്മാളുനെ ഇനി അടുത്തൊന്നും കാണല്‍ ഉണ്ടാകില്ല.

(ടീച്ചര്‍ ഒന്നു നിര്‍ത്തി. പഴ്സ് തുറക്കുന്നു. ഇരുപതു രൂപയുടെ ഒരു നോട്ടെടുത്ത് മീനാക്ഷിയുടെ കയ്യില്‍ തിരുകി വച്ചു കൊടുക്കുന്നു. അവളുടെ മെല്ലിച്ച കറുത്ത വിരലുകള്‍ക്കിടിയില്‍ ചുരുണ്ടു നില്‍ക്കുന്ന ഇരുപത് രൂപ നോട്ടിലേക്ക് ദൃശ്യം വരുന്നു.ക്ളോസ് അപ്പ് )
സൗമ്യ ടീച്ചര്‍- ഇത് കളയാതെ കൊണ്ടു പോയി അമ്മാളുനു കൊടുക്കണം ട്ടോ..തള്ളക്ക് മുറുക്കാന്‍ വാങ്ങിച്ചോട്ടെ ..എത്ര എന്തായാലും അമ്മാളു അല്ലെ ഈ പാട്ട് പറഞ്ഞു തന്നത് ..പിന്നെ ഇവള്‍ക്കാ ഒന്നാം സ്ഥാനം കിട്ടിയതെന്ന് പ്രത്യേകം പറയണം ട്ടോ..അമ്മാളുന്റെ നാവേറ് ചൊല്ലിയത് ഫലിച്ചിട്ടുണ്ട് .

(മീനാക്ഷിയുടെ കയ്യിലിരുന്നു ചുരുണ്ട നോട്ട് പതുക്കെ നിവരുന്ന ക്ളോസപ്പ് ദൃശ്യം).

സൗമ്യ ടീച്ചര്‍- പിന്നെ അടുത്ത തവണ വരുമ്പോ നീയും ഒപ്പം കൂടിക്കോ ട്ടോ .ഇവള്‍ടെ ഈ ഡ്രെസ്സൊക്കെ അപ്പോളേക്കും പഴയതാകും . എന്നാ ഞങ്ങള് പൊയ്ക്കോട്ടെ. ഡ്രൈവര്‍ കാത്ത് നില്‍ക്കാന്‍ തുടങ്ങി നേരം കുറെയായി.
(
ടീച്ചറും മക്കളും നടന്ന് മറ്റു ആളുകള്‍ക്കിടിയില്‍ മറയുന്ന ലോംഗ് ഷോട്ട് ദൃശ്യം. മറ്റു വേദികളില്‍ നിന്നും വരുന്ന അനൗണ്‍സ് മെന്റുകള്‍.)


സീന്‍ 30 A day out door
(
മീനാക്ഷിയിലേക്കും നാഗത്താന്‍മാരിലേക്കും പാലമരത്തിന്റെ ചുവട്ടിലേക്കും വരുന്ന കാഴ്ച. അവളുടെ ഇരുകണ്ണില്‍ നിന്നും കണ്ണീര്‍ ഊറിക്കൂടി കവിളിലൂടെ ഒലിച്ചിറങ്ങുന്ന ദൃശ്യം. (എക്സ്ടീം ക്ളോസപ്പ്) അവള്‍ കൈ കൊണ്ട് കണ്ണുകള്‍ തുടച്ച് നരച്ച പട്ടുപാവാടയില്‍ തുടക്കുന്ന ദൃശ്യം സ്ക്രീനില്‍ നിറയുന്നു.





സീന്‍ 30 B day out door
പാലമരത്തിന്റെ ചുവട്ടിലെ നാഗത്താന്‍മാരുടെ വിഗ്രഹങ്ങളുടെ മുന്നിലേക്ക് കാഴ്ച വരുന്നു. വിഗ്രഹങ്ങളുടെ മുന്നിലേക്ക് വീഴുന്ന ചുരുണ്ട ഇരുപത് രൂപ നോട്ടിന്റെ ക്ളോസപ്പ്. അത് പതുക്കെ ചുരളഴിഞ്ഞ് നിവരുന്ന സൂക്ഷ്മമായ ചലനങ്ങള്‍ സ്ക്രീനില്‍ നിറയുന്നു.(എക്സ്ടീം ക്ളോസപ്പ്)) പശ്ചാത്തലത്തില്‍ പുള്ളുവന്‍ പാട്ടിന്റെ വരികള്‍. അത് നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാകുന്നു.

(ഫെയ്ഡ് ഒൗട്ട്)

No comments:

Post a Comment