kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Sunday, July 26, 2020

നോവല്‍ റിപ്പബ്ളിക് ഒാഫ് പാന്‍‍െഡമിക് ശിവപ്രസാദ് പാലോട്


നോവല്‍

റിപ്പബ്ളിക് ഒാഫ്
പാന്‍‍ഡെമിക്

ശിവപ്രസാദ് പാലോട്







                                                     1

          ഒരാഴ്ചയായി  ഫാക്ടറി ലോകത്തെ ഒന്നാകെ വിഴുങ്ങാന്‍ പോകുന്ന അണുവിനെ പറ്റി ആശങ്കപ്പൊന്‍ തുടങ്ങിയിട്ട്.  പുറത്ത് തട്ടുകടകളിലും മാര്‍ക്കറ്റിലുമെല്ലാം  ചൈനയെന്നും വുഹാന്‍ എന്നും കൊറോണ എന്നുമൊക്കെ തൊഴിലാളികള്‍ക്കിടയിലെ സംസാരത്തില്‍ കടന്നു വന്നിരുന്നു. പലരുടെയും സംസാരത്തില്‍ നിന്ന് ആര്‍ക്കും കാണാനാകാത്ത ഒരണുവിനെ ജാവേദ് ഗോഗോയ് മനസ്സില്‍ സങ്കല്പിക്കാന്‍ ശ്രമിച്ചിരുന്നു. ജീവനില്ലാത്ത ആ അണു മനുഷ്യരുടെ ശരീരത്തിലേക്ക് കുത്തിക്കയറി സര്‍വകോശങ്ങളിലും കയറുന്നതോടെ അതിന് ജീവന്‍ വയ്ക്കുന്നു. പിന്നീടത് പെറ്റുപെരുകുന്നു. രക്തം മുഴുവന്‍, ശരീരം മുഴുവന്‍ നിറയുന്ന അണു ഒാരോ അവയവങ്ങളെയായി തളര്‍ത്തുന്നു. മനുഷ്യന്‍ ഈയാമ്പാറ്റകള്‍ പോലെ കരിഞ്ഞു വീഴുന്നു.  സ്കൂളുകളും  കോളേജുകളും അടച്ചതിന്റെ പിറകേ മാളുകളും സിനിമ തായറ്ററുകളൂം  അടച്ചുപൂട്ടുന്നതായി പ്രഖ്യാപനം വന്നിരുന്നു.   പരസ്യമായി തുപ്പിയാല്‍ പിഴയുണ്ടെന്നും പറഞ്ഞു കേട്ടു.തെക്ക് കേരളത്തിലാണ് ആദ്യം രോഗം വന്നതായി കേട്ടത്. ചൈനയില്‍ നിന്നും മടങ്ങിവന്ന വിദ്യാര്‍ഥികള്‍ക്ക്.
                        സബർമതി ആശ്രമവും ഉദ്യാനങ്ങളുമൊക്കെ അടച്ചപ്പോഴും സാധാരണക്കാര്‍ ആരും ഭയന്നില്ല. വീടുകൾ നിർമ്മിക്കുന്നിടത്തും , ഹോട്ടലുകളുടെ അടക്കളച്ചൂടില്‍ ഭക്ഷണം പാചകം ചെയ്യുന്നിടത്തും , ഭക്ഷണം വിതരണം ചെയ്യുന്നിടത്തും അവര്‍ ഒരു പേടിയും കൂടാതെ പണിയെടുത്തു. മേശ തുടക്കാനും സലൂണുകളിൽ മുടി മുറിക്കാനും, മാന്‍ഹോളില്‍ ഇറങ്ങി ഒാട വൃത്തിയാക്കുവാനും ആരും വിരോധം പറഞ്ഞില്ല. വൈകുന്നരം വരെ പണിചെയ്ത് ഗുഡ്ക ചവച്ച്, മദ്യം കഴിച്ച്, അന്നാന്നേക്കുള്ള ആട്ടയും കിഴങ്ങും വാങ്ങി അവരുടെ സമയസൂചികള്‍ ഒരു വ്യത്യാസവുമില്ലാതെ വട്ടം ചുറ്റി. അവരുടെ നിലക്കാത്ത ഈ വട്ടം ചുറ്റലിനൊപ്പമാണ് ഭൂമി കറങ്ങിയത്. പകലും രാത്രിയും ഉണ്ടായത്.
         കമ്പനിയിലെ മേലുദ്യേഗസ്ഥന്മാരും പുറത്തെ കടക്കാരും കാറില്‍ പാഞ്ഞുപോകുന്ന ധനികരുമെല്ലാം വായും മൂക്കും അടച്ചു കെട്ടി നടക്കാന്‍ തുടങ്ങിയപ്പോളും തെരുവുകളിലും ചന്തകളിലു മൊന്നും തിരക്ക് കുറഞ്ഞിരുന്നില്ല.  വിദേശത്തുനിന്ന്  മടങ്ങിയെത്തിയ രാജ്കോട്ട് കാരനായ ചെറുപ്പക്കാരനും സൂറത്തിൽ നിന്നുള്ള ചെറുപ്പക്കാരിക്കും രോഗം ബാധിച്ചെന്ന വാര്‍ത്ത പരന്നതോടെയാണ് സാധാരണക്കാരിലേക്കും ചെറിയ പേടി കടന്നു കൂടിയത്.
                                                വൈകുന്നേരങ്ങളില്‍ ക്വാര്‍ട്ടേഴ്സില്‍ രാകേഷ് കുമാറും രോഹനുമെല്ലാം കിട്ടുന്ന വിവരങ്ങള്‍ പറഞ്ഞിരുന്നതിനാല്‍ ജാവേദിനും ചെറിയ പേടി വന്നു തുടങ്ങിയിരുന്നു. പ്രായമായവര്‍ക്കും കുട്ടികള്‍ക്കുമാണ് ഏറെ ശ്രദ്ധ വേണ്ടത്. വീട്ടില്‍ തൊണ്ണൂറ് വയസുള്ള അമ്മ കജോഡി ദേവിയെ ക്കുറിച്ചാലോചിച്ചപ്പോള്‍ ജാവേദ് ഗോഗോയുടെ ഹൃദയം പിടഞ്ഞു.
        വ്യാഴാഴ്ച രാജ്കോട്ടിലെ കമ്പനിയിലെ ഷിഫ്റ്റ് കഴിഞ്ഞ് ജാദവ് ഗോഗോയും രാകേഷ് കുമാറും രോഹനും  ക്വാര്‍ട്ടേഴ്‍സിലേക്ക് നടക്കുകയായിരുന്നു.   ഉച്ചക്ക് ഭക്ഷണത്തിനായി ഒത്തു കൂടിയപ്പോള്‍ അരുതാത്തതെന്തൊക്കെയോ രാജ്യത്ത് സംഭവിക്കാന്‍ പോകുന്നതിന്റെ പേടി എല്ലാരുടെയും മുഖത്തു ണ്ടായിരുന്നു. ലക്നൗവില്‍ നിന്നു വരുന്ന രാം നാഥാണ് സീതാപ്പൂർ ജില്ലയില്‍ കൊറൗണ എന്നൊരു ഗ്രാമം ഉള്ളയായി പറഞ്ഞത്. ആ പേരും ഈ രോഗവും തമ്മില്‍ ബന്ധമില്ലെങ്കിലും അതും സംസാരങ്ങളില്‍ നിറഞ്ഞു..

              ക്വാര്‍ട്ടേഴ്സിലെത്തും മുമ്പ് ചെറിയ ജംക്ഷനുണ്ട്. അവിടത്തെ തുറന്ന ഹോട്ടലില്‍ ഉയര്‍ത്തി‍ വച്ച ടിവിയിലേക്ക് കണ്ണു നട്ടിരിക്കുകയാണ് എല്ലാവരും. സാധാരാണ ജാവേദും സൃഹൃത്തുക്കളും ഹോട്ടലില്‍ കയറാറില്ല. ക്വാര്‍ട്ടേഴ്സിലെത്തി ഭക്ഷണം തയ്യാറാക്കി കഴിക്കുകയാണ് പതിവ്. ദിവസവും ഹോട്ടല്‍ ഭക്ഷണവും കൂടിയായാല്‍ പിന്നെ വീട്ടിലേക്ക് അയക്കാന്‍ ഒന്നും ബാക്കി കാണില്ല. ജീവിക്കാന്‍ വേണ്ടി മാത്രം ഭക്ഷണം കഴിക്കുകയെന്നതാണ് ഒാരോ തൊഴിലാളിയുടെയും ആഹാരശീലം. മിക്കവാറും വിലകുറച്ചു തയ്യാറാക്കാവുന്ന ഒരേ ഭക്ഷണം. മറ്റു ഭക്ഷണങ്ങളുടെ രുചികള്‍ പോലും മറന്നുപോയിത്തുടങ്ങിട്ടുണ്ട്. പച്ചക്കറി കളോടെയുള്ള ഗുജറാത്തില താലി മീല്‍സ്,തെപ്ല, കാണ്ട്‌വി, പുരന്‍പൊലി, ദാല്‍ ദൊക്‌ളി, ചെവ്‌ദോദ്, കമാം എന്നിവയെല്ലാം ഹോട്ടലുകളിലുണ്ട്. പാതകളുടെ വശത്ത് കെട്ടിയുണ്ടാക്കി ഗ്ളാസ് ഇട്ട തെരുവുകടകളിലേ സാധാരണക്കാരനു കയറാനാകൂ. പശുവിൻ പാലിന് പകരം  എരുമ പാൽ  ഉപയോഗിച്ചുള്ള ചായയായിരിക്കും ഇവിടെ. വിലക്കുറവുള്ളതിനാല്‍ നല്ല തിരക്കായിരിക്കും. വല്ലപ്പോഴും മാത്രമേ അത്തരം കടകളില്‍ കയറാറുള്ളൂ. ഉപ്പും‍  മധുരവും കലര്‍ന്ന ഗുജറാത്തിന്റെ രുചി ആദ്യം പിടിച്ചിരുന്നില്ലെങ്കിലും പിന്നെ അതുമായി പൊരുത്തപ്പെട്ടു. ദൊച്ല്, ഖാദി, അഅമ്രുസ്, ഫ്ഹുല്ക്സ്, തന്ഗ്യ് വിഭവങ്ങള്‍ തെരുവുകളിലുണ്ടെങ്കിലും കിട്ടുന്ന കൂലിയും വീടും ആലോചിക്കുമ്പോള്‍ കൊതി പിന്‍വലിയും.
          ആസാം താലിക്ക് പച്ച പപ്പായ കൊണ്ടുള്ള കറിവേണം. ഉണങ്ങിയ പഴത്തൊലി പൊടിച്ചതും പയര്‍ വര്‍ഗങ്ങളും ഈ കറിയില്‍ ചേരും. ക്വാര്‍ട്ടേഴ്സിലെ മണ്ണണ്ണ സ്റ്റൗവില്‍ എന്തു വേവുന്നുവോ അത് വിശപ്പിനുള്ള മരുന്നാകുന്നു. ക്ളോറിന്‍ രുചിയുള്ള പച്ചവെള്ളം ദാഹത്തിനുള്ള മരുന്നാകുന്നു.
                         കൂട്ടം കൂടി നില്‍ക്കുന്ന പലരും ടവ്വലുകള്‍കൊണ്ട് മൂക്കും വായും മൂടിക്കെട്ടിയിട്ടുണ്ടായിരുന്നു. നേരം എട്ടുമണി യായിക്കാണും. ടിവിയില്‍ പ്രധാനമന്ത്രിയുടെ മുഖം തെളിഞ്ഞു. ലോക മഹായുദ്ധകാലങ്ങളില്‍ പോലും ഉണ്ടാകാത്ത വലിയ പ്രതിസന്ധിയിലാണ് ലോകമെന്ന് പറഞ്ഞു തുടങ്ങിയ പ്രസംഗം ടിവി സ്ക്രീനിന് താഴെ ഗുജാറാത്തിയില്‍ എഴുതിക്കാണിക്കുന്നുണ്ടായിരുന്നു. രണ്ടു ഭാഷയും വലിയ വശമില്ലാത്ത ജാദോവ് മറ്റുള്ളവരുടെ സംസാരം  ശ്രദ്ധിക്കുക യായിരുന്നു. കൊറോണയെ ഗൗരവത്തോടെ കാണണമെന്നും ഒരു പൗരനും ലാഘവത്തോടെ കൊറോണ വൈറസ് ഭീതിയെ സമീപിക്കരുത്. ഓരോ പൗരനും കോറോണ വൈറസ് ബാധിതനാകില്ലെന്ന് സ്വയം ഉറപ്പാക്കണ മെന്നും അദ്ദേഹം ഉറപ്പിച്ച ശബ്ദത്തില്‍ പറയുന്നുണ്ടായിരുന്നു.                      
                                                            ജനസംഖ്യ കൂടുതലുള്ള നമ്മുടെ രാജ്യത്ത് കൊറോണ വൈറസ് ബാധ  വലിയ പ്രശ്നങ്ങളുണ്ടാക്കും. ഈ രോഗത്തിനെതിരെ ഇതുവരെ ഒരു മരുന്നും കണ്ടത്തപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ രാജ്യത്തെ ജനങ്ങള്‍ ‍ ഞായറാഴ്ച രാവിലെ ഏഴ് മണിമുതല്‍ ഒന്‍പത് വരെ  പുറത്തിറങ്ങാതെ ജനത കര്‍ഫ്യൂ ആചരിക്കണം. കുട്ടികളും, അറുപത് വയസ്സിന് മുകളിലുള്ള ആളുകളും  പുറത്തിറങ്ങരുത്. ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി കര്‍ഫ്യൂ നടപ്പാക്കണം. കഴിഞ്ഞ രണ്ട് മാസമായി ആരോഗ്യ പ്രവര്‍ത്തകര്‍  വൈറസിനെ തുരത്താന്‍ ശ്രമിക്കുകയാണ്. ഇവര്‍ക്ക് എല്ലാവരും ഞായറാഴ്ച നന്ദി അറിയിക്കണം. സാധനങ്ങള്‍ ലഭിക്കില്ലെന്ന് പരിഭ്രാന്തരാകരുത് ജന്മനാട്ടുകളിലേക്കും ഗ്രാമങ്ങളിലേക്കും പോകാന്‍  തിരക്കുകൂട്ടരുത്, വലിയ തോതിൽ യാത്ര ചെയ്യരുതെന്ന്. നിങ്ങൾ ഏതു നഗരത്തിലായാലും എല്ലാവരോടും ഞാൻ പ്രാർത്ഥിക്കുന്നു, ദയവായി കുറച്ച് ദിവസം തുടരുക.  വൈറസിന്റെ വ്യാപനത്തെ ചെറുക്കാൻ ഞങ്ങൾക്ക് കഴിയും. അവശ്യ സേവനങ്ങൾ നൽകുന്ന എല്ലാവരോടും നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക്, വീടുകളുടെ വാതിലുകളിലും ബാൽക്കണിയിലും നിൽക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യാം. അഞ്ച് മിനിറ്റ് കയ്യടിച്ചും പ്ലേറ്റുകൾ തമ്മിലടിച്ചും നന്ദി പ്രകടിപ്പിക്കാം,”
                എന്നും പറഞ്ഞ് പ്രസംഗം അവസാനിക്കുമ്പോള്‍ ഹോട്ടല്‍ മൂകമായി മാറി.ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച രാത്രി പത്തുമണിവരെ ഒരു സ്‌റ്റേഷനില്‍നിന്നും ഒരു പാസഞ്ചര്‍ ട്രെയിനും സര്‍വീസ് നടത്തില്ലെന്ന് റെയില്‍വേയുടെ അറിയിപ്പ് വാര്‍ത്തയില്‍ നിറഞ്ഞു.
                 അവിടെ കൂടിനിന്നവരിലേറെയും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് പണിയെടുക്കുന്നവര്‍. എത്രയോ അകലെയുള്ള തങ്ങളുടെ വീടുകളുടെ അകത്തളങ്ങളില്‍ ഈ വാര്‍ത്ത കേട്ട് പരിഭ്രാന്തരായി ഇരിക്കുന്ന കുടംബത്തെ ഒാര്‍ത്ത് പലരും ഫോണു കളില്‍ വിളിച്ചു തുടങ്ങിയിരുന്നു. അപ്പോള്‍ തന്നെ നാട്ടിലേക്ക് പോകാന്‍ തിടുക്കപ്പെടുകയായിരുന്നു ചിലര്‍. ക്വാര്‍ട്ടേഴ്സിലേക്ക് നടക്കുമ്പോള്‍ രാകേഷ് പ്രതീക്ഷയോടെ പറഞ്ഞു.
എല്ലാം ശരിയാവും. ഇന്നിപ്പോള്‍ പത്തൊമ്പത് ആയല്ലേ ഉള്ളൂ..ഞായറാഴ്ച കഴിഞ്ഞാല്‍ എല്ലാം പഴയ പടിയാവും. വണ്ടികള്‍ ഒാടിത്തുടങ്ങും. ലോകത്തിന് എങ്ങിനെയാണ്  നിശ്ചലമാകാന്‍ കഴിയുക. ചലിച്ചുകൊണ്ടിരിക്കുമ്പോളാണല്ലോ അത് ലോകമാകുന്നത് തന്നെ
                    രോഹനും ജാവേദും ഒന്നും മിണ്ടിയില്ല. ജാവേദ് ഫോണ്‍ കയ്യിലെടുത്തു. അയാള്‍ പോലുമറിയാതെ വിരലുകൾ‍ വിട്ടിലേക്കുള്ള  നമ്പര്‍ അമര്‍ത്തി. രണ്ടായിരത്തിയഞ്ഞൂറ് കിലോമീറ്റര്‍ അപ്പുറത്തേക്ക് തന്റെ ശബ്ദം അസമിലെത്തി നാഗോണിലെത്തി അഹോത്ഗുരിയിലെത്തി അവിടെ നിന്നു പിന്നെയും അമ്പത് കിലോമീറ്റർ അകലെയുള്ള ഗധാരിയ ഗ്രാമത്തില്‍ എത്തുന്നതും വീട്ടില്‍  ഭാര്യ പുഷ്പലതയുടെ ചെവിയിലെത്തുന്നതും കാത്ത് അയാളുടെ ഹൃദയം വല്ലാതെ മിടിച്ചു. ചുരുങ്ങിയ വാക്കുകളില്‍ സമാധാനമായി ഇരിക്കാനും താന്‍ സുരക്ഷിതനാണെന്നുമൊക്കെ അയാള്‍ പറഞ്ഞൊപ്പിച്ചു. അന്നു രാത്രി ഭക്ഷണം പാചകം ചെയ്യുമ്പോഴാണ് നാട്ടിലേക്ക് തിരിച്ചു പോകേണ്ട കാര്യം രോഹന്‍ ഒാര്‍മിപ്പിക്കുന്നത്. ഞായറാഴ്ച കഴിഞ്ഞ് വീണ്ടും കുറെ ദിവസം കര്‍ഫ്യൂ നീട്ടാന്‍ സാധ്യതയുണ്ടെന്ന് ഹോട്ടലില്‍ ആരോ പറഞ്ഞു കേട്ടത് അവന്‍ പങ്കുവച്ചു.

അങ്ങിനെയെങ്കില്‍ ആര്‍ക്കും എങ്ങോട്ടും പോകാനാകില്ല. ചന്തകളും കമ്പനികളുമെല്ലാം അടച്ചിടേണ്ടി വരില്ലേ.. കമ്പനിയില്ലെങ്കില്‍ ജോലി പോകില്ലേ? ഇനി ഇവിടെ കഴിയാമെന്ന് വച്ചാല്‍ തന്നെ ആഹാരത്തിന് എന്തു ചെയ്യും. പണമെവിടെ? വാടക എങ്ങിനെ കൊടുക്കും..?

രാകേഷിന്റെ ശബ്ദത്തില്‍ എല്ലാ പേടിയുമുണ്ടായിരുന്നു.
അങ്ങിനെയൊന്നും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം. നമ്മള്‍ മാത്രമല്ലല്ലോ? നമ്മളെപ്പോലെ ഇവിടെ, രാജ്യത്തു തന്നെ എത്രയോ പേര്‍ ഉണ്ടാകില്ലേ നാട്ടില്‍ പോകാന്‍. അതിനൊരു വഴി ഉണ്ടാകാതിരിക്കില്ല. പെട്ടെന്നൊരു മടക്കം പ്രശ്നമാകും . ട്രെയിനുകള്‍ ഒാടാന്‍ തുടങ്ങിയാല്‍ നമുക്ക് സാവധാനം ആലോചിച്ച് മടങ്ങാം.

ജാവേദ് അവരെ സമാധാനിപ്പിക്കാന്‍ പറഞ്ഞെങ്കിലും അവരിലുള്ളതിന്റെ ഇരട്ടി പേടി തന്നെ പൊതിയുന്നത് അയാളറിഞ്ഞു. ആഹാരം കഴിക്കുമ്പോള്‍ ചങ്കില്‍ കുരുങ്ങിയ ആശങ്ക അവരുടെ വിശപ്പുകളെ കെടുത്തിക്കളഞ്ഞിരുന്നു.

                                                                                        2

                        പിറ്റേന്നു മുതല്‍ എല്ലായിടത്തും ചര്‍ച്ചകള്‍ രോഗത്തിലും കര്‍ഫ്യൂവിലുമെല്ലാം കുരുങ്ങിക്കിടന്നു. ജനത കര്‍ഫ്യു പ്രഖ്യാപിച്ചതിനെപ്പറ്റി പറയുമ്പോള്‍ രജനീഷിന് വല്ലാത്ത ആവേശം തന്നെയുണ്ടായിരുന്നു.
            ഗുജറാത്തിൽ നവ്‌നിർമാണ്‍ സമരത്തിെനൊപ്പം വളര്‍ന്നയാളാണ് അദ്ദേഹം. ജനതാ  ആന്ദോളന്റെ ശക്തികൊണ്ടേ കൊറോണ പോലെയുള്ള രോഗം  ഇല്ലാതാക്കാന്‍  കഴിയു എന്ന് കണ്ടിട്ടാണ് അദ്ദേഹം ഇതു പറയുന്നത്. അദ്ദേഹം പറയുന്നത് രാജ്യത്തിനും നമുക്കും വേണ്ടിയാണ്.
രജനീഷ് കയ്യിലെ മഞ്ഞച്ചരടില്‍ തെരുപ്പിടിച്ച് അതു പറഞ്ഞപ്പോള്‍ കുറെപ്പേര്‍ തലയാട്ടി.

അതൊക്കെ ശരിയായിരിക്കാം പക്ഷേ എങ്ങനെയെങ്കിലും  ഗ്രാമത്തിലെ വീട്ടില്‍ എത്താന്‍ പറ്റിയാല്‍ മതിയായിരുന്നു. നമ്മുടെ രക്ഷയും  ഭക്ഷണവും മാത്രം നോക്കിയാല്‍ പോരല്ലോ കുടുംബത്തിന്റെ സുഖവും നോക്കണ്ടേ? ഇപ്പോ തന്നെ പലയിടത്തും പോകാനും വരാനുമെല്ലാം വിലക്കായി. വിലക്കുകള്‍ കൂടിയാല്‍ എങ്ങിനെ ജീവിക്കും രജനീഷ്?

അല്പം ഒച്ചയുയര്‍ത്തി രജനീഷ് പറഞ്ഞു തുടങ്ങി.

സർക്കാർ നോക്കിയിരിക്കുകയല്ല. മുമ്പ് അങ്ങെനെയായിരുന്നു എന്നാല്‍ ഇന്നങ്ങനെയല്ല. അഹമ്മദാബാദ്, സൂററ്റ്, വഡോദര, രാജ്കോട്ട് ഒക്കെ  കുറേശെയായി പൂട്ടി നിര്‍ത്തിയതെന്തിനാണ് നമ്മുടെ എല്ലാം രക്ഷക്ക് വേണ്ടിയല്ലേ?  അവശ്യ വസ്തുക്കൾ വിൽക്കുന്ന എല്ലാ കടകളും സര്‍ക്കാര്‍ തുറന്നു വക്കും.  നോക്കൂ രോഗം ബാധിക്കുകയാണെങ്കില്‍ ചികിത്സിക്കുന്നതിനായി അഹമ്മദാബാദില്‍ പുതിയ ഒരാശുപത്രി തന്നെ തുടങ്ങുമെന്ന് മുഖ്യമന്ത്രി  പ്രഖ്യാപിച്ചത് നിങ്ങള്‍ കേട്ടില്ലേ?

അതൊക്കെ പണമുള്ളവര്‍ക്ക് കിട്ടുമായിരിക്കും രജനീഷ്..നമുക്ക് രോഗം ബാധിച്ചാല്‍ ആരുനോക്കാനാണ്. നമ്മള്‍ ഇവിടെ വന്നു പണിയെടുക്കുന്നവരല്ലേ? ഇന്നാട്ടുകാര്‍ക്ക് കിട്ടുന്ന രക്ഷ നമുക്ക് കിട്ടുമോ?

ഡിമോണിറ്റൈസേഷനും ജിഎസ്ടിയും പുഷ്പം പോലെ നടത്തിയെടുത്തയാളാണ് മോദിജി. അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങളെക്കുറിച്ച് എന്തൊക്കെ പ്രചരണങ്ങളായിരുന്നു. അതിനിടയിലും അദ്ദേഹം ഒരു ദേശീയ തിരഞ്ഞെടുപ്പിൽ  ജയിച്ചു കയറിയില്ലേ?

അത് നമുക്ക്  നേടിത്തന്നതോ? രാജ്യത്ത്  തൊഴിലില്ലായ്മ  കൂടിയില്ലേ? അദ്ദേഹം നേട്ടങ്ങൾ കൊയ്യും, പക്ഷേ ഇന്ത്യയാണതിന്റെ ബാധ്യത വഹിക്കുന്നത്. അവയെക്കുറിച്ച് രജനീഷ് ചിന്തിക്കുന്നില്ല. പകർച്ചവ്യാധിയെ അതിജീവിക്കാന്‍ പറ്റിയാല്‍ത്തന്നെയും രാജ്യത്തിന്റെ  സാമ്പത്തിക തകർച്ചയെ നമ്മള്‍ അതിജീവിക്കുകയില്ല.രാജ്യം തന്നെ ലേലത്തില്‍ വച്ചിരിക്കുകയല്ലേ? സാലിക് അഹമ്മദ് ഒരു വാദത്തിനുള്ള പുറപ്പാടായിരുന്നു.രജനീഷും വിട്ടുകൊടുക്കുന്നുണ്ടായിയരുന്നില്ല.

നിങ്ങള്‍ നാണയത്തിന്റെ ഒരു വശം മാത്രം കാണുന്നു. നോക്കൂ പുല്‍വാമയില്‍ ബലാകോട്ടില്‍ നമ്മളത് കണ്ടതാണ്. രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാട്.അദ്ദേഹത്തിന്റെ റഡാറില്‍ എല്ലാം പതിയുന്നുണ്ട്..
 
              സമ്പദ്‌വ്യവസ്ഥ മോദിയുടെ റഡാറിലില്ല. പാവങ്ങളെ സഹായിച്ചാണോ രാജ്യം കടത്തിലായത്? അദ്ദേഹം ചന്ദ്രനിലോ ചൊവ്വയിലോ പേകാനുള്ള പേടകം കണ്ടെത്തിയിരിക്കാം പക്ഷേ  ഇന്ത്യയെ കണ്ടെത്തിയിട്ടില്ല ഇനിയും. ഇന്ത്യക്കുവേണ്ടി അവര്‍ കണ്ടത്തിയത്  പൂജ്യമല്ലേ രജീനീഷ്? സാലിക് അഹമ്മദ് ചോദ്യഭാവത്തില്‍ രജനീഷിനെ നോക്കി.

പ്രകൃതി വാതകം, വാർത്താവിനിമയം, പ്രതിരോധം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലായിടങ്ങളിലും  കോർപ്പറേറ്റുകളുടെ ആധിപത്യമല്ലേ രജനീഷ്? ഇന്ത്യൻ ജനതയെ കൊള്ളയടിക്കാൻ സർക്കാർ വച്ച  ഏജൻന്റുകളെപ്പോലെയല്ലേ ഈ കോർപ്പറേറ്റുകൾ. കട്ടുമുടിക്കുന്നവർക്ക് തങ്ങൾക്ക് പൊന്താവുന്നിടത്തോളം പൊതിഞ്ഞെടുത്ത്  കടന്നു കളയാൻ സര്‍ക്കാര്‍  തന്നെ അവസരം ഒരുക്കുകയല്ലേ രജനീഷ്?

നോട്ട് നിരോധനത്തെ കുറിച്ച് നിങ്ങള്‍ പറയും  പക്ഷേ ഡിജിറ്റല്‍ ഇന്ത്യയെപ്പറ്റി പറയില്ല..സ‍ര്‍ജിക്കല്‍ സ്ട്രൈക്കിനെ പറ്റി നിങ്ങള്‍ പറയില്ല, മെയ്ക്ക് ഇന്‍ ഇന്ത്യയെക്കുറിച്ച് പറയില്ല..അതാണ് കുഴപ്പം.

അതെങ്ങനെ കുഴപ്പമാകും? വിമര്‍ശനങ്ങളെ പേടിക്കുന്നതെന്തിന്? ഗോമാംസത്തിന്റെ പേരില്‍ എത്ര പേര്‍ ശിക്ഷ ഏറ്റു വാങ്ങി? ഏക മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ജമ്മു കശ്മീരിലെ സംസ്ഥാനം എത്ര പെട്ടെന്നാണ് മായ്ച്ചുകളഞ്ഞത്? ഡിറ്റന്‍ഷന്‍ ക്യാമ്പുകളെക്കുറിച്ച്  രജനീഷും മിണ്ടുന്നില്ലല്ലോ?

ഇത് മഹാമാരിക്കെതിരെയുള്ള പോരാട്ടമാണ്..അധികാരത്തിനുവേണ്ടി പ്രഖ്യാപിച്ച അടിയന്താരാവസ്ഥയല്ല അതു മനസ്സിലാക്കണം. ഇത് പൗരമ്മാര്‍ക്ക് വേണ്ടിയുള്ള നടപടിയാണ്. അപ്പോള്‍ ഇത്തരം വാദങ്ങളുന്നയിക്കുന്നത് മോശമാണ്..
രജനീഷ് തിരിച്ചടിച്ചു

            സാലിക് അതിന്  മറുചേദ്യമുന്നയിക്കാനാഞ്ഞപ്പോളേക്കും  കമ്പനിയിലെ ഒരുദ്യോഗസ്ഥന്‍ അങ്ങോട്ടു വരുന്നതു കണ്ടു. അവന്‍ സംസാരം നിര്‍ത്തി. അയാള്‍ കൂടിനിന്നവരോടായി പറഞ്ഞു.

എല്ലാരും ഹാളിലേക്ക് വരണം. ലേബര്‍ ഒാഫീസര്‍ കാണാന്‍ വന്നിട്ടുണ്ട്. അദ്ദേഹത്തിന് നിങ്ങളോട് എന്തൊക്കെയോ പറയാനുണ്ട്. ശ്രദ്ധിച്ച് കേള്‍ക്കണം..

എല്ലാവരും കൂട്ടമായി ഹാളിലേക്ക് നടന്നു.അവിടെ ഒരു കസേരയില്‍ ലേബര്‍ ഒാഫീസറെന്ന് തോന്നിച്ചയാള്‍ ഇരുന്നിരുന്നു. സാധാരണ ലേബര്‍ ഒാഫീസര്‍ വരുന്നെന്നറിഞ്ഞാല്‍ കുടിയേറ്റത്തൊഴിലാളികളോട് എവിടെയെങ്കിലും പോയി ഒളിക്കാനാണ് പറയാറുള്ളത്. ഇതിപ്പോള്‍ പതിവില്ലാതെ ലേബര്‍ ഒാഫീസറുടെ അടുത്തേക്ക് വിളിക്കുന്നതില്‍ എന്തെങ്കിലും കാര്യം കാണാതിരിക്കില്ല. എല്ലാവരും എത്തിയെന്നായപ്പോള്‍ അയാള്‍ കസേരയില്‍ നിന്നും എഴുന്നേറ്റ് സംസാരിക്കാന്‍ തുടങ്ങി.

           മിത്രോം. നമ്മുടെ രാജ്യത്തും രോഗം അവിടിവിടെയായി വന്നിട്ടുണ്ടെന്നേയുള്ളൂ. രോഗം പടരുന്നെന്നും എല്ലാം അടച്ചു പൂട്ടുമെന്നുമൊക്കെ ഭീതിപരത്തി നിങ്ങള്‍ക്കിടയില്‍ ചില സന്ദേശങ്ങള്‍ പരന്നിട്ടുണ്ടെന്ന് എനിക്കറിയാം. പലരും ജോലിക്ക് വരാന്‍ മടിക്കുന്നുണ്ട്. എനിക്ക് പറയാനുള്ളത് തൊഴിലാണ് നമ്മുടെ ദൈവം . എല്ലാവരും ജോലിയ്ക്ക് പോകണമെന്നാണ് നാമീ അവസരത്തില്‍ കരുതേണ്ടത്.  ഇൻഡസ്ട്രി നശിച്ചാൽ രാജ്യത്ത് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് വരുമെന്ന് അറിയാമല്ലോ. നിങ്ങളാരും ജോലിക്ക് വരാതിരിക്കരുത്. ജോലി സ്ഥലത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. കമ്പനിയിലേക്ക് കടക്കുമ്പോളും പോകുമ്പോളും നിങ്ങള്‍ സോപ്പ് ഉപയോഗിച്ച് കൈ കഴുകിയാല്‍ മതി. രോഗം ബാധിക്കുകയില്ല. പിന്നെ സ്കര്‍ഫ് കൊണ്ട് മൂക്കും വായും അടച്ചു കെട്ടുക. അത്രയേ ചെയ്യാനുള്ളൂ. ഗ്രാമത്തിലേക്ക് പോകണമെന്നോ ജോലിക്ക് വരാതിരിക്കണമെന്നോ ആരും വിചാരിച്ചു പോകരുത് ..
     സംസാരം ഇത്രവരെ ആയ സമയത്ത് കമ്പനിയിലെ ഒരുദ്യോഗസ്ഥന്‍ ലേബര്‍ ഒാഫീസര്‍ക്കരികിലെത്തി എന്തോ പറഞ്ഞു.
ജോലിക്ക് വരാൻ കഴിയുകയില്ല എന്ന് പറയുന്നവര്‍ക്ക് പകരെ മറ്റാളുകളെ എടുത്ത് കമ്പനികള്‍ മുന്നോട്ടുപോകും. നിങ്ങള്‍ക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടും..അതിനാല്‍ കമ്പനിയും ഞങ്ങളും നിങ്ങളോടൊപ്പമുണ്ട്. ഒരു കാരണവശാലും നിങ്ങള്‍ ജോലിക്ക് വരാതിരിക്കരുത്.

ലേബര്‍ ഒാഫീസര്‍ പോയതും കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇതു തന്നെ ആവര്‍ത്തിച്ചു പറഞ്ഞു. ഈ ദിവസങ്ങളില്‍ പണിക്കെത്തുന്നവര്‍ക്ക് ശമ്പളക്കൂടുതല്‍ കമ്പനിയുടെ പരിഗണനയിലുണ്ടെന്നും അവര്‍ പറഞ്ഞു.രജനീഷ് എല്ലാവരെയും മാറി മാറി നോക്കി.

അപ്പോളും ദാമോര്‍ പിറുപിറുത്തു.

നോക്കു ഗോഗോയ് ഇതൊക്കെ ഇവര്‍ പറയും. ഇതു വരെ ഒാവര്‍ടൈം ജോലി ചെയ്യുമ്പോള്‍ പോലും പത്തുപൈസ അധികം തന്നിട്ടില്ല. നമുക്കാര്‍ക്കെങ്കിലും ലീവ് കിട്ടാറുണ്ടോ? അഥവാ ലീവു വന്നാല്‍ അന്നത്തെ പണം കുറച്ചല്ലേ നമുക്ക് മാസാവസാനം തരുന്നത്. ഇതൊന്നും നടക്കാന്‍ പോകുന്നില്ല. ഇത് നമ്മള്‍ ഗ്രാമത്തിലേക്ക് മടങ്ങാതിരിക്കാനുള്ള സൂത്രമാണ്.

അവര്‍ക്കിങ്ങനെയൊക്കെ പറയാം.നാട്ടിലേക്ക് വിളിച്ചപ്പോള്‍ ഉമ്മയും ഭാര്യയും മക്കളുമൊക്കെ ഫോണിലൂടെ കരയുകയാണ്. കൊറോണ വന്നതോടെ നമുക്ക് ഭക്ഷണമില്ലാതായാല്‍ താമസിക്കാന്‍ ഇടമില്ലാതായാല്‍ എന്തു ചെയ്യുമെന്നാണ് അവരുടെ ആധി.ജോലി പോയാലും വേണ്ടില്ല വീട്ടിലേക്ക് തിരിച്ചുപോകാന്‍ പറ്റിയാല്‍ മതിയായിരുന്നു.
സാലിക് അഹമ്മദ് സങ്കടത്തോടെ പറഞ്ഞു.
            ജാവേദും രാകേഷും ഒന്നും പറഞ്ഞില്ല. ദാമോര്‍ പറഞ്ഞതിലും കാര്യമില്ലാതില്ല. ഈ മാസാവസാനം ഗ്രാമത്തിലെ വീടുകളിലേക്ക് പോകാന്‍ ട്രെയിന്‍‍ ടിക്കറ്റ് എടുത്തിരുന്നവരാണ് എല്ലാവരും. ഗ്രാമത്തില്‍ കൃഷിക്കാലമാരംഭിക്കുകയാണ്. ഇനി നാട്ടില്‍ തന്നെ പണി കിട്ടുന്ന കാലമാണ്. നാട്ടില്‍ രെംഗോളി ബിഹു അടുക്കുകയാണ്. ബിഹുവിന് നാട്ടിലെത്തണമെന്ന് താനും വിചാരിച്ചിരുന്നതാണല്ലോ.
               എല്ലാവരും ഹാള്‍ വിട്ട് അവരവരുടെ പൊള്ളുന്ന ഇടങ്ങളിലേക്ക് മടങ്ങി.യന്ത്രങ്ങളുടെ വലിയ വായകളില്‍ ചില സമയം പല സാധനങ്ങള്‍ ഒന്നിച്ച് നിറക്കണം. അപ്പോള്‍ കൊഴുത്ത ദ്രാവകങ്ങള്‍ തമ്മില്‍ കലര്‍ന്ന് നീറുന്ന പുക ഉയരും. അത് ഫാക്ടറിയാകെ പടരുമ്പോള്‍ കണ്ണു നീറും,ശ്വാസം മുട്ടും, ഹൃദയമിടിപ്പ് കൂടുന്ന പോലെ തോന്നും. എന്നിരുന്നാലും പിന്തിരിയാന്‍ പാടില്ലല്ലോ.ഈ നിറ്റലും പൊള്ളലിനേക്കാളുമൊക്കെ വലുതാണല്ലോ ജീവിതം ഏല്‍പ്പിക്കുന്ന പൊള്ളലുകള്‍. തങ്ങള്‍ കുടിയേറ്റത്തൊഴിലാളികളല്ലേ. കമ്പനിയുടെ ആനുകൂല്യങ്ങള്‍ക്കൊന്നും അര്‍ഹരല്ലാത്തവര്‍. എപ്പോളും അപകടകരമായ ജോലികള്‍ക്ക് നിയോഗിക്കപ്പെടുന്നവര്‍. കമ്പനി അധികാരികളുടെയോ  സര്‍ക്കാരുകളുടെയോ കണക്കില്‍ പെടാത്തവര്‍.
                      ഉച്ചക്ക് ഭക്ഷണത്തിനായി പിരിയുമ്പോള്‍ വീണ്ടും രജനീഷ് എല്ലാരോടുമായി പറയാന്‍ തുടങ്ങി.

ഇത്തരമൊരു പ്രതിസന്ധിയിൽ നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. ഞാനും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കണം. ആരും മറ്റിടങ്ങളിലേക്ക് മെസേജുകള്‍ കൈമാറി അവിടെയുള്ളവരെക്കൂടി പേടിപ്പിക്കരുത്. നമ്മുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രവും പ്രത്യേക ശ്രദ്ധ പതിപ്പിക്കും. എനിക്കുറപ്പുണ്ട്. നമ്മളെപ്പോലെത്തന്നെ വിദേശത്ത് പഠിക്കാനും ജോലിക്കും പോയി കുടുങ്ങിക്കിടക്കുന്ന ഭാരതീയരുണ്ട്. മടങ്ങിവരാൻ ആഗ്രഹിക്കുന്നുവെങ്കിൽ  അവരെയും അദ്ദേഹം തിരിച്ചുകൊണ്ടു വരും.

ദാമോര്‍ രജനീഷിന് നേരെ തിരിഞ്ഞു.

എന്താണ് രജനീഷ് നീ പറഞ്ഞതു തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നത്? നീ സര്‍ക്കാരിനു വേണ്ടി സംസാരിക്കുന്നു എപ്പോളും, ലേബര്‍ ഒാഫീസര്‍ വന്ന് കമ്പനിയുടമക്കുവേണ്ടി സംസാരിച്ചു..നമ്മുടെ പ്രശ്നം ആരാണ് പറയുക. പറഞ്ഞാല്‍ തന്നെ ആരാണ് കേള്‍ക്കുക? ഇവിടെ ഒറ്റപ്പെട്ടുപോയാല്‍ ആരാണ് നാം താമസിക്കുന്ന സ്ഥലത്തിന് വാടക കൊടുക്കുക, ആരാണ് നമുക്ക് സാധനങ്ങള്‍ വാങ്ങാന്‍ പണം തരുന്നത്? ഇനി അങ്ങിനെ തന്നാല്‍ തന്നെ നമുക്ക് ഗാവുകളിലേക്ക് പോകാതിരിക്കാന്‍ കഴിയുമോ?

നിങ്ങൾ എവിടെയായിരുന്നാലും അവിടെ താമസിക്കാനാണ് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്.  കൂട്ടം കൂടി നടന്നാല്‍ നമുക്കും കൊറോണ  ബാധിക്കാനുള്ള സാധ്യത. നമുക്കിവിടെ തങ്ങേണ്ടി വന്നാല്‍ അതിന്റെ വാടക സർക്കാർ നല്‍കിയിരിക്കും.

രജനീഷ് ഇന്ത്യയിലെ പാവങ്ങളുടെ എക്കൗണ്ടിലേക്ക് വരുമെന്ന പറഞ്ഞ കോടികള്‍ എങ്ങോട്ട് ഒഴുകിപ്പോയി? ഇന്ത്യ കാണാനെത്തുന്ന അമേരിക്കൻ ട്രംപിന് വരവേൽപ്പ് നൽകാന്‍ സർക്കാർ പൊടിച്ചത് നൂറ് കോടി രൂപയാണ്. നീയും ഞാനും ജീവിക്കാന്‍ പാടുപെടുന്ന അതേ രാജ്യത്താണിത്.  വെറും മൂന്ന് മണിക്കൂറിനാണ് നൂറുകോടി.വിമാനത്താവളത്തിൽ നിന്ന് റോഡ് ഷോക്കായി നഗരത്തിലെ പതിനേഴ് റോഡുകൾ പുതുക്കി പണിഞ്ഞത്  അറുപതു കോടിക്ക്.  ഇവിടമെല്ലാം പൂച്ചെടികളും പാം മരങ്ങളും മറ്റും വച്ചു പിടിപ്പിച്ചത്‍ ആറ് കോടിക്ക്. ഷാഹിബാഗിലെ എയർപോർട്ട് റോഡിന്റെ ഡിവൈഡറുകളിൽ വലിയ പാം മരങ്ങൾ പിഴുതുകൊണ്ടു വന്നാണ് നട്ടുപിടിപ്പിച്ചത്. ഫുട്പാത്തുകളിൽ പുതിയ ടൈലുകൾ . തലേന്നു വരെ ഇവിടത്തെ സാധാരണക്കാരന്‍ നടന്ന് കാലുതേഞ്ഞ അതേയിടങ്ങളാണ് ഇവയെന്ന് ഒാര്‍ക്കണം. ട്രംപിന്റെ യാത്രാ വഴിയിലുള്ള ശരണ്യാവാസ് ചേരി മറയ്‌ക്കാൻ കൂറ്റൻ മതിലല്ലേ പണിതത്. ആ ചേരിയല്ലേ രജനീഷ് യഥാര്‍ഥ ഇന്ത്യ? ലളിത ജീവിതം പഠിപ്പിച്ച ഗാന്ധിജിയുടെ സബർമതി ആശ്രമം വരെ ലക്ഷങ്ങള്‍ കൊണ്ട് മോടിപിടിപ്പില്ലേ? ഈ കോടികള്‍ ഉണ്ടായിരുന്നെങ്കില്‍ എത്ര പാവങ്ങള്‍ മേല്‍ക്കൂരയുടെ കീഴെ ഒരു നേരത്തെ ആഹാരമെങ്കിലും കഴിച്ച് ഉറങ്ങുമായിരുന്നു?

സാലിം..അത് നയതന്ത്രമാണ്. അതിലൂടെയാണ് വികസനം വരുന്നത്. അതിന്റെ ഫലം സാധാരണക്കാരന് കിട്ടാന്‍ പോകുന്നതേയുള്ളൂ. പട്ടേൽ പ്രതിമ കാണാൻ ഒഴുകിയെത്തുന്നത് ജനലക്ഷങ്ങളാണ്. വികസനത്തില്‍ നിന്ന് കിട്ടുന്ന പണം കൊണ്ടാണ് രാജ്യം മുഴുവന്‍ ശൗചായലയങ്ങള്‍ പണിതത്. കര്‍ഷകരുടെ കയ്യിലേക്ക് പണമെത്തിയത്. രാജ്യരക്ഷക്ക് ആയുധങ്ങള്‍ വാങ്ങുന്നത്. അതു മറക്കരുത്.

പ്രകാശും ഗോവിന്ദ് ജംഗുവും അപ്പോള്‍ അങ്ങോട്ടു കടന്നു വന്നു.

ദാമോര്‍ ഇതു കണ്ടോ ജംഗു തന്റെ മൊബൈലില്‍ വാട്സാപ്പില്‍ വന്ന ഒരു വീഡിയോ കാണിച്ചു. മുംബെയിലും ഡല്‍ഹിയിലും തൊഴിലാളികൾ ബസ്, റെയിൽ‌വേ സ്റ്റേഷനുകളിൽ തടിച്ചുകൂടിയിരുന്നതിന്റെ ചിത്രം. പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിറഞ്ഞ റോഡുകള്‍. ഉറുമ്പുകൂട്ടം ഇളകിയതുപോലെയുള്ള ആള്‍ക്കൂട്ടം. കൊള്ളാവുന്നത്ര  സാധനങ്ങളെ ഗര്‍ഭം ധരിച്ച വിലകുറഞ്ഞ റെക്‌സിന്‍ ബാഗുകളും തൂക്കി രാജ്യം നടന്നു തുടങ്ങിയിരുന്നു. ചെറുപ്പക്കാരുടെ മുതുകത്ത്  വലിയ ബാക്ക് പാക്കുകൾ.  മുതിര്‍ന്നവര്‍ക്കൊപ്പം നടക്കുന്ന കുട്ടികൾ. ചിലപ്പോള്‍ കുട്ടികളുടെ തലയിലും വലിയ ഭാഗുകള്‍.  രണ്ടു കുട്ടികളെ ഒക്കത്തും ഒരാളെ കഴുത്തിലും ഇരുത്തി നടന്നു നീങ്ങുന്ന ആള്‍. നീളമുള്ള ഒരു ദണ്ഢിന്റെ മുന്‍ ഭാഗം ഒരാളുടെ ചുമലില്‍. പിന്‍ ഭാഗം മറ്റൊരാളുടെ ചുമലില്‍. ദണ്ഡില്‍ തൂക്കിയിട്ട രണ്ടോ മൂന്നോ കുടുംബത്തിന്റെ ഭാരങ്ങള്‍. മുമ്പോട്ടുന്തിയ വയറുമായി ആയാസപ്പെട്ട് നടന്നു പോകുന്ന ഒരു യുവതി. ജാവേദിന് ആ ദൃശ്യം അധികനേരം കണ്ടിരിക്കാനായില്ല.

രജനീഷ് നീ പറഞ്ഞതുപോലെയല്ല കാര്യങ്ങള്‍..രാജ്യം നടന്നു തുടങ്ങിയിരിക്കുന്നു. വരാനിരിക്കുന്ന നാളുകള്‍ എന്തായാലും സമാധാനത്തിന്റേതല്ലെന്ന് തോന്നുന്നു. വൈകാതെ നമ്മളും ഈ പുഴയുടെ ഭാഗമാകേണ്ടി വരും..ഭീകരവാദത്തിലും ജാതിവെറിയിലും  പ്രളയത്തിലും ഭൂമികുലുക്കത്തിലും നീന്തിക്കയറിയ രാജ്യം ഇനി ദുരിതത്തിന്റെ ഭൂപടമായി മാറും..

രജനീഷ് ആ വീഡിയോ നോക്കി ചുണ്ട് കോട്ടിപ്പറഞ്ഞു.

ഇതൊക്കെ ആളുകളെ ഇളക്കി വിടുകയാണ്. നാലു വോട്ടിനുവേണ്ടി സര്‍ക്കാരിനെതിരെ തിരിക്കാന്‍. നോക്കൂ ഈ വീഡിയോ പോലും ഫേക്ക് ആയിരിക്കും. ഇതൊന്നും ഫോര്‍വാര്‍ഡ് ചെയ്യരുത്. എനിക്ക് നമ്മുടെ സര്‍ക്കാരില്‍ വിശ്വാസമുണ്ട്.
അതു പറയുമ്പോള്‍ രജനീഷിന്റെ കണ്ണുകളിലും ഭയം നിഴലിച്ചു നിന്നിരുന്നത് ജാവേദ് കണ്ടു.
                                        
3

                      കമ്പനിയില്‍  പിറ്റേന്നും  കാര്യമായി ആരും വരാതിരുന്നൊന്നുമില്ല. മരണം തൊട്ടുമുമ്പില്‍ വന്നാല്‍ പോലും അവസാന നിമിഷത്തില്‍ ഒരു ജോലിക്ക് കരാര്‍ കിട്ടിയാല്‍ അതിന് പോകാനൊരുങ്ങുന്നതാണ് കുടിയേറ്റ തൊഴിലാളി കളുടെ പാരമ്പര്യം. കമ്പനിയുടെ ഗേറ്റിനടുത്ത് ഒരു വീപ്പ വെള്ളവും സോപ്പും വച്ചിരുന്നതാണ് ഒരു മാറ്റം. അന്ന് തൊഴിലാളികള്‍ക്കെല്ലാം ഒാരോ മാസ്ക് വീതം നല്‍കിയിരുന്നു. ഒാരോ തൊഴിലാളിക്ക് കൊടുത്ത ശേഷവും കമ്പനി ഉദ്യോഗസ്ഥര്‍ കൈകളില്‍ സാനിറ്റൈസര്‍ പുരട്ടിത്തുടച്ചു. തൊഴിലാളികളോട് സംസാരിക്കുമ്പോള്‍ മുമ്പത്തെക്കാളധികം അകലം പുലര്‍ത്താന്‍ ശ്രദ്ധിച്ചു. ജോലിക്ക് കയറുംമുമ്പും ശേഷവും കൈ സോപ്പിട്ട് കഴുകാനും മാസ്ക് ഇട്ട് മാത്രം ജോലിചെയ്യാനു മൊക്കെ നിര്‍ദ്ദേശങ്ങള്‍ വന്നു.                   
                   ഗോവിന്ദ് ജംഗുവുവിന്റെ ഫോണില്‍ വന്ന ഫോട്ടോ എല്ലാവരെയും കാണിക്കുന്ന തിരക്കിലാണവന്‍. ജോധ്പൂര്‍വാലി ഹൈവേയിലെ ബനസ്കന്ദയിലെ ഒരു ഹോട്ടലിന്റെ ഉയര്‍ന്നു നില്‍ക്കുന്ന ബോര്‍ഡ്.
ഹോട്ടല്‍ കൊറോണ.
കൊറോണയെന്നാല്‍ ആകാശഗംഗയെന്നാണ് ഉര്‍ദുവില്‍ അര്‍ഥം. അതായിരിക്കും ഹോട്ടലിന് ആ പേരിട്ടത്. അല്ലാതെ ഈ മാരക രോഗത്തിന്റെ പേര് ആരെങ്കിലും ഹോട്ടലിനിടുമോ?
ആകാശഗംഗയോ?

അതെ.അതു നക്ഷത്രങ്ങളുടെ കടലാണ്. അവയുടെ വെളിച്ചം തിരകളായി അലയടിക്കുന്ന കടല്‍. ചിറകുള്ള നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനുമെല്ലാം നീന്തിത്തുടിക്കുന്ന കടലായിരിക്കണം. സലീം മാലിക് ആകാശത്തേക്ക് നോക്കി പറഞ്ഞു.

രോഗത്തിന്റെ വലിയ കടലില്‍ ദാരിദ്ര്യത്തിന്റെയും അവഗണനയുടെയും വലിയ കടലില്‍ നമ്മളെ മുക്കിക്കൊല്ലാന്‍ വരികയല്ലേ..അപ്പോള്‍ ആ പേര് യോജിക്കും.

കിരീടം എന്നും അര്‍ഥമുണ്ടെന്നും കേട്ടിട്ടുണ്ട്. ഈ ലോകത്തെ മുഴുവന്‍ നശിപ്പിക്കാന്‍ കഴിവുള്ള കിരീടമാകണം അതിന്റേത്. പാവപ്പെട്ടവരെ തിരഞ്ഞു പിടിച്ചു ശിക്ഷിക്കാനുള്ള മറ്റൊരു കിരിടം കൂടി. പ്രകാശ് കൂട്ടിച്ചേര്‍ത്തു.

     നഗരങ്ങളില്‍ അഗ്നിശമന സേന പൊതുസ്ഥലങ്ങള്‍ ശുചീകരിക്കുന്നുണ്ടായിരുന്നു. ലോറിയുടെ ടാങ്കില്‍ നിന്നും അണുനാശിനി കലക്കിയ വെള്ളം പൈപ്പുകളിലൂടെ ചീറ്റിച്ച് അവര്‍ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതായിരുന്നു മറ്റൊരു വീഡിയോ.
              തൊഴിൽനിയമങ്ങളെല്ലാം  റദ്ദാകാന്‍ പോകുന്നു എന്നാണ് കിട്ടുന്ന വിവരം. അപ്പോള്‍  ഉടമകൾക്ക് തൊഴിലാളികളെ എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാം.  കൂലി വർധനവ് ഉണ്ടാകില്ലെന്ന് മാത്രമല്ല വായുവോ വെളിച്ചമോ മൂത്രപ്പുരയോ ഇരിപ്പിടമോ സുരക്ഷാ ഉപകരണങ്ങളോ കാന്റീനോ പ്രഥമശുശ്രൂഷാ സൗകര്യങ്ങളോ,വിശ്രമസൗകര്യമോ നൽകാൻ ഉടമക്ക്  ബാധ്യതയുണ്ടാകില്ല എന്നര്‍ഥം. പ്രകാശ്  ഒരു സന്ദേശം കേട്ട ശേഷം എല്ലാരോടുമായി പറഞ്ഞു. പിറ്റേന്ന് കര്‍ഫ്യൂ ആയതിനാല്‍ സാധനങ്ങള്‍ വാങ്ങിവയ്ക്കാന്‍ എല്ലാവരും കടകളിലേക്ക് ഒാടി. ഗ്രാമങ്ങളിലേക്ക് വിളിച്ചവരോടൊക്കെ എത്രയും പെട്ടെന്ന് വീട്ടിലേക്ക് മടങ്ങാന്‍ വീട്ടുകാരുടെ പറച്ചില്‍ കൂടിയായയോടെ രാത്രി വൈകിയും ക്വാര്‍ട്ടേഴ്സിന്  ഉറക്കമില്ലാതായി.
                   ഒരവധി ദിവസം പോലെയായിരുന്നു പിറ്റേന്ന് . ജോലിക്ക് പോകേണ്ടതില്ലാത്തതിനാല്‍ നേരം വെയില്‍ പരന്നിട്ടും എല്ലാരും എഴുന്നേല്ക്കാന്‍ മടിപിടിച്ചു കിടന്നു. ആ ക്വാര്‍ട്ടേഴ്സിലാകെ നോക്കിയാല്‍ നൂറിനടുത്ത് താമസക്കാരുണ്ടാകും. കുട്ടികളും കുടുംബവുമായി താമസിക്കുന്നവര്‍ ആകെ രണ്ടു പേരെയുള്ളൂ. ബാക്കിയുള്ളവരെല്ലാം നാലും അഞ്ചും പേര്‍ ഒാരോ മുറിയിലും കഴിഞ്ഞു പോരികയാണ്.
                    ഒന്നും ചെയ്യാനില്ലാത്തതിനാല്‍ എല്ലാവരും മുറികളുടെ വരാന്തകളില്‍ കൂടി നിന്നു. ചിലര്‍ ഇയര്‍ഫോണുകള്‍ കുത്തി പാട്ടുകേട്ടുകൊണ്ടിരിന്നു. ബാക്കിയുള്ളവരും ഫോണില്‍ തുടരെവരുന്ന സന്ദേശങ്ങളില്‍ തന്നെ.  ഒാരോ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന തൊഴിലാളികള്‍ക്ക് വേറെ വേറെ വാട്സാപ്പ് ഗ്രൂപ്പുകളുണ്ട്. അതിലൂടെയാണ് എല്ലാ കാര്യങ്ങളും അറിയുന്നത്.

             ഈ കർഫ്യൂ രാജ്യത്തെ തൊഴിലിടങ്ങളെ നശിപ്പിക്കും. സര്‍ക്കാര്‍ ഇളവുകളുടെ ഒരു പട്ടിക ഇറക്കിയിട്ടുണ്ട്. പക്ഷേ തെരുവിലെ പോലീസുകാർക്ക് അതൊന്നും അറിയാത്തപോലെയാണ്.  മരുന്നുകൾ, പാൽ, പലചരക്ക് സാധനങ്ങൾ, ഭക്ഷണം, പത്രം എന്നിവ ഉൾപ്പെടെ കയറ്റിവന്ന ട്രക്കുകള്‍ എല്ലാം തടഞ്ഞു വച്ചിരിക്കുകയാണ് . നമ്മുടെ ഗ്രാമങ്ങളിലെ വിളവെടുപ്പോ റാബി സീസൺ പോലുള്ള കാര്യങ്ങളോ സര്‍ക്കാര്‍ ആലോചിട്ടില്ല. ഖാരിഫ് വിളവെടുപ്പിന്റെ സമയത്താണ് നോട്ട് ബന്ദി നടപ്പാക്കിയത്. കര്‍ഷകരുടെ നടുവൊടിച്ചു പോയി.

ആരോ ഒരാള്‍ ഒരു ഗ്രൂപ്പില്‍ വന്ന ശബ്ദ സന്ദേശം എല്ലാര്‍ക്കും കേള്‍ക്കാന്‍ പാകത്തില്‍ ലൗഡ് സ്പീക്കറില്‍ ഇട്ടിരുന്നു.

      ഗുജറാത്തിൽ ഇതുവരെ പതിനാലു കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറസിൻ്റ ആയുസ്സ് പന്ത്രണ്ട് മണിക്കൂർ മാത്രമാണെന്നും അതിനാൽ പതിനാല് മണിക്കൂർ പുറത്തിറങ്ങാതിരുന്നാൽ വൈറസെല്ലാം ചത്തുപോകുമെന്നും മറ്റൊരു സന്ദേശം.  കൂടാതെ പാത്രം കൊട്ടി ശബ്ദമുണ്ടാക്കിയാൽ വൈറസ് നശിക്കുമെന്ന് വേറെയൊന്ന്.
                                 
          അഹമ്മദാബാദ്, സൂററ്റ്, വഡോദര, രാജ്കോട്ട് എന്നിവിടങ്ങളിലെ റോഡുകൾ, റെയിൽ‌വേ സ്റ്റേഷനുകൾ, എന്നിവയെല്ലാം സര്‍ക്കാരും പൊലീസും അടച്ചിരിക്കുന്നു. ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെയോ   സ്വകാര്യ ബസുകളോ, ടൗണ്‍ ബസുകളോ ഒാടുന്നില്ല. എസ്‌ജി ഹൈവേ, എസ്പി, റിംഗ് റോഡ്  എല്ലാം  കാലിയാണ്. അഹമ്മദാബാദ് മെട്രോ സർവീസുകളും നിലച്ചിട്ടുണ്ട്.  ഇവിടങ്ങളിലേക്ക് എത്തുന്നവരെ പൊലീസ് പിടിച്ചു കൊണ്ടുപോകുന്നുണ്ട്. കാലുപൂർ പഴവർഗ മാർക്കറ്റ്  രാവിലെ തുറന്നിട്ടുണ്ട്. നമ്മുടെ ആളുകളോട് ഈ സന്ദേശം കൈമാറുക എന്നിങ്ങനെ പോകുന്ന സന്ദേശങ്ങള്‍ വന്നുകൊണ്ടേയിരുന്നു. ബിനാ കാരണ്‍ റൂം സെ നഹി നികാലോ..

                       കുറച്ചുനേരം കഴിഞ്ഞപ്പോള്‍ എല്ലാവരും ക്വാര്‍ട്ടേഴ്സില്‍ നിന്നിറങ്ങി ജംക്ഷനിലേക്ക് നടന്നു. തെരുവുകൾ ശൂന്യമായിരുന്നു, കടകളെല്ലാം അടഞ്ഞു കിടന്നു. റോഡിലൂടെ ഇടക്ക് പാഞ്ഞു പോകുന്ന പൊലീസ് വാഹനങ്ങളും ആംബുലന്‍സുകളും.  വഴി നീളെ പശുക്കൾ ചുറ്റി നടക്കുന്നു

                                      നാട്ടുകാരായ ആളുകൾ വീടിനകത്തുനിന്ന് ഇറങ്ങിയില്ല. വലിയ ആളുകള്‍ താമസിക്കുന്ന റെസിഡൻഷ്യൽ സൊസൈറ്റികളിൽ നിന്ന് ആരും തലപുറത്തുകാണിച്ചില്ല.  വൈകിട്ട് ആറുമണിയായപ്പോള്‍ അടുത്ത ജംക്ഷനില്‍ നിന്ന് വലിയ ആരവം കേട്ടു.
കം ചോ
നാട്ടുകാരാനായ ഒരാള്‍ എന്താണ് കാര്യമെന്ന് അന്വേഷിക്കുന്നുണ്ടായിരുന്നു.
എല്ലാവരും മുറിയില്‍ നിന്ന് പുറത്തിറങ്ങി അവിടേക്ക് നടന്നു. കവലയില്‍ ഡ്രംസ് കൊട്ടി നൂറുകണക്കിന് ആളുകളുണ്ട്.   റാലിയിൽ അണിനിരന്ന് ചിരിച്ചു കളിച്ചുകൊണ്ട് സ്റ്റീൽ പ്ലേറ്റുകൾ തട്ടി കൈയ്യടിച്ച് ആവേശഭ രിതരായി നടന്നു പോകുന്നു.  കുറച്ചുപേർ മാത്രം മാസ്ക്  ഇട്ടിട്ടുണ്ട്. അല്ലാത്തവര്‍ തൂവാലകൊണ്ട് മുഖം മറച്ചുകെട്ടിയിട്ടുണ്ട്.  വലിയൊരു വിഭാഗം ഇവയൊന്നുമില്ലാതെ റാലിക്ക് പിറകെ നടന്നിരുന്നു.  ബൈക്കുകളും റിക്ഷകളും ഹോണ്‍ മുഴക്കി റാലിക്ക് പിറകേ പതിഞ്ഞോടുന്നുണ്ട്. ഭാരത് മാതാ കീ ജയ് എന്നും ഗൊ കൊറോണ ഗോ എന്നും കൊറോണ മൂര്‍ദാബാദ് എന്നും മുഴങ്ങിക്കേട്ടു.

നിറഞ്ഞ പാത്രങ്ങളിൽ ഒച്ചയുണ്ടാക്കി വിശപ്പ് ഭക്ഷിക്കുന്നവരെ വേദനിപ്പിക്കുന്നതിന്റെ ആരവങ്ങള്‍.സലിം മാലിക് പിറുപിറുത്തു.

               ഹോട്ടലിലെ ടിവിയില്‍ അദ്ദേഹത്തിന്റെ മുഖം പിന്നെയും തെളിഞ്ഞു.  റോഡുകളില്‍ ആരും ഒത്തുകൂടരുത് കൊറോണ വൈറസിനെ തകര്‍ക്കാനുള്ള ഏക മാര്‍ഗം സാമൂഹിക അകലം പാലിക്കുക മാത്രമാണ്.  ജനതാ കര്‍ഫ്യൂ ലോകത്തിന് തന്നെ മാതൃകയാണ്. ജനത കർഫ്യൂ ഒരു നീണ്ട യുദ്ധത്തിന്റെ തുടക്കമാണ്. ഇന്ന് നമ്മള്‍ കഴിവുള്ളവരാണെന്ന് നാം തീരുമാനിച്ചുകഴിഞ്ഞു. നമുക്ക് ഒരുമിച്ച് ഏത് വെല്ലുവിളിയും ഏറ്റെടുക്കാം. ടിവിയിലേക്കും തെരുവിലേക്കും ജാവേദ് ഗോഗോയ് മാറി മാറി നോക്കി.

                  സർക്കാർ നമ്മളെ എന്ത് വില കൊടുത്തും വീട്ടിലേക്ക് അയയ്ക്കേണ്ടതുണ്ട്. നമുക്ക് ഒരു ദിവസം മാത്രം നൽകൂ. നമുക്ക് ഗതാഗതം തുറന്നു തരിക.അതിനു ശേഷം രാജ്യം എന്തു വേണമെങ്കിലും ചെയ്യട്ടെ. എത്ര ദിവസത്തെ കര്‍ഫ്യൂവും നമ്മള്‍ സഹിക്കുമല്ലോ. വെറുതെയല്ല അംബേദ്കര്‍ നമ്മളോടിങ്ങനെ പറഞ്ഞത്. അത് സംഭവിക്കാതെ പോയതാണ് നമ്മുടെ ദുരന്തം.
             കഴുത്തിൽ തുളസിമാല ധരിച്ചതുകൊണ്ട് ജന്മികളുടെ ചൂഷണത്തിൽ നിന്ന് നിങ്ങൾ മോചിതരാകാൻ പോകുന്നില്ല. ശ്രീരാമ സ്തോത്രം ഉരുവിട്ടതുകൊണ്ട് കടബാദ്ധ്യതകളിൽ നിന്നും നിങ്ങൾ വിമോചിതരാകുന്നില്ല. പണ്ഡരീ പുരത്തേക്ക് തീർത്ഥയാത്ര നടത്തിയതുകൊണ്ട്, മാസം തോറും നിങ്ങൾക്കാരും ശമ്പളം തരുകയില്ല. ക്ഷേത്രപ്രവേശനത്തിന്റെ ഉദ്ദേശ്യം നല്ലതായിരിക്കാം. എന്നാൽ ആദ്ധ്യാത്മിക മേന്മയേക്കാൾ ഭൗതിക മേന്മയാണ് ഇപ്പോഴാവശ്യം. പണമില്ലാതെ നിങ്ങൾക്കു ഭക്ഷണമോ വസ്ത്രമോ ലഭിക്കുകയില്ല. കുട്ടികൾക്കു വിദ്യാഭ്യാസ സൗകര്യങ്ങളും വൈദ്യസഹായവും ലഭിക്കുകയില്ല. അതിനാൽ രാഷ്ടീയ നേട്ടങ്ങ ളായിരിക്കണം നിങ്ങളുടെ ലക്ഷ്യം. ഭൗതിക പുരോഗതി ക്കായിരിക്കണം നിങ്ങളുടെ സമരം...
            ഭാദോയ് സിങ്ങ് ഉറക്കെ പറയുന്നുണ്ടായിരുന്നു. ഉത്തർപ്രദേശിലെ ഈതയില്‍ നിന്നുള്ള അയാള്‍ തങ്ങളുടെ തന്നെ കമ്പനിയിലെ പാക്കിങ്ങ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.
                              4

                    നേരം പുലര്‍ന്നത് ഒരു മരണ വാര്‍ത്തയുമായാണ്. ഗുജറാത്തിലെ ആശുപത്രിയിൽ നാലു ദിവസമായി ചികിത്സ യിലുണ്ടായിരുന്ന അറുപ്പത്തിയൊമ്പതുകാരനാണ് മരിച്ചത്.   വൈറസ് റിപ്പോർട്ട് ചെയ്ത രാജ്യത്തെ എഴുപത്തിയഞ്ചു  ജില്ലകൾ ലോക്ക് ഡൗൺ ചെയ്യാൻ കേന്ദ്രം നിർദേശം നൽകി. ചരക്ക് വണ്ടികൾ ഒഴികെയുള്ള എല്ലാ തീവണ്ടി സർവീസുകളും നിർത്തിവെച്ചു. പ്രതീക്ഷിച്ചത് അടുത്തെത്തിക്കഴിഞ്ഞു എന്ന് ഉറപ്പായി.
                  കൊറോണ വൈറസ് വ്യാപനത്തിന്റെ രണ്ടാം, മൂന്നാം ഘട്ടങ്ങളിലേക്കാണ് നമ്മൾ പോകുന്നത് എന്നതാണ് വസ്തുത. ഇതുവരെ ഗുജറാത്തിലെ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവരാണ്. എന്നാൽ സാമൂഹിക അകലം പാലിക്കാതിരുന്നാല്‍ എണ്ണം വർദ്ധിക്കും. സമൂഹ വ്യാപനമായിരിക്കും ഫലം. അഹമ്മദാബാദിലും, സൂററ്റിലും, രാജ്കോട്ടിലും  രോഗബാധിതരായ ആളുകളെ പാര്‍പ്പിക്കാന്‍ സർക്കാർ ആശുപത്രികൾ നിര്‍മ്മിക്കാന്‍ പോകുന്നു. രോഗികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ പ്രത്യക വീടുകൾ ആരംഭിച്ചു. സംശയമുള്ള ആളുകളെ ഈ കേന്ദ്രങ്ങളിലേക്ക് അയക്കും. ഈ ദിവസങ്ങളില്‍ തൊഴിലാളികൾക്ക് യാത്ര ചെയ്യാനും കൂട്ടങ്ങളായി ഒത്തുചേരാനും കഴിയാത്തവിധം  ഫാക്ടറികൾ അടച്ചിടണമെന്നും മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പ് ഫോണുകളില്‍ നിന്ന് ഫോണുകളിലേക്ക്  പരന്നതോടെ പരിചയക്കാര്‍ പരസ്പരം വിളിച്ചുകൊണ്ടേയിരുന്നു. അതാകട്ടെ പരിഭ്രാന്തി കൂടുതല്‍ പരത്താനെ ഉപകരിച്ചതുമുള്ളൂ.
                             കമ്പനി പ്രവര്‍ത്തിക്കേണ്ട സമയമായിട്ടും അന്ന് യന്ത്രങ്ങള്‍ നിശബ്ദമായിക്കിടന്നു. വല്ലാത്ത മൂകത തളംകെട്ടി നിന്ന കമ്പനി മുറ്റത്ത് നേരത്തെ എത്തിയ തൊഴിലാളികള്‍ അടക്കം പറഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു. ജാവേദും രാകേഷും അടുത്തെത്തി യപ്പോള്‍ പ്രകാശ് കരയുന്ന പോലെ പറഞ്ഞു.

ജാവേദ് ഭയ്യാ..കമ്പനി നിറുത്തുകയാണ്. ഇന്ന് നമുക്കെെല്ലാര്‍ക്കും ലോഡിങ്ങ് സെക്ഷനിലാണ് പണിയുള്ളത്. കമ്പനിയിലുള്ള മുഴുവന്‍ ചരക്കും ഇന്ന് കയറ്റിപ്പോകും.നാളെ മുതല്‍ കമ്പനിയില്ല.ജോലിയില്ല. നമ്മളെയെല്ലാം പിരിച്ചുവിടുകയാണ്.

ഒന്നും തുറന്നു പറയാതെ കമ്പനിയിലെ സ്ഥിരം ജോലിക്കാര്‍ ധൃതി പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും ഫോണ്‍ ചെയ്തു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ലോറികള്‍ കമ്പനി വളപ്പിലേക്ക് വന്നു. അതോടെ തൊഴിലാളികള്‍ പിന്നെയും ചിതറി. കുറെ പേര്‍ പാക്കിങ്ങ് സെക്ഷനിലും കുറേ പേര്‍ ലോഡിങ്ങ് സെക്ഷനിലേക്കുമായി മാറി. ഉച്ചക്കുപോലും നിര്‍ത്താതെയാ യിരുന്നു അന്ന് ജോലി. അവസാനത്തെ ലോറിയും വളപ്പുവിട്ട് പോകുമ്പോള്‍ ഉച്ച തിരി‍ഞ്ഞിരുന്നു.
‍             എല്ലാവരും വരിയായി നില്‍ക്കാന്‍ ഒരുദ്യോഗസ്ഥന്‍ വന്നു പറഞ്ഞു. സാധാരണ മാസാവസാനം കൂലി നല്‍കാനാണ് ഇങ്ങിനെ വരി നില്‍ക്കാറുള്ളത്. ലോക്ക് ഡൗണ്‍ ആയ സാഹചര്യത്തില്‍ കമ്പനി മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയില്ലെന്നും അതിനാല്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തുകയാണെന്നും അയാള്‍ പറഞ്ഞു. എല്ലാവര്‍ക്കും ഇതുവരെ പണിയെടുത്തതിന്റെ കൂലി നാലായിരം രൂപയായി നിജപ്പെടുത്തി നല്‍കുകയാണ്. കാര്യങ്ങള്‍ എല്ലാം അുകൂലമായാല്‍ കമ്പനി വീണ്ടും പ്രവര്‍ത്തനം തുടങ്ങും അപ്പോള്‍ നിങ്ങള്‍ക്ക് വീണ്ടും ജോലിയില്‍ ചേരുകയും ബാക്കി തുക കൈപ്പറ്റുകയും ആവാം.
എല്ലവാരും തമ്മില്‍ തമ്മില്‍ നോക്കി.ചിലര്‍ ഒച്ചവച്ചു തുടങ്ങി.

നാലായിരമോ? അതിലും എത്രയോ കൂടുതലുണ്ടല്ലോ?

ഉണ്ട് .അത് കമ്പനി സമ്മതിക്കുന്നു.പക്ഷേ ഇപ്പോള്‍ ഇങ്ങിനെ ചെയ്യനാനാണ് കമ്പനി നിര്‍ദ്ദേശം നോക്കൂ. നമ്മുടെ കമ്പനി മാത്രമേ ഇങ്ങിനെ ചെയ്യുന്നുള്ളൂ..പല കമ്പനികളും ഇന്നലെത്തന്നെ ആര്‍ക്കും ഒന്നും കൊടുക്കാതെ പൂട്ടി സ്ഥലം വിട്ടു കഴിഞ്ഞു.അതു മാത്രമല്ല.നമ്മുടെ കമ്പനിയിലെ മറ്റു ശാഖകളിലെ കുടിയേറ്റ തൊഴിലാളികളെയും ഒന്നിച്ച് കമ്പനി അഭയകേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ തീരുമാനമുണ്ട്. ഭക്ഷണം, മരുന്നുകൾ, കുടിവെള്ളം, എന്നിവയെല്ലാം നല്‍കാമെന്നും കമ്പനി പറയുന്നുണ്ട്.

                 അതൊന്നും സംഭവിക്കുന്ന കാര്യമല്ല. നമ്മളെ ഇറക്കിവിടുകയാണ്.മറ്റിടങ്ങളിലെല്ലാം ഇത് നേരത്തെ സംഭവിച്ചു കഴിഞ്ഞു. എന്റെ കൂടെ താമസിക്കുന്ന ഗൗതം വെൽഡിംഗ് വർക്ക് ഷോപ്പിലാണ് പണി ചെയ്തിരുന്നത്. നമുക്ക് ശമ്പളം കയ്യില്‍ തരുന്നുണ്ടല്ലോ. അവന്റെ ശമ്പളം കൈപ്പറ്റിയിരുന്നത് ഏജന്റമാരായിരുന്നു. കിട്ടിയ വണ്ടിയില്‍ ഏജന്റുമാർ സ്ഥലം വിട്ട് സ്വന്തം നാട്ടിലേക്ക് പോയി.ഇന്നലെ വര്‍ക്ക്ഷോപ്പുകള്‍ എല്ലാം അടച്ചു. അവന് കഴിഞ്ഞ രണ്ടുമാസം പണിയെടുത്ത കൂലി കിട്ടാനുണ്ട്. ആരോട് ചോദിക്കാന്‍.?എന്റെ ജില്ലയിൽ നിന്നുള്ള മറ്റുള്ളവരെ ഞാൻ വിളിച്ചു . നിർമാണ സൈറ്റുകളിലെ കരാറുകാർ ആരും  തൊഴിലാളികൾക്ക് ശമ്പളം നൽകിയിട്ടില്ല. അവരുടെ ജോലിസ്ഥലങ്ങൾ അടച്ചു, അവർക്ക് പണം നല്‍കാനുണ്ടായിരുന്ന ജീവനക്കാരും കരാറുകാരും അപ്രത്യക്ഷമായി.ഒറ്റരാത്രികൊണ്ട്  അവര്‍ അഭയാർഥികളാക്കി മാറ്റപ്പെട്ടു.

സാലിക് അഹമ്മദ് എന്തോ ഒാര്‍ത്തെടുത്തപോലെ പറഞ്ഞു

          പഠിച്ചിട്ടുണ്ട്  തൊള്ളായിരത്തി നാല്‍പ്പത്തിയേഴിലെ വിഭജന വേളയിലെ അഭയാർഥികളുടെ പലായനം. ലക്ഷക്കണക്കിന്  ആളുകളല്ലേ  കുടിയൊഴിപ്പിക്കപ്പെട്ടത്. ചോരയൊലിപ്പിച്ചു കൊണ്ടായിരുന്നു അന്നത്തെ പലായനമെങ്കില്‍ ഇന്ന് ചോരതുപ്പി ക്കൊണ്ടാണെന്ന വ്യത്യാസമേയുണ്ടാകൂ. അന്ന് മതത്തിന്റെ പേരിലായിരുന്നെങ്കില്‍ ഇന്ന് രോഗമാണ് മതം എന്നേയുള്ളൂ..ഇത് ശരിക്കും രാജ്യവും പാവപ്പെട്ടവനും തമ്മിലുള്ള യുദ്ധത്തില്‍ പരാജയപ്പെട്ടവരുടെ തിരിഞ്ഞോട്ടമാണ് ജാവേദ്..നാമാരു തോറ്റ ജനതയായി മാറുകയാണ്
                
ആരും പിന്നെ ഒന്നും പറഞ്ഞില്ല. പെട്ടെന്നു തന്നെ കമ്പനിമുറ്റത്ത് വരി രൂപപ്പെട്ടു.ഒരു പക്ഷേ പണം തീര്‍ന്നുപോയാലോ എന്ന് ഭയന്ന് വരിയില്‍ നില്‍ക്കാന്‍ തിരക്കുകൂട്ടി യിരുന്നു. അതങ്ങിനെയാണ് ഒാരോ തൊഴിലിടവും മറ്റു തൊഴിലിടങ്ങളുമായി  സമ്പര്‍ക്കപ്പെടാതിരിക്കാന്‍ കമ്പനി എന്നും ശ്രമിച്ചിരുന്നു. തൊഴിലാളി എന്നും ഒറ്റക്കായിരുന്നു. അവരെ ഒരു തരത്തിലും കൂട്ടമാകാന്‍ കമ്പനികള്‍ സമ്മതിച്ചിരുന്നില്ല.ആളുകളുടെ കൂട്ടത്തെ എന്നും അധികാരമുള്ളവര്‍ ഭയപ്പെട്ടിരുന്നല്ലോ.

            വരിയുടെ മുന്നില്‍ നിന്നിരുന്നവര്‍ പണം വാങ്ങി മുറ്റത്തിന്റെ കോണിലേക്ക് മാറി നിന്നു. പണം കിട്ടിയവര്‍ക്ക് പോകാമെന്ന് കമ്പനി ജീവനക്കാര്‍ പറഞ്ഞെങ്കിലും ബാക്കിയുള്ളവരെ കാത്ത് അവര്‍ അവിടെ തന്നെ നിന്നു പരുങ്ങി. അവസാനത്തെ ആളും പണം വാങ്ങി എത്തിയപ്പോള്‍ എല്ലാവരും പരസ്പരം യാത്ര പറഞ്ഞു. ദിവസവും കണ്ടിരുന്നവര്‍. ഒരേ പിച്ചച്ചട്ടിയുടെ കിലുക്കം ചെവിയിലുണ്ടായിരുന്നവര്‍.ഒാരോ തൊഴിലിടവും കുടിയേറ്റത്തൊഴിലാളിക്ക് വഴിയമ്പലങ്ങളാണ്. കുറച്ചു ദിവസത്തെ വിശപ്പു മാറ്റിയതിന്റെ ഒാര്‍മ മാത്രം ബാക്കിയാക്കി എത്ര തൊഴിലിടങ്ങള്‍ കടന്നാണ് ഒാരോരുത്തരും എത്തുന്നത്. ഒാരോ കൂടിച്ചേരലുകളും പിരിയാന്‍വേണ്ടി മാത്രമാണെന്ന് അറിയാത്തവരല്ല ആരും. പക്ഷേ ഈ തവണത്തേത് അങ്ങിനെയല്ലല്ലോ.ചിലപ്പോളിനി കണ്ടെന്നേ വരില്ല. ഗാവുകളിലേക്കു പോലും തിരിച്ചെത്താനോ ബന്ധുക്കളെ കാണാനോ കഴിഞ്ഞെന്നു വരില്ല. ഒന്നുകില്‍ രോഗം വന്ന് കീഴടക്കും. പാവപ്പെട്ടവരെ ആരു ചികിത്സിക്കാനാണ്. അല്ലെങ്കില്‍ പട്ടിണി കിടന്ന് വഴിയിലെവിടെയെങ്കിലും മരിച്ചു വീഴാം.

ഞങ്ങൾക്ക് വീട്ടിലേക്ക് പോകണം, പക്ഷേ എന്റെ മുത്തശ്ശിക്ക് നടക്കാൻ കഴിയില്ല

              അതു പറയുമ്പോള്‍ ചെറുപ്പക്കാരനായ രാഗേഷ് റാവത്ത് കരയുന്നുണ്ടായിരുന്നു. റാവത്തിനൊപ്പം ക്വാര്‍ട്ടേഴ്സില്‍ അവന്റെ മുത്തശിയായ കംലിബെനും ഉണ്ടായിരുന്നു. ബൻസ്വരയിലെ കുശാൽഗഡിലേക്ക് നടന്നു പോകാനുള്ള ആരോഗ്യം ആ അറുപതുകാരിക്ക് ഉണ്ടായിരുന്നില്ല.ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരിച്ചു പോയ റാവത്തിനെ എടുത്തു വളര്‍ത്തിയത് മുത്തശിയാണ്. ജോലിക്ക് പോന്നപ്പോള്‍ മുത്തശി നാട്ടില്‍ ഒറ്റക്കാകുമെന്നതിനാലാണ് റാവത്ത് അവരെയും കൂടെക്കൂട്ടി
ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്നത്. ആര്‍ക്കും ആരെയും സമാധാനിപ്പിക്കാനാകുമായിരുന്നില്ല. മറ്റൊരാള്‍ക്ക് പങ്കിടാന്‍ മാത്രം സമാധാനം മനസ്സുകൊണ്ടോ ശരീരം കൊണ്ടോ ഒരാളും പേറുന്നുണ്ടായിരുന്നില്ലല്ലോ.
  
ചിലപ്പോള്‍ ഇന്നു തന്നെ അല്ലെങ്കില്‍ നാളെ രാജ്യം ഒന്നാകെ അടച്ചിടാന്‍ പോകുകയാണത്രേ. ഇതു നേരത്തെ അറിഞ്ഞാണ് പാതകള്‍ മുഴുവന്‍ നിറഞ്ഞത്. ഞങ്ങള്‍ ചിലപ്പോള്‍ ഇന്നു തന്നെ ഇവിടം വിടും. അടുത്ത കമ്പനികളിലെ ഞങ്ങളുടെ സൃഹൃത്തുക്കളോടൊപ്പം .

യാദവും പ്രകാശും യാത്ര പറയുകയാണ്. എപ്പോളാണ് ഫോണുകള്‍ കിട്ടാതെ വരിക എന്നു പറയാനാകില്ല. എങ്കിലും വിളിക്കാന്‍ ശ്രമിക്കണം. ഭാഗ്യമുണ്ടെങ്കില്‍ ജീവനുണ്ടെങ്കില്‍നമുക്ക് ഇനിയും കാണാം.                                            
             
                           വൈകിട്ട് എട്ടുമണിക്ക് പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ നാട്ടിലേക്ക് മടങ്ങാന്‍ ഏതെങ്കിലും തരത്തില്‍ സര്‍ക്കാര്‍ ഒരു മാര്‍ഗമുണ്ടാക്കുമെന്ന വിശ്വാസം തകര്‍ന്നു. ഇനിയെല്ലാം അവനവന്റെ ഉത്തരവാദിത്തമാണ്. രാജ്യം അടച്ചിട്ടു കഴിഞ്ഞാല്‍ രാജാവിന്റെ ഊഴം തീര്‍ന്നു. ഇനി പ്രജകള്‍ക്ക് പരക്കം പായാം. നടന്നോ ഉരുണ്ടോ വീടുകളിലെത്താം. അതിനിടയില്‍ രോഗം ബാധിക്കുകയോ മരിക്കുകയോ ചെയ്യാം.
         സമ്പൂര്‍ണ ലോക്ക് ‍‍ഡൗണ്‍ പ്രഖ്യാപിക്കൂമ്പോള്‍ പ്രധാന മന്ത്രി പറഞ്ഞത് വീട്ടില്‍ താമസിക്കാനാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ജില്ലകളും ഗ്രാമങ്ങളും അർദ്ധരാത്രി  മുതൽ പൂട്ടിയിരിക്കുകയാണ്. ആളുകൾക്ക് വീടുകൾക്ക് പുറങ്ങുന്നതിന് പൂർണ്ണമായ തടസ്സം ഉണ്ടാകും. വീടിനു ചുറ്റും ഒരു ലക്ഷ്മൺ രേഖ വരയ്ക്കുക.

ഇരിക്കാന്‍ വീടില്ലാത്ത, വീടുകള്‍ അകലെയായി പോയവര്‍ എന്തു ചെയ്യാനാണ്? ഞങ്ങളുടെ ജീവിതം എന്നും ലക്ഷ്മണ്‍ രേഖകള്‍ക്ക് പുറത്താണല്ലോ ജീ...രാകേഷ് കുമാര്‍ മറുപടിയായി പറയുന്നുണ്ടായിരുന്നു.

ഈ ഇരുപത്തിയൊന്ന് ദിവസങ്ങൾ നമ്മള്‍ നന്നായി കൈകാര്യം ചെയ്തില്ലെങ്കിൽ, നമ്മുടെ രാജ്യം, നിങ്ങളുടെ കുടുംബം ഇരുപത്തിയൊന്ന് വർഷം പിന്നോട്ട് പോകും. ജീവൻ രക്ഷിക്കാനായി രാവും പകലും ജോലി ചെയ്യുന്ന  ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവരെക്കുറിച്ച് നിങ്ങളുടെ ചുറ്റുപാടുകള്‍ വൃത്തിയാക്കുന്നവര്‍ക്കായി, മാധ്യമ പ്രവർത്തകര്‍ക്കായി പ്രാര്‍ഥിക്കുക. ഓരോ ഇന്ത്യക്കാരനും എന്റെ കുടുംബമാണ്: ഇന്ത്യക്കാരുടെ ജീവൻ സംരക്ഷിക്കുന്നതിനായി പതിനയ്യായിരം കോടിയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ച് പ്രസംഗം അവസാനിക്കുമ്പോള്‍ കേട്ടവര്‍ കേട്ടവരെല്ലാം പുറത്തേക്കോടി. അർധരാത്രി സമയപരിധിക്ക് മുമ്പായി സാധനങ്ങള്‍ വാങ്ങി ശേഖരിക്കാൻ. എല്ലാ അവശ്യ സേവനങ്ങളും മുമ്പത്തെപ്പോലെ തുറന്നിരിക്കുമെന്നും എല്ലാ അവശ്യവസ്തുക്കളും മരുന്നുകളും ലഭ്യമാകുമെന്നും അറിയിപ്പുണ്ടായിരുന്നെങ്കിലും ആര്‍ക്കും വിശ്വാസമില്ലാത്തപോലെ.
                             ഗ്രാമത്തിലേക്ക് തിരിച്ചുപോകാം എന്നവസാനം മൂവരും തീരുമാനിച്ചു. രാകേഷിനും രോഹനും വരാണസി വരെ എത്തിയാല്‍ മതി. ജാദവിന് പിന്നെയും പോകേണ്ടതുണ്ട്. ചിലര്‍ കിട്ടിയ കാശുകൊണ്ട് സൈക്കിളുകള്‍ വാങ്ങി അത് ചവിട്ടി നാട്ടിലേക്ക് പോകാനൊരുങ്ങുകയാണ്. സൈക്കിളുകള്‍ വാങ്ങാമെന്ന് വച്ചാല്‍ത്തന്നെ നാലായിരവും അയ്യായിരവും ഒക്കെയാണ് വില. ഉള്ള പണത്തിന് സൈക്കിള്‍ വാങ്ങിയാല്‍ പിന്നെ യാത്രക്കിടെ ആഹാരത്തിന് എന്തു ചെയ്യും. അവസാനം രോഹന്‍ പറഞ്ഞു.

ഇന്നിപ്പോള്‍ ഇരുപത്തിനാലായി. ഈ മാസം കഴിയാന്‍ ഇനി ഒരാഴ്ച കൂടി കഴിയണം. നമുക്ക് എന്തായാലും ഇവിടം വിടാം. നടന്നാണെങ്കില്‍ അങ്ങിനെ, ഇനി ഏതെങ്കിലും ട്രക്ക് കിട്ടിയാല്‍ അങ്ങിനെ പോകാം. നമ്മള്‍ മാത്രമല്ല ഹൈവേ നിറയാന്‍ മാത്രം ആളുകളുണ്ടാകും. നാലു പാക്കറ്റ് ബിസ്കറ്റ് വാങ്ങിച്ചു വക്കാം. ഇനി ചിലപ്പോള്‍ അതുമാത്രമായിരിക്കും ആഹാരം.മറ്റെന്തു കിട്ടാനാണ്.?

നമ്മൾ ഇവിടെ എന്താണ് ചെയ്യുക? എന്താണ് കഴിക്കുക? കല്ലും മണ്ണും തിന്ന്  ജീവിക്കാൻ കഴിയുമോ? ഇവിടെ ആരും ആരെയും സഹായിക്കില്ല. എങ്ങിനെയെങ്കിലും നമ്മുടെ ഗ്രാമത്തിൽ എത്തിയാല്‍ റൊട്ടിയും ചട്ണിയും തിന്ന് കുടുംബത്തോടൊത്ത് ജീവിക്കാം. ഇന്നലെ നമ്മളിവിടെ തൊഴിലാളിയായിരുന്നു. പക്ഷെ നാളെ ഇവിടെ നമ്മള്‍ ആരുമല്ല, നമുക്ക് ഒന്നുമില്ല. നമ്മളെ സഹായിക്കാനും ആരുമുണ്ടാവില്ല. എല്ലാവരും പേടിയിലാണ്.
 
ചെറിയ അറിയിപ്പുപോലുമില്ലാതെ രാത്രി എട്ടിന് അദ്ദേഹം പറയുകയാണ് അർദ്ധരാത്രി മുതല്‍ രാജ്യം അടച്ചിടുകയാണെന്ന്. എന്തുകൊണ്ടാണ് അദ്ദേഹം കുറച്ച് നേരത്തെ അറിയിപ്പ് നൽകാതിരുന്നത്.? എന്തുകൊണ്ടാണ് അദ്ദേഹം രാവിലെ എട്ടുമണിക്ക് ടിവിയില്‍ വന്നു പറയാത്തത്?
സാലിം മാലിക് കോപത്തിലായിരുന്നു.
                 ബാഗുകള്‍ ഒരുക്കി വക്കലായിരുന്നു അടുത്ത പരിപാടി. വേണ്ട വസ്ത്രങ്ങളും വിരികളുമെല്ലാം ബാഗുകളില്‍ കുത്തി നിറച്ചു. മൊബൈലുകള്‍ ചാര്‍ജ് ചെയ്തു. പുറത്ത് വാഹനങ്ങള്‍ അപ്പോളും തലങ്ങും വിലങ്ങും ഒാടിക്കൊണ്ടിരുന്നു. ക്വാര്‍ട്ടേഴ്സിലെ മറ്റു കുടുംബങ്ങള്‍ രാത്രി തന്നെ സ്ഥലം വിടാന്‍ ഒരുങ്ങി. പട്ടാളക്കാര്‍ പടക്കോപ്പുകള്‍ ചുമക്കുന്ന പോലെ കനത്ത ബാഗുകള്‍ തൂക്കി കുടിയേറ്റതൊഴിലാളികളുടെ ചെറു സംഘങ്ങള്‍ വീടെത്താനുള്ള യാത്രയെ യുദ്ധസമാനമാക്കി.
                         നമുക്ക് പകലും രാത്രിയും നടക്കാം. ഹൈവേയിലെ ബസ് സ്റ്റോപ്പുകളിലും ജിറോണി ഘോർസിലും വിശ്രമിക്കാം. ഭാഗ്യമുണ്ടെങ്കിൽ നമുക്ക് ഭക്ഷണം കിട്ടിയെന്നു വരും. കൊറോണ വൈറസ് ബാധിച്ചായിരിക്കില്ല  നടന്നായിരിക്കും കൂടുതല്‍ പേര്‍ മരിക്കുക എന്നു തോന്നുന്നു.
രാകേഷ് ആശങ്ക പങ്കിട്ടു        
                       5
                      പുലര്‍ച്ചതന്നെ നാലുമണിയായപ്പോള്‍ എഴുന്നേറ്റ് നടത്തമാരംഭിച്ച് ഹൈവേയിലെത്തിയപ്പോള്‍ അത് ഹോളിയെ ഒാര്‍മ്മിപ്പിച്ചു. പുറത്തിറങ്ങരുതെന്ന് പറഞ്ഞിരിക്കുന്ന സമയത്ത് ആരു അകത്തില്ല എന്ന് പറയേണ്ടി വരുന്ന പോലെ. അത്ര തിരക്കായിരുന്നു ഹൈവേയില്‍. കുട്ടികളും സ്ത്രീകളുമൊക്കെയായി വാപ്പിയില്‍ നിന്നു തന്നെ പത്തിരുനൂറുപേര്‍. കയ്യിലുള്ള സിഗരറ്റ് ലൈറ്ററുകളും മൊബൈല്‍ ടോര്‍ച്ചുകളും തെളിച്ച് നടക്കുമ്പോള്‍ ഒരു കൂട്ടം നടക്കുമ്പോളുള്ള നിഴല്‍ മുമ്പിലുള്ള കൂട്ടത്തെ ഇരുട്ടിലാക്കും. പരസ്പരം കാണാവുന്ന വെളിച്ചമേയുള്ളൂ. വലിയൊരു സംഘമായി നടക്കുന്നതിനാല്‍ ദൂരമോ സമയമോ അറിയുന്നില്ല. ഇടക്ക് വരുന്ന ട്രക്കുകള്‍ക്ക് നൂറാളുകള്‍ ഒന്നിച്ച് കൈകാണിക്കും. ചിലപ്പോള്‍ വേഗത ഒന്നു കുറഞ്ഞാല്‍ ചിലര്‍ അവയുടെ ബോഡികളിലൂടെ അള്ളിപ്പിടിച്ച് കയറും. ചിലര്‍ ഈ ശ്രമത്തിനിടെ താഴെ വീഴും.
                       ഇടക്കൊരു ബോര്‍ഡ് വായിച്ച് സല്വവ് ആണെന്ന് രോഹന്‍ പറഞ്ഞു. നടത്തം ഒരു പാലത്തിന് മുകളിലൂടെയായി. കോലക് നദി ഇരുട്ടില്‍ ഇര വിഴുങ്ങിക്കിടക്കുന്ന വലിയൊരു പാമ്പിനെപ്പോലെ തോന്നിച്ചു. ബാഗ്വദയില്‍ നിന്ന് ശരണ്‍ റോഡിലേക്ക് കയറിയപ്പോളേക്കും നേരം എട്ടുമണി. 

നമ്മളിപ്പോള്‍ നക്ഷത്രങ്ങള്‍ക്ക് ഒപ്പം നടന്നു. ഇനി സൂര്യന് ഒപ്പം നടക്കാം.

രോഹന്‍ നടത്തത്തിനിടയില്‍ പറഞ്ഞു.പാത നിറയെ ആളായതിനാല്‍ വഴി തെറ്റുമോയെന്ന സംശയമേ വേണ്ട. എല്ലാ യാത്രകള്‍ക്കും ലക്ഷ്യം ഒന്നായിരുന്നല്ലോ. ഒാര്‍വാദും രെണ്ട് ലാവും മോട്ടിവാഡയും കഥ്കിയും കന്‍സര്‍വാദും കുംബന്‍വാദും കടന്നപ്പോള്‍ വീണ്ടും നദിയും പാലവും. പാര്‍ നദിയുടെ പാലം കടക്കുമ്പോള്‍  മൂന്നുമണിയായിരുന്നു. ബോളനഗറും ആനന്ദ് കോളനിയും പാര്‍ഡി പമേരയും പിന്നിട്ടു. ഒാരോ ദൂരം പിന്നിടുമ്പോളും ആത്മവിശ്വാസം വര്‍ധിച്ചു. ഇതാ തൊട്ടടുത്ത് ഗാവുണ്ട് എന്നപോലെ കാലുകള്‍ ദേഹങ്ങളെ മുന്നോട്ടു നയിക്കുകയാണ്. ആയിരക്കണക്കിന് കാലുകള്‍, ലക്ഷക്കണക്കിന് കാലുകള്‍, മനുഷ്യരുടെ കാലുകള്‍..വെയിലിന്റെ  ചൂട് കൂടിക്കൂടി വരുന്നു. കടന്നു പോകുന്ന ലോറികളുടെ പിന്നിലെല്ലാം നിന്നും ഇരുന്നും നൂറു പേര്‍. വണ്ടി കടന്നുപോകുമ്പോള്‍ അവര്‍ നടന്നുപോകുന്നവര്‍ക്ക് നേരെ കൈവീശുന്നു.
                      പെട്ടെന്നാണ് മുമ്പില്‍ നടന്നിരുന്നയാള്‍ ഉറക്കെ നിലവിളിച്ച് കരഞ്ഞത്. അയാള്‍ ഫോണെടുത്ത് ആരോടോ സംസാരിക്കുകയായിരുന്നു.   ഇടക്കയാളെ പരിചയപ്പെട്ടിരുന്നു.രാം പുക്കർ പണ്ഡിറ്റ് .ബിഹാറിലെ ബെഗുസാരായിലേക്കാണയാള്‍ നടക്കുന്നത്. ഭാര്യയിൽ നിന്നാണ് അയാള്‍ക്ക്  ഫോണ്‍ വരുന്നത്. അയാള്‍ ജോലിക്ക് വരുമ്പോള്‍ ഭാര്യ ഗര്‍ഭിണിയായിരുന്നു. കഴിഞ്ഞ മാസം അവള്‍ പ്രസവിച്ചു. ഒരു പെണ്‍കുട്ടിയെ. ഇന്നലെ വീട്ടില്‍ നിന്ന് വിളിച്ചപ്പോള്‍ കുട്ടിക്ക് അസുഖമാണെന്നും ആശുപത്രിയില്‍ കാണിക്കുകയാണെന്നും പറഞ്ഞു. ഇന്ന് ആ കുഞ്ഞ് മരിച്ചുപോയെന്ന് . തന്റെ കുഞ്ഞിനെ ഒരിക്കല്‍ പോലും കാണാന്‍ കഴിയാതിരുന്ന പിതാവ്. താനെന്തൊരു നിര്‍ഭാഗ്യവാനാണെന്ന് നിലവിളിച്ച് കരയുകയായിരുന്ന പണ്ഡിറ്റിനെ മുതുകില്‍ തട്ടി ജാവേദ് സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
                  പാലത്തിന് താഴെ വാങ്കി നദി വയറൊഴിഞ്ഞ പെണ്ണിനെപ്പോലെ മെലിഞ്ഞ് നീണ്ടു കിടക്കുന്നുണ്ടായിരുന്നു.  പാലം കഴിഞ്ഞ് ഏറെ ദൂരമാകും മുമ്പ് എതിരെ നിന്ന് ഒരു പൊലിസ് വാഹനം വന്നു നിന്നു. പൊലിസുകാര്‍ പാതയുടെ നടുവില്‍ കയറി നിന്ന് യാത്ര തടഞ്ഞു. അവരുടെ കൈകള്‍ക്കു പിന്നില്‍ ആളുകള്‍ വന്നടിഞ്ഞുകൊണ്ടേയിരുന്നു. നീലയില്‍ വെള്ളപ്പുള്ളികളുള്ള യൂണിഫോറവും ഹെല്‍മറ്റും ധരിച്ച സ്പെഷല്‍ പൊലിസ് ബാറ്റണ്‍ ചുഴറ്റി നടക്കുന്നു. തോളിലൂടെയുള്ള ബെല്‍റ്റില്‍ തൂക്കിയിട്ട മെഗഫോണില്‍ ഒാഫീസര്‍  വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.

ഈ നടത്തം  നിങ്ങളെ അപകടത്തിലാക്കും. സാമൂഹിക അകലം പാലിക്കാത്ത ഈ യാത്ര നിങ്ങളെ ഗ്രാമങ്ങളില്‍ എത്തിക്കില്ല. നോക്കു നിങ്ങളും കൂട്ടത്തിലെ പ്രായമായവരും കുട്ടികളും ഇപ്പോളേ തളര്‍ന്നു കഴിഞ്ഞു. നിങ്ങള്‍ ഉണ്ടായിരുന്ന ഇടത്തിലേക്ക് തിരിച്ചുപോകുക..

സാബ് ഞങ്ങള്‍ താമസിച്ച ഇടങ്ങളില്‍ നിന്നെല്ലാം ഞങ്ങളെ ഇറക്കി വിട്ടുകഴിഞ്ഞു. പണിയെടുത്ത കമ്പനികളെല്ലാം ശമ്പളം പോലും കുടിശ്ശികയാക്കി പറഞ്ഞു വിട്ടു. ട്രെയിനുകള്‍ നിര്‍ത്തി. ബസുകളും റിക്ഷാകളും വരെ നിര്‍ത്തി.ഞങ്ങള്‍ക്ക് നടക്കുകയല്ലാതെ എന്താണ് വഴിയുള്ളത്.? മുന്നിലുള്ള പലരും ശബ്ദമുയര്‍ത്തി ചോദിച്ചപ്പോള്‍ അതിന്റെ അലയൊലികള്‍ എത്രയോ പിറകില്‍ വരെ കടന്നു ചെന്നു.

നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കും. നിങ്ങള്‍ക്ക് നാട്ടില്‍ പോകാന്‍ പ്രത്യക തീവണ്ടിയും ബസുകളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ദയവായി ക്രമസമാധാന പ്രശ്നം ഉണ്ടാക്കരുത്. വേഗത്തില്‍ പിരിഞ്ഞ് പിറകോട്ടു തന്നെ നടന്ന് നിങ്ങള്‍ എവിടെയായിരുന്നോ അവിടെത്തന്നെ തുടരണം..

 ഞങ്ങള്‍ക്ക് ഭക്ഷണമോ പണമോ ഇല്ല, ചന്തകൾ എല്ലാം അടച്ചിരുന്നു, നിന്നാലും നടന്നാലും മരിക്കും. കര്‍ഫ്യൂവും ലോക്ക് ഡൗണും അടിച്ചേൽപ്പിക്കുന്നതിനുമുമ്പ് സര്‍ക്കാരിന് ചിന്തിക്കാൻ സമയമുണ്ടായിരുന്നില്ലേ . ആളുകള്‍ക്ക് ഗാവുകളിലെത്താനുള്ള സൗകര്യമൊരുക്കിയട്ട് മതിയായിരുന്നില്ലേ സാബ് ഈ തീക്കളി. പണമില്ലാത്തവരെ ആരാണ് സഹായിക്കുക..

ഹം മജ്ദൂരോം കോ
കാം ഹമാരേ
ദേജ് ദോ സർക്കാർ
സൂനാ പടാ ഘർദ്വാർ
ജോ ലേക്കർ ആയേ ഹംകോ വൊ ഹി
ഛോഡ് ഗയേ മജ്ധാർ
കുഛ് തോ കരോ സർക്കാർ.... ചങ്ക് പൊട്ടി നിലവിളിക്കുകയാണ് ഒരു ചെറുപ്പക്കാരന്‍. അവന്റെ കൂട്ടുകാര്‍ അതേറ്റു പാടുന്നു.
ഹംലോഗ്‌ കോ ഫൂക്ക് ലക്തേ. ഹംകോ മുലൂക്ക് ജാനാ ചാഹിയേ...

എനിക്ക് ഫോൺ നമ്പർ ഓർമയില്ല. ഞാൻ എങ്ങനെയാണെന്ന് എന്റെ കുടുംബത്തിന് അറിയില്ല. അവർ സുരക്ഷിതരാണോ എന്ന് എനിക്കറിയില്ല. സർക്കാർ ഞങ്ങളെ എന്ത് വില കൊടുത്തും വീട്ടിലേക്ക് അയയ്ക്കേണ്ടതുണ്ട്. ഞങ്ങൾക്ക് ഒരു ദിവസം മാത്രം നൽകൂ. അതിനുശേഷം നിങ്ങൾ ആഗ്രഹിക്കുന്നിടത്തോളം കാലം രാജ്യം അടച്ചിടൂ..ഒരാള്‍ അലമുറയിടുന്നുണ്ടായിരുന്നു.

           നൂറുകണക്കിന് തൊണ്ടകളില്‍ നിന്ന് ഒരേ സമയം വരുന്നതെല്ലാം ഒരു അര്‍ഥമുള്ള വാക്കുകകള്‍. അവസാനം പൊലിസ് എല്ലാവരോടും റോഡില്‍ തന്നെ ഇരിക്കാനും ഒാരോരുത്തരായി തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാനും പറഞ്ഞു. ചുടു വിടാത്ത ടാര്‍ റോഡില്‍  മുന്നിലുള്ളവരെല്ലാം തന്നെ ഇരുന്നു കഴിഞ്ഞു. അതൊരു അണക്കെട്ടു പോലെ തോന്നിച്ചു. അണക്ക് പിറകില്‍ വെള്ളം വന്ന് നിറഞ്ഞ് കര കവിഞ്ഞുകൊണ്ടിരുന്നു. ഈ ഒഴുക്ക് തുടര്‍ന്നാല്‍ കരകളെ മുഴുവന്‍ വിഴുങ്ങുന്ന പ്രളയമായി ഈ മനുഷ്യനദി മാറുമെന്ന് ജാവേദിന് തോന്നി.
                                                             മുന്നിലുള്ള ആളുകള്‍ രേഖകള്‍ കാണിക്കുമ്പോള്‍ പൊലിസ് കൈകളില്‍ ഒരു മുദ്ര   പതിപ്പിക്കുന്നുണ്ടായിരുന്നു. കുറച്ചാളുകളുടെ പൂര്‍ത്തീകരിച്ചപ്പോഴേക്കും പൊലീസിനെ വക വക്കാതെ നിരവധിപേര്‍ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. പൊലീസ് വാഹനത്തിന്റെ നാലു ഭാഗവും ഒഴുക്ക് വന്നു മൂടി. ഒരു വേള പൊലീസും വാഹനവും കുത്തൊഴുക്കില്‍ പിടിച്ചുനില്‍ക്കാതെ മറഞ്ഞുപോയി. ആളുകള്‍ മുന്നോട്ട് കുതിച്ചുകൊണ്ടേയിരുന്നു. ജാവോദും രോഹനും രാകേഷും അതിന്റെ ഭാഗമായി. പൊലീസ് ഉണ്ടാക്കിയ തടസ്സം കൊണ്ട് എല്ലാവര്‍ക്കും ഒരു മണിക്കൂര്‍ വിശ്രമം കിട്ടി. അവരും അത്രയേ ഉദ്ദേശിച്ചിട്ടുള്ളൂ എന്ന് തോന്നുന്നു.

                         പാതയോരത്ത് മണ്ണെണ്ണ സ്റ്റൗ കത്തിച്ച് പാചകം ചെയ്യുകയായിരുന്നു ഒരു കുടുംബം. അതിനരുകില്‍ രാകേഷ് ഇരുന്നു. അയാളോട് പേരു ചോദിച്ചപ്പോള്‍ അലക്ഷ്യമായി അയാള്‍ പറഞ്ഞു. മനോജ് അഹിര്‍വാള്‍. ഇതെന്റെ ഭാര്യ കലിബായ് അഹിർവാൾ. ഞങ്ങൾ പത്തു കിലോ ഗോതമ്പ് മാവ്, കുറച്ച് ഉരുളക്കിഴങ്ങ്, തക്കാളി എന്നിവ വാങ്ങിയതായിരുന്നു. എല്ലാ രാത്രിയിലും റോഡരികിൽ നിർത്തി പാചകം ചെയ്യാമെന്ന് കരുതി.പക്ഷേ ഇതൊക്കെ ചുമന്ന് എങ്ങിനെ ഈ യാത്ര പൂര്‍ത്തീകരിക്കും.വഴിയില്‍ ഇതുപേക്ഷിക്കേണ്ടി വരുനെന്ന് ഉറപ്പാണ്.  ഗ്രാമത്തിലിപ്പോള്‍ ഗോതമ്പ് വിളവെടുക്കുന്ന സമയമാണ്. എങ്ങിനെയെങ്കിലും ഗ്രാമത്തിലെത്തിയാല്‍ മതിയായിരുന്നു. വെറും നാല് മണിക്കൂർ അതല്ലേ നമുക്ക് കിട്ടിയുള്ളൂ.

                          അടക് പാര്‍ഡി പിന്നിട്ടപ്പോളേക്കും ഒൗരംഗ നദിയുടെ പാലം. മുമ്പില്‍ പോയ സംഘം നദിയിലിറങ്ങി. വെള്ളത്തില്‍ മുഖം കഴുകി  കയ്യിലുണ്ടായിരുന്ന ബിസ്കറ്റും വെള്ളവും പങ്കിട്ട് കുടിച്ച് ഒന്നു നിന്ന് പിന്നെയും നടത്തം. നന്ദാവാലയും എന്‍ഡോര്‍ഗോദയും പഞ്ച് ലിയും വഗല്‍ധാരയും കഴിഞ്ഞപ്പോള്‍ ആറു മണിയായി. പിന്നെയും ആളുകള്‍ കൂടുകയാണ്. തെളിഞ്ഞു തുടങ്ങിയ തെരുവിളക്കുകള്‍. ഒാരോ തെരുവില്‍ നിന്നും പുതിയ പുതിയ കുടുംബങ്ങള്‍ ഒഴുക്കിനൊപ്പം ചേരുകയാണ്.  നദിയിലെ ഉരുളന്‍ കല്ലുകള്‍ പോലെ പലായനത്തിന്റെ ഒഴുക്കില്‍ തേഞ്ഞ് തേഞ്ഞ് പരുവപ്പെടുകയാണ്. കരീറ നദിയുടെ പാലം കടക്കുമ്പോള്‍ അത് മുഴുവന്‍ ആളുകളെക്കൊണ്ട് നിറഞ്ഞപോലെയായിരുന്നു. പാലത്തിന് താഴെ വെള്ളമാണെങ്കില്‍ മുകളിലൂടെ പച്ചമനുഷ്യരാണെന്ന് മാത്രം. ബാല്വദ കഴിയുമ്പോള്‍ കാവേരി നദി പരന്നു കിടക്കുന്നു. സമയം രാത്രി എട്ടു മണി. മുമ്പിലെ പല സംഘങ്ങളിലെയും കുട്ടികള്‍ തളര്‍ന്നു തുടങ്ങി. അവരെ മുതിര്‍ന്നവര്‍ തോളിലേറ്റി ക്കൊണ്ടിരുന്നു. അങ്ങനെ നടന്നുപോകുന്ന മനുഷ്യരുടെ തലകള്‍ക്ക് മുകളിലായി കുട്ടികളുടെ ചെറുതലകള്‍ പിറകില്‍ വരുന്നവര്‍ക്ക് കാണാനായി.
       മുന്നില്‍ നടക്കുന്ന ചെറുപ്പക്കാരന്റെ മൊബൈലില്‍ നിന്നും പ്രധാനമന്ത്രിയുടെ സംസാരം ഉറക്കെ കേള്‍ക്കുന്നു. കൊറോണ ഭീഷണിയുടെ സമയത്ത് ജനങ്ങൾ ആവശ്യമുള്ളത് ശ്രദ്ധിക്കുന്നില്ല. ജനങ്ങൾ കാര്യങ്ങൾ മനസ്സിലാക്കുകയാണ് വേണ്ടത്. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത്. കൊറോണ വൈറസ് രോഗത്തിന് പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വേർതിരിവില്ല. യോഗ ചെയ്തതുകൊണ്ടോ,വ്യായാമം ചെയ്തതുകൊണ്ടോ കൊറോണ ആരെയും ഒഴിവാക്കില്ല.

അതു കണ്ടു കൊണ്ടു തന്നെ അയാള്‍ ഉറക്കെ പറഞ്ഞു.
പക്ഷേ ഞങ്ങളുടെ കാര്യത്തില്‍ എല്ലാം തിരിച്ചാണ് . ഇവിടെ കൃത്യമായ വേര്‍തിരിവുണ്ട് സാര്‍. പണമുള്ള ഒറ്റയാള്‍ക്ക് പുറത്തിറങ്ങേണ്ടിതില്ല. മാസ്കും ധരിച്ച് വീട്ടിലിരുന്നാല്‍ മതി. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പുറത്തിറങ്ങേണ്ട. അവര്‍ക്ക് ശമ്പളവും ഭക്ഷണവും അങ്ങ് നല്‍കുന്നുണ്ടല്ലോ. ഞങ്ങളിപ്പോള്‍ ആരോടാണ് യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നത്. ഞങ്ങളോടു തന്നെ. ഞങ്ങളുടെ ജീവിതത്തോടുതന്നെ. ഞങ്ങളിങ്ങനെ നെട്ടോട്ടമോടാന്‍ കാരണം കഴിഞ്ഞ അഞ്ചാറ് വർഷത്തെ പിടിപ്പുകേടാണ്. വെറുപ്പിൻ്റെ രാഷ്ട്രീയമല്ലാതെ രാജ്യം ഞങ്ങളോട് ഒന്നും പറയുന്നില്ലല്ലോ..അവര്‍ രാജ്യം കട്ടുമുടിച്ചെന്ന് ഘോരം ഘോരം പ്രസംഗിച്ചവര്‍ ഭരണത്തിൽ വന്നപ്പോൾ രാജ്യത്തെ വെട്ടിമുറിച്ച്  തൂക്കി വിൽക്കുകയാണ്.

            രോഹന്റെ ഫോണില്‍ രാജസ്ഥാന്‍ കാരനായ യാദവിന്റെ കോള്‍ വന്നപ്പോള്‍ നടത്തം ഒന്നു പതുക്കെയായി. രാവിലെ  നടക്കാന്‍ തുടങ്ങിയ യാദവും സംഘവും  സബാർകന്തയിലെ ഹപ്പ ഗ്രാമം വരെ എത്തി. ഗുജറാത്ത്, രാജസ്ഥാൻ അതിർത്തിയിലെ രത്തൻപൂർ ഗ്രാമത്തിലേക്ക് തൊഴിലാളികളുടെ  സംഘത്തെ എത്തിക്കാൻ ഹപ്പയിലെ ചെറുപ്പക്കാര്‍ വാഹനങ്ങൾ  ഒാടിച്ച് സഹായിച്ചു അതിർത്തി യിലെത്തി അവിടെ എല്ലാരും പാതയില്‍ പൊരിവെയിലത്ത് ഇരുന്നു.  ഉച്ചയോടെ പോലീസ് എത്തി.  രാജസ്ഥാനിലേക്ക് പ്രവേശിക്കുന്ന തൊഴിലാളികളെ പോലീസ് പരിശോധിക്കുകയും മൊബൈൽ ഫോൺ നമ്പറുകളും വിലാസവും എഴുതിയെടുത്തു. കൈയ്യിൽ ഒരു മഷി അടയാളം നൽകി  വരിയില്‍ നിര്‍ത്തി. രാജസ്ഥാനിലെ സാഗ്വാര ജില്ലയിൽ നിന്ന് സർക്കാർ ഒാടിക്കുന്ന ബസ്സുകളില്‍ കയറ്റി. ബസ് എപ്പോള്‍ പുറപ്പെടും എന്നറിഞ്ഞുകൂടാ.
                                       പറഞ്ഞുകൊണ്ടിരിക്കെ യാദവിന്റെ ഫോണ്‍ നിലച്ചു. തിരിച്ചു വിളിക്കുമ്പോഴെല്ലാം സ്വിച്ച് ഒാഫ് എന്ന് കേട്ടുകൊണ്ടിരുന്നു. പര്‍വാസയില്‍ മറ്റുസംഘങ്ങള്‍ പാതയരികില്‍ ഇരിക്കാനും കിടക്കാനും തുടങ്ങി. ബാഗിലെ ബിസ്കറ്റ് പാക്കറ്റുകള്‍ തീരാന്‍ തുടങ്ങി.മറ്റൊരു ഭക്ഷണവും കിട്ടാതെ വരുമ്പോളാണ് കിട്ടുന്ന ഏതാഹാരത്തിനും രുചി തോന്നുന്നത്.  കാലുകളുടെ വേദന മാറിത്തുടങ്ങിയപ്പോള്‍ രാത്രി നടക്കാവുന്നിടത്തോളം എത്താമെന്നും പകല്‍ ചൂടുകാരണം ക്ഷീണം കൂടുമെന്നും ജാവേദ് തന്നയാണ് പറഞ്ഞത്.
                      ഇരുന്നും കിടന്നും എഴുന്നേറ്റു നടന്നും ഹോംദിലെത്തുമ്പോള്‍ പുലര്‍ച്ചെ അഞ്ചു മണിയായി. ഇനി നടക്കാന്‍ കഴിയില്ലെന്ന് രോഹന്‍ പറയുന്നുണ്ടായിരുന്നു. കൂട്ടത്തില്‍ ചെറുപ്പമാണെങ്കിലും കൂടുതല്‍ ക്ഷീണം അവനായിരുന്നു. പാതയില്‍ അപ്പോളും നടന്നു നീങ്ങുന്നവരുണ്ടായിരുന്നു. ഇരുന്നും കിടന്നും എഴുന്നേറ്റ് നടന്നും ദൂരങ്ങളെ കീഴടക്കാന്‍ വെമ്പുന്ന ദരിദ്രമായ കാലുകള്‍. ഇടക്കിടെ വരുന്ന പൊലിസ് വാഹനങ്ങള്‍. പാഞ്ഞു പോകുന്ന ആംബുലന്‍സുകള്‍. ഒരു വിശ്രമം നല്ലതാണെന്ന് രാകേഷും പറഞ്ഞതോടെ നടത്തം നിര്‍ത്തി. പോകുന്ന ചില ലോറികളുടെ പിറകിലെ ലോഡിനു മുകളില്‍ കിടന്നു പോലും യാത്ര ചെയ്യുന്നവര്‍. ബാഗില്‍ നിന്നും തുണിയെടുത്ത് വിരിച്ച് കിടന്നപ്പോള്‍ അല്പം ആശ്വാസം. മുമ്പിലും പിന്നിലുമായി കിടന്നുറങ്ങുന്നവര്‍ ഒട്ടേറെ. പിന്നെ എഴുന്നേല്‍ക്കുമ്പോള്‍ കിഴക്കനാകാശത്ത് വെട്ടം തെളിയുകയായിരുന്നു.
                                വിരികള്‍ മടക്കി ബാഗില്‍ വച്ച് വീണ്ടും നടത്തമാരംഭിച്ചു. ശീലങ്ങളെല്ലാം മാറ്റിവച്ച് കുപ്പിയിലെ വെള്ളം കുടിച്ചു. പുളിയും മധുരവുമുള്ള ബിസ്കറ്റുകള്‍ ആര്‍ത്തിയോടെ തിന്നു. മാല്വദയും ചിഖ്ലിയുമെല്ലാം അടഞ്ഞു കിടക്കുന്നു. അപൂര്‍വമായി മാത്രം തുറന്നു വച്ച കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ തിരക്കുകൂട്ടുന്നവര്‍. ഇടക്കൊരു കടയില്‍ നിന്ന് ബിസ്കറ്റും വെള്ളവും വാങ്ങി ബാഗില്‍ വക്കുന്നതിനിടെ വീട്ടില്‍ നിന്നുമുള്ള ഫോണ്‍ വന്നത് കണ്ടപ്പോള്‍ എന്തു പറയണമെന്ന് ജാവേദ് സംശയിച്ചു. താന്‍ നടക്കുകയാണെന്ന് പറഞ്ഞ് അവരെ വേദനിപ്പിക്കണ്ട എന്നു കരുതി ഉത്തര്‍ പ്രദേശിലേക്കുള്ള ബസ് കാത്തിരിക്കുകയാണെന്നും ഒപ്പം സുഹൃത്തുക്കള്‍ ഉണ്ടെന്നും ആവശ്യത്തിന് പണവും ഭക്ഷണവുമുണ്ടെന്നെല്ലാം ധൃതിയില്‍ പറഞ്ഞ് അയാള്‍ സംസാരം നിര്‍ത്തി. അങ്ങിനെ വൈകുന്നേരമായപ്പോള്‍ ചെവിയില്‍ വച്ച ഫോണില്‍ കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ഗ്രാമത്തിലെ പ്രിയപ്പെട്ടവരുമായി സംസാരിച്ചാണ് മിക്കവരും നടന്നിരുന്നത്.
                         നവസാരിയിലെത്തുമ്പോള്‍ സൂര്യന്‍ തലക്കുമുകളില്‍ .പാതയില്‍ പെട്ടെന്ന് ഒരു തിരക്ക്. ട്രക്കില്‍ പിടിച്ചു കയറി തൂങ്ങി നിന്ന ഒരാള്‍ താഴെവീണു പോയതാണ്. കൂടെയുണ്ടായിരുന്നവര്‍ നിലവിളിച്ചെങ്കിലും ട്രക്ക് മുന്നോട്ടുതന്നെ പോയി. വീഴ്ചയില്‍ ചോരയൊലിപ്പിച്ച് കിടക്കുമ്പോള്‍ അയാള്‍ക്ക് രണ്ടു നഷ്ടം പറ്റിയിരുന്നു. അയാള്‍ക്ക് അയാളുടെ സംഘത്തെ നഷ്ടപ്പെട്ടു. അതേ പോലെ നടക്കാനുള്ള ആരോഗ്യവും.ഭോപ്പാലിലും, ലത്തൂരിലും, കച്ചിലും , സുനാമിയിലും, ചുഴലിക്കാറ്റിലും പെട്ട അനേക ലക്ഷം പേരെപ്പോലെ ഈ സമയവും ചരിത്രത്തില്‍ രേഖപ്പെടുത്തും. തൊഴിലാളികളോടുള്ള യുദ്ധം നടന്ന വര്‍ഷമായി.
                                                 അലിപ്പൂരും ടെഗവും ചാസയും ടാങ്കലും ജോഗ്വാദും പിന്നിട്ടപ്പോള്‍ വൈകുന്നരമായി.
അംബികനദിയുടെ പാലത്തില്‍ പിന്നെയും വിശ്രമം.  മുന്നിലും പിന്നിലുമിപ്പോള്‍ ആളുകള്‍ കുറഞ്ഞപോലെ. രാത്രിയാകുമ്പോളുള്ള വിശ്രമത്തിനായി പാതയോരത്തു തന്നെ ഇരിക്കുകയും കിടക്കുകയും ചെയ്യുന്ന കുടുംബങ്ങള്‍. കുട്ടികളെയും കൊണ്ട് യാത്ര ചെയ്യുന്നവര്‍ക്കാണ് ദുരിതം. ഇടക്കിടക്ക് നിര്‍ത്തി ലജ്ജയെക്കുറിച്ച് ആലോചിക്കുക പോലും ചെയ്യാതെ വഴിവക്കിലിരുന്നു കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നവര്‍. ഇരുട്ട് വീണു തുടങ്ങുകയാണ്.
          ഒരിടത്ത് കുടുങ്ങിക്കിടക്കുന്നതിനേക്കാൾ ചലിച്ചുകൊണ്ടോയിരിക്കുകയാണ് നല്ലത്. കൂട്ടൂകാർ കൂടുതല്‍ നേരം ഇരിക്കാമെന്നു പറയുമ്പോളും ജാവേദ് അവരെ തിരുത്തി. രേഹന്‍ ഫോണില്‍ വന്ന വീഡിയോ കണ്ടു കൊണ്ടിരിക്കുകയാണ്. വീണ്ടും നടത്തം തുടങ്ങി. കൂട്ടുകാര്‍ നടത്തത്തിന്റെ വേഗത കുറച്ചപ്പോഴും ജാദവ് മുന്നോട്ടു തന്നെ നടന്നു. ഒാരോ അടിവയ്ക്കുമ്പോഴും തന്റെ ഗ്രാമത്തിലേക്ക്,വീട്ടിലേക്ക് ദൂരം കുറയുകയാണ്. അടുത്തുവരികയാണ്. നിന്നു കഴിഞ്ഞാൽ പിന്നെ തുടങ്ങണമെങ്കിലായിരിക്കും പ്രയാസം.  സംബയും ബോറിയയും ബടരായപുരയും കഴിഞ്ഞപ്പോള്‍ അടുത്ത ദിവസത്തിലെ ആദ്യമണിക്കൂറുകളെ കിതച്ചുകൊണ്ട് വരവേറ്റു.  ഇടക്കു കാണുന്ന ബോര്‍ഡുകളില്‍ തപി എന്ന് കണ്ടു തുടങ്ങി. പാത നീണ്ടു കിടക്കുകയാണ്. ചിലയിടത്തു മാത്രം വെളിച്ചമുണ്ട്.  അവിടെയെത്തുമ്പോൾ ഇടക്കു വരുന്ന വാഹനങ്ങൾക്കെല്ലാം അവർ റോഡിന് നടുകിൽ കയറി കൈ കാണിച്ചു. ചിലർ വേഗത കൂട്ടി വെട്ടിച്ചു പോയി. ചിലർ പുറത്തേക്ക് തലയിട്ട് ചീത്തവിളിച്ചു കടന്നു പോയി.
             ബുഹാരി കഴിഞ്ഞ് അധികം നടന്നിട്ടില്ല.  കടന്നു പോയ ഒരു വാഹനം നിർത്തി. അതിന്റെ പിറകിലെ ചുവന്ന വെളിച്ചം ഇരുട്ടിൽ വല്ലാതെ തിളങ്ങി. അത് പിറകോട്ടു വന്ന് അവരെ ചേർന്നു നിർത്തി. പ്രതീക്ഷയോടെ അവർ അടുത്തെത്തിയപ്പോൾ അറിയാതെ ഒരു ഭയം അവരെ പൊതിഞ്ഞു. കാലുകൾ നിശ്ചലമായി.തൊണ്ട വല്ലാതെ വരണ്ടു. അതൊരു പൊലിസ് വാഹന മായിരുന്നു. വാഹനത്തിൽ നിന്നും അവർക്കു നേരെ ടോർച്ച് പ്രകാശിപ്പിച്ച് ഒരു ഒാഫീസർ ഇറങ്ങി.
 അങ്ങോട്ട് എന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ ലാത്തി വീശി. അവര്‍ പേടിച്ച് രണ്ടടി പിറകോട്ട് മാറി.  മറ്റു പൊലീസുകാരും വാഹനത്തില്‍ നിന്നും ഇറങ്ങി. ആരാണ് എവിടെക്ക് പോകുന്നു എന്ന് ഹിന്ദിയില്‍ ചോദിച്ചു. അറിയാവുന്ന ഭാഷയില്‍ അവര്‍ വിക്കിവിക്കി പേരു പറഞ്ഞു. എങ്ങോട്ടു പോകുന്നു എന്നതിന് ഉത്തരമായി 'അവിടെ' എന്ന് പറഞ്ഞ്നീണ്ടുനിൽക്കുന്ന റോഡിന്റെ വിസ്തൃതിയിലേക്ക് വിരൽ ചൂണ്ടി
            അതിനുത്തരമായി തിരിഞ്ഞോടാന്‍ പറഞ്ഞുകൊണ്ട്  ആദ്യം ഇറങ്ങിയ പൊലിസുകാരന്‍ ലാത്തി കൊണ്ട് ജാദവിന്റെ ഊരക്ക് തന്നെ അടിച്ചു. പുളഞ്ഞു പോയ വേദനയിലും നിലവിളിക്കാതെ നിന്നു. രാകേഷ് കുമാർ  ആദ്യ അടിയില്‍ തന്നെ നിലത്തു വീണ് ചുരുണ്ടു കിടിന്നു. അവന് കാര്യമായ എന്തോ പറ്റിയതായി ജാദവിന് തോന്നി. റോഹൻ പൊലീസു കാരെ നോക്കി കൈകൂപ്പി. ഒരു ദയയുമില്ലാതെ അയാള്‍ ലാത്തികൊണ്ട് അവന്റെ പിറകില്‍ ആഞ്ഞടിച്ചുകൊണ്ട് മുരണ്ടു.
ബാഹറാ ന ജാസോ..ജേ യേ രോഗാനെ ആഖി ദുനിയാമേം ഫിലാവെ ചെ
മാഫ് കീജിയെ സാബ്
അവന്‍ നിലവിളിച്ച് പിറകിലേക്ക് ഒാടിയപ്പോള്‍ കൈയ്യില്‍ പിടിച്ചിരുന്ന ബാഗ് നിലത്തു വീണു. ജാദവ് നിന്നിടത്തു നിന്നും അനങ്ങിയില്ല. എന്തു വന്നാലും മുന്നോട്ടു തന്നെ എന്നു വിചാരിച്ച് അസമിലേക്കാണെന്നും സഹായിക്കണമെന്നുമൊക്കെ അയാള്‍ പറഞ്ഞു. പൊലീസുകാര്‍ തലങ്ങും വിലങ്ങും അടിച്ചപ്പോള്‍ ജാവേദ് പിറകിലേക്ക് ഒാടി. രാകേഷും റോഹനും അതിനു മുന്നേ തന്നെ ഒാടിക്കഴിഞ്ഞിരുന്നു. കുറച്ചു ദുരം ടോര്‍ച്ച് തെളിച്ച് പൊലീസുകാര്‍ പിറകേ വന്നു. അതിനുശേഷം ഉറക്കെ എന്തൊക്കെയോ ചീത്ത വിളിച്ച് അവര്‍ തിരിഞ്ഞു നടന്നു. അല്പം ദൂരെ ആ വാഹനം പിന്നെയും മുന്നോട്ടു പോകുന്നതു കണ്ടപ്പോള്‍ ജാവേദ് ഒന്നു നിന്നു. കുറച്ചു നിമിഷങ്ങള്‍  കഴിഞ്ഞ് അയാള്‍ കൂട്ടുകാരെ ഉറക്കെ വിളിച്ചു. ജാവേദ് നിന്നിരുന്ന തിന്റെ അല്പം മാറി രോഹന്‍ ഞരങ്ങിക്കൊണ്ട് വിളികേട്ടു. രാകേഷ് പിന്നെയും കുറച്ചു ദീരം പിറകിലേക്ക് ഒാടിയിരുന്നു. പിറകില്‍ ഒരു വിളക്കുകാലില്‍ ചാരി രാകേഷ് ഇരുന്നിരുന്നു. മൂവരും പാതയില്‍  ഇരുന്നു. തിരച്ചൊരു പോക്ക് സാധിക്കുന്നതല്ല. മുന്നോട്ടുള്ളയാത്രയും അതുപോലെത്തന്നെ.
      നിരാശ മത് ഹോനാ..പര്‍ ചല്‍തെ ഹെം
 ജാദോവ് കൂട്ടുകാരോട് പറഞ്ഞു. പേടിയോടെ അവര്‍ പിന്നെയും എഴുന്നേറ്റ് മുന്നോട്ടു തന്നെ നടക്കാന്‍ തുടങ്ങി. നേരത്തെ പൊലീസ് പിടികൂടിയ സ്ഥലം കടന്ന് കുറച്ചു കൂടി മുന്നോട്ടു പോയപ്പോള്‍  തെരുവിളക്ക് കത്തി നിന്നതിനടുത്ത് ഒരു ബസ് സ്റ്റോപ്പ് കണ്ടു. ഇന്നേക്കിനി നടത്തം വേണ്ടെന്നും വിശ്രമിക്കാമെന്നും പറഞ്ഞ് അവര്‍ അതിന്റെ സിമന്റ് നിലത്തിലേക്ക് ഇരുന്നു.
                        ലാത്തിയടിയേറ്റ ഭാഗങ്ങളില്‍ കൈ തൊട്ടു നോക്കിയപ്പോള്‍ പാതയിലെ ഹമ്പുകളെപ്പോലെ മാംസം തിണര്‍ത്ത് നീരു വന്നിരുന്നു. നീറുന്ന വേദനയില്‍ രാകേഷ് കരഞ്ഞു.
                                                   ഇത്ര കാലം തങ്ങള്‍ നഗരയന്ത്രത്തിന്റെ ഭാഗമായിരുന്നു. അത് സാധാരണനിലയില്‍ ചലിച്ചുകൊണ്ടിരിക്കുമ്പോള്‍ മാത്രം അതിലേക്കാവശ്യമായ ഗ്രീസോ എണ്ണയോ പോലെയാണ് നാം . യന്ത്രം നിലയ്ക്കുമ്പോള്‍ ആവശ്യമില്ലാതെയായിത്തീരുന്ന വസ്തുക്കളായി മാറുമ്പോള്‍ അവര്‍ നമ്മളെ ആട്ടിയോടിക്കുന്നു. തല്ലിയതിന് പകരം അവര്‍ക്ക് നമ്മളെ അല്പദൂരം മുന്നോട്ട് അവര്‍ പോകുന്ന ഇടം വരെ കൊണ്ടു പോകാമായിരുന്നു. അവരും നമ്മളും തമ്മില്‍ രോഗത്തിനു മുന്നില്‍ എന്തു ഭേദം...ഇന്ത്യൻ പോലീസ് ഏറ്റവും കൂടുതൽ ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യം ലാത്തികളാൽ ഇന്ത്യക്കാരെ മർദ്ദിക്കുക എന്നതാണെന്ന് തോന്നുന്നു. രോഹന്‍ ക്ഷീണത്തോടെ പറഞ്ഞുകൊണ്ടിരുന്നു. കൂട്ടത്തില്‍ അല്പം കൂടുതല്‍ വിദ്യാഭ്യാസമുള്ളത് അവനായിരുന്നു.

നമ്മള്‍ ഇവിടെ കുടുങ്ങിയ പോലെ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ കുടിയേറ്റ തൊഴിലാളികള്‍ക്കൊപ്പം സര്‍ക്കാരുണ്ട്. അവര്‍ക്ക് വേണ്ടി പ്രത്യക വിമാനങ്ങളാണ്. നൂറുകണക്കിന് ആളുകളെയാണ് വിമാനങ്ങളില്‍ നാട്ടിലേക്ക് കൊണ്ടുവരുന്നത്. എന്നാൽ വീട്ടിലെ തൊഴിലാളികള്‍ക്ക് അടിയും കുത്തും തന്നെ.പാവപ്പെട്ടവന്റെ രക്തത്തിനും മാംസത്തിനുമാണല്ലോ അധികാരത്തിന്റെ സിംഹങ്ങള്‍ക്ക് കൂടുതല്‍ രുചി തോന്നുക..നമ്മളെ ചുട്ടുകൊല്ലാതിരുന്നാല്‍ മതിയായിരുന്നു. എന്നാലും ആരും ചോദിക്കാനുണ്ടാവില്ല.

ബാഗുകള്‍ തലയിണയായി വച്ച് അവര്‍ ആ ചുരുങ്ങിയ സ്ഥലത്ത് മൂന്നുപേര്‍ക്കും കിടക്കാന്‍ ഇടമുണ്ടാക്കി. ഗുഡ്കയുടെയും മണ്ണിന്റെയും മണം മൂക്കിലടിക്കുമ്പോളും ക്ഷീണം കാരണം അവരുടെ കണ്ണുകള്‍ അടഞ്ഞു പോകുന്നുണ്ടായിരുന്നു, പകല്‍ച്ചൂടിനെക്കാളും രാത്രിയാണ് നടക്കാന്‍ നല്ലത്. ഇടക്ക് ആ പൊലീസ് വാഹനം തങ്ങളെ തടഞ്ഞു തിരിച്ചോടിച്ചില്ലെങ്കില്‍ പത്തോ പതിനഞ്ചോ കിലോമീറ്ററുകള്‍ താണ്ടാമായിരുന്നു. ജാവേദ് മനസ്സില്‍ വിചാരിച്ചു. ബാഗില്‍ നിന്നും എടുത്ത വെള്ളക്കുപ്പിയില്‍ നിന്ന് ഒാരോ ഇറക്ക് അവര്‍ കൈമാറി കുടിച്ചു.

                കൂട്ടുകാര്‍ മയങ്ങിത്തുടങ്ങി. അപ്പോളും ജാവേദിന് ഭീതി മാറിയില്ല. പൊലീസിനെക്കാള്‍ കൂടുതല്‍ പേടിക്കേണ്ടത് കള്ളന്മാരെയാണ്. അവര്‍ ചിലപ്പോള്‍ ജീവനെടുത്തെന്നിരിക്കും.അല്ലെങ്കിലും ഇവിടെ കൊല്ലപ്പെടാന്‍ ഒരു കാരണം പോലും വേണമെന്നില്ല. സ്വന്തം നാട്ടില്‍ നിന്ന് എത്രയോ കിലോമീറ്റര്‍ മാറി എവിയെയാണെന്നു പോലും അറിയാത്ത ഒരിടത്തിരുന്ന് സുരക്ഷിതത്വം സ്വപ്നം കാണാന്‍ പോലും കഴിയില്ല. അന്യനാട്ടുകാരെല്ലാം സംശയത്തിന്റെ മുനയിലാണ് എപ്പോളും. എപ്പോള്‍ വേണമെങ്കിലും ഒരു സംഘം പാഞ്ഞടുക്കാം. കള്ളനെന്നാരോപിച്ച് കൊന്നെന്നു വരാം.
                 ഏതു സമയത്തും മരണത്തിന് കടന്നു വരാം, അപ്പോള്‍ പിന്നെ അരൂപിയായ രോഗാണുവിനെ പേടിച്ചിട്ട് എന്തു കാര്യം. അകലെ നാട്ടിലെ ഷീറ്റുമറച്ച വീട്ടില്‍ തന്നെ കാത്തിരിക്കുന്ന ഭാര്യയെയും മക്കളെയും ഒാര്‍ത്തപ്പോള്‍ ജാവേദിന് കരച്ചില്‍ വന്നു. പെട്ടെന്ന് വീശയടിച്ച കാറ്റില്‍ നിരത്തിലെ പൊടിപടലങ്ങളെല്ലാം ഒന്നിച്ച് ബസ്സ് സ്റ്റോപ്പിനുള്ളിലേക്ക് പറന്നു വന്നു. തെരുവിളക്ക് കണ്ണടച്ചു. എന്തും വരട്ടെയെന്നു കരുതി ജാവേദ് ഗോഗോയ് കണ്ണടച്ചു കിടന്നു.
                                                              6

                                        പിറ്റെന്ന് പുലര്‍ച്ചെ എഴുന്നല്‍ക്കുമ്പോള്‍ ദേഹമാസകലം വേദനയുണ്ടായിരുന്നു. ബസ് സ്റ്റോപ്പിനു മുന്നിലൂടെ ഒരു കൂറ്റന്‍ ‍ട്രക്ക് പാഞ്ഞു പോയി. ശീലങ്ങളെല്ലാം മാറ്റേണ്ടിയിരിക്കുന്നു. രാവിലെ കുടിക്കുന്ന ചായയോ കുളിയോ എല്ലാം മറക്കേണ്ടതാണല്ലോ..കൂട്ടുകാര്‍ ഉണര്‍ന്നിട്ടുണ്ടായിരുന്നില്ല. നേരം പുലരുന്നതേ ഉള്ളൂ. ജാവേദ് തിടുക്കപ്പെട്ട് എഴുന്നേറ്റു. രാകേഷ് കുമാറിനെയും രോഹനെയും തട്ടിയുണര്‍ത്തി.

കൂട്ടരെ എഴുന്നേല്‍ക്കൂ..നാമിപ്പോള്‍ നമ്മുടെ മുറിയിലല്ല. ഇനിയും കിടന്നാല്‍ പിന്നെ നടക്കാന്‍ മടിയായിപ്പോകും

അവരും എഴുന്നേറ്റു. തലയിണയായി വച്ച ബാഗുകള്‍ എല്ലാം എടുത്തു. അപ്പോഴാണ് രോഹന്‍ ഒരാശയം പറയുന്നത്. തലേന്ന് രാത്രിയിലെ അനുഭവം അവനെ വല്ലാതെ തളര്‍ത്തിയിരുന്നു.

നമുക്ക് റോഡ് വിട്ട് റെയില്‍പ്പാളത്തിലൂടെ നടക്കാം. റോഡിലാകുമ്പോള്‍ ഏതു സമയത്തും പൊലീസ് വരും. റെയില്‍പ്പാളത്തില്‍ പൊലീസുണ്ടാകില്ലല്ലോ..

പക്ഷെ സുഹൃത്തെ..റോഡിലാകുുമ്പോള്‍ എന്തെങ്കിലും ഒരു വാഹനം കിട്ടാനുള്ള ഒരു സാധ്യതയുണ്ട്. നമുക്ക് വരുന്ന എല്ലാ ചരക്കു വണ്ടികള്‍ക്കും കൈകാണിക്കാം. ഏതെങ്കിലുമൊരു വണ്ടി നിര്‍ത്താതിരിക്കുമോ? അതു മാത്രമല്ല എന്തെങ്കിലും കഴിക്കണമെങ്കില്‍ കടകളെല്ലാം പാതയോരത്താണല്ലോ..

രോഹന്‍ പറഞ്ഞതില്‍ കാര്യമില്ലാതില്ല. റെയില്‍ പാളം വഴിയാകുമ്പോള്‍ ദൂരം കുറയും. ഇടക്കുള്ള സ്റ്റേഷനുകളില്‍ വിശ്രമിക്കാം. ഡാബകള്‍ കാണാതിരിക്കില്ല. എന്തായാലും നമുക്ക് ഇപ്പോള്‍ റോഡിലൂടെ തന്നെ നടക്കാം. പകല്‍ ഒന്നു കൂടി പുലര്‍ന്ന് വെട്ടം വീണാല്‍ നമുക്ക് ആലോചിക്കാം.

വീണ്ടും നടത്തം തുടങ്ങി. കയ്യിലെ കുപ്പിയില്‍ ബാക്കിയുണ്ടായിരുന്ന വെള്ളം കുടിച്ച് നടക്കാന്‍ തുടങ്ങുമ്പോള്‍ ഒരുഷാറൊക്കെ തോന്നി. അപ്പോളാണ് രാകേഷിന്റെ മൊബൈല്‍ ബെല്ലടിക്കുന്നത്..

അരേ...പ്രകാശ്.
തങ്ങള്‍ നടക്കുന്ന പോലെ രാജസ്ഥാനിലേക്ക് നടന്ന സുഹൃത്താണ്.
രാകേഷ് ഫോണ്‍ ലൗഡ്സ്പീക്കറില്‍ ഇട്ടു. അകലെനിന്ന് പ്രകാശിന്റെ ക്ഷീണിച്ച ശ്ബ്ദം ഇഴഞ്ഞിഴഞ്ഞു വന്നു.
വാപ്പിയില്‍ വച്ചു തന്നെ പൊലീസ് ഞങ്ങളെ തടഞ്ഞിരുന്നു. ഞങ്ങള്‍ നൂറിലധികം പേരുണ്ടായിരുന്നു.ഞങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് പറഞ്ഞു. പോലീസ്  ആദ്യം ഞങ്ങൾക്ക് കുറച്ച് ഭക്ഷണവും വെള്ളവും നൽകി,  ഞങ്ങൾക്ക് ഒരു ഡാബയില്‍ ഇരിക്കാന്‍ സൗകര്യം തന്നു. രജനീഷ് പറഞ്ഞിരുന്നപോലെ സര്‍ക്കാര്‍ നമുക്കൊപ്പമുണ്ടെന്ന് ഞാനും കരുതി. രാത്രിയായതോടെ കാര്യങ്ങള്‍ ആകെ മാറി. പോലീസ് ഞങ്ങൾ വിശ്രമിക്കുന്ന ധാബയിലെത്തി ഞങ്ങളെ പൊതിരെ തല്ലി. എല്ലാര്‍ക്കും അടികിട്ടി. പൊലീസ് തന്നെ പാല്‍ കയറ്റുന്ന രണ്ട് കണ്ടെയ്നർ ട്രക്കുകള്‍ കൈകാണിച്ച് നിര്‍ത്തി.  ഓരോ തൊഴിലാളികളെയും അതിലേക്ക് വലിച്ചിഴച്ചു.  രാജസ്ഥാൻ അതിർത്തിയിൽ ഞങ്ങളെ ഉപേക്ഷിക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. സ്ത്രീകളെയും കുട്ടികളെയും ട്രക്കില്‍ കുത്തി നിറക്കുന്നതില്‍ ചിലര്‍ പൊലീസുമായി തര്‍ക്കിച്ചപ്പോള്‍ കേസെടുക്കും എന്നു വിരട്ടി. പിന്നെ ആരും ഒന്നും പറഞ്ഞില്ല. പൊലീസ് ഞങ്ങളുടെ ജാതി ചോദിച്ചു. ഗാഡിയ,ലോഹർ, ഭിസ്തി, ലബാന സമുദായങ്ങളിൽ പെട്ടവരാണ് എന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ ഷെഡ്യൂള്‍ഡ് അല്ലെ നിങ്ങള്‍ക്ക് ഈ ഷെഡ്യൂള്‍ഡ്  ട്രക്ക് തന്നെ ധാരാളം എന്ന് പരിഹസിച്ചു.
            ട്രക്കിന് ഒരൊറ്റ നീളമുള്ള സിലിണ്ടർ ബോഡിയായിരുന്നു. വായു കടക്കാനുള്ള ഒരു വിടവുപോലും ഇല്ലായിരുന്നു. മുകളിലെ ചെറുവട്ടത്തിലുള്ള  ലിഡ് വഴി ഞങ്ങളെ അതില്‍ കുത്തി നിറച്ചു. ട്രക്കിനുള്ളിൽ കേടായ പാലിന്റെ  നാറ്റം കാരണം ശ്വാസംമുട്ടി  തളർന്നു തുടങ്ങിയിരുന്നു. കുട്ടികൾ അലറിക്കരഞ്ഞു. എവിടേക്കാണ് പോകുന്നത് എന്നറിയാന്‍ ഒരു വഴിയുമുണ്ടായിരുന്നില്ല.  മൊബൈലില്‍ ലൊക്കേഷന്‍ നോക്കിയപ്പോള്‍ ഞങ്ങൾ പൽഘറിൽ  എത്തിയതായാണ് കണ്ടത്. പരിഭ്രാന്തരായി ട്രക്കിന്റെ വശങ്ങളിലും  ലിഡിൽ ഞങ്ങള്‍ ഉറക്കെ തട്ടാന്‍ തുടങ്ങി. ഒടുവിൽ ഡ്രൈവർമാർ വാഹനം നിർത്തി ഒരു വാതിൽ തുറന്നു. അപ്പോളേക്കും അവിടത്തെ പൊലീസ് എത്തി.  പാൽഘർലെ തലസാരിയില്‍ ഒരു  ക്യാമ്പിലാണ് ഞാനിപ്പോള്‍. നിങ്ങള്‍ എവിടെയെത്തി?

രാകേഷ് അതുവരെ ഉണ്ടായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. സംസാരിച്ചുകൊണ്ടിരിക്കെത്തന്നെ ദാമോറിന്റെ കാള്‍ വന്നു.
പ്രകാശിന്റെ ഫോണ്‍ കട്ടായി. ദാമോറിന്റെ ശബ്ദത്തിന് വിറയലുണ്ടായിരുന്നു. അവര്‍  സൂറത്തിൽ നിന്നും ഗോൾഡൻ ബ്രിഡ്ജ് കടന്ന് പഞ്ച്മഹൽ ജില്ലയിലെ ഹാലോൾ നഗരത്തിലേക്ക് നടക്കുകയാണ്.  ഞങ്ങൾക്ക് രണ്ട് ദിവസം കൂടി എടുത്തേക്കാം.
ദാമോറിന് കര പറ്റാന്‍ രണ്ടുദിവസം മതി എന്ന പ്രതീക്ഷയുണ്ട്. പക്ഷേ കടലിന്റെ നടുവില്‍, മരുഭൂമിയുടെ നടുവില്‍ വഴിപോലുമറിയാത്ത ആയിരങ്ങള്‍ക്ക് എത്ര ദിവസം നടക്കേണ്ടിവരുമെന്ന് ഒരു പിടുത്തവുമില്ല.ദാമോറിന്റെ ഫോണ്‍ ഇടക്കുവച്ച് നിലച്ചപ്പോള്‍ രാകേഷ് വീണ്ടും വിളിക്കാന്‍ പുറപ്പെട്ടു.
ജാവേദ് അവനെ വിലക്കി.
സുഹൃത്തെ ഇനി എപ്പോളാണ്  നമുക്ക് മൊബൈല്‍ ചാര്‍ജ് ചെയ്യാനാവുക. വീട്ടുകാരെ വിളിക്കേണ്ട അത്യാവശ്യത്തിന് മാത്രമേ നമ്മളിനി ഫോണ്‍ ഉപയോഗിക്കാവൂ..അതു പോലെത്തന്നെ പണവും . ഇനി എന്നാണ് നാം നാടുപിടിക്കുക എന്നറിയില്ലല്ലോ. അതു വരെ ജീവിക്കാനായി ഒാരോ നിമിഷം പോലും നമുക്ക് കരുതി വക്കണം..നമ്മുടെ കുടുംബത്തോടൊപ്പം ചേരാനാണല്ലോ ഈ പടയോട്ടം..

      പാവപ്പെട്ടവര്‍ സ്വപ്നം കാണാന്‍ പാടില്ല. ആ സ്വപ്നങ്ങൾ അതു പൂര്‍ത്തീകരിക്കാന്‍ ജീവിതങ്ങളെ പ്രേരിപ്പിക്കും. അതവരെ ചിലപ്പോൾ അപകടത്തിലാക്കും. അല്ലെങ്കില്‍ ജീവിതം മുഴുവന്‍ കാര്‍ന്നു തിന്നുന്ന നിരാശയോടെ തങ്ങളുടെ തന്നെ ബൂങ്കാസ് മാളങ്ങിലേക്ക് ചുരുങ്ങാന്‍ അവരെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. രാകേഷ് പറഞ്ഞുതുടങ്ങി.

                  ആഗ്രയിലെ  നൗമീൽ ഗ്രാമത്തിലെ അഷർഫി ദേവി ചിദ്ദ സിങ് ഇന്‍റര്‍ കോളേജിലെ വിദ്യാർത്ഥിയായിരുന്ന സഞ്ജലി ചാണക്യയെന്ന പെൺകുട്ടിക്ക്  ഒരു ഐപിഎസ് ഉദ്യോഗസ്ഥയാവണം എന്നായിരുന്നു ആഗ്രഹം.  സഞ്ജലിയുടെ പിതാവ് ഹരേന്ദ്ര സിങ് രാകേഷിന്റെ ഒരകന്ന ബന്ധുവായിരുന്നു. അവളുടെ അമ്മ അനിതയേയും മറ്റു കുടുംബാംഗങ്ങളേയും രാകേഷിന് പരിചയമുണ്ടായിരുന്നു. പ്രദേശത്തെ ആരുമായും ശത്രുതയുണ്ടായില്ലാതെ ജീവിച്ച ആ കുടുംബം സജ്ജലിയുടെ ആഗ്രഹത്തിന് വഴങ്ങി അവളുടെ പഠനത്തിനുവേണ്ടി അത്യധ്വാനം ചെയ്തു. തങ്ങളുടെ ദാരിദ്യത്തിനുള്ളിലും മകള്‍ക്കാവശ്യമായ പുസ്തകങ്ങള്‍ വാങ്ങിക്കൊടുക്കാനും പണിക്കു പോകുന്ന ധനികരുടെ വീട്ടില്‍ നിന്നും അവള്‍ക്കായി നിറം മങ്ങിയ  വസ്ത്രങ്ങള്‍ ചോദിച്ചുവാങ്ങാനും അവര്‍ മറന്നില്ല. എത്രത്തോളം പഠിച്ചാലാണ് മകള്‍ അവളാഗ്രഹിച്ച ലക്ഷ്യത്തി ലേക്ക് എത്തുകയെന്നോ അതു കാണാന്‍ തങ്ങള്‍ ജീവിച്ചിരിക്കുമോ എന്നു പോലും അവര്‍ ഭയപ്പെട്ടു. അതിന് കാരണം അവരുടെ ജാതി തന്നെയായിരുന്നു. അവളെ പഠിക്കാന്‍ വിടുന്നതില്‍ ഗ്രാമത്തിലെ ഉയര്‍ന്ന ജാതിയില്‍ പെട്ട ചില പ്രമാണിമാര്‍ ഹരീന്ദസിങ്ങിനെ വിലക്കിയിരുന്നു. കാരണം അവരുടെ മക്കള്‍ പഠിക്കുന്ന ക്ളാസിലായിരുന്നു സജ്ജലി യുടെയും പഠനം. സജ്ജലി ചാണക്യ എന്ന പേരിട്ടതു പോലും അവര്‍ ചോദ്യം ചെയ്തിരുന്നു. പേടിയുണ്ടായിരുന്നെങ്കിലും ഹരീന്ദ്രസിങ്ങും അനിതയും ഇക്കാര്യം സജ്ജലിയോട് പറഞ്ഞിരുന്നതുമില്ല.
                           ഒരു ദിവസം  രാത്രി ജോലി കഴിഞ്ഞ്  വീട്ടിലേക്ക് വരികയായിരുന്ന ഹരീന്ദ്രസിങ്ങിനെ  രണ്ട് പേര്‍ ബൈക്കില്‍ പിന്തുടര്‍ന്നു. തെരുവിളക്കിന്റെ നരച്ച വെളിച്ചത്തിലും തന്റെ കയ്യിലെ സിഗരറ്റ് ലൈറ്ററിന്റെ ചെറിയ വെളിച്ചത്തിലും തെളിയുന്ന വഴിയുടെ ഇത്തിരി ദൂരം നടന്നു പിന്നിടുകായിരുന്ന ഹരീന്ദ്രസിങ്ങിനെ  അവര്‍ തലക്കുപിന്നില്‍ ഇരുമ്പു വടികൊണ്ട് അടിച്ചു വീഴ്ത്തി. ബൈക്ക് വന്ന വഴിക്ക്  ഇരമ്പി പാഞ്ഞു പോയി. നിലത്തുവീണ ഹരീന്ദ്രസിങ്ങിന് അല്പസമയം തലപൊന്തിക്കാനായില്ല. പിന്നീട് ആ വഴി വന്ന അയല്‍ക്കാരനാണ് ചോരയൊലിപ്പിച്ചു കിടക്കുന്ന ഹരീന്ദ്രസിങ്ങിനെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നത്. തലയുടെ പിറകിലേറ്റ മുറിവിന് ഒരു ക്ളിനിക്കിലെ ഡോക്ടറെക്കണ്ട് വെച്ചുകെട്ടി.  കളളന്മാരോ പിടിച്ചുപറിക്കാരോ ആയിരിക്കാം തന്നെ ഉപദ്രവിച്ചതെന്നേ ഹരീന്ദ്രസിങ്ങ് കരുതിയതുമുള്ളൂ. അതാകട്ടെ പതിവു സംഭവങ്ങളില്‍ ഒന്നായതുകൊണ്ട് കാര്യമാക്കിയതുമില്ല. തൊഴില്‍ കഴിഞ്ഞ് പരമാവധി നൂറുരൂപവരെ കയ്യില്‍ കാണുന്ന സാധാരണക്കാരനെയും പിടിച്ചു പറിക്കാര്‍ വെറുതെ വിട്ടിരുന്നില്ല. വിയര്‍പ്പിന്റെ മണമുള്ള ആ നോട്ടിനു വേണ്ടി ആരെയും രക്തത്തില്‍ കുളിപ്പിക്കാന്‍ മാത്രം പുരോഗമിക്കപ്പെട്ട ലോകത്ത് തനിക്ക് ജീവന്‍ ബാക്കിയുണ്ടല്ലോ എന്നോര്‍ത്ത് സമാധാനപ്പെടുക മാത്രമേ സാധ്യമായിരുന്നുള്ളൂ. ഇരുട്ടില്‍ തട്ടിത്തടഞ്ഞു വീണ് തല മുറിഞ്ഞെന്ന് മാത്രം വീട്ടില്‍ പറഞ്ഞ് ഹരീന്ദ്രസിങ്ങ് കുടുംബത്തിന്റെ സമാധാനമെന്ന നേരിയ പാടക്ക് വിള്ളല്‍ വീഴ്ത്തിയതുമില്ല. പക്ഷേ അതൊരു മുന്നറിയിപ്പാണെന്ന് ഏറെക്കാലം ആശുപത്രിയിലും പൊലിസ് സ്റ്റേഷനിലും കോടതി വരാന്തയിലും നടന്ന് കാലുകള്‍ പൊള്ളിയപ്പോഴാണ് അതിന് തന്റെ ജീവിതത്തോളം തന്നെ വിലയുണ്ടായിരുന്നതായി ഹരീന്ദ്രസിങ്ങിന് ബോധ്യം വന്നത്.

                           സ്കൂളിൽ നിന്ന് മടങ്ങുകയായിരുന്നു സജ്ജയ്. വീട്ടിലേക്കുള്ള യാത്രയിലും നിവര്‍ത്തിപ്പിടിച്ച ഒരു പുസ്തകത്തോടെ ചുറ്റുപാടിലുള്ളതിലൊന്നും ശ്രദ്ധ വക്കാതെ നടക്കുകയായിരുന്നു അവൾ. ഒരിടവഴിയില്‍  ബൈക്കിലെത്തിയ രണ്ട് പേര്‍ അവളോട് എന്തോ ചോദിക്കാനെന്ന പോലെ ചേര്‍ത്തു നിര്‍ത്തി. അവള്‍ പേടിയോടെ ചുറ്റും നോക്കി. അടുത്തെങ്ങും മറ്റാരുമില്ല. വണ്ടിയില്‍ വന്നയാളുകളെ പരിചയമില്ല. പോരാത്തതിന് ഹെല്‍മെറ്റ് ഇട്ടതിന് പുറമേ മൂഖം തൂവാല കൊണ്ട് മറച്ചിരുന്നു. എന്തു സംഭവിക്കുന്നു എന്ന് അവള്‍ക്കറിയുന്നതിന് മുമ്പ് ബൈക്കിന്റെ പിറകിലിരുന്നയാള്‍ അവളുടെ തലയിലൂടെ ഒരു കുപ്പി ചെരിച്ചൊഴിച്ചു.  പെട്രോളിന്റെ രൂക്ഷ ഗന്ധത്തില്‍ കണ്ണുകള്‍ നീറിയപ്പോള്‍ അവള്‍ രണ്ടു കൈകൊണ്ടും കണ്ണുകള്‍ തിരുമ്മി. ഭയം കൊണ്ട് ഭാരം കൊണ്ട കാലുകള്‍ മണ്ണില്‍ നിന്ന് വലിച്ചെടുത്ത് പുസ്തകങ്ങള്‍ അടങ്ങിയ ബാഗ് മാറോട് ചേര്‍ത്തു പിടിച്ച് അവള്‍ ഒാടാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ പിറകില്‍ നിന്നും പിടിച്ചു നിര്‍ത്തി. പെട്രോളിനേക്കാളേറെ ഭയത്തില്‍ നനഞ്ഞുനിന്ന അവളുടെ വസ്ത്രത്തിന്റെ തുമ്പില്‍ അയാള്‍ ഒരു ലൈറ്റര്‍ അമര്‍ത്തി.
            തീ ആളിപ്പടര്‍ന്നപ്പോൾ അവള്‍ എങ്ങോട്ടെന്നില്ലാതെ പാഞ്ഞു. നിലത്ത് കിടന്ന് ഉരുണ്ടു. അവിടെ നിന്നും വേച്ച് വേച്ച് എഴുന്നേല്‍ക്കുമ്പോളും ജ്വാലകള്‍ അവള നക്കിത്തോര്‍ത്തിക്കൊണ്ടിരുന്നു. തൊട്ടടുത്തു കണ്ട വീട്ടിലേക്ക് അവള്‍ ഒാടിക്കയറി. നിലവിളികളോടെ ആളുകള്‍ അവള്‍ക്ക് ചുറ്റും നിന്നു.  വെറും മണ്ണില്‍ വീണു കിടന്ന അവളെ  ഏറെ നേരത്തിന് ശേഷമാണ് ആശുപത്രിയിലെത്തിക്കാനായത്. പൊള്ളിയടര്‍ന്ന ദേഹത്തോടെ ആദ്യം എസ്എൻ മെഡിക്കൽ കൊളേജിൽ പ്രവേശിപ്പിച്ചു. പാവപ്പെട്ട ദലിത് പെണ്‍കുട്ടിക്ക് വേണ്ടി ആര് വാദിക്കാന്‍. ആര് ചികിത്സക്ക് പണം മുടക്കാന്‍. ഗുരുതരമായ പൊള്ളല്‍ ശ്വാസനാളത്തിനെ ബാധിച്ചിരുന്നതിനാല്‍ അവിടെ ചികിത്സക്ക് കഴിയില്ലെന്ന് പറഞ്ഞ അധികൃതര്‍ക്കുമുമ്പില്‍ അപ്പോളേക്കും വിവരമറിഞ്ഞ് ഒാടിയെത്തിയ മാതാപിതാക്കള്‍ പൊട്ടിക്കരഞ്ഞു നിന്നു.
ആശുപത്രിയുടെ വാര്‍ഡില്‍ തുണികൊണ്ട് മറച്ചുണ്ടാക്കിയിടത്ത് സ്ട്രച്ചറില്‍ കിടന്ന് കഠിനവേദനയിലും അവള്‍ അമ്മയോട് പറഞ്ഞത് നീതിക്ക് വേണ്ടി പോരാടാനായിരുന്നു.

ഈ ജീവിതം കൊണ്ട് എനിക്ക് പൊരുതാന്‍ ആയില്ല . പക്ഷെ അമ്മ വിട്ടു കളയരുത്. നീതിക്ക് വേണ്ടി പോരാടണം, തളര്‍ച്ചക്കിടയിലും അതു പറയുമ്പോള്‍ അമ്മയുടെ കയ്യില്‍ അമര്‍ത്തിപ്പിടിച്ച അവളുടെ കറുത്തുപോയ കൈകള്‍ക്ക് കാരിരുമ്പിന്റെ ബലമുണ്ടായിരുന്നു.

ബോധം മറയുകയും തെളിയുമ്പോളൊക്കെ തന്റെ പുസ്തകങ്ങളെ ക്കുറിച്ച് ചോദിച്ച് അലറിക്കരയുകയും ചെയ്ത അവളെ ആശുപത്രിക്കാര്‍ വിട്ടു നല്‍കിയ ആംബുലന്‍സില്‍ ഡൽഹിയിലെ സഫ്ദർജങ് ഹോസ്പിറ്റലിലേക്ക് മാറ്റി. ഐസിയു വിലേക്ക് മാറ്റിയ അവളെ തിരിച്ചുകിട്ടുമെന്ന് ഒരു ശതമാനം പോലും ആശുപത്രി ജീവനക്കാര്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല. കാരണം തീയാളി കമിഴ്ന്ന് വീണപ്പോളും അവള്‍  മാറോടടക്കിപ്പിടിച്ചത് പുസ്തകങ്ങളടങ്ങിയ ബാഗായിരുന്നു. അവളുടെ വിശപ്പിനേയും ദാഹത്തേയും എപ്പോളും ശമിപ്പിച്ചിരുന്ന പുസ്തകങ്ങള്‍ അവളുടെ മാറോട് ചോര്‍ന്ന് കത്തിത്തീര്‍ന്നു. ആ തീ നാളങ്ങള്‍ അവഴുടെ ശ്വാസകോശത്തെ ഏതാണ്ട് മുഴുവനായിത്തെന്നെ ഇല്ലാതാക്കിയിരുന്നു. രണ്ടു പകലും ഒരു രാത്രിയും ഹരീന്ദ്രസിങ്ങും അനിതയും ഐസിയുവിന്റെ മുന്നില്‍ കരഞ്ഞുകൊണ്ട് തള്ളി നീക്കി.  പുറത്തിറങ്ങി വരുന്ന ഒാരോ ജീവനക്കാരനോടും അവര്‍ മകളുടെ കാര്യം അന്വേഷിച്ചു. ഒാരോരുത്തരും അവരോട് ഒന്നും പറയാതെ ധൃതിയില്‍ നടന്നു പോയി. ചിലര്‍ മകള്‍ സുഖമായിരി ക്കുന്നെന്നും എല്ലാവരെയും അന്വേഷിച്ചതായും പറഞ്ഞു. സമാധാനപ്പെട്ട് ഹരീന്ദ്രസിങ്ങും അനിതയും വീണ്ടും ഇരുമ്പുബഞ്ചിലെ തുരുമ്പിലേക്ക് അമരും. അത് നുണയാണെന്ന് തിരിച്ചറിയാന് മുപ്പത്തിയാറ് ‍മണിക്കൂർ വേണ്ടി വന്നു. അവസാനം ഐസിയുവിന്റെ വാതില്‍ തുറന്ന് നഴ്സ് ഹരീന്ദ്രസിങ്ങിനെ ഉള്ളിലേക്ക് വിളിച്ച് പറഞ്ഞത് അവളെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു.
            നാല് ദിവസം കഴിഞ്ഞ് അവളുടെ ശരീരം അവൾ നടന്നു വന്ന അതേ വഴിയിലൂടെ നിശബ്ദമായി കടന്നു വന്നു. അവള്‍ കിടന്നു പിടഞ്ഞയിടത്ത് പാതികത്തിയ പുസ്തകങ്ങള്‍ ഏടുകള്‍ ചീന്തിമാറി കിടന്നിരുന്നു. ആരാണ് അവളെ ആക്രമിച്ചതെന്നോ ആരാണ് ഹരീന്ദ്രസിങ്ങിന്റെ തലക്കടിച്ചതെന്നോ പൊലീസിന് തിരിച്ചറിയാനായില്ല. വീട്ടുകാര്‍ക്ക് മുമ്പില്‍ അതിന്റെ ഉത്തരം ശ്മശാനത്തിലെ ചുടുചിത പോലെ കത്തി നിന്നു. തങ്ങള്‍ ദളിതരാണ്. അതു മാത്രമാണ് തങ്ങള്‍ ചെയ്ത കുറ്റം. അങ്ങിനെയാവുമ്പോള്‍ തങ്ങളെ ദളിതരായി സൃഷ്ടിച്ച ദൈവമാണ് കുറ്റക്കാരന്‍. ദൈവത്തിനെ എങ്ങിനെയാണ് കുറ്റപ്പെടുത്തുക.ശിക്ഷ വിധിക്കുക. പൊലീസിനും മറ്റൊന്നും പറയാനുണ്ടായി രുന്നില്ല. തങ്ങളുടെ ജാതിയോട് വെറുപ്പുണ്ടാകുമെങ്കിലും സജ്ജലിയുടെ പേരിലും അവള്‍ സ്കൂളില്‍ പോകുന്നതിലും വെറുപ്പുണ്ടാകുമെങ്കിലും അത് മകളുടെ ജീവനെടുക്കാന്‍ കാരണമാകുമെന്ന് അവര്‍ വിചാരിച്ചിരുന്നില്ല. അപ്പോള്‍ കിനാവുകള്‍ ആര്‍ക്കും എന്തും കാണാനുള്ളതല്ല. ധനികര്‍ക്കും ഉയര്‍ന്ന ജാതിയിലുള്ളവര്‍ക്കും അതിനൊത്ത ഉയര്‍ന്ന സ്വപ്നങ്ങള്‍ കാണാം. ആ സ്വപ്നങ്ങളെ എത്തിപ്പിടിക്കാന്‍ ചിറകുകള്‍ വാങ്ങാം. പാവപ്പെട്ടവരും ദളിതരും എന്നും ഈച്ചയാര്‍ക്കുന്ന ഗലികളും, പുഴുവരിക്കുന്ന ഒാടകളും മാത്രം സ്വപ്നം കാണണം. അതിലെ ഒരു ഈച്ചയായോ പുഴുവായോ മാത്രം തങ്ങളെ സങ്കല്‍പ്പിക്കുന്ന ചീഞ്ഞ സ്വപ്നങ്ങള്‍ മാത്രം.
               നീതിക്ക് വേണ്ടി പോരാടാന്‍ പറഞ്ഞ് കിതച്ചൊടുങ്ങിപ്പോയ മകള്‍ക്ക് ആ ആഗ്രഹം പോലും സാധിച്ചു കൊടുക്കാന്‍ ഹരീന്ദ്രസിങ്ങിനും അനിതക്കുമായില്ലല്ലോ. എത്ര തൊഴിലെടുത്താലും, വിശന്നും ദാഹിച്ചും പൊരിഞ്ഞാലും നീതി വാങ്ങിക്കാനുള്ള തുകയാവില്ല. നീതിയാകട്ടെ പാവപ്പെട്ടവരെ തോടി വരികയുമില്ല. അപൂര്‍വമായി മാത്രം വന്നാല്‍ തന്നെയും ഏത് വളരെ വൈകി യോടുന്ന തീവണ്ടിയായിരിക്കും. തേടിയവന്റെ ആത്മാവിന് മാത്രമേ ആ നീതി അനുഭവിക്കാന്‍ കഴിയൂ..
      നീ പറഞ്ഞത് ശരിയാണ്..നോക്കൂ കാണാത്ത ഒരണു ഉണ്ടാക്കുന്ന രോഗത്തെ പേടിച്ചാണ് നമ്മുടെ ഒളിച്ചോട്ടം പോലും. ഒാരോ അടി വക്കാനും നാം എത്ര ഭയക്കുന്നു. നമ്മുടെ രാജ്യത്തിലൂടെ നടക്കാന്‍ പോലും നമുക്ക് എത്ര പേരുടെ അനുവാദം വേണം. ഇപ്പോള്‍ രാജ്യം മുഴുവന്‍ അടച്ചിടും മുമ്പ് നമ്മള്‍ എങ്ങിനെ ജീവിക്കുമെന്ന് ആരെങ്കിലും ആലോചിച്ചോ? നമ്മളെ കാത്തിരിക്കുന്ന കുടുംബങ്ങളുടെ വേദനയെക്കുറിച്ച് ആരെങ്കിലും ആലോചിച്ചോ? അടച്ചിട്ട രാജ്യത്തിനുള്ളിലൂടെ നമ്മളെപ്പോലെ എത്ര പേര്‍ പരക്കം പായുന്നുണ്ടാകും .
രാകേഷ് അതു പറയുമ്പോള്‍ തങ്ങളെപ്പോലെ മുന്നിലും പിന്നിലുമായി നടന്നു നീങ്ങുന്ന എത്രയോ പേരെ ജാവേദ് മനസ്സില്‍ കണ്ടു. നമുക്കും അങ്ങിനെത്തന്നെയല്ലേ? മൂവരും പരസ്പരം നോക്കിയതാല്ലാതെ ആരും ഒന്നും പറഞ്ഞില്ല. ഉത്തരം അവര്‍ക്കടിയിലൂടെ  കട്ടപിടിച്ച്  ഒഴുകുന്നുണ്ടായിരുന്നല്ലോ. ജുന്വാന്‍ പിന്നിടുകയായിരുന്നു അപ്പോള്‍.
           നാം ഒാടിയൊളിക്കുന്നത് ശരിക്കും രോഗത്തില്‍ നിന്നല്ല.അത് നമ്മളെ ബാധിക്കാതെ കടന്നു പോയെന്നു വരും. പക്ഷേ സുഹൃത്തുക്കളെ നമ്മള്‍ പേടിക്കുന്നത് പട്ടിണിയെ അല്ലേ? ദാരിദ്ര്യത്തെ അല്ലേ? ലോക്ക് ‍ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ നമ്മളെ പിരിച്ചു വിട്ട കമ്പനിക്ക് നമ്മളെക്കുറിച്ച് എന്തെങ്കിലും ആലോചന ഉണ്ടായിരുന്നോ? അതെങ്ങിനെ അവരുടെ ലാഭം വളര്‍ത്താനുള്ള യന്ത്രങ്ങള്‍ മാത്രമാണ് നാം. ഒരു യന്ത്രം കേടുവന്നാല്‍ മറ്റൊന്ന്. അത്രമാത്രം.
        രാകേഷിന്റെ ശബ്ദത്തില്‍ രോഷം നിറഞ്ഞുകവിഞ്ഞിരുന്നു.  ടോകര്യ കടന്നു പോകുമ്പോള്‍ നാലുമണിയായിരുന്നു. അടഞ്ഞു കിടക്കുന്ന ഹോട്ടലുകള്‍ക്ക് മുമ്പില്‍ ഖമാൻ, ബ്രൊക്കോളി-കോണ്‍ സമൂസ, മള്‍ട്ടി ഗ്രെയിന്‍ റൊട്ടി, സ്‌പെഷ്യല്‍ ഗുജറാത്തി ജിഞ്ചര്‍ ടീ, ഐസ് ടീ...പുരൻ പോളി, ധോക്‌ല എന്നെല്ലാം വിഭവങ്ങളുടെ പേരെഴുതി വച്ച ബോര്‍ഡുകള്‍ വിശപ്പിനെ ഒാര്‍മിപ്പിച്ചുകൊണ്ടിരുന്നു.
            മുമ്പില്‍ നടന്നു പോകുന്ന കൂട്ടത്തിലെ കുഞ്ഞ് കരഞ്ഞു കൊണ്ടേയിരിക്കുന്നു. അമ്മയുടെ മാറോട് ചേര്‍ത്തു തുണികൊണ്ട് കെട്ടിയിരിക്കുകയാണ് കുഞ്ഞിനെ. മുഷിഞ്ഞ ടര്‍ക്കിത്തുണിക്കുള്ളിലൂടെ കുഞ്ഞുകണ്ണുകള്‍ മിഴിച്ച് അത് ലോകത്തോട് തന്റെ സങ്കടം മുഴുവന്‍ കരഞ്ഞു തീര്‍ക്കുകയായിരുന്നു. സൈക്കിളുകളിലും സൈക്കിള്‍ റിക്ഷകളിലും ദൂരങ്ങളെ പിന്നിടാന്‍ തുടങ്ങുന്നവര്‍.
                  അപ്പോള്‍ കടന്നു പോകുകയായിരുന്ന കോണ്‍ക്രീറ്റ് മിക്ചര്‍ വാഹനത്തിന് മുന്നിലുള്ള കൂട്ടം കൈ കാണിച്ചു. വണ്ടി നിന്നു. ഡ്രൈവര്‍മാരോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. ഡ്രൈവറുടെ സഹായി വന്ന് പിറകിലെ ടാങ്കിന്റെ മൂടി തുറന്നു കൊടുത്തു. ആ സംഘത്തിലെ പത്തു പതിനഞ്ചുപേര്‍ ആ വിടവിലൂടെ ടാങ്കിലേക്ക് ഇറങ്ങി. അവര്‍ കയറുന്നത് നടന്നുപോകുന്ന ചിലര്‍ ഫോണില്‍ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു.

അവര്‍ക്കെങ്ങിനെ ശ്വാസം കിട്ടും രോഹന്‍ അത്ഭുതത്തോടെ ചോദിച്ചു.
ശ്വാസത്തെക്കാള്‍ വലുതാണ് നാടു പിടിക്കുക എന്ന ആഗ്രഹം. രാകേഷ് പറഞ്ഞു തീര്‍ക്കുമ്പോളേക്കും ട്രക്ക് നീങ്ങിത്തുടങ്ങി. അത്രയും ആളുകള്‍ ആ ലോഹഗോളത്തിനുള്ളില്‍ ഉണ്ടെന്ന് പുറം ലോകത്തില്‍ ആര്‍ക്കും അറിയാന്‍ വഴിയില്ല.
            വെയില്‍ മങ്ങി. കൂടുകളിലേക്ക് തിരിച്ചു പറക്കുന്ന കിളികള്‍. വൈദ്യതക്കമ്പികളിലിരുന്ന് അന്നാന്നത്തെ പ്രാരാബ്ദം പങ്കിടുന്ന അങ്ങാടിക്കുരുവികള്‍. പാതയില്‍ ആയിരക്കണക്കിന് ചിറകു കരിഞ്ഞ കിളികള്‍ കൂടുകളിലേക്ക് ഇഴയുകയാണ് അപ്പോളും.  തെരുവിളക്കുകകള്‍ മടിച്ച് മടിച്ച് കത്താന്‍ തുടങ്ങി. വാഹനങ്ങളുടെ ജ്വലിക്കുന്ന കണ്ണുകള്‍. പാതയില്‍ നിഴലുകള്‍ സാമൂഹിക അകലമില്ലാതെ  കൂടിക്കലര്‍ന്നു.
                     ജമ്കിയിലെത്തുമ്പോള്‍ എട്ടുമണി. പല ഫോണുകളിലും രാജ്യത്തില്‍ കോവിഡ് ബാധിച്ചവരുടെയും മരിച്ചവരുടെയും കണക്കുകള്‍ വാര്‍ത്തകളായി വരുന്നുണ്ടായിരുന്നു. രാജ്യത്തിന്ന് മുപ്പത്തിയഞ്ച് കോവിഡ് മരങ്ങളുണ്ട്. ആയിരത്തി ഇരുനൂറ്റി അമ്പത് പേര്‍ക്ക്  കോവിഡ് പോസിറ്റിന് ഉറപ്പായിട്ടുണ്ട്. ഗുജറാത്തില്‍ മാത്രം  അഞ്ചു മരണങ്ങള്‍ .മഹാരാഷ്ടയില്‍ പത്തെണ്ണം. രോഹന്‍ ഫോണ്‍ നോക്കി പറഞ്ഞു.

      മരണം വ്യാപിച്ചു തുടങ്ങി. എത്ര പേരെയാണ് കോവിഡ് കൊണ്ടു പോകുകയെന്നറിയില്ല.. ഇനി മറ്റൊരു കാര്യം ആലോചിച്ചിട്ടുണ്ടോ? നമ്മുടെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരെക്കാള്‍ കൂടുതല്‍ കൊലചെയ്യപ്പെട്ടവരില്ലേ? തങ്ങളറിയാത്ത കാരണങ്ങള്‍ കൊണ്ട് മരണപ്പെട്ടവര്‍. ഭറൂച്ചില്‍ എന്താണുണ്ടായതെന്ന് ഇന്നും ആര്‍ക്കുമറിയില്ല.
      ദഹേജിൽ യശശ്വി രസായൻ കെമിക്കല്‍ ഫാക്ടറിയിലെ പൊട്ടിത്തെറിയെക്കുറിച്ചാവണം രോഹന്‍ പറയുന്നതെന്ന് ജാവേദിന് മനസ്സിലായി ലഖി ഗ്രാമത്തിലെ ആര്‍ക്കും ആ  ഫാക്ടറിയിൽ എന്താണ് നിര്‍മിക്കുന്നത് എന്നറിയില്ല. നമുക്കറിയുമോ? ഇന്നലെ വരെ നമ്മള്‍ കാവല്‍ നിന്ന കമ്പനിയില്‍ എന്താണ് ഉണ്ടാക്കുന്നതെന്ന്.? മരുന്നാണ് എന്ന കമ്പനി പറയുന്നത ല്ലാതെ നമുക്കെന്തറിയാം. അല്ലെങ്കില്‍ തന്നെ നമ്മളെ എന്തിനറിയിക്കണം. നമ്മള്‍ എന്തിനറിയണം?  നമ്മളെപ്പോലെ വിശപ്പിന്റെ മുഖവും വിയര്‍പ്പിന്റെ മണവുമുള്ള നൂറുകണക്കിന് തൊഴിലാളികൾ അവിടെയുമുണ്ടായിരുന്നിരിക്കണം. ആരൊക്കെ ജോലിചെയ്യുന്നു എന്നതിന് വല്ല തെളിവും ഉണ്ടാകുമോ?

രണ്ട് സംഭരണികളിലായി സൂക്ഷിച്ച രാസവസ്തുക്കൾ തമ്മിൽ ചേര്‍ന്നിട്ടാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് പറഞ്ഞു കേട്ടു. തങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇത്ര അപകടം പിടിച്ച വസ്തുക്കളാണെന്ന് അവര്‍ക്ക് അറിയാന്‍ വഴിയില്ല. അഞ്ചുപേരാണ് പൊട്ടിത്തെറിച്ച് ചിതറി പ്പോയത്. എന്നിട്ട് എന്തുണ്ടായി. കമ്പനി പിന്നെയും പ്രവര്‍ത്തിച്ചു തുടങ്ങി. അന്ന് പൊള്ളലേറ്റ തൊഴിലാളികള്‍ തന്നെ പിന്നെയും അവിടെ ജോലിക്ക് കയറി. ജീവനെക്കാള്‍ കൂടുതല്‍ നാം ജീവിതത്തെ സ്നേഹിക്കുകയല്ലേ? അല്ലാതെന്തു ചെയ്യാന്‍?
              
                ലഖിയില്‍ നിന്നും  ലുവാരയില്‍  നിന്നും  അന്ന് ഗ്രാമവാസികളെ മൊത്തം മാറ്റി. അല്ലെങ്കില്‍ തീ പടര്‍ന്ന് എത്ര പേര്‍ മരിക്കുമായിരുന്നു. ഇന്ന് രോഗം ഭയന്ന് രാജ്യം മുഴുവന്‍ അടച്ചിടപ്പെടുമ്പോള്‍ അതിനെക്കാള്‍ ഭികരമായ ഇക്കാര്യങ്ങളെക്കുറിച്ച് ആരു പറയാന്‍. ഇതിലൊക്കെ കഷ്ടമാണ് ഇതിനിടയില്‍ വളരുന്ന കുട്ടിതളുടെ കാര്യം. എത്ര കുട്ടികളാണ് ചെറിയ പ്രായത്തില്‍ മരിച്ചുപോകുന്നത് സൂറത്തിൽ മാൻഹോളിൽ വീണ് മരിച്ച ഏഴുവയസ്സുകാരന്‍ എന്തു തെറ്റാണ് ചെയ്തത്.മഴയത്ത് കൂട്ടുകാരോടൊപ്പം  റോഡിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവന്‍ മാൻഹോളിലേക്കു വീണത്. മാൻഹോൾ തുറന്നിട്ടവരാരും ഇതെക്കുറിച്ച് ചിന്തിച്ചതുപോലുമുണ്ടാവില്ല. ഇപ്പോളും നമ്മള്‍ നടന്നു വന്ന പാതക്കു കീഴെ ഒഴുകുന്നത് ഈ രാജ്യത്തിന്റെ ചളിയാണ്. ആ ചളിയിലേക്ക് ഏതു നിമിഷവും നമ്മുടെ കുട്ടികള്‍ വീണൊടുങ്ങാം. മാറാവ്യാധി പിടിച്ച ഈ രാജ്യത്തില്‍ എനിക്കുറപ്പുണ്ട് നമ്മളെപ്പോലെയുള്ളവര്‍ ഇപ്പോള്‍ പായുന്നത് രോഗത്തെ പേടിച്ചല്ല. നമ്മുടെ കാലിന്നടിയിലൂടെ ഒഴുകുുന്ന ഈ ചെളിയില്‍ പെടാതിരിക്കാന്‍ തന്നെയാണ്. ഒാരോ മനുഷ്യനും ഒരു നദിയാണ്. ആയിരക്കണക്കിന് പേര്‍ ഒന്നിച്ചൊഴികുമ്പോള്‍ മനുഷ്യരുടെ മഹാനദിയായി മാറുന്നു. ചിലയിടത്ത് കെട്ടിക്കിടന്ന് ചിലയിടത്ത്  കുത്തിയൊഴുകി, ചിലപ്പോള്‍ സ്വന്തമായി വഴികള്‍ നിര്‍മ്മിച്ച് അതങ്ങിനെ ഒഴുകിക്കൊണ്ടോയിരിക്കുന്നു.
                 മനെക്പുര്‍ ‍ എത്തിയപ്പോള്‍ മുന്നില്‍ പൊലീസ് വണ്ടി വന്നു നില്‍ക്കുകയാണ്. ഒന്നും രണ്ടുമല്ല. കുറെയേറെ വണ്ടികള്‍. വീണ്ടുമൊരു ലാത്തിയടി പ്രതീക്ഷിച്ച് ആളുകള്‍ പിറകോട്ട് മാറുകയാണ്. അപ്പോള്‍ നടത്തത്തിന്റെ താളം നഷ്ടപ്പെട്ട് പലരും വീണു. വീണവര്‍ക്ക് മുകളിലൂടെ അടുത്തയാളുകള്‍ നടന്നു.
             ഇത്തവണ പൊലീസ് കുറച്ചേറെ ദയാലുക്കളായിരുന്നു എന്ന് തോന്നി. അവര്‍ പാതയരികില്‍ വലിയ വീപ്പകളില്‍ വെള്ളം നിറച്ചു വച്ചു. കൈകഴുകാന്‍ സോപ്പ് നല്‍കി. പുതിയ മാസ്കകള്‍ നല്‍കി.കുടിക്കുവാന്‍ വെള്ളം നല്‍കി. എല്ലാവരോടും തിരക്കു കൂട്ടരുതെന്നും ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നുണ്ടെന്നും മൈക്കില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.

                   ആറ് പ്യൂരിസ്, സാബ്ജി, പുലാവോ, ബിസ്കറ്റ്, വാട്ടർ ബോട്ടിലുകൾ. പൊലീസുകാര്‍ മുന്‍വരിയില്‍ പൊതി കൊടുത്തു തുടങ്ങിയപ്പോഴെക്കും ആയിരം കൈകള്‍ ഒന്നിച്ച് ഉയര്‍ന്നു തുടങ്ങി.പാതയുടെ അരികിലേക്ക് തെരുവിളക്കുകാലുകളുടെ ചുവട്ടിലേക്ക് പൊലീസ് എല്ലാവരെയും മാറ്റി ഇരുത്തി. ഒാരോ സംഘത്തിന്റെയും അടുത്തെത്തി പൊതികള്‍ കൈമാറാന്‍ തുടങ്ങി.
                              പൊലീസുകാരുടെ കയ്യില്‍ ഉണ്ടായിരുന്ന തോക്ക് പോലെയുള്ള ഉപകരണം ഒാരോരുത്തരുടെയും നെറ്റിയിലേക്ക് ചൂണ്ടി. പനിയുണ്ടോ എന്ന് കണ്ടുപിടിക്കാനാണ് അതെന്ന് പൊലീസ് വിശദീകരിക്കുന്നുണ്ടായിരുന്നു. ചിലരെയെല്ലാം പൊലീസ് അവരുടെ വാഹനത്തിന്റെ സമീപത്തേക്ക് മാറ്റിയിരുത്തി. സമയപ്പോള്‍ അര്‍ധരാത്രിയായിരുന്നു.
യാത്ര അനുവദിക്കാന്‍ കഴിയില്ലെന്ന് പൊലിസ് മൈക്കിലൂടെ വിളിച്ചു പറയാന്‍ തുടങ്ങിയതോടെ ആളുകള്‍ ബഹളം കൂട്ടാന്‍ തുടങ്ങി. കൂടുതല്‍ പൊലിസ് വാഹനങ്ങള്‍ വന്നുകൊണ്ടിരുന്നു. മുന്നിലുള്ള റോഡ് ബാരിക്കേഡ് വച്ച് അടച്ചപ്പോള്‍ മുന്നിലുള്ളവര്‍ അത് മറികടന്ന് പോകാന്‍ ശ്രമിച്ചു.

ഹമേം ഗോലി മാരൊ..
ഹമാരാ ഖൂന്‍ പീ ലൊ.
ഹമേം ലടകാ ദേം..
ഹമാരെ ശവോം കൊ ഖാവൊ
ഹമേം ഭീ ജലാ ദേം
ആയിരങ്ങള്‍ ഒന്നിച്ച് ശബ്ദമുണ്ടാക്കി മുന്നോട്ടു നീങ്ങാന്‍ ശ്രമിച്ചു..ബാരിക്കേഡുകള്‍ക്കപ്പുറത്ത് പൊലിസ് നിരന്നു നിന്നു. അതിന് പിറകില്‍ പൊലിസ് വാഹനങ്ങള്‍ പാതക്ക് കുറുകെയിട്ടു. ഡിവൈഡറുകളിലൂടെ നടന്ന് പോകാന്‍ ശ്രമിച്ച ചിലരെ പൊലിസ് ലാത്തികൊണ്ട് മര്‍ദ്ദിക്കുന്നുണ്ടായിരുന്നു. ആളുകള്‍ പാതവക്കില്‍ നിന്ന് പെറുക്കിയെടുത്ത കല്ലുകള്‍ പൊലിസിന് നേരെ വലിച്ചെറിയാന്‍ തുടങ്ങിയിരുന്നു. പാതയില്‍ വെളിച്ചം നല്‍കി നിന്നിരുന്ന വിളക്കുകാല്‍ കുറെ പേര്‍ ചേര്‍ന്ന് ബാരിക്കേഡിന് മുകളിലൂടെ മറിച്ചിട്ടു. അതിന്റെ സോളാര്‍ പാനലുകളും ഗ്ളാസുകളും തകര്‍ന്നു വീഴുന്ന ശബ്ദത്തോടൊപ്പം ഇരുട്ട് ആളുകളെ വന്നു പൊതിഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളികള്‍ പൊന്തി.

യാത്രാ കീ അനുമതി നഹീം ഹെ. കിസീ കൊ ഭീ രാസ്തെ സെ ദൂര്‍ രഹനാ ചാഹിയെ..കാനൂന്‍ കൊ അപനെ ഹാഥ് മേ ന ലേം.. പൊലിസ് മൈക്കിലൂടെ വിളിച്ചു പറയുന്ന ശബ്ദം..
          മുന്നോട്ട് നടക്കാന്‍ ശ്രമിക്കുകയായിരുന്ന രാകേഷ് കുമാറിന്റെ  കൈപിടിച്ച്  ജാവേദ് പിറകിലേക്ക് വലിച്ചു.
മുന്നോട്ട് പോകുന്നത് ആപത്താണ്. രാത്രിയാണ്. ആളുകള്‍ അക്രമാസക്തരാണ്. പൊലിസ് എന്തും ചെയ്യാന്‍ മടിക്കില്ല. നമുക്ക് പിറകിലേക്ക് മാറാം. പ്രധാന പാതയില്‍ നിന്നും മാറി ചെറിയ വഴികളുണ്ടോ എന്ന് നോക്കാം..
                    പിറകിലേക്കുള്ള നടത്തവും എളുപ്പമായിരുന്നില്ല. കുത്തിയൊഴുകി വരുന്ന ബ്രഹ്മപുത്രയില്‍ ‍ പെട്ടെന്നൊരു തടസ്സമുണ്ടാകുമ്പോള്‍ അത് ചില ഗ്രാമങ്ങളെത്തന്നെ മുക്കിയൊഴുകുും. പുതിയ വഴികള്‍ ഉണ്ടാക്കിയൊഴുകും. ഭ്രാന്തു പിടിച്ച് മുന്നില്‍ കണ്ടതെല്ലാം തകര്‍ക്കും .അതു പോലെ അപ്പോളും ബാരിക്കേഡിനു മുന്നിലേക്ക് മനുഷ്യനദി ഇരച്ചുകൊണ്ട് വരുന്നുണ്ടായിരുന്നു. പടക്കം പൊട്ടുന്ന പോലെ ഒരു ശബ്ദം കേട്ടു. അതിന്റെ പിന്നാലെ ഉയരുന്ന ആളുകളുടെ ആക്രോശങ്ങള്‍..
പൊലിസ് ടിയർഗാസ് ഷെല്ലുകൾ പൊട്ടിച്ചിട്ടുണ്ടായിരിക്കും. . അവിടം വിട്ടത് നന്നായി. അല്ലെങ്കില്‍ ഈ ഇരുട്ടില്‍ പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലായിരുന്നു.രാകേഷ് പറഞ്ഞു
 ഡിവൈഡറുകളുടെ മുകളിലൂടെ നടന്നും ചാടിയും ഒരു കിലോമീറ്റര്‍ എങ്കിലും പിറകിലേക്ക് മാറിയിട്ടുണ്ടാകണം. രംഗവാലി നദിയുടെ പാലത്തിലെത്തിയപ്പോളാണ് നിന്നത്. പാലത്തിന്റെ കൈവരികളില്‍ തുണികളും ചാക്കും വിരിച്ച് കിടക്കുന്നവര്‍ക്കിടയില്‍ കിടക്കുമ്പോളും ദൂരെ നിന്ന് ആരവങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു..
ഹമേം ഗോലി മാരൊ..
ഹമേം ലടകാ ദേം..
ഹമാരാ ഖൂന്‍ പീ ലൊ.
ഹമാരെ ശവോം കൊ ഖാവൊ
ഹമേം ഭീ ജലാ ദേം
                                                               7
                                                    പലഭാഷകളിലെ കലമ്പലുകള്‍ കേട്ട്  ഉണരുമ്പോള്‍ നേരം പുലരുകയായിരുന്നു. പാലത്തിന്റെ കൈവരിയോട് ചേര്‍ന്നു കിടന്നവര്‍ തുണികളും ചാക്കുകളും മടക്കി വക്കുന്നു. അപ്പോളും തലവഴി മൂടിപ്പുതച്ച് കിടന്നുറങ്ങവരുടെ അരികിലൂടെ എത്രയോ പേര്‍ നടന്നു പോകുന്നു. ഒരേ പാതയില്‍ ചിലര്‍ നടക്കുന്നു, ചിലര്‍ കിടക്കുന്നു, ചിലര്‍ ഉറങ്ങുന്നു..പല വേഷക്കാര്‍, പല ജാതിക്കാര്‍, പല ഭാഷക്കാര്‍...അനേകതാ മേം ഏകതാ.
                                                      ബാഗുകള്‍ എടുത്ത് , പഴ്സുകളിലെ പണവും ഫോണും ഉറപ്പുവരുത്തി വീണ്ടും നടക്കാനൊരുങ്ങി. കഴിഞ്ഞ ദിവസം പിറകിലേക്കോടിയ വഴിയിലൂടെ മുന്നിലേക്ക് നടന്നപ്പോള്‍ കെട്ടിനിര്‍ത്തിയ അണ കുത്തിയൊലിച്ചു പോയതിന്റെ പാടുകള്‍. നടുവൊടിഞ്ഞ് കിടക്കുന്ന വിളക്കുകാലിന് താഴെ അനാഥമായിക്കിടക്കുന്ന ചെരിപ്പുകള്‍. തുണികള്‍. .മുന്‍വശത്തെ ഗ്ളാസ് തകര്‍ന്ന ഒരു പൊലിസ് വണ്ടി. പൊട്ടിത്തൂവി കിടക്കുന്ന ചില്ലുകള്‍. പാതയില്‍ പലയിടത്തും കറുത്തു കിടക്കുന്ന ചോര. വിസര്‍ജ്യം‍ കൊണ്ട് നിറഞ്ഞ ഒാരങ്ങള്‍. തലേന്ന് രാത്രി നിരത്തിയ ബാരിക്കേഡുകള്‍ പാതയോരത്തേക്ക് നീക്കിവച്ചിരുന്നു. പൊലിസ് വാഹനത്തിനരികില്‍ കാവല്‍ നില്‍ക്കുന്ന രണ്ടു പൊലിസുകാര്‍.കുറച്ചു കൂടി നടന്നപ്പോള്‍ അടിച്ചു തകര്‍ക്കപ്പെട്ട് നാലഞ്ചു ലോറികള്‍.  സുന്ദര്‍പുരില്‍ ജാല്‍ ദര്‍ശന്‍ സൊസൈറ്റിയുടെ കെട്ടിടത്തിന് മുന്നിലെത്തിയപ്പോള്‍ ഒന്നു നിന്നു. അവിടെ ഇന്നലെ കെട്ടിടം കൊള്ളയടിക്കാന്‍ ശ്രമിച്ചതാണെന്ന് കൂടി നില്‍ക്കുന്നവര്‍ പറയുന്നുണ്ടായിരുന്നു.

            പുലിസ് സാമനെ ഹെ..വഹ് ഗുസ്സെ മേം ഹെ..കല്‍ ഹുയി പത്തര്‍ കീ ഘടനാ മേം ചാര്‍ പുലിസ് ധായല്‍ ഹൊ ഗയെ.
ഹമാരെ ലോഗ് ഇസ് സെ കഹീ ജ്യാദാ ആഹത് ഹെ..ഉനാംനെ മേരെ സാഥിയോം കൊ നികാല്‍ ലിയാ.. ഇരകളാണ് നാം കുറ്റവാളികളല്ല. ജോലിയില്ലാതെയും പണമില്ലാതെയും ഭക്ഷണമില്ലാതെയും വീട്ടിലേക്ക് മടങ്ങുമ്പോള്‍ വാഹനങ്ങള്‍ നല്‍കുന്നതിന് പകരം നമ്മളെ ജയിലിലേക്ക് അയയ്ക്കുകയാണോ സര്‍ക്കാര്‍ ചെയ്യേണ്ടത്.
            ഖബ്ടയിലെത്തുമ്പോള്‍  ഒരാള്‍ പറയുന്നത് കേട്ടു. അയാള്‍ വരുന്നവരോടൊക്കെ ആ മുന്നറിയിപ്പ് കൊടുക്കുന്നുണ്ടെങ്കിലും ആളുകള്‍ ജാഥ പോലെ മുന്നോട്ടു തന്നെ നടന്നു കൊണ്ടിരുന്നു. കഴിഞ്ഞ ദിവസം പൊട്ടിയൊഴുകിയ നദി കുറച്ചൊഴുകി വീണ്ടും കെട്ടിക്കിടക്കുകയാണ്. മുന്നിലേക്ക് നടക്കുമ്പോള്‍ വഴിയില്‍ ഒരു പെട്രോള്‍ പമ്പിന് മുന്നില്‍ വീണ്ടും പൊലീസ് വാഹനം കണ്ടു. അവിടെ നിര്‍ത്തിയിട്ടിരിക്കുന്ന അനേകം ലോറികള്‍.ആംബുലന്‍സുകള്‍ പൊലീസ് ബസുകള്‍. നേരെത്തെ തടഞ്ഞിട്ട നൂറുകണക്കിന് ആളുകളും. രണ്ടു കിലോ മീറ്റര്‍ ദൂരമെങ്കിലും ആളുകള്‍ കെട്ടിക്കിടക്കുന്നുണ്ടാകുമെന്ന് തോന്നി. ബാരിക്കേഡുകള്‍ കെട്ടി പാത കൂടുതല്‍ ബന്തവസാക്കിയിരുന്നു. കാക്കിയുടുപ്പ് ധരിച്ച പൊലിസുകാര്‍ പാത കയ്യടക്കി നിന്നിരുന്നു.  ഡിവൈഡറുകളിലൂടെയും തിരക്കിലൂടെയും മുന്നിലേക്ക് നടന്നു വരുന്നവരെയെല്ലാം പൊലിസ് തടഞ്ഞു നിര്‍ത്തി പാതയില്‍ ഇരുത്തുന്നുണ്ടായിരുന്നു. എല്ലാവരോടും ജോലിചെയ്തിരുന്ന സ്ഥലവും പോകേണ്ട സ്ഥലവും ചോദിച്ചറിഞ്ഞു.

സഭീ കാ ശാംത് ഹോനാ ചാഹിയെ. സര്‍ക്കാര്‍ ആപ് കാ യാത്രാ കെ ബാരെ മേം സോച്  രഹാ ഹെ. തബ് തക്
ധൈര്യ രഖേം. എല്ലാവരും അകലം പാലിച്ച് ഇരിക്കണമെന്നും മാസ്ക് ധരിക്കണമെന്നും പൊലിസ് മൈക്കിലൂടെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
                            ആളുകള്‍ നിലത്തിരുന്ന് കയ്യിലുള്ള ബിസ്കറ്റ് പാക്കറ്റുകളും ബ്രെഡുമെല്ലാം തിന്നു കൊണ്ടിരുന്നു. ബഹളം ഒന്നൊതുങ്ങിയിരുന്നു. പാതയുടെ ഒരു ഭാഗത്തുകൂടി വണ്ടികള്‍ക്ക് കടന്നു പോകാന്‍ പൊലിസ് വഴിയൊരുക്കിയിരുന്നു. നേരം ഉച്ചയായിട്ടും പൊലിസ് മുന്നില്‍ നിന്നും മാറുകയോ ആരെയെങ്കിലും കടത്തി വിടുകയോ ചെയ്യാതായപ്പോള്‍ പൊലിസ് നുണപറയുകയാണെന്ന് പറഞ്ഞ് ആളുകള്‍ പിന്നെയും ബഹളം വക്കാന്‍ തുടങ്ങി.
വേ ഹമേം ദോകാ ദേ രഹെ ഹെം, വാഹന്‍ നഹീം പഹുംചായാ ജായേഗാ. ഇസ് രാസ്തെ പര്‍ ഹമേം മൗത് കെ ഘാട് ഉതര്‍നെ കീ യോജനാ ഹെ..
           ചിലര്‍ വിളിച്ചു പറഞ്ഞു.  ഉച്ചയായപ്പോള്‍ സ്ഥലത്തേക്ക് വലിയ ടാങ്കറുകളില്‍ വെള്ളം കൊണ്ടു വന്നു. കുറച്ചു പേരെ വീതം വരിയായി വെള്ളമെടുക്കാന്‍ പൊലിസ് അനുവദിച്ചു. അല്പം കഴിഞ്ഞപ്പോള്‍ ബ്രഡ് പാക്കറ്റുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങി. ആളുകളെ അപ്പോളും മുന്നോട്ട് വിടാന്‍ തുടങ്ങിയിരുന്നില്ല. ഒാരോ സംസ്ഥാനത്തുനിന്നുള്ളവരുടെയും പ്രതിനിധികള്‍ക്ക് മൈക്ക് കൈമാറി പൊലിസിന്റെ സന്ദേശം എല്ലാവരും അറിയിക്കാന്‍ തുടങ്ങിയിരുന്നു. ബാരിക്കേഡ് നീക്കിയിട്ട്   ഭക്ഷണവുമായി പൊലീസ് വാഹനങ്ങള്‍  ആളുകളിരുന്ന ഭാഗത്തേക്ക് നീങ്ങുന്നുണ്ടായിരുന്നു. വാഹനം മുന്നോട്ട് വരുമ്പോള്‍ ആളുകള്‍ വഴിയൊരുക്കി.  ചിലര്‍ പൊതികള്‍ അഴിച്ച് ആര്‍ത്തിയോടെ തിന്നാന്‍ തുടങ്ങി. ജാവേദും രാകേഷും രോഹനും ഒരു പാക്കറ്റ് പങ്കിട്ട് കഴിച്ച് ബാക്കി ബാഗിലേക്ക് തിരുകി. എപ്പോഴാണ് ഭക്ഷണം നിലക്കുകയെന്ന് പറയാന്‍ കഴിയില്ല. ഊഴം വച്ച് വീപ്പകളില്‍ നിന്ന്  കുപ്പികളില്‍ വെള്ളം നിറച്ചു കൊണ്ടു കുടിച്ച്  പാതയോരത്തെ പുല്‍ത്തകിടിയില്‍ മലര്‍ന്നു കിടന്നു.
                              ഉച്ചതിരഞ്ഞപ്പോള്‍ യാത്രക്കായി ട്രക്കുകളും വാനുകളും ഏര്‍പ്പെടുത്തുന്നുണ്ടെന്നും തിരക്ക് ഒഴിവാക്കി സഹകരിക്കണമെന്നും വീണ്ടും പൊലിസിന്റെ മൈക്ക് ശബ്ദിക്കാന്‍ തുടങ്ങി. ആളുകള്‍ സന്തോഷത്തോടെ ആര്‍ത്തു വിളിക്കുന്നുണ്ടായിരുന്നു. വൈകുന്നേരമായപ്പോളേക്കും പൊലിസ് അകമ്പടിയില്‍ ലോറികള്‍ ഖബ്ടയിലേക്ക് എത്തിക്കാന്‍ തുടങ്ങി. ലോറികള്‍ അകലെ പാര്‍ക്ക് ചെയ്ത് ആളുകളെ അകലം പാലിച്ച് ചെറിയ ഗ്രൂപ്പുകളായി അച്ചടക്കത്തോടെ കയറ്റിവിടാന്‍ പൊലിസ് ശ്രമിച്ചെങ്കിലും വണ്ടികളുടെ ഇരിക്കാനാവുന്ന ഇടങ്ങളിലെല്ലാം കയറിപ്പറ്റാന്‍ ആളുകള്‍ മത്സരിക്കാന്‍ തുടങ്ങി. ചരക്കുകയറ്റിയ ചാക്കുകള്‍ക്കു മീതെ പോലും ആളുകള്‍ തൂങ്ങിക്കയറി. അതുവരെ ചവിട്ടി വന്ന സൈക്കിളുകള്‍ ലോറികളില്‍ കെട്ടി വച്ചു.
                    മുന്നിലെ തിരക്ക് ഒഴിയുന്നതിനനുസരിച്ച് പിറകില്‍ തിരമാലകളുടെ ശക്തി കൂടിവരികയായിരുന്നു.  ഗുജറാത്തിലേക്ക് പല സംസ്ഥാനങ്ങളില്‍ നിന്നും ലോഡുമായി വന്ന് തിരിച്ചു പോകുന്ന ലോറികളായിരുന്നു കൂടുതല്‍. നേരത്തെ കയറ്റിവന്ന ചരക്കുകളുടെ മണം അവയില്‍ നിറഞ്ഞു നിന്നിരുന്നു.  ഉത്തര്‍ പ്രദേശിലേക്ക് പോകുന്ന                            പത്തിലേറെ ട്രക്കുകള്‍ പൊലിസ് പിടിച്ചിട്ടിരുന്നു. . അതിലെ ഡ്രൈവര്‍മാര്‍ക്ക്  പൊലീസ് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നുണ്ടായിരുന്നു..
                                             ഇരുട്ടു പരക്കുമ്പോഴാണ്  ജാവേദിനും രാകേഷിനും രോഹനും ലോറിയിലാണ് കയറാനായത്.  ലോറിയുടെ പിറകില്‍ ജീവനുള്ള ചരക്കുവസ്തുക്കളായി നൂറിനടുത്ത് ആളുകള്‍ ചീഞ്ഞ മണമുള്ള പ്ളാറ്റ്ഫോറത്തില്‍ നിന്നും ഇരുന്നും കിടന്നും യാത്രക്ക് ഒരുങ്ങുകയാണ്. അവരുടെ ലക്ഷ്യത്തിലേക്ക് കുറച്ചു ദൂരമെങ്കിലും നടക്കാതെ എത്താമല്ലോ എന്ന സമാധാനം തെല്ലിരുട്ടിലും തിളങ്ങി നിന്നു.ഫോണുകള്‍ എടുത്ത് പലരും വീടുകളിലേക്ക് വിളിച്ച് ട്രക്കില്‍ കയറിയ കാര്യം സന്തോഷത്തോടെ പറയുന്നുണ്ടായിരുന്നു. 
ഗര്‍ ജാനേ കേലിയേ മൗഖാ മിലാ, ബഹുത് ഖുശീ ഹേ. ഏക് മഹീനേ ഹോഗയാ ഗര്‍ ജാനേ കേലിയേ സോച് രഹാതേ .

                        ഒാരോ വാഹനം പുറപ്പെടുമ്പോഴും സുരക്ഷിതമായി യാത്ര ചെയ്യണമെന്നും മാസ്ക് ധരിക്കണമെന്നും കിട്ടുന്ന അവസരങ്ങളിലെല്ലാം കൈ കഴുകാന്‍ ശ്രദ്ധിക്കണമെന്നും പൊലീസ് മൈക്കിലൂടെ അറിയിക്കുന്നുണ്ടായിരുന്നു. വഴിയരികിലെ ഹനുമാന്‍ മന്ദിറിന്റെ മുന്നില്‍ ട്രക്ക് നിര്‍ത്തി. ഡ്രൈവര്‍മാര്‍ ഇറങ്ങി മന്ദിറിന്റെ മുന്നില്‍ കുമ്പിട്ട് വീണ്ടും യാത്ര തുടര്‍ന്നു. ഗ്രാമത്തിലേക്ക് നടക്കാമെന്ന് തീരുമാനിക്കുമ്പോളും യാത്രയെക്കുറിച്ചുള്ള പ്രധാന ആധി ഏത് സമയത്ത് ആരാലാണ് ആക്രമിക്കപ്പെടുകയെന്നതായിരുന്നു. അങ്ങിനെയായിരുന്നു ചുറ്റുപാടുമുണ്ടായിരുന്ന അനുഭവങ്ങള്‍.


രാജ്കോട്ടില്‍ തന്നെപ്പോലെ ഒരു ഫാക്ടറിയില്‍ സെക്യൂരിറ്റി ജോലി ചെയ്തിരുന്ന ചെറുപ്പക്കാരനെ ഫാക്ടറി ഉടമയും സംഘവും ചേര്‍ന്ന് കെട്ടിയിട്ടശേഷം തല്ലിക്കൊല്ലുകയായിരുന്നു. മുകേഷ് വാനിയക്ക് കൂടിപ്പോയാല്‍ നാല്പത് വയസ്സുകാണും. അയാളുടെ കൂടെയുണ്ടായിരുന്ന ഭാര്യക്ക് നേരെയും ക്രൂരമര്‍ദ്ദനമാണുണ്ടായത്. സെക്യൂരിറ്റി ജോലി കഴിഞ്ഞ് മിച്ചമുണ്ടാകുന്ന സമയത്ത്  മുകേഷ് വാനിയയും ഭാര്യയും  ഫാക്ടറി പരിസരത്തുനിന്നും പഴയ സാധനങ്ങള്‍ ശേഖരിക്കുമായിരുന്നു. അങ്ങെനെ ശേഖരിച്ചുണ്ടാക്കുന്ന സാധനങ്ങള്‍ അവര്‍ താമസ സ്ഥലത്ത് ശേഖരിക്കും. മാസാവസാനത്തില്‍ അത് വിറ്റുകിട്ടുന്ന തുക കൊണ്ട്  അവര്‍ സമീപത്തെ ഓട്ടോ പാര്‍ട്സ് ഫാക്ടറിക്ക് സമീപം കാന്തം ഉപയോഗിച്ച് പഴയ വസ്തുക്കള്‍ ശേഖരിക്കവെയാണ്, ഇവരെ മോഷാടാവെന്ന് ആരോപിച്ച് പിടികൂടിയത്.
                               ഫാക്ടറി ഉടമയുടെ നേതൃത്വത്തിലെത്തിയ സംഘം  അവരെ വളഞ്ഞപ്പോള്‍  തങ്ങള്‍ കള്ളന്മാരല്ലെന്നും ആര്‍ക്കും വേണ്ടാതെ ഉപേക്ഷിച്ചു കിടക്കുന്ന സാധനങ്ങളാണ് എടുക്കുന്നെതന്നെല്ലാം കരഞ്ഞു പറഞ്ഞു. വന്ന സംഘം അതൊന്നും വകവച്ചില്ല. മുകേഷിന്റെ അരയില്‍ കയറു കൊണ്ട് കെട്ടി. അറവു മൃഗത്തെപ്പോലെ നിലത്തുകൂടി വലിച്ചിഴച്ചു. പാമ്പിനെ തല്ലുന്നതുപോലെ തലങ്ങും വിലങ്ങും തല്ലി.  കരഞ്ഞു കൊണ്ട് ഭര്‍ത്താവിന് മുകളില്‍ പൊതിഞ്ഞു കിടന്ന തടഞ്ഞ ഭാര്യയെയും വെറുതെ വിട്ടില്ല.  തരിഞ്ഞു നോക്കാതെ ഒാടാനായിരുന്നു സംഘത്തലവന്റെ കല്പന. ഭര്‍ത്താവ് അടികൊണ്ട് പിടയുന്നത് കണ്ടു കൊണ്ട് പോകാതെ നിന്ന ആ സ്ത്രീ പിന്തിരിഞ്ഞ് ഒാടുന്നതു വരെ അടിയും കല്ലേറും തുടര്‍ന്നു. അല്പദൂരം ഒാടി അടുത്ത തെരുവിലെ ആളുകളെ വിളിച്ചൂകൂട്ടി ആ സ്തീ പിന്നെയും എത്തിയപ്പോളും മാംസപിണ്ഡം പോലെ കിടന്ന മൂകേഷിന്റെ ശരീരത്തിലേക്ക് സീല്‍ക്കാരത്തോടെ  വടികള്‍ ഉയര്‍ന്നു താണുകൊണ്ടി രിക്കുകയായിരുന്നു.

                       ആളുകള്‍ കൂടിയതോടെ  സംഘം അവിടം വിട്ടു പോയി.  മുകേഷിന്റെ കൈകാലുകള്‍   കെട്ടിയിട്ട  കയറുകള്‍ അഴിച്ചു മാറ്റിയപ്പോള്‍ അയാള്‍ വേദനയോടെ ഞരങ്ങി. വെള്ളത്തിനായി ചുണ്ടു പിളര്‍ത്തി. ആരോ കൊടുത്ത വെള്ളം ആയാസപ്പെട്ട അയാള്‍ രണ്ടിറക്ക് കുടിച്ചു. പിന്നെ അടഞ്ഞു പോകുന്ന കണ്ണുകള്‍ കൊണ്ട് ഭാര്യയെനോക്കി. ഭാര്യയുടെ കൈത്തലത്തിലേക്ക് അയാള്‍ തന്റെ ഒടിഞ്ഞു തൂങ്ങിയ കൈ എടുത്തു വക്കാന്‍ ശ്രമിച്ചു. മുകേഷിനെ  നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് ഒരു റിക്ഷയില്‍ കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ ഭാര്യയുടെ മടയില്‍ തലവച്ച് അയാളുടെ കണ്ണുകള്‍ അടഞ്ഞു പോയി. സാധാരണ പോലെ പൊലീസ് വന്നു പോയി. മൂകേഷ് അന്നാട്ടുകാരന്‍ തന്നെ ആയിരുന്നെങ്കിലും ദളിത് ജാതിയില്‍ പെട്ടവനായിരുന്നു. ജാതിയില്‍ താഴ്ന്നവരുടെ ജീവന് തീപ്പെട്ടിയുടെ വിലപോലുമുണ്ടാവില്ല. ഫാക്ടറി ഉടമയും സംഘവുമാണ് തല്ലിക്കൊന്നതെന്ന് നാട്ടുകാര്‍ക്കെല്ലാവര്‍ക്കും അറിയാമായിരുന്നിട്ടും ആരും പൊലീസിന് മൊഴി കൊടുത്തില്ല. അങ്ങിനെ ആരും ഉത്തരവാദിയല്ലാത്ത ഒരു കൊലപാതകമായി മൂകേഷ് അവസാനിച്ചു. മൂകേഷിനെയോ ഭാര്യയേയോ പിന്നെ ആരും ഒാര്‍ക്കുന്നുപോലുമുണ്ടാവില്ല. താന്‍ ജോലിയെടുക്കുന്ന കമ്പനിയിയില്‍ ഒപ്പമുണ്ടായിരുന്ന രാജ്കോട്ടില്‍ നിന്നുള്ള സുഹൃത്ത് പലതവണ പറഞ്ഞ കഥ.  അതോര്‍ക്കുമ്പോള്‍ എങ്ങിനെ ഉറക്കം വരാനാണ്.
                    മേഘം കൊണ്ട് മുഖാവരണമിട്ട് ‍ നിലാവ്  അവരെ തൊട്ടു. ക്ഷീണം കൊണ്ടും തെല്ലാശ്വാസം കൊണ്ടും ലോറിയുടെ പ്ളാറ്റ് ഫോറത്തില്‍ പരസ്പരം ഉരുമ്മിക്കൊണ്ട് തിക്കിത്തിരക്കി കിടന്നു. രാത്രി കറുപ്പുകൊണ്ട് അവരെ പുതപ്പിച്ചു. കുടിയേറ്റത്തൊഴിലാളിയുടെ ജീവിതത്തിന്റെ നിറമാണ് കറുപ്പ്. പണമുള്ളവര്‍ക്ക് അതൊരു നിറമല്ല. ജീവിതത്തിന് മറ്റു നിറമില്ലാത്തവരുടെ സ്വപ്നങ്ങളില്ലാത്ത ശൂന്യതയുടെ പേരാണ് കറുപ്പ്. കറുപ്പില്‍ കണ്ണിരൊലിച്ചുണ്ടാകുന്ന പാടുകള്‍ ആരും കാണാതെ വേഗത്തില്‍ ഉണങ്ങുന്നുണ്ടല്ലോ. ജാവേദ് മുഖം മറച്ചുകെട്ടിയിരുന്ന തൂവാല അഴിച്ച് കണ്ണുകള്‍ തുടച്ചു.
                      ഖബ്ടയില്‍ നിന്നും പുറപ്പെട്ട് എത്ര നേരമായെന്നറിയില്ല. ഇടക്കുണരുമ്പോള്‍ ട്രക്ക്  ഇരുട്ടിലൂടെ പാഞ്ഞുകൊണ്ടിരിക്കുകയാണ്.  ഒാരോ വാഹനം കടന്നു പോകുമ്പോളും പാതയിലൂടെ നടന്നു പോകുന്നവര്‍ നിര്‍ത്തുവാന്‍ ആര്‍ത്തു വിളിച്ചു.  നിര്‍ത്താതെ പോകുമ്പോള്‍ ഉറക്കെ ശപിച്ചു. വാഹനത്തിനുള്ളിലുള്ളവരാകട്ടെ  അതുവരെ ഇല്ലാതിരുന്ന വേഗതയില്‍ തങ്ങളുടെ ദേഹങ്ങള്‍ ദൂരത്തെ പിന്നിടുന്നത് കണ്ട് സമാധാനിച്ചു. . ജീവിച്ചു തീര്‍ത്ത വര്‍ഷങ്ങളെപ്പോലെ വിളക്കുകാലുകള്‍ പിറകിലെ ഇരുട്ടിലേക്ക് ഒാടി .
                     അംലനില്‍ മഹാരാഷ്ടയുടെ ചെക്ക് പോസ്റ്റ്. ട്രക്കില്‍ യാത്രക്കാരെ കണ്ട് ഡ്രൈവര്‍മാരുമായി പൊലീസ് തര്‍ക്കിച്ചു. ഗുജറാത്ത് പൊലിസ് കയറ്റി വിട്ടതാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നുണ്ടായിരുന്നു. അര മണിക്കൂര് ചെക്ക് പോസ്റ്റില്‍ കിടന്നപ്പോള്‍ പലരും വണ്ടിയുടെ പ്ളാറ്റ്ഫോറത്തില്‍ കിടന്നു. ലോറിയുടെ ബോഡിയില്‍ പിടിച്ചുകയറി ടോര്‍ച്ചടിച്ച്  പ്ളാറ്റ്ഫോറത്തിലേക്ക് സംശയത്തോടെ നോക്കി.എല്ലവാരും കണ്ണടച്ച് നിശബ്ദരായി കിടന്നു. 
                                       മധ്സിഗ്യയില്‍ മധ്യപ്രദേശ് പൊലീസ് ട്രക്ക് കൈകാണിച്ചു നിര്‍ത്തി. ട്രക്കിലെ ഡ്രൈവര്‍മാരെ പുറത്തിറക്കി. പൊലിസ് എല്ലാവരെയും പുറത്തിറക്കി വരി നിര്‍ത്തി. ഒാരോരുത്തരുടെയും തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചു. ഇല്ലാത്തവരോട് മാറി നില്‍ക്കാന്‍ പറഞ്ഞു. അവര്‍ കൂട്ടത്തില്‍ നിന്ന് മാറാന്‍ കൂട്ടാക്കാതെ നിന്നപ്പോള്‍ പൊലീസിന്റെ ശബ്ദം ഉയര്‍ന്നു. ഒരു മണിക്കൂറെങ്കിലും അവിടെ കിടന്നിരിക്കണം. അവസാനം ട്രക്കിന് പോകാന്‍ അനുമതി കിട്ടി.വീണ്ടും എല്ലാവരും ലോറിയില്‍ പിടിച്ചു കയറിത്തുടങ്ങി. അപ്പോളേക്കും അടുത്ത ഒരു ലോറി പിറകില്‍ വന്നിരുന്നു. പൊലീസ് അതിന്റെയടുത്തേക്ക് നീങ്ങി. ഇളം വെയിലേറ്റ് കിടന്നപ്പോള്‍ മയക്കം വന്നു. ജാവേദ് അതുവരെ അനുഭവിക്കാത്ത സമാധാനത്തോടെ പിന്നെയും ഉറക്കമായി.
                    8
                  വിലകുറഞ്ഞ മാസ്കുുകള്‍ കെട്ടി ഒരകലവും പാലിക്കാന്‍ കഴിയാതെ നടന്നു പോകുന്നവര്‍ ഒാരോ കവലയില്‍ നിന്നും ലോറിക്ക് കൈ കാണിക്കുന്നു,രാകേഷും രോഹനും നേരത്തെ ഉണര്‍ന്ന് ലോറിയുടെ ബോഡിയില്‍ പിടിച്ച് നില്‍ക്കുകയാണ്. ജാവേദും എഴുന്നേറ്റ് അവര്‍ക്കരികിലേക്ക് നീങ്ങി നിന്നു. പോകുന്നിടത്തെല്ലാം  നടക്കുന്നവരുണ്ട്. റോഡരികില്‍ തന്നെ തളര്‍ന്നു കിടന്നുറങ്ങുന്നവരുണ്ട്.‍
                       ബിച്ചോളിയെത്തുമ്പോള്‍ ഉച്ചയായിരുന്നു. മുമ്പില്‍ ഒരു ട്രക്കും കുറെ പൊലീസ് വണ്ടികളും നില്‍ക്കുന്നു. ചെറിയ തടസ്സം റോഡില്‍ കണ്ട് ‍ഡ്രൈവര്‍ വണ്ടി കിട്ടിയ സ്ഥലത്ത് ഒതുക്കി നിര്‍ത്തി. അപ്പോള്‍ നിര്‍ത്തിയിട്ട ആ ട്രക്കിനോട് ചേന്നു നില്‍ക്കുകകയാണ്. ജാവേദ് ആ വണ്ടിയിലേക്ക് നോക്കി. അതില്‍ കുറച്ചു പേര്‍ നില്‍ക്കുന്നുണ്ട്. ലോറിക്കുള്ളില്‍ പൊലീസുകാര്‍ കയറിയിട്ടുണ്ട്. ഒന്നു കൂടി സൂക്ഷിച്ചു നോക്കിയപ്പോള്‍ ലോറിയില്‍ ടാര്‍പോളിന്‍ കൊണ്ട് പൊതിഞ്ഞുകെട്ടി രണ്ടു രൂപങ്ങള്‍. അതു രണ്ടു ശവശരീരങ്ങളാണെന്ന് മനസ്സിലായപ്പോള്‍ ജാവേദിന് തലകറങ്ങുന്ന പോലെ തോന്നി. പൊലീസുകാര്‍ ഉള്ളിലുള്ള മറ്റാളുകളോട് എന്തൊക്കെയോ പറയുന്നുണ്ട്. അവരെല്ലാവരും ചേര്‍ന്ന് ആ ശരീരങ്ങള്‍ താഴെക്ക് ഇറക്കുകയാണ്. പല ആളുകള്‍ ചേര്‍ന്ന് ഇറക്കുമ്പോള്‍ തെന്നിമാറിയ ടാര്‍പോളിന്‍ ഷീറ്റിലൂടെ രണ്ടു ജോഡി കറുത്ത കാലുകള്‍ ജാവേദ് കണ്ടു. അവയുടെ അടിഭാഗം പൊള്ളിയ പോലെ അടര്‍ന്നു മാറിയിരുന്നു. അതിനു പിന്നാലെ എന്തൊക്കെയോ കുത്തിനിറച്ച രണ്ടു റെക്സിന്‍ ബാഗുകള്‍. ജാവേദ് കണ്ണു പിന്‍വലിച്ചു.
                   എന്താണ് കാര്യമെന്ന് രോഹന്‍ അപ്പുറത്തെ വണ്ടിയിലുള്ള ഒരാളോട് ചോദിക്കുന്നുണ്ടായിരുന്നു. മഹാരാഷ്ട അതിര്‍ത്തിയില്‍  ഉത്തര്‍ പ്രദേശിലേക്ക്  നടപ്പു തുടങ്ങിയ സംഘത്തിലെ രണ്ടു പേര്‍. രാവും പകലുമുള്ള നടത്തത്തില്‍ കുഴഞ്ഞ് വീണ രണ്ടു പേര്‍. അവര്‍ക്കു ചുറ്റും കൂടിനില്‍ക്കേ വന്ന പൊലീസ് വാഹനം പിന്നാലെ വന്ന ലോറി കൈകാണിച്ച് നിര്‍ത്തി. എല്ലാവരെയും അതിലേക്ക് കയറ്റി. അതോടൊപ്പം മരിച്ച രണ്ടുപേരുടെ ശരീരങ്ങളും. വെറും ടാര്‍പോളിന്‍ കൊണ്ടു മൂടിയിട്ട് അതിനു ചുറ്റും മറ്റുള്ളവര്‍ ഇരുന്ന് ഈ ദൂരം വരെ. ആ യാത്ര തുടങ്ങുമ്പോള്‍ സ്വന്തം ഗ്രാമത്തിലെത്തുന്നത് സ്വപ്നം കണ്ട രണ്ടുപേര്‍ ആ സ്വപ്നം ബാക്കിവച്ച് യാതനകളില്ലാത്ത ലോകത്തേക്ക് എത്തിക്കഴിഞ്ഞിരുന്നു. ജീവനുള്ളവര്‍ക്കൊപ്പം മരിച്ച രണ്ടു പേരെയും വഹിച്ച് ട്രക്ക് നീങ്ങുമ്പോള്‍ അവരുടെ ചിന്ത എന്തായിരിക്കും. ഇന്നല്ലെങ്കില്‍ നാളെ അവസാനിച്ചേ ക്കാവുന്ന തങ്ങളുടെ തന്നെ സ്വപ്നങ്ങളെ അവരെങ്ങിനെയായിരിക്കും സമാധാനിപ്പിച്ചിരിക്കുക.? ആലോചിച്ച് ജാവേദിന് എത്തും പിടിയും കിട്ടിയില്ല.            
                   ആ ട്രക്ക് പാതയോരത്തേക്ക് മാറ്റിയിട്ട് മുഴുവന്‍ പേരെയും പുറത്തിറക്കി നിര്‍ത്തിയിരിക്കുകയാണ്. മരിച്ചവരുടെ ബാഗുകള്‍ മറ്റുള്ളവര്‍ തുറന്ന് രണ്ടു കാര്‍ഡുകള്‍ പുറത്തെടുത്ത് പൊലീസിന് കൈമാറി. പൊലീസ് അത് ടാര്‍പോളിന്‍ നീക്കി മരവിച്ച ആ മുഖങ്ങളോട് ഒത്തു നോക്കുുന്നത് കണ്ടപ്പോള്‍ ജാവേദിന് വല്ലാതെ മനം പിരട്ടി. അയാള്‍ ലോറിയുടെ പ്ളാറ്റ്ഫോറത്തിലേക്ക് ഇരുന്നു. കണ്ണ് മഞ്ഞളിച്ച് ചുറ്റും ഒന്നും കാണാത്തപോലെ. കുറെ നേരത്തേക്ക് ജാവേദിന് തലയുയര്‍ത്താനായില്ല. ട്രക്ക് പതുക്കെ നീങ്ങിത്തുടങ്ങിയപ്പോള്‍ അയാള്‍ പ്ളാറ്റ്ഫോറത്തിലേക്ക് നീണ്ടു നിവര്‍ന്ന് കിടന്നു. തന്നെ ഒരു ടാര്‍പോളിന്‍ വന്നു മൂടുന്നു. ഒന്നും കാണാന്‍ വയ്യ. എന്തൊക്കെയോ വിളിച്ചു പറയണമെന്നുണ്ട്.നാവു ചലിക്കുന്നില്ല. കൈകാലുകള്‍ക്ക് അതുവരെയില്ലായിരുന്ന ഭാരം കനത്തു. ആരോ കുപ്പിവെള്ളം അയാളുടെ വായിലേക്ക് മുട്ടിച്ചു. അതില്‍ നിന്ന് നാലഞ്ചിറക്ക് കുടിച്ചപ്പോള്‍  അയാള്‍ക്ക് എല്ലാ ശബ്ദങ്ങളും നിലക്കുന്നതായും താന്‍ ഇരുട്ടിന്റെ പടുകുഴിയിലേക്ക് വീഴുന്നപോലെയും തോന്നി.
             പിന്നെ കണ്ണുതുറക്കുമ്പോള്‍ ലോറിക്കുള്ളില്‍ അയാള്‍ക്ക് ചുറ്റും മറ്റുള്ളവര്‍ ഇരിക്കുകയായിരുന്നു. രാകേഷും രോഹനും അയാളെ പതുക്കെ ലോറിയുടെ ബോഡിയിലേക്ക് പിടിച്ച് ചാരി ഇരുത്തി. അപ്പോളും കണ്ണുകള്‍ തുറക്കാനാകുന്നുണ്ടായിരുന്നില്ല,
ജാവേദ് ഭായി..എന്തു പറ്റി നിങ്ങള്‍ക്ക്? രോഹന്‍ ചോദിച്ചു.
ഒന്നുമില്ല..രോഹന്‍..ഒന്നുറങ്ങിപ്പോയി..
താങ്കളെ വിളിച്ചിട്ട് മിണ്ടുന്നുണ്ടായിരുന്നില്ല..ശരീരം തണുത്തുപോയിരുന്നു. ഞങ്ങള്‍ ആകെ പേടിച്ചു പോയി.
പേടിക്കേണ്ട സുഹൃത്തുക്കളേ..എനിക്കൊന്നുമില്ല..നമ്മളിപ്പോള്‍ എവിടെയെത്തി?
വിദിഷ‍ പിന്നിടുന്നു.ഭായ്..മനോര അടുക്കുന്നു..
നാഗോണിലേക്ക് ഇനിയെത്ര ദൂരമുണ്ട്?
ഭായ് താങ്കള്‍ ഒന്നുകൂടി ഉറങ്ങിക്കോളൂ..നാഗോണിലേക്ക് ഇനിയും എത്രയോദിവസത്തെ യാത്രയുണ്ട്. താങ്കള്‍ക്ക് നല്ല സുഖമായിട്ടില്ല. ദാ ഈ വെള്ളവും ബിസ്കറ്റും കഴിക്കൂ..പേടിക്കണ്ട. ഞങ്ങള്‍ ഒപ്പമുണ്ട്.
രാകേഷ് നീട്ടിയ വെള്ളക്കുപ്പിയില്‍ നിന്നും ജാവേദ് വെള്ളം ആര്‍ത്തിയോടെ കുടിച്ചു. ബിസ്കറ്റുകള്‍ കടിക്കുമ്പോള്‍ ലോഹത്തില്‍ കടിക്കുന്നതുപോലെ അയാള്‍ക്ക് തോന്നി.
ഭായി സബ്ജി മാര്‍ക്കറ്റ് ആവട്ടെ.ലോറി നിര്‍ത്തുമ്പോള്‍ താങ്കള്‍ക്ക് എന്തെങ്കിലും മരുന്ന് വാങ്ങിക്കാനാകുമോ എന്നു നോക്കാം..
ജാവേദ് പിന്നെയും ലോറിയുടെ പ്ളാറ്റ് ഫോറത്തിലേക്ക് കിടന്നു. മയക്കത്തില്‍ നാരായണ്‍‍ ദാസിന്റെ മുഖം തെളിഞ്ഞു.
ജാവേദ് ഈ പ്രാവശ്യം കൂടി ഞാന്‍ നോക്കും. എന്നിട്ടും അവര്‍ എന്നെ അംഗികരിക്കുന്നില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും.
നാരായണ്‍ പ്രതീക്ഷ കൈവിടരുത്. നാം ഈ നാട്ടില്‍ ഇന്ത്യാക്കാരനായി ജനിച്ചിട്ടുണ്ടെങ്കില്‍ ഈ മണ്ണില്‍ പുരണ്ട് നാം ജീവിച്ചിട്ടുണ്ടെങ്കില്‍ നമ്മളെ പുറത്താക്കാന്‍ ആര്‍ക്കുമാവില്ല. അവസാനം താങ്കള്‍ ജയിക്കുക തന്നെ ചെയ്യും.

മടുത്തു ജാവേദ്. ഇനി ഈ അപമാനം പേറി ജീവിക്കാന്‍ വയ്യ. അധ്വാനിക്കാം, കൂലി കിട്ടും, അതുകൊണ്ട് ആട്ടയും കിഴങ്ങും വാങ്ങാം .പക്ഷേ നമ്മള്‍ ഈ നാട്ടുകാരനല്ലെന്ന് പറഞ്ഞാല്‍? അത് തെളിയിക്കാന്‍ ഹൃദയം പറിച്ചു കാണിച്ചാലും തിരിഞ്ഞു നോക്കാത്തവര്‍ക്കുമുമ്പില്‍ എന്തു ചെയ്യാന്‍. സ്വയം അവസാനിക്കുകയല്ലാതെ.

നാരായണ്‍‍ ദാസ് അസമിലെ ചിതാംഗ് ജില്ലയിലെ കോപ്ടുംപലി ഗ്രാമക്കാരന്‍. അസമിലെ പല തൊഴില്‍ തേടലുകള്‍ക്കിടയില്‍ പരിചയപ്പെട്ട കൂട്ടുകാരന്‍. പിതാവിന്റെ പേര് ബിശ്വാസ് ദാസ്. നാരായണ്‍ദാസിന്റെ  ഭാര്യ പാര്‍ബതിയുടെ മുത്തശ്ശന്റെ പേരും ബിശ്വാസ് ദാസ് എന്നുതന്നെയാണ്. ഈ സാമ്യതയാണ് നാരായണ്‍‍ ദാസിന്റെ ജീവിതത്തെ നീതിയുടെ കറുത്ത തിരശീലയില്‍ കുരുക്കിയിട്ടത്.
                            ഒരു നാള്‍ ഫോറിന്‍ ട്രിബൂണലില്‍ നിന്നും നാരായണ്‍‍ ദാസിന് ഒരു നോട്ടീസ് ലഭിക്കുന്നതോടെയാണ് കാര്യങ്ങള്‍ തകിടം മറിയുന്നത്. നാരായണ്‍ ദാസ് അവരുടെ രേഖപ്രകാരം ഇന്ത്യാക്കാരനല്ല. ഇതിനെതിരെ അപ്പീല്‍ നല്‍കാനായി നാരായണ്‍ ദാസും പാര്‍ബതിയും വണ്ടികയറുമ്പോളാണ് അവരെ അറസ്റ്റ് ചെയ്ത് കൊക്രാജഹാര്‍ ജില്ലാ ജയിലി ലടച്ചത്. അതോടെ മക്കളായ ബിനോയ് ദാസിന്റെയും റാണിദാസിന്റെയും ജീവിതം അനാഥമായി. പിന്നീടൊരു ദിവസം മക്കള്‍ക്കും പൗരത്വമില്ലെന്ന് കാണിച്ച് നോട്ടീസ് വന്നു. മാതാപിതാക്കള്‍ ജയിലിലായ ആ കുട്ടികള്‍ക്ക് മുമ്പില്‍ എല്ലാ വഴികളും അടഞ്ഞുകിടന്നു. അതിനിടയില്‍ നാരായണ്‍ ദാസിനും പാര്‍ബതിക്കും ജാമ്യം ലഭിച്ചു.
                    ഈ നാട്ടില്‍ ജീവിക്കണമെങ്കില്‍ പൗരത്വം തെളിയിക്കണം. ആ അഗ്നിപരീക്ഷ ജയിക്കുകയെന്നത് ജനിച്ച് ജീവിക്കുന്നതിനെക്കാള്‍ പാടാണ്. രേഖകളുണ്ടാക്കാന്‍ നാരായണ്‍ ദാസ് നെട്ടോട്ടം ഒാടി. ജനന രേഖയും സ്കൂളില്‍ പഠിച്ച രേഖയും ഹാജരാക്കി. അപ്പോള്‍ ഭാര്യയുടെ രേഖകള്‍ ഹാജരാക്കാനായി അടുത്ത കല്പന. പിന്നെ അതിനായുള്ള പരക്കം പാച്ചില്‍. ഒടുവില്‍ ആ രേഖകളും ഹാജരാക്കിയപ്പോള്‍ ഫോറിന്‍ ട്രിബൂണലിലെ ഉദ്യോഗസ്ഥര്‍ പൊട്ടിച്ചിരിച്ചു.

എങ്ങിനെയാണ് താങ്കള്‍ക്കും ഭാര്യക്കും ഒരേ പിതാമഹന്മാര്‍ ഉണ്ടാകുന്നത്? അങ്ങിനെയെങ്കില്‍ നിങ്ങളെങ്ങിനെ വിവാഹിതരായി?  നിങ്ങള്‍ക്കെങ്ങനെ മക്കളുണ്ടായി?

ഒരു രാജ്യത്ത് രണ്ടിടത്ത് ജനിച്ച രണ്ടാളുകള്‍ക്ക് ഒരേ പേരുണ്ടാകുകയെന്നത് വലിയ കുറ്റമാകുന്നെന്ന് നാരായണ്‍ ദാസിന് ബോധ്യമായി. ബിശ്വാസ് ദാസ് എന്ന പേരുള്ള ആ രണ്ടുപേരും മണ്ണിലുറങ്ങുകയാണ്. സാക്ഷി പറയാനായി അവരുടെ ആത്മാക്കള്‍ പോലും കൊതിച്ചു കാണും. അത്രത്തോളമുണ്ടായിരുന്നു ആ കുടുംബത്തിന്റെ കണ്ണീര്‍. കുടുംബത്തോടെ ഇല്ലാതാകാന്‍ പലവട്ടം നാരായണ്‍ദാസും പാര്‍വതിയും ആലോചിച്ചു. കുട്ടികളുടെ നനഞ്ഞ കണ്ണുകള്‍ അതില്‍ നിന്നവരെ പിന്‍വലിച്ചെങ്കിലും ഏതു നിമിഷവും തങ്ങള്‍ അതിന് വഴിപ്പെട്ടു പോകുമെന്ന് അവര്‍ ഭയന്നു. ജാമ്യം അവസാനിച്ച് വീണ്ടും കൊക്രാജഹാറിലെ ജയിലിന്റെ, ഇരുണ്ട രാജ്യത്തിന് പുറത്താകുമെന്ന് ഭയന്ന അനേകം പേരുടെ കണ്ണീരുവീട് കട്ടപിടിച്ച അതേ നിലത്തേക്ക് അടക്കപ്പെട്ടും. കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ വഴി പിന്നീടാണ് നാരായണ്‍ ദാസിന്റെ പ്രശ്നം ചിതാംഗിലെ സാമൂഹ്യപ്രവര്‍ത്തകര്‍ ഏറ്റെടുക്കുന്നത്. ബിശ്വാസ് ദാസ് എന്ന പേരില്‍ രണ്ടാളുകള്‍ രണ്ടിടത്ത് രണ്ടു പ്രായത്തില്‍ ഒരേ സമയം ജീവിച്ചു എന്ന പാപം തെളിയിക്കാന്‍ അവരും പെടാപാടുപെട്ടു. അവസാനം ഫോറിന്‍ ട്രിബൂണലിന്റെ ദൃഷ്ടിക്കു മുമ്പിലെ കറുത്ത ശീല ഇത്തിരി മാറി. നീതിയുടെ തുലാസില്‍ നാരായണ്‍ ദാസിന്റെ തട്ട് അല്പം ഉയര്‍ന്നു നിന്നു. അവരുടെ പൗരത്വം അംഗികരിക്കപ്പെട്ട് റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ജയിലിലെ നിലം ഒന്നുകുടി കുതിര്‍ന്നു.
                      നാരായണ്‍ ദാസും പാര്‍ബതിയും മോചിപ്പിക്കപ്പെട്ടു. അപ്പോളും മക്കളുടെ കാര്യത്തില്‍ തീരുമാനമായില്ല. പിന്നെ മക്കളുടെ ജനന രേഖകളും സ്കൂള്‍ രേഖകളുമായി നാരായണ്‍ ദാസ് ഫോറിന്‍ ട്രിബൂണല്‍ കയറിയിറങ്ങി. ആ യാത്രയുടെ അവസാനം ഒരു ദിവസം മക്കളുടെ പൗരത്വം അംഗീകരിച്ച രേഖയുമായി റോഡ് മുറിച്ച് കടക്കുമ്പോള്‍ പാഞ്ഞുവന്ന ഒരു ട്രക്കിനടിയില്‍ നാരായണ്‍ ദാസ് ജീവിതത്തെ ജയിച്ചു. ചോരപുരണ്ട ആ കടലാസ് അപ്പോളും അയാളുടെ കയ്യില്‍ നിന്ന് വേര്‍പെട്ടിരുന്നില്ല.
                    ലോറിയിലെ ദേഹങ്ങളുടെ മുഖത്തുനിന്നും ടാര്‍പോളിന്‍ തെല്ലൊന്ന് മാറുന്നു. ഒന്നിന് നാരായണ്‍ ദാസിന്റെ മുഖം..രണ്ടാമത്തേത് ..രണ്ടാമത്തേത് എവിടെയോ കണ്ടു മറന്ന മുഖം. അതിനെ വട്ടമിട്ട് പറക്കുന്ന അനേകായിരം കൊച്ചു കൊച്ചു വട്ടങ്ങള്‍, അവയില്‍ നിന്നും എഴുന്നു നില്‍ക്കുന്ന മുള്ളുകള്‍. ആ മുള്ളുകള്‍ കൊണ്ട് ചുകന്ന വട്ടങ്ങള്‍ മുഖത്തെ മുട്ടിക്കൊണ്ടിരിക്കുന്നു. മുട്ടുന്നിടത്തുനിന്നെല്ലാം ചോര പൊടിയുന്നു. ചോരയില്‍ കണ്ണുകള്‍ മാഞ്ഞുപോകുന്നു. ചുണ്ടുകള്‍ മാഞ്ഞുപോകുന്നു. മുഖം മൊത്തമായി മാഞ്ഞു പോകുന്നു. അതിപ്പോള്‍ ദേഹത്തു നിന്നും വേര്‍പെട്ട് വായുവില്‍ നില്‍ക്കുന്നു. ടാര്‍പോളിന്‍ പൊതിഞ്ഞ ആ ദേഹത്തിനിപ്പോള്‍ തല ഭാഗം ശൂന്യം. ആ മുഖം തന്നെ നോക്കി ചിരിക്കാന്‍ ശ്രമിക്കുന്നു. അതിന്റെ മഞ്ഞച്ച പല്ലുകളില്‍ ചോരയുടെ നിറം പടരുന്നു. വായുവില്‍ നിന്നുകൊണ്ട് അത് തന്നെ വിളിക്കുന്നു..ജാവേദ് ..ജാവേദ്
ആ മുഖം തെളിഞ്ഞു കിട്ടാനുള്ള ശ്രമത്തിനിടെ ജാവേദ് ഉണര്‍ന്നു..ബോധത്തിനും അബോധത്തിനുമിടയിലെ നൂല്‍പ്പഴുതില്‍ ആ മുഖം ജാവേദിന് മുന്നില്‍ തെളിഞ്ഞു. അത് തന്റെ തന്നെ മുഖമായിരുന്നല്ലോ. അപ്പോള്‍ ജാവേദിന് കരച്ചില്‍ വന്നു. ശ്വാസം നെഞ്ചില്‍ കിടന്ന് പിടഞ്ഞു. അവ്യക്തമായ എന്തൊക്കെയോ ശബ്ദമുണ്ടാക്കി അയാള്‍ ഉണര്‍ന്നപ്പോള്‍  രോഹന്‍ വീണ്ടും ജാവേദിനോട് പറഞ്ഞു

ഭായി താങ്കള്‍ക്ക് നന്നായി പനിക്കുന്നുണ്ട്. ഇടക്ക് ട്രക്ക് സാഗര്‍ മാര്‍ക്കറ്റിനടുത്ത് നിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ താങ്കള്‍ക്ക് ഗുളികകള്‍ വാങ്ങിയിട്ടുണ്ട്. താങ്കള്‍ ഉണരാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു. ഇതാ ഇത് കഴിക്കൂ..പേടിക്കേണ്ടതില്ല..  

രോഹന്റെ മടിയില്‍ തലവച്ചു കിടക്കുകയായിരുന്നു താന്‍. ജാവേദ് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. രാകേഷ് അയാളെ താങ്ങിയിരുത്തി. വെള്ളം കുടിച്ചപ്പോള്‍ കണ്ണുകള്‍ തെളിഞ്ഞു വന്നു. രാകേഷ് കൊടുത്ത  ഗുളിക ജാവേദ് വിഴുങ്ങി. അതിന്റെ കയ്പ് അയാള്‍ അറിഞ്ഞതേയില്ല. അതിനേക്കാള്‍ കയ്പുണ്ടായിരുന്നല്ലോ ജീവിതത്തിന്..
രോഹന്‍ നമ്മളിപ്പോള്‍ എവിടെയാണ്?
നമ്മളിപ്പോള്‍ യാത്ര തുടങ്ങി ഒരു പകല്‍ പൂര്‍ത്തിയാകാറാകുന്നു. നമ്മളിപ്പോള്‍ ഗോപാല്‍ഗഞ്ജ് എത്തുന്നു. നേരമിപ്പോള്‍ വൈകിട്ട് അഞ്ചു മണിയാവുന്നു   ഇതു വരെയും താങ്കള്‍ ഉറക്കമായിരുന്നു. പോരാത്തതിന് പനിയും.
 ജാവേദ് ചിരിക്കാന്‍ ശ്രമിച്ചു.
സുമാര്‍ പത്തു മണിക്കൂര്‍ കൂടി കഴിഞ്ഞാല്‍ നമ്മള്‍ ഉത്തര്‍ പ്രദേശില്‍ എത്തും. ബൈസര്‍ ബാലായ് പാഹ കഴിഞ്ഞാല്‍ യുപി ആയി. വരാണസി വരെയാണ് ഈ ലോറി ഉള്ളത്. ലാല്‍ഗഞ്ചും, കരണ്‍പുരയും മിസാപൂരും, സിന്ദൂരയും കഴിഞ്ഞാല്‍ ചുണാര്‍ ഗംഗ പാലം. അടല്‍പുരയും സുര്‍സിയും നിയാസായിപൂരും കടന്നു പോകണം. നിയാസായിപ്പൂരിലാണ് കാളിമാത മന്ദിര്‍. മോഹന്‍സരാജും സഹവബാദും. ബല്‍റാംപൂരും  ഗോവിന്ദ് പൂരും റോഹാനിയ ബസാറും കഴിഞ്ഞാല്‍ വരാണസി.

രേഹന്‍ എത്ര കൃത്യമായി പറയുന്നു. ലോറിയിലെ ഡ്രൈവര്‍ക്കുപോലും ഇത്ര വഴിയറിയുന്നുണ്ടാവില്ല. നിനക്കെങ്ങനെ ഇങ്ങനെ ഒാര്‍ക്കാനാകുന്നു. കുറെ തവണ വന്നിട്ടുണ്ടെങ്കിലും അതെല്ലാം തീവണ്ടിയിലായിരുന്നു.

രാകേഷ് ഭായ് എത്രയെത്ര യാത്രകള്‍. ഒാരോ യാത്രകളും ഒാരോ മരണമാണ്. മുജന്മത്തെ ഒാര്‍ത്തെടുക്കും പോലെയാണ് വഴികള്‍.

നീ പറയുന്നതൊന്നും മനസ്സിലാവുന്നില്ല രോഹന്‍

മനസ്സിലാവില്ല. ഭായി. അങ്ങിനെ ആയിപ്പോയി നമ്മള്‍. നിങ്ങള്‍ പറയുന്നത് എനിക്കും ഞാന്‍ പറയുന്നത് നിങ്ങള്‍ക്കും മനസ്സിലാവാത്ത പോലെ കാലം നമ്മളെ മാറ്റിക്കൊണ്ടിരിക്കുന്നു. എത്ര കണ്ടാലും അപരിചിതരായി തീരുന്നു. ഈ രാജ്യം തന്നെ നമുക്ക് അപരിചിതമായി തീരുന്നു. അപ്പോള്‍ പിന്നെ ഒാര്‍മകള്‍ക്ക് എന്തു സ്ഥാനം?
                           മാല്‍ത്തോണ്‍ പോലിസ് സ്റ്റേഷന് മുന്നില്‍ അര്‍ധ രാത്രിക്കും പൊലിസ് നിന്നിരുന്നു. അവിടെ  കുറെയേറെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിട്ടുണ്ട്. ലോറി നിന്നു. ഡ്രൈവര്‍മാര്‍ ഇറങ്ങി പൊലീസുകാരുടെ അടുത്തെത്തി.വാഹനത്തിന്റെ ക്യാബിനുള്ളിലേക്കും പിറകിലേക്കും പൊലീസ് ടോര്‍ച്ച് അടിച്ചു നോക്കി. കശാപ്പുകാരന്റെ കണ്ണുകളിലേക്ക് നോക്കുന്ന ഉരുക്കളുടെതുപോലെ കുറെ കണ്ണുകള്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ പതറി.
                                                        മഹ്റൗണി റേഞ്ചിലെ അതിര്‍ത്തിയില്‍ ഉത്തര്‍ പ്രദേശ് പൊലീസ് വീണ്ടും വാഹനം തടഞ്ഞു. വാഹനം യുപിയിലേതായതുകൊണ്ട് വലിയ പരിശോധനയുണ്ടായില്ല. കുറെപേരോട് യാത്ര തുടങ്ങിയ സ്ഥലവും പോകുന്ന സ്ഥലവും ചോദിച്ചു. കുറച്ചു പേരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വാങ്ങി നോക്കി. കുറച്ചു വെള്ളക്കുപ്പികളും ബ്രെഡ് പാക്കറ്റുകളും പൊലീസ് ലോറിക്കുള്ളിലേക്ക് നീട്ടി. അത് കയ്യെത്തി വാങ്ങാന്‍ മെല്ലിച്ച കൈകള്‍ മത്സരിച്ചു. ചിലര്‍ക്ക് ബ്രെഡ് കിട്ടി. ചിലര്‍ക്ക് വെള്ളവും. പൊലീസ് സ്റ്റേഷനുമുന്നിലെ ഇത്തിരി വെളിച്ചത്തില്‍ ലോറിക്കുള്ളില്‍ അവരത് പങ്കിട്ട് കഴിക്കാന്‍ തുടങ്ങി. ലോറി പിന്നെയും നീങ്ങിത്തുടങ്ങി. നേരം പുലരുകയാണ്.
                                                                             9 

             രോഹനും രാകേഷും ജന്മനാട്ടില്‍ എത്തിയ സന്തോഷത്തിലായിരുന്നു. വരാണസി എത്തിയാല്‍ പിന്നെ അവര്‍ക്ക് ഗ്രാമത്തിലേക്ക് ഏറെയില്ല. ആ ഇരുട്ടിലും അവരുടെ മുഖത്ത് തിളക്കമുണ്ടായിരുന്നു.

അപ്പോള്‍ നാം പിന്നെയും പിരിയുകയാണ് രോഹന്‍..ജാവേദ് രോഹന്റെ കയ്യില്‍ മുറുകെ പിടിച്ചു. നിങ്ങളായിരുന്നു എന്റെ ശക്തി. രാകേഷ് നിങ്ങള്‍ രണ്ടുപേരും ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ജീവനോടെ ഇരിക്കുമായിരുന്നില്ല.  പുലരുമ്പോള്‍ ഞാന്‍ ഒറ്റയാവാന്‍ പോകുന്നു. ഞാന്‍ എന്റെ ഗ്രാമത്തിലെത്തുമെന്ന് എനിക്ക് ഒരുറപ്പുമില്ല.

പേടിക്കേണ്ട ജാവേദ് ഭായ്. നമ്മളിതുവരെ എത്തിയില്ലേ? വാപ്പിയില്‍ നിന്നും പുറപ്പെടുമ്പോള്‍ ഇത്ര ദൂരം ഇത്ര സമയം കൊണ്ട് എത്തിപ്പെടാമെന്ന് നമ്മള്‍ കരുതിയിരുന്നോ? ശരിക്കും താങ്കളാണ് ഞങ്ങള്‍ക്ക് ശക്തി പകര്‍ന്നത്. താങ്കള്‍ ഞങ്ങളുടെ മുതിര്‍ന്ന ജേഷ്ഠനായിരുന്നു. എന്നും അങ്ങിനെയായിരിക്കും. വാപ്പിയില്‍ നിന്നും പോരുമ്പോള്‍ താങ്കളാണ് ഞങ്ങള്‍ക്ക് മുമ്പില്‍ നടന്നത്. താങ്കളാണ് ധൈര്യം തന്നത്.തീര്‍ച്ചയായും താങ്കള്‍ ഗ്രാമത്തിലെത്തും.

ദൂരവും കാലവും നമ്മുടെ പിടിയിലല്ലല്ലോ രോഹന്‍. ആണെങ്കില്‍ നമ്മളിങ്ങനെ അലയേണ്ടി വരുമായിരുന്നില്ലല്ലോ? ഇരുപത്തിയൊന്നു ദിവസത്തെ മഹാഭാരതയുദ്ധമാണിതെന്ന് അദ്ദേഹം പറഞ്ഞിരുന്നു..യുദ്ധം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇത് മഹാ പ്രസ്ഥാനമാണ്. ആരും ആരെയും തിരിഞ്ഞു നോക്കാന്‍ പാടില്ല. ജീവിതം ഒരു നാടകശാലയാണ്. നമ്മളെല്ലാം ഏതൊക്കെയോ കഥകളിലെ കഥാപാത്രങ്ങള്‍.ആരോ ചലിപ്പിക്കുന്ന പാവകള്‍. ഈ യുദ്ധം ജയിക്കാന്‍ നമുക്കായെന്ന് വരില്ല. പക്ഷേ അവസാന നിമിഷം വരെ നമുക്ക് പൊരുതി നോക്കാം.

                 അതെ അതാണല്ലോ നമ്മുടെ ചരിത്രം. എത്രയെത്ര പൊരുതലുകള്‍ കണ്ട രാജ്യം. വരാണസി തന്നെ പുനര്‍ജനിക്കുകയായിരുന്നില്ലേ? ഉത്തരേന്ത്യ മുഴുവൻ മുസ് ലിം രാജാക്കന്മാര്‍ ആക്രമിച്ച് കീഴടക്കിയ സമയത്ത് ആദ്യത്തെ വരാണസി മരണം പൂകി. പിന്നീട് നൂറ്റാണ്ടുകള്‍ കഴിഞ്ഞു ജനിച്ചതാണ് ഇന്നത്തെ വരാണസി. ഉപ്പിനുവേണ്ടിയും നൂലിന് വേണ്ടിയും പൊരുതിയ മഹാത്മാവിന്റെ നാട്ടില്‍ നിന്നല്ലേ നാം പുറപ്പെട്ടത്. വീരശിവജിയും ത്സാന്‍സി റാണിയും റാണാ പ്രതാപും പൊരുതിയ നാടല്ലേ നമ്മുടെത്. അവരുടേത് വിജയമെങ്കില്‍ ആ വിജയം നമുക്കുമുണ്ടാകും. അവരാരും ചരിത്രത്തില്‍ തോറ്റവരല്ലല്ലോ. ജാവേദ് ഭായ് താങ്കള്‍ അഹോത്ഗുരിയിലെത്തി ഞങ്ങളെ സന്തോഷത്തോടെ വിളിക്കുന്ന ആ നിമിഷം ഞാനിപ്പോള്‍ കാണുകയാണ്. താങ്കള്‍ വീട്ടുകാരോടൊപ്പം രെംഗോളി ബീഹു ആഘോഷിക്കും തീര്‍ച്ച. രൊംഗാളിര്‍ ഹിയ ഭോറ ഉലോഗ് ജസിലു. താങ്കള്‍ക്കും കുടുംബത്തിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ രൊംഗാളി ബിഹു ആശംസകള്‍.

    രൊംഗാളിര്‍ ഹിയ ഭോറ ഉലോഗ് ജസിലു. ബിഹു ഇങ്ങടുക്കാറായി രാകേഷ്, ഞാനൊരിക്കലും ബിഹുവിന് അഹോത്ഗുരിയിലെത്തുമെന്ന് എനിക്കു തോന്നുന്നില്ല. എങ്കിലും രോഗമോ രാജ്യമോ പരാജയപ്പെടുത്തിയില്ലെങ്കില്‍ പൗരന്‍ വിജയിക്കും. എന്റെ കാലുകള്‍ തളരുന്നത് വരെ ഞാന്‍ നടന്നു നോക്കും. ബ്രായ് ഷിബ്രായ് എന്നെ കൈവിടാതിരിക്കട്ടെ
                      ലോറിയില്‍ വരാണസിയിലേക്കുള്ളവര്‍ ബാഗുകള്‍ ഒരുക്കിവക്കുന്നു. ഏതിരുട്ടിലും നാടിന്റെ മണം തിരിച്ചറിയാനാകുമല്ലോ. പഗയ് പൂരെത്തിയപ്പോള്‍ കുറെ പേര്‍ വണ്ടിയില്‍ നിന്നും ഉറക്കെ ഒച്ചയുണ്ടാക്കാനും ട്രക്കിന്റെ കാബിന്‍ ഭാഗത്ത് തട്ടി ഒച്ചയുണ്ടാക്കാനും തുടങ്ങി. ശബ്ദം കേട്ട് ലോറി നിര്‍ത്തി. ഡ്രൈവര്‍മാര്‍ ഇറങ്ങി പിറകിലേക്ക് വന്നു. പത്തു പതിനഞ്ചുപേര്‍ ഒരു സംഘമായി ഇറങ്ങണം എന്നാവശ്യപ്പെടുന്നുണ്ടായിരുന്നു. ഡ്രൈവര്‍മാരിലൊരാള്‍ അവരോട് സംസാരിക്കുന്നത് ജാവേദ് ശ്രദ്ധിച്ചു. ഇതു വരെ കൊണ്ടു വന്നതിനുള്ള യാത്രാക്കൂലിക്കുള്ള വിലപേശലാണ്.

പൊലീസാണ് ഞങ്ങളെ കയറ്റി വിട്ടത്. ഞങ്ങളും ഈ രാജ്യത്തെ ആളുകളാണ്. ഈ ദുരിതത്തിനിടയിലും പണം വാങ്ങുകയോ..ശരിയല്ല ഭായ്. പണമുള്ളവരല്ല ഞങ്ങള്‍..
അവര്‍ ശബ്ദമുണ്ടാക്കുന്നുണ്ട്.
അവസാനം അവര്‍ പഴ്സുകള്‍ തുറന്ന് ഡ്രൈവര്‍മാരെ ചീത്തവിളിച്ചുകൊണ്ട് പണം എണ്ണിക്കൊടുക്കുന്നത് കണ്ടു. അവര്‍ ശപിക്കുന്നുണ്ടായിരുന്നു..
ദൊ ഹജാര്‍ രൂപയെ...ഭായ് ഇതിന് വിയര്‍പ്പിന്റെ രുചിയും മണവുമുണ്ടാകും..താങ്കളിതിന് ജീവിതകാലം മുഴുവന്‍ ഖേദിക്കും, അവര്‍ ഞങ്ങളെ നടക്കാന്‍ വിട്ടു..നിങ്ങളാകട്ടെ ഞങ്ങളെ പിഴിയുകയും..
വണ്ടിയില്‍ നിന്നും ഒാരോരുത്തരായി ഇറങ്ങുമ്പോള്‍ ഡ്രൈവറുടെ സഹായി  പണം വാങ്ങുകയായിരുന്നു.എല്ലാവരും ഇറങ്ങിയെന്ന് ഉറപ്പായപ്പോള്‍ ‍ഡ്രൈവര്‍മാര്‍ പിന്നെയും ലോറിയില്‍ കയറി.വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.അല്പം നീങ്ങിയപ്പോള്‍ പിന്നില്‍ നിന്ന്  കല്ലുകള്‍ ലോറിയുടെ ബോഡിയില്‍ വന്നു തട്ടി.ചില്ലുടയുന്ന ശബ്ദം. വണ്ടി നിര്‍ത്തി ‍ഡ്രൈവര്‍ പുറത്തിറങ്ങി. അയാള്‍ ഉറക്കെ ചീത്ത പറയുന്നുണ്ടായിരുന്നു..

സാലെ കുത്തെ.. വഴിയില്‍ നിന്നും കയറ്റിക്കൊണ്ടു വന്നത് ഞങ്ങളുടെ തെറ്റ്. നീയൊക്കെ ഏതു രോഗം കൊണ്ടു വരുന്നതാണെന്ന് ആര്‍ക്കറിയാം. മറ്റുള്ളവര്‍ക്കും ജീവിക്കണ്ടേ? രോഗം പിടിച്ചാല്‍ ചികിത്സിക്കാന്‍ പണം വേണ്ടേ? വഴിയില്‍ നിന്ന ഒാരോ പൊലീസുകാരനും കാശുകൊടുത്താണ് ഇവിടം വരെ എത്തിയത്.

             ആര് ആരെയാണ് ശപിക്കുന്നത്. എല്ലാവരും ഒരേ നരകത്തില്‍ പരക്കം പായുന്നവര്‍.ജാവേദ് ഒാര്‍ത്തു.ഒരേ നാട്ടിലെ പൗരന്മാര്‍ ..ഒരാള്‍ ഇരയും മറ്റൊരാള്‍ വേട്ടക്കാരനും ആയി മാറുന്നു. ഇരക്ക് ഇരയുടെ ന്യായം. വേട്ടക്കാരന് അവന്റെയും. ഇതെല്ലാം കണ്ട് രാജ്യം മൂകമായി ഇരിക്കുകയും.

 എത്രയോ സര്‍ക്കാര്‍ ബസുകളില്ലേ? അവര്‍ക്ക് നമുക്ക് വേണ്ടി വരാമായിരുന്നു. അല്ലെങ്കില്‍ അല്പം സാവകാശം തന്ന് തീവണ്ടിയിലോ ബസിലോ പോരാന്‍ അവസരം തന്നിരുന്നെങ്കില്‍ പണം കൊടുത്ത് ടിക്കറ്റ് എടുത്താണെങ്കിലും വരാമായിരുന്നല്ലോ? ഇത് ചൂതാട്ടമാണ്  ഭായ് . വിയര്‍ത്തൊലിക്കുന്നവന്റെ ജീവന്‍ കൊണ്ടുള്ള വലിയ ചൂതാട്ടം. രാകേഷ് രോഷത്തോടെ പറയുന്നുണ്ടായിരുന്നു.
          രാജ്യത്ത്   കൊറോണ  ജനുവരി മുതല്‍ക്കുണ്ട്.രണ്ടു മാസം സമയമുണ്ടായിരുന്നു അവര്‍ക്ക്. നമ്മളെ ഗ്രാമത്തിലെത്താന്‍ വിട്ടിട്ട് മതിയായിരുന്നില്ലേ ലോക്ക്ഡൗൺ പ്രഖ്യാപനം? അതെങ്ങിനെ ആ ദിവസങ്ങളിൽ എംപിയിലെ സർക്കാരിനെ മറിച്ചിടാന്‍ നോക്കുകയായിരുന്നില്ലേ? പാവപ്പെട്ടവരല്ലല്ലോ രോഗം കൊണ്ടു വന്നത്. എയര്‍ കണ്ടിഷനില്‍ ജോലിചെയ്തവര്‍ കൊണ്ടുവന്ന രോഗം. വിലകൊടുക്കേണ്ടത് പണമില്ലാത്തവരും. നമ്മളെ ഈ വരും വഴി എത്ര സ്ഥലത്ത് പരിശോധിച്ചു? വിമാനത്തിലെത്തിയവരെ പരിശോധിച്ചില്ലേ ? . പാവപ്പെട്ടവനും പണക്കാരനും രണ്ടു നീതിയാണിവിടെ. ലോക്ക്ഡൗൺ വേണ്ടെന്നാരും പറയില്ല. പക്ഷേ അത് നടപ്പാക്കിയ രീതിയാണ്  ദുരിതമായത്. രോഹന്‍ തെല്ലുറക്കെ പറഞ്ഞു.

                          ലോറി ചുണാര്‍ ഗംഗ പാലത്തിലേക്ക് കടന്നു. ലോറിയുടെ ശബ്ദവും പാലത്തിന്റെ കാലുകളും ചേര്‍ന്ന് ഏതോ കാട്ടുമൃഗത്തിന്റെ മുരള്‍ച്ചപോലെ തോന്നിച്ചു. ബഴാര്‍ദിഹ  കഴിഞ്ഞപ്പോള്‍  പിന്നെയും ലോറി നിന്നു. ഡ്രൈവര്‍മാര്‍ വണ്ടിയുടെ പിറകിലേക്ക് കയറി വന്നു.

ദൊ ഹജാര്‍ രൂപയെ ദേ ദൊ..കുഛ് നഹി പൂഛൊ. ബഹുത് റിസ്കി ജോബ്. പൊലീസ് വാലാ കൊ ദിയാ ഹെ പേസാ. ഹം ഭീ ജീനെ കെ ലിയെ കാം കര്‍താ ഹും.

ആരും ഒന്നും പറഞ്ഞില്ല. വരാണസി എത്തിയുള്ള വാക്കുതര്‍ക്കം ഒഴിവാക്കാനാണ്  അതിന് മുമ്പ് തന്നെ പണം പിരിക്കുന്നത്. എന്ത് നല്‍കിയാലും വേണ്ടില്ല സ്വന്തം നാട്ടില്‍ തിരിച്ചെത്തിയല്ലോ എന്ന സമാധാനത്തിലാണ് എല്ലാവരും. പലര്‍ക്കും ലോക്ക് ഡൗണ്‍ ആയപ്പോള്‍ തൊഴിലുടമകള്‍ പണം നല്‍കിയിട്ടില്ല. ഉള്ളത് നുള്ളിപ്പെറുക്കി മറ്റുള്ളവരില്‍ നിന്നും കടം വാങ്ങിയും തുകയൊപ്പിക്കുകയാണ്.എല്ലാവരില്‍ നിന്നും പണം വാങ്ങി ലോറി പിന്നെയും യാത്ര തുടങ്ങി. കയ്യിലുണ്ടാ യിരുന്ന തുക പകുതിയായി മാറിയത് ജാവേദിനെ പേടിപ്പെടുത്തി. കൂട്ടുകാരോട് കടം ചോദിക്കാനും പറ്റില്ല. അവരും പ്രാരാബ്ദക്കാര്‍. അല്ലെങ്കിലും ഇനി എന്നു കാണുമെന്ന് ഒരുറപ്പുമില്ലാത്ത ഈ യാത്രയില്‍ എങ്ങിനെ കടം ചോദിക്കാനാണ്.

      ഗോല്‍ഗാര്‍ എത്തി ഭായ്. വരാണസി നിന്നും നമുക്ക് ബസ്സുണ്ടോ നോക്കാം. ഇല്ലെങ്കില്‍ നമുക്ക് നടക്കാം. അഞ്ചാറു മണിക്കൂര്‍ ദൂരമുണ്ട് ചന്ദൗലിക്ക്. അതു  വരെയും നമുക്ക് ഒപ്പം പോകാം. അവിടെ നിന്നും തിരിഞ്ഞു പോയി ടാടിയയാണ് ഞങ്ങളുടെ ഗ്രാമം.  താങ്കള്‍ക്ക് ഞങ്ങളുടെ കൂടെ താമസിക്കാം. എന്നിട്ട് ക്ഷീണമെല്ലാം മാറി പതുക്കെ ആലോചിക്കാം ഇനി അങ്ങോട്ടുള്ള കാര്യം.

            വരാണസിയില്‍ ലോറി നിര്‍ത്തി നിലത്ത് കാലൂന്നുമ്പോള്‍ കാലുകളിലൂടെ വൈദ്യുതി കടന്നു പോയ പോലെ ജാവേദിന് തോന്നി. കാല്‍പാദങ്ങള്‍ക്ക് പൊള്ളുന്ന ചൂട്. ഉപ്പുറ്റിയില്‍ നീരുവന്ന് വീര്‍ത്തിരിക്കുന്നു. വാരാണസിയിലെ കാറ്റിന്റെ വെന്ത മണം. ബസ് സ്റ്റേഷനിലേക്ക് നടക്കുവാന്‍ കുറെ പേരുണ്ട്. വഴിയോരത്ത് അടുപ്പു കൂട്ടി ആഹാരം പാകം ചെയ്യുന്ന കുടുംബങ്ങള്‍.‍  മാസ്ക് നീക്കി ഹുക്കയില്‍ ആത്മാവിനുള്ള പുക നല്കുന്നവര്‍. നിരത്തിലൂടെ വല്ലപ്പോളും മാത്രം പോകുന്ന ലോറികള്‍. മഞ്ഞിന്റെ മറയില്‍  ലഹര്‍ താര റോഡ് നീണ്ടു കിടക്കുകയാണ്. ബസ് സ്റ്റേഷന്റെ മുന്നില്‍ ആയിരക്കണക്കിന് പേരാണ്. നടുവില്‍ ഒരു ബസ് കിടക്കുന്നുണ്ട്. ചുകന്ന പെയിന്റടിച്ച യു പി ബസിന് ചുറ്റും മധുരത്തിന് മുകളില്‍ ഉറുമ്പുകള്‍ പറ്റിപ്പിടിച്ച പോലെ ആളുകള്‍. ബസിന്റെ മുകളില്‍ മാത്രം നൂറിലധികം പേരുണ്ടാകുമെന്ന് ജാവേദിന് തോന്നി. ഏതു യാത്രക്കാരന്‍ വന്നാലും ഒാടിയെത്തുന്നു വാണിഭക്കാരോ ലഗേജുകൾ എടുക്കാനെത്തുന്ന മെല്ലിച്ച ശരീരങ്ങളോ, റിക്ഷാക്കാരോ ഇല്ലാതെ നഗരം പൂര്‍ണമാവില്ല. മുഖം കാവിത്തുണികൊണ്ട് അടച്ചുകെട്ടി കൂനിക്കൂടി ചിലര്‍ ചില്ലറത്തുട്ടുകള്‍ക്കായി കൈ നീട്ടി.
ഇപ്പോള്‍ ഭിക്ഷയാചിക്കുന്നത് ലക്ഷക്കണക്കിന് പേരാണല്ലോ. ലോറിക്ക് കൈ കാണിക്കുന്നത് യാത്ര ഭിക്ഷ ചോദിക്കലാണ്. പൊലീസുകാര്‍ തന്ന വെള്ളവും ആഹാരപ്പൊതിയും ഭിക്ഷയാണ്.

            സ്റ്റേഷന് മുന്നിലുള്ള പാന്‍ ഖുമ്ടിക്ക് മുന്നില്‍ ആളുകള്‍ വരി നില്‍ക്കുന്നു. വെള്ളം തീര്‍ന്നിട്ടുണ്ട്. മൂന്നുപേരും വരിയില്‍ കയറി നിന്നു. അര മണിക്കുറിലധികം നിന്ന് വെള്ളക്കുപ്പികളും ബിസ്കറ്റ് പാക്കറ്റുകളും വാങ്ങി ഒരിടത്തേക്ക് മാറി നിന്നു. മറ്റൊരു സംഘത്തില്‍ വന്ന ചെറുപ്പക്കാരന്‍ അടുത്തേക്ക് വന്നു. ചന്ദൂളിയിലേക്കാണെന്ന് പറഞ്ഞപ്പോള്‍ അയാളും ഒപ്പം കൂടി. രോഹന്‍ അയാളുടെ പേര് ചോദിച്ചു.
സന്തോഷ് പുനിയ
എവിടെ നിന്നും വരുന്നു?
മധ്യപ്രദേശ് ബർവാനി
എവിടെയാണ് പോകുന്നത്?
ചഹനിയ..
ചഹനിയ കഴിഞ്ഞ് ജലില്‍പുര കൂടി കഴിഞ്ഞാണ് ചന്ദൗലി. അയാളോട് മറുപടി പറയുന്നതിനൊപ്പം രോഹന്‍ നിര്‍ദ്ദേശം വച്ചു.
നമുക്ക് നടക്കാമെന്ന് തോന്നുന്നു. നമുക്ക് മുമ്പേ എത്തിയ ഇത്രയുമധികം ആളുകളുണ്ട്. അവരും കഴിഞ്ഞ് മറ്റൊരു ബസ് വരാന്‍ എത്ര നേരമാകുമെന്ന് അറിയില്ലല്ലോ. നടന്നു തുടങ്ങിയാല്‍ നാലഞ്ചു മണിക്കൂര്‍ കൊണ്ട് നാട്ടിലെത്താം. രാകേഷും സമ്മതിച്ചു. ജാവേദ് അവര്‍ക്കൊപ്പം നടന്നു തുടങ്ങി.  ചന്ദ് പൂരും ശിവപുരയും ചോട്ഗഞ്ചും പിന്നിടുമ്പോള്‍ വെയില്‍ ഉച്ചിയിലെത്തിത്തുടങ്ങി .

                 കാണേണ്ട സ്ഥലമാണ് ജാവേദ് ഭായ്. മറ്റൊരവസരത്തിലായിരുന്നെങ്കില്‍ ഞങ്ങള്‍ കൊണ്ടുപോയി കാണിക്കുമായിരുന്നു കാശി വിശ്വനാഥനെ.   വരുണ, അസ്സി എന്നീ നദികൾക്കിടയിലായതുകൊണ്ടാണ് ഇവിടം വരാണസിയായത്. മരണം ആഘോഷമാണിവിടെ. ആരും മരണത്തെ പേടിക്കുനനില്ല. കാശി വിശ്വനാഥന്റെ താരകമന്ത്രം കേട്ട് മരിക്കാന്‍ ലക്ഷക്കണക്കിന് പേരിവിടെ വരുന്നു. കാശിയുടെ വിളികേട്ട് തനിയെ വരുന്ന വൃദ്ധര്‍. വൃദ്ധരെ ഇവിട കൊണ്ടു വന്നാക്കുന്ന മക്കള്‍. ദൂരെക്ക് നോക്കിയാല്‍ ഭായ് പുകയുയരുന്നത് കാണുന്നില്ലേ?  മണികർണിക് ഘട്ടില്‍ നിന്നും  ഹരിശ്‌ചന്ദ്ര ഘട്ടിലും  നിന്നാണത്.  അവിടെ ചിതകള്‍ എരിഞ്ഞുകൊണ്ടേയിരിക്കുകയാണ്. ആയിരക്കണക്കിന് വര്ഷങ്ങളായി ഊഴം കാത്ത് വരിവരിയായി ക്ഷമയോടെ കാത്തിരിക്കുന്ന ശവങ്ങള്‍. അവ ഘോഷയാത്രപോലെ കൊണ്ടുവരുന്ന ബന്ധുക്കള്‍. ചിതയിലെ അവസാനത്തെക്കുളിക്ക് മുമ്പ് ഗംഗയിലെ വെള്ളത്തില്‍ ആ ദേഹങ്ങള്‍ മുങ്ങും.അവ എരിഞ്ഞടങ്ങുന്നതിന് മുമ്പ് ബന്ധുക്കള്‍ മടങ്ങിയിരിക്കും. പാതിവെന്തു മാറിയ ദേഹങ്ങളെ ശ്മശാനത്തിലെ കര്‍മികള്‍ വലിയ മുളന്തണ്ടുകള്‍ കൊണ്ട് പിന്നെയും ചിതയിലേക്ക് തള്ളും.

ഈ യാത്രയും മഹാമാരിയും ഒരു പക്ഷേ ഈ രാജ്യത്തെ മുഴുവന്‍ ഇവിടേക്ക് എത്തിക്കുമായിരിക്കും അല്ലേ രാകേഷ്. അതിനിവിടത്തെ തീരവും വിറകും മതിയാകുമോ രാകേഷ്.

അങ്ങിനെ വരാതിരിക്കട്ടേ. പ്ളേഗിനേയും മലമ്പനിയെയും ക്ഷയത്തെയും പിടിച്ചു കെട്ടിയില്ലേ ലോകം. സൃഷ്ടിയും സ്ഥിതിയും സംഹാരവും ഒരേ പോലെ കയ്യാളുന്ന കാശി വിശ്വനാഥന്‍ ഈ മഹാമാരിയെയും തടയുമെന്നാണ് എന്റെ വിശ്വാസം.   ഗരീബ് കല്യാൺ അന്ന യോജന പ്രഖ്യാപിച്ചല്ലോ. പാവപ്പെട്ടവര്‍ക്ക് എൽപിജി, രാഷ്ടീയ് റോജ്ഗാര്‍ തൊഴിലാളികൾക്ക് ദിവസം ഇരുപതു രൂപ , ജന ധൻ അക്കൗണ്ടിലേക്ക് മാസം അഞ്ഞൂറ് എന്നൊക്കെ ഇന്നലെ ഫോണില്‍ വന്നിരുന്നു.സര്‍ക്കാരും ചിലതൊക്കെ ചെയ്യുന്നുണ്ടെന്നതാണ് സമാധാനം.

സ്വാതന്ത്യം കിട്ടിയിട്ട് കാലമെത്രയായി സന്തോഷ്. ആരൊക്കെ മാറി മാറി നമ്മളെ ഭരിച്ചു. ആര്‍ക്കൊക്കെ നമ്മള്‍ വോട്ട് ചെയ്തു. എന്നിട്ടെന്തെങ്കിലും മാറിയോ? തോരണങ്ങള്‍ കെട്ടി അലങ്കരിച്ചതിനുള്ളില്‍ ചീഞ്ഞു നാറുകയല്ലേ നമ്മള്‍.
                   പാലത്തിന് താഴെ വരുന നദി ആ ചോദ്യം കേട്ടുകാണണം. ജാവേദിന്റെ ഫോണ്‍ ബെല്ലടിച്ചതോടെ സന്തോഷ് പുനിയ സംസാരം നിര്‍ത്തി. വീട്ടില്‍ നിന്നാണ്. ഉത്തര്‍ പ്രദേശിലെത്തിയെന്നും ബീഹാറിലേക്ക് ബസ് പിടിക്കാന്‍ പോകുകയാണെന്നും നാഗോണിലേക്ക് നടന്നെത്തുമെന്നും തനിക്കു സുഖമാണെന്നും പറഞ്ഞ് അയാള്‍ അവരെ സമാധാനിപ്പിച്ചു. നാട്ടിലെ പലരും വീടുകളില്‍ തിരിച്ചെത്തിക്കഴിഞ്ഞെത്രെ. അവിടെയും രോഗം പലയിടത്തും റിപ്പേര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആര്‍ക്കും പുറത്തിറങ്ങാനാവുന്നില്ലെന്ന്. കഷ്ടിച്ച് ഒരാഴ്ച പിന്നിടാനുള്ള ആഹാരവസ്തുക്കളേ വീട്ടിലുള്ളൂ എന്നും കുട്ടികള്‍ വിഷമത്തിലാണെന്നും അമ്മ കജോഡി ദേവി ഇടക്കിടെ അന്വേഷിക്കുന്നു എന്നും പുഷ്പലത പറഞ്ഞപ്പോള്‍ ജാവേദ് പതറിപ്പോയി. കാളിമാതായുടെയും ബ്രായ് ഷിബ്രായുടെടും അനുഗ്രഹത്താല്‍ താന്‍ ഉടനെയെത്തുമെന്നും എന്നിട്ട് വാങ്ങാമെന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്ത് അയാള്‍ കണ്ണുകള്‍ തുടച്ചു.


ചഹനിയ എത്തിയപ്പോൾ സന്തോഷ് പുനിയ യാത്ര പറഞ്ഞു പോയി. അല്പം മണിക്കൂറുകൾ  മാത്രമേ കൂടെയുണ്ടായിരുന്നുള്ളു എങ്കിലും വർഷങ്ങളുടെ പരിചയം ആ യുവാവിനോടുള്ള പോലെ ജാവേദിന് തോന്നി.
                    പ്രധാന പാതയിൽ നിന്നും ദൂരെയാണ് അവന്റെ ഗ്രാമം. മുമ്പിലും പിന്നിലുമായി അപ്പോഴും ആളുകളുടെ
വരവിന് കുറവില്ല. ജലിൽപുര എത്തിയപ്പോൾ യാത്ര ഒന്നു നിർത്തി. കുറച്ചു ബിസ്കറ്റും വെള്ളവും കുടിച്ച് പിന്നെയും നടന്നു തുടങ്ങി. ചന്ദൗലി എത്തി. രാകേഷിനും രോഹനും യാത്ര പറയാറായി. പ്രധാന റോഡു വിട്ട് ഒന്നു രണ്ടു മണിക്കൂർ കൂടി സഞ്ചരിച്ചാൽ അവരുടെ ഗ്രാമമായി. തങ്ങള്‍ ചന്ദൗലിയിലെത്തിയതായി അവർ ആവേശത്തോടെ വീടുകളിലേക്ക് ഫോൺ ചെയ്ത് പറയുന്നത് ജാവേദ് കൊതിയോടെ കേട്ടു.

ജാവേജ് ഭായ് താങ്കള്‍‍ ഞങ്ങൾക്കൊപ്പം വരൂ. രണ്ടു ദിവസം ഗ്രാമത്തിൽ താമസിച്ച് താങ്കൾക്ക് ക്ഷീണമൊക്കെ മാറി യാത്ര തുടരാം. അപ്പോളേക്കും തിരക്ക് ഒന്നു കുറയും .താങ്കൾക്ക് ബീഹാറിലേക്കോ അസമിലേക്കോ തന്നെയുള്ള ബസോ ലോറിയോ കിട്ടുകയും ചെയ്യും.

ഇല്ല രാകേഷ്. വിശ്രമം ഈ യാത്രക്ക് പറ്റിയതല്ല. ക്ളോക്ക് നിലച്ചു കഴിഞ്ഞാൽ പിന്നെ സൂചികൾ ചലിക്കാൻ ബുദ്ധിമുട്ടാകും. ഇപ്പോൾ ശരീരവും മനസ്സും ഈ നടത്തത്തിന് പാകപ്പെട്ടു കഴിഞ്ഞു. നമ്മളറിയാതെ കാലുകൾ നീങ്ങിപ്പോകുന്നില്ലേ?

എല്ലാം കലങ്ങിത്തെളിയും ജാവേദ് ഭായ്. ചിലപ്പോൾ ഒരു മാസം അല്ലെങ്കിൽ രണ്ടു മാസം. വീണ്ടും ബസുകൾ ഒാടിത്തുടങ്ങും. തീവണ്ടികൾ പാഞ്ഞു തുടങ്ങും. അപ്പോള്‍ നമുക്ക് വീണ്ടും കാണാൻ കഴിയും. കമ്പനിയിലേക്ക് മടങ്ങാൻ കഴിയും..

അറിയില്ല രോഹൻ. ഗ്രാമങ്ങളിലേക്കുള്ള യാത്ര മാത്രമേ നമ്മുടെ മനസ്സിലുള്ളൂ..സന്തോഷ് പറഞ്ഞ പോലെ ഈ യാത്ര നമുക്ക് നമ്മളായി സുരക്ഷയും ഒരുക്കിയിട്ടില്ല. ഒരു പക്ഷേ രോഗഭയത്തേക്കാളേറെ നാട്ടിൽ എത്താനുള്ള ആഗ്രഹം മാത്രമേ നമുക്കുണ്ടായിട്ടുള്ളൂ..വഴിയിൽ നാം കണ്ടില്ലേ വെറും പതിനൊന്ന് വയസ്സുള്ള ഇർഫാന്‍ അവന്റെ കുടുംബത്തെയും കയറ്റി റിക്ഷ ചവിട്ടി വരുന്നത്. രോഗത്തെക്കാളേറെ അവന്റെ മുഖത്തുള്ള ഭയം ജീവിതത്തിന്റേതല്ലേ? രോഗം മരണം മാത്രം തരുന്നു. ജീവിതമാകട്ടെ നമ്മളെ ഇഞ്ചിഞ്ചായികൊല്ലുന്നു.ചാലെ ജാവോംഗെ..കൂട്ടുകാരെ

ഭായ് ഞങ്ങൾ വീടെത്തിക്കഴിഞ്ഞു. താങ്കൾ നടക്കാൻ തന്നെ തീരുമാനിച്ചെങ്കിൽ അതു നടക്കട്ടെ. ദാ ഇതു വച്ചോളൂ..വഴിയിൽ ഉപകാരപ്പെടും. ഭക്ഷണം കഴിക്കാതിരിക്കരുത്. വഴിയിലെവിടെയെങ്കിലും കടകൾ തുറന്നിട്ടുണ്ടാകും. ഒറ്റക്ക് നടക്കരുത് എപ്പോഴും ഏതെങ്കിലും ഒരു കൂട്ടത്തിന്റെ കൂടെ നടക്കുക.

രാകേഷ് അഞ്ഞൂറ് രൂപയുടെ ഒരു നോട്ട് ജാവേദിന്റെ പോക്കറ്റിൽ തിരുകി. രോഹനും
അതു തന്നെ ചെയ്യുമ്പോൾ ജാവേദ് വിലക്കി.

വേണ്ട കൂട്ടുകാരേ..നിങ്ങളെക്കാത്ത് കുടുംബം കാത്തിരിക്കുന്നുണ്ടാകും. ഇനി വറുതിയുടെ കാലമായിരിക്കും. കരുതിവക്കൂ..ഈ കടമൊന്നും വീട്ടാൻ കഴിഞ്ഞെന്നു വരില്ല..

ജാവേദ് ഭായി..ഉപകാരമുള്ളപ്പോഴേ പണത്തിന് ജീവനുള്ളൂ. അല്ലെങ്കിലത് വെറും കടലാസ് കഷണം. അതും ഒരർധരാത്രിയിൽ നോട്ട് ബന്ദിയില്‍ ഈ രാജ്യം നമ്മളെ പഠിപ്പിച്ചിട്ടില്ലേ? ഒരു മാസത്തെ കൂലിയായി കിട്ടിയ അസാധു നേട്ടുകൾ മാറ്റിയെടുക്കാൻ രണ്ടു മാസം നാം ബാങ്കുകൾക്ക് മുമ്പിൽ വരി നിന്നിട്ടില്ലേ? അതു കൊണ്ട് ഇതു വാങ്ങിക്കോളൂ..

അവരുടെ നിർബന്ധത്തിന് മുന്നിൽ ജാവേദ് ആ പണം വാങ്ങി. അവരുടെ കയ്യിലുണ്ടായിരുന്ന ബിസ്കറ്റ് പാക്കറ്റുകൾ അവർ ജാവേദിന്റെ കയ്യിൽ കൊടുത്തു.

കെട്ടിപ്പിടിച്ച് യാത്ര പറയുമ്പോൾ തങ്ങൾക്കിടയിൽ ഒരകലവും ഉണ്ടായിരുന്നില്ലല്ലോ എന്നോർത്ത് ജാവേദിന് കരച്ചിൽ വന്നു.

ഭായ് കരയരുത്. തളരരുത്. ഇതൊരു യുദ്ധമാണ്. തളര്‍ന്നവന്റെ കയ്യില്‍ ആയുധങ്ങള്‍ ഉറച്ചു നില്‍ക്കില്ല. ഇതു വരെ എത്തിയില്ലേ? ചിരിച്ചുകൊണ്ട് യാത്ര പറയാം വീണ്ടും കാണാൻ വേണ്ടി.

ജാവേദ് കൂടുതലൊന്നും പറഞ്ഞില്ല. രാകേഷും രോഹനും അവരുടെ വഴികളിലേക്ക് തിരിഞ്ഞു. രാത്രി പത്തുമണിയായിരുന്നു. ഇരു ചിറകും കുഴഞ്ഞ കിളിയെപ്പോലെ ജാവേദ് അവരെ നോക്കി നിന്നു. പിന്നെ കണ്ണുകള്‍ തുടച്ചു. ഇതാ ചന്ദുളിയിൽ താൻ ഒറ്റയായി പോകുന്നു. ഇനി മുന്നിലെ പാതയും താനും മാത്രം. പാതയോരത്ത് മുളങ്കാലുകളില്‍ കെട്ടിയുണ്ടാക്കിയ കുടില്‍ കണ്ടു.  ബസ് കാത്തുനില്‍ക്കാനായി ഉണ്ടാക്കിയ അതിന്റെ നിലത്തിന് ഒാടയുടെ മണമുണ്ടായിരുന്നു. ക്ഷീണിച്ച കാലുകള്‍ നീട്ടിവച്ച് കിടക്കുമ്പോളും പലകാലുകൾ അരിച്ചരിച്ചു പോകുന്ന പാതയുടെ ഇരുട്ടിലേക്ക് നോക്കി ജാവേദ് തന്നോടു തന്നെ ഉറക്കെ പറഞ്ഞു. ചലേ ജാവോംഗെ.

                              10

         പാതയില്‍ രണ്ടു മൂന്നു സൈക്കിള്‍ റിക്ഷകള്‍ കടന്നു പോയി. ഒാരോന്നിലും എട്ടും പത്തും പേര്‍. ചിലതില്‍ ചെറുപ്പക്കാര്‍. ചിലതില്‍ കുടുംബങ്ങള്‍ തന്നെ.തന്റെ പിന്നിലായി വരുന്ന മറ്റൊരു കൂട്ടത്തെ ജാവേദ് കണ്ടു. അവര്‍ക്കൊപ്പം കൂടാമെന്ന് കരുതി അയാള്‍ പാതയോരത്ത് കാത്തിരുന്നു. കുപ്പിയില്‍ നിന്ന് ഇത്തിരി വെള്ളം എടുത്തു കുടിച്ചു. അവര്‍ നടന്ന് ഒപ്പമെത്തിയപ്പോള്‍ ജാവേദ് അവര്‍ക്കൊപ്പം നടന്നു. അതിനും പിന്നില്‍ വലിയൊരു കൂട്ടം പിന്നെയും വന്നിരുന്നു.

തന്റെ തന്നെ പ്രായം തോന്നിക്കുന്ന ഒരാളോട് ജാവേദ് പേരു ചോദിച്ചു.

മുഖത്ത തൂവാല അഴിച്ചു കെട്ടുന്നതിനിടെ അയാള്‍ മറുപടി പറഞ്ഞു. ബിശാ ദീപ് സാഹു
               അവര്‍ ചന്ദൗലി മാജ്വാര്‍ റെയില്‍വേ സ്റ്റേഷനിലേക്കാണ് യാത്ര.  അവിടെ നിന്ന് ട്രെയിന്‍ പുറപ്പെടുന്നുണ്ടെന്ന് ഫോണുകളില്‍ മെസേജ് വന്നത്രേ. അവരും ലോറികളില്‍ വരാണസി ഇറങ്ങി നടന്നു വന്നവരാണ്. ജാവേദ് അവരുടെ കൂടെ നടന്നു. അതിനിടയില്‍ സ്വയം പരിചയപ്പെടുത്തി. പ്രണബ് മൊണ്ടാൽ, രാജേഷ് കുമാർ താക്കൂർ, രാജേഷ് അസ്നാനി, പ്രസാന്ത, മുകേഷ്, വിനീത് ഉപാധ്യായ അങ്ങിനെ കുറെപ്പേരുണ്ട് ആ സംഘത്തില്‍.
             പുരുലിയയിലൊക്കെ പാതയോരത്തുള്ള നമ്മുടെ തന്നെ നാട്ടുകാര്‍  മുളകള്‍ കൊണ്ട് റോഡുകൾ തടയുകാണെത്രെ. നെട്ടോട്ടമോടി ഗ്രാമത്തിലെത്തുമ്പോള്‍ അവര്‍ രോഗം കൊണ്ട് വരുന്നെന്ന് പറഞ്ഞ്  ഗ്രാമക്കാര്‍ പ്രവേശിക്കാന്‍ സമ്മതിക്കുന്നില്ലെന്ന്.. ഞങ്ങളുടെ ഗ്രാമത്തിൽ രണ്ട് കുഴൽക്കിണറുകളും ഒരു കുളവും മാത്രമേയുള്ളൂ. മടങ്ങിവരുന്ന നമ്മള്‍ക്ക് രോഗമുണ്ടെങ്കില്‍ അവരെ എല്ലാവരെയും അത് ബാധിക്കുമെന്നും വരുന്ന നമ്മളെപ്പോലെയുള്ളവരെ  സർക്കാർ പ്രത്യക കെട്ടിടങ്ങളിൽ ക്വാറന്റീന്‍ ചെയ്യണമെന്നും പറഞ്ഞ് അവിടെ സമരങ്ങള്‍ നടക്കുന്നെത്രെ.അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. രോഗം ബാധിച്ചവരെ മരണം കൊണ്ടുപോകും. ബാധിക്കാത്തവര്‍ക്ക് ജീവിതം മുന്നില്‍ കിടക്കുകയല്ലേ.
                                      പ്രസാന്ത പറയുന്നുണ്ടായിരുന്നു. .പുരുലിയയിലെ ബാഗ്മുണ്ടിയിലാണ് പ്രസാന്തയുടെ വീട് .
   
ഭാര്യയോടും മക്കളോടും കൂടി ഇത്ര ദൂരം എത്തിയെന്ന് പറയാന്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ സഹോദരന്‍ പറയുകയാണ് സ്‌ക്രീനിംഗ് ഇല്ലാതെ വീട്ടിലേക്ക് കയറ്റില്ലെന്ന്. ഞങ്ങള്‍ വരുന്ന വിവരം അയൽക്കാർ പോലീസിൽ റിപ്പോർട്ട് ചെയ്തുവെന്ന്. വീട്ടിലേക്കുള്ള വഴി തടഞ്ഞിട്ടിരിക്കുകയാണെന്ന്. ‍. ആരാണ് നമ്മളെ പരിശോധിച്ച് രോഗമില്ലെന്ന രേഖ തരുന്നത്? ഒറ്റപ്പെടുത്തണമെന്ന് ഗ്രാമക്കാര്‍ പറഞ്ഞിടത്തൊക്കെ ആല്‍മരങ്ങള്‍ക്കും മാവുകള്‍ക്കും മുകളില്‍ കട്ടിലുകൾ കെട്ടിവച്ചാണെത്രെ താമസിക്കുന്നത്

എനിക്കറിയാവുന്ന ചിലര്‍  അഞ്ച് ദിവസമാണ് ആനകളെയും കരടികളെയും പേടിച്ച് മരങ്ങളില്‍ കഴിഞ്ഞത്. ഞാന്‍ ഇനി ഈ കുട്ടികളെയും കൂട്ടി എങ്ങോട്ട് പോകാന്‍?

കുട്ടികളെ ചേര്‍ത്തു പിടിച്ച് അതു പറയുമ്പോള്‍ രാം സാഹെ കരച്ചിലിന്റെ വക്കിലായിരുന്നു
 
                    ബീഹാറിലും ഇതേ സ്ഥിതി തന്നെ. നേപ്പാളിൽ ജോലി ചെയ്യുന്ന എന്റെ നാല് സുഹൃത്തുക്കള്‍ രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയതും നാട്ടുകാര്‍ പൊലിസില്‍ അറിയിച്ചു. പോലീസവരെ ആശുപത്രിക്കാര്‍ക്ക് കൈമാറി.  അലവാൽപൂരിലെ സ്ഥിതിയാണിത്. അവിടേക്കാണ് ഞാനിപ്പോള്‍ പോകുന്നത്. എന്താകുമെന്ന് ഒരു പിടിയുമില്ല. പിയാരിയ ഗ്രാമം തന്നെ പൂട്ടിയിരിക്കുകയാണെത്രെ. വാട്ട്‌സ്ആപ്പില്‍ വന്നതനുസരിച്ച്  ലോക്ക്ഡൗൺ  മൂന്ന് മാസമെങ്കിലും നീട്ടുമെന്നുമാണ്. അതു വരെ എങ്ങിനെ കഴിയും? അഭിഷേക് സിംഗ്  നിരാശയോടെ പറഞ്ഞു.
    തന്റെ നാട്ടിലും ഇതു തന്നെയായിരിക്കും സ്ഥിതിയെന്നാലോചിച്ച് ജാവേദ് മൗനിയായി.
                    റെയില്‍ വേ സ്റ്റേഷന്‍ ആളുകള്‍ വളഞ്ഞിരിക്കുകയാണ്. ആയിരക്കണക്കിന് പേര്‍. പൊലീസുകാര്‍ ആളുകളെ നിയന്ത്രിക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. സ്റ്റേഷനു  സമീപം നിര്‍ത്തിയ ഒരു ട്രെയിന്‍ പലരും കയറി ഇരുപ്പുറപ്പിച്ചിരുന്നു. പാളങ്ങളില്‍ വിരി വിരിച്ച് കിടക്കുന്നവര്‍. വലിയ കല്ലുകള്‍ നിരത്തി പാളം തടഞ്ഞിരിക്കുകയാണവര്‍.

ഹമേ ജാനേ കെ ലിയെ ‍ട്രെയിന്‍ ദേ. ഹം ജാന്‍വര്‍ നഹീ ഹെ. ഭാരതീയ ഹെ. ജബ് തക് ട്രേന്‍ ഇസെ അനുമതി നഹീം ദേതി ഹം നഹി ബദലേംഗെ

കോയി ഭ ട്രേന്‍ നഹിം ജാ രഹീ ഹെ. ആപ്കൊ മിലീ ഖബര്‍ നകലീ ഹെ. ആപ് കൊ ചലെ ജാനാ ചാഹിയെ. യഹ് ബീമാരി കാ യുഗ ഹെ കീ ഹര്‍ കിസീ കൊ സാമാജിക്  ദൂരീ ബനായെ രഖനീ ചാഹിയേ. സര്‍ക്കാര്‍ നെ ബസോം കീ വ്യവസ്ഥാ കീ ഹെ. സര്‍ക്കാര്‍ കെ ബിനാ ട്രേന്‍ നഹിം ചല്‍ സക്തീ.ബസ് കാ ലാഭ് ലേ. യഹാം ആപ് കെ ലിയെ പാനീ ഹെ. ഖാനാ ഹെ.

പൊലീസ് മൈക്കില്‍ വിളിച്ചു പറയുന്നതൊക്കെയും ആളുകളുടെ ബഹളത്തില്‍ മുങ്ങി. സ്റ്റേഷന്റെ നിലത്തും ബഞ്ചുകളിലു മെല്ലാം സ്വന്തം വീടുപോലെ ഇരിക്കുന്ന കുടുംബങ്ങള്‍. അവരുടെ കണ്ണുുവെട്ടിച്ച് പാളങ്ങളിലേക്ക് നിരങ്ങിയിറങ്ങുന്ന കുട്ടികള്‍.
ഹമാരെ പാസ് പൈസേ നഹി ഹെ. ഹമേം മുപ്ത് മേം ഘര്‍ ചാഹിയെ. ഹം ചല്‍തെ ചല്‍തെ ഥക് ഗയെ ഹെം
 സർക്കാർ, തുയി ജബാബ് ദേ.
നൂറുകണക്കിനാളുകള്‍ ഒന്നിച്ചു വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഒരു മണിക്കൂര്‍ അവിടെ നിന്നിട്ടും ഒരു കാര്യവുമുണ്ടായില്ല. 

സബി കാ നിര്‍ദേശ് കാ കഡായി സേ പാലന്‍ കര്‍നാ ചാഹിയെ. അന്യഥാ പുലിസ് കൊ കാര്‍വായി കര്‍നീ ഹോഗീ.
ലേകിന്‍ ഹമേം മാര്‍ ടാലോ, ഹമേം ഗോലി മാര്‍ ദോ, ഹം ട്രേന്‍ കെ ബിനാ നഹിം ചോടേംഗെ

               ആളുകള്‍ മാറാന്‍ തയ്യാറാവാതെ ഇരിക്കുകയായിരുന്നു. മുന്‍ നിരയില്‍ നിന്നവരില്‍ ചിലരെ പൊലീസ് വടികൊണ്ട് അടിച്ചു. പലരെയും പിടിച്ചു മാറ്റാന്‍ ശ്രമിച്ചു. ആളുകള്‍ ചിതറാന്‍ തുടങ്ങി.

ഇസ് മാര്‍ഗ് സെ മാല്‍ഗാഡി കൊ ഗുജര്‍നാ പട്താ ഹെ. സബീ കൊ സ്ടേഷന്‍ ചോട് ദേനാ ചാഹിയെ. യാ ആപ് കൊ ജേല്‍ ജാനാ പട് സക്താ ഹെ.

മാല്‍ഗാഡി തൊ മാല്‍ഗാഡി..കിസീ ഭീ തരഹ് സെ ജരൂര്‍ നഹീം ഹെ.വസ് ഇസെ ഘര്‍ ലെ ജാവൊ..

ചിലപ്പോള്‍ ട്രെയിന്‍ അനുവദിക്കും. സമരം കൊണ്ടേ സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാനാകൂ..ബിശാപ് പറയുന്നുണ്ടായിരുന്നു.
ഭായ് എങ്ങിനെയാണ് വന്നത്? ജാവേദ് ബിശാപ് ദീപ് സാഹുവിനോടായി ചോദിച്ചു.

ലോറിയില്‍. ഞങ്ങള്‍ നേരത്തെ പുറപ്പെട്ടതാണ്. ഒരു ദിവസം ഞങ്ങളെ വഴിയില്‍ പിടിച്ചിട്ടു. പതിനാലു ദിവസം ക്വാറന്റീന്‍ ഇരിക്കണമെന്നു പറഞ്ഞെങ്കിലും അവസാനം പോരാന്‍ സമ്മതിച്ചു. അതൊരു വല്ലാത്ത യാത്രയായിരുന്നു ഭായ്. അതോര്‍ക്കുമ്പോള്‍ ഇപ്പോഴും കരച്ചില്‍ വന്നു പോകും ഭായി. ബാർവാനിയില്‍ നിന്ന് ഞങ്ങളുടെ സംഘം ആദ്യം നടന്നു തുടങ്ങി. ബഹ്‌റൈച്ചിയിലേക്ക് പോകുന്നവരുടെ കൂട്ടത്തിലാണ് ദീപാ ദീദി ഉണ്ടായിരുന്നത്. അവര്‍ക്ക് നടക്കാനാവില്ലായിരുന്നു. പത്തുമാസം ഗര്‍ഭിണിയായ ഒരു സ്തീക്ക് എങ്ങിനെയാണ് ഭായി രാവും പകലും നടക്കാനാകുക. പലയിടത്തും നിന്നും ഇരുന്നും ഞങ്ങള്‍ ഒരു വിധം കുറെ ദൂരം നടന്നു. വഴിയില്‍ വച്ച് പൊലിസ് ഞങ്ങളെ തടഞ്ഞു. ആഹാരവും വെള്ളവുമൊക്കെ തന്നു. ദീപദീദിയുടെ അവസ്ഥ കണ്ട് അവരോട് യാത്ര ചെയ്യേണ്ടെന്നും അവിടെത്തന്നെ തങ്ങാന്‍ സൗകര്യമൊരുക്കാമെന്നു മൊക്കെ പറഞ്ഞെങ്കിലും കൂട്ടം വിടാന്‍ അവര്‍ തയ്യാറായില്ല. പൊലീസ് ഞങ്ങള്‍ക്ക് ഒരു ട്രക്ക് കൈകാണിച്ചു നിര്‍ത്തിത്തന്നു.
                  ഏറെ ദൂരം പോന്നു കാണില്ല. ദീപദീദി വലിയ വേദനയില്‍ കരയാന്‍ തുടങ്ങി.  പ്രസവവേദനയാണെന്ന് കൂട്ടത്തിലെ മറ്റു സ്ത്രീകള്‍ പറഞ്ഞു. അവരെല്ലാം ദീപ ദീദിയുടെ നാലുഭാഗവും ഇരുന്ന് അവരെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ എങ്ങിനെയാണ് ഭഗ് വാന്‍ ആ വേദന സഹിക്കുന്നത്. നിറയെ ആളുകളുള്ളൊരു ട്രക്ക്. മുക്കാല്‍ ഭാഗവും ആണുങ്ങള്‍. അവര്‍ക്ക് നടുവില്‍ അതിന്റെ പരുത്ത പ്ളാറ്റ് ഫോറത്തില്‍ കിടന്ന് നിലവിളിക്കുന്ന ഒരു സ്ത്രീ..അതിനടുത്ത് മൂന്ന് വയസും ഒന്നര വയസും പ്രായമുള്ള രണ്ടു കുട്ടികള്‍ അമ്മയെ വിളിച്ച് കരയുന്നു. ട്രക്ക് നിര്‍ത്താന്‍ കുറെ പറഞ്ഞു നോക്കി. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാമെന്ന് പറഞ്ഞ് ഡ്രൈവര്‍ ഒട്ടും വേഗത കുറച്ചില്ല. മാത്രമല്ല വേണമെങ്കില്‍ എല്ലാവരും ഇറങ്ങിക്കൊള്ളാനും പറഞ്ഞു. ഞങ്ങളെ എങ്ങിനെയെങ്കിലും ഇറക്കി വിടാന്‍ അയാള്‍ ഉദ്ദേശിച്ചപലെയായിരുന്നു അയാളുടെ വര്‍ത്തമാനം. കരച്ചില്‍ സഹിക്കാന്‍ പറ്റാതായപ്പോള്‍ അവരുടെ ഭര്‍ത്താവ്  ഭർത്താവ് ലോകേഷും ഞങ്ങളെല്ലാരും ചേര്‍ന്ന ഉറക്കെ ബഹളമുണ്ടാക്കി. അയാള്‍ അതു കാത്തുനിന്ന പോലെ ട്രക്ക് നിര്‍ത്തി. ബൽസാമുഡ് ബാരിയറിൽ ആയിരുന്നു അപ്പോള്‍ ഞങ്ങള്‍. അയാളും സഹായിയും ഞങ്ങളെല്ലാരോടും ട്രക്കില്‍ നിന്ന് പുറത്തിറങ്ങാന്‍ പറഞ്ഞു. അതു വരെ യാത്ര ചെയ്തതിന് പണം നല്‍കിയില്ലെങ്കില്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ശത്രുക്കളോടെന്ന പോലെയായിരുന്നു അയാളുടെ പെരുമാറ്റം. ശത്രു രാജ്യമെന്ന് നമ്മള്‍ നൂറുവട്ടം പറയുന്ന രാജ്യക്കാര്‍ പോലും ഇങ്ങിനെ ചെയ്യുമോ? അയാള്‍ക്കും കാണില്ലേ ഭാര്യും സഹോദരിമാരും..അവരും പ്രസവിച്ചിട്ടുണ്ടാകില്ലേ? യാത്ര മുടങ്ങിയതോടെ ഞങ്ങളുടെ സംഘം പാതയോരത്ത് കുത്തിയിരുന്നു.
                  അല്പമകലെ രണ്ട്  ആശുപത്രികൾ ഉണ്ടായിരുന്നു. അവിടേക്ക് പോകാന്‍ വേറെ വഴിയില്ലാതായപ്പോള്‍ അങ്ങോട്ടും നടക്കാന്‍ തീരുമാനിച്ചു. കൂട്ടത്തിലെ സ്ത്രീകളും ഞങ്ങളിലെ ചിലരും ആശുപത്രിയിലേക്ക് ഒപ്പം പോയി. ഇക്കാലത്ത് പുതിയ കേസുകളൊന്നും എടുക്കില്ലെന്നും പറഞ്ഞ് രണ്ടു ഡോക്ടർമാരും ഞങ്ങളെ ഒഴിവാക്കി. എന്തു ചെയ്യാന്‍ ഭായി. ഞങ്ങള്‍ തിരിഞ്ഞു നടന്നു. കരഞ്ഞും നിലവിളിച്ചും ദീദിയുടെ ബോധം മറയുന്ന പോലെയായി. ഞങ്ങള്‍ വഴിയരികില്‍ നിന്നു. ദീദി വെറും റോഡില്‍ മണ്ണില്‍ കിടക്കുകയായിരുന്നു ഭായ്. കൂട്ടത്തിലുള്ള സ്ത്രീകള്‍ അവരുടെ ഭാഗിലുണ്ടായിരുന്ന പഴന്തുണികള്‍ റോഡില്‍ വിരിച്ച് ദീദിയെ അതിലേക്ക് മാറ്റിക്കിടത്തി. മുഷിഞ്ഞ ചേലകള്‍കൊണ്ട് ദീദിക്ക് ചുറ്റും മറയുണ്ടാക്കി. കറുത്ത റോഡിന് അരികില്‍ അതൊരു പ്രസവമുറിയായി മാറി ഭായി.അപ്പോളും ആ വഴിക്ക് ലോറികള്‍ പോയിക്കൊണ്ടിരുന്നു. നടന്നു പോകുന്നവര്‍ പലരും ചുറ്റും കൂടിനിന്നു. എന്തു ചെയ്യാന്‍ ഭായി. ചൊവ്വയില്‍ വരെ ആളെ ഇറക്കാന്‍ ലോകം ആലോചിക്കുന്ന ഇക്കാലത്ത് നമ്മുടെ സഹോദരിമാരുടെ ഗതി നോക്കൂ.
               സത്യം പറഞ്ഞാല്‍ ഈ ലോകത്തോടു തന്നെ വെറുപ്പു തോന്നിപ്പോയി ഭായി. എന്താണ് നമുക്കു മാത്രം ഈ ദുരിതം. പണമുളളവര്‍, ഉയര്‍ന്ന ജോലിക്കാര്‍‍ ആരെങ്കിലും നമ്മളെപ്പോലെ ഇങ്ങിന പെടാപ്പാട് പെടുന്നുണ്ടോ?  ഈ യാത്രയില്‍ എന്തു സുരക്ഷയാണ് നമുക്കുണ്ടായിരുന്നത്. ഒരു വഴിപാടുപോലെ ചുറ്റിക്കെട്ടിയ ഈ മുഷിഞ്ഞ തുണി രോഗത്തെ തടുക്കുമെന്ന് നാം വിശ്വസിക്കുന്നു, എന്ത് സാമൂഹ്യ അകലമാണ് ഭായ് നമുക്ക് യാത്രയിലുടനീളം ഉണ്ടായിരുന്നത്? എനിക്കുറപ്പുണ്ട് പുറപ്പെടുമ്പോള്‍ നമുക്കാര്‍ക്കും രോഗമില്ലായിരുന്നു. ഈ യാത്ര നമ്മളെ രോഗികളാക്കിയിരിക്കും.  ഗ്രാമത്തിലായിരുന്നെങ്കില്‍ അവരുടെ മാതാപിതാക്കൾ അവരെ നോക്കുമായിരുന്നു. നാട്ടിലേക്ക് പോകാൻ  നേരത്തേ അനുമതി നൽകിയിരുന്നെങ്കിൽ ഈ ദുര്‍ഗതി ഉണ്ടാകില്ലായിരുന്നു.
                               പിന്നെയും എത്രയോ നേരം. അവസാനം ബഹളം പിടിച്ച ആ പാതയോരത്ത് ഒരു പിഞ്ചുകുഞ്ഞിന്റെ കരച്ചില്‍ കേട്ടു. ഈ ലോകത്തോടുള്ള സകല പ്രതിഷേധവും ആ കരച്ചിലിലു ണ്ടായിരുന്നു.പെണ്‍കുഞ്ഞാണ്. സ്ത്രീകളിലാരോ ലോകേഷ് ഭായിയോടും ഞങ്ങളോടും വന്നു പറഞ്ഞു. ദീദിയുടെയും  ലോകേഷിന്റെയും  കണ്ണീരുമാത്രം മതി  ഈ രാജ്യം കടലെടുക്കാന്‍.ശാപം മാത്രം മതി ലോകാവസാനത്തോളം ഗതികിട്ടാതെ അലയാന്‍. അല്പം കഴിഞ്ഞതോടെ എങ്ങിനെയോ വിവരമറിഞ്ഞ് പൊലീസെത്തി. പത്രങ്ങളും ചാനലുകളുമെത്തി. അമ്മയുടെയും കുട്ടിയുടെയും മുഖം പകര്‍ത്താന്‍ക്യമറക്കണ്ണുകള്‍ മത്സരിച്ചു. അപ്പോളേക്കും രാത്രിയായി.
              കുറച്ചു കഴിഞ്ഞ് ആംബുലന്‍സ് എത്തി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഞങ്ങള്‍ കുറച്ചുപേരും ഒപ്പം കയറി. അവിടെ വച്ച് ‍ഡോക്ടര്‍മാര്‍ പരിശോധിച്ചു. അമ്മയ്ക്കും കുട്ടിക്കും ആരോഗ്യപ്രശ്നങ്ങളില്ലെന്ന് പറഞ്ഞെങ്കിലും ചെറിയ കുട്ടിയെയും കൊണ്ട് ഈ രോഗകാലത്തുള്ള യാത്ര വിലക്കി.നമ്മുടെ ഗതികേട് ഭായ്. യാത്ര പുനരാരംഭിക്കണമെന്ന് സംഘത്തിലെ മറ്റു ചിലര്‍ വാശി പിടിക്കാന്‍ തുടങ്ങി.  ലോകേഷിന്റെയും എന്റെയും ഫോണുകള്‍ക്ക് വിശ്രമമുണ്ടായിരുന്നില്ല.            
                                പിറ്റേന്ന് രാവിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്  വാങ്ങിച്ച് ഞങ്ങള്‍ പുറത്തിറങ്ങി. ആംബുലന്‍സില്‍ ആശുപത്രിക്കാര്‍ ഞങ്ങളെ ബൽസാമുഡ് ബാരിയറിൽ തന്നെ കൊണ്ടു ചെന്നാക്കി. അവിടെ പിന്നെയും ഏറെ നേരം ആ ചോരക്കുഞ്ഞിനെയും പിടിച്ച് ഞങ്ങള്‍ ലോറികള്‍ക്ക് കൈകാണിച്ചുകൊണ്ടിരുന്നു. അവസാനം വന്ന ഒരു പൊലിസ് വാഹനം ഞങ്ങളെക്കണ്ടു നിര്‍ത്തി. അവര്‍ ഒരു ലോറി കൈകാണിച്ചു നിര്‍ത്തിച്ചു. അതീലാകട്ടെ നേരത്തെ കയറിയിരുന്ന കുറെപ്പേരുണ്ടായിരുന്നു. അവര്‍ക്കിടയിലേക്ക് ഞങ്ങളും കയറി. ആ തിക്കിത്തിരക്കില്‍ പ്രസവിച്ച് ഇരുപത്തിനാലുമണിക്കൂര്‍ പോലും തികയാത്ത ദീദിയും ലോകത്തെ കണ്ണുുമിഴിച്ച് കാണാന്‍ പോലുമായിട്ടില്ലാത്ത ആ പിഞ്ചുകുഞ്ഞും ഞെരുങ്ങി നിന്നു. പ്രസവിച്ചു കിടക്കുന്ന ഒരു പെണ്ണിനും ഈ ഗതി വരരുത്. ഒരു കുഞ്ഞിനും ഇങ്ങിനെ തെരുവില്‍ ജനിക്കേണ്ട അവസ്ഥയുണ്ടാകരുത് ഭായ്. കാലിത്തൊഴുത്തിലും പുല്‍ത്തൊട്ടിലിലും മരുഭൂമിയിലും പിറന്നു വീണ ദൈവങ്ങളുണ്ടല്ലോ നമുക്ക്. അവരെങ്കിലും ഇത് കണ്ടാല്‍ മതിയായിരുന്നു.

                                ഇരുന്നിരുന്ന് നേരം വൈകുന്നേരമാകുകയാണ്. മുന്നിലുള്ളവര്‍ക്ക് നേരെ ബാറ്റണ്‍ വീശിയപ്പോള്‍ പാളത്തിനു മുകളിലൂടെ ആളുകള്‍ പരക്കം പാഞ്ഞു.   തനിക്കൊപ്പമുണ്ടായിരുന്ന സംഘം ചിതറിപ്പോയിരിക്കുന്നു. ജാവേദിന് പേടി തോന്നി. ഇനിയും ഇവിടെ നിന്നാല്‍ അപകടമാണ്. ആളുകള്‍ നിന്നിരുന്നതിന്റെ അപ്പുറത്തുകൂടി ജാവേദ് പാളത്തിലൂടെ നടന്നു. വീണ്ടും റോഡിലക്ക് തന്നെ കയറി ഗൗതം നഗറിലെത്തി. വഴിയരികിലെ രാം മന്ദിറിന് മുമ്പില്‍ കൈകൂപ്പി. അവിടെ കണ്ട പൈപ്പില്‍ നിന്ന്  വെള്ളം എടുത്ത് കുപ്പിയില്‍ നിറച്ചു. രാത്രിയിലും  റോഡില്‍ നിര്‍ബാധം നടക്കുന്ന പശുക്കള്‍. വാഹനങ്ങളുട തിരക്കില്ലാതെ ബിഹു പോലെ സ്വാതന്ത്ര്യം ആഘോഷിക്കുകയാണവര്‍. അസമില്‍ ബിഹുവിന്റെ ആദ്യ ദിവസമാണ് ഗോരു ബിഹു. പശുക്കളെ വൃത്തിയായി കുളിപ്പിച്ച് അവയെ പൂജിക്കുന്നു. അതിനുശേഷം അവരുടെ കഴുത്തിലെ പഴയ കയര്‍ മാറ്റി പുതിയ കയര്‍ ഇടുന്നു. ദിവസം മുഴുവന്‍ പശുക്കളെ അവരുടെ ഇഷ്ടത്തിന് മേയാന്‍ വിടുന്നു.
            ഫുടിയയും രാംപുര്‍ മഹ്ചിയയും ധാമയും ജയ്റാംപുരും  കടന്നപ്പോള്‍ വശത്ത് ഒരു സ്കൂള്‍ കെട്ടിടം കണ്ടു. കാലുകള്‍ വല്ലാതെ തളര്‍ന്നു പോയിരുന്നു. കെട്ടിടത്തിന്റെ വരാന്തയില്‍ ബാഗ് വച്ച് കുറച്ചു നേരം ഇരുന്നപ്പോള്‍ തല പിളരുന്ന പോലെ വേദന. വീണ്ടും വെള്ളമെടുത്ത് കുടിച്ച് ബാഗിലേക്ക് തല വച്ച് കിടന്നു.



                       11


                  ഞെട്ടിയെഴുന്നേല്‍ക്കുമ്പോള്‍ കാലുകള്‍ക്ക് വലിയ ഭാരമായിരുന്നു . കാലടികള്‍ വെന്തു പൊള്ളിയ പോലെ. മറ്റു കുറച്ചാളുകള്‍ കൂടി അവിടെ കിടന്നുറങ്ങുന്നത് അപ്പോഴാണ് ശ്രദ്ധിച്ചത്. എല്ലാ കാലുകളും തളര്‍ന്നു തുടങ്ങിയിട്ടുണ്ടാകണം. അതുവരെ ജീവിക്കാന്‍ വേണ്ടി മാത്രം ഭക്ഷണം കഴിച്ച ചോര നീരാക്കി പണിയെടുത്തവര്‍ക്ക് ആഹാരമില്ലാതെ, ഉറക്കമില്ലാതെ എത്ര നാള്‍ നടക്കാനാകും? ഏതു നിമിഷവും നടത്തത്തിനിടയില്‍ കുഴഞ്ഞു വീഴുകയോ ഉറക്കത്തില്‍ ഹൃദയത്തിന്റെ സ്പന്ദനം നിലക്കുകയോ, തലച്ചോറിലെ നാഡിനാരുകളേതെങ്കിലും പൊട്ടിത്തെറിക്കുകയോ ചെയ്ത് ഒടുങ്ങേണ്ടവര്‍.
            കുറെ കഴിഞ്ഞ് എഴുന്നേറ്റ് വീണ്ടും. മുന്നോട്ടുപോകുമ്പോള്‍ സൈക്കിള്‍ ചവിട്ടിപ്പോകുന്ന ഒരു യുവാവ്. ജാവേദ് കൈകാണിച്ചപ്പോള്‍ അല്പം മുന്നോട്ടു പോയി സൈക്കിള്‍ നിന്നു.

മുഛെ ലിഫ്ട് ദേ ദൊ. ജബ് തക തം ചോടേംഗെ

ഏസെ ബഹുത് ചല്‍ രഹെ ഹെ. ജബ് മേനെ ആപ്കൊ ദേഖാ, തൊ മുഛെ ലഗാ കീ മേം രുക് സക്താ ഹും.
ജാവേദ് ആ സൈക്കിളിന്റെ പിറകില്‍ കയറി. തെരുവിളക്കുകളുടെയും മുന്നിലും പിന്നിലും വരുന്ന വാഹനങ്ങളുടെയും വെളിച്ചത്തില്‍ സൈക്കിള്‍ മുന്നോട്ടോടിക്കൊണ്ടിരുന്നു.

മേരെ ബേഠെ, ഭഗവാന്‍ തുമാരാ ഭലാ കരെ. നിന്റെ പേരെന്താണ്?

              മേരാ നാം ഫൈസാന്‍. മേം കബ്രിസ്ഥാന്‍ സേ വാപസ് ആതാ ഹും. ജഗദിശ്പുരയിലെ ഒരു ഹിന്ദു സഹോദരന്‍ രവിശങ്കറാണ് മരിച്ചത്. അദ്ദേഹത്തിന് അര്‍ബുദമായിരുന്നു.  പാവപ്പെട്ട കുടുംബമാണ്. പണക്കരായവര്‍ക്ക് ഈ ദുര്‍ഗതി വരില്ലല്ലോ. അദ്ദേഹം മരിച്ചപ്പോള്‍ മകൾ അവരുടെ ബന്ധുക്കളെയും  സമീപത്തുള്ള മറ്റ് ആളുകളെയും അറിയിച്ചെങ്കിലും ശവസംസ്കാരം നടത്താന്‍ ആരും സഹായിച്ചില്ല. ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങിയില്ല. ഇപ്പോള്‍ കോവിഡിന്റെ കാലമല്ലേ? ആളുകള്‍ വല്ലാതെ ഭയന്നിരിക്കുന്നു. അവരവരുടെ സുരക്ഷനോക്കുന്നു.   രവിശങ്കറിന്റെ സംസ്കാരം നടത്താനാവാതെ കുടുംബം കുടുങ്ങിപ്പോയപ്പോള്‍
ഞങ്ങള്‍ മറ്റ്  അയൽക്കാർ സഹായം ചെയ്യാനുറപ്പിക്കുകയായിരുന്നു. ഞങ്ങള്‍ സംഘം ചേര്‍ന്നു രവിശങ്കറിന്റെ വീട്ടിലെത്തി. മൃതദേഹം സംസ്‌കരിക്കാനുള്ള ഒരുക്കങ്ങൾ ‍ചെയ്ത് ഞങ്ങള്‍ ശ്മശാനത്തിലേക്ക് കൊണ്ടു പോയി.  അദ്ദേഹം ഹിന്ദുവായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ യാത്രയിൽ രാം നാം സത്യ ഹേ എന്ന് പറഞ്ഞിരുന്നു. മരണം എല്ലാവര്‍ക്കും ഉണ്ടാകുന്നതല്ലേ..
           പണമില്ലാത്തവര്‍ക്ക് മതമില്ല ഭായ്. പണമില്ലായ്മ എന്നതു തന്നെയാണ് അവരുടെ മതം. ആ മതാമാകട്ടെ ഈ ലോകത്തിലെ മുക്കാല്‍ ഭാഗം ആളുകളെയും ഉള്‍ക്കൊള്ളുന്ന മതമാണ്. ദാരിദ്യമാണ് അതിന്റെ ദേവത. പട്ടിണിയാണ് അതിന്റെ വേദപുസ്തകം.

സൈക്കിള്‍ ജഗദീശ് പുര എത്തിയപ്പോള്‍ ഫൈസാന്‍ പറഞ്ഞു. ഞാന്‍ ഇതുവരെയാണ് ഉള്ളത്. താങ്കള്‍ പറയുകയാണെങ്കില്‍ ഇനിയും കുറെ ദൂരം താങ്കളെ എത്തിക്കുന്നതില്‍ എനിക്ക് വിഷമമില്ല. ഒരാളെ സഹായിക്കാന്‍ കഴിയുന്നതാണ് നന്മയിലേക്കുള്ള വഴിയെന്നാണ് എന്റെ മാതാവ് എന്നെ പഠിപ്പിച്ചിട്ടുള്ളത്.

ഫൈസാന്‍ നീ ബുദ്ധിയുള്ള കുട്ടിയാണ്. നീ വലിയ കാര്യങ്ങള്‍ സംസാരിക്കുന്നു. നിനക്കെന്റെ മകനാകാനുള്ള പ്രായമേ ഉണ്ടാകൂ. ഗൂജറാത്തില്‍ നിന്നും തുടങ്ങിയതാണ് എന്റെ യാത്ര. നടന്നും ലോറിയിലുമായി ഇതുവരെ എത്തി. വരാണസി വരെ കമ്പനിയില്‍ ഒപ്പം ജോലി ചെയ്ത കൂട്ടുകാരുണ്ടായിരുന്നു. പിന്നീട് ഒാരോ തെരുവിലും നിന്നെപ്പോലെ പലരെയും പരിചയപ്പെട്ടു. എല്ലാവരും ഒരമ്മ പെറ്റ മക്കള്‍.  ഫൈസാന്‍ നീ ബുദ്ധിയുള്ള കുട്ടിയാണ്. നീ വലിയ കാര്യങ്ങള്‍ സംസാരിക്കുന്നു. നിനക്കെന്റെ മകനാകാനുള്ള പ്രായമേ ഉണ്ടാകൂ. ഗൂജറാത്തില്‍ നിന്നും തുടങ്ങിയതാണ് എന്റെ യാത്ര. നടന്നും ലോറിയിലുമായി ഇതുവരെ എത്തി. വരാണസി വരെ കമ്പനിയില്‍ ഒപ്പം ജോലി ചെയ്ത കൂട്ടുകാരുണ്ടായിരുന്നു. പിന്നീട് ഒാരോ തെരുവിലും നിന്നെപ്പോലെ പലരെയും പരിചയപ്പെട്ടു. എല്ലാവരും ഒരമ്മ പെറ്റ മക്കള്‍. നീ വലിയ സഹായമാണ് എനിക്ക് ചെയ്തു തന്നത്.നീ നിന്റെ വീട്ടിലേക്ക് പോയ്ക്കോളു..
         
 നല്ല വാക്കുകള്‍ക്ക് നന്ദി. ഞാന്‍ എന്നെക്കൊണ്ട് ചെയ്യാനാവുന്നത് ചെയ്തു. അതാണല്ലോ രാജ്യം നമ്മളോടിപ്പോള്‍ പറയുന്നത്. ഈ മഹാമാരിയെ നേരിടാനും രാജ്യം നമ്മളോട് നമുക്ക് ചെയ്യനാവുന്നത് ചെയ്യാനാണ് പറഞ്ഞിട്ടുള്ളത്. താങ്കള്‍ക്ക് വേഗം വീട്ടിലെത്താന്‍ സാധിക്കട്ടെ. 

ആ ചെറുപ്പക്കാരന്‍ സൈക്കിളില്‍ ഇടവഴിയിലേക്ക്   തിരഞ്ഞുപോകുന്നത് ജാവേദ് നോക്കിനിന്നു. ഈ യാത്ര പഠിപ്പിക്കുന്ന പാഠങ്ങള്‍ എത്ര വലുതാണ്. കാലുകള്‍ നീട്ടി വച്ച് വീണ്ടും നടന്നു. സല്യദ്രാജ വച്ച് വഴി തിരിയുകയാണ്. ഇടക്കിടെ തീപിടിച്ച കണ്ണുകളുമായി നിലവിളച്ച് കടന്നു പോകുന്ന ആംബുലന്‍സുകള്‍.  കര്‍മനാശ നദിയുടെ പാലത്തിലൂടെ നടന്ന് ഖമാന്‍പൂരിലെത്തുമ്പോള്‍ നേരം മൂവന്തിയാവുകയായിരുന്നു. 
                            ബീഹാര്‍ അതിര്‍ത്തിയായ കേശോപൂരിലേക്ക് കുറച്ചു കിലോമീറ്റുകളേയുള്ളുയെന്ന് ഒപ്പം നടക്കുന്നവരോട് ചോദിച്ച് മനസ്സിലാക്കി. അവിടെ പൊലിസ് വാഹനം നില്‍ക്കുന്നുണ്ടായിരുന്നു. വരുന്ന ആളുകളെയെല്ലാം പരിശോധിച്ചുകൊണ്ടിരുന്നു. പനിയോ കിതപ്പോ തോന്നിയവരെയെല്ലാം മാറ്റി നിര്‍ത്തിയിരുന്നു. പാതയരികില്‍ അകലമിട്ട് എല്ലാവരെയും ഇരുത്തി. കുറച്ചു കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും കുപ്പിവെള്ളവും ചപ്പാത്തിയും നല്‍കി. നിലത്തുതന്നെയിരുന്ന് എല്ലാവരും അതു കഴിച്ചു. പൊടുന്നനേ തടയപ്പെടുമ്പോള്‍ നിലക്കുന്ന കാലുകള്‍. അതു വരെ കുട്ടികളെ എടുത്തു നടന്നു വന്ന അമ്മമാര്‍ പാതയില്‍ കാലുനീട്ടി ഇരിക്കുന്നു. ആരോടെന്നില്ലാതെ അവര്‍ ശപിക്കുന്നുണ്ട്.

ബോഹത്ത് ഖരബ് വ്യാവർ കിയ ഹുമാരെ സാത്ത്..നമ്മളെല്ലാവരും ഏറെക്കുറെ പട്ടിണിയിലാണ്. ആരെങ്കിലും വരുമ്പോഴെല്ലാം ഞങ്ങൾ അവരോട് ഭക്ഷണം ചോദിക്കുന്നു. ചിലർ ഞങ്ങൾക്ക് തരുന്നു, ചിലർ നൽകുന്നില്ല. ഇത് ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രയാസമേറിയ സമയമാണ്

കുട്ടികൾക്ക് കുടിക്കാന്‍ പാലില്ലാത്തതു പോകട്ടെ..നല്ല വെള്ളം പോലും കൊടുക്കാന്‍ കഴിയുന്നില്ല., ഒട്ടും പറ്റാത്ത ഭക്ഷണം, അവര്‍ക്ക് കിടക്കാന്‍ പോലും കൊതുക് വലകളില്ല. ഈ ചളിയിലും വെള്ളത്തിലും കിടത്തി  ഇവരെ എങ്ങിനെയാണ് വീടെത്തിക്കുക എന്നെനിക്കറിഞ്ഞുകൂടാ..

അതെ ഈ കെട്ടകാലത്തിലേക്ക് തന്നപ്പോലുള്ളവര്‍ തള്ളിയിടപ്പെടുകയായിരുന്നല്ലോ. അവരുടെ സംസാരം സങ്കടങ്ങളിലേക്ക് പകുത്തു വക്കപ്പെടുകയാണ്. ഇരുന്ന് കിതപ്പു മാറിയപ്പോള്‍  വീണ്ടും നടത്തം. ഇപ്പോള്‍ വഴിയില്‍ ആളുകള്‍ കുറവായിരിക്കുന്നു.


                      ശിശൗരയും ഒറിയാദും കടക്കുമ്പോള്‍ രാത്രി നീണ്ടു പോയിരുന്നു. തളര്‍ച്ചയും മയക്കവും വന്നുതുടങ്ങി. ഇടക്കൊരു വാഹനം കടന്നുപോയപ്പോള്‍ കൈമൂര്‍ എന്ന ബോര്‍ഡ് വായിച്ചു. എവിടെയെങ്കിലും ഇരിക്കണം.നെഞ്ച് വല്ലാതെ ഇടിച്ചു. പാതയില്‍ നിന്നു മാറി നിലത്ത് കിടന്നു. തെരുവിളക്കിന്റെ അരണ്ട വെളിച്ചം തനിക്കരികില്‍ എത്തുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ വിളിച്ചുണര്‍ത്തുന്ന പോലെ. നോക്കുമ്പോള്‍ മുന്നില്‍ രണ്ടു പേര്‍. ഒരാള്‍ തന്റെ ബാഗ് പരിശോധിക്കുകയാണ്. രണ്ടാമന്റെ കൈ തന്റെ കഴുത്തിന് നേരെ നീണ്ടു വന്നപ്പോള്‍ ജാവേദ് കിടന്നിടത്തുനിന്നും കുതറിയെഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. അയാള്‍ നിലത്തോട് ചേര്‍ത്ത് ജാവേദിനെ അമര്‍ത്തി.

തുമാരെ പാസ് ജൊ പൈസാ ഹെ ഉസെ ലേ ജായേം ഒൗര്‍ യഹാം സെ ജല്ദീ നികലനെ കീ കോശിശ് കരേം.
അയാളുടെ മറുകയ്യില്‍ നിവര്‍ത്തിപ്പിടിച്ചിരിക്കുന്ന കത്തിയില്‍ വെളിച്ചത്തിന്റെ കീറ് വന്നു തിളങ്ങി.ഭയം കാരണം ജാവേദിന് മിണ്ടാനായില്ല. ഉച്ചരിക്കാനുള്ള വാക്കുകകള്‍ തൊണ്ടയില്‍ കുരുങ്ങി.അതിനകം അയാള്‍ പാന്റിന്റെ പോക്കറ്റില്‍ വച്ചിരുന്ന പഴ്സും ഫോണും കണ്ടെത്തി എടുത്തു കഴിഞ്ഞിരുന്നു.

ലഗതാ ഹെ കീ തും മാംസ് ഖാനെ വാലെ ഹൊ. ഹം ഉനേം അകേലാ നഹി ചോട്തെ..

മുഖമടച്ച് അടി കിട്ടിയപ്പോള്‍ ജാവേദ് പിടഞ്ഞുപോയി. ഇതാ തന്റെ മരണം അടുത്തിരിക്കുന്നു. ഇതിനെ പേടിച്ചാണ് താന്‍ ഇത്ര ദിവസം നടന്നത്. വീട്ടില്‍ കാത്തിരിക്കുന്ന ഭാര്യയും കുട്ടികളും. അടുത്ത നിമിഷത്തില്‍ താന്‍ മരിച്ചുപോയേക്കാം. ബ്രായ് ഷിബ്രായ് പോലും തന്റെ രക്ഷക്കെത്തുന്നില്ലല്ലോ..

ഉഠൊ ഒൗര്‍ ഫിര്‍ കഭീ ഇസ് ജഗഹ് കൊ മത് ദേഖൊ

ജാവേദ് കിതച്ചുകൊണ്ട് എഴുന്നേറ്റു. അയാള്‍ പിറകില്‍ നിന്ന് തള്ളിയപ്പോള്‍ വേച്ചുകൊണ്ട് പാതയിലേക്ക് കമിഴ്ന്നടിച്ചു വീണു. 
വീണ്ടുമവര്‍ തന്റെ നേരെ വരുന്നെന്ന് തോന്നിയപ്പോള്‍ മരണഭയം കൊണ്ട് ജാവേദ് എഴുന്നേറ്റ് ഒാടി. അപ്പോള്‍ പിറകില്‍ നിന്ന് അവരുടെ പൊട്ടിച്ചിരി കേട്ടു. കാലുകള്‍ക്കിപ്പോള്‍ വലിയ ഭാരമാണ്. തനിക്കിപ്പോളും ജീവന്‍ ബാക്കിയുണ്ട്. കാളിമാത തന്നെ രക്ഷിച്ചിരിക്കുന്നു.
ഒാരോ കാലടിയും നിലത്തുനിന്ന് പറിച്ചെടുത്ത് വക്കുമ്പോള്‍ നിലം പൊള്ളുന്ന പോലെ. ഒാടുമ്പോള്‍ പുറത്തുചാടിപ്പോകാതിരിക്കാന്‍ ഹൃദയം അയാള്‍ പൊത്തിപ്പിടിച്ചു.

                                                                       12
                                     രാവേറെക്കഴിഞ്ഞിരിക്കുന്നു. നക്ഷത്രങ്ങള്‍ ആകാശത്ത് സ്ഥാനം മാറിയിരിക്കുന്നു. ഇപ്പോള്‍ സമയമെന്ന ചങ്ങലയില്‍ നിന്ന് താന്‍ മോചനം നേടിയിരിക്കുന്നു. സമയത്തെക്കുറിച്ച് ആലോചിക്കുന്നവര്‍ക്കേ സമയമുള്ളൂ.  ചെറിയ കുട്ടികളുടെ ക്ളാസില്‍ പഠിക്കുന്നതു പോലെ ഭൂമി ചലിച്ചുകൊണ്ടേ ഇരിക്കുകയാണ്. വെയിലും നിലാവും ചലിച്ചുകൊണ്ടേയിരിക്കുകയാണ്. കാറ്റും വെള്ളവും ചലിച്ചു കൊണ്ടേയിരിക്കുകയാണ്. അപ്പോള്‍ പിന്നെ കറങ്ങിക്കൊണ്ടിരിക്കുന്ന ഈ വലിയ ചക്രത്തിന്റെ ആരക്കാലുകള്‍ മാത്രമാണ് മനുഷ്യര്‍. ചക്രം തിരിയുന്നതിനൊപ്പം കറങ്ങാന്‍ ബാധ്യതപ്പെട്ടവര്‍. ഇപ്പോൾ ദേഹം മാത്രമേ തനിക്ക് സൂക്ഷിക്കാനുള്ളൂ. താനിട്ടു പഴകിയ വസ്ത്രങ്ങൾ കൊണ്ട് കള്ളന്മാർക്ക് എന്തു പ്രയോജനമാണ് ലഭിച്ചിരിക്കുക. വാരി വലിച്ച് നോക്കി ഒന്നുമില്ലെന്ന് കണ്ടപ്പോൾ അവരത് എവിടെയെങ്കിലും വലിച്ചെറിഞ്ഞു കാണും. ഫാക്ടറിയിലെ ഒരു തൊഴിലാളിയിൽ നിന്ന് അഞ്ഞൂറു രൂപകൊടുത്തു വാങ്ങിയ ആ പഴയ ഫോണും അങ്ങിനെ അവർ വലിച്ചെറിഞ്ഞിട്ടുണ്ടാകും.ചോര നീരാക്കി താന്‍ കൂട്ടിവച്ച് നാലായിരം രൂപയില്‍ ലോറിക്കാരന്‍ വാങ്ങിയ കൂലിയും വഴിയില്‍ പല സമയത്തായി വാങ്ങിയ ബിസ്കറ്റിനും വെള്ളത്തിനും കൊടുത്തതിന്റെ ബാക്കി പിരിയുമ്പോള്‍ രാകേഷും രോഹനും തന്ന രണ്ടഞ്ഞൂറിന്റെ നോട്ടുകള്‍ മാത്രമായിരിക്കും അവർ എടുത്തിട്ടുണ്ടാകുക.  ട്രക്കിൽ സഞ്ചരിക്കുമ്പോഴും രാത്രിയും പകലുമില്ലാത്ത  നടത്തത്തിലും ആ പണം ഇട്ടിരുന്ന പാന്റിന്റെ പോക്കറ്റിൽ ഭദ്രമായി ഇല്ലേഎന്ന് പലതവണ നോക്കുമായിരുന്നു.
               ഒരു കണക്കിന് ഒന്നുമില്ലായ്മയാണ് ജീവിതത്തിലെ സുഖം. ഒരു ഭാരവുമില്ലാത്തതാണ് ഇങ്ങിനെയൊരു നടത്തത്തിന്നല്ലതും. എല്ലാം നഷ്ടപ്പെട്ട ശേഷം ഒരിടത്തും നടക്കാനോ കിടക്കനോ പേടി തോന്നിയില്ല. വെറും കൈകൾ വീശി നടക്കുന്ന തന്നെ പിന്നീട് ഒരു കള്ളനോ പിടിച്ചുപറിക്കാരോ തടഞ്ഞു വച്ചില്ല.
തന്നെപ്പോല അനേകം പേരിപ്പോള്‍ പട്ടിണി പേടിച്ച് പലായനം ചെയ്യുന്നു. അവരൊക്കെയും ഇങ്ങിനെ കൊള്ളയടിക്കപ്പെടുന്നുണ്ടായിരിക്കാം. ഇതു തന്നെയായിരിക്കണം പായ്ക്കപ്പലില്‍ കടല്‍മാത്രം കണ്ട് ഒരിക്കലെന്നോ എത്താവുന്ന കര മാത്രം കണ്ട് ഭാരതത്തിലേക്ക് വന്ന വിദേശീയരെ നയിച്ചത് വയറിന്റെ വിശപ്പായിരിക്കില്ല. സ്വന്തം രാജ്യത്തിന്റെ പട്ടിണിയായിരിക്കില്ല. പിന്നെന്താണ്? ആര്‍ത്തിയായിരിക്കണം. അന്യദേശങ്ങളെ കീഴടക്കുന്നതിലെ ആനന്ദമായിരിക്കണം. എത്രയോ കാതം സഞ്ചരിച്ച് ആ കപ്പലുകള്‍ തീരം കാണുമ്പോള്‍ പുതിയൊരു ഭൂമി കണ്ടെത്തിയപോല അവര്‍ ചിരിച്ചിട്ടുണ്ടാകണം. ഇപ്പോള്‍ മഹാരാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നടന്ന് തന്നെപ്പോലെ അനേകര്‍ കണ്ടെത്താന്‍ പോകുന്നത് എന്താണ്..തന്റെ തന്നെ രാജ്യം ഒരുക്കുന്ന കാണാപ്പുറങ്ങള്‍. ഇരുട്ട് കട്ടപിടിച്ചു കിടക്കുന്ന വലിയ ആഴങ്ങള്‍. അതു കണ്ടെത്തുന്നവരും അവസാനം ചിരിക്കുമായിരിക്കും. മണ്ണുപറ്റി വളര്‍ന്നവരുടെ ഒരിക്കലും നിര്‍ത്താന്‍ കഴിയാത്ത ആ ചിരികള്‍ക്ക് കരച്ചിലുകളേക്കാള്‍ കരുത്തുണ്ടാകും. ആ ചിരി ചെന്നു മുട്ടി മുഴങ്ങി അധികാരത്തിന്റെ ഇഷ്ടികക്കെട്ടുകള്‍, ആകാശം മുട്ടുന്ന ഗോപുരങ്ങള്‍ തകര്‍ന്നു വീഴും. ജാവേദിനും ഒന്നു പൊട്ടിച്ചിരിക്കാന്‍ തോന്നി. 
                       പാതയുടെ വശത്ത് ഒരു മന്ദിര്‍. കാലുകള്‍ അങ്ങോട്ട് നയിച്ചു. മന്ദിറിന്റെ മുന്നിലെത്തി ജാദേവ് ചുറ്റും നോക്കിയപ്പോള്‍ ആരുമില്ലെന്ന് തോന്നി.വിജനമായ ഈ സ്ഥലത്ത് ദൈവത്തോടൊപ്പം അവശേഷിക്കുന്ന രാത്രികഴിയണം.ജീവിതം എന്തെല്ലാം അനശ്ചിതത്വങ്ങളും അത്ഭുതങ്ങളുമാണ് ഒാരോ നിമിഷത്തിലും തന്നു കൊണ്ടിരി ക്കുന്നത്.  മന്ദിറിന്റെ വീതി കുറഞ്ഞ പടവുകളിലൊന്നിൽ ജാദേവ്
ഇരുന്നു.  കാലുകൾ നീട്ടിവച്ച് കിടക്കാനൊരുങ്ങുമ്പോളാണ് തൊട്ടപ്പുറത്ത് മിന്നാമിന്നി പോലെ ഒരു വെളിച്ചം. ഒന്നു കൂടി നോക്കിയപ്പോൾ ഒരാളിരുന്ന്  ബീഡി വലിക്കുകയാണ്. ഇടക്കൊരു വാഹനം പാഞ്ഞുപോയപ്പോൾ കണ്ടു മാറു വരെ നീണ്ട താടിയോടെ ഒരാൾ. ഒരു പക്ഷേ തന്നെപ്പോലെ തന്നെ നാടുപിടിക്കാൻ നടക്കുന്ന മറ്റൊരാൾ.

ആരാണ് ..

ആ ചോദ്യത്തോടെ ആ രൂപം എഴുന്നേറ്റ് തന്റെ നേരെ വരുന്നത് ജാദേവ് കണ്ടു.

ജാദേവ് ഗോഗോയ്...

എവിടെ നിന്നും വരുന്നു? എങ്ങോട്ടു പോകുന്നു?

ഗുജറാത്തില്‍ നിന്ന് അസമിലേക്ക് പോകുന്നു..
ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി. ജാവേദിനെ അത്ഭതപ്പെടുത്തി അയാൾ സംസാരിച്ചത് ആസാമിസ് ഭാഷയായിരുന്നു.
ഗുജാറാത്ത്, ആസാം...ഹ ഹഹ ഭൂമിക്ക് എന്തൊക്കെ പേരുകൾ..ആളുകൾ വരുന്നതും പോകുന്നതും ഒരിടത്തേക്ക് തന്നെയാണ്. ഭഗവാനില്‍ നിന്നും വരുന്നു ഭഗവാനിൽ
ലയിക്കുന്നു.
ബാബാ...ജാദേവിന് അയാളെ അങ്ങിനെ വിളിക്കാനാണ് തോന്നിയത്..
ഈ സ്ഥലം ഏതാണ്?
നീ വിണ്ടും സ്ഥലം ചോദിക്കുന്നു. നിനക്കിതിന് നിന്റേതായ പേരിടാം. ലോകര്‍ ഇവിടെ ഇതിനെ വിളിക്കുന്നത് കൈമൂര്‍എന്നാണ്..നീ വല്ലാതെ ഭയപ്പെട്ടിരിക്കുന്നു. നിന്നെ ഭയപ്പെടുന്നതെന്തോ അതും ഭഗവാന്റെ സൃഷ്ടി. ഒരു സൃഷ്ടിയെ ഭയപ്പെടുത്താന്‍ മറ്റൊരു സൃഷ്ടി. മനുഷ്യന്റെ മദം ഒതുങ്ങാൻ.. തിന്നാനുള്ളതിനപ്പുറം തിന്നതിന് കുടിക്കാനുള്ളതിനപ്പുറം കുടിച്ചതിനുള്ള ശിക്ഷ..

ജാവേദിന് ഒന്നും മനസ്സിലായില്ല. അപരിചിതമായ ഇയാള്‍ ചിലപ്പോൾ വലിക്കുന്നത് കഞ്ചാവായിരിക്കും. അതിന്റെ ലഹരിയിലുള്ള സംസാരമായിരിക്കണം. തന്നെപ്പോലെ നെഞ്ചുന്തി മെലിഞ്ഞ അയാളെന്തായാലും തന്നെ ഉപദ്രവിക്കാനിടയില്ല..പിന്നെ പിടിച്ചുപറിക്കാന്‍ ഇത്തിരി മാംസവും ജീവനും മാത്രമല്ലേ തന്നിലുള്ളൂ.

ജയ് ഭഗ്‌വാൻ..നിനക്ക് നിന്റെ ദേഹത്തിന് വലിയ ഭാരം തോന്നുന്നുണ്ടാകും. വീടും കുടുംബവും കുട്ടികളുമെല്ലാം ദേഹത്തിന് ഭാരമുണ്ടാക്കും. ഈ ഭാരവും വച്ച് നീയെങ്ങിനെ പിന്തള്ളാനാണ് ദൂരങ്ങളെ..ഒരു ഭാരവുമില്ലാത്തവന് പറഞ്ഞതാണ് ദേശാടനം..ആകട്ടെ എന്തിനെ പേടിച്ചാണ് നിന്റെ പലായനം?

ഇരുട്ടിൽ അയാളുടെ ചോദ്യം ചെറുതെങ്കിലും മന്ദിറിന്റെ ചുമരിൽ തട്ടി പ്രതിധ്വനിച്ച പോലെ..

ബാബാ..ഈ ലോകത്ത് ഇപ്പോൾ നടക്കുന്നതൊന്നും അറിയുന്നില്ലേ? എല്ലാവരും ഭയക്കുന്നത് എന്തിനെയോ അതിനെ ഞാനൂം ഭയക്കുന്നു. അതെന്നെ പിടികൂടും മുമ്പ് അവസാന മായെങ്കിലും ഞാനെന്റെ വീട്ടിലെത്താൻ ആഗ്രഹിക്കുന്നു..അതിനായാണ്ഞാനിത്രകാലവും നടന്നത്..

അയാൾ വീണ്ടും പൊട്ടിച്ചിരിച്ചു..

ഭയം ഭയം ഭയം...അതാണ് ഏറ്റവും വലിയ ഭാരം..ഈ ഭയം വച്ച് നീ ഇത്ര ദൂരം എങ്ങിനെ വന്നുവെന്നാണ് ഞാൻ ആലോചി ക്കുന്നത്. പുറപ്പെടുമ്പോൾ നിന്റെ കൂടെഉണ്ടായിരുന്നവരെവിടെ.. ഈ യാത്രയിൽ പലതും നിനക്ക് നഷ്ടമായല്ലോ?എന്നിട്ടും ഉപേക്ഷിക്കാൻ തോന്നുന്നില്ലേ ഈ യാത്ര ?

ജാവേദിന് ചെറുതായി പേടി തോന്നി..യാത്ര തുടങ്ങുമ്പോൾ തന്റെ കൂടെ ആളുണ്ടായിരുന്നതും താൻകൊള്ളയടിക്കപ്പെട്ടതു മൊക്കെ അറിഞ്ഞപോലെയാണ്  ഇയാള്‍ സംസാരിക്കുന്നത്..താനിരിക്കുന്നത് ദൈവത്തിന്റെ ആലയത്തിലാണ്. ദൈവം എപ്പോഴും പരീക്ഷിക്കുന്നവനാണ്. അനാദി കാലം മുതൽ തന്നും എടുത്തും സൃഷ്ടികളിൽ നടത്തുന്ന പരീക്ഷണങ്ങൾ. ദൈവമായിരിക്കുമോ തന്റെ മുന്നിൽ..
            ലോക്ക് ഡൗണ്‍പ്രഖ്യാപിച്ചപ്പോൾ ഗുജറാത്തില്‍ ഞാന്‍ ജോലി ചെയ്ത  കമ്പനി എന്നെ പുറത്താക്കി. ഭക്ഷണമോ പണമോ ഇല്ലായായാല്‍ ചന്തകൾ  എല്ലാം അടച്ചാല്‍ ഞാൻ അവിടെത്തന്നെ  താമസിച്ചിരുന്നുവെങ്കിൽ ഇതിനു മുമ്പേ തന്നെ പട്ടിണി കിടന്ന് മരിക്കുമായിരുന്നു.  ജാവേദ് ഇടറിക്കൊണ്ട് അയാളോട് പറഞ്ഞു

എന്റെ കൂടെ വരാനാകുമെങ്കിൽ നിനക്ക് വരാം..

ആ രൂപം ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.

ഞാൻ നിന്നെ ഒഴുകാൻ സഹായിക്കാം. നീയിപ്പോൾ വലിയൊരു നദിയാണ്. ക്ഷീണവും ഭയവുമാണ് നിന്നെയിപ്പോള്‍ അണകെട്ടി നിർത്തിയിരിക്കുന്നത്. പക്ഷേ നിനക്ക് ഒഴുകിയേ പറ്റൂ..ദൂരെയാണ് കടൽ. അതിലെത്താതെ നിനക്ക് ഒരിക്കലും ഒരിടത്തും കിടക്കാനാവില്ല.. നിന്റെ സൂര്യന്‍ നീ തന്നെയാണ്. നിന്റെ ചന്ദ്രനും നക്ഷത്രങ്ങളും നീയാണ് . എല്ലാ വെളിച്ചങ്ങളുടെയും അപ്പുറത്തെ വലിയ വെളിച്ചം അതു നിന്റെ ഉള്ളിലുണ്ട്. അതാണ് നിന്നെ ഇവിടം വരെ എത്തിച്ചത്. ഇനി മുന്നോട്ട് കൊണ്ടുപോകുന്നതും.

അയാൾ തന്റെ കയ്യിൽ വന്നു പിടിച്ചപ്പോൾ ജാവേദ് ഒരു പാവയെപ്പോലെ അയാളുടെ കയ്യിലേക്ക് ചേർന്നു.

നദിയുടെ ഗതി എപ്പോഴും മുന്നോട്ടാണ്. കാറ്റിന്റെ ഗതി മുന്നോട്ടാണ്. നദി ഒരിടത്ത് നിൽക്കുന്നത് നീ കണ്ടിട്ടുണ്ടോ? ഏതണയും എപ്പോൾ വേണമെങ്കിലും പൊട്ടാം. ഒരു നദിയും പിറകോട്ട് ഒഴുകാറില്ല. ഒരു കാറ്റും പിറകിലേക്ക്
വീശാറില്ല..എന്റെ കൂടെ നടന്നോളൂ..

എങ്ങോട്ട്..എനിക്ക് പോകേണ്ടത് എന്റെ ഗ്രാമത്തിലേക്കാണ്..

അതിനുള്ള മറുപടിയും ചിരിയിൽ അവസാനിച്ചു...

നിന്റെ ഗ്രാമം...നീയിപ്പോൾ നടന്നു തള്ളിയതത്രയും ഗ്രാമങ്ങളായിരുന്നു. അതൊക്കെ അപ്പപ്പോൾ നിന്റേതായിരുന്നു. നീ നടന്നു തീർത്ത ഇനി നടക്കാനിരിക്കുന്ന വഴികളൊക്കെ നിന്റേതായി മാറുന്നു. നീ മാറുമ്പോൾ മറ്റൊരാൾ നടക്കും.. അത് അവരുടെതായി മാറും..വരൂ..

ആ രൂപം ഇരുട്ടിനെ വകഞ്ഞു മാറ്റി മുന്നിൽ നടന്നു. ജാവേദ് പിറകെയും. അയാളുടെ ഒപ്പം നടക്കുമ്പോൾ കാലുകൾക്ക് ക്ഷീണം തോന്നുന്നില്ലെന്നും ദേഹത്തിന് വേദനയറിയുന്നില്ലെന്നും ജാവേദിന് തോന്നി.താൻ വന്ന വഴിയുടെ ദിശവച്ച്  ഇയാൾ തന്നെ നയിക്കുന്നതും മുന്നോട്ടു തന്നെയാണ്..

പേടിക്കേണ്ട..നിനക്കും എനിക്കും പോകേണ്ടത്  ഒരേ ഇടത്തേക്കാണ്. നമ്മുടെ പൂർവികരെല്ലാം അവിടെ എത്തിയിട്ടുണ്ട്. ഇനി വരുന്നവരും അവിടേക്കു തന്നെയാണ് നടക്കുന്നത്. എല്ലാര്‍ക്കും അവിടെ എത്തിയേ പറ്റൂ. കാരണം വന്നതും അവിടെ നിന്നാണല്ലോ.

ബാബ പറയുന്നത്?

ഞാൻ പറയുന്നത് മരണത്തെ കുറിച്ചാണെന്ന് നീ ഭയപ്പെടുന്നു. ജീവിത്തോളം പേടിക്കേണ്ട ഒന്നാണോ മരണം.? ജീവിതം നിന്നെ ഏതെല്ലാം തരത്തിൽ വേദനിപ്പിക്കുന്നു..പരീക്ഷിക്കുന്നു. പക്ഷേ നീ ജീവിത്തെ കൊതിക്കുന്നു. സ്നേഹിക്കുന്നു. പക്ഷേ മരണം അതെല്ലാവരെയും എല്ലാ ദുഖങ്ങളിൽ നിന്നും മോചിപ്പിക്കുന്നു. വേദനകളിൽ നിന്ന് പിടിച്ചു കയറ്റുന്നു. എന്നിട്ടും ആളുകൾ മരണത്തെ വെറുക്കുന്നു. പേടിക്കുന്നു. മരണത്തെ സ്നേഹിക്കാൻ ശ്രമിക്കൂ. അപ്പോൾ ജീവിതത്തെ നിനക്ക് ഇപ്പോളുള്ളതിനെക്കാൾ കൂടുതൽ കൊതിക്കാൻ തോന്നും.

അയാൾ പറയുന്ന വാക്കുകളെ പിന്തുടരാൻ തനിക്കാവുന്നില്ലല്ലോ..

നിനക്കറിയുമോ  കാലാകാലങ്ങളായി ആളുകള്‍ ഭയപ്പെട്ടിരുന്ന എന്തും പിന്നിട് ആരാധിക്കപ്പെട്ടിട്ടേ ഉള്ളൂ.. ഇപ്പോള്‍ത്തന്നെ നോക്കൂ..ഇവിടെ പുതിയ ഒരു ദൈവം ഉണ്ടായിരിക്കുന്നു. കൊറോണ ദേവി. ദേവവിഗ്രങ്ങള്‍ കൂടി ഇപ്പോള്‍ മുഖാവരണം ധരിക്കുന്നു. അല്ല മനുഷ്യര്‍ ധരിപ്പിക്കുന്നു. ഒരു തരത്തില്‍ മനുഷ്യര്‍ തന്നെയാണ് ഈശ്വരന്‍. മനുഷ്യനെ ബാധിക്കുന്നെതെന്തും ഈശ്വരനെ ബാധിക്കുന്നു. ഈശ്വരനെന്നാല്‍ പ്രകൃതിയാണ്. പ്രപഞ്ചം. അതിലെ അനന്തപരകോടി ജീവജാലങ്ങളിലും ഈശ്വരമാംശമുണ്ടല്ലോ..

കൊറോണ ദേവിയോ..

അതെ കൊറോണ ദേവി..നളന്ദയിലും ഗോപാല്‍ഗഞ്ചിലും വൈശാലിയിലും മുസാഫര്‍പൂരിലും ആളുകള്‍ പുതിയ ദൈവത്തിന് കാണിക്ക വച്ച് പ്രാര്‍ത്ഥിക്കുന്നു.  അവര്‍ ഏഴ് കുഴികളെടുത്ത് അതില്‍ ഗ്രൂമ്പൂ, ഏലം, പൂക്കള്‍, ലഡു എന്നിവ നിക്ഷേപിക്കുന്നു. കൊറോണ നമ്മെ പിന്തുടരുകയാ ണെങ്കില്‍ അതിനെ തടയാന്‍ പൂക്കള്‍ക്കും ലഡുവിനും എളളിനും കഴിയുമെന്ന വിശ്വാസ ത്തില്‍ മുഖം മറച്ച് അകലം പാലിച്ചു നിന്ന് കൊറോണയില്‍ നിന്ന് രക്ഷിക്കാന്‍  പ്രാര്‍ത്ഥിക്കുന്നു. ആഴ്ചകളായി ബ്രഹ്മപുത്ര യിലെ സര്‍വേശ്വര്‍നാഥ് മന്ദിരില്‍ ഞാനീ പൂജ കാണുന്നു..പ്രഹ്ലാദേശ്വരില്‍ അവര്‍  ശിവവിഗ്രഹത്തിന് മുഖാവരണമിട്ടിരി ക്കുന്നു. പ്രപഞ്ചരക്ഷക്ക് കാളകൂടത്തെ സ്വന്തം ചങ്കിലേറ്റി നീലകണ്ഠനായവനും മൂന്നാം തൃക്കണ്ണു മിഴിച്ചാല്‍ പ്രപഞ്ചത്തെ ഭസ്മമാക്കാന്‍ കഴിയുന്നവനും കലിയില്‍ മുഖാവരണമിടേണ്ടി വരുന്നു.

ബാബ എങ്ങിനെ ഇതെല്ലാം അറിയുന്നു?

അറിയുവാനാണെങ്കില്‍ അനേകം വഴികളുണ്ട്. അറിയാതിരിക്കുകയാണ് ഏറ്റവും നല്ലത്. അറിവില്ലാതിരിക്കുന്ന കാലത്ത് മനുഷ്യര്‍ എത്രയോ നന്നായി ജീവിച്ചുകാണും. അറിവിനൊപ്പം പിറന്നതാണ് ഭയം. ഭയത്തില്‍ നിന്ന് അറിവും അറിവില്‍ നിന്നും ഭയവും പിറക്കുന്നു. ഞാന്‍ കാറ്റില്‍ നിന്നറിഞ്ഞു. മഴയില്‍ നിന്നറിഞ്ഞു..പറക്കുന്ന ഒാരോ പക്ഷികളും പോയ ഇടത്തെ എല്ലാ കാര്യങ്ങളും എന്നോട് പറയുന്നു.

ജാനേ വാലേ സിപാഹി സേ പൂച്ഛോ
വൊ കഹാം ജാ രഹാഹെ
കോന്‍ ദുഖിയാ ഹേ ജോ ഗാ രഹീഹെ
ഭൂഖെ ബച്ചോം കോ ബഹ്‌ലാ രഹീഹെ
ലാഷ് ജല്‍നെ കി ബൂ ആ രഹീഹെ
സിന്ദഗി ഹെ കെ ചില്ലാ രഹീഹെ
ജാനെ വാലേ സിപാഹി സേ പൂച്ഛോ
വോ കഹാം ജാ രഹാഹെ
അയാള്‍ ഉച്ചത്തില്‍ പാടുകയായിരുന്നു. നിനക്കിതിന്റെ അര്‍ഥം മനസ്സിലായോ. ഇത് നിന്നെക്കുറിച്ചാണ്. നടന്നകലുന്ന പടയാളിയോട് തിരക്കൂ, അയാളുടെ പ്രയാണം എവിടേക്കാണെന്ന്. ഏതൊരു ദുഃഖാര്‍ത്തനാണ് ആ പാടുന്നത്? വിശന്നുവലയുന്ന കുട്ടികളെ ആരാണ് സാന്ത്വനിപ്പിക്കുന്നത്? ശവം കത്തുന്ന മണം അടുത്തേക്ക് വരുന്നല്ലോ. അലറിവിളിക്കുന്നത് ജീവിതം തന്നെയാണ്. നടന്നകലുന്ന പടയാളിയോട് തിരക്കൂ, അയാളുടെ പ്രയാണം എങ്ങോട്ടാണെന്ന്. നോക്കൂ ജീവിതം അലറി വിളിക്കുന്ന ശബ്ദം നിന്റെ ചെവിയില്‍ വന്നലക്കുന്നില്ലേ? നിന്റെ വഴി കല്ലുംമുള്ളും നിറഞ്ഞതായിരിക്കാം അതെക്കുറിച്ച് ആലോചിക്കേണ്ട, വഴികള്‍ നിന്റെ മുന്നില്‍ തെളിഞ്ഞു വരും. നിന്റെ തന്നെ ഉള്ളില്‍ നിന്ന് നിന്നോട് സംസാരിക്കുന്ന ഒരാളുണ്ടാകും. അയാള്‍ പറയുന്ന വഴിയ നടക്കുക. ഇത് നിന്റെ വഴിയാണ് നിന്റെ മാത്രം. മറ്റുള്ളവര്‍ക്ക് നിന്റെ കൂടെ നടക്കാം, പക്ഷേ, നിനക്കു പകരം നടക്കാനാകില്ല...യാത്ര ഒരു ആധിയാണ്, പുറപ്പെടാതിരി ക്കലാണ് അതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപാധി ..

അപ്പോൾ പിറകിൽ നിന്നും ഒരു വാഹനത്തിന്റെ വെളിച്ചം അവരിൽ തട്ടി നീളൻ നിഴലുകളുണ്ടാക്കി.പൊടുന്നനേ അയാൾ പാതയുടെ മധ്യത്തിൽ കയറി നിന്നു. അതൊരു പിക്കപ്പ് വാനായിരുന്നു. വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടായി രുന്നുള്ളൂ..ഡ്രൈവറുടെ സമ്മതം പോലും ചോദിക്കാതെ അയാൾ വാനിന്റെ വാതിൽ പിടിച്ചു തുറന്നു. 

ഇയാളെക്കൂടി നീ പോകുന്ന അത്രയും ദൂരം കൊണ്ടു പോകൂ..നിന്റെ വഴിഅവസാനിക്കുമ്പോൾ അവിടെ ഇവനെ ഉപേക്ഷിക്കുക.

ഡ്രൈവർക്ക് അയാളെ അറിയുമെന്ന് ജാവേദിന് തോന്നി..

കയറിക്കോളൂ..ഈ പാതയിലൂടെ ഒാടുന്നതെല്ലാം എന്റെ വാഹനങ്ങൾ. നിന്നെപ്പോലെ എത്രയോ പേരെ ഞാൻ എവിടെക്കെല്ലാം കയറ്റിവിട്ടിരിക്കുന്നു. എത്രയോ അണകളെ പൊട്ടിച്ച് ഒഴുക്കിനെ സ്വതന്ത്രമാക്കി യിരിക്കുന്നു...ഒഴുകണം, ഒഴുകിക്കൊണ്ടേയിരിക്കണം അത് നിലക്കുമ്പോള്‍ നിങ്ങൾ എന്നെപ്പോലെ മലിനമായിമാറും  ജഡമായിമാറും..

അപ്പോൾ ബാബ..

ബാബ ഒരിടത്തുനിന്നും വന്നതല്ല..ഒരിടത്തേക്കും പോകാവുന്നതുമല്ല. നീ കടന്നുപോന്ന കാലത്തെക്കുറിച്ച് അതിന്റെ വേദനകളെ മറക്കുക , വരാനിരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കരുത്, ശരിയായ പുരുഷന്‍ ഇവിടെ ഈ നിമിഷത്തില്‍ ജീവിക്കുന്നു. അറിഞ്ഞതൊക്കെ മറക്കുന്നതാണ് നല്ലത്.

വാനിലേക്ക് പിടിച്ചു കയറിയപ്പോൾ അയാൾ വാതിൽ പുറത്തുനിന്നും അടച്ചു. വണ്ടി ഒാഫ് ചെയ്ത് ഡ്രൈവര്‍ പുറത്തിറങ്ങി. പോക്കറ്റിലെ പഴ്സ് തുറന്ന് ഏതാനും പണം ബാബക്ക് കൊടുക്കുന്നത് ജാവേദ് കണ്ടു. ഡ്രൈവര്‍ അയാള്‍ക്കുമുമ്പില്‍ തല കുനിക്കുന്നതും അയാള്‍ ഡ്രൈവറുടെ തലയില്‍ കൈവക്കുന്നതും കണ്ട്  ജാവേദ്  അത്ഭുതപ്പെട്ടു. ഡ്രൈവര്‍ വീണ്ടും വാനില്‍ കയറി.   വണ്ടി നീങ്ങുമ്പോൾ ജാവേദ് പിറകിലേക്ക് നോക്കി. അയാൾ നിന്നയിടം ഇരുട്ട് വന്നുമൂടിയിരുന്നു. അല്ല അയാൾ ഇരുട്ടുതന്നെ ആയിരുന്നല്ലോ.ബ്രായ് ഷിബ്രായ്

 പിക്കപ്പ് വാനിനുള്ളില്‍ ഇട്ടുവച്ചിരുന്ന ചെറിയ വെളിച്ചം അണക്കുംമുമ്പേ ‍ഡ്രൈവര്‍ ചോദിച്ചു
ആരാണ് നിങ്ങള്‍?  എവിടെനിന്നും വരുന്നു? എങ്ങോട്ടാണ് യാത്ര

ജാവേദ് പേരും സ്ഥലവുമെല്ലാം പറഞ്ഞു.

ഇതേതാണ് സ്ഥലം? ഈ വണ്ടി എങ്ങോട്ടു പോകുന്നു? എനിക്ക് ഏതു വരെ താങ്കളോടൊത്ത് വരാനാകും?

ഇത് കൈമൂര്‍. ഞാന്‍ ഒരു ഗോശാലയിലേക്ക് കാലിത്തീറ്റയുമായി പോകുകയാണ്.  കത്ടറിലെ ചൗബോയി ജീ കാ ഫാമിലേക്ക് .  അവിടെ ലോഡിറക്കി സമസ്തിപുരിലേക്ക് അതു വരെ താങ്കള്‍ക്ക് വരാം..വണ്ടിക്കുള്ളിലെ പ്രകാശം അണച്ച് ഡ്രൈവര്‍ പറഞ്ഞു.        

എന്റെ കയ്യില്‍ താങ്കള്‍ക്ക് തരാന്‍ ഒരു രൂപ പോലുമില്ല..ഉണ്ടായിരുന്ന പണമെല്ലാം വഴിയില്‍ പിടിച്ചുപറിക്കപ്പെട്ടു..അതു പറയുമ്പോള്‍ ജാവേദിന്റെ ശബ്ദം ഇടറിയിരുന്നു.

അതിനെന്താണ് സഹോദരാ..ബാബ കയറ്റിവിട്ട ആളില്‍ നിന്നും ഞാനെങ്ങനെ പണം വാങ്ങാനാണ്...

മന്ദിറില്‍ പ്രത്യക്ഷപ്പെട്ട് തന്നെ കൂട്ടിക്കൊണ്ട് നടന്ന് വാനില്‍ കയറ്റി വിട്ട ആളെ ഡ്രൈവര്‍ക്ക് അറിയുമെന്ന് ജാവേദിന് ഉറപ്പായി..

ബാബയോ..മന്ദിറില്‍ വച്ച് തനിക്ക് അയാളെ വിളിക്കാന്‍ തോന്നിയതും ബാബയെന്നായിരുന്നല്ലോ എന്ന് ജാവേദ് ഒാര്‍ത്തു.

അതെ ഈ വണ്ടി കൈ കാണിച്ചു നിര്‍ത്തി നിങ്ങളെ കയറ്റി വിട്ടത് ഹൈവേ ബാബയാണ്. അദ്ദേഹത്തെ ഈ വഴി പോകുന്ന എല്ലാവര്‍ക്കും  അറിയാം. ഈ പാതയില്‍ എവിടെയാണ് അദ്ദേഹം ഉണ്ടാകുക എന്നറിയില്ല. ഒന്നറിയാം അദ്ദേഹം കാലത്തിനും സമയത്തിനുമെല്ലാം അപ്പുറമാണ്. ഒരേ സമയം പലയിടങ്ങളിലും കണ്ടിട്ടുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. കാശിയിലെ ഏതോ ക്ഷേത്രത്തില്‍ പൂജാരിയായിരുന്നു. പൂജാരിയായ കൃഷ്ണ ആനന്ദ് പാണ്ഡെ. അതാണ് ബാബയുടെ പേരായി ഞാന്‍ പറഞ്ഞു കേട്ടിട്ടുള്ളത്.  വിശ്വനാഥന്‍ അദ്ദേഹത്തിന് ജ്ഞാനം നല്‍കി. ജ‍ടയും മുടിയും നല്‍കി. കാലദേശങ്ങള്‍ക്ക് അതീതനായി ബാബയുടെ സഞ്ചാരം അന്നു തുടങ്ങിയതാണ്. അദ്ദേഹത്തിന് കൊടുക്കുന്നതെന്തും കാശി വിശ്വനാഥന്റെ കാല്‍ച്ചുവട്ടിലെത്തും. ബാബ കിനാ റാമിന്റെ പിന്‍ഗാമിയാണ്. നാട്ടുകാര്‍  പറയുന്നത് സത്യമാണെങ്കില്‍ കിനാ റാം ജീവിച്ചിരുന്നത് ഒന്നര നൂറ്റാണ്ടാണ്.ആദ്യത്തെ അഘോരി .

ഞാനൊരു മന്ദിറില്‍ രാത്രി തങ്ങാമെന്ന് കരുതി കയറിയാതാണ്. അവിടെ വച്ചാണ് അദ്ദേഹത്തെ കാണുന്നത്..

ബാബയെ മന്ദിറിലും പള്ളിയിലും കാണും. ചിലപ്പോള്‍ ശരാബ് അണ്ടായിലും കണ്ടെന്നു വരും. ചിലപ്പോള്‍ വാരണാസിയിലെ ഘാട്ടുകളിൽ  മണികര്‍ണികയില്‍, ശ്മശാനങ്ങളില്‍. എപ്പോഴാണ് വരികയെന്നും എപ്പോളാണ് മടങ്ങുകയെന്നും അറിയില്ല. ആബുപർവത്തിലും ഗിർനാറിലും ബുദ്ധഗയയിലും കാശിയിലും ഹിംഗ്ളാജിലും ഒരേ സമയം കണ്ടവരുണ്ട് .

തണുപ്പ് ചെവിയില്‍ സൂചികള്‍ കൊണ്ട് കുത്താന്‍ തുടങ്ങി.  മഞ്ഞുകാലമാണ്. . എവിടെനിന്നൊക്കെയോ മണിയടികൾ കേൾക്കാം.

താങ്കള്‍ കൈ കാണിക്കൂ..ഞാനിത്തിരി സാനിറ്റൈസര്‍ തരാം. അത് കൈകളില്‍ പുരട്ടൂ..താങ്കളുടെയും എന്റെയും
സുരക്ഷക്കായി..എന്റെ പേര് സജ്ജയ് കുമാര്‍. ബീഹാര്‍.
വണ്ടി ഒാടിക്കൊണ്ടിരിക്കെ തന്നെ ഇടതുകൈകൊണ്ട് ഒരു ചെറിയ കുപ്പിയെടുത്ത് അയാള്‍ ജാവേദിന്റെ കയ്യിലേക്ക് ഇറ്റിച്ചു. വണ്ടിക്കുള്ളില്‍ അതിന്റെ മണം അല്പനിമിഷം കുടുങ്ങിനിന്നും. ജാവേദ് രണ്ടു കൈപ്പത്തികളും കൂട്ടിത്തിരുമ്മി . ഈ യാത്രക്കിടെ ചിലയിടത്തുനിന്നെല്ലാം ആളുകള്‍ സാനിറ്റൈസറും കൈ കഴുകാനുള്ള സോപ്പുവെള്ളവും തന്നിട്ടുണ്ട്. തന്റെ മുഖം മറച്ച മുഷിഞ്ഞ തൂവാല കണ്ട് ഒരിടത്തു നിന്നും ആളുകള്‍ നല്കിയതാണ് ഇപ്പോള്‍ ഇട്ടിരിക്കുന്ന മാസ്കുപോലും.

വഴിയിലുടനീളം നിങ്ങളെപ്പോലെ അനേകം പേരുണ്ട് സഹോദരാ..സ്ത്രീകളും കുട്ടികളും വരെ.ഗര്‍ഭിണികള്‍ വരെ രാവും പകലുമില്ലാതെ നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാവരും കൈ കാണിക്കും. വണ്ടിയില്‍ കയറ്റുമ്പോളും പേടിക്കണം.ആര്‍ക്കാണ് രോഗമുള്ളതെന്ന് അറിയാന്‍ കഴിയില്ലല്ലോ..നമ്മുടെ ജീവനും നോക്കേണ്ടേ..നിങ്ങളെത്തന്നെ ബാബ കൈ കാണിച്ചതു കൊണ്ടു മാത്രം ഞാന്‍ കയറ്റിയതാണ്. വഴിയില്‍ പൊലീസ് പരിശോധിക്കും .ആരു ചോദിച്ചാലും വണ്ടിയിലെ സഹായി ആണെന്നേ പറയാവൂ. ഗൂജറാത്തില്‍ നിന്നും ഇത്ര ദൂരത്തുനിന്നും കടന്നു വന്ന ആളെന്നറിഞ്ഞാല്‍ അവര്‍ നിങ്ങളെ പിടിച്ചു കൊണ്ടു പോകും.

ശരി. ഞാന്‍ തന്നെ എത്രയോ വണ്ടികള്‍ക്ക് കൈകാണിച്ചിട്ടുണ്ട്. ആദ്യം ഞങ്ങള്‍ കയറിയ ട്രക്ക് വരാണസി വരെ ഉണ്ടായിരുന്നു. അതിന് ശേഷമാണ് നടപ്പു തുടങ്ങിയത്.

ഭാഗ്യമാണ് സഹോദരാ താങ്കളെ ഇതു വരെ എത്തിച്ചത്. ഈ വരുന്നതിനിടക്ക് ഞാന്‍ കണ്ടതും കേട്ടതുമായ കഥകൾ ആലോചിക്കുമ്പോൾ താങ്കള്‍ ജീവനോടിരിക്കുന്നതു തന്നെ ഭാഗ്യം. ഭായി ഞാന്‍ പറയുന്നത് കേട്ട് പേടിക്കരുത്. ഈ യാത്രയില്‍ ഇതു വരെ അപകടങ്ങളില്‍ പെട്ടുമാത്രം മരിച്ചവര്‍ എത്രയെന്നോ? യുപിയിലെ ഔരയ്യയില്‍ ലോറികള്‍  കൂട്ടിയിടിച്ചതില്‍ മാത്രം ഇരുപത്തിയഞ്ചുപേര്‍ മരിച്ചു. പരിക്കേറ്റവര്‍ നൂറിലധികം. മരിച്ചവരൊക്കെയും ജാർഖണ്ഡിലേക്കും ബിഹാറിലേക്കും, വെസ്റ്റ് ബംഗാളിലേക്കും വരുന്ന  തൊഴിലാളികള്‍. രാജസ്ഥാനില്‍ നിന്നും ലോറിയുടെ ലോഡിനു മുകളിലിരുന്നു വരികയായിരുന്നു അവര്‍. റോഡ് മുറിച്ചു കടന്ന പശുവിനെ രക്ഷിക്കാന്‍ ബ്രേക്ക് ചെയ്തപ്പോള്‍ പിന്നില്‍ ഡല്‍ഹിയില്‍ നിന്നും വരികയായിരുന്ന ട്രക്ക് ഇടിക്കുകയായിരുന്നു.
                               എംപിയിലെ സാഗറിൽ ട്രക്ക്‌ മറിഞ്ഞ് മൂന്ന്‌ സ്‌ത്രീകളും ആറ് കുട്ടികളും  യുപിയിലെ  ഉന്നാവിൽ റിക്ഷ മറിഞ്ഞ് ഭാര്യയും ഭര്‍ത്താവും. ഞാന്‍ ലോഡ് ഇറക്കാന്‍ പോയിടത്ത് ലോറിക്കാര്‍ പറയുന്നത് കേട്ടു. തെലങ്കാനയില്‍ നിന്നും കുടുംബാംഗങ്ങളോടൊപ്പം ഛത്തിസ്ഗഡിലേക്ക് കാൽനടയായി പോയ പെൺകുട്ടി വീട്ടിലെത്താൻ അമ്പതു കിലോമീറ്റർ ബാക്കി നില്‍ക്കെ മരിച്ചു.  ഡൽഹിയിൽ നിന്നും  മധ്യപ്രദേശിലെ മൊറീനയിലേക്ക് നടന്ന രൺവീർ സിങ് എന്ന ചെറുപ്പക്കാരന്‍ നടന്നു നടന്ന് തന്റെ വീടിന്റെ എണ്‍പതു കിലോമീറ്റര്‍ അടുത്തുവരെയെത്തിയിരുന്നു. അവിടെ വച്ച് അയാള്‍ കുഴഞ്ഞുവീണാണ് മരിച്ചത്.  കൈകുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരും ഉൾപ്പെടെ പതിനായിരങ്ങളാണ് അവര്‍ തൊഴില്‍ ചെയ്ത് താമസിച്ച  നഗരങ്ങളിൽ നിന്ന് അവരുടെ ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുന്നത് .

അതെ സഹോദരാ ഞങ്ങളും പുറപ്പെടുമ്പോള്‍ കുറെ പേര്‍ ഉണ്ടായിരുന്നു. പലരും അവരവരുടെ സ്ഥലങ്ങളിലെത്തിയപ്പോള്‍ പിരിഞ്ഞു പോയി. വരാണസിവരെയും ചന്ദൂളി വരെയും സൃഹൃത്തുക്കള്‍ ഉണ്ടായിരുന്നു.

താങ്കള്‍ക്ക് അപകടമൊന്നും പറ്റാത്തത് അത്ഭുതമാണ്. ‍ എങ്ങിനെ താങ്ങാനാണ് പെരിവെയിലത്തെ ഈ യാത്ര. അതും വിശപ്പും ദാഹവും  സഹിച്ച്. സഹോദരാ താങ്കള്‍ ആഹാരം വല്ലതും കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ദാ മുന്നില്‍ ഒരു ബിസ്കറ്റിന്റെ പാക്കറ്റുണ്ട്. സീറ്റിനടിയില്‍ വെള്ളത്തിന്റെ കുപ്പി കാണും. താങ്കള്‍ക്ക് നല്ല ക്ഷീണമുണ്ട്.

രാത്രി വല്ലാതെ ദാഹിച്ചപ്പോള്‍ വഴിയരികിലെ ഒരു പൈപ്പില്‍ നിന്ന് വെള്ളം കുടിച്ചു. ഇടക്ക് കണ്ട നാട്ടുകാരോട് യാചിച്ചപ്പോള്‍ അവര്‍ ഒരു പാക്കറ്റ് ബിസ്കറ്റ് തന്നിരുന്നു. ജാവേദിന്റെ കൈകള്‍ ബിസ്ക്കറ്റ് പാക്കറ്റിലേക്ക് നീണ്ടു. നാലഞ്ചു ബിസ്കറ്റ് തിന്ന് വെള്ളവും കുടിച്ചപ്പോള്‍ ഒരാശ്വാസം പോലെ.

ഇപ്പോള്‍ നമ്മള്‍ എവിടെയെത്തി?

ദുമാരി കഴിയുന്നു.  ബിശുന്‍പുരയില്‍ ചിലപ്പോളൊരു ഡാബ തുറന്നിരിക്കും. അവിടെയാണ് ഞങ്ങള്‍  യാത്രകളില്‍ നിര്‍ത്താറുള്ളത്.       

സഹോദരാ  താങ്കള്‍ ഒറ്റക്കാണല്ലോ..പലയിടത്തും  സ്വന്തം നാടുപിടിക്കാൻ ആയിരക്കണക്കിന് പേരാണ് തടിച്ചു കൂടിയിട്ടുള്ളത്. ഡൽഹിയിലെ ആനന്ദ് വിഹാർ ബസ് ടെർമിനലിൽ തൊഴിലാളികൾ തടിച്ചു കൂടിയതോടെ പൊലീസ് വന്ന് ലാത്തികൊണ്ടടിച്ച് ഒാടിക്കുകയായിരുന്നെത്രെ. വരുന്ന വഴിയില്‍ ചുട്ടുപൊള്ളുന്ന വെയിലത്ത് ടാറിട്ട റോഡിലൂടെ ചെരുപ്പുകൾ പോലുമില്ലാതെ കുഞ്ഞുകുട്ടികളടങ്ങുന്ന കുടുംബം വിയർത്തൊലിച്ച് നടന്നു നീങ്ങുന്ന കാഴ്ച ഞാന്‍ തന്നെ കണ്ടിട്ടുണ്ട്. അവരെ കയറ്റിക്കൊണ്ട് വരണമെന്നുണ്ടായിരുന്നു. പക്ഷെ എനിക്ക് പിറകില്‍ കയറ്റാന്‍ സ്ഥലമില്ലായിരുന്നു. വഴിയിലെ പൊലിസ് പരിശോധന പേടിച്ച് ഞാന്‍ അവര്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോരുകയായിരുന്നു.  വസ്ത്രങ്ങളോ വീട്ടുപകരണങ്ങളോ കുത്തിനിറച്ച ഭാണ്ഡങ്ങളും തൂക്കി കുട്ടികളെ ഒക്കത്തിരുത്തി നാട്ടിലെത്താൻ ഏതെങ്കിലും വാഹനത്തിന്റെ കാരുണ്യത്തിന് യാചിച്ച് നിൽക്കുന്ന കുടുംബങ്ങളാണ് പാതയിലുടനീളം. രാത്രി അവര്‍ കാണുന്ന കടത്തിണ്ണകളിൽ  ഉറങ്ങും. ഉണര്‍ന്നാല്‍  വീണ്ടും നടക്കുകയാണ്. കൊടുംചൂടിൽ വഴിയോരത്തെ മരത്തണലിൽ കിടക്കുന്നവരെയും കണ്ടിട്ടുണ്ട്. രണ്ട് കുട്ടികളെയും ഗർഭിണിയായ ഭാര്യയെയും സൈക്കിളിൽ ഇരുത്തി ചവിട്ടി വരുന്ന ഒരാളെ ഞാന്‍ വഴിയില്‍ വച്ചു കണ്ടു. ഇതുപോലെ ആയിരക്കണക്കിന് കുടുംബങ്ങൾ

എന്തുചെയ്യും സഹോദരാ , പാവപ്പെട്ടവരെ ആവശ്യമില്ലാത്ത രാജ്യം. വോട്ടിനുവേണ്ടി വളര്‍ത്തുന്ന മൃഗങ്ങള്‍, അതു കഴിഞ്ഞാല്‍ അവര്‍ക്കു തിന്നാന്‍ മണ്ണുപോലും കൊടുക്കാനാവുന്നില്ലല്ലോ. ജാവേദ്  വാനിന്റെ ക്യാബിനിലേക്ക് തല ചായ്ച്ച് പറഞ്ഞു. കിടന്നപ്പോള്‍ കൈമൂരിലെ പാതയോരവും രാജ്ബന്ധ്വയിലെ മന്ദിറും ബാബയുമെല്ലാം മനസ്സിലുടെ കടന്നുപോയി . ചിലവേള ഞെട്ടിയും ചിലവേള സാന്ത്വനത്തിന്റെ ചരിവില്‍ വിശ്രമിച്ചും എപ്പോളോ അയാളുറങ്ങിപ്പോയി.
                                        13
        

                                              ഇടക്ക് വാന്‍ നിന്നപ്പോള്‍ ജാവേദ് ഉണര്‍ന്നു. വെയിലില്‍ കുളിച്ചു കിടക്കുന്ന സ്ഥലം. അതൊരു ടോള്‍ പ്ളാസയായിരുന്നു. ഡ്രൈവര്‍ പണമടച്ചപ്പോള്‍ മുന്നിലെ ബാരിക്കേഡ് പൊന്തി. വാന്‍ പിന്നെയും നീങ്ങിത്തുടങ്ങി. വെയില്‍ ചൂടായി കൊണ്ടിരിക്കുകയാണ്. കുസഹയും ഭാടര്‍ഹിയും കഴിഞ്ഞപ്പോള്‍ താന പൊലീസ് സ്റ്റേഷനു മുന്നില്‍ വേറെയും വണ്ടികള്‍ നിര്‍ത്തിയിട്ടിരുന്നു. സജ്ജയ് ഇറങ്ങി പൊലീസ് വാഹനത്തിനടുത്തേക്ക് ചെന്നു. അല്പം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ സജ്ജയ് പറഞ്ഞു.

കൈക്കൂലിക്ക് കോവിഡ് കാലമില്ല ഭായി. ഈ പാത അവരുടെതെന്ന പോലെയാണ് പൈസ ചോദിക്കുന്നത്.
ദൈവം വന്നിറങ്ങിയാലും ഇവര്‍ കൈക്കൂലി ചോദിക്കും.

ചിലപ്പോളൊക്കെ അവര്‍ നല്ലവരും ആകുന്നുണ്ട്. ഇടക്കൊരിടത്ത്  നിന്നും ആഹാരവും വെള്ളവും തന്നെ ഒരു ലോറിയില്‍ കയറ്റിവിട്ടതും പൊലീസാണ്.അങ്ങിനെയാണ് ഞാന്‍ വരാണസിവരെ എത്തുന്നത്.

ഭായി ആരൊക്കെയുണ്ട് വീട്ടില്‍? ജാവേദ് അയാളോട് ചോദിച്ചു. വാഹനത്തിനുള്ളിലെ ചെറിയ ക്ളോക്കില്‍ നേരം നാലു മണിയായെന്ന് കാണിച്ചു. 
               സമസ്തിപൂരിലാണ് എന്റെ വീട്. ഭാര്യയും രണ്ടു കുട്ടികളും. ഭാര്യ രാംപൂർ ജലാൽപൂർ പഞ്ചായത്തില്‍ ആശ വര്‍ക്കറാണ്.  അവള്‍ക്കാണ് എന്നെക്കാള്‍ ജോലിയുള്ളത്. ഞാനാണെങ്കില്‍ ലോഡ് എങ്ങോട്ട് കിട്ടുന്നുവോ അവിടേക്കാണ് സഞ്ചാരം. ആഴ്ചയിലൊരിക്കലൊക്കെയേ വീട്ടിലെത്താന്‍ കഴിയു. സിമലക്കിപ്പോള്‍  എല്ലാ ദിവസവും വീടുകൾ സന്ദർശിക്കണം. സന്ദേശങ്ങള്‍ വിതരണം ചെയ്യണം, കോവിഡ് രോഗികളുണ്ടെങ്കില്‍ അവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കണം.  വാർഡിലെ ആരെങ്കിലും സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര ചെയ്തിട്ടുണ്ടോ വന്നിട്ടുണ്ടോ എന്നൊക്കെ റിപ്പോര്‍ട്ട് ചെയ്യണം. അതു കാരണം എനിക്കുപോലും ഇപ്പോള്‍ പുറത്തേക്ക് ലോഡ് കിട്ടിയാല്‍ പോകാന്‍ മടിയാണ്. ഈ യാത്ര തന്നെ എനിക്കവളില്‍ നിന്നും ഒളിക്കേണ്ടിയിരിക്കുന്നു. സിമല പറയുന്നത് അവള്‍ക്ക് രാജ്യം ഏല്‍പ്പിച്ച ജോലിയെന്നാണ്. ഇളം പിങ്ക് നിറമുള്ള അവളുടെ യൂണിഫോറം സാരിയും ചുറ്റി പുറത്തിറങ്ങുന്ന അവളെക്കണ്ടാല്‍ യുദ്ധത്തിന് പോകുന്ന പട്ടാളക്കാരെയാണ് ഒാര്‍മ വരിക. ഇന്നലെ ഫോണ്‍ ചെയ്തപ്പോള്‍ അവള്‍ പറയുകയാണ് അവള്‍ക്ക് തെല്ലും  ഭയമില്ലെങ്കിലും   കുട്ടികൾക്കും അമ്മായിയമ്മയ്ക്കും താന്‍ കാരണം രോഗബാധ പകരുമോ എന്നാണ് പേടിയെന്ന്. അവള്‍തന്നെ കൈകൊണ്ട് തുന്നിയുണ്ടാക്കിയ മാസ്കുാണുള്ളത്. ഓരോ വീടുകൾക്കും അവളത് കൊടുക്കുന്നുണ്ട്. അവളുടെ മേലധികാരികള്‍ അവര്‍ക്ക് ഒന്നും തന്നെ കൊടുത്തിട്ടില്ല. വീട്ടില്‍ വന്നാല്‍ കൈ കഴുകാന്‍ അവള്‍ ബാര്‍സോപ്പ് വാങ്ങി വച്ചിരിക്കുകയാണ്.

നന്മയുള്ള ജോലിയാണ് ഭായി. താങ്കളുടെ കുടുംബത്തെ ഒാര്‍ത്ത് അഭിമാനം തോന്നുന്നു. ഇങ്ങനെയുള്ള ആയിരക്കണക്കിന് പേരാണ് രാജ്യത്തിന് കാവല്‍ നിന്നുകൊണ്ടിരിക്കുന്നത്.

അലവല്ലൂര്‍ എത്തി ഭായി. ഇനി രണ്ടു മണിക്കൂര്‍ കൂടി ഒാടിയാല്‍ കത്ടര്‍ ആയി. നമുക്കല്പം വിശ്രമിക്കാം. വാന്‍ പാതയോര ത്തേക്ക് ചേര്‍ത്തു നിര്‍ത്തി. ഡ്രൈവര്‍ സീറ്റിന് താഴെ വച്ചിരുന്ന വെള്ളക്കുപ്പിയില്‍ നിന്നും വെള്ളമെടുത്ത് മുഖം കഴുകി. വെള്ളം കുടിച്ച് കുപ്പി ജാവേദിന് കൈമാറി. അതിന് ശേഷം അയാളൊരു സിഗരറ്റിന് തീകൊളുത്തി.
ക്യാ ആപ് ധൂംപാന്‍ കര്‍തെ ഹെം?  ഹമേം സെ ഡ്രൈവ് കരതെ ഹെം ഉന്‍കീ കുഛ് ആദതെ ഹോതി ഹെ.

ജാവേദ് വേണ്ടെന്ന് തലയാട്ടി.
ജീത്തെ ഭീ ലക്ടി മര്‍ത്തെ ഭീ ലക്ടീ സജ്ജയ് ഒരു പാട്ട് മൂളിക്കൊണ്ടിരിക്കുകയാണ്. ഇടക്ക് ജാവേദിനെ ചോദ്യഭാവത്തില്‍  നോക്കി
താങ്കളുടെ കുടുംബം.?

            ഞാന്‍ അസമിലെ നാഗോണില്‍. അഹോത്ഗുരിയിലെ ഗോദാറിയിലാണ് എന്റെ ഗ്രാമം. കുറച്ചു ഭൂമിയുണ്ട്. ഭാര്യയും രണ്ടു കുട്ടികളും. രണ്ടാമത്തെ കുഞ്ഞിന്റെ മുഖം ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ വാപ്പിയിലേക്ക് പുറപ്പെടുമ്പോള്‍ ഭാര്യക്ക് മൂന്നുമാസമായിരുന്നു. എല്ലാവര്‍ഷവും ബൊഹാഗ് ബിഗു സമയത്ത് സ്ഥിരമായി വീട്ടിലെത്തി കൃഷി ആരംഭിക്കുമായിരുന്നു. ഇക്കുറി ലോക്ക് ‍ഡൗണ്‍ എല്ലാം തകര്‍ത്തു. വാപ്പിയില്‍ നില്‍ക്കുകയാണെങ്കില്‍ ഇനിയൊരു പക്ഷേ എനിക്ക് എന്റെ കുട്ടികളുടെ മുഖം കാണാന്‍ കഴിഞ്ഞെന്നും വരില്ല. അതോര്‍ത്തപ്പോള്‍ എത്രയും പെട്ടെന്ന് ഗ്രാമത്തിലെത്തണമെന്ന് തോന്നി. പുഷ്പലതയും കുട്ടികളും എന്നെക്കുറിച്ച് അറിയാഞ്ഞ് വിഷമിച്ചിരിക്കുകയാകും. ഭായ് വിരോധമില്ലെങ്കില്‍ ഫോണ്‍ ഒന്നു തരുമോ. വീട്ടിലേക്ക് ഒന്നു വിളിക്കാന്‍. എന്റെ ഫോണും പണത്തോടൊപ്പം മോഷ്ടിക്കപ്പെട്ടു.
അതിനെന്താ ഭായ് വിളിച്ചോളൂ..അയാള്‍ വാനിന്റെ ഗ്ളാസിനോട് ചേര്‍ന്നു വച്ചിരുന്ന ഫോണ്‍ എടുത്ത്  ജാവേദിന് കൊടുത്തു.
നമ്പറുകള്‍ എഴുതി വച്ചിരുന്ന ചെറിയ കടലാസുകഷണം പോലും ആ പഴ്സിലായിരുന്നല്ലോ. ആകെ അറിയാവുന്ന നമ്പറുകള്‍ വീട്ടിലേയും ഭാര്യ സഹോദരന്‍ രാജന്‍ ഫുകാന്റെയും മാത്രം. ഈ സമയത്ത് ഭാര്യയെ വിളിച്ചാല്‍ താന്‍ സങ്കടപ്പെട്ടു പോകുമോ എന്ന് ഭയന്ന് ജാവേദ് ഫുകാന്റെ നമ്പര്‍ അമര്‍ത്തി. ആദ്യം കിട്ടാതെ വന്നപ്പോള്‍ നമ്പര്‍ ഒാര്‍ത്തെടുത്തത് തെറ്റാണോ എന്ന് പേടിച്ചു. രണ്ടാമതും അമര്‍ത്തിയപ്പോള്‍ ബെല്ലടിക്കുന്നത് കേട്ട് സമാധാനമായി. അപ്പുറത്ത് ഫോണ്‍ എടുക്കുമ്പോള്‍ ജാവേദിന് കിതപ്പ് തോന്നിയിരുന്നു. സംസാരത്തിനിടയില്‍ തന്റെ ശരിയായ അവസ്ഥ വാക്കുകളിലെവിടെയും വന്നു പോകാതെ സൂക്ഷിക്കണമെന്ന് മനസ്സിലോര്‍ത്തു.

ഇതാരാണ് രാജന്‍ ഫുകാന്‍ ചോദിക്കുന്നു

ഞാനാണ് രാജു ഭായ്. ജാവു
ഭായ്..താങ്കളുടെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ല.ഒരു വിവരവും ഇല്ലാഞ്ഞ് എല്ലാരും വിഷമത്തിലാണ്. താങ്കള്‍ എവിടെയാണ്..ഇതേതാണ് നമ്പര്‍?

ഇതെന്റെ സുഹൃത്തിന്റെ ഫോണാണ്.എന്റെ ഫോണ്‍ ചാര്‍ജ് തീര്‍ന്നിരിക്കുകയാണ്. ഞാനിപ്പോള്‍ യു പിയില്‍ നിന്ന് ബീഹാര്‍ വഴി  വെസ്റ്റ് ബംഗാളിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. ഞാന്‍ സുരക്ഷിതനാണ്. പുഷ്പലതയോടും കുട്ടികളോടും പറയണം. വഴിയില്‍ ഡാബകള്‍ തുറന്നിരിക്കുന്നു. അവിടെ നിന്നും ഭക്ഷണം കഴിക്കുന്നു.

ഭായ് ഇതൊരു വലിയ കുഴപ്പമാണ്. ലോക്ക് ഡൗണില്‍ കറങ്ങി നടക്കുന്നത് അപകടമാണ്. എന്തായാലും താങ്കളിപ്പോള്‍ സുരക്ഷിതനാണല്ലോ സമാധാനം.ഞങ്ങള്‍ക്ക് താങ്കളെ സഹായിക്കണമെന്നുണ്ട്. പക്ഷേ അതിനു കഴിയുന്നില്ലല്ലോ.

കുഴപ്പമില്ല ഭായ് . അവരെങ്ങിനെയിരിക്കുന്നു? ഗ്രാമത്തില്‍ മറ്റുള്ളവരൊക്കെ സുരക്ഷിതരല്ലേ?

ഇവിടെയും ആകെ കുഴപ്പമാണ് ഭായ്. പുറത്തുനിന്നു വരുന്നവരെക്കുറിച്ച് അന്വേഷണങ്ങള്‍ നടക്കുന്നു. വന്നു കഴിഞ്ഞവരെ വീടുകളില്‍ കയറ്റാന്‍ ഗ്രാമക്കാര്‍ സമ്മതിക്കുന്നില്ല. പല റോഡുകളും അടച്ചിട്ടിരിക്കുകയാണ്. വീട്ടിലെത്തിയവരെ പൊലീസും ആരോഗ്യവകുപ്പും വണ്ടിയില്‍ കയറ്റി നാഗോണിലേക്ക് കൊണ്ടുപോകുകയാണ്. അവരെ മറ്റുള്ളവരില്‍ നിന്നും അകറ്റി പാര്‍പ്പിക്കാന്‍.

സാരമില്ല ഭായ്. അല്പ ദിവസം മാറി നിന്നാലും പിന്നീട് ഗ്രാമത്തിലേക്ക് മടങ്ങാമല്ലോ..എന്തായാലും ഞാന്‍ സുരക്ഷിത നാണെന്ന് വീട്ടില്‍ പറയുക. ബിഹുവിന് നിങ്ങളുടെ കൂടെ ചേരാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം. ഞാന്‍ വീണ്ടും വിളിക്കാം..
ഫോണ്‍ നിലച്ചപ്പോള്‍ സജ്ജയ് ചോദിച്ചു.
ഭായ് വീട്ടുകാരെ വിഷമിപ്പിക്കേണ്ട എന്ന് കരുതി അല്ലേ? ആരെയാണ് വിളിച്ചത്?
അതെ. അവര്‍ ഇതൊക്കെ അറിഞ്ഞാല്‍ തകര്‍ന്നു പോകും. കുട്ടികള്‍ പിന്നെ ഭക്ഷണം കഴിച്ചെന്നു വരില്ല. ഭാര്യയും അമ്മയും കരച്ചിലിലാവും. നാട്ടിലെത്തുമ്പോള്‍ എല്ലാം തുറന്നു പറയാം.

ഇപ്പോള്‍ എട്ടുമണിയായി. ജാളിപൂരെത്തെത്തി ഭായ്. അരമണിക്കൂര്‍ കൂടി ഒാടിയാല്‍ ഫാമിലേക്ക് തിരഞ്ഞുപോകേണ്ട സ്ഥലമായി.

കത്ഹറില്‍ നിന്ന് തിരഞ്ഞ് വാന്‍ ഫാമിലേക്ക് പോയി. വലിയ ഷെഡുകളില്‍ കാലികള്‍ അയവെട്ടിക്കൊണ്ട് കിടക്കുന്നു. മനുഷ്യര്‍ ഒാര്‍മകള്‍ പോലെ. വണ്ടിയെത്തി ഹോണടിച്ചപ്പോള്‍ കാവല്‍ക്കാരന്‍ വന്ന് ഗേറ്റ് തുറന്നു.ഫാമിന്റെ മുറ്റത്ത് വണ്ടി നിര്‍ത്തിയപ്പോള്‍ സജ്ജയ് പറഞ്ഞു.

ഭായി പുറത്തിറങ്ങണ്ട വണ്ടിയില്‍ തന്നെ കിടന്നോളൂ. നല്ല ക്ഷീണമില്ലേ വേണമെങ്കില്‍ ഒന്നുറങ്ങിക്കോളൂ. ഇനി ഒന്നു വിശ്രമിച്ചിട്ടാകാം യാത്ര. എഞ്ചിന്‍ ഒന്നു തണുക്കട്ടെ.

വണ്ടിയുടെ സ്റ്റിയറിങ്ങില്‍ തല വച്ച് സജ്ജയ് പറഞ്ഞു.

                                                         

 
                         14

 
                                  വാനിന്റെ സീറ്റില്‍ എത്ര നേരം കിടന്നെന്നറിയില്ല.. വാഹനത്തിന്റെ ഇളക്കമാണ് ഉറക്കമുണര്‍ത്തിയത്. ഫാം തൊഴിലാളികള്‍ വന്ന് ചാക്കുകകള്‍ ഇറക്കാന്‍ തുടങ്ങിയിരുന്നു. മഴ ചാറുന്നതിനൊപ്പം ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും പുല്ലു ചീഞ്ഞതിന്റെയും മണങ്ങള്‍ ഒന്നിച്ചു മൂക്കില്‍ വന്നടിച്ചു.   
ഭായി ഇവിടെ വെള്ളമുണ്ട്. കുളിക്കാനും സൗകര്യമുണ്ട്.   നേരം ആറുമണിയായിട്ടുണ്ട്.                         
       
  മറന്നുപോയ പലകാര്യങ്ങള്‍. കുളിയും മറ്റുകാര്യങ്ങളുമെല്ലാം ജീവിതത്തില്‍ നിന്നകന്ന് ദിവസങ്ങളായി. വഴികളില്‍ ആയിരങ്ങള്‍ നടപ്പിനിടയില്‍ ഇരുട്ടിലേക്ക് , മരങ്ങളുടെ മറവിലേക്ക് പുറന്തള്ളുന്ന ജീവിതബാക്കികള്‍. അവിടിവിടെയായി ജെറോണി ഘറുകളിലും, പെട്രോള്‍ പമ്പുകളിലും ടോയ്ലറ്റുകള്‍ക്ക് മുമ്പില്‍ ആണും പെണ്ണും ഒന്നിച്ചു കാത്തു നില്‍ക്കുന്നു. അവനവന്റെ ഊഴത്തിനായി. കാത്തു നില്‍ക്കാന്‍ സമയമില്ലാത്തവര്‍ ഊഴം തെറ്റിക്കുന്നു. വഴക്കടിക്കുന്നു. പലഭാഷകളിലെ തെറികള്‍ ചിതറിവീഴുന്ന ഇടങ്ങള്‍.  പണമില്ലാത്തവന് വിസര്‍ജനം ഒരു ബാധ്യതയാണ്. അപ്പോളവന്‍ അന്നത്തെ ഭയന്നു തുടങ്ങുന്നു.

നനഞ്ഞാല്‍ മാറ്റിയിടാന്‍ വസ്ത്രങ്ങളില്ല. കൈമൂറിലെ ഏതോ ഒാടയില്‍ കിടന്ന് തന്റെ വസ്ത്രങ്ങള്‍ ഇപ്പോള്‍ ഇഴയടര്‍ന്നു കാണും. ഭാര്യയുടെയും കുട്ടിയുടെയും ഫോട്ടോ ഉള്ള ആ പഴ്സ് റോഡരുകില്‍ കീറിക്കിടപ്പുണ്ടാകും. തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും കാറ്റില്‍ പറന്നുപോയിക്കാണും. ഈ യാത്ര എല്ലാരെയും തിരിച്ചറിയാന്‍ പാടില്ലാത്തവിധം മാറ്റിക്കൊണ്ടിരിക്കുന്നു. വസ്ത്രങ്ങള്‍ നനയാത്ത വിധം മാറ്റിവച്ച് ദിവസങ്ങളായി തന്നില്‍ നിറഞ്ഞ അഴുക്കുകളെ കഴുകിക്കളയാന്‍ ജാവേദ് ഒരുങ്ങി. ചാണകം മണക്കുന്ന വെള്ളത്തിന്റെ തണുപ്പ് തലയിലൂടെ അരിച്ചപ്പോള്‍ നാഡികളില്‍ തീ പാ‍ഞ്ഞുപോയി. ഷര്‍ട്ടു കൊണ്ട് തല തുവര്‍ത്തി പുറത്തിറങ്ങുമ്പോള്‍ സജ്ജയ് കാത്തു നില്‍ക്കുന്നു.‍
                             ഭായി പോകാം. ലോഡിറക്കി കഴിഞ്ഞു. സമയം മോശമാണ്. ഒട്ടും പാഴാക്കാനില്ല. ഇപ്പോള്‍ നേരം എട്ടുമണിയായി. വേഗം പുറപ്പെട്ടാല്‍  പത്തുമണിക്കൂര്‍ കൊണ്ട് സമസ്തിപൂര്‍ എത്താം. വാന്‍ പിന്നെയും ഒാടാന്‍ തുടങ്ങി. കട്ഹറില്‍ തിരിച്ചത്തുമ്പോള്‍ സജ്ജയ് പറഞ്ഞു.
         ഭായ് ഇവിടെ മനുഷ്യനെക്കാള്‍ വിലയുണ്ട് ഭായി പശുവിന്. ആ സാധു മൃഗത്തിന്റെ പേരില്‍ ഇവിടെ എത്ര ജീവനുകള്‍ പൊലിഞ്ഞെന്നറിയില്ല. എത്ര പേര്‍ക്ക് മര്‍ദ്ദനമേറ്റെന്നറിയില്ല. സരനിലെ ബനിയാപൂരിൽ‌ പശുക്കളെയും കയറ്റി വരികയായിരുന്ന ലോറി ആളുകള്‍ കൂട്ടം കൂടി ആക്രമിച്ചത് അടുത്തിടെയാണ്. വണ്ടിയുടെ ഡ്രൈവറടക്കം മൂന്നു പേരാണ് കൊല്ലപ്പെട്ടത്.  കന്നുകാലികളെ മോഷ്ടിച്ചു കടത്തുകയാണെന്ന് പറഞ്ഞായിരുന്നു  ആക്രമണം.  അതും ഇവിടെ പതിവാണ്. മോഷ്ടിച്ച് കടത്തല്‍. കര്‍ഷകര്‍ ജീവനെപ്പോലെ വളര്‍ത്തുന്ന പശുക്കളെ രാത്രി മോഷ്ടിക്കുന്നതും സാധാരണയാണ്.
                   സഹര്‍സയിലെ എന്റെ സുഹൃത്തായ ഗണേഷ് മണ്ഡലിന് പശുവിന്റെ പേരില്‍ കൊടുക്കേണ്ടി വന്നത് തന്റെ കണ്ണുകളാണ്. അവന്‍ വണ്ടികൊണ്ടു വരുമ്പോള്‍ റോ‍‍ഡില്‍ നിന്ന പശുവിനെക്കണ്ട് ഹോണടിച്ചതായിരുന്നു കുറ്റം.ബഗല്‍പൂരില്‍ ലോഡിറക്കി വീട്ടിലേക്ക് വരികായായിരുന്നു അവന്‍. ഹോണ്‍ ശബ്ദം കേട്ട് പശു ഒാടുമ്പോള്‍ വീണു പോയി. പശുവിന്റെ ഉടമസ്ഥന്‍ ഗണേശിനെ വണ്ടിയില്‍ നിന്നും പുറത്തിറക്കി അടിക്കുകയായിരുന്നു. ഇപ്പോള്‍ ഗണേശിന് കാഴ്ചയില്ല. തൊഴിലും ജീവിതവും പോയി അവന്റെ ജന്മം ഇരുട്ടിലായി.അങ്ങിനെ എത്രയെത്ര പേര്‍. കുത്താന്‍ പാഞ്ഞടുത്ത പശുവിനെ കല്ലെറിഞ്ഞെന്ന പേരില്‍ ഒരു സ്ത്രീയെയും ഭര്‍ത്താവിനെയും  കെട്ടിയിട്ടാണ് തല്ലിയത്. ആരൊക്കെയോ വന്ന് തടഞ്ഞത് കൊണ്ട അവര്‍ക്ക് ജീവനോടെ ബാക്കിയായി. കൊല്ലപ്പെടുന്നവരില്‍ എല്ലാ മതക്കാരുമുണ്ട് ഭായി. അല്ലെങ്കിലും മരണത്തിന് മതമില്ലല്ലോ.

അതെ സജ്ജയ്.ഇപ്പോള്‍ നോക്കൂ. എന്നെപ്പോലെ ഈ പാതയില്‍ നടന്നുകൊണ്ടിരിക്കുന്നവരുടെ മതമേതാണ്. യാതനയാണവരുടെ മതം.

                  ഗോവധം നിരോധിച്ചതിനെ തുടര്‍ന്ന് കന്നുകാലി വ്യാപാരം ഇല്ലാതായി.  ഉപകാരമില്ലാത്ത ഉരുക്കളെ ഉടമസ്ഥര്‍  തെരുവിലേക്ക് അഴിച്ചുവിടുകയാണ്. അനാഥമായ അവ ആദ്യം ഒറ്റക്ക് നടക്കും. പിന്നെ പശുക്കള്‍ കൂട്ടമായി മേഞ്ഞുനടക്കും. നട്ടും നനച്ചുമുണ്ടാക്കുന്നതെല്ലാം തിന്നു നശിപ്പിക്കും. കടകളിലേക്കു വരെ കയറിവരും ‍.കാലിത്തീറ്റ കുംഭകോണത്തില്‍ ആയിരം കോടി മറിഞ്ഞ നാടാണ് എന്റേത്.അതു മാത്രമുണ്ടായിരുന്നെങ്കില്‍ നീ നാട് എന്നോ മാറുമായിരുന്നു. ചുരുങ്ങിയ പക്ഷം ആ പശുക്കള്‍ക്കെങ്കിലും ആശ്രയമുണ്ടാകുമായിരുന്നു.

അവയെ കുറ്റം പറയാന്‍ കഴിയില്ല സജ്ജയ്. ഞങ്ങളെ നോക്കൂ. ഒറ്റ ദിവസം കൊണ്ട് ഞങ്ങള്‍ക്കെല്ലാം നഷ്ടപ്പെട്ടു. ജോലിയും കൂലിയും വീട്ടുകാരുടെ സമാധാനവും പോയി. ഞാനിപ്പോള്‍ ജീവനോടെയുണ്ടോ എന്ന് എന്റെ വീട്ടുകാര്‍ക്ക് അറിയില്ലല്ലോ. ആരാണ് സംരക്ഷിക്കാനുണ്ടായത്. തെരുവിലേക്ക് ഇറങ്ങിയപ്പോള്‍ താങ്കളെപ്പോലെയുള്ളവരുടെ കാരുണ്യം കൊണ്ട് ദൂരങ്ങള്‍ നീങ്ങിപ്പോകുന്നു. ആ പശുക്കളെപ്പോലെ ത്തന്നെയാണ് പാവപ്പെട്ടവരും. വോട്ട് കഴിഞ്ഞാല്‍ പിന്നെ തെരുവിലേക്ക് ആട്ടിവിടുന്നു. കയ്യില്‍ പണമുണ്ടോ, കഴിക്കാന്‍ ഭക്ഷണമോ കുടിക്കാന്‍ വെള്ളമുണ്ടോ എന്നൊക്കെ ആരാണ് ആലോചിച്ചത്.

 വാന്‍ പാതയോരത്തേക്ക് ഒതുക്കിനിര്‍ത്തുമ്പോള്‍ സജ്ജയ് പറഞ്ഞു.
ഇസധി എത്തി.ഞാന്‍ നമുക്ക് ആഹാരം വല്ലുതും കിട്ടുമോ എന്ന് നോക്കട്ടെ. നേരം ഉച്ചായാവാറായി.
താങ്കള്‍ ഇറങ്ങണ്ട.

സജ്ജയ് തിരിച്ചു വരുമ്പോള്‍ കയ്യില്‍ രണ്ടു റൊട്ടിപ്പാക്കറ്റുകളും കുപ്പിവെള്ളവും. വണ്ടിയിരുന്നു തന്നെ റൊട്ടിതിന്ന് വെള്ളവും കുടിച്ചപ്പോള്‍ വയറിനുള്ളിലെ തീ കെട്ടപോലെ തോന്നി. വാന്‍ നീങ്ങിത്തുടങ്ങി. വഴിയിലൂടെ നടന്നു പോകുന്ന നിരവധി പേരുണ്ട്. പാതയുടെ നടുവില്‍ കയറി നിന്ന് കൈകൂപ്പിത്തൊഴുത് അവര്‍ നിലവിളിക്കുകായാരുന്നു..

കൃപ കരോ..ഹമേം അപനെ സാഥ് ലേ ജായേം. ഭഗവാന്‍ ആപ്കാ ഭലാ കരേ..
സജ്ജയ് ജാവേദിനെ ഒന്നു നോക്കി. വാന്‍ നിര്‍ത്തി..ആ രണ്ടു ചെറുപ്പക്കാര്‍ സജ്ജയിന്റെ അരികിലെത്തി കരയുകയായിരുന്നു.
                     തങ്ങള്‍ സഞ്ചിരിച്ചിരുന്ന സൈക്കിളുകള്‍ മോഷണം പോയെന്നും കഴിഞ്ഞ മൂന്ന് ദിവസവും നടക്കുക യായിരുന്നെന്നുമൊക്കെ അവര്‍ പറയുന്നുണ്ടായിരുന്നു. സജ്ജയ് അവരോട് വാനിന്റെ പിറകില്‍ കയറിക്കൊള്ളാന്‍ പറഞ്ഞതും അവര്‍ അതിലേക്ക് ചാടിക്കയറി. ഇപ്പോള്‍ വാഹനത്തില്‍ തന്നെക്കൂടാതെ രണ്ടു ജീവന്‍ കൂടിയായെന്ന് ജാവേദ് ഒാര്‍ത്തു.

ഇതെല്ലാം അവരുടെ സൃഷ്ടിയാണ് ഭായ്. ലോകം തകര്‍ക്കാന്‍ അവരുണ്ടാക്കി വിട്ടതാണ് ഈ വൈറസിനെ. ഇപ്പോ ലോകം മനസ്സിലാക്കിയിട്ടുണ്ട് ചീനയുടെ ചതി. വുഹാനിലെ അവരുടെ കേന്ദ്രം വൈറസുകളുടെ 1ഫാക്ടറിയാണ്. അവരുടെ പക്കല്‍ തന്നെ ഇതിന് മരുന്നുമുണ്ടാകും. മറ്റു രാജ്യങ്ങളെ ഒക്കെ തകര്‍ത്തി ലാഭം കൊയ്യാനുള്ള അവരുടെ തന്ത്രമാണിത്. അവരുടെ കയ്യില്‍ മാത്രം ഇതിന് മരുന്നുമുണ്ടാകും. ആ മരുന്ന് വിറ്റ് അവര്‍ ഈ ലോകത്തെ വാങ്ങും. സജ്ജയ് പറഞ്ഞു. പണമുള്ള രാജ്യമായിരുന്നില്ലേ ഇറ്റലി? ഇന്നെന്തായി അവിടെ റോഡുകളില്‍ കറന്‍സി നോട്ടുകള്‍ ചിതറിക്കിക്കുകയാണെത്രെ. എല്ലാവര്‍ക്കും രോഗം. അവിടത്തെ ശ്മശാനങ്ങള്‍ നിറഞ്ഞു കഴിഞ്ഞു. ഊഴം കാത്ത് മരിച്ചിട്ടും ആളുകള്‍ക്ക് കാത്തിരിക്കേണ്ടി വരുന്നു.

അവരുടെ സ്ഥിതി അതാണെങ്കില്‍ നാം ഉറുമ്പുകൂട്ടം പോലെ അരിച്ചു പോകുന്നവരുടെ സ്ഥിതിയെന്തായിരിക്കും?  ജാവേദ് മുന്നോട്ടു നോക്കി. പാതയിലൂടെ ഉറുമ്പുകളുടെ പരക്കം പാച്ചിലിന് അപ്പോളും ശമനമില്ല.
                     ബാബുര കഴിഞ്ഞപ്പോള്‍ ഗംഗാനദിയിലെ അരചപ്രാ പാലം.

          വീർ കുൻവർ സിംഗ് സേതുവാണ് ഭായ്. രണ്ടു കിലോമീറ്ററിനടുത്തുണ്ട്.  ഇവിടെ ഇപ്പോളും ജമീന്ദാര്‍മാരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പാവങ്ങള്‍ക്കും ബീഹാറിലെ ദലിതുകള്‍ക്കും രക്ഷയില്ല ഭായ്. കൃഷിയുടെ ഇടയില്‍ കുടിലില്‍ താമസിക്കുകയാണ് പണിക്കാര്‍. ഇവര്‍ക്ക് സ്വന്തമായി ഭൂമിയില്ല.  പാട്ടത്തിനെടുത്താണ് കൃഷി. ജമീന്ദാര്‍ കാശുചിലവാക്കില്ല.വിളവ്‌ കിട്ടിയാല്‍ പകുതി ജമീന്ദാര്‍ക്കാണ്. വെള്ളപ്പൊക്കത്തില്‍ കൃഷി പോയാല്‍ നഷ്ടപരിഹാരം ജമീന്ദാര്‍ക്കേ കിട്ടൂ.  മധുബനിയിൽ ദളിത് തൊഴിലാളികളുടെ കുടിലുകൾ തീയിട്ടു നശിപ്പിച്ചിരുന്നു. മറ്റൊരിടമില്ലാത്തതിനാല്‍ അവരവിടെ കുടിൽ കെട്ടി താമസമാക്കിയതായിരുന്നു. ഇരുപതു കുടിലുകളാണ് ജമീന്ദാര്‍മാരുടെ ആളുകള്‍ കത്തിച്ചത്. അവരവിടെ സമരം ചെയ്തു. ഹമേം ജമീന്‍ കീ ജരൂരത് ഹെ. ഹം ലാല ജംടാ സെ സംഘര്‍ഷ് കര്‍കെ ജമീന്‍ ഹാസില്‍ കരേംഗെ വിളിച്ച്. കത്തിനശിച്ച എല്ലാ കുടിലുകളും വീണ്ടുമുയർന്നിട്ടുണ്ട്. ഇനിയും കത്തിച്ചേക്കാം. ലോക്ക് ഡൗണ്‍ നീണ്ടാല്‍ പിന്നെ മറ്റു ജോലികള്‍ ഉണ്ടാകാന്‍ പോകുന്നില്ല. എല്ലാരും ഇനി കൃഷിയിലേക്ക് തിരിയേണ്ടി വരുമെന്ന് തോന്നുന്നു. ഞാൻ മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്തതിനാൽ, കൃഷി ഏറ്റെടുക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ വെല്ലുവിളിയാകും. എന്നാൽ കാര്യങ്ങൾ ഇത്രയും കാലം നിലനിൽക്കുകയാണെങ്കിൽ എനിക്കും വേറെ വഴിയില്ലാതാകും. ആരോഗ്യ നഷ്ടത്തിന് പുറമെ, ഈ സമയങ്ങളിൽ സാധാരണക്കാര്‍ അനുഭവിക്കുന്ന മാനസികമായ തകർച്ച കാണാൻ പലരും പരാജയപ്പെടുന്നു. ഭക്ഷണവും വെള്ളവും മാത്രമല്ലല്ലോ നമ്മുടെ പ്രശ്‌നങ്ങൾക്കുള്ള ഉത്തരം.
                    ഇതു തന്നെ ഗധാറിയയിലേയും കാര്യം. ബ്രഹ്മപുത്ര ചിലപ്പോള്‍ ഞങ്ങളെ മുക്കിക്കൊല്ലാന്‍ ശ്രമിക്കും. കൃഷിചെയ്തവയൊക്കെയും ഒരു ദിവസം  ഇല്ലാതാവും.
                                  ആസ്സാമിലെ തന്റെ ഒറ്റമുറിയുള്ള വീടിനെ ജാവേദ് ഒാര്‍ത്തു. വീടിന് നടുവിലെ  അടുപ്പ് ഇപ്പോള്‍ പുകയുന്നോണ്ടോ ആവോ?  അതിനു ചുറ്റും ഇരുന്ന് ഭക്ഷണം കഴിക്കുകയാവും കുട്ടികള്‍.  കിടപ്പുമുറിയും  അടുക്കളയായും മാറുന്ന ആ മുറിയില്‍ കജോഡി ദേവിയുടെ പ്രായം ചെന്ന ചുമയും അതോടൊപ്പമുള്ള കുഞ്ഞു കരച്ചിലും  ജാവേദിന്റെ ചെവിയില്‍ വന്നലച്ചു. ഒന്നും പറയാവാതെ അയാള്‍ നീണ്ടുപോകുന്ന പാതയെ തുറിച്ചുനോക്കി.
             മനുഖര്‍ എത്തിയപ്പോള്‍ നാലുമണിയായിരുന്നു.   ആദിത്യ രാജ് ധാബയുടെ ചെറിയ മുറി. അതിന്റെ മുന്നില്‍ നല്ല തിരക്കുണ്ടായിരുന്നു. വാന്‍ നിര്‍ത്തി. പിറകിലുള്ള ചെറുപ്പക്കാരും ഇറങ്ങി. ജാവേദ് വണ്ടിയില്‍ തന്നെ ഇരുന്നു. കയ്യില്‍ പണമില്ല. ഒരാളെ ബുദ്ധിമുട്ടിക്കുന്നതില്‍ അതിരുണ്ടല്ലോ. വീട്ടാനാകാത്ത കടമാണ് ഭക്ഷണത്തിന്റെത്.

ഭായ് വരൂ..വല്ലതും കഴിക്കാം. സ
ജ്ജയ് അയാളെ നിര്‍ബന്ധിച്ച് ഇറക്കി. പൂരിയും സബ്ജിയും കഴിക്കുമ്പോള്‍ എതിരെ വണ്ടിയില്‍ വന്ന ചെറുപ്പക്കാര്‍ ഇരുന്നിരുന്നു. സജ്ജയ് അവരോട് പേരും സ്ഥലവുമെല്ലാം ചോദിച്ചു.
ഹൊസൈന്‍, റഹ്മാന്‍ മിയാന്‍ രണ്ടു പേരും വെസ്റ്റ് ബംഗാളിലെ ഭഗബംഗോളക്കാര്‍

                        ജാവേദിന് വയറു നിറഞ്ഞ പോലെ തോന്നി. ഉള്ളിലെവിടെയോ ഒാട ചീഞ്ഞൂനാറുന്നു..അതിന്റെ മണം തന്നെ വന്നു പൊതിയുന്നു. അയാള്‍ ഭക്ഷണം നിര്‍ത്തി.ഭക്ഷണം കഴിഞ്ഞ് പണം നല്‍കാനെത്തിയപ്പോള്‍ ഉടമ പറഞ്ഞു.

വേണ്ട. ക്യാഷ് കൗണ്ടർ പൂട്ടിയിട്ട് ദിവസങ്ങളായി. ഇവിടെ ഇപ്പോള്‍ ഞാന്‍ പണം വാങ്ങാറില്ല. നിങ്ങള്‍ക്ക് വലിയ യാത്രയുള്ളതല്ലേ. കുറച്ചു ഭക്ഷണം കൂടി കയ്യില്‍ വച്ചോളൂ. തികഞ്ഞെന്നു വരില്ല. എങ്കിലും ഒരു നേരത്തെ വിശപ്പടക്കാന്‍ സാധിച്ചേക്കും.

ബ്രായ് ഷിബ്രായ്..താങ്കള്‍ ഈ യാത്രയില്‍ പലതരത്തില്‍ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. വാഹനങ്ങളുടെ രൂപത്തില്‍, ആഹാരത്തിന്റെയും വെള്ളത്തിന്റെയും രൂപത്തില്‍. ജാവേദ് അയാളുടെ കാലുകളില്‍ തൊട്ടു നമസ്കരിച്ചു.

ഞാൻ മനുഷ്യരെ സഹായിക്കുന്നതിലൂടെ ദൈവത്തെ കാണാൻ ശ്രമിക്കുന്നു; കാരണം ദൈവം സ്വർഗ്ഗത്തിലോ താഴെയോ അല്ല, എല്ലാവരിലും ഉണ്ടെന്ന് എനിക്കറിയാം..അങ്ങിനെയാണ് മഹാത്മ പറഞ്ഞിട്ടുള്ളത്. അയാള്‍ ജാവേദിനെ പിടിച്ചുയര്‍ത്തി പറഞ്ഞു. അപ്പോള്‍ പോക്കുവെയില്‍ ആദിത്യരാജ ഡാബക്കു മുകളില്‍ ശോഭയുടെ വലയമുണ്ടാക്കി. കരി പുരണ്ട ആ ചെറിയമുറിയിലേക്ക് സ്വര്‍ഗത്തിന്റെ ഒരു പാളി അടര്‍ന്നു വീണു.
                                                                                                                                                                                                  
സമസ്തിപുരിലേക്ക് ഇനിയും നാലു മണിക്കൂറുണ്ട്.  നമുക്ക് പതുക്കെ യാത്ര തുടങ്ങാം.

സജ്ജയ് വാനിനടുത്തേക്ക് നീങ്ങി. ഹൊസൈനും മിയാനും പിറകിലേക്ക് കയറി. വാന്‍ മുരണ്ടുകൊണ്ട് അവരെയും കൊണ്ട് വീണ്ടും ആര്‍ഹ് മൊഹാനിയ പാതയിലൂടെ നീങ്ങി.  വഴിയില്‍ പലയിടത്തും ഹനുമാന്‍ മന്ദിറുകള്‍. ഇടക്ക് തുറന്നു കിടന്ന ഒരു പാന്‍ ഗുമ്ടിക്കരുകില്‍ നിര്‍ത്തി സജ്ജയ് പാന്‍ വാങ്ങി. വാന്‍ നസ്റിഗഞ്ച് ചണ്ടി റോഡിലേക്ക് കയറി.

          അനന്ത്പൂരിലിപ്പോള്‍ പ്രധാനമന്ത്രിയും ദൈവമാണ്. തകര്‍ന്നു കിടന്ന ഒരു ‍ ഹനുമാന്‍ മന്ദിര്‍ ഈയിടെ പുതുക്കിപ്പണിതപ്പോഴാണ് ഹനുമാന്റെ വിഗ്രഹത്തിനൊപ്പം പ്രധാനമന്ത്രിടെ പ്രതിമയും സ്ഥാപിച്ചിരിക്കുന്നത്.  ഒരു മെറ്റല്‍ റോഡു പോലുമില്ലാതെ  കിടന്ന ഗ്രാമത്തിലേക്ക് വികസനമെത്തിയതിലുള്ള സന്തോഷമാണെന്ന് പറയുന്നുണ്ടെങ്കിലും ‍ ബിഹാര്‍ പിടിക്കാനുള്ള തന്ത്രമാണ് ഭായ്. സജ്ജയ് പറഞ്ഞുകൊണ്ടേയിരിക്കുകയാണ്.

തെരുവില്‍ നടക്കുന്നവര്‍ക്ക്. ദൈവങ്ങള്‍ പോലും കാവലില്ല. നീതിയുടെ ദേവത പണ്ടേ കണ്ണുകെട്ടിയിരിക്കുകയല്ലേ..
ജാവേദ് പറഞ്ഞു.

ഗ്രാമത്തിലെത്തിയവരെ സര്‍ക്കാര്‍ ക്വാറന്റീനിലാക്കുന്നുണ്ട്. ഇന്നലെ ഭാര്യ വിളച്ചപ്പോള്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് സൈക്കിളില്‍ വന്ന ഒരാളെ ക്വാറന്റീനിലാക്കി. അയാള്‍ ഗാംചേ ഉപയോഗിച്ച് വിന്‍ഡോ ഗ്രില്ലില്‍ തൂങ്ങി മരിച്ചെത്രെ. ഖിന്ദ്രിയ ഗ്രാമത്തിലും ഒരാള്‍ സീലിംഗിൽ  തൂങ്ങിമരിച്ചു. എന്തു ചെയ്യാം ഭായ് നിരാശയിലാണ് രാജ്യം. ഈ നിരാശ എത്ര ജീവനുകളെ എടുക്കുമോ ആവോ.സിവാനിലും  ബെഗുസാരായിയിലും, നവാഡയിലും കർഫ്യൂ ആണ്. ഈ ജില്ലകള്‍ പൂര്‍ണമായി അടച്ചിരിക്കുകയാണ്.  ആളുകൾക്ക് ഒരു വീട്ടിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ പോലും  അനുവാദമില്ല, എന്നാലും ആളുകള്‍ വിവാഹങ്ങളൊക്കെ നടത്തുന്നുണ്ട്. കൊറോണാ കെ സമയ് മേം ഭീ ശീദിയാം കമീ നഹീ രഹീം ഹെ. ജബ് തക് ലോക്ക്ഡൗണ്‍ ചലാ തബ് തക് ഏക് ഒൗര്‍ ദൊ ശാദിയോം കീ ഖബരേം ഹീ സുന്‍നെ മില്‍ തീ ഥീ.. സിമില ഗാവ് വാലോം സെ കഹാ കി കൊറോണ കെ സമയ് കോയി ശാദി യാ ജന്മദിന്‍ കീ പാര്‍ടി ന കരൊ..ജൈസെ..
             തകുര്‍ബാദി മന്ദിറിന് സമീപമെത്തിയപ്പോള്‍ ആളുകള്‍ കൂടി നില്‍ക്കുന്നു. കാവി വസ്ത്രമണിഞ്ഞ ചെറുപ്പക്കാര്‍ വാന്‍ കൈകാണിച്ചു നിര്‍ത്തി. ചായയും ജിലേബിയും ലിട്ടിയും നല്‍കുകയാണവര്‍. ആളുകളെ ഒരു മീറ്റര്‍ അകലത്തില്‍ വരച്ച വട്ടങ്ങള്‍ക്കുള്ളില്‍ ഇരുത്തിയിട്ടുണ്ട്. കുപ്പികളിലും കന്നാസുകളിലും വെള്ളം ശേഖരിക്കുന്നവര്‍. ഹൊസൈനും മിയാനും കുപ്പികളില്‍ വെള്ളം നിറക്കുന്നുണ്ടായിരുന്നു. ഒരു ചെറുപ്പക്കാരന്‍ മൊബൈലിലെ ദൃശ്യങ്ങള്‍ എല്ലാരെയും കാണിക്കുന്നുണ്ട്..അതില്‍ അദ്ദേഹം വീണ്ടും രാജ്യത്തിനോട് പറയുന്നുണ്ടായിരുന്നു.
              ഏപ്രിൽ അഞ്ചിന്  ഞായറാഴ്ച,  രാത്രി ഒമ്പത് മണിക്ക് നിങ്ങളുടെ ഒമ്പത് മിനിറ്റ്, എനിക്ക്   വേണം. ശ്രദ്ധാപൂർവ്വം കേള്‍ക്കുക, ഏപ്രിൽ  അഞ്ചിന്  രാത്രി  ഒമ്പത് മണിക്ക് നിങ്ങളുടെ വീടുകളിലെ എല്ലാ ലൈറ്റുകളും ഓഫ് ചെയ്യുക, നിങ്ങളുടെ വാതിലുകളിൽ അല്ലെങ്കിൽ ബാൽക്കണിയിൽ നിൽക്കുക, ലൈറ്റ് മെഴുകുതിരികൾ, ഡയകൾ, ടോർച്ചുകൾ അല്ലെങ്കിൽ മൊബൈൽ ഫ്ലാഷ്ലൈറ്റുകൾ ഒമ്പത് മിനിറ്റ് നേരം പ്രകാശിപ്പിക്കുക. എല്ലാവരും പോരാടുന്ന പൊതുലക്ഷ്യത്തെ വ്യക്തമായി പ്രകാശിപ്പിക്കുന്ന പ്രകാശത്തിന്റെ മഹാശക്തി നിങ്ങള്‍ അനുഭവിക്കും. ആ വെളിച്ചത്തിൽ, ആ തിളക്കത്തിൽ, ആ പ്രകാശത്തിൽ, നമ്മൾ ഒറ്റയ്ക്കല്ല, ആരും തനിച്ചല്ല എന്ന് തിരിച്ചറിയാം.
            ജനത കര്‍ഫ്യുവിന് താന്‍ വാപ്പിയിലായിരുന്നു. അന്ന് ജംക് ഷനിലൂടെ കടന്നു പോയ ഘോഷയാത്ര ജാവേദിന്റെ ഒാര്‍മയില്‍ വന്നു. അവര്‍ ഡോലുകള്‍ കൊട്ടി, ഉറക്കെ മുദ്രാവാക്യം വിളിച്ചും പാട്ടുകള്‍ പാടിയും രാജ്യത്തിനോട് നന്ദി പ്രകടിപ്പിക്കുകയായിരുന്നല്ലോ.
അദ്ദേഹം അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അന്ന് രാജ്യം ദീപാവലി ആഘോഷിക്കും. എനിക്കുറപ്പാണ്. സജ്ജയ് ജാവേദിനെ നോക്കി.
പേടിയുണ്ട് ഭായ്. രാജ്യത്ത് എവിടെയൊക്കെ തീ ആളുമെന്ന്, എത്ര വീടുകള്‍ എത്ര ചേരികള്‍ കത്തിച്ചാമ്പലാവുമെന്ന് .
ജാവേദ് ഒന്നും പറഞ്ഞില്ല. പകലും രാത്രിയുമറിയാതെ ദീപങ്ങളുടെ മഹാനദി തെരുവുകളിലൂടെ ഒഴുകുന്നുണ്ടല്ലോ. അവരുടെ ഹൃദയത്തിലെ തീ കെടുത്താന്‍ ഏതിരുട്ടിനാണ് കഴിയുക. ?
                                     കോള്‍വാറില്‍ സണ്‍ നദിയുടെ പാലം കടന്നപ്പോള്‍ പാതയോരത്തെ ദുര്‍ഗാ മന്ദിര്‍. ബിച്ചളിഹളിയിലെത്തുമ്പോള്‍ ഗംഗ പാതക്കരുകിലൂടെ ഒഴുകുന്നു. ബിഹ്ടയിലും ധന്‍പൂരിലും  പൊലിസ് സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ വീണ്ടും പൊലീസ് പരിശോധന. സരന്‍ കഴിഞ്ഞ്‍  ഗണ്ഡക് നദിയുടെ പാലം കടക്കുമ്പോള്‍ രാത്രി എട്ടുമണിയായി.

 വൈശാലി മേം ഫൂടാ കരോനാ ബംബ് ഏക് സാഥ്  ബീസ് കൊറോണ പോസിറ്റിവ് മിലെ. എന്തു ചെയ്യാം. എല്ലാം ദരിദ്ര ഗ്രാമീണര്‍ക്കിടയിലാണ്. അവരെ ഒക്കെ പതിനാലു ദിവസത്തെ ക്വാറന്റീനിലാക്കിയിട്ടുണ്ട്.  ക്വാറന്റീന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവര്‍ക്കും വീടുകളില്‍ ക്വാറന്റീന്‍ കഴിഞ്ഞവര്‍ക്കും സര്‍ക്കാര്‍  ഗര്‍ഭനിരോധന ഉറ വിതരണം ചെയ്യുന്നതാണ് അടുത്ത ഒരു തമാശ. സിമില ഇന്നലെ പറഞ്ഞതാണ്.
പാവപ്പെട്ടവരുടെ ജനനം തടയാനാണ് . എന്നുും പാവപ്പെട്ടവരാണല്ലോ വേഗത്തില്‍ പെരുകുന്നത്. ഈ യാത്രക്കിടയില്‍ സന്തോഷ് പുനിയ എന്ന ചെറുപ്പക്കാരന്‍ പറഞ്ഞ കഥയുണ്ട്. പാതയോരത്ത് പ്രസവിക്കേണ്ടി വന്ന യുവതിയുടെ കഥ. നമ്മുടെ തലമുറ ജനിക്കാതിരിക്കാന്‍ പോലും അവര്‍ക്ക് കരുതലുണ്ട്.

കുശാര്‍ ഖസ എത്തി ഭായ് ഇനി രണ്ടു മണിക്കൂര്‍ കൂടി കഴിഞ്ഞാല്‍ സമസ്തിപൂര്‍ ആയി.
താങ്കളുടെ ഫോണ്‍ ഒന്നു കൂടി തരുമോ? ഇനി ചിലപ്പോള്‍ എനിക്ക് വീട്ടിലേക്ക് വിളിക്കാന്‍ സാധിച്ചെന്നു വരില്ല. അവസാനമായി ഒന്നു കൂടി വിളിക്കാന്‍..ജാവേദ് സജ്ജയിന് നേരെ നോക്കി,
അതിനെന്താ..താങ്കള്‍ വിളിച്ച് സംസാരിച്ചോളൂ..

               വീട്ടിലേക്ക് വിളിക്കുമ്പോള്‍ ജാവേദിന് കിതപ്പു തോന്നി. അങ്ങേത്തലക്കല്‍ പുഷ്പലതയുടെ ശബ്ദം.
എവിടെയാണ് താങ്കള്‍..ഈ സാഹസം വേണ്ടിയിരുന്നില്ല. അവിടെ വാപ്പിയില്‍ തന്നെ തങ്ങിയാല്‍ മതിയായിരുന്നു. ഒരിടത്ത് ഉണ്ടെന്ന സമാധാനം ഉണ്ടായിരുന്നു. എവിടെയെത്തി? സുരക്ഷിതനാണോ? ആഹാരം കഴിക്കുന്നുണ്ടോ? വാഹനം കിട്ടിയോ? കൂട്ടത്തില്‍ ആരാണുള്ളത്? ഇതാരുടെ ഫോണ്‍ ആണ്?

ആയിരം ചോദ്യങ്ങള്‍ക്ക് എന്തുത്തരം പറയുമെന്ന് ജാവേദ് ആലോചിച്ചു.
ഞാനിപ്പോള്‍ ബീഹാര്‍ അതിര്‍ത്തിയിലാണ്. ഇവിടെ നിന്നും വെസ്റ്റ് ബംഗാളിലേക്ക് പോകുന്ന സംഘത്തിന് ഒപ്പം. വഴി നീളെ പൊലീസ് ഞങ്ങളെ സഹായിക്കുന്നു. നാട്ടുകാര്‍ സഹായിക്കുന്നു. ഭക്ഷണം ലഭിക്കുന്നുണ്ട്. ഇത് ബീഹാര്‍ വരെയുള്ള എന്റെ സുഹൃത്തിന്റെ നമ്പറാണ്. ഞാന്‍ പിന്നീട് വിളക്കാം. കുട്ടികളും അമ്മയും എന്തുചെയ്യുന്നു. അവിടെ എല്ലാരും സുരക്ഷിതരല്ലേ? വീട്ടില്‍ ആഹാരത്തിന് ബുദ്ധിമുട്ടില്ലല്ലോ?

ഇവിടെയും രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുകയാണ്.  ഗ്രാമങ്ങളിലേക്ക് പുറമേ നിന്നുള്ളവരെ നാട്ടുകാര്‍ കയറ്റുന്നില്ല. ആവശ്യത്തിന് റേഷന്‍ ലഭിക്കുന്നുണ്ട്. മഴ കനത്തു നില്‍ക്കുന്നു.എപ്പൊളാണ് പ്രളയം ഉണ്ടാകുകയെന്നറിയില്ല. അതൊന്നും കുഴപ്പമുള്ളതല്ല. ഞങ്ങള്‍ സഹിച്ചോളാം. ഇപ്പോള്‍ നിങ്ങളെക്കുറിച്ചാണ് ഞങ്ങളുടെ ചിന്ത..
ഞാന്‍ ഉടനെ നിങ്ങളോടൊത്തു ചേരും. എന്നെക്കുറിച്ച് ചിന്തിച്ച് വിഷമിക്കേണ്ട. എനിക്കിന്നു വരെ കുഴപ്പമൊന്നും തന്നെയില്ല. നല്ല ധൈര്യം തോന്നുന്നു. വഴിയിലുടനീളം നമ്മുടെ ആളുകളുണ്ട്. വെസ്റ്റ് ബംഗാളില്‍ എത്തുന്നതോടെ രക്ഷപ്പെട്ടു. പിന്നെ എല്ലാം വളരെ അടുത്തല്ലേ.

ഫോണ്‍ വച്ചപ്പോള്‍ ജാവേദ് കണ്ണുകള്‍ തുടച്ചു.   
ഇതാ ഇതു വച്ചോളൂ. അയാള്‍ ‍ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഇടതു കൈ കൊണ്ട് പോക്കറ്റില്‍ കയ്യിട്ട് ഒരു നൂറു രൂപയെടുത്ത് ജാവേദിന് നീട്ടി. താങ്കള്‍ എനിക്ക് ജേഷ്ഠനെപ്പോലെ തോന്നുന്നു. ഇതു കൊണ്ട് താങ്കള്‍ക്ക് വീട്ടിലെത്താന്‍ കഴിയില്ലെന്നറിയാം. ഇത് ഹൈവെ ബാബയുടെ അനുഗ്രഹമാണ്. താങ്കളെ ഒപ്പം കിട്ടിയത്. താങ്കളാഗ്രഹിക്കുന്ന പോലെ ബിഹു വീട്ടുകാരോടൊപ്പം ചിലവഴിക്കാനാകട്ടെ. എനിക്കിനി ഇവിടെ നിന്ന് ടെകരിയിലെ എന്റെ ഗ്രാമത്തിലേക്ക് വഴിയുണ്ട്.

അതു വാങ്ങുമ്പോള്‍ ജാവേദിന്റെ കൈ വിറച്ചു.

താങ്കള്‍ക്ക് എങ്ങിനെ നന്ദി പറയണം എന്നെനിക്കറിയില്ല. താങ്കളെനിക്ക് ആദ്യം യാത്രയും പിന്നെ സൗഹൃദവും ഭിക്ഷ നല്‍കി. ഇപ്പോളിതാ ഇതും. കൈമൂറിലെ എല്ലാ വിഷമവും താങ്കളോടൊത്തുള്ള യാത്രയില്‍ ഇല്ലാതായ പോലെ.
                                                                    ബഹുഅരയും ചക തുളസിയും ദൂധ് പുരയും പിന്നിട്ടപ്പോള്‍ സട്മാല്ലൂരായി.
സമഷ്ടിപൂരില്‍ വണ്ടി നിര്‍ത്തുമ്പോള്‍ പിറകില്‍ ഹൊസൈനും മിയാനും ഉറക്കത്തിലായിരുന്നു. അവരെ വിളിച്ചുണര്‍ത്തി വാന്‍ ഇവിടെ വരെയെ ഉള്ളെന്നു പറഞ്ഞപ്പോള്‍ അവരുടെ മുഖം വിളര്‍ത്തു. ഇനിയും നടന്നു തള്ളേണ്ട ദൂരങ്ങള്‍ അവരുടെ കുഴിഞ്ഞ കണ്ണുകളുടെ ആഴങ്ങളില്‍ കാണുന്നുണ്ടായിരുന്നു. ജാവേദ് പുറത്തിറങ്ങി. ഹൊസൈനും മിയാനും പിഞ്ഞിത്തുടങ്ങിയ അവരുടെ പഴ്സില്‍ നിന്ന് പണമെടുത്ത് സജ്ജയിന്റെ അടുത്തേക്ക് വന്നു.

നഹിം ഭായിയോെ ഹം സബ് ഏക് ഹീ മാം സെ പൈദാ ഹുയി ഹെ. യഹ് കോസ് മേരെ പാസ് ഭീ ആയേംഗാ. കുച് ഭീ ദൂര്‍ നഹി ഹെ. യഹ് ഹര്‍ ദിന്‍ കരീബ് ആ രഹാ ഹെ. മേരാ പുണ്യ ഹെ. ആപ് കൊ മദ്ദ് കര്‍നാ..

പരമം ദയാലു ഭഗവാന്‍ ആപ്കൊ ആശിര്‍വാദ് ദേംഗെ. ആപ്കൊ ബഹുത് മദ്ദ് മിലീ ഹെ. ഹംനെ ഉസ്സെ പഹലെ ഹജാര്‍ ഔര്‍ ദൊ ഹജാര്‍ കാ ഭുഗതാന്‍ കിയാ ഹെ.

ഭഗവാന്‍ ആപ്കൊ ആപ്കെ ഗാവ് മേം ലേ ആയേ. ഇവിടെ നിന്ന് മുന്നൂറ് കിലോ മീറ്ററുണ്ട് ചെകര്മാരിയിലേക്ക്. വണ്ടിയിലാണെങ്കില്‍ പത്തു പതിനഞ്ചു മണിക്കൂര്‍ മതി. അതിന് ശ്രമിക്കുക. നടക്കാനാണെങ്കില്‍ ചുരുങ്ങിയത് നാലു ദിവസം വേണ്ടി വരും..സഹരസയും അരറിയയും ഖുടി ഗരിയയും കിഷന്‍ഗഞ്ചും കടന്നു പോകണം.വെള്ളപ്പൊക്കത്തെ പേടിക്കണം.ഇടിമിന്നലുണ്ടാകും. മേം പ്രാര്‍ഥനാ കര്‍താ ഹും. ആപ് കീ യാത്രാ സമൃദ്ദ് ഹൊ.
                  വാന്‍ പോകുമ്പോള്‍ അവര്‍ ഡ്രൈവര്‍ക്ക് നേരെ കൈവീശി.  യാത്രയുടെ ദൈവം ആ ഇരുട്ടിലും അവരോട് തിരിച്ച് കൈവീശി.       
                        
                       15                      

                                                   സമ്സ്തിപൂര്‍  കഴിഞ്ഞ് മുന്നോട്ടു നടക്കുമ്പോള്‍ വല്ലാത്ത ശൂന്യത തോന്നി. കൈമൂറില്‍ എല്ലാം നഷ്ടപ്പെട്ടു നിന്ന തന്നെ സഹായിച്ച ബാബ. അതു കഴിഞ്ഞ് ദൈവം പോലെ തന്നെ ഇവിടെയെത്തിച്ച സജ്ജയ്. നിന്നുകൂടാ. ലക്ഷ്യം ഇനിയും എത്രയോ അകലെയാണ്. ഉള്ളില്‍ നിന്ന് അതേ തേരാളി മന്ത്രിക്കുകയാണ്. വാപ്പിയില്‍ നിന്നും കാലുകളെ ലക്ഷ്യം മാത്രം ഒാര്‍മിപ്പിച്ച അതേ തേരാളി. സ്ഥലം അപരിചിതമായി തോന്നിയില്ല. ഇപ്പോള്‍ എല്ലാ സ്ഥലവും ഒരു പോലെ.

കഴിയാവുന്ന ദൂരം പിന്നിട്ട് വിശ്രമിക്കാം . നമ്മളെന്തായാലും മൂന്നു പേരുണ്ടല്ലോ മിയാന്‍ പറഞ്ഞു. ആ  ധാരണയില്‍ പിന്നെയും നടത്തം തുടര്‍ന്നു
            പാതയില്‍ തങ്ങള്‍ക്ക് മുന്നിലായി വേറെയും ആളുകള്‍ പോകുന്നുള്ള പോലെ.  പെട്ടെന്ന് അവരോടൊപ്പമെത്തുക കഴിയുന്നതായിരുന്നില്ല. ഇടക്ക് പാഞ്ഞു പോയ ട്രക്കിന്റെ വെളിച്ചത്തില്‍ പാതയോരത്ത് കൂനിക്കൂടിയിരുന്ന ഒരാള്‍ അടുത്തേക്ക് വന്നു. ഒന്നുകില്‍ തങ്ങളെപ്പോലെ സ്വന്തം ഗ്രാമം പിടിക്കാന്‍ നടക്കുന്നയാള്‍.അല്ലെങ്കില്‍ ഒരു യാചകന്‍. താടിയും മുടിയും നിറഞ്ഞ് മുഷിഞ്ഞ രൂപം. നിവര്‍ന്നു നില്‍ക്കാന്‍ കഴിയാതെ അയാള്‍ കൈ നീട്ടി. ഒരു യാചകന്‍ മറ്റൊരുകൂട്ടം യാചകരോട് ഭിക്ഷ ചോദിക്കുകയാണ്. കൊടുക്കുവാന്‍ എന്താണ് കയ്യിലുള്ളത്. താനും അയാളെപ്പോലെത്തന്നെ.

കടകളെല്ലാം അടച്ചു. മന്ദിറുകളെല്ലാം അടച്ചു. ഒരിടത്തുനിന്നും ഭക്ഷണമില്ല..വല്ലതും തരണേ..ദിവസങ്ങളായി എന്തെങ്കിലും കഴിച്ചിട്ട്.

ജാവേദിനെ അമ്പരപ്പിച്ചു കൊണ്ട് ഹൊസൈന്‍ അപ്പോള്‍ ബാഗ് തുറക്കുകയായിരുന്നു. തങ്ങളുടെ കയ്യിലുണ്ടായിരുന്ന ബ്രെഡിന്റെ പാക്കറ്റ് അവന്‍ പൊട്ടിച്ചു. പാതിയിലേറെ അയാള്‍ക്ക് കൈമാറി. ബാക്കി അവന്‍ മിയാനും ജാവേദിനുമായി നീട്ടി. പെരുവഴിയുടെ അരികില്‍ നിന്ന് ആ യാകനൊപ്പം റൊട്ടി തിന്നു. റൊട്ടിയിലേക്ക് അയാളുടെ കണ്ണീര്‍ വീണുകൊണ്ടിരുന്നു.

ഒരു പാടു പേരെ കൈ നീട്ടി. ആരും ഒന്നും തന്നില്ല. നിങ്ങള്‍ ദയാലുക്കളാണ്.

              വശങ്ങളിലെല്ലാം അടഞ്ഞു കിടക്കുന്ന കടകള്‍. നിര്‍ത്തിയിട്ടിരിക്കുന്ന കാളവണ്ടിയുടെ സമീപം കിടക്കുന്ന കാളകള്‍. ഉപേക്ഷിക്കപ്പെട്ടപോലെ കിടക്കുന്ന റിക്ഷാ വണ്ടികള്‍. ഒരു തെരുവിളക്കിനും അടുത്ത തെരുവിളക്കിനുമിടയില്‍ പെറ്റു കിടക്കുന്ന ഇരുട്ട്. ഇടക്കൊരു വാഹനം കടന്നു പോകുമ്പോള്‍ തെല്ലുനീങ്ങി പിന്നെയുമത് പാതയെ മൂടിക്കിടക്കുക യാണ്.

                       എതിരെ നിന്നൊരു വാഹനം വന്ന് അവരുടെ സമീപം വന്നു നിന്നു. അതൊരു പൊലീസ് വണ്ടിയായിരുന്നു. പെട്ടെന്നുണ്ടായ തോന്നല്‍ ഒാടാനായിരുന്നു. അവര്‍ മൂന്നു പേരും വാഹനത്തിന്റെ വശത്തു കൂടി മുന്നോട്ട് ഒാടി. പിറകില്‍ വാഹനം പാതയില്‍ കിടന്ന് തിരിയന്നതും അതിന്റെ കണ്ണുകള്‍ തങ്ങളുടെ നേരെ തിരിയുന്നതും മൂന്നു പേരുടെ നീളന്‍ നിഴലുകള്‍ മുന്നില്‍ തട്ടിത്തടയുന്നതും കണ്ട് ഒാടി. വാഹനത്തിന് തങ്ങളെ മറികടക്കാമായിരുന്നിട്ടും അത് തങ്ങളെ പിന്തുടരുക മാത്രമാണ് ചെയ്യുന്നത്. ഒരു പക്ഷേ സഹായിക്കാനായിരിക്കുമോ എന്ന് തോന്നി. ഒാട്ടത്തിന്റെ വേഗത കുറഞ്ഞു. വാഹനം അവരെ മറികടന്ന് കുറച്ചു കൂടി മുന്നോട്ടു പോയി തെരുവിളക്കിന് താഴെ പാതയുടെ മധ്യത്തില്‍ നിര്‍ത്തി. പൊലീസ് ഇറങ്ങി. ബാറ്റണ്‍ ചൂണ്ടി അവരോട് പാതയോരത്തേക്ക് മാറി നില്‍ക്കാന്‍ ആംഗ്യം കാണിച്ചു. അവര്‍ പാതയുടെ അരികിലേക്ക് മാറി ചേര്‍ന്നു നിന്നു.

പോലീസ്  മൂന്നു പേരോടും പേരുകള്‍ ചോദിച്ചു. തിരിച്ചറിയില്‍ രേഖകള്‍ കാണിക്കാന്‍ പറ‍ഞ്ഞു. തന്റെ ബാഗും പണവും ഫോണും പിടിച്ചുപറിക്കപ്പെട്ടതായി ജാവേദ് കൈകൂപ്പി പറഞ്ഞു.

തും ജൂഠ് ഹൊ. ക്യാ തും അപ്രവാസി ഹൊ? സച് ബതായിയെ.വെറുതെയല്ല നീ ഒാടിയത്. പൊലീസ് ലാത്തികൊണ്ട് ജാവേദിനെ തലങ്ങും വിലങ്ങും തല്ലി.

സച് ഹെ സാബ്. മേം ഗുജറാത്ത് സെ ആനേവാലാ ഹെ.

അരെ തും ക്യാ ബോല്‍താ ഹും..ക്യാം തും റോഡ് കീ സര്‍വേ കര്‍താഹും ? ബേവ്കൂഫ്..
തും പൂരെ ദേശ് മേം ഇസ് ബീമാരീ കൊ ഫൈലായേംഗെ. ദേശദ്രോഹി...വീണ്ടും കലി തീരാതെ അയാള്‍ ജാവേദിനെ അടിച്ചു. നിലത്ത് കൈകൂപ്പി ഇരിക്കുന്നതു വരെ അടി തുടര്‍ന്നു.അപ്പോള്‍ മറ്റു പൊലീസുകാര്‍ ഹൊസൈനേയും മിയാനെയും ചോദ്യം ചെയ്യുകയായിരുന്നു. അവരുടെ പേരു പറഞ്ഞതോടെത്തന്നെ പൊലീസുകാരുടെ ഭാവം മാറി.

തും കൊ ഗൗ മാംസ് ചാഹിയെ. വഹീ തുമാരാ ഭോജന്‍ ഹെ.

നഹിം ബായ്..അടിക്കിടയില്‍ ഹൊസൈന്‍ കരഞ്ഞു പറയുന്നുണ്ടായിരുന്നു. മേം സച് കഹ്താ ഹും. മേം വെസ്റ്റ് ബംഗാള്‍ കീ ഭഗബോള ജാതാ ഹും..

തുമാരാ ബേഗ് ഖോലൊ..ക്യാ കോയി ബംദൂഖ് യാ ബോംബ് ഹെ. ഉന്‍ ജാവരോം കൊ ദേഖൊ ജൊ ഹിന്ദുസ്ഥാന്‍ കൊ ജലാനെ ജാ രഹെ ഹെം. നീയും നിന്റെ പരമ്പരകളും ഇവിടേക്ക് കുടിയേറിയാതാണ്. എനിക്കുറപ്പാണ്..

രണ്ടു പേരെയും മുട്ടുകാലില്‍ റോഡിലിരുത്തി. കൈകള്‍ പിന്നില്‍ കെട്ടിച്ചു. പൊലീസുകാര്‍ അപ്പുറവും ഇപ്പുറവും നിന്ന് വടികൊണ്ട് അടിച്ചപ്പോള്‍ അവര്‍ കിടന്നു പോയി. അപ്പോളും അടി തുടര്‍ന്നു.

സാബ് ഹം ഗാവ് ജാ രഹെ ഹെം. ഹം ദിഹാഡി മജ്ജൂര്‍ ഹെ.
തും മജ്ദൂര്‍ ഹെ..ലേകില്‍ ക്യാ മേം തുംകൊ നൗഖരീ ദേ സകതാ ഹൂം. പൊലീസ് ചോദ്യഭാവത്തില്‍ അവരെ നോക്കി.
ലേ‍ട്കര്‍ ഇസ് സ‍ടക് കൊ സാഫ് കരേം.

ഹമാരെ പ്രതി ദയാലു രഹേം. ഹമേ ജാനെ ദൊ. ജാവേദ് പൊലീസുകാരന്റെ കാലു പിടിച്ചു പറഞ്ഞു.
തുംകൊ ജ്യാദാ ബഹസ് കര്‍നെ കീ ജരൂരത് നഹീ ഹെ. തുന്‍ ഉന്‍കെ നേതാ ഹെം. തും പഹലെ ദസ്കക് ദേം. സ്വഛ് ഭാരത് അഭിയാന്‍ ....അയാള്‍ പൊട്ടിച്ചിരിച്ചു.
                അയാള്‍ ജാവേദിനെ വലിച്ചിഴച്ചു. നിലത്ത് വീണ ജാവേദിനെ കാലുകൊണ്ട് തട്ടി കമിഴ്ത്തിയിട്ടു. തല പിടിച്ച് പാതയിലിട്ട് ഉരച്ചു. ചുണ്ടിലെ തൊലി പൊട്ടിയരഞ്ഞ് ചോരയുടെ രുചി നാവില്‍ പടരുന്നതറിഞ്ഞ് ജാവേദ് ഇന്ത്യയെ നക്കി വൃത്തിയാക്കാന്‍ ആരംഭിച്ചു. ഹൊസൈനും മിയാനും അടിപേടിച്ച് നിലത്ത് കിടന്നു കഴിഞ്ഞിരുന്നു. തങ്ങളെപ്പോലെ ആയിരങ്ങള്‍ നടന്നു പോയ പാത അവരുടെ നാക്കുകള്‍ കൊണ്ട് പരിശുദ്ധമാക്കപ്പെടുകയാണ്.  വിഹാരത്തില്‍ നിന്ന് ബീഹാറായി മാറിയ മണ്ണിന്റെ രുചി അറിയുകയാണ്. മൗര്യചക്രവർത്തിമാരുടെ കുതിരക്കുളമ്പടികള്‍ നാവില്‍ തടയുകയാണ്. അശോകന്റെ രഥപ്പാടുകള്‍ മായ്ച്ചെടുക്കുകയാണ്.  കിൽജിയുടെ വാളില്‍ നിന്നും ഊര്‍ന്നു വരുന്ന രക്തവും   നളന്ദയുടയും, വിക്രമ ശിലയുടെയും ധൂളികള്‍ തുടച്ചെടുക്കപ്പെടുകയാണ്.  ഗുപ്തരുടെയും  മുഗളരുടെയും  ബംഗാൾ നവാബുമാരുടെയും   ബ്രിട്ടീഷുകാരുടെയും കൊതിക്കറകള്‍ , സ്വാതന്ത്യത്തിന്റെ ഉപ്പും മധുരവും  ജനായാത്തത്തിന്റെ തീരാച്ചതികളും വടിച്ചെടുക്കപ്പെടുകയാണ്. രഥയാത്രകളുടെയും റാലികളുടെയും അടരുകള്‍ തുടച്ചെടുക്കപ്പെടുകയാണ്. ഭരണഘടനയുടെ വരികള്‍ക്കിടയില്‍ നാവുകള്‍ തപ്പിത്തടയുകായണ്. എത്ര നേരമെന്നറിയില്ല.നാവുകളില്‍ ചോരയുടെ രുചി.

ഉഠൊ..അയാള്‍ ഉറക്കെ പറഞ്ഞു. മൂവരും എഴുന്നേറ്റു.

എന്താണ് സര്‍ക്കാര്‍ നിങ്ങളോട് പറഞ്ഞിരുന്നത്? എവിടെയാണോ അവിടെ സുരക്ഷിതരായി ഇരിക്കാന്‍. അല്ലാതെ കൊടും രോഗം പരത്താന്‍ ഹിന്ദുസ്ഥാന്‍ മുഴുവന്‍ നടക്കാനല്ല. ഈ രാജ്യം മുഴുവന്‍ രോഗത്തിനെതിരെ പോരാടുമ്പോള്‍ നിങ്ങള്‍ അതിന്റെ ഉള്ളിലിരുന്ന് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു. രാജ്യം മുഴുവന്‍ രോഗം പരത്താനുള്ള തീവ്രവാദം നടത്തുന്നു. യഥാര്‍ഥത്തില്‍ ശത്രു പുറമേ നിന്നുള്ളവരല്ല. നിങ്ങളെപ്പോലെ രാജ്യത്തിനകത്ത് സര്‍ക്കാര്‍ പറഞ്ഞതിനപ്പുറം ചെയ്യുന്നവരാണ് ശത്രുക്കള്‍. രാജ്യത്തിന്റെ ഗതികേടു നോക്കണേ..പുറത്തുനിന്നുള്ള ശത്രുവിനേയും ഉള്ളില്‍ ഒളിഞ്ഞിരിക്കുന്നവനെയും നേരിടണം. നിനക്കറിയുമോ?  അവര്‍ അയ്യായിരം പേര്‍ നിസാമൂദ്ദിനില്‍ നിന്നും കത്തിച്ചുകൊണ്ടുവന്ന തീയാണിപ്പോള്‍ രാജ്യം മുഴുവന്‍ കത്തുന്നത്...അയാള്‍ ബാറ്റണ്‍ കൊണ്ട് ജാവേദിന്റെ താടിയില്‍ മുട്ടിച്ച് മുകളിലേക്ക് ഉയര്‍ന്നി.

നിനക്കറിയുമോ പ്രധാനമന്ത്രി എന്താണ് പറഞ്ഞതെന്ന്..ഏപ്രിൽ 5 ന് അതായത് നാളെ  രാത്രി ഒമ്പത് മണിക്ക് രാജ്യത്തെ വീടുകളിലെ എല്ലാ ലൈറ്റുകളും ഓഫ് ചെയ്ത്  വാതിലുകളിൽ അല്ലെങ്കിൽ ബാൽക്കണിയിൽ നിന്ന് ലൈറ്റോ, മെഴുകുതിരിയോ, ഡയയോ, ടോർച്ചോ മൊബൈലോ  ഒമ്പത് മിനിറ്റ് നേരം പ്രകാശിപ്പിക്കാനാണ്. മനസ്സിലായോ..? എന്തിന് ലോക്ക് ഡൗണിനോട് സഹകരിച്ച കോടിക്കണക്കിന് രാജ്യഭക്തരെ അഭിനന്ദിക്കാന്‍..ബിഹാറില്‍ മുഴുവന്‍ ഹോട്ട് സ്പോട്ടുകളാണ്. ഗ്രീന്‍ സ്പോട്ട് എങ്ങുമില്ല. ഇവിടേക്ക് നിന്നെപ്പോലുള്ള ദോശദ്രോഹികള്‍ വന്ന് രോഗം പരത്തുകയാണ്. അതിനുള്ള ശിക്ഷ തന്നേ മതിയാവൂ..
 ബാറ്റണ്‍ ജാവോദിന്റെ തൊണ്ടക്കുഴിയിലേക്ക് അമര്‍ന്നു.
                 ശിക്ഷ നൂറു പ്രാവശ്യം ഏത്തമിടാനായിരുന്നു ശിക്ഷ. റോഡില്‍ അവര്‍ ഏത്തമിടുമ്പോള്‍ പൊലീസുകാരന്‍ എണ്ണിക്കൊണ്ടിരുന്നു..ഏക്,ദൊ തീന്‍. കുമ്പിട്ടു നിവരുവാന്‍ വൈകുമ്പോള്‍ മുതുകില്‍ പതിക്കുന്ന ബാറ്റണ്‍ അവരുടെ ഉള്ളിലെ യാതനകളുടെ ഘടികാരത്തിനെ തെറ്റിച്ചുകൊണ്ടിരുന്നു. പ്രായപൂര്‍ത്തിയായതുമുതല്‍ അവരുടെ ഇടതു കയ്യുടെ ചൂണ്ടുവിരലില്‍ നീലച്ചു കിടന്ന സമ്മതിദാനാവകാശം പോലെ മുതുകില്‍ അധീകാരത്തിന്റെ നെടുനീളത്തിലുള്ള അടയാളങ്ങള്‍ കല്ലിച്ചുകിടന്നു.
ഹട്..ഹട്..ഇസ് സടക് മേ തുമാരെ നജര്‍ നഹി ആനാ..

പുറത്ത് അടി വീഴുമ്പോള്‍ മൂവരും എഴുന്നേറ്റ് പാതയില്‍ നിന്ന് തിരഞ്ഞുപോകുന്ന മറുവഴിയിലൂടെ ഒാടി.  വീണിടത്തു നിന്നും പിന്നെയും എഴുന്നേറ്റ് ഒാടി. മുഖത്തെ തൊലിയുരിഞ്ഞ പാടുകളില്‍ വിയര്‍പ്പും കാറ്റുമേറ്റ് നീറി. കരഞ്ഞെങ്കിലും കണ്ണുനീര്‍ വന്നില്ല. കണ്ണുനീരിന്റെ നദി എന്നോ വറ്റിപ്പോയിരുന്നു.
                                എവിടേക്കാണെന്നോ ഏത് വഴിക്കാണെന്നോ അറിയാത്ത ഒാട്ടം. കുറെക്കഴിച്ച് കിതപ്പൊടുങ്ങുമ്പോള്‍ പ്രധാനപാതയില്‍ നിന്നു് മാറി ഏതോ ഗ്രാമത്തിേക്കുള്ള വഴിയിലേക്കാണെന്ന് തോന്നി.ഇനിയൊരടി മുന്നോട്ടു നടക്കാന്‍ വയ്യെന്നായി. പാതയോരത്തിന്റെ നനവില്‍ തന്നെ കിടന്നപ്പോള്‍ കൊതുകുകള്‍ വന്നിരതേടി. പാവപ്പെട്ടവന്റെ ഉറഞ്ഞുപോയ ചോര കുടിക്കാന്‍ അവ അവരെ വട്ടം ചുറ്റി. അതിനെക്കാള്‍ വലിയ വേദന വന്ന് കാര്‍ന്നു തിന്നുന്നുണ്ടായിരുന്നതിനാല്‍ അവരത് അറിയുന്നുണ്ടായിരുന്നില്ല. എവിടെയാണ് കിടക്കുന്നതെന്നോ എത്രയായി സമയമെന്നോ അറിയാതെ കിടന്ന അവരുടെ മേല്‍ ഇരുട്ടും മഞ്ഞും വന്നു പെയ്തു. രാത്രിയുടെ കറുപ്പുകണ്ടിട്ട് നേരം മൂന്നുമണിയെങ്കിലുമായിരിക്കുമെന്ന് ജാവേദ് ഊഹിച്ചു.

                                 
                                   16

                             ഉണരുമ്പോള്‍ വെളിച്ചത്തിന്റെ നേര്‍ത്ത അലകളുണ്ടായിരുന്നു. ഹൊസൈനെയും മിയാനെയും വിളിച്ചുണര്‍ത്തി. ഉറക്കപ്പിച്ചിലെ നടത്തം. എങ്ങും ആരുമുള്ള സൂചനകളില്ല. കുറെ ദൂരം‍ പിന്നിട്ടപ്പോളേക്കും വെയില്‍ പരന്നു തുടങ്ങി. നടക്കുന്നത് വീതി കുറഞ്ഞ നാട്ടുപാതയിലൂടെയാണ്. വാഹനങ്ങള്‍ വന്നുപോയതിന്റെ ഒരു ലക്ഷണവുമില്ലാത്ത കാലികളുടെ കുളമ്പടികള്‍ ചെളിയില്‍ കുഴിഞ്ഞു കിടക്കുന്ന പാത. ഇടക്ക് കാലടിപ്പാടുകള്‍. പിന്നെപ്പിന്നെ റോഡ്‌ കാണാതായി. പാടങ്ങളും വഴിയും ഒന്നായി. കനത്ത മഴയില്‍ വഴികള്‍ ഇല്ലാതായിരിക്കുന്നു. ഇവിടെ എല്ലാം അവസാനിക്കുകയാണ്. ഇതു വരെ നീണ്ടു കിടന്ന് പ്രലോഭിപ്പിച്ച വഴി നേര്‍ത്തു നേര്‍ത്തി ഇല്ലാതായിരിക്കുന്നു. അറ്റമില്ലാതെ നീണ്ടു കിടക്കുന്ന പാടം. ഇടക്കിടെ കാലുകളില്‍ ഉയര്‍ന്നു നിന്ന് പാടത്തെ നോക്കുന്ന ഏറുമാടങ്ങള്‍.   വെള്ളം കയറിയ ഇടങ്ങളില്‍ കട്ടപിടിച്ചു കിടക്കുന്ന കറുത്ത ചെളി.ഇടതും വലതും കണ്ണെത്താ ദൂരത്തോളം പാടം മാത്രം. ആകാശത്ത് കാറ്റു പിടിച്ചോടുന്ന കറുത്ത മേഘങ്ങള്‍. അവക്കൊക്കെയും അമ്മ പറഞ്ഞു തരുമായിരുന്ന കഥകളിലെ ഭീകരരൂപം പൂണ്ട നരകന്റെയും എണ്ണമറ്റ രാക്ഷസന്മാരുടെയും മുഖങ്ങള്‍.

ഹൊസൈനും മിയാനും തളര്‍ന്നു കഴിഞ്ഞു. അവര്‍ക്കു വേണ്ടിയാണ് ബാറ്റണുകള്‍ കൂടുതല്‍ അത്യധ്വാനം ചെയ്തിരുന്നത്.

തീര്‍ച്ചയായും ഇവിടെ നിന്നും ഒരു വഴിയുണ്ടാകും ..നമുക്ക് കണ്ടു പിടിക്കാം. ജാവേദ് പ്രതീക്ഷയോടെ അവരോട് പറഞ്ഞു.

നിങ്ങൾക്കറിയാമോ, പ്രതീക്ഷ ഒരു അപകടകരമായ കാര്യമാണ്. ഹൊസെന്‍ നിരാശയോടെ പറഞ്ഞു.
എല്ലാം നഷ്ടപ്പെട്ടവരെ വീണ്ടും വീണ്ടും ആകർഷിക്കാനുള്ള കഴിവുണ്ടതിന്..എന്റെ പിതാവ് കടുത്ത പ്രമേഹ രോഗിയാണ്, ഞാന്‍ വീട്ടിലേക്ക് നടക്കുകയാണെന്ന് അവരെ അറിയിച്ചിട്ടില്ല. അറിഞ്ഞാല്‍  ഞാനെത്തുന്നതുവരെ അവർ കരയും.  തീവണ്ടി കിട്ടാനായി കാത്തിരിക്കുകയാണെന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. എല്ലാം ഈ വഴിയില്‍ തന്നെ അവസാനിക്കുമെന്ന് തോന്നുന്നു.

ദിശകളെല്ലാം മാറിയിരിക്കുന്നു. ഏതു വഴിക്ക് പോയാലാണ് നാഗോണ്‍..അറിയില്ല. ഇതിനുമുമ്പ് വലിയ പാതയിലൂടെ നടക്കുമ്പോള്‍ കാലുകള്‍ക്ക് വഴിയറിയുമായിരുന്നു. ജന്മജന്മാന്തരങ്ങള്‍ നടന്നു തീര്‍ത്ത വഴിയെന്ന പോലെ അവ മുന്നോട്ട് നയിക്കുകയായിരുന്നു. അവ ഇരുട്ടിലും നടക്കുന്ന വണ്ടിക്കാളകളെപ്പോലെയായിരുന്നു. ശരീരത്തിന്റെ മറ്റെല്ലാ അവയവങ്ങളും ഉറങ്ങിപ്പോകുമ്പോളും അവ മുന്നോട്ടു തന്നെ നടന്നു കൊണ്ടിരുന്നു.

ഇനി നടക്കുവാന്‍ വയ്യ. ദേഹമാകെ നീറുന്നു.തളരുന്നു. ഞാനൊരു പക്ഷെ മരിച്ചു പോയേക്കും. മിയാന്റെ ദീനമായ സ്വരം അന്നത്തെ നടത്തം അവസാനിപ്പിക്കാന്‍ മാത്രം മരവിച്ചതായിരുന്നു.

             മൂവരും നിലത്തിരുന്നു. ഹൊസൈന്റെ ബാഗില്‍ അവശേഷിച്ചിരുന്ന വെള്ളം എടുത്തു കുടിച്ചു. പാക്കറ്റില്‍ ബാക്കിയുണ്ടായിരുന്ന ബിസ്കറ്റുകള്‍, ഡാബയില്‍ നിന്നും തന്ന ഭക്ഷണത്തിന്റെ ബാക്കികള്‍ നീറുന്ന വായിലേക്ക് നീങ്ങുമ്പോള്‍ പ്രതീക്ഷ ഒരു അപകടകരമായ കാര്യമാണെന്ന് ജാവേദിനും തോന്നാന്‍ തുടങ്ങി. വെയിലിന് ചൂടേറുകയാണ്. വൈകാതെ അത് തലക്കുമുകളിലെത്തും.

ഇവിടത്തെ ഈ ഇരിപ്പ് ഒട്ടും സുരക്ഷിതമല്ല. നമുക്ക് ഏതെങ്കിലും ഒരേറുമാടത്തില്‍ കയറിയിരിക്കാം. മനുഷ്യരില്‍ നിന്ന് നമുക്ക് രക്ഷനേടാനായില്ലെങ്കിലും മൃഗങ്ങളില്‍ നിന്ന് രക്ഷ കിട്ടിയേക്കും. ജാവേദ് അവരെ ഏറുമാടത്തിലേക്ക് നയിച്ചു. അതിന്റെ മുളകൊണ്ടുള്ള പടികളില്‍ കൂടി പിടിച്ചു കയറി. ഉള്ളിലിരുന്നപ്പോള്‍ പക്ഷികള്‍ കൂടൂകൂട്ടിയിരിക്കുന്ന പോലെ. ചക്രവാളം മുട്ടി നില്‍ക്കുന്ന പാടം. കടലില്‍ ദിശയറിയാതെ നങ്കുരമിട്ടിരിക്കുന്ന പായക്കപ്പലാണ് ഇപ്പോളീ ഏറുമാടം. അതില്‍ മൂന്നു നാവികര്‍. ദേഹത്ത് ഒട്ടിക്കിടന്നിരുന്ന മുഷിഞ്ഞുകീറിയ ഷര്‍ട്ടുകള്‍ മാറ്റിയപ്പോള്‍ ദേഹത്ത് മഹാരാജ്യത്തിന്റെ ഭൂപടം. തിണര്‍പ്പുകള്‍ കൊണ്ട് രാജവീഥികളെയും മഹാനദികളെയും കൊടുമുടികളെയും വരച്ചിട്ട ഭൂപടം. പരസ്പരം മൗനം കൊണ്ടു മാത്രം പറഞ്ഞു തീര്‍ക്കാവുന്ന വേദനകള്‍. ഏറുമാടത്തിന്റെ മുളയഴികളില്‍ അവര്‍ ചുരുണ്ടു കൂടി കിടന്നു. കണ്ണുകള്‍ അടഞ്ഞു കിടന്നപ്പോള്‍ ശരീരം തളര്‍ച്ചയെ ധ്യാനിക്കുമ്പോള്‍ എന്തു സംസാരിക്കാനാണ്. ദൂരെയെവിടെയോ മഴ പെയ്യുന്ന പോലെ തണുത്ത കാറ്റ്.                     
                     
                                   പിന്നെയെഴുന്നേല്‍ക്കുന്നത് ഹൊസാന്റെ നിലവിളി കേട്ടാണ്. നാവുകൊണ്ട് വൃത്തിയാക്കിയ രാജപാതയുടെ ഒാര്‍മ മാത്രം മതി ജീവിതകാലം മുഴുവന്‍ ഉണര്‍ന്നിരിക്കാന്‍. ഉറക്കത്തിനെ എന്നെന്നെക്കുമായി അകറ്റാന്‍. എഴുന്നേറ്റിരുന്ന ഹൊസൈന്‍ കരയുകയായിരുന്നു..

ഞാൻ എന്റെ ഗ്രാമത്തിൽ എത്തുമോ? എന്റെ കുടുംബത്തെ പോറ്റാൻ എനിക്കിനി കഴിയുമോ? ജാവേദ്  അവനെ അലിവോടെ നോക്കി. എന്തുത്തരം പറയാനാണ്.
പിന്നെ തന്റെ ബാഗ് എടുത്ത് ചത്തു കിടന്ന മൊബൈല്‍ എടുത്ത് ബാറ്ററി പല പ്രാവശ്യം ഊരിയിട്ടു. പിന്നെ മിയാന്റെ ഫോണ്‍ പരിശോധിച്ചു..പിന്നെ വെളിച്ചമില്ലാത്ത കണ്ണുകള്‍ കൊണ്ട് പറഞ്ഞു.

   ഫോണ്‍ സഭി മൃത് ഹെ ഔര്‍ േസാ മഹസൂസ് നഹിം ഹോതാ കി വെ അബ് ഘര്‍ കീ ആവാസ് സുന്‍ സകതെ ഹെം. ഹം അലഗ അലഗം ഹെം. ഇസ് ദേസ് നെ അലഗ് കര്‍ ദിയാ ഹെ
                മിയാനും എഴുന്നേറ്റിരുന്നു. അവന്റെ കണ്ണുകള്‍ ചുവന്നു തുടുത്തിരുന്നു. ഇല പോലെ ആടി അവന്‍ വീണ്ടും കിടപ്പായി. തൊട്ടു നോക്കിയപ്പോള്‍ പൊള്ളുന്ന പനി. പൊലീസിന്റെ മര്‍ദ്ദനവും എങ്ങോട്ടെന്നറിയാത്ത ഒാട്ടവും അവന്റെ ശരിരത്തെ ആളിക്കത്തിക്കുന്നു. പ്രശ്നങ്ങള്‍ ഏറുകയാണ്. ഏറുമാടത്തിന്റെ നിലത്തോടൊട്ടിക്കിടക്കുന്ന ഈ ചെറുപ്പക്കാരനെ പരചരിക്കേണ്ടതു കൂടി തന്റെ ധര്‍മമായി മാറുകയാണ്. മിയാനെ നോക്കാന്‍ ഹൊസൈനെ ചുമതലപ്പെടുത്തി ജാവേദ് താഴെ ഇറങ്ങി. പാടത്തിന്റെ വശത്തായി ഒഴുകുന്ന ചെറുചാലില്‍ ഷര്‍ട്ട് അഴിച്ചു മുക്കി. അതുമായി വീണ്ടും ഏണിയിലൂടെ പിടിച്ചു കയറി. മിയാന്റെ നെറ്റിയില്‍ നനഞ്ഞ ആ തുണി വച്ചു. മറ്റെന്തു മരുന്ന്.  ഉണര്‍ന്നെണീറ്റ മിയാന്‍ അവരെക്കണ്ട് എന്തൊക്കെയോ ശബ്ദമുണ്ടാക്കി നിലത്ത് കമിഴ്ന്ന് കിടന്ന് മുളയഴികളില്‍ നക്കാന്‍ തുടങ്ങി. ജാവേദും ഹൊസൈനും ചേര്‍ന്ന് അവനെ തിരിച്ചു കിടത്തി. കൈകള്‍ കൂപ്പിക്കൊണ്ട് അവന്‍ കരയുകയായിരുന്നു..

ഹമാരെ പ്രതി ദയാലു രഹേം. ഹമേ ജാനെ ദൊ
ആ കരച്ചിലിന്നവസാനം അവന്‍ പിന്നെയും തളര്‍ന്നു കിടന്നു. പിന്നെ അവനുണരാനും കാത്ത് രണ്ടു പേരും ഇരുന്നു.
          ആ ഇരുപ്പില്‍ സൂര്യന്‍ അസ്തമിച്ച് രാത്രിയായി. ഇരുട്ടു മാത്രം കൂട്ടുള്ള ആ ഏറുമാടത്തില്‍ പനിച്ചുപൊള്ളുന്ന ആ ചെറുപ്പക്കാരന് കൂട്ടിരിക്കുമ്പോള്‍ നാട്ടിലേക്ക് നടന്നു തള്ളാനുള്ള വഴികളെക്കുറിച്ചു ചിന്തയത്രയും ജാവേദ് മറന്നു. ആ ദിവസം കൊണ്ട് ഹൊസൊന്റെയും മിയാന്റെയും കുപ്പികളിലെ അവസാനതുള്ളി വെള്ളവും കഴിഞ്ഞു. വെള്ളമില്ലാതാകുമ്പോളാണ് ദാഹം കൂടിക്കൂടി വരുന്നത്. ബ്രഹ്മപുത്രയുടെ ചതുപ്പില്‍ ജീവിച്ചപ്പോള്‍ വെള്ളത്തിന് നടുക്കായിരുന്നു. താഴെ ചാലിലൂടെ ഒഴുകുന്ന വെള്ളം എടുത്തു കുടിച്ചാലോ എന്ന് എത്രയോ തവണ ആലോചിച്ചു. പിന്നെ പിന്‍വലിഞ്ഞു. ആ വെള്ളം മാത്രം മതിയാകും ജീവിതയാത്ര അവസാനിക്കാന്‍.
                  പാടങ്ങളുടെ അരികുപറ്റി കുറച്ചു ദൂരം നടന്നപ്പോള്‍  ഉരുളക്കിഴങ്ങും പടവലും തക്കാളിയും കൃഷിചെയ്ത ഒരു ഭാഗം കണ്ടു. തീ പോലെ തുടുത്ത തക്കാളികള്‍ പൊട്ടിച്ച് തിന്നപ്പോള്‍ വിശപ്പ് വീണ്ടും തിരിച്ചു വന്നു. കുറച്ചെണ്ണം അറുത്തെടുത്ത് വേഗത്തില്‍ ഏറുമാടത്തിലേക്ക് മടങ്ങി. മിയാന്‍ എഴുന്നേറ്റ് ഇരിക്കാനും സംസാരിക്കാനും തുടങ്ങിയിരിക്കുന്നു. കാല്‍മുട്ടില്‍ ബാറ്റണ്‍ കൊണ്ട് അടിയേറ്റ ഭാഗം മുഴച്ചു വീര്‍ത്തു നില്‍ക്കുന്നു. എല്ലുകള്‍ക്ക് പൊട്ടുണ്ടെങ്കില്‍ അവനിന് നടക്കുവാന്‍ ബുദ്ധിമുട്ടായേക്കുമെന്ന്  രാത്രി ഏറുമാടത്തില്‍ നിന്ന് പുറത്തേക്ക് നോക്കി.  ദൂരെ മിന്നാമിന്നികള്‍ പോലെ തെളിയുന്ന   വെളിച്ചത്തിന്റെ പൊരികള്‍.  അവിടെയൊരു ഗ്രാമമായിരിക്കുമെന്ന് ജാവേദ് ഊഹിച്ചു. ദൂരെ ആ വെളിച്ചത്തരികള്‍ക്കപ്പുറമെവിടെയോ തന്റെ ഗ്രാമമുണ്ട്. ആനന്ദത്തിന്റെ ഉത്സവവും  ഭക്ഷണത്തിന്റെ ഉത്സവവുമായി  താന്‍ ബിഹു ആഘോഷിച്ച ഗ്രാമം. ആനന്ദവും ഭക്ഷണവും കിട്ടാക്കനികളായിരിക്കുന്നു. സമൃദ്ധിയും സമാധാനവും ഉണ്ടാകണമെന്ന പ്രാര്‍ത്ഥനയോടെ ആദ്യമായെടുക്കുന്ന വിള ബ്രായ് ഷിബ്രായ്ക്ക് ‍സമര്‍പ്പിച്ച ഗ്രാമം. രൊംഗാളി ബിഹുവോ ബൊഗാളി ബിഹുവോ അല്ല താനിപ്പോള്‍ ആഘോഷിക്കുന്നത് കൊംഗാളി ബിഹുവാണ്. ‍ പാവങ്ങളുടെ ഉത്സവം. കത്തുന്ന രാജ്യത്തിനിടയിലൂടെ ഹൃദയം പൊത്തിപ്പിടിച്ചോടുന്ന പാവങ്ങളുടെ ബിഹു. തെരുവുകളില്‍ പേപ്പട്ടിയെ പോലെ തല്ലിച്ചതക്കപ്പെടുന്ന മനുഷ്ടരുടെ ബിഹു.  മനുഹ് ബിഹു. ഇത് മുകോളി ബിഹുവാണ് . തുറന്ന ബിഹു. ലക്ഷക്കണക്കിന് പരിഭ്രാന്തര്‍ അടച്ചിട്ട രാജ്യത്തിന്റെയുള്ളില്‍ തുറവി തേടി പായുന്ന മൂകോളി ബിഹു. ഇപ്പോളാണ് രാജ്യത്തെ വിളക്കുകള്‍ അണക്കേണ്ടത്. വീടിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കേണ്ടത്. പ്രകാശം തെളിയിക്കേണ്ടത്.
താനാരാണ്?  ജാവേദ് ആലോചിച്ചു.
ദേശദ്രോഹി. ലോക്ക് ഡൗണിനോട്  സഹകരിക്കാത്തവന്‍. എന്റെ വെളിച്ചം എന്നോ കെട്ടുപോയിരിക്കുന്നു. ഈ ഏറുമാടത്തില്‍ നിന്ന് ഞങ്ങള്‍ക്ക് ഇരുട്ടിലേക്ക് കത്തിച്ചുകാണിക്കാന്‍ ഞങ്ങളുടെ കണ്ണീരുമാത്രമേയുള്ളൂ. ഭ്രാന്തു പിടിക്കുന്ന പോലെ. തലയില്‍ ആയിരം കൊള്ളിയാനുകള്‍ ഒന്നിച്ച് വിണുകത്തുന്ന പോലെ തോന്നിയപ്പോള്‍  ജാവേദ്  ഏറുമാടത്തിന്റെ അഴിയില്‍ താളം പിടിച്ച് പാടാന്‍ തുടങ്ങി. അയാളുടെ ശരീരം ഏതോ നൃത്തത്തിലെന്ന പോലെ ചലിച്ചു. ഏറുമാടത്തിന്റെ കാലുകളിലേക്ക് ആ നൃത്തത്തിന്റെ താളം കലര്‍ന്നു. ആകാശത്ത് ഒരു മിന്നല്‍ പിണര്‍ ആയിരം വേരുകളുമായി ഭൂമിയിലേക്കിറങ്ങി.

ഫൂല്‍ ഫുലിസെ ബോക്‌സോണ്ടോര്‍
തുമി ജാനോമി ബോഹാഗോര്‍
പ്രതിതു ബോ ഹാടോം സെ
മോറോം ജാസു  ടുമാകോന്‍ തൊരോര്‍

ബുന്‍ ബുന്‍ കോയ് ഭൂമുര
ഫൂലെ ഫൂലെ പോറീസെ
തുപാ തുപെ നാഹോർ ടോഗോർ
ദാൽ ഭോരി ഫുലീസെ..
ജാൻ‌മോണി
തൂമിയെ മുർ‌ കമോണ ബാകോണ
തുമേയി മുര്‍ ജീവോനോര്‍ ബോറോഹ
തൂമോയി മുര്‍ ബുകൂരേ കോയി.
പാട്ടിന്നവസാനം അയാള്‍ പൊട്ടിക്കരഞ്ഞു പോയി. ഏറുമാടത്തിന്റെ അഴികളില്‍ തലകൊണ്ടടിച്ച് അയാള്‍ ഗുജറാത്തിലേക്ക് ജോലിക്ക് പുറപ്പെട്ട നാളുകളെ മുഴുവന്‍ ശപിച്ചു. പിന്നെ അയാള്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ഹൊസൈന്‍ അയാളെ പിടിച്ചു കുലുക്കി.
അയാള്‍ ഹൊസൈനെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ടിരുന്നു.
മുഛെ ലഗാ കി തും പാഗല്‍ ഹൊ. മേം ‍ടര്‍ ഗയാ ഥാ. ലേകിന്‍ ആപ്നെ കിതനാ മീഠാ ഗായാ..ഹൈ
ഹാം മേം പാഗല്‍ ഥാ. മേം കുഛ് സമയ് കെലിയെ അപനാ ഗാവ് ചാഹ്താ ഥാ. ഇസ് അന്ധേരെ മേം ജ്യാദാ ശാന്ത് കെ ലിയെ..
പ്രതീക്ഷ ഒരു മധുരം കൂടിയാണ്  ഭായ് ..ഹൊസെന്‍  പറഞ്ഞു.
എല്ലാം നഷ്ടപ്പെട്ടാലും അതിന്റെ ഒരു തുണ്ട് മതി ജീവിതം  വീണ്ടും വീണ്ടും മധുരിക്കാന്‍.
                                                                                     
                                                                  17

            നേരം പുലരുകയാണ്.  കൈ വിരലുകള്‍ തൊട്ടുമടക്കി ദിവസങ്ങള്‍ എണ്ണി നോക്കി. ഇന്ന്  തിങ്കളാഴ്ചയായിരി ക്കണം. ഏപ്രിലില്‍  ‍അഞ്ചു ദിവസം പിന്നിട്ടിരിക്കണം.  മിയാനെ തൊട്ടു നോക്കുമ്പോള്‍ പനി വിട്ടിട്ടില്ല. അവന്റെ കാല്‍മുട്ടില്‍ നീലച്ചു കിടക്കുന്ന ചോര. അവനും ഉണര്‍ന്ന് ഏറുമാടിത്തിന്റെ മേല്‍ക്കൂരയിലൂടെ മുകളില്‍ കാണുന്ന ആകാശത്തെ നോക്കി കിടക്കുകയാണ്.

ഹൊസൈന്‍ പുറത്തേക്ക് നോക്കി പറഞ്ഞു.
                  ഞങ്ങള്‍ പൂനെയിൽ നിന്ന് പുറപ്പെട്ട തീയതി പോലും മറന്നു പോയി. ആദ്യം ഞങ്ങള്‍  റോഡിലൂടെ നടന്നു. തുടക്കത്തില്‍ ചില  ഓട്ടോറിക്ഷകള്‍ കിട്ടി. ട്രക്കുകളിലും , ട്രാക്ടറുകളിലും തൂങ്ങിനിന്നു.കയ്യിലുണ്ടായിരുന്ന പണം മുഴുവന്‍ ട്രക്ക് ഡ്രൈവർമാർക്കും ഭക്ഷണത്തിനുമായി ചിലവായിക്കഴിഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി ഞങ്ങള്‍ പിംപ്രി-ചിഞ്ച്‌വാഡിലെ ഒരു സ്വീറ്റ് ഷോപ്പിൽ ഹൽവായ് ആയി ജോലി ചെയ്യുകയായിരുന്നു.  നേരത്തെ മുംബൈയിലെ ഘട്കോപറിലെ കടകളിലും ഞങ്ങള്‍ പണിയെടുത്തിട്ടുണ്ടായിരുന്നു. പൂനെയിൽ കൂടുതല്‍ ശമ്പളം കിട്ടുമെന്ന് പറഞ്ഞപ്പോള്‍  ഞങ്ങള്‍ അവിടേക്ക് മാറി. ഞങ്ങളുടെ ഗ്രാമക്കാര്‍ പല സംസ്ഥാനങ്ങളുലും മേസൺസായും  ടൈൽ കട്ടറായും,റെസ്റ്റോറന്റുകളിൽ ഒരു ടേബിൾ ക്ലീനറായും. ഇഷ്ടികക്കളങ്ങളിലും ജോലി ചെയ്യുന്നുണ്ട്. എന്തുചെയ്യാം എല്ലാം വെറുതെയായി. പുറപ്പെട്ട് കുറെ കഴിഞ്ഞ് ഞങ്ങള്‍ മൂവായിരം രൂപക്ക് ഒരു സൈക്കിള്‍ വാങ്ങി. ഞങ്ങള്‍ ഊഴമിട്ട് രാവും പകലും ചവിട്ടി. സീതാപൂരില്‍ യുപി പോലീസ് ഞങ്ങളെ തടഞ്ഞു  അവർ അറസ്റ്റ് ചെയ്യുമെന്ന് ഞങ്ങൾ കരുതി, പക്ഷേ പോലീസ്  ഭക്ഷണ പാക്കറ്റുകളും വെള്ളവും തന്ന് ഞങ്ങളെ യാത്രയാക്കി.  ലഖ്‌നൗവിലെ ഒരു ഹോസ്റ്റലില്‍ ഞങ്ങള്‍ക്ക് അല്പം വിശ്രമിക്കാന്‍ സൗകര്യം കിട്ടി. ആ ഹോസ്റ്റലുടമ ദയാലുവായിരുന്നു. ഞങ്ങളെപ്പെലെ കുറയേറെപ്പേര്‍ക്ക് വിശ്രമിക്കാൻ മുറികൾ തുറന്നു തന്നു. അയോദ്ധ്യ, ബസ്തി, എന്നിവിടങ്ങളിലൂടെയെല്ലാം രാവും പകലും സൈക്കിള്‍ ചവിട്ടി. സഞ്ചരിച്ചു,ഗോരഖ്പൂരില്‍ രാത്രി വഴിയരികില്‍ കിടന്നുറങ്ങി. എഴുന്നേറ്റു നോക്കിയപ്പോള്‍ സൈക്കിള്‍ ഇല്ലായിരുന്നു. മറ്റാരോ അത് മോഷ്ടിച്ച് ചവിട്ടിപ്പോയി. സൈക്കിളിരുന്ന ഭാഗത്ത് ഒരു കത്തുണ്ടായിരുന്നു. കാറ്റില്‍ പാറിപ്പോകാതിരിക്കാന്‍ അതില്‍ കല്ല് എടുത്തു വച്ചിരുന്നു.

ഹെലൊ മേം ദോഷി ഹും. ഏക് മജ്ദൂര്‍ , അസഹായ്. മേം ആപ്കീ സായിക്കിള്‍ ലെ രഹാ ഹും. മുജെ മാഫ് കര്‍ ദൊ. മേര വിഷമ് ലൈഗിക് ബേഠം കെ സാഥ് ഘര്‍ പാനെ കാ കോയി ഒര്‍ തരീകാ നഹീം ഹെ ജൊ ചല്‍ നഹീം സക്താ. ഹമേം ബലേരി ജാനെ കീ ജരൂരത് ഹെ.
     (നമസ്കാരം, ഞാനാണ് അപരാധി. ഒരു തൊഴിലാളിയാണ്, നിസ്സഹായനാണ്. ഞാൻ നിങ്ങളുടെ സൈക്കിൾ എടുക്കുകയാണ്. ക്ഷമിക്കുക. നടക്കാൻ കഴിയാത്ത എന്റെ വികലാംഗനായ മകനുമായി നാട്ടിലെത്താൻ മറ്റു വഴികളൊന്നുമില്ല. ഞങ്ങൾക്ക് ബറേലി വരെ പോകേണ്ടതുണ്ട്)

അതു വായിച്ചപ്പോള്‍ ഞങ്ങളെക്കാള്‍ ആ സൈക്കിള്‍ ഉപകാരപ്പെടുക അയാള്‍ക്കു തന്നെയാണെന്ന് തോന്നി. പിന്നെ അയാളെ ശപിക്കാന്‍ തോന്നിയില്ല. പിന്നെ നടത്തമായിരുന്നു. ചിലയിടത്ത് ഭക്ഷണം നല്‍കുന്ന കൂടാരങ്ങളുണ്ടായിരുന്നു. പിന്നെ നടന്ന് നടന്ന് കത്ഹറില്‍ എത്തിയപ്പോഴാണ് നിങ്ങളുണ്ടായിരുന്ന വാന്‍ നിര്‍ത്തുന്നത്.

തന്റെയാത്രകളും കൈമൂറില്‍ വച്ച് പിടിച്ചുപറിക്ക് ഇരയാക്കപ്പെട്ടതും ഹൈവേ ബാബയെ കണ്ടതുമെല്ലാം ജാവേദ് അവനോട് പറഞ്ഞു.

          നമ്മുടെ ആളുകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയത് അവർ ഒന്നുകിൽ തൊഴിലില്ലാത്തവരായതിനാലോ നാട്ടില്‍ ശരിയായ വേതനം ലഭിക്കാത്തതിനാലോ ആണ്. ഞങ്ങളുടെ സര്‍ക്കാര്‍ ഗംഭീരമായ വികസനം സംസാരിക്കും പക്ഷേ നാടിന്   വളർച്ച ഉണ്ടായിട്ടില്ല.  തൊഴിലവസരങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം സംസ്ഥാനം പശ്ചിമ ബംഗാളാണെന്ന് ഞാൻ ഭയപ്പെടുന്നു. ഇനി അവിടേക്ക് മടങ്ങിച്ചെന്നാലും പട്ടിണിതന്നെ ആയിരിക്കും. ഭൂമിയാണെങ്കില്‍ പണയത്തിലാണ്, പക്ഷേ ഇപ്പോഴും ഞങ്ങൾ കൃഷി ചെയ്യുന്നുണ്ട്. പക്ഷേ മരിക്കുകയാണെങ്കിലും സ്വന്തം ഗ്രാമത്തിലെ മണ്ണില്‍ മരിക്കാമല്ലോ എന്നു കരുതിയാണ് ഇത്രത്തോളം വന്നത്. ഞങ്ങളുടെ തമിഴ് നാട്ടിലുള്ള ചങ്ങാതിമാർ‌ക്ക് തിരികെ വരാൻ‌ കഴിഞ്ഞില്ല,   മാത്രമല്ല ഭക്ഷണം കഴിക്കാൻ‌ ബുദ്ധിമുട്ടാണെന്നും പറഞ്ഞു. ബംഗാളിൽ നിന്നുള്ള തൊഴിലാളികളെ തമിഴ്‌നാട്ടിൽ സഹായിക്കുന്നില്ലെന്ന്. കേരളത്തില്‍ മേസണ്‍ ജോലി ചെയ്യുന്ന സുഹൃത്തുണ്ട്. ജാഫികൂർ ഷെയ്ഖ്. അവന്‍ അവിടെ ബില്‍ഡിങ്ങ് സൈറ്റിലെ പ്രധാന മേസൺ ആയിരുന്നു. ഒരു ദിവസം എഴുനൂറ് രൂപ വരുമാനമുണ്ടായിരുന്നു അവന്. ഇതേ ജോലിക്ക് നാട്ടില്‍ കിട്ടുന്നത് ഇരുനൂറ് രൂപയാണ്. യാത്രക്കിടെ അവന്‍ വിളിച്ചിരുന്നു. അവിടെ സര്‍ക്കാരും നാട്ടുകാരും കൂടുതല്‍ ദയാലുക്കളാണ്. അവരവിടെ സമൂഹ ഭോജന്‍ തുടങ്ങിയിട്ടുണ്ടെത്രെ. അവിടെ പോയി ആഹാരം കഴിക്കാം. നമ്മുടെ ആളുകള്‍ക്ക് വേണ്ട തരം സാധനങ്ങള്‍ അവരുടെ താമസ സ്ഥലങ്ങളില്‍ കിറ്റ് ആയി നല്‍കുന്നുണ്ടത്രേ. അവിടെ ലോക്ക്ഡൗണ്‍ ആയിട്ടും അവന്റെ ബില്‍ഡിങ്ങ് സൈറ്റില്‍ പണി നടക്കുന്നുണ്ടത്രേ. അവിടെ ചിലയിടങ്ങളില്‍ സര്‍ക്കാര്‍ തന്നെ വലിയ കെട്ടിടങ്ങള്‍ ഉണ്ടാക്കി നമ്മുടെ ആളുകള്‍ക്ക് താമസ സൗകര്യമൊരുക്കിയിട്ടുണ്ടത്രേ. അപ്ന ഘര്‍. കൂടാതെ ബസ്സിലോ ട്രെയിനിലോ നമ്മുടെ ആളുകളെ നാട്ടിലെത്തിക്കാന്‍ അവിടെ പൊലീസ് റജിസ്ടേഷന്‍ നടത്തുന്നുണ്ട്. ആധാര്‍ കാര്‍ഡും രേഖകളുമായി അതിന് പൊലീസ് സ്റ്റേഷനില്‍ എത്തിയാല്‍ മതി. അവിടെ പൊലീസും നമ്മുടെ ആളുകളെ ദ്രോഹിക്കുന്നില്ല. അതിഥി കാര്യകര്‍ത്താ എന്നാണ് അവര്‍ നമ്മുടെ ആളുകളെ കരുതുന്നത്. അവിടെ തൊഴിലെടുക്കുന്ന നമ്മുടെ ആളുകളുടെ കുട്ടികള്‍ അവിടത്തെ സ്കൂളുകളില്‍ ചേര്‍ന്ന് പഠിക്കുന്നുണ്ട്.

ചില നാടുകളുണ്ട് ഭായി. അവര്‍ക്ക് ലഭിച്ച വിദ്യാഭ്യാസത്തിന്റെ ഗുണമാണത്. അവരുടെത് വലിയ മനസ്സാണ്. നമുക്കും ഇവിടെ ചില സ്ഥലത്തുനിന്നൊക്കെ നല്ല സഹായം ലഭിച്ചില്ലേ. ഗുജറാത്തില്‍ നിന്ന് പൊലിസ് തന്നെയാണ് ഞങ്ങള്‍ക്ക് ട്രക്ക് കൈകാണിച്ചു നിര്‍ത്തിത്തന്നത്. യാത്രക്കിടെ പല സ്ഥലത്തും പൊലീസ് ഭക്ഷണവും കുടിവെള്ളവും തന്നിട്ടിണ്ട്. ചില സ്ഥലങ്ങളില്‍ ചില പൊലീസുകാരുടെ മുമ്പില്‍ പെടുമ്പോളാണ്   കുഴപ്പം. അവര്‍ നമ്മളെ തീവ്രവാദികളായി കണക്കാക്കുന്നു. നമ്മളെ പുഴുക്കളെപ്പോലെ ചവിട്ടി അരച്ച ആ പൊലീസുകാരെ ഒാര്‍ത്തു നോക്കൂ. എന്തിനാണ് അവര്‍ അത് ചെയ്തത്. ആദ്യമവര്‍ വേട്ടനായ്ക്കളെപ്പോലെ നമ്മളെ പിന്തുടര്‍ന്നു. പിന്നെ കടിച്ചു കീറി.

ഭായി. ഇസെ ഫിര്‍ സെ യാദ് കര്‍നെ കീ കോശിശ് ന കരോ. മേം ഇസ് ഭൂല്‍നെ കീ കോശിശ് കര്‍ രഹാ ഹും.

ഇല്ല ഹുസൈന്‍..ഒാര്‍ത്തു പോയതാണ്. ഞാനും അത് മറക്കാന്‍ ശ്രമിക്കുകയാണ്.
                                        നേരം ഉച്ചയായി. ഊഴമിട്ട് പുറത്തിറങ്ങാമെന്നും ആഹാരം തേടാമെന്നും പറഞ്ഞ് ജാവേദ് കഴിഞ്ഞ ദിവസം കണ്ട കൃഷിയിടത്തിലേക്ക് നടന്നു. ചാലിലെ വെള്ളത്തില്‍ മുഖം കഴുകി. ഷര്‍ട്ടും പാന്റും അഴിച്ച് നിലത്തു വച്ച് ദേഹമാകെ വെള്ളമാക്കിയപ്പോള്‍ രോമകൂപങ്ങളിലൂടെ തണുപ്പ് അരിച്ചിറങ്ങി. പാന്റും ഷര്‍ട്ടും വെള്ളത്തില്‍ കഴുകിയപ്പോള്‍ അനവധി ദിനരാത്രങ്ങളുടെ വിഴുപ്പ് അവയില്‍ നിന്ന് ഒഴുകിപ്പോയി. പഴുത്ത തക്കാളി പറിച്ചെടുത്ത് നടക്കാനൊരുങ്ങുമ്പോള്‍ താന്‍ ചെയ്യുന്നത് മോഷണമാണെന്ന് ഉള്ളില്‍ തോന്നി. തന്നെപ്പോലെ ഏതൊ തൊഴിലാളി വിയര്‍പ്പു വറ്റിച്ച് ഉണ്ടാക്കുന്ന കനി. ഏതോ ജമീന്ദാരുടെ അടിയും ചവിട്ടുമേറ്റ് നട്ടു നനച്ചുണ്ടാക്കിയ കനി. അവന്റെ വിയര്‍പ്പും കണ്ണീരും വലിച്ചെടുത്ത് ചുവന്ന കനി. വിശപ്പിന്റെ മുന്നില്‍ എത്ര പെട്ടെന്നാണ് മനുഷ്യന്‍ കള്ളനായി മാറുന്നത്. പിന്നെയും പറിച്ചെടുക്കാന്‍ തോന്നിയില്ല. മാറോടടക്കിപ്പിടിച്ച് ഏറുമാടത്തിലേക്ക് കയറുമ്പോള്‍ നെഞ്ച് പൊള്ളുന്ന പോലെ.
                         മിയാന്‍ എഴുന്നേറ്റിട്ടുണ്ട്. പനി ഇത്തിരി കുറഞ്ഞിട്ടുണ്ട്. ഗ്രാമത്തിലെ തന്റെ വീട്ടില്‍ വയസ്സായ പിതാവ് അബ്ദുൾ ബാരി റംസാനില്‍ തന്നെ കാത്തിരിക്കുന്നതും തന്റെ സഹോരരായ സഹ്‌റയെയും  അർഷാദ് ജമാലിനെയും കുറിച്ച്,എനിക്കിനി അവരോടൊത്ത് ഗ്രാമത്തില്‍ ജീവിക്കാന്‍ കഴിയുമോ? എന്തൊരു ഏകാന്തമായ റംസാനാണ് ഇതെന്ന് അവന്‍ ഉറക്കപ്പിച്ചില്‍ പറയുന്നുണ്ടായിരുന്നു. 
 
             നിനക്ക് കനത്ത പനിയായിരുന്നു മിയാന്‍. നാമിപ്പോള്‍ ഇവിടെ ഈ ഏറുമാടത്തില്‍ മാത്രം രണ്ടു ദിവസമാകുന്നു. നിനക്ക് സുഖമായാല്‍ വീണ്ടും നമുക്ക് യാത്ര തുടരാം. നമുക്ക് നമ്മുടെ ഗ്രാമത്തിലേക്ക് എത്താന്‍ കഴിയും..നീ സമാധാനിക്കൂ..ഹൊസൈന്‍ അവനെ സമാധാനിപ്പിച്ചു.
                                      തക്കാളി കടിച്ചു തിന്നപ്പോള്‍ വയറിന്റെ മുരള്‍ച്ചക്ക് അല്പം സമാധാനമായി. മിയാന്‍ തക്കാളി തിന്നതും എഴുന്നേറ്റ് മാടത്തിന്റെ പടികളില്‍ നിന്ന് ഛര്‍ദ്ദിക്കാന്‍ തുടങ്ങി. അവന്‍ പിന്നെയും തളര്‍ന്നു തുടങ്ങി. താനിപ്പോള്‍ മരിക്കുമെന്നും നിങ്ങള്‍ രക്ഷപ്പെട്ടോളു എന്നുമൊക്കെ അവന്‍ പുലമ്പാന്‍ തുടങ്ങി. ഹൊസൈനും ജാവേദും അവനെ വീണ്ടും തറയിലേക്ക് കിടത്തി. അവന്‍ വീണ്ടും കണ്ണടച്ചു. മേഘങ്ങളുടെ പാച്ചിലിന് വേഗം കൂടിയിട്ടുണ്ട്. കാറ്റടിക്കാന്‍ തുടങ്ങി. മഴ ചാറാന്‍ തുടങ്ങി. നാലുഭാഗത്തു നിന്നും മാടത്തിലേക്ക് മഴത്തുള്ളികള്‍. മാടത്തിന്റെ മേല്‍ക്കൂരയിലിട്ട പുല്ലിലൂടെ ഇറ്റി അതവരുടെ ദേഹത്തേക്ക് വീഴാന്‍ തുടങ്ങി. ദേഹത്ത് തണുത്ത വെള്ളം വീണപ്പോള്‍ മിയാന്‍ വീണ്ടും എഴുന്നേറ്റിരുന്നു. പതിയെ പാടത്തെ ഇരുട്ടുമൂടി.

മുളയഴികളില്‍ കിടന്ന് ഇരുട്ടില്‍ അവന്‍ പറയുന്നുണ്ടായിരുന്നു.

ഈ മഴയും കാറ്റും പഖിരാലയയിലെ എന്റെ ഗ്രാമത്തിലെ എത്രയോ പേരെ യാചകരാക്കിയിട്ടുണ്ട്. ആകെയുള്ള കുടിലുകളെപ്പോലും ദൈവം തട്ടിയെടുക്കും. ബിദ്യാധാരി നദി  ഞങ്ങളുടെ പക്കലുള്ളതെല്ലാം എടുക്കും.  കൊടുങ്കാറ്റ് കൂടി ഉണ്ടായാല്‍ ജീവനുകള്‍ അതില്‍ പറന്നു പോകും. എത്രയോ പ്രാവശ്യം കുടുംബത്തോടൊപ്പം ലോക്കൽ സ്കൂളിലെ ഷെൽട്ടറില്‍ താമസിച്ചിട്ടുണ്ട്. ഞങ്ങൾ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല, എന്തുകൊണ്ടാണ് പ്രകൃതി ഞങ്ങളെ വീണ്ടും വീണ്ടും ശിക്ഷിക്കാൻ ആഗ്രഹിക്കുന്നതെന്നറിയില്ല. വലതുവശത്ത് ബിദ്യാധാരി, ഇടതുവശത്ത് ഗോർമോർ നദി. കുടിലുകള്‍ പൂർണ്ണമായും വെള്ളത്തിൽ മുങ്ങി, മേൽക്കൂര മാത്രമേ കാണാൻ കഴിയൂ. അവിടെ ഞങ്ങൾ  എല്ലാം ഞങ്ങളുടെ വിധിയായി അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്.കടലിൽ നിന്നുള്ള ഉപ്പുവെള്ളമാണ് പഖിരാലയെയും ഗോസബയെയും രംഗബെയിയെയും മൂടുന്നത്. പിന്നെ ആ ഭൂമിയില്‍ പുല്ലു കിളിര്‍ക്കണമെങ്കില്‍ വര്‍ഷങ്ങള്‍ കഴിയും..എല്ലായിടത്തും ദരിദ്രരെ ദൈവം പിന്നെയും പിന്നെയും തിരഞ്ഞുപിടിച്ച് ശിക്ഷിക്കുകയാണ്. പട്ടിണി കിടക്കുന്ന കുടുംബത്തിന് അരിയും പയറും കൊണ്ട് അല്പം അഖിച്ചൂരിയെങ്കിലും ഉറപ്പാക്കാനാണ് പൂനെയിലേക്ക് വണ്ടി കയറിയത്. എന്നിട്ടിപ്പോള്‍ ഇവിടെക്കിടന്ന് മരിക്കാനാണ് എന്റെ വിധി. അവിടെയായാലും ലോകത്തിന്റെ ഏതു കോണില്‍ പോയി ഒളിച്ചിരുന്നാലും അതു നമ്മളെ കണ്ടെത്തി വിഴുങ്ങാന്‍ വരുന്നു. അധികാരത്തിലിരിക്കുന്നവർക്ക് അവരുടെ സുരക്ഷിതമായ വീടുകളിലിരുന്ന്  നമ്മുടെ ആളുകൾ എവിടെയായിരുന്നാലും തുടരണമെന്ന് പറയുന്നത് എളുപ്പമാണ്.

സർക്കാർ, ഇതിന് ഉത്തരം നൽകുക
ഓ ഗവൺമെന്റ് ഇതിന് ഉത്തരം നൽകുക
ഇതിന് ഉത്തരം നൽകുക

എന്തിന് ആയിരക്കണക്കിന് കിലോമീറ്റർ ഞങ്ങളെ നടത്തുന്നു?
പടിപടിയായി, നഗ്നപാദനായി
എന്തിന് ഞങ്ങളെ വഴിയില്‍ പീഡിപ്പിക്കുന്നു? കരയുകയാണോ പാടുകയാണോ എന്നിറിയാന്‍ കഴിയാത്ത പോലെ അവന്‍ പറഞ്ഞു തീരുമ്പോള്‍  തേങ്ങലുകള്‍ മാടത്തില്‍ കെട്ടിക്കിടന്നു
മഴ അല്പം ശമിച്ചിട്ടുണ്ട്. അരിച്ചു കയറുന്ന തണുപ്പില്‍ മരച്ചു കിടന്ന് എപ്പോളോ ഉറങ്ങിപ്പോയി.


                                                 
                          18

                                          മിയാന് പനി വിട്ടൊഴിഞ്ഞിരിക്കുന്നു. കാലിലെ വേദനയും നീരും കുറഞ്ഞിരിക്കുന്നു.ഏറുമാടം വിട്ട് യാത്ര തുടരാമെന്നായി. വെയില്‍ പരക്കാന്‍ തുടങ്ങിയിരുന്നു. പാടത്തിനു മുകളില്‍ മൂടല്‍ മഞ്ഞിന്റെ പാട. അകലെ പുക പൊന്തുന്ന മലനിരകള്‍. ഏറുമാടത്തില്‍ നിന്നുമിറങ്ങി നടക്കാന്‍ തുടങ്ങി. പാടത്തിന്റെ അരികുപറ്റി ഒഴുകന്ന ചാലാണ് വഴികാട്ടി. അതിന്റെ ഒഴുക്കിനൊത്ത് നടന്നാല്‍ അതൊരു വലിയ നദിയിലെത്താന്‍ സാധ്യതയുണ്ട്. നടക്കുമ്പോള്‍ കാലുകള്‍ ചെളിയില്‍ താഴ്നന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ചണക്കാടുകള്‍ കാണാനായി. ചണം വെട്ടി വെള്ളത്തില്‍ താഴ്ത്തിയിട്ടതിന്റെ ചീഞ്ഞ മണം. കുറച്ചു ദിവസം മുമ്പെങ്ങോ ആളുകള്‍ വന്നു പോയതിന്റെ അടയാളങ്ങള്‍. മിയാന്‍ ഒന്നു നിന്നു. പിന്നെ കുറച്ചപ്പുറത്തേക്ക് ഒാടുന്ന കണ്ടു. അവിടെ നിന്നും അവന്‍ ഒരു ജോഡി പഴയ ചെരിപ്പുകളുമായി വന്നു.

ഭായ്  പുരാനീ ചപ്പല്‍..എന്റെ ചെരിപ്പ് പൊട്ടിയിരിക്കുന്നു. ഇത് കണ്ടപ്പോള്‍ എടുക്കാതിരിക്കാന്‍ തോന്നുന്നില്ല.
              അവന്‍ അവന്റെ പൊട്ടിയ ചെരിപ്പുകള്‍ വലിച്ചെറിഞ്ഞ് വഴിയില്‍ നിന്നു കിട്ടിയ ചെരിപ്പുകളിട്ടു. ആരുടെയോ അളവിനുള്ള ആ ചെരിപ്പുകള്‍ അവന് പാകമാവുന്നുണ്ടായിരുന്നില്ല. എങ്കിലും അവനതിട്ട് നടക്കാന്‍ തുടങ്ങി. മറ്റൊരാളിട്ടു തേഞ്ഞ അയാളുടെ കാല്‍രേഖകള്‍ പതിഞ്ഞ ആ ചെരിപ്പിടുന്നതില്‍ നിന്ന് അവനെ വിലക്കാനും തോന്നിയില്ല. തേഞ്ഞു പൊട്ടിയ ചെരിപ്പുമായി നടക്കുന്നതിലും ഭേദം ആ ചെരിപ്പുകള്‍ ഇടുന്നതു തന്നൊയിരുന്നു. ഈ യാത്രയില്‍ അളവുകള്‍ക്ക് വിലയില്ലല്ലോ. ഏതിലേക്കും ചേരുന്ന അളവിലേക്ക് സ്വയം മാറേണ്ട യാത്ര. ശീലങ്ങളുടെ ആഹാരത്തിന്റെ ഉറക്കത്തിന്റെ എല്ലാ അളവുകളും തെറ്റിപ്പോയിരിക്കുന്നു. സമയം ഇപ്പോള്‍ അളക്കുന്നില്ലല്ലോ. അളവുകള്‍ നഷ്ടപ്പെട്ടപ്പോള്‍ സമയം ഇപ്പോള്‍ തങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയാണ്. അവനവന്‍ തന്നെ സമയമായി മാറുന്ന കാലം. ഇതായിരിക്കണം ഹൈവേ ബാബ പറഞ്ഞതിന്റെയും പൊരുള്‍. വര്‍ത്തമാനകാലത്തില്‍ ജീവിക്കുന്നവനാണ് യഥാര്‍ഥ പുരുഷന്‍. അവന്‍ ചെന്നുപെടുന്ന കാലത്തോടും സ്ഥലത്തോടും പൊരുത്തപ്പെടും. അതിന്റെ പല്‍ച്ചക്രത്തില്‍ കുടുങ്ങി അവന്‍ അതിനൊപ്പം ചലിക്കും. അതില്‍ തന്നെ അരഞ്ഞു തീരും വരെ. അപ്പോള്‍ അതായിരുന്നു തന്റെ വിധിയെന്നാലോചിച്ച് അവന്‍ അവസാന ശ്വാസം എടുക്കേണ്ടി വന്നേക്കാം.
                                                               എത്ര ദൂരം നടന്നെന്നോ എവിടെയാണെന്നോ അറിയാന്‍ കഴിയാത്ത നിലയായിരുന്നു. സമസ്തിപൂര്‍ എത്തി ഏറെ ദൂരം നടന്നിട്ടില്ല. അവിടെ നിന്നുമുള്ള പേടിച്ചോട്ടത്തിന് വഴിയില്ലായിരുന്നല്ലോ. കണ്ണില്‍ കണ്ട വഴിയിലൂടെ രാത്രി ഒാടുമ്പോള്‍ ദിശയോ ദൂരമോ നോക്കാനില്ലല്ലോ. ചാലിന്റെ വഴി ചെറിയൊരു നദിയിലേക്കുതന്നെയായിരുന്നു. വിശപ്പ് പിന്നെയും ആക്രമിച്ചു തുടങ്ങി. ഹൊസൈനും മീയാനും ക്ഷീണിച്ചിരുന്നു. നദിയുടെ കരയില്‍ ഒഴുകി മറിയുന്ന ഒാളങ്ങളെ നോക്കി കുറെ നേരം ഇരുന്നു. നദിയിലേക്ക് ആളുകള്‍ ഇറങ്ങിയിരുന്ന പോലെ ഒരു ചവിട്ടു വഴി. അതിലൂടെ താഴെ ഇറങ്ങി. ദാഹം തീര്‍ക്കാന്‍ കൈക്കുമ്പിളില്‍ നദിയെ കോരിയെടുത്തു. വീണ്ടും നദിക്കരയിലൂടെ മുകളിലേക്ക് നടന്നു. ഈ ആഴം കടക്കാന്‍ എവിടെയെങ്കിലും ഒരു പാലം കാണാതിരിക്കില്ല. അതു കഴിഞ്ഞാല്‍ ഗ്രാമങ്ങളുണ്ടാകും. അവിടെ നിന്ന് ഹൈവേയിലേക്ക് എത്താനുള്ള വഴികളുണ്ടാകും. ചിന്തിച്ച് നടക്കുമ്പോള്‍ അടുത്തിടെ ആളുകള്‍ ചവിട്ടിപ്പോയ ഒരു വഴി. അതിലൂടെ മുന്നോട്ടു നടന്നപ്പോള്‍ നദിയുടെ തൊട്ടടുത്തു വരെ എത്തുന്ന ഒരു നിരന്ന സ്ഥലം. അവരെ അമ്പരപ്പിച്ച് അവിടെ വാഴപ്പഴങ്ങള്‍ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. അവരുപോലും അറിയാതെ പഴങ്ങളിലേക്ക് കൈകള്‍ നീങ്ങി. അവര്‍ പഴങ്ങള്‍ പെറുക്കുന്നതില്‍ മത്സരിക്കുകകായിരുന്നു. ഇരകാണുമ്പോള്‍ കൊത്തിത്തിന്നാനെടുക്കുന്ന കാക്കകള്‍ ഇങ്ങനെ മത്സരിക്കും. തെരുവിലെ ഒാടകളിലെ എച്ചിലിനായി തെരുവുനായ്ക്കള്‍ ഇങ്ങിനെ മത്സരിക്കും. വഴിയില്‍ പൊലീസ് വിതരണം ചെയ്തിരുന്ന കുപ്പിവെള്ളവും പൂരികളും കൈക്കലാക്കാന്‍ ആളുകള്‍ ഇങ്ങിനെ മത്സരിച്ചിരുന്നു. കിട്ടാവുന്നിടത്തോളം പഴങ്ങള്‍ കൈക്കലാക്കി അവര്‍ ഒരിടത്ത് ഇരുന്നു. ചില പഴങ്ങള്‍ പക്ഷികള്‍ കൊത്തിയിരുന്നു. ചിലത് ആവശ്യത്തിലധികം പഴുത്ത് കറുത്തിരുന്നു. മധുരത്തിനൊപ്പം മറ്റെന്തൊക്കെയോ രുചികള്‍. ദിവസങ്ങളുടെ വിശപ്പ് തെല്ലു ശമിക്കുകയാണ്. തിന്നു ബാക്കിയായ പഴങ്ങള്‍ ബാഗില്‍ തിരുകി വച്ച് അവര്‍ എഴുന്നേറ്റു. എത്രയോ കാലത്തിന് ശേഷം മുഖങ്ങളില്‍ ചിരി വിടര്‍ന്നു.

ഭഗവാന്‍ നെ ഹമേം യെ ഫല്‍ ദിയെ ഹെം. ഭഗവാന്‍ ഭൂഖെ കെ ലിയെ ഭോജന്‍ കെ രൂപ് മേം പ്രകട് ഹോതെ ഹെം.  ജാവേദ് അവരോട് പറഞ്ഞു.

വഴി അറിയാത്തവരുടെ മുന്നില്‍ അവന്‍ വഴിയായി പ്രത്യക്ഷപ്പെടും. നമ്മുടെ മുന്നിലും അദ്ദേഹം വരും.
മിയാന്‍ ഒരു നിമിഷം കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി പ്രാര്‍ഥിച്ചു.
         ഭായ് ഹൊസൈന്‍ ഒരു നിമിഷം നിന്നു. പിന്നെ വിരല്‍ ചൂണ്ടിക്കാണിച്ചു. അവിടെ കെട്ടുപോയ ഒരു ചിതയായിരുന്നു. അറ്റം കത്തിക്കറുത്തു പോയ വിറകുകൊള്ളികള്‍. ആറടി നീളത്തില്‍ വെന്ത മണ്ണിന്റെ നിറം.തലേന്ന് പെയ്ത മഴയില്‍ അണഞ്ഞു പോയ ചിത.
                   വയറിനുള്ളില്‍ ഒരു ചിത എരിയുന്നു. അതിന്റെ നാളങ്ങള്‍ അന്നനാളത്തിലൂടെ മുകളിലേക്കുയരുന്നു. കരുലുകള്‍ പൊള്ളുന്നു. തങ്ങള്‍ നില്‍ക്കുന്നത് ഒരു ശ്മശാനത്തിലാണ്. അടുത്തിടെ ശവമടക്കി ബന്ധുക്കള്‍ അന്ത്യകര്‍മങ്ങള്‍ ചെയ്തതിന്റെ ബാക്കിയായിരുന്നു ആ പഴങ്ങള്‍.

മിയാനും ഹൊസൈനും നിലത്തിരുന്നു. തിളക്കുന്ന ആമാശയങ്ങളെ അമര്‍ത്തിപ്പിടിച്ചു.
ദൈവമേ അങ്ങ് വീണ്ടു വീണ്ടും ഞങ്ങളെ പരീക്ഷിക്കുകയാണല്ലോ..
ജാവേദ് അവരുടെ ചുമലില്‍ കൈവച്ചു.
         ഇതു വിധിയാണ്. അനുഭവിക്കാതെ വയ്യ. ആ പഴങ്ങളേ അദ്ദേഹത്തിന്റെ കയ്യില്‍ ഇപ്പോള്‍ നമുക്ക് തരാനുണ്ടായിരുന്നുള്ളൂ..നമുക്കായി കായ്ച്ചതാണവ. നമ്മളിപ്പോള്‍ പക്ഷികള്‍. നമുക്കുള്ള ആഹാരം നമ്മള്‍ വിതക്കുന്നതായിരിക്കില്ല. വഴിനീളെ നമ്മള്‍ കഴിച്ചതൊക്കെയും ഈ പഴങ്ങള്‍ പോലൊക്കെത്തന്നെ.
         ഭായി അതൊരു പക്ഷേ രോഗം ബാധിച്ച ഒരാളെയാണ് അടക്കിയതെങ്കിലോ?
മിയാന്‍ പേടി കൊണ്ട് കുഴഞ്ഞിരുന്നു.

ജാവേദ് അതിന് ഉത്തരം പറഞ്ഞില്ല. അങ്ങിനെയാണെങ്കില്‍ തന്നെയും മറ്റൊന്നും ചെയ്യാന്‍ കഴിയില്ലല്ലോ.

ആദ്യമായാണ് രോഗത്തെക്കുറിച്ചുള്ള ആധി യാത്രയില്‍ നിറയുന്നത്. തങ്ങളെപ്പോലെ നാടുപിടിക്കാന്‍ ഒാടുന്നവരാരും രോഗത്തെ പേടിച്ചവരായിരുന്നില്ലല്ലോ. ഈ യാത്രക്കിടെ ആരാണ് ശാരീരിക അകലം പാലിച്ചിട്ടുള്ളത്? തെരുവു നിറഞ്ഞ് നടക്കുമ്പോള്‍ എങ്ങിനെയാണത് പാലിക്കാന്‍ കഴിയുക?

നമ്മെ ദൈവം ഇവിടെ എത്തിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം നമ്മളെ കെടുതികളില്‍ നിന്ന് കാത്തുകൊള്ളും. അങ്ങിനെ സമാധാനിക്കുക. കഴിഞ്ഞതൊക്കെയും മറക്കുക.
                               വീണ്ടും എഴുന്നേറ്റ് നടക്കുമ്പോള്‍ കിടുങ്ങിപ്പോയിരുന്നു എല്ലാവരും. ആര്‍ക്കും ആരെയും സമാധാനിപ്പിക്കാനാവില്ലല്ലോ. നേരം ഉച്ചയാകുകയാണ്. അക്കരെ പശുക്കള്‍ മേയുന്നത് കാണുന്നുണ്ട്. നദിയുടെ കരയിലൂടെ ഏറെ നടന്നിട്ടും അക്കരക്ക് കടക്കാനുള്ള പാലം കണ്ടെത്താനായില്ല. അവസാനം ആഴം കുറഞ്ഞ ഒരു ഭാഗം കണ്ടത്തി അതിലൂടെ നീന്തി അക്കര കടക്കാമെന്ന് തീരുമാനിച്ചു. ചണക്കാടുകളുകള്‍ക്കിടയില്‍ ആളുകളുടെ കാല്‍പ്പാദങ്ങള്‍ പതിഞ്ഞ വഴിയിലൂടെ നദിയിലേക്കിറങ്ങി. ജാവേദ് മുന്നില്‍ ഇറങ്ങി. കഴുത്തിനൊപ്പം വെള്ളത്തിലേക്ക് ഇറങ്ങുമ്പോള്‍ അത് തന്നെ മുക്കിക്കളയുമോ എന്ന പേടിയുണ്ടായിരുന്നു. പിറകില്‍ മിയാനും ഹൊസൈനും അവരുടെ ബാഗുകള്‍ തലക്കുമുകളില്‍ ഉയര്‍ത്തിപ്പിടിച്ച് വരുന്നുണ്ടായിരുന്നു. ഇടക്കു കണ്ട തുരുത്തില്‍ പിടിച്ചു കയറി. കുറച്ചു കഴിഞ്ഞ് പിന്നെയും ഇറങ്ങി അപ്പുറത്തെത്തുമ്പോള്‍ നനഞ്ഞു കുളിച്ചിരുന്നു. അക്കരെകയറുമ്പോള്‍ മേഞ്ഞു നടന്ന പശുക്കള്‍ അവരെക്കണ്ട് തലയുയര്‍ത്തി. അപ്പുറവും ചണക്കാടു തന്നെ. അതിനിടയിലൂടെ ചെടികളെ വകഞ്ഞു മാറ്റി നടന്നു. വഴികളും ഉണ്ടാക്കിയേ പറ്റു. ചണക്കാടു കടന്ന് അപ്പുറമെത്തുമ്പോള്‍ രന്നു കിടക്കുന്ന വയലുകളിൽ നിറയെ ചോളവും നെല്ലും. അവിടിവിടെയായി പുല്ലും ഈറ്റയും വെച്ചുപിടിപ്പിച്ച കുടിലുകൾ കണ്ടു. അതിലൊന്നും ഒരാളെപ്പോലും കാണാനുണ്ടായിരുന്നില്ല. പണിയാളരുടെ താവളങ്ങളായിരിക്കുമെന്ന് വിചാരിച്ച് വീണ്ടും മുന്നോട്ടു നടന്നു. നേരെ വെയില്‍ ചായുകയാണ്. . മുന്നോട്ടൊരു വഴിയേ ഇല്ലാതെവരുമ്പോള്‍ ഇരുട്ടില്‍ ഇനിയുള്ള നടത്തം പ്രയാസകരമായിരിക്കുമെന്ന് തോന്നി. ഈ രാത്രികൂടി ഏതെങ്കിലും ഏറുമാടത്തില്‍ വിശ്രമിക്കാം. വെളിച്ചം വീണ് പുറപ്പെടാം. പകലത്തെ നടത്തം വല്ലാതെ ക്ഷീണിപ്പിച്ചിരുന്നു.
                     ഒരു ചില്ലയില്‍ നിന്ന് മറ്റൊരു ചില്ലയിലേക്ക് മാറുന്ന പക്ഷികള്‍. ഒരു മാളത്തില്‍ നിന്ന് അടുത്ത മാളത്തിലേക്ക് മാറുന്ന എലികള്‍. ഒരേറുമാടത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്ന മനുഷ്യര്‍.   അതിന്റെയുള്ളില്‍ അവര്‍ ചുരുണ്ടു കൂടി കിടന്നു. കണ്ണുകള്‍ അടഞ്ഞു പോയപ്പോള്‍ ഹുസോരിയുടെ ഈണം ചെവിയില്‍ വന്നലക്കുന്ന പോലെ. എവിടെനിന്നോ ധോള്‍ മുഴങ്ങുന്നു. വിറകിന്റെ മേജിക്ക് ആരോ തീ കൊടുക്കുകയാണ്. രൊംഗാളി ബിഹു. ഹുസോരി പാട്ടുകാര്‍ അടുത്തു വരികയാണ്.  അവര്‍ ഭ്രാന്ത് പിടിച്ചെന്ന പോലെ  നൃത്തം ചെയ്യുന്നു. ആളുകള്‍ ചോറ് ഉരുട്ടി ഉരുളകള്‍ ആളുന്ന തീയിലേയ്ക്ക് എറിയുന്നു. അന്നം വേവുന്ന മണം
കഴിഞ്ഞ വർഷത്തെ മൺസൂൺ ഞങ്ങളുടെ കന്നുകാലികൾ ചത്തു
എന്നാൽ നിങ്ങളുടെ അടയാളങ്ങളൊന്നും ഉണ്ടായിരുന്നില്ല
ഈ വർഷം ബിഹു ...
നിങ്ങൾ എന്റെ പ്രണയം പരസ്പരം പ്രതികരിക്കുന്നില്ലെങ്കിൽ
എന്നെ എന്നെന്നേക്കുമായി കാണില്ല
ദൈവം കൈക്കൂലി വാങ്ങിയാൽ
ഞാൻ അഭ്യർത്ഥിക്കുമായിരുന്നു, അഭ്യർത്ഥിക്കുമായിരുന്നു
എന്റെ വിധിയിൽ നിങ്ങളുടെ പേര് എഴുതാൻ അവൻ
ധ്യാനത്തിനായി ഹിമാലയത്തിലേക്ക് പോകുമായിരുന്നു
ഞാൻ മടങ്ങിവരുന്നതുവരെ ഇത്രയും വർഷങ്ങൾ
നിങ്ങൾ എന്നെ കാത്തിരിക്കുമോ എന്ന് ഞാൻ ചിന്തിക്കുന്നു
എന്റെ മധുര പ്രിയേ, എന്റെ മധുരമുള്ള സ്വർണ്ണമേ
എല്ലാ ശക്തർക്കും കൈക്കൂലി കൊടുക്കാൻ
നിങ്ങൾക്ക് സ്വർണം ലഭിക്കുന്നിടത്ത് നിന്ന്
ഒരിക്കൽ ചിന്തിക്കുക
ശരി നിങ്ങൾ എനിക്ക് വേണ്ടി ഹിമാലയത്തിൽ ധ്യാനിക്കും
നിങ്ങൾ മടങ്ങിയെത്തുമ്പോഴേക്കും ഞാൻ അത്ഭുതപ്പെടുന്നു
ഞാൻ വൃദ്ധനായിത്തീരും ...
ഒപ്പം എന്നെ ഒരു വടികൊണ്ട് നടക്കുന്നത് കണ്ടെത്തും
എനിക്ക് ശ്രീകൃഷ്ണനുമായി സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ
എന്നെ പഠിപ്പിക്കാൻ ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കുമായിരുന്നു
ഒാടക്കുഴല്‍ വായിച്ച്
കടമ്പു വൃക്ഷത്തിന്റെ ശാഖയിൽ ഇരുന്ന്
നിങ്ങളെ ആകർഷിക്കാന്‍
ഞാൻ‌ ചില മനോഹരമായ രാഗങ്ങൾ‌ രചിക്കുമായിരുന്നു .
എന്നോ കേട്ടുമറന്ന വരികള്‍. ദൈവത്തിനോട് സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ചോദിക്കാമായിരുന്നു. എന്തിനാണ് ഈ യുദ്ധമെന്ന്. അല്ലയോ ദൈവമേ രാജവീഥിയില്‍ രാജാവോ മന്ത്രമാരോ അല്ല. സൈന്യാധിപന്മാരില്ല. അവരെല്ലാം കോട്ടകള്‍ക്കുള്ളില്‍ സുരക്ഷിതരാണ്. അലയുന്നവരില്‍ ധനികര്‍ ആരുമില്ല. പണം കൊണ്ടുണ്ടാക്കിയ വീടുകളില്‍ അവര്‍ സുരക്ഷിതരാണ്. കാലാളുകള്‍ മാത്രമാണ് പുറത്ത്. കുതിരകളും തേരുകളും ആനകളും അവരെ മെതിച്ചു കൊണ്ട് കടന്നു പോകുമ്പോള്‍ എന്തിനാണ് ദൈവമേ ഈ യുദ്ധം? ആ കാഴ്ചയുടെ തുടര്‍ച്ച പോലെ മറ്റൊരു ദൃശ്യം മൂടല്‍ മഞ്ഞിലെന്ന പോലെ കാണുകയാണ്. താനിപ്പോള്‍ ആകാശത്തുകൂടി പറക്കുകയാണ്. താഴെ മനുഷ്യരുടെ മഹാനദികള്‍ ഒഴുകുന്നു. അവരുടെ തലകള്‍ ഗംഗയിലെ ഉരുളന്‍ കല്ലുകള്‍ പോലെ ചലിച്ചുകൊണ്ടിരിക്കുന്നു. ചിലയിടത്ത് ചുഴിയില്‍ പെട്ട് കറങ്ങുന്നു. ഒരു ചുഴിയില്‍ നിന്ന് മുഷിഞ്ഞ വസ്ത്രങ്ങളുമായി ഒരു സ്ത്രീ എഴുന്നേല്‍ക്കുന്നു. തന്റെ കുട്ടികളെ അവള്‍   ഗംഗാ നദിയിലേക്ക് വലിച്ചെറിയുന്നു. കുട്ടികള്‍ കൈകാലിട്ടടിച്ച് ഗംഗയിലൂടെ ഒഴുകിപ്പോകുമ്പോള്‍ അവള്‍ പൊട്ടിച്ചിരിക്കുന്നു. പിന്നെ പൊട്ടിക്കരയുന്നു. അവസാനം അവള്‍ മേജിയിലെ തീയ്യിലേക്ക് ചാടുന്നു. ഇപ്പോള്‍ മേജിക്ക്  ഒരു സ്ത്രീരൂപമാണ്. മാംസം കരിയുന്ന മണം മൂക്കിലേക്ക് തുളച്ചു കയറുന്നു.  ജാവേദ് ഞെട്ടിയുണര്‍ന്നു. ഏറുമാടത്തിന്റെയുള്ളില്‍ ഹൊസൈനും മിയാനും ചുരുണ്ടുകൂടി കിടക്കുകയാണ്



                                                                          19         
             പുലരാന്‍ വെമ്പുന്ന നേരത്തെ മഞ്ഞു കൊണ്ട് പുതപ്പിച്ച് ആകാശം. തണുപ്പിന്റെ കൈകള്‍ വിട്ടുപോകുന്നില്ല. വെയിലുപരക്കാന്‍ കാത്തിരുന്നു. പിന്നെ ദിശ തിരഞ്ഞ് നടന്നു എത്രയോ ദൂരെ കാണുന്ന മലനിരകള്‍. കൈലാസമായിരിക്കണം. അതിന്റെ താഴ്വാരത്തെത്തണം. പാടങ്ങളോടു ചേര്‍ന്ന് നടന്നു. ചിലയിടങ്ങളില്‍ ചെളിയില്‍ കാലുകള്‍ ആഴ്ന്നു പോയി.                       
                                 കൊട്ടാരം വിട്ടിറങ്ങിയ സിദ്ധാര്‍ത്ഥനും ഇങ്ങിനെ വഴി തെറ്റിയിരിക്കണം. എത്രയോ രാപ്പകലുകള്‍ നടന്നതിനൊടുവിലായിരിക്കും‍ നീരാഞ്ജനാനദി നീന്തിക്കടക്കുന്ന് അപ്പുറമെത്തുന്നത്.  ഊരുവേലയിലെ ആല്‍മരച്ചവട്ടില്‍ തളര്‍ന്ന്  അദ്ദേഹവും കിടന്നിട്ടുണ്ടല്ലോ. സുജാത എന്ന വഴിയാത്രക്കാരി കാണും വരെ. പാലൊഴിച്ച കഞ്ഞിയും തേനും നല്‍കും വരെ അദ്ദേഹവും വിശന്നിരിക്കുമല്ലോ..? പിന്നീട് ആ മരത്തണലില്‍ നിന്നും സിദ്ധാര്‍ഥന് എഴുന്നേറ്റു പോകാനായിട്ടുണ്ടാവില്ല.  ഉള്ളില്‍ അലയടിക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹവും മൗനിയായിരുന്നു. നരച്ച ആകാശത്തിന് താഴെ പ്രതീക്ഷയുടെ പച്ചപ്പുണ്ടാകുമ്പോളും ഇത് സമ്മാനിക്കുന്ന ബോധം പ്രതീക്ഷ ഒരു അപകടകരമായ കാര്യമാണെന്നാണ്.
                                നടന്ന് നേരം വൈകുന്നേരത്തോടുക്കുമ്പോളാണ് അല്പമകലെ പാടത്തിന്റെ ഒരു കരയില്‍  മണ്ണ് പൊത്തി ചാണകം തേച്ച വീടുകൾ കാണുന്നത്. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കാണാവുന്ന മനുഷ്യത്താവളങ്ങള്‍. കുടിലിന് മുന്നില്‍ പാത്രം കഴുകുന്ന ഒരു സ്ത്രീ. മണ്ണിന്റെ നിറമുള്ള കുട്ടികള്‍. തലയോട്ടിയുടെ ആഴങ്ങളിലേക്ക് കുഴിഞ്ഞു പോയ  കണ്ണുമായി ഒരു വൃദ്ധന്‍ അവരെക്കണ്ട് സംശയത്തോടെ നിന്നു. കുടിലിന്റെ ചുവരില്‍ ചാരിവച്ച് മുളകൊണ്ടുള്ള കുരുത്തികളും വലയും. താനെത്തിയത് ഗധാരിയിലാണോ? ഒരു നിമിഷം ജാവേദ് ആലോചിച്ചു. അവിടെ ഗ്രാമത്തില്‍ മീന്‍ പിടിക്കാനായുള്ള കുടകളുടെ മണം അയാളുടെ മൂക്കിലേക്ക് അരിച്ചെത്തി. കുടിലിന്റെ മുന്നിലേക്ക് എത്തിയപ്പോള്‍ വൃദ്ധന്‍ സംശയഭാവത്തില്‍ അവരെ നോക്കി. പിന്നെ കുടിലിനുള്ളിലേക്ക് നോക്കി എന്തോ പറഞ്ഞു. പാത്രം കഴുകുകയായിരുന്ന സ്ത്രീ കുടിലിന്റെ വാതില്ക്കല്‍ നിന്ന് അവരെ നോക്കി.

ഹം ഭിഖാരി നഹീം ഹെ ചോര്‍ നഹീ ഹെ..യഹ് ഭടകെ ഹുയെ മജ്ദൂര്‍ ഹെം. ജാവേദ് അയാളോട് പറഞ്ഞു.
പ്രധാന പാതയിലേക്കുള്ള വഴി ചേദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു.

 ഗ്രാമത്തിലേക്കുള്ള പാതയെല്ലാം അടച്ചിട്ടിരിക്കുകയാണ്. ആരെയും അകത്തേക്കോ പുറത്തേക്കോ പ്രവേശിപ്പിക്കുന്നില്ല. നിങ്ങളെ കണ്ടാല്‍ അവര്‍ അടിച്ചോടിക്കും. പിടിച്ച് ദൂരെ നഗരത്തിലെ പൊലിസിലോ ആശുപത്രിയിലോ ആക്കും. ഇത് രോഗത്തിന്റെ കാലമാണ്. ഇതു വഴി നിങ്ങള്‍ക്ക് കടക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല. ഖാന വാന ഹോ ഗയാ ഹായ് ?
ആഹാരം കഴിച്ചോ എന്ന ചോദ്യത്തിന് മുന്നില്‍ ജാവേദ് പരുങ്ങി. ശ്മശാനത്തിലെ വലിച്ചെറിഞ്ഞ പഴങ്ങളാണ് കഴിച്ചതെന്ന് എങ്ങിനെ പറയും?
പാനീ ദേ ദൊ. ഹൊസെന്‍ ചോദിച്ചപ്പോള്‍ അയാള്‍ വീണ്ടും അകത്തേക്ക് നോക്കി എന്തോ പറഞ്ഞു.
സ്ത്രീ പഴകിയ അലുമിനിയ പാത്രത്തില്‍ വെള്ളം കൊണ്ടു വന്ന് അടുത്തു വച്ച് പിന്നെയും മാറി നിന്നു.

വെള്ളം കുടിച്ചപ്പോള്‍ വലിയ ആശ്വാസം തോന്നി. മുന്നോട്ട് നടക്കാതെ വഴിയില്ലല്ലോ. വൃദ്ധനോട് പുറത്തേക്കുള്ള വഴി ചോദിച്ചു. അയാള്‍  ഗ്രാമങ്ങളുടെ പേരുകള്‍ പറഞ്ഞെങ്കിലും അതൊന്നും തങ്ങള്‍ക്ക് അറിയാവുന്നതല്ലല്ലോ.

ഈ സ്ഥലത്തിന്റെ പേരെന്താണ്?

ദുരമോഹന്‍. അങ്ങിനെ പറയുമെന്നേയുള്ളൂ.ഗ്രാമത്തിന്റെ മൂലയാണിത്. നദിയുടെ കരയിലൂടെ നാട്ടുവഴിയിലൂടെ നടന്നാല്‍ ഒരു പക്ഷേ നിങ്ങള്‍ക്ക് അടി കിട്ടിയെന്നു വരില്ല. പരസ, ദര്‍ഭഗ, സമരം എന്നിവിടങ്ങള്‍ കടന്നു പോയാല്‍ നിങ്ങള്‍ക്ക് ജരിസണിലോ ബഹുശത്തോ എത്താം
ഗ്രാമങ്ങളിലേക്ക് പോകാനുള്ള ദിശ ചോദിച്ചപ്പോള്‍ അയാള്‍ പുഴക്കരയിലേക്കുതന്നെ ചൂണ്ടി.

അതിന് ഇത് രാത്രിയാവുകയാണ്. പോരാത്തതിന് മഴ വരുന്നു. ഇപ്പോള്‍ പോയാല്‍ നിങ്ങള്‍ ഇരുട്ടില്‍ കുടുങ്ങി വഴി തെറ്റിപ്പോകാം.

മൂവരും പരസ്പരം നോക്കി. വീണ്ടും വഴി അടയുകയാണ്.
നിങ്ങള്‍ കള്ളന്മാരല്ലെന്ന് ഇപ്പോളും എനിക്കുറപ്പില്ല. എങ്കിലും പറയുകയാണ്. പാടത്തു കാണുന്ന കുടിലുകളിലൊന്നും തന്നെ ആളില്ല. എല്ലാവരും അവനവന്റെ ഗ്രാമത്തിലേക്ക് മടങ്ങിപ്പോയിരിക്കുകയാണ്. ഒന്നിനും വാതിലുകളുണ്ടാവില്ല. അതിലേതിലെങ്കിലും കിടന്ന് നേരം വെളുക്കുമ്പോള്‍ നടക്കൂ.

അയാള്‍ പറഞ്ഞതിലും കാര്യമില്ലാതില്ലെന്ന് തോന്നി. അടച്ചു പൂട്ടിയ ഗ്രാമത്തിലേക്കുള്ള വഴിയില്‍ രാത്രി എത്തിപ്പെട്ടാല്‍ ചിലപ്പോള്‍ ഗ്രാമവാസികള്‍ തല്ലിക്കൊന്നെന്നിരിക്കും. ഒരിക്കലും തിരിച്ചുവരാനാകാത്ത ലോകത്തേക്ക് പോകേണ്ടി വരും.
സംശയിച്ചു നിന്നപ്പോള്‍ അയാള്‍ ചോദിച്ചു.
എങ്ങിനെയാണ് നിങ്ങള്‍ക്ക് വഴി തെറ്റിയത്. എവിടെ നിന്നാണ് നിങ്ങള്‍ വരുന്നത്
സമസ്തിപുര്‍ എത്തിയതും പൊലിസ് അടിച്ചോടിച്ചതും ഏറുമാടത്തില്‍ കഴിച്ചു കൂട്ടിയതുമെല്ലാം പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു.
നിങ്ങള്‍ സലംപറ്റിയിലോ സിരിപ്പൂര്‍ ഗഹാറിലോ ഉള്ള നാട്ടുവഴിയിലൂടെ ആയിരിക്കും വന്നിരിക്കുക. എന്റെ ഒാര്‍മ ശരിയാണെങ്കില്‍ പര്സരത്തായിരിക്കണം നിങ്ങള്‍ തങ്ങിയിട്ടുണ്ടാകുക.
ഖാന വാന ഹോ ഗയാ ഹായ് ? അയാള്‍ പിന്നെയും കൈവിരലുകള്‍ മുഖത്തേക്കടുപ്പിച്ച് ആംഗ്യം കാണിച്ചു.
ഇല്ലെന്ന് പറഞ്ഞപ്പോള്‍ അയാള്‍ ഉള്ളിലേക്ക് കയറിപ്പോയി. മടങ്ങിവന്നത് ഞണുങ്ങിയ ഒരു കിണ്ണവുമായാണ്.
 
ഉരുളക്കിഴങ്ങ് ഉപ്പിട്ടു തിളപ്പിച്ചതാണ് ഇവിടെ ഇതേയുള്ളൂ.
 
ആരും ഒന്നും പറഞ്ഞില്ല. ഉരുളക്കിഴങ്ങിനെ ഉടച്ച് തിന്നു കഴിയുമ്പോള്‍ ഇരുട്ട് വീണു. തിരിഞ്ഞു നടക്കുമ്പോള്‍ അയാള്‍ പറയുന്നുണ്ടായിരുന്നു.
നിങ്ങള്‍ കഴിക്കുമെങ്കില്‍ ഞാന്‍ മറ്റൊന്ന് തരുമായിരുന്നു. ഞങ്ങള്‍ മുസാറുകളുടെ ഭക്ഷണം. എലികളുടെ മാസംവും ധാന്യവും ചേര്‍ത്ത് വേവിച്ചത്

                 കഴിക്കുന്ന ഭക്ഷണം കുരലിനെ കരണ്ടു തിന്നാന്‍ തുടങ്ങി. ഒാരോ ഉരുളക്കിടങ്ങു കഷണവും മാംസമാമായി മാറുന്നു. പാത്രത്തില്‍ നിന്ന് കൈ പിന്‍വലിച്ച് നില്‍ക്കുമ്പോളും അയാള്‍ പിറുപിറുക്കുന്നുണ്ടായിരുന്നു.
സര്‍ക്കാരുകൾ മാറിയിരിക്കാം, പക്ഷേ ഞങ്ങൾക്ക് ഒന്നും മാറിയിട്ടില്ല. ഞങ്ങളുടെ പൂർവ്വികരെപ്പോലെ ഞങ്ങൾ ഇപ്പോഴും അല്പം കടുകെണ്ണയും ഉപ്പും ചേർത്ത് എലിമാംസം കഴിക്കുന്നു. ഒന്നും ചെയ്യാനില്ലാതെ ദിവസം മുഴുവൻ വീട്ടിൽ ഇരിക്കേണ്ടിവരും. ചില ദിവസങ്ങളിൽ മാത്രം ഞങ്ങൾക്ക് ഫാമിൽ ജോലി ലഭിക്കുന്നു.കുട്ടികള്‍ ആഴ്ചയിലൊരിക്കല്‍ സ്കൂളില്‍ പോയി കിട്ടുന്ന ഭക്ഷണം കഴിക്കും. ബാക്കിയുള്ള ത് വീട്ടിലേക്ക് കൊണ്ടുവരും. അതു കഴിഞ്ഞാൽ അവർ മീൻ പിടിക്കാൻ പോകും.
അയാളുടെ മുമ്പില്‍ നിന്ന് പാടത്തെ കുടിലുകളിലേക്ക് നടക്കുമ്പോള്‍ അയാള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.

പന്നികള്‍ വന്നെന്നിരിക്കും. പേടിക്കാനില്ല. അവ മനുഷ്യനെ തിന്നുന്നവയയല്ല.

            എത്ര ദുര്‍ബനാണ് മനുഷ്യന്‍. എല്ലാത്തിന്റെയും മീതെയെന്ന് അഹങ്കരിക്കുമ്പോളും തോറ്റു പോകുന്നവന്‍.  ഉറക്കം വരാതെ കിടന്നപ്പോള്‍ കജോഡി ദേവി ചെവിയില്‍ കഥ പറയുന്ന പോലെ ജാവേദിന് തോന്നി. മൂന്നു ലോകങ്ങളും സൃഷ്ടിച്ചുകഴിഞ്ഞപ്പോള്‍ താനാണ് ലോകത്തിലെ ഏറ്റവും ശക്തിമാനെന്ന്  ബ്രഹ്മാവും അഹങ്കരിച്ചു. ബ്രഹ്മാവിന്റെ അഹങ്കാരം ശമിപ്പിക്കാന്‍ കാമാഖ്യ സ്വശരീരത്തില്‍ നിന്ന് കേശിയെന്ന രാക്ഷസരൂപത്തെ സൃഷ്ടിച്ചു. പിറന്നുവീണതും കേശി ബ്രഹ്മാവിനെ പിടിച്ചു വിഴുങ്ങുവാനായി വന്നു. അതെ അതാണിപ്പോളും നടക്കുന്നത്. മനുഷ്യന്‍ സൃഷ്ടിച്ച വൈറസ് മനുഷ്യന് നേരെത്തന്നെ കൊല്ലാനടുക്കുന്നു.

          കേശിയെ പേടിച്ച്  ദേവന്മാരെല്ലാം ഒളിക്കുന്നു. കേശീപുരത്തിരുന്ന് മൂന്നു ലോകങ്ങളെയും വിറപ്പിച്ച് ബ്രഹ്മാവിനെ കൊല്ലാനായി അ‍‍ട്ടഹസിക്കുകയാണ് കേശി. മരണഭയത്താല്‍ ദേവന്മാര്‍ ത്രിപുരസുന്ദരിയെ തൊഴുത് സഹായം ചോദിക്കുന്നു.  കേശിയെ സൃഷ്ടിച്ചത് താന്‍ തന്നെയെന്ന് വെളിപ്പെടുത്തിയ കാമാഖ്യ  കേശിയെ ചാമ്പലാക്കി. ആ ചാമ്പലില്‍ നിന്ന് ഒരു പര്‍വതം സൃഷ്ടിക്കുവാന്‍ ബ്രഹ്മാവിനോട് പറഞ്ഞു. പര്‍വതം നിറയെ  പുല്ലുവളരണം. കാലികള്‍ പുല്ല് തിന്നുതീര്‍ക്കുന്നതനുസരിച്ച്  ബ്രഹ്മാവിന്റെ  പാപം ഒടുങ്ങും.  ലോകത്തിന്റെ അഹങ്കാരം തീര്‍ക്കാന്‍ കാമാഖ്യയുടെ പരീക്ഷണം..അതായിരിക്കണം താനിപ്പോള്‍ അനുഭവിക്കുന്നത്.ആരോ കെട്ടിയുണ്ടാക്കിയ ഏറുമാടത്തില്‍ നിന്ന് മറ്റൊരു കുടിലിലേക്ക്. ഗ്രാമത്തിലേക്കുള്ള ദൂരത്തില്‍ ഇന്ന് ഒരു കിലോമീറ്റര്‍ കൂടി കുറഞ്ഞിട്ടുണ്ടാകില്ല. കുടിലില്‍ കൂനിക്കൂടി കടക്കുമ്പോള്‍ ഹൊസൈന്‍ പറഞ്ഞു.

             ഇവിടെ നിന്ന് പുറത്തുകടക്കാന്‍ കഴിയില്ലെന്നു തോന്നുന്നു. ലോകമിപ്പോള്‍ തുറന്ന ജയിലാണ്. നമ്മൾ ജീവിച്ചിരിക്കുകയാണെങ്കിൽ, അത് സർക്കാരിനോട് നന്ദി പറയേണ്ടല്ല. നമ്മുടെടെ ശ്രമങ്ങൾ കാരണം നാം ജീവിച്ചിരിക്കുന്നു എന്നേ പറയാനാവു.  ഗ്രാമത്തിൽ ചെറിയ ഭൂമിയുണ്ട്.  കുന്നിൻ പ്രദേശത്തായതിനാല്‍ അതില്‍  ചോളം മാത്രമേ കൃഷി ചെയ്യാൻ കഴിയൂ.ആറ് പേരുള്ള ഒരു കുടുംബത്തിലെ ഏക വരുമാനം ഞാൻ തന്നെയാണ്. എന്തുചെയ്യണമെന്ന്  എനിക്കറിയില്ല. റോസ്കാര്‍ യോജന ഉണ്ടെങ്കില്‍ ഞാൻ അതിൽ ചേരും..

                                                                            20
                                         ഹൊസൈനും മിയാനും നേരത്തെ ഉറക്കം വിട്ടിരിക്കുന്നു. അവരുടെ സംസാരം കേട്ടുകൊണ്ടാണ് ജാവേദ് ഉറക്കമുണരുന്നത്. തന്റെ ഗ്രാമത്തിലെന്ന പോലെയുള്ള ആ കുടിലിലെ ഉറക്കം ജാവേദിന് വലിയ സമാധാനം നല്‍കിയിരുന്നു. ധൃതിയില്‍ തട്ടിപ്പിടഞ്ഞെഴുന്നേറ്റ് ജാവേദ് അവരെ ഒാര്‍മിപ്പിച്ചു. നമുക്ക് പോകേണ്ടതുണ്ട്. എവിടെയാണ് പാത എന്നെനിക്കറിയില്ല. പക്ഷേ നമുക്കത് കണ്ടുപിടിച്ചേ മതിയാകൂ.
                                                           നടത്തമാരംഭിക്കുന്നതിന് മുമ്പ് തലേന്ന് കണ്ട കുടിലില്‍ കയറി യാത്ര പറയാമെന്നു കരുതി.അവിടെയെത്തിയപ്പോള്‍ ആ കുടില്‍ ശൂന്യമായിരുന്നു. തലേന്ന് അവിടെക്കണ്ട വൃദ്ധനോ സ്ത്രീയോ കുട്ടികളോ അവിടെ ഇല്ലായിരുന്നു. കുടിലിനു മുന്നില്‍ ചാരിവച്ചിരുന്ന വലകളും കുരുത്തികളും ഇല്ലായിരുന്നു. അവര്‍ അവരുടെ തൊഴിലിനു വേണ്ടി പോയിരിക്കാം എന്നുറപ്പിച്ച് ചവിട്ടുവഴിയിലൂടെ മുന്നോട്ടു നടന്നു. പുഴക്കരയിലെ പൊന്തക്കാടുകളില്‍ ഇന്ന് കാട്ടുപന്നികളുടെ ഒരു കുടുംബം അവരുടെ ശബ്ദം കേട്ട് പാഞ്ഞു.ഗ്രാമത്തില്‍ ബിഹുവിന് കഴിച്ചിരുന്ന പന്നിമാംസം കൊണ്ടുക്കായ കറികള്‍. ബിഹുവിന് കാട്ടുപന്നികള കൂട്ടം ചേര്‍ന്ന് വേട്ടയാടിപ്പിടിച്ച് ആഹാരമുണ്ടാക്കിയിരുന്നത് ജാവേദിന് ഒാര്‍മ വന്നു. മുതിര്‍ന്നവര്‍ക്കൊപ്പമെത്താതെ പന്നിക്കുട്ടികള്‍ പൊന്തകള്‍ക്കുള്ളില്‍ പേടിച്ച കണ്ണുകളോടെ അവരെ നോക്കി.
              പാതയിലൂടെ നടക്കുമ്പോള്‍ മുതിര്‍ന്നവരുടെ തലക്കുമുകളിലിരുന്ന് യാത്ര ചെയ്യുന്ന അതേ കുട്ടിക്കണ്ണുകള്‍, പാതയോരത്തിരുന്ന് പിഞ്ചു കൈകള്‍കൊണ്ട് വെള്ളക്കുപ്പി താങ്ങി ദാഹം തീര്‍ക്കുന്ന അതേ കണ്ണുകള്‍. വഴിയില്‍ പൊലീസ് തടുക്കുമ്പോള്‍ കണ്ണീരണിയുന്ന അതേ കണ്ണുകള്‍. മനുഷ്യനായാലും മൃഗമായാലും ചളിക്കുഴികളില്‍ താമസിക്കുന്നവര്‍ക്ക് പേടിയാണ് പ്രഥമ വികാരം. ദൈന്യത മാത്രമാണ് അവരുടെ മുഖഛായ. അവയെ ശല്യപ്പെടുത്താതെ മുന്നോട്ടു നീങ്ങി.
                   നെല്ലും ചോളവും ഇടകലര്‍ന്ന പാടങ്ങള്‍ക്ക് അവസാനിമില്ലെന്ന് തോന്നി. ഹൈവേയിലൂടെ കുറച്ചു ദൂരത്തെ നടന്നു തള്ളി നോക്കുമ്പോള്‍ മുമ്പില്‍ മുളച്ചു വരുന്ന കെട്ടിടങ്ങള്‍ പോലെ, പാമ്പുപോലെ നീണ്ടു കിടക്കുന്ന ഡിവൈഡറുകള്‍ പോലെ എത്ര നടന്നാലും തീരാത്ത നാട്ടുവഴികളും. കുറെ കഴിഞ്ഞപ്പോള്‍ ധാരാളം കുടിലുകള്‍. അവക്കു സമീപം നടന്നു പോകാവുന്ന വഴി. കാളവണ്ടിയുടെ ചക്രങ്ങള്‍ താണുരുണ്ട ചക്രപ്പാടുകള്‍. അവസാനം ഒരു വഴിയിലേക്ക് എത്തുകയാണ്.
                      കുടിലുകളിലുകള്‍ക്ക് മുമ്പിലൂടെ കുറച്ചു ദൂരം നടന്നപ്പോള്‍ പിന്നില്‍ നിന്നും ആളുകളുടെ ശബ്ദം കേട്ടു. തിരിഞ്ഞു നോക്കുമ്പോള്‍ കല്ലുകള്‍ തലക്കുമീതെ പാഞ്ഞു. ചിലത് ദേഹത്തു തട്ടി. കുറെ ദൂരം ഒാടി. കൂട്ടം പിറകെത്തന്നെയുണ്ട്. കുട്ടികള്‍ പോലും കല്ലെറിയുന്നു.
ഇസ് ഗാവ് തക കിസീ കീ പഹുംച് നഹീം..ഗാവ് ഛോട് ദൊ. അവര്‍ ഉറക്കെ വിളിച്ചു പറയുന്നു.ഒാട്ടത്തിന്റെ വേഗത കുറഞ്ഞപ്പോള്‍ അവര്‍ അടുത്തെത്തി. കല്ലും വടികളുമായി വലിയൊരു കൂട്ടം. ചിലര്‍ മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നു. അവരുടെ മുമ്പില്‍ കൈകൂപ്പി നിന്നപ്പോള്‍ അവരുടെ തലവനെന്ന് തോന്നിച്ചയാള്‍ ചോദിച്ചു.
തും കോന്‍ ഹെ ഒൗര്‍ തും ഇസമേം ക്യോം ആയെ? ബീമാരീ കീ നകല്‍ കര്‍നെ കെ ലിയെ? ഭിഖാരി ഔര്‍ ചോര്‍?

ഹം ഭിഖാരി നഹീം ഹെ ചോര്‍ നഹീ ഹെ..യഹ് ഭടകെ ഹുയെ മജ്ദൂര്‍ ഹെം.
ഗാവ് തക കിസീ കീ പഹുംച് നഹീം..ഗാവ് ഛോട് ദൊ..അയാള്‍ വടിയോങ്ങി പറഞ്ഞു.

ഞങ്ങള്‍ ഹൈവേയിലൂടെ നടന്നുപോകുകയായിരുന്നെന്നും ഗുജറാത്തില്‍ നിന്ന് വരികയാണെന്നും പറഞ്ഞപ്പോള്‍ അയാളുടെ രോഷം കൂടി.
അപ്പോള്‍ നിങ്ങളെ പൊലിസിലാക്കണം. നിങ്ങള്‍ക്ക് തീര്‍ച്ചയായും രോഗമുണ്ടാകും. പുറത്തുപോയ ഇവിടത്തെ ആളുകളെപ്പോലും ഞങ്ങള്‍ അതാണ് ചെയ്യുന്നത്.

ഞങ്ങള്‍ക്ക് രോഗമില്ല. ഞങ്ങളെ വഴിയില്‍ പൊലിസ് പരിശോധിച്ചതാണ്. അങ്ങിനെയാണ് ഇത്ര ദൂരം എത്തിയത് . ദയവായി ഹൈവേയിലേക്കുള്ള പാത കാണിച്ചു തരൂ..ഞങ്ങള്‍ ഗ്രാമത്തിലേക്ക് നടക്കുന്നവരാണ്. ജാവേദ് അയാളോട് പറഞ്ഞു നോക്കി. ഇപ്പോള്‍ സംഘം മൂവരെയും വളഞ്ഞു നില്‍ക്കുകയാണ്. വീണ്ടും കുടുങ്ങിപ്പോയെന്ന് ഉറപ്പായി. മിയാന്‍ എഴുന്നേറ്റ് ഒാടാന്‍ ഒരു ശ്രമം നടത്തി. മുതുകല്‍ അടിയേറ്റ് അവന്‍ വീണ്ടും നിലത്തിരുന്നു.

എൈഡി കാര്‍ഡ് ദേ ദൊ
മിയാനും ഹൊസൈനും ബാഗ് തുറന്ന് കാര്‍ഡുകള്‍ എടുത്തുകാണിച്ചു. അയാള്‍ ജാവേദിന് നേരെ കൈനീട്ടി.ചോദ്യം ആവര്‍ത്തിച്ചു.
തന്റെ രേഖകളെല്ലാം പിടിച്ചുപറിക്കപ്പെട്ടതും ഫോണും പണവും നഷ്ടപ്പെട്ടതുമെല്ലാം പറഞ്ഞങ്കിലും അയാള്‍ക്ക് വിശ്വാസമായില്ല.

നിങ്ങളെ വിടാന്‍ കഴിയില്ല. പൊലീസില്‍ അറിയച്ചേ മതിയാകൂ. ശ്രദ്ധ പുലര്‍ത്താന്‍ ഞങ്ങള്‍ ഗ്രാമം അടച്ചിട്ടിരിക്കുകയാണ്. പ്രധാന പാതയില്‍ നിന്ന് ഇങ്ങോട്ട് വരാനേ കഴിയില്ല. ആരെയും അകത്തേക്ക് കടത്തണ്ടയെന്ന് ഞങ്ങള്‍ കൂട്ടായെടുത്ത തീരുമാനമാണ്..പാന്‍ ചമച്ച പല്ലിനിടയിലൂടെ അയാള്‍ ദേഷ്യത്തില്‍ പറഞ്ഞു.

ആള്‍ക്കൂട്ടം വേട്ടയാടി പിടിച്ച മൃഗം ഒാടിപ്പോകാതിരിക്കാന്‍ പഴുതിടാതെ അവരെ വളഞ്ഞു നിന്നു. ചിലര്‍ ഫോണില്‍ എവിടേക്കോ വിളിക്കുന്നുണ്ടായിരുന്നു.  തലവന്‍ എങ്ങോട്ടോ മാറിയിരിക്കുന്നു.  അവരുടെ നടവില്‍ കുമ്പിട്ടിരിക്കുമ്പോള്‍ ഇനിയെന്ത് എന്ന ചിന്ത വട്ടം പൊതിഞ്ഞു. ജന്മ നാട്ടിലെ ദാരിദ്യത്തില്‍ അല്പം മോചനം കിട്ടാന്‍ ദൂരങ്ങള്‍ താണ്ടി. ജോലി ചെയ്തിടത്ത് ചോരയും നീരും വറ്റി. അവസാനം ഡിസ്പോസിബിള്‍ ഗ്ളാസ് വലിച്ചറിയുന്ന പോലെ അവര്‍ തെരുവിലേക്ക് ഇറക്കി വിട്ടു. പാതയില്‍ പുഴുക്കളെപ്പോലെ അരിച്ചു നടന്നു. ഇരുട്ടില്‍ വിചാരണ ചെയ്യപ്പെട്ടു. വീണ്ടും വീണ്ടും വിചാരണകള്‍ ഏറ്റുവാങ്ങേണ്ട കുറ്റവാളികള്‍.
                               നേരം നീങ്ങുകയാണ്. ഇടക്ക് കൂട്ടത്തിലെ ചിലര്‍ വെള്ളം നല്‍കി. അത് വാങ്ങിക്കുടിക്കുമ്പോളും ദാഹം തീരുന്നില്ല. ഏറെക്കഴിഞ്ഞ് തലവന്‍ തിരിച്ചു വന്നു. കൂടെ മറ്റൊരാളുണ്ട്. വേഷം കൊണ്ട് ഒരു പാതിരിയാണെന്ന് തോന്നി. അയാള്‍ വന്നപ്പോള്‍ കൂട്ടം മാറി നിന്നു. അതു വരെ കയ്യിലുണ്ടായിരുന്ന വടികളും കല്ലും നിലത്തിട്ടു. അവരെല്ലാരും അയാളെ ബഹുമാനിക്കുന്ന പോലെ. പേരുകളും വന്ന സ്ഥലവും ചോദിച്ചറിഞ്ഞു. കാര്‍ഡുകള്‍ വാങ്ങി നോക്കി അയാള്‍ പോക്കറ്റിലെ കുപ്പിയെടുത്ത് കയ്യിലേക്ക് ഇറ്റിച്ച് കൈപ്പത്തികള്‍ ചേര്‍ത്തുരച്ചു.
 രാകേഷ് മഞ്ജി..ഇവരെ ഇനി ഉപദ്രവിക്കരുത്. കണ്ടാല്‍ അറിഞ്ഞു കൂടെ കള്ളന്മാരല്ല. വഴിതെറ്റി വന്ന യാത്രക്കാരാണ്
അയാള്‍ നാട്ടുകാരുടെ തലവനോട് പറഞ്ഞു. പിന്നെ മാസ്ക് അല്പം മാറ്റി ജാവേദിനു നേരെ പുഞ്ചിരിച്ചു.
              ക്ഷമിക്കണം..നിങ്ങളെ ഇവര്‍ അധികം ഉപദ്രവിച്ചില്ലല്ലോ..ഞാന്‍ ദൈവത്തിന് സ്തുതിപറയുകയാണ്. ഇന്ന് പെസഹ വ്യാഴമാണ്. മോണ്ടി തേസ്ഡെ. ഏപ്രില്‍ ഒമ്പത്. അദ്ദേഹം തന്റെ ശിഷ്യന്മാര്‍ക്കൊപ്പം  നടത്തിയ അവസാനത്തെ അത്താഴത്തിന്‍റെ സ്മരണ ദിവസം. തീര്‍ച്ചയായും അദ്ദേഹത്തിന്റെ കൃപ നിങ്ങളില്‍ ചൊരിഞ്ഞിട്ടുണ്ട്. പെസഹയെന്നാല്‍ കടന്നുപോക്ക്. നിങ്ങളെപ്പോലെ അനേകരുടെ കടന്നുപോക്കിലും കര്‍ത്താവിന്റെ ദയക്ക് അതിരുകളില്ല.

          ഇരുട്ടില്‍ വെട്ടം തെളിയുന്നു. കുറെ കാലത്തിന് ശേഷം ചിരിക്കുന്ന ഒരാളുടെ മുഖം കാണുന്നു. വാപ്പിയിലെ ക്വാര്‍ട്ടേഴ്സില്‍ നിന്നും പുറപ്പെട്ട് ഇതു വരെയായി കാണാന്‍ കഴിയാത്ത ചിരിക്കുന്ന മനുഷ്യന്റെ മുഖം. അയാള്‍ തലവനോട് നാട്ടുഭാഷയില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. കോവിഡ്, പൊലിസ്, ആശുപത്രി,ക്വാറന്റീന്‍ എന്നി വാക്കുകള്‍ അവരുടെ സംസാരത്തില്‍ മുഴച്ചു നിന്നത് ജാവേദിന് തിരിച്ചറിയാനായി. ആ വാക്കുകള്‍ ലോകത്തെവിടെയും ഒന്നാണല്ലോ.

          നേരം വെളിച്ചം മങ്ങിത്തുടങ്ങുകയാണ്. ഏറെ നേരം ആളുകളോട് സംസാരിച്ച ശേഷം അയാള്‍ ജാവേദിനടുത്തേക്ക് വന്നു.
ടരെ മതാ..വഹ് പവിത്ര് ആത്മാ ആപകെ സാഥ് ഹെ. ഒൗര്‍ ആപ് ബച് ജായേംഗെ. വഹ് മഹാന്‍ ഹെ.ഉഠൊ മേരെ പീഛെ ആവോ.
ആളുകള്‍ ഒന്നു പിന്തിരിഞ്ഞു. ജാവേദും മിയാനും ഹൊസൈനും ആളുകള്‍ക്ക് നേരെ കൈകൂപ്പി. അയാള്‍ മുമ്പില്‍ നടന്നു. അവര്‍ അയാളെ പിന്തുടര്‍ന്നു. ആളുകളില്‍ ചിലരും പിന്തുടരുന്നുണ്ടായിരുന്നു. ആ യാത്ര അവസാനിച്ചത് ഒരു ടെറസ് കെട്ടിടത്തിന് മുന്നിലാണ്. അതിനു മുന്നിലെ കുരിശടയാളം അത് ഒരു ചര്‍ച്ചാണെന്ന് വിളിച്ചു പറയുന്നു. ആളുകള്‍ അതിന് മുന്നിലെത്തിയപ്പോള്‍ പിന്തിരിഞ്ഞു പോയി.
                നിങ്ങളെത്തിയിരിക്കുന്ന സ്ഥലം  ജരിസണ്‍ ആണ്. ഇതൊരു ചര്‍ച്ചാണ്. അതേ സമയം ഇതൊരു ആശുപത്രിയാണ്. ഞാനൊരു ഫാദറാണ്. അതോടൊപ്പം ഒരു ഡോക്ടറുമാണ്. തീര്‍ച്ചയായും പേടിക്കേണ്ടതില്ല. ഇവിടെ നിങ്ങള്‍ ഇരിക്കുന്നിടത്തോളം സുരക്ഷിതരായിരിക്കും.കാരണം ഇത് വലിയവന്റെ ആലയമാണ്.
           ജാവേദ് അയാള്‍ക്ക് നേരെ തലയാട്ടി. ഹൊസൈനും മിയാനും സംശയത്തോടെ നില്‍ക്കുകയായിരുന്നു.അറുക്കാന്‍ പിടിച്ച മൃഗങ്ങളുടെ മൃഗങ്ങളുടെ കണ്ണിലെ വേദന നിറഞ്ഞ തിളക്കം പാളി വന്ന വെളിച്ചത്തില്‍ അവരുടെ കണ്ണില്‍ തങ്ങി നിന്നിരുന്നു.

ആദ്യം കൈ കഴുകുക. അതാണിപ്പോള്‍ ചെയ്യേണ്ടത്. 
           അയാള്‍ ചൂണ്ടിക്കാണിച്ചയിടത്തേക്ക് നീങ്ങിയപ്പോള്‍ ഒരു കന്യാസ്ത്രീ കടന്നു വന്നു. അവിടെ ഒരു പ്ളാസ്റ്റിക് സ്റ്റൂളില്‍ വച്ചിരുന്ന കുപ്പിയില്‍ നിന്ന് അവരുടെ കൈകളിലേക്ക് സാനിറ്റെസര്‍ ഇറ്റിച്ചു. കൈ കഴുകേണ്ട വിധം ആംഗ്യത്തില്‍ കാണിച്ചു. അതിനു ശേഷം അപ്പുറത്തെ ടാപ്പിലേക്ക് വിരല്‍ ചൂണ്ടി. കൈ കഴുകി വീണ്ടുമവര്‍ കൈകള്‍ കെട്ടി അടക്കത്തോടെ നിന്നു. കന്യാസ്ത്രീ അവരെ അടുത്ത മുറിയിലേക്ക്  നയിച്ചു.

ഒരു ക്ളിനിക്കിന്റെ സംവിധാനമുള്ള ആ മുറിയിലെ കസേരയില്‍ ഫാദര്‍ ഇരിക്കുന്നുണ്ടായിരുന്നു. ഫാദര്‍ നീട്ടിയ മാസ്കുകള്‍ കൈ നീട്ടി വാങ്ങി. മുന്നിലുള്ള കസേരയില്‍ ഇരിക്കാന്‍ ഫാദര്‍ പറഞ്ഞു. കയ്യിലുണ്ടായിരുന്ന തെര്‍മല്‍ സെന്‍സര്‍ നെറ്റിയിലേക്ക് നീട്ടി മുമ്പിലിരുന്ന കടലാസില്‍ എഴുതി. നെഞ്ചിലും മുതുകത്തും സ്തെതസ്കോപ്പ് ഉപയോഗിച്ച് പരിശോധിച്ചു. പ്രഷര്‍ നോക്കി. ചുമയോ പനിയോ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ യാത്രക്കിടയില്‍ ലോറിയില്‍ പനിച്ചു കിടന്നതും കൂട്ടൂകാര്‍ മരുന്ന് തന്നതുമെല്ലാം ജാവേദ് പറഞ്ഞു. മിയാനെയും ഹൊസൈനെയും പരിശോധിച്ചു. മിയാന്റെ കാല്‍ മുട്ടിലെ നീലച്ച പാട് കണ്ട് ഫാദര്‍ ചോദ്യഭാവത്തില്‍ നോക്കി. പൊലീസ് അടിച്ചോടിച്ചതും വീണതുമെല്ലാം അവന്‍ പറയുന്നു.

പ്രൈസ് ദി ലോര്‍ഡ്..ഇത്രയല്ലേ പറ്റിയുള്ളൂ..ദൈവത്തിന്റെ കരങ്ങള്‍ നിങ്ങളോടൊപ്പമുണ്ടായിരുന്നു.
ചില മരുന്നുകള്‍ കഴിക്കാനുണ്ട്. നിങ്ങള്‍ക്ക് നല്ല ക്ഷീണമുണ്ട്. ചിലപ്പോള്‍ കുത്തിവയ്പ് വേണ്ടി വരും.
വലിയ പരിശോധനകള്‍ക്ക് ഇവിടെ സംവിധാനമില്ല. അതിന് വലിയ ആശുപത്രിയിലേക്ക് പോകേണ്ടി വരും. നിങ്ങള്‍ പറഞ്ഞത് ശരിയാണെങ്കില്‍ നിങ്ങള്‍ പുറപ്പെട്ട് പതിനാറ് ദിവസമായി. ഇന്ന് ഏപ്രില്‍ ഒമ്പത്.
പെസഹ. ലോകത്തിന്റെ സകലപാപങ്ങളുടേയും മോചനത്തിനായി തന്റെ തിരുശരീരവും രക്തവും‍ ശിഷ്യര്‍ക്കു നല്‍കിയ യേശു അന്ത്യ അത്താഴസമയത്ത് അപ്പമെടുത്തു വാഴ്ത്തി നുറുക്കിയ ശേഷം ഇത് നിങ്ങള്‍ക്കുവേണ്ടി നല്‍കുന്ന എന്റെ ശരീരം, എന്റെ ഓര്‍മ്മയ്ക്കായി ഇത് ഭക്ഷിപ്പിന്‍ എന്നരുളിച്ചെയ്ത ദിവസം. ഇന്നത്തെ ദിവസത്തില്‍ നിങ്ങളെ പരിചരിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നു.
 എനിക്ക് അത്ഭുതം തോന്നുന്നു. നിങ്ങള്‍ പിന്നിട്ടത് രണ്ടായിരത്തിനടുത്ത് കിലോമീറ്ററാണ്. എന്തു ചെയ്യാം . ഒരു ബസ്സോ ട്രെയിനോ ഉണ്ടായിരുന്നങ്കില്‍ രണ്ടോ രണ്ടരയോ ദിവസം കൊണ്ട് പിന്നിടാമായിരുന്നു. പക്ഷേ ഈ ലോക്ക് ‍ഡൗണ്‍ അനിവാര്യമാണ്. വലിയൊരു ദുരന്തത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ വേറെ വഴിയില്ലായിരുന്നു.
       ഏറെക്കാലത്തിന് ശേഷം അവരൊരു ക്ളോക്ക് കണ്ടു. നേരം രാത്രി ഒമ്പതു മണിയാകുന്നു. തിയ്യതിയോ ദിവസമോ ഇല്ലാതായിപ്പോയ ജീവിതത്തിലേക്ക് വീണ്ടുമവ പ്രത്യക്ഷപ്പെടുന്നു. ഭിത്തിയിലെ കണ്ണാടിയില്‍ പ്രതിഫലിച്ച തന്റെ രൂപം പതിനാറു ദിവസം കൊണ്ട് അപരിചിതനെപ്പോലെ തുറിച്ചു നോക്കുന്നു.
            തൊട്ടടുത്ത മുറിയില്‍ വച്ച് മിയാന്റെ കാലില്‍ ബാന്‍ഡേജ് ചുറ്റി. അവന് കുത്തിവയ്പ്പെടുത്തു. ജാവേദിനും ഹൊസൈനും കഴിക്കാനുള്ള മരുന്നുകള്‍ കിട്ടി. നേരത്തെ വന്ന കന്യാസ്ത്രീ അവരെ ഭക്ഷണത്തിനായി വിളിച്ചു.
ദൈവം വലിയവന്‍ തന്നെ. ഹൊസൈന്‍ മുകളിലേക്ക് കയ്യുയര്‍ത്തി. പൂരിയും ഉരുളക്കിഴങ്ങ് കറിയും കഴിക്കുമ്പോള്‍ കണ്ണുകള്‍ ചുരന്നു. അത് ആഹാരത്തിലേക്ക് കലര്‍ന്ന് അതിന് ജീവിതത്തിന്റെ രുചി പകര്‍ന്നു.
            ഫാദര്‍ അവര്‍ക്കരികിലേക്ക് വന്നു.   
മതിയാവുന്നിടത്തോളം കഴിക്കുക. നിങ്ങള്‍ സ്റ്റിഗ്മയുടെ വക്കിലാണ്. അനീമിക്കും. അതിന് ശേഷം നിങ്ങള്‍ക്ക് പ്രാര്‍ഥിക്കാം.ഇവിടെ പ്രാര്‍ഥനാ മുറിയുണ്ട്. നിങ്ങളുടെ വിശ്വാസത്തിനനുസരിച്ച് പ്രാര്‍ഥിക്കുക. എല്ലാ പ്രാര്‍ഥനകളും ഒരേ ദൈവമാണ് കേള്‍ക്കുന്നത്. ജീവനുള്ള ദൈവം. അവന്‍ മനുഷ്യപുത്രനാണ്. പിന്നെ വിശ്രമിക്കുക. പറ്റാവുന്നിടത്തോളം അഗാധമായി ഉറങ്ങുക. ഉറക്കമാണ് വേദനകളെ മറക്കാനുള്ള ഏറ്റവും വലിയ മരുന്ന്. കാലിത്തൊഴുത്ത് മുതല്‍ കാല്‍വരി വരെയുള്ള മനുഷ്യപുത്രന്റെ ജീവിതം നമ്മോട് ആവശ്യപ്പെടുന്നത്  സമര്‍പ്പണത്തിന്റെ കുരിശ് യാത്രയിലൂടെ മുന്നോട്ട് നീങ്ങുന്നവനാണ്. .

                കഴിച്ചു കൊണ്ടിരിക്കേ അവര്‍ ഫാദറിന്റെ മുഖത്തേക്ക് നോക്കി. അവിടെ നിലാവ് പൂത്തു നില്‍ക്കുന്നുണ്ടായിരുന്നു. അതിന്റെ വീചികള്‍ താഴേക്ക് ഇറങ്ങി വന്ന് വേദനിക്കുന്ന അവരുടെ ശരീരത്തെ തലോടിക്കൊണ്ടിരുന്നു.     
                     പ്രാര്‍ഥന മുറിയില്‍ ഹൊസൈനും മിയാനും നിലത്തിരുന്ന് പ്രാര്‍ഥിക്കുന്നത് നോക്കി ജാവേദ് ബ്രായ് ഷിബ്രായ്ക്ക് മുന്നില്‍ ആദ്യത്തെ വിളവു സമര്‍പ്പിക്കുന്ന പോലെ നിന്നു.
            
 അഊദു ബില്ലാഹി മിനശ്ശൈത്വാനിര്‍റജീം. ഇഹ്ദിന സ്സ്വിറാത്വല്‍ മുസ്തഖീം. അല്ലാഹുമ്മ ഗ്ഫിര്‍ലീ മാ ഖദ്ദംതു വ മാ അഖ്ഖര്‍ത്തു വ മാ അസ്‌റര്‍ത്തു വ മാ അഅ്‌ലന്‍ത്തു വ മാ അസ്ഫര്‍ത്തു വ മാഅന്‍ത അഅ്‌ലമു ബിഹീ മിന്നീ ഇന്നക്ക അന്‍തല്‍ മുഖദ്ദിമു വ അന്‍തല്‍ മുഅഖ്ഖിറു ലാ ഇലാഹ ഇല്ലാ അന്‍ത അല്ലാഹുമ്മ ഇന്നീ അഊദുബിക മിന്‍ അദാബി ല്‍ഖബ് രി വ മിന്‍ അദാബിന്നാരി വമിന്‍ ഫിത്‌നത്തില്‍ മഹ് യാ വല്‍മമാത്തി വമിന്‍ ഫിത്‌നത്തില്‍ മസീഹിദ്ദജ്ജാല്‍.  
           ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവില്‍ ഞാന്‍ അഭയം തേടുന്നു.ഞങ്ങളെ നീ ശരിയായ മാര്‍ഗത്തില്‍ നയിക്കേണമേ. അല്ലാഹുവേ ഞാന്‍ മുമ്പുചെയ്തതും പിന്നീട് ചെയ്തുപോകുന്നതുമായ പാപങ്ങളെ എനിക്ക് നീ പൊറുത്തുംതരേണമേ..രഹസ്യമായും പരസ്യമായും ചെയ്യുന്നതും അവിവേകമായി ചെയ്തുപോകുന്നതുമായ പാപങ്ങളെ എനിക്ക് പൊറുത്തുതരേണമേ അവയെപ്പറ്റി എന്നേക്കാള്‍ നന്നായി അറിയുന്നവന്‍ നീയാണ്.  ഞാന്‍ നിന്നോട് കാവല്‍തേടുന്നു. മരണത്തിന്റെയും ജീവിതത്തിന്റെയും ഫിത്‌നകളില്‍നിന്നും  ഞാന്‍ നിന്നോട് അഭയം തേടുന്നു. പ്രാര്‍ഥന കഴിഞ്ഞപ്പോള്‍ അവരുടെ മുഖം കണ്ണീരുകൊണ്ട് നനഞ്ഞിരുന്നു.
              ഏറെ ദിവസങ്ങള്‍ക്ക് ശേഷം സുരക്ഷിതത്വമുള്ള ഒരിടത്ത് കിടക്കുന്നു. കൈമൂറില്‍ നിന്നും കിട്ടിയ വാഹനത്തിലാണ് ഇങ്ങിനെ ഇരിക്കാന്‍ പറ്റിയിട്ടുള്ളത്. കൊതുകുകളുടെ മൂളലില്ലാത്ത രാത്രി. ഇങ്ങനെ എത്ര വഴിയമ്പലങ്ങള്‍ കടന്നാണ് ഗ്രാമത്തിലെത്താന്‍ കഴിയുകയെന്നാലോചിച്ച് ജാവേദ് മുറിയിലപ്പോളും അരണ്ടു കത്തിക്കൊണ്ടിരിക്കുന്ന വെളിച്ചത്തിലേക്ക് നോക്കിക്കിടന്നു.

                                                                       
                                                                  21

                            ബോധം കെട്ടവരെപ്പോലെ കിടന്നുറങ്ങിയ അവരെ വിളിച്ചുണര്‍ത്തിയത് വലിയ മണിയടിയാണ്. അപ്പോഴാണ് ആ കെട്ടിടത്തിലുള്ള മറ്റനേകം പേരെ അവര്‍ കാണുന്നത്. തലേന്നു കണ്ട കന്യാസ്ത്രീകളെ കൂടാതെ വേറെയും പേര്‍. കുറെ ദിവസത്തിന് ശേഷം കുളിച്ചപ്പോള്‍ ശരീരത്തിന്റെ ഭാരം കുറഞ്ഞപോലെ.
ഫാദര്‍ അവരുടെ അടുത്തുവന്ന് അവരെ പ്രാര്‍ഥനക്കായി ക്ഷണിച്ചു. മാസ്ക് ധരിച്ച് അവരെല്ലാരും പ്രാര്‍ത്ഥനഹാളില്‍ ഒത്തു ചേര്‍ന്നു പ്രാര്‍.ഫാദര്‍ പറയുന്നത് അവര്‍ കേട്ടുകൊണ്ടിരുന്നു.
         ക്രിസ്തു കുരിശു ചുമന്നു കൊണ്ട് കാല്‍വരിയിലേക്ക് യാത്ര ചെയ്തത് ഒരു വെള്ളിയാഴ്ചയായിരുന്നു. തന്‍റെ പ്രിയപ്പെട്ടവർക്ക് വേണ്ടിയായിരുന്നു അവന്റെ  യാത്ര. തന്നെ ഒറ്റികൊടുത്തവർക്ക് വേണ്ടിയും, ഒറ്റപ്പെടുത്തി യവർക്ക് വേണ്ടിയും  നടത്തിയ യാത്ര. നന്മയുടെ പേരിൽ മാത്രം കുരിശു മരം ഏറ്റെടുത്ത് മരണം വരിച്ച യാത്ര. സ്നേഹത്തിന്‍റെ ഭാരം നെഞ്ചിലും കുരിശിന്‍റെ ഭാരം തോളിലുംവഹിച്ച് നടന്നു നീങ്ങുമ്പോൾ അദ്ദേഹം മൂന്നു പ്രാവശ്യം കാലിടറി മൂന്നു പ്രാവശ്യം വീഴുന്നു. ഓരോ വീഴ്ച്ചയിലും അദ്ദേഹം നമ്മെ ഓർമ്മിപ്പിച്ചത് വിണ്ടും എഴുന്നേല്‍ക്കാനാണ്.  നമ്മുടെ അതിക്രമങ്ങള്‍ക്ക് വേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമുക്കു വേണ്ടി അവന് ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്‍റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷ നല്‍കുന്നു. അവന്‍റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിക്കുന്നു.രാത്രിയില്ലാതെ ഒരു പ്രഭാതമില്ല. ദുഃഖവെള്ളിയെ തുടർന്നാണ് ഈസ്റ്റർ. കുരിശില്ലാതെ കിരീടമില്ല .മറ്റൊരു ലോകം സാധ്യമാക്കാനുള്ള ഒരു സമര പ്രതിരോധത്തിന്റെ ഊർജമാണിത്. തിന്മയുടെ മേൽ അവസാന ജയം നന്മയ്ക്കായിരിക്കും.
                     അതു പറഞ്ഞ് ഫാദര്‍ നോക്കിയത് തങ്ങളെയായിരുന്നു. ഈ യാത്ര മുഴുവനും കുരിശുയാത്രയായിരുന്നല്ലോ. ഈ യാത്രയില്‍ എത്ര തവണ കാലിടറി വീണിരിക്കുന്നു. ഈ യാത്രയില്‍ ജീവിതമായിരുന്നല്ലോ ഭാരം. ഒാരോ വീഴ്ചയില്‍ നിന്നും എഴുന്നേറ്റ് അടുത്ത വീഴ്ചവരെയുള്ള പാച്ചിലിനിടയില്‍ ഉള്ളില്‍ നിന്നും അവനവനോട് പറഞ്ഞിരുന്നതും വീണ്ടും എഴുന്നേല്ക്കാനായിരുന്നല്ലോ.
                             പ്രാര്‍ഥന കഴിഞ്ഞ് എല്ലാരും പിരിഞ്ഞു. സമാധാനത്തിന്റെ നിമിഷത്തിലും തങ്ങളിവിടെ തങ്ങേണ്ടവരല്ലല്ലോ എന്ന ചിന്ത ഉള്ളില്‍ മുറിവായി നിന്നു. ഈ സാന്ത്വനത്തിനും അപ്പുറം താണ്ടേണ്ട ദൂരം കാലുകളെ വിറപ്പിച്ചു. വീണ്ടും അവര്‍ പരിശോധനക്ക് വിധേയരായി. മിയാന്റെ കാലിലെ നീരു വലിഞ്ഞിരുന്നു.ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫാദര്‍ വീണ്ടും അവരുടെ അരികിലെത്തി.
                   ഈ വെള്ളിയാഴ്ച നിങ്ങളെ ഊട്ടാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ ഭാഗ്യം തികഞ്ഞവരാണ്. വിശപ്പു തീരുന്നതുവരെ ആഹാരം കഴിക്കുക. നാളെ ഈസ്റ്ററാണ്. ദൈവത്തിന്റെ നിഴലിനെ ഒരിക്കൽ ദർശിച്ച ആത്മാവിനെ പിന്നെയൊരിക്കലും ഭൂതങ്ങൾക്കും ചെകുത്താന്മാർക്കും ഭയപ്പെടുത്താൻ ആവില്ല. ഒരിക്കൽ സ്വർഗത്തിലേക്ക് നോക്കിയ കണ്ണുകളെ ഈ ലോകത്തിലെ വേദനകൾക്ക് അടപ്പിക്കാനാവില്ല. ഇന്ന് വൈകിട്ട് ഇവിടത്തെ വണ്ടി സഹരസയിലേക്ക് പോകുന്നുണ്ട്. അതില്‍ നിങ്ങള്‍ക്ക് പോകാവുന്നതാണ്. ഈസ്റ്ററിന് നിങ്ങള്‍ ഒപ്പമുണ്ടാകണമെന്ന് എനിക്കാഗ്രഹമുണ്ട്. പക്ഷേ ഞാനതിന് നിര്‍ബന്ധിക്കുന്നില്ല. നിങ്ങളുടെ യാത്രയെ അത് രണ്ടു ദിവസം വൈകിച്ചേക്കും.
                       അവര്‍ പരസ്പരം നോക്കി. ഭക്ഷണത്തിന് അതുവരെയില്ലാത്ത രുചി തോന്നി. ചന-മൂഡി ചിക്കൻപീസ്, പഫ്ഡ് റൈസും. ബിഹുവിന് വീട്ടില്‍ അരിയും തേങ്ങയും ചേര്‍ത്തുണ്ടാക്കുന്ന പിത്തപോലെ, ലരുപോലെ ജോല്‍പ്പന്‍ പോലെ തോന്നിയപ്പോള്‍ ജാവേദിന്റെ ചങ്കിലൂടെ‍ ഒരാണി തുളഞ്ഞു കയറിപ്പോയി.ഫാദറിന്റെ വസ്ത്രം ഗമോസ പോലെ തോന്നിച്ചു. ബിഹുവിന് ഗ്രാമത്തിലുണ്ടാക്കുന്ന ‍ അരിവാറ്റിയ മദ്യം കഴിച്ചുണ്ടാകുന്ന മയക്കം കണ്ണുകളെ അടപ്പിക്കുന്നു.
                                  ഉച്ചക്ക് ഫാദര്‍ അവരെ മുറിയിലേക്ക് വിളിപ്പിച്ചു.
കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ 21 ദിവസത്തിനകം വിജയം കാണുമെന്നാണ് പ്രധാനമന്ത്രി നമ്മളോടു പറഞ്ഞിരിക്കുന്നത്.സാമൂഹിക അകലം പാലിക്കുക മാത്രമാണ് വൈറസ് വ്യാപനം തടയാൻ ഒരേയൊരു ഉപാധി. കരുതലുണ്ടെങ്കിൽ രോഗത്തെ അകറ്റാം. ഒരുപാടുപേർ രോഗമുക്തി നേടുന്നുമുണ്ട്.നിങ്ങളുടെ ഈ അവസ്ഥയില്‍ നിങ്ങള്‍ ആരെയും പഴിക്കരുത്. അവര്‍ക്കു വേണ്ടിക്കൂടി പ്രാര്‍ഥിക്കുക. ആരും നിങ്ങളെ ദ്രോഹിച്ചെങ്കില്‍ അവരോടു കൂടി പൊറുക്കുക. ഞാന്‍ നല്ലവണ്ണം ഓടി, എന്റെ ഓട്ടം പൂര്‍ത്തിയാക്കിയെന്ന് സുവിശേഷത്തില്‍ പറയുന്നുണ്ട്. നിങ്ങള്‍ക്ക് നിങ്ങളുടെ ഗ്രാമത്തില്‍ എത്തിച്ചേരാനാകട്ടെ. യഥാര്‍ഥത്തില്‍ നിങ്ങളെ ക്വാറന്റീന്‍ സെന്ററില്‍ ആക്കേണ്ടതാണ് എന്റെ ധര്‍മം.ഒരു കുടിയേറ്റ തൊഴിലാളിയെയും പുറത്തു നിന്ന് സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുവദിക്കരുതെന്ന് സംസ്ഥാനവും കേന്ദ്രവും നിർദ്ദേശിച്ചു.  പ്രവേശിച്ചാൽ പതിനാലു ദിവസത്തേക്ക് ക്വാറന്റീന്‍ കേന്ദ്രങ്ങളിൽ സൂക്ഷിക്കണമെന്നത് കർശനമാണ്.
                    അതു പറഞ്ഞ് ഫാദര്‍ ഒന്നു നിര്‍ത്തിയപ്പോള്‍ ജാവേദ് കൂട്ടുകാരെ നോക്കി. അളക്കാനാവാത്ത ഭയം അവരുടെ കണ്ണുകളില്‍ കുടിയിരിക്കുന്നതു കണ്ട് അയാള്‍ നോട്ടം പിന്‍വലിച്ചു. മുകളില്‍ വെളിച്ചം മിന്നിക്കളിക്കുന്നു ക്രൂശിതരൂപത്തിലേക്ക് നോക്കി ഫാദര്‍ തുടര്‍ന്നു.

എന്നാല്‍ അവന്റെ ധര്‍മ്മത്താല്‍ ഞാനത് തെറ്റിക്കുകയാണ്. അത് നിങ്ങളുടെ യാത്രയില്‍ പിന്നെയും പതിനാലു ദിവസങ്ങള്‍ നഷ്ടപ്പെടുത്തും. ഒരു ഡോക്ടറായ ഞാനത് ചെയ്തുകൂടാത്തതാണ്. പക്ഷേ മനുഷ്യപുത്രന്റെ പേരില്‍ ഞാനത് ഏറ്റെടുക്കുകയാണ്. ഇവിടത്തെ വണ്ടിയില്‍ നിങ്ങള്‍ക്ക് സഹരസ വരെ എത്താം. യാത്രയില്‍ നിങ്ങള്‍ക്ക് കൂട്ടായി അവനുണ്ടാകും. ഇതിലുമെത്രെയോ സഹനം താണ്ടി ഉയിര്‍ത്തവനാണവന്‍. അല്പനേരം കൂടി വിശ്രമിക്കുക. അതിന് ശേഷം പുറപ്പെടാന്‍ തയ്യാറാവുക.

അവര്‍ തലയാട്ടി. അവരുടെ മനസ്സുവായിച്ചിട്ടെന്നവണ്ണം ഫാദര്‍ മുറിയുടെ മൂലയിലേക്ക് കൈചൂണ്ടി.
നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ ഒാര്‍ത്ത് വിചാരപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. വീട്ടിലേക്ക് വിളിക്കുക. അവരിലേക്കും നിങ്ങളുടെ സമാധാനം പകരുക. നിങ്ങളുടെ ഫോണുകള്‍ ഇവിടെ ചാര്‍ജ് ചെയ്യാം. വഴിയില്‍ നിങ്ങള്‍ക്കത് കാര്യമായേക്കും. അതു കേട്ടപ്പോളാ‍ തന്നെ ഹൊസൈനും മിയാനും ബാഗുകളില്‍ നിന്ന് ഫോണുകള്‍ എടുക്കാനായി ഒാടി.
         അവിടെ മേശയിലിരുന്ന ഫോണ്‍ അപ്പോളാണ് ശ്രദ്ധയില്‍ പെട്ടത്. ഹൈവേ ബാബയും ഇങ്ങിനെയായിരുന്നു. അപരന്‍ മനസ്സില്‍ വിചാരിക്കുന്നത് തിരിച്ചറിയാന്‍ കഴിവുള്ളവരാണ് കാണപ്പെടുന്ന ദൈവങ്ങള്‍.

വീട്ടിലേക്ക് വിളിച്ചപ്പോള്‍ പതിവ് വേദനകള്‍ മനസ്സില്‍ പൊന്തി നുരഞ്ഞു.
ഞാനിപ്പോള്‍ വിളിക്കുന്നത് ബീഹാറിലെ ഒരു ചര്‍ച്ചില്‍ നിന്നാണ്. ഇവിടത്തെ ഫാദര്‍ ഞങ്ങളെ ഒരുപാട് സഹായിക്കുന്നു. ഞാന്‍ സുരക്ഷിതനാണ്. വൈകാതെ വാഹനത്തില്‍ ചെകര്മാരിയിലേക്ക് പുറപ്പെടും..

നിങ്ങളുടെ ആരോഗ്യത്തിനായി ഞാന്‍ നിത്യവും കാമാഖ്യകീര്‍ത്തനങ്ങള്‍ പാടുന്നുണ്ട്. ഞാന്‍ മാത്രമല്ല ഈ ഗ്രാമത്തിലുള്ള എല്ലാവരും പാടുന്നുണ്ട്. മുമ്പ് വസൂരിയുടെ വിത്തുകള്‍ വിതച്ചു പോയ കാമാഖ്യയുടെ കോപമാണ് ഈ അണുരോഗവും.
താങ്കള്‍ ഭയപ്പെടേണ്ട, കാമാഖ്യ കനിവുറ്റവളാണ്. അവള്‍ നിങ്ങളുടെ വഴിനീളെ കാവലുണ്ടാകും. താങ്കള്‍ തിരിച്ചെത്തിയാല്‍ കാമാഖ്യയിലേക്ക് ഒരാണാടിനെ നേര്‍ന്ന് അമ്മ ഇവിടെ കാത്തിരിക്കുന്നുണ്ട്.ഇവിടെ ഗ്രാമത്തില്‍ ഞങ്ങള്‍ സ്ത്രീകള്‍ ചുവന്ന തുണികള്‍ കൊണ്ട് കൊറോണ മാ ക്ക് പൂജ ചെയ്യുന്നുണ്ട്. മാ പ്രസാദിച്ചാല്‍ കാറ്റടിക്കും. ആ കാറ്റില്‍ കൊറോണയുടെ വിത്തുകള്‍ അകന്നകന്നു പോകും. ..അവള്‍ കരയുന്നുണ്ടായിരുന്നു.

പേടിക്കേണ്ട. ഞാന്‍ സുരക്ഷിതനാണ്. കാമാഖ്യ എന്നെ കാത്തുകൊണ്ടേയിരിക്കുന്നു.
ജാവേദ് പറഞ്ഞു നിര്‍ത്തിയപ്പോള്‍ മിയാന്‍ കാത്തിരിക്കുകയായിരുന്നു.
               ഫോണിലൂടെ അവന്‍ കരയുകയായിരുന്നു. വഴിയിലുണ്ടായ യാതനകളൊക്കെ പറഞ്ഞ് ഇടക്ക് സംസാരം ഇടറി നിര്‍ത്തി. വീട്ടുകാര്‍ക്ക് റംസാന്‍ ആശംസിച്ച് അവന്‍ ഫോണ്‍ വച്ചു. ഹൊസൈന്‍ ധൈര്യശാലിയായിരുനനു. താന്‍ സുരക്ഷിതനാണെന്നും വഴിനീളെ സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നും പറഞ്ഞ് ഫോണ്‍ വച്ച് അവന്‍ മിയാന്റെ ചുമലിലേക്ക് തലവച്ച് പൊട്ടിക്കരഞ്ഞു. ആ കരച്ചിലുകള്‍ അവരുടെ മനസ്സിനെ പരിശുദ്ധമാക്കുകയാണെന്നും തുള്ളി കണ്ണീര്‍ ചുരത്താത്ത തന്റെ കണ്ണുകളില്‍ കരകവിയുന്ന ബ്രഹ്മപുത്രയുടെ ആഴങ്ങള്‍ തന്നെ പിടിച്ചു വലിക്കുകയാണെന്നും ജാവേദ് അറിഞ്ഞു. അയാള്‍ ഹൊസൈന്റെ മുതുകില്‍ തട്ടി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

                                      വൈകിട്ട് വണ്ടി പുറപ്പെടുമ്പോള്‍ ഫാദര്‍ അവരുടെ തലയില്‍ കുരിശുവച്ച് അനുഗ്രഹിച്ചു. അവര്‍ ഫാദറിന്റെ കാലുകളില്‍ വീണപ്പോള്‍ അവരെ പിടിച്ചുയര്‍ത്തി വഴിയില്‍ കഴിക്കാനുള്ള മരുന്നുകള്‍ കൈമാറി. അവരുടെ പഴയ ചെരിപ്പുകള്‍ ഉപേക്ഷിക്കാന്‍ പറഞ്ഞ് പുതിയ ചെരിപ്പുകള്‍ കൈമാറി. പുതക്കുവാനുള്ള കമ്പിളിയും വസ്ത്രങ്ങളും മാസ്കുകളും നല്‍കി. യാത്രയാരംഭിക്കുമ്പോള്‍ ഫാദര്‍ അവരോട് പറഞ്ഞു.
ഇത് നിങ്ങള്‍ക്കാവശ്യമായത്രയും സഹായമായിട്ടില്ലെന്ന് എനിക്കറിയാം. എങ്കിലും യാത്രയില്‍ ഉപകാരപ്പെട്ടേക്കും. അത് ഒാരോരുത്തര്‍ക്കും അഞ്ഞൂറ് രൂപയായിരുന്നു.

എന്റെയുള്ളിലെ ഡോക്ടര്‍ ഇപ്പോളും എന്നോട് കലഹിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളെ ആശുപത്രിയില്‍ ഏല്‍പ്പിക്കാന്‍. പക്ഷേ പരിശുദ്ധാത്മാവ് വിജയിച്ചുകൊണ്ടേയിരിക്കുന്നു. അവന്റെ വിധി ഞാന്‍ നടപ്പാക്കുന്നു.

                    അവര്‍ വണ്ടിയില്‍ കയറിപ്പോകുമ്പോള്‍ കന്യാസ്ത്രീകള്‍ അവരെ കൈവീശിക്കാണിക്കുന്നുണ്ടായിരുന്നു. മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് തെന്നിമാറി പോക്കുവെയില്‍ അവരോട് പുഞ്ചിരിച്ചു കൊണ്ടിരിന്നു. പെയ്യാന്‍ വെമ്പി നില്‍ക്കുന്ന ആകാശം അവര്‍ക്കു മുകളില്‍ കനിഞ്ഞു നിന്നു. വണ്ടി നീങ്ങിക്കൊണ്ടിരുന്നു. കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ കുടിലുകളുടെ എണ്ണം കൂടി. പശുക്കളും  പുല്ലുകറ്റകളുമായി കര്‍ഷകര്‍ പാടത്തു നിന്നു നടന്നു വരുന്നുണ്ടായിരുന്നു. വാനിന്റെ പിന്‍സീറ്റിലേക്ക് നോക്കി ഡ്രൈവര്‍ പറഞ്ഞു.

           ഞാന്‍ ഖുര്‍ബാന്‍ ആലം.  ബിഹാര്‍ പൂര്‍ണിയ സ്വദേശി. പേടിക്കേണ്ട ഫാദര്‍ എന്നോടെല്ലാം പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്. അദ്ദേഹം വലിയവനാണ്. പട്നയിലെ തെരുവുകളിലും റെയില്‍വേ സ്റ്റേഷനുകളിലും റാഗ് പിക്കര്‍ ആയി അലഞ്ഞു നടന്ന എന്നെ വളര്‍ത്തിയതും ഈ തൊഴില്‍ പഠിപ്പിച്ചതുമെല്ലാം അദ്ദേഹമാണ്.
അതെല്ലാം വലിയകഥകളാണ്. അതു വിട്ടുകളയാം. നിങ്ങള്‍ക്ക് പോകേണ്ടത് ആസാമിലേക്കല്ലേ?

 രണ്ടു പേര്‍ക്ക് വെസ്റ്റ് ബംഗാളിലെ ഭഗബംഗോളയിലേക്ക്. എനിക്ക് ആസാമിലെ ഗധാരിയയിലേക്ക്.
ഞങ്ങള്‍ക്ക് പ്രധാനപാതയില്‍ എത്തുന്നതാണ് യാത്രക്ക് നല്ലത്. അതാകുമ്പോള്‍ വഴി തിരയേണ്ട ആവശ്യമില്ലല്ലോ.              
                                       ബശുഹവും നവടയും മധുബനിയും കഴിഞ്ഞാല്‍ സുപൗല്‍ ജില്ലയായി. കോശി മഹാസേതു കടന്നാല്‍ സഹരസയായി. എനിക്ക് തോന്നുന്നത് സിംരാഹി എത്തി നേരെ പോയാൽ പ്രതാപ്ഗഞ്ച്, ഫോർബ്സ്ഗഞ്ച്, അരാരിയ വഴി  വെസ്റ്റ് ബംഗാള്‍ കിഷൻഗഞ്ചിലേക്കെത്താം. സഹരസ എത്തി മധേപുര, കുമാര്‍ ഖന്ദ്, നന്ദന്,‍ അരറിയ വഴിയും ചെകര്മാരിയിലെത്താം. ഇടക്ക് ട്രക്കുകള്‍കള്‍ക്ക് കൈ കാണിച്ചോളൂ. ഭാഗ്യമുണ്ടെങ്കില്‍ ഏഴുമണിക്കൂര്‍ . നടന്നാല്‍ പക്ഷെ രണ്ടു ദിവസമെങ്കിലും എടുത്തേക്കും.
                        മഹിഷം കഴിഞ്ഞപ്പോള്‍  ഒരു ധാബയുടെ മുന്നില്‍‍ വണ്ടി നിര്‍ത്തി. ഖുര്‍ബാന്‍ പുറത്തിറങ്ങി. വണ്ടിയിലേക്ക് ചായയും റൊട്ടിയും ഉരുളക്കിഴങ്ങിന്റെയും പാവക്കയുടെയും  സബ്ജിയും കൈമാറി. വണ്ടിയിലിരുന്നു തന്നെ കഴിച്ചുകൊള്ളാന്‍ ആംഗ്യം കാണിച്ചു. വണ്ടി പിന്നെയും നീങ്ങിത്തുടങ്ങി. ഇടക്ക് നദിയും പാലവും.
                                കോശി മഹാസേതു  പണി തീര്‍ന്ന്  അധികമായില്ല. ഖുര്‍ബാന്‍ പറയുന്നുണ്ടായിരുന്നു.   പത്തുകൊല്ലം മുമ്പത്തെ പ്രളയത്തില്‍ നദി ഗതിമാറിയൊഴുകി. ഗ്രാമങ്ങളൊക്കെ വെള്ളത്തിനടിയിലായി. കോശി പാലം തന്നെ വെള്ളപ്പാച്ചിലില്‍  തകര്‍ന്നു. സുപൗലും പൂര്‍ണിയുമെല്ലാം ഒറ്റപ്പെട്ടു.‍ നൂറുകണക്കിന് പേരാണ് മരിച്ചത്. ചുരുങ്ങിയത് പത്തുമുപ്പത്തിയഞ്ച്  ലക്ഷം പേര്‍ക്കെങ്കിലും വീടുകള്‍ പോയിട്ടുണ്ടാകും,  കൃഷിഭൂമി മൊത്തം നശിച്ചു.  മരിച്ചവര്‍ വെള്ളത്തില്‍ ഒഴുകി നടന്നു. ജീവിച്ചിരുന്നവര്‍ക്ക് വീടുകളിൽനിന്ന് പുറത്തിറങ്ങാന്‍  വാഴപ്പിണ്ടി കൊണ്ടും , തെർമോകോൾ കട്ടകള്‍ കൊണ്ടും, മണ്ണെണ്ണപ്പാട്ടകൊണ്ടും ചങ്ങാടം കെട്ടിയുണ്ടാക്കേണ്ടി വന്നു. ബീഹാറിന്റെ പല ദുഖങ്ങളിലൊന്ന്. ഇന്നിപ്പോള്‍ കോവിഡും ബിഹാറിലൂടെ കരകവിഞ്ഞൊഴുകുക യാണ്. കിട്ടുന്നവരെയെല്ലാം പിടിച്ച് അടച്ചിടുകയാണ് സര്‍ക്കാര്‍. അവരുടെ സ്ഥിതിയാണ് പരമ ദയനീയം ഷെയ്ഖ്പുരയിലെ ക്വാറന്റീന്‍ കേന്ദ്രത്തിൽ മാറ്റി പാര്‍പ്പിച്ച തൊഴിലാളികള്‍ക്ക് വിളമ്പിയ അത്താഴം കഴിച്ച്  പത്തിരുപത് പേരാണ് അപകടത്തിലായത്. ദൂരപ്രദേശത്ത് ജോലിക്കായി പോയവര്‍ ഗ്രാമത്തില്‍എത്തിയെങ്കിലും അവര്‍ക്ക് ഭക്ഷണത്തിന് പണമില്ല. കൊറോണ വൈറസ് ചെയ്യുന്നതിനുമുമ്പ് വിശപ്പ് എത്ര ആളുകളെ കൊല്ലുമെന്നറിയില്ല .

ശരിയാണ്..സര്‍ക്കാര്‍ പറഞ്ഞ പോലെ എവിടെത്തന്നെയാണോ അവിടെ തുടര്‍ന്നാല്‍ വിശപ്പ് അവിടെത്തി കൊല്ലും. ഇനി അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഒാടിയാലോ പിന്തുടര്‍ന്ന് കൊല്ലും.  വിശപ്പ് ഒരു കസായിയാണ്. പാവപ്പെട്ടവരെ അതെന്നും പിടിച്ച് കശാപ്പ് ചെയ്യും.
ജാവേദ് പുറത്തേക്ക് നോക്കി പറഞ്ഞു.

തലച്ചോറിന് വരുന്ന പനി രോഗം കൊണ്ട്  ഈ വര്‍ഷം  മരിച്ചു വീണ കുഞ്ഞുങ്ങളുടെ എണ്ണം ഇരുന്നൂറിനപ്പുറമാണ്. ലിച്ചിപ്പഴം കഴിച്ചിട്ടെന്നും ,ആഹാരക്കുറവാണെന്നും സര്‍ക്കാര്‍ പറയും. പക്ഷേ  മരണകാരണം പട്ടിണിയാണെന്നാണ് ബിഹാറിലെ ഒാരോ മണല്‍ത്തരിക്കുമറിയാം.ഏതുകാലത്തും സാധാരണക്കാരനെ പറ്റിക്കാനൊന്നും കഴിയില്ല..മാറ്റം വരും. വന്നേ പറ്റൂ.പാട്ന ഗാന്ധി മൈതാനം പൗരത്വ പ്രശ്നത്തില്‍ കനയ്യ കുമാർ എന്ന ചെറുപ്പക്കാരൻ നയിച്ച റാലിക്കെത്തിയത് ലക്ഷങ്ങളാണ്. ബീഹാര്‍ ചിലപ്പോള്‍ ചുകന്നെന്നിരിക്കും. ബുര്‍ഖാന്‍ പ്രതീക്ഷയോടെ പറഞ്ഞു.

വഴിയില്‍ പലയിടത്തും വീടുകളുടെ മുന്നില്‍ തീ കൂട്ടിയിട്ടുണ്ട്. പ്ളാസ്റ്റിക്കും ചപ്പു ചവറും കത്തുന്ന മണം വരുന്നു. പാതയിലേക്ക് പുക പടര്‍ന്നു കയറുന്നുണ്ടായിരുന്നു.
 
കൊറോണയെ പുകച്ച് പുറത്തുചാടിക്കുകയാണ്. ബുര്‍ഖാന്‍  ചിരിച്ചുകൊണ്ട് പറയുകയാണ്.
 ആളുകള്‍ നല്ല പേടിയിലാണ്. ഏതു വഴിക്കാണ് രോഗം വരികയെന്ന് അവര്‍ക്ക് ഒരു പിടിയുമില്ല. വഴിയില്‍ നോട്ടുകള്‍ വീണാല്‍ പോലും ആളുകള്‍ ഇപ്പോള്‍ എടുക്കാതെയായി. റോഡില്‍ നോട്ടുകള്‍ വിതറി കൊറോണ പരത്തുന്ന സംഘമുണ്ടെന്ന് പ്രചരണം നടക്കുന്നുണ്ട്. ഇവിടെയൊരാള്‍ പോക്കറ്റില്‍ സൂക്ഷിച്ച ഇരുപത്ത യ്യായിരം  രൂപ വഴിയില്‍ വീണു പോയി. പാന്‍ ഖുമ്ടിയില്‍ നിന്ന് പുകയില വാങ്ങി  പണം കൊടുക്കാന്‍ പഴ്സ് തുറന്നതേ ഗജേന്ദ്രക്ക് ഒാര്‍മയുള്ളൂ. അവിടെന്ന് ഓട്ടോയിൽ കയറി വീട്ടിലെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ടതറിയുന്നത്. കൊറോണ ഭയന്ന് ആളുകൾ പണം തൊടാൻ തയ്യാറായില്ല അവര്‍ പൊലിസില്‍ വിവരം അറിയിച്ചു. പഴ്സിലെ വിലാസം നോക്കി പൊലിസ് പണം ഗജേന്ദ്രക്ക് തിരിച്ചു കൊടുത്തു. മുമ്പാണെങ്കില്‍ എനിക്കുറപ്പാണ് ബിഹാറില്‍ ഒരു പഴ്സ് ചന്തയില്‍ പുറത്തെടുത്താല്‍ പിന്നെയത് അതിന്റെ ഉടമസ്ഥന്‍ കണ്ടെന്നു വരില്ല.
                        സഹരസ എത്തുകയാണ്. വഴിയരികില്‍ ഹനുമാന്റെ കൂറ്റന്‍ പ്രതിമ താങ്ങി തളര്‍ന്നു നില്‍ക്കുന്ന മന്ദിറിന്റെ കാലുകള്‍. മന്ദിറിന്റെ മുന്നില്‍ വണ്ടി നിര്‍ത്തി ഖുര്‍ബാന്‍ പുറത്തിറങ്ങി. അവര്‍ക്കായി ഡോര്‍ തുറന്നു കൊടുത്തു. അവാള്‍ വാച്ചില്‍ നോക്കി പറഞ്ഞു. ഇപ്പോള്‍ സമയം രാത്രി ഒമ്പതു മണിയാകാറായി. എനിക്ക് പോകേണ്ടത് മറ്റൊരു മഠത്തിലേക്കാണ്. നിങ്ങള്‍ക്ക്  ഇവിടെ ഇറങ്ങാം.  മധേപുര, കുമാര്‍ ഖന്ദ്, നന്ദന്,‍ അരറിയ വഴി ചോദിച്ചു പോയാല്‍ മതി.
                               ഇരുട്ടിലാണ് സഹരസ. അവിടിവിടെ മാത്രം പാതയിലേക്ക് മഞ്ഞ വെളിച്ചം തുപ്പി നില്‍ക്കുന്ന വിളക്കുകള്‍. രണ്ടോ മൂന്നോ മണിക്കൂര്‍ നടന്ന് കഴിയാവുന്നത്ര ദൂരം പിന്നിട്ട് വിശ്രമിക്കാമെന്നും പുലര്‍ച്ചെ യാത്ര തുടരാമെന്നും കരുതി നടത്തം തുടങ്ങി. ജയ് പ്രഭ നഗറിലെ ബാബ പാന്‍ ആന്‍ഡ് ജെനറല്‍ സ്റ്റോറിന് മുന്നില്‍ പാന്‍ വാങ്ങാന്‍ വരി നില്‍ക്കുന്നവര്‍. ഹടിയ ഗഞ്ചിയിലെ പെട്രോള്‍ പമ്പിന് മുന്നില്‍ കുറച്ചു നേരം നിന്നു. ഡിസല്‍ നിറക്കാന്‍ കയറുന്ന ഏതെങ്കിലും ട്രക്ക് കിട്ടിയാല്‍ ഭാഗ്യമായി എന്നു വിചാരിച്ചു. ഏറെ നേരം നിന്നിട്ടും വണ്ടികളൊന്നും വന്നില്ല.
                                       ഗംഹരിയയിലെ ട്രാഫിക് വൃത്തത്തിലെത്തിയപ്പോള്‍ ആകെ സംശയമായി. പിന്നെ ഒരു പകുതി വട്ടം തിരിഞ്ഞ് രാം ജാനകി മന്ദിറിന്റെ മുന്നിലേക്കെത്തി. മതഹിയിലെത്തിയപ്പോള്‍ പാതി രാത്രിയായി. പാതയില്‍ നിന്നു മാറി പഞ്ചായത്ത് സര്‍ക്കാര്‍ ഭവന്‍ എന്നു കണ്ടു. ആ കെട്ടിടത്തിന്റെ വരാന്തയില്‍ വിരിച്ചും വിരിക്കാതെയുമായി ഉറങ്ങുന്ന നിരവധി പേര്‍. കോണില്‍ കിട്ടിയ ഒരു ഭാഗത്തേക്ക് ബാഗുകള്‍ വച്ച് ചുരുണ്ടു കിടന്നു. തെല്ലൊന്നു മയങ്ങിമ്പോള്‍ ഒരു മണികിലുക്കം. ഇടക്കെരു വാഹനം കടന്നു പോയപ്പോള്‍ പാളി വീണ വെളിച്ചത്തില്‍ കണ്ടു, തങ്ങള്‍ കിടക്കുന്നതിന് അല്പം മാത്രം അപ്പുറം അതേ വരാന്തയില്‍ കിടക്കുന്ന കാള. ചിലനേരങ്ങളില്‍ എല്ലാവരും ഒരുപോലെയാണല്ലോ. തനിക്കും കാളക്കും ഇടയിലുള്ള ഇരുട്ടിന്റെ മതില്‍ മാത്രമേയുള്ളൂ. പകല്‍ പുലരുമ്പോള്‍ ഒരേ തെരുവിലേക്ക് ഇറങ്ങേണ്ടവര്‍. ഒരേ ഭാരം ചുമന്ന് വെയിലില്‍ പൊള്ളേണ്ടവര്‍. ഒരു കണക്കിന് അത് തങ്ങളെക്കാള്‍ ഭാഗ്യവാനാണ്. അതിന് തേഞ്ഞുതീരാത്ത കുളമ്പുണ്ട്. നാടുപിടിക്കാന്‍ നടക്കുന്ന എല്ലാവര്‍ക്കും കുളമ്പ് ഉണ്ടായിരുന്നെങ്കിലെന്ന് ജാവേദ് ആഗ്രഹിച്ചു. ഉറക്കത്തില്‍ കുളമ്പടിച്ച് നടന്നു പോകുന്ന മനുഷ്യരുടെ കൂട്ടം അയാളെ പിന്തുടര്‍ന്നു. എത്ര ഒാടിയാലും പിറകിലെ കുളമ്പടി ശബ്ദം പിന്തുടര്‍ന്ന് വരുന്നു. പിന്നെ അതിന്റെ താളത്തിനൊപ്പം ബോധത്തിന്റെ തിരി താണു.
                              

                    
22
                                              തലേന്ന് ഉറക്കിയ അതേ മണിയടി പുലര്‍ച്ചെ ഉണര്‍ത്തി. തങ്ങള്‍ക്കരികിലൂടെ നടന്നു നീങ്ങുമ്പോള്‍ ദേഹത്തു തട്ടാതെ കാലുകളെ നീട്ടിവച്ചു കടന്നു പോകുന്ന കാള. തെരുവിന്റെ കരുതല്‍. അതോടൊപ്പം ഉണര്‍ന്ന് വിരികള്‍ മടക്കി ബാഗുകളില്‍ വയ്ക്കുന്നവര്‍. ചര്‍ച്ചില്‍ നിന്നും എടുത്ത വെള്ളം എടുത്തു കുടിച്ചു. വെളിച്ചം പരന്നുതുടങ്ങിയപ്പോള്‍ വരാന്തയുടെ അങ്ങേ തലക്കല്‍ വാതിലുകളില്ലാത്ത ശൗചാലയം. ചാണകത്തിന്റെ ചെറു വട്ടങ്ങള്‍ മുമ്പേ പോയവര്‍ ചവിട്ടി പരത്തിയതില്‍ തട്ടാതെ നടക്കണം. ദരിദ്രന് മണ്ണു തന്നെയാണ് ഭക്ഷണമേശ. അതു തന്നെയാണ് ശൗചാലയവും. വാപ്പിയിലെ കമ്പനിയില്‍ മൂന്നു തരം ശൗചാലയങ്ങളുണ്ടാ   യിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് , പിന്നെ തൊഴിലാളികള്‍ക്കായി മതം തിരിച്ച രണ്ടെണ്ണം. വിസര്‍ജ്യത്തിന് പോലും മതമുള്ള രാജ്യത്ത് ദരിദ്രര്‍ മാത്രമാണ് യഥാര്‍ഥ മനുഷ്യര്‍. കഴിഞ്ഞ ദിവസം ജരിസണില്‍ നിന്നും വണ്ടിയില്‍ വരുമ്പോള്‍ ചെറിയ വെളിച്ചത്തില്‍ പുഴക്കരയിലേക്ക് നടന്നു പോകുന്ന സ്ത്രീകളെയും  കുട്ടികളെയും ചൂണ്ടി ബുര്‍ഖാന്‍ പറഞ്ഞത് ഒാര്‍മ വന്നു.
          അത് പദയാത്രയാണ്. ശൗചാലയമില്ലാത്ത ഗ്രാമീണരുടെ സമൂഹ ശൗചാലയമാണ് കോശി നദിയും കരയും. കരയില്‍ പ്രായമോ ലിംഗഭേദമോ ഇല്ലാതെ കുന്തിച്ചിരുന്ന് ഗ്രാമത്തിലെ പ്രശ്നങ്ങളും കിംവദന്തികളും വിശേഷങ്ങളും ചര്‍ച്ച ചെയ്യുന്ന സമ്മേളനം. അതിനിടയിലാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ കാണുന്നത്, വിവാഹങ്ങള്‍ ഉണ്ടാകുന്നത്. പാവപ്പെട്ടവരുടെ ഗ്രാമസഭ.
                          സര്‍ക്കാര്‍ ഭവനില്‍ നിന്നിറങ്ങി വീണ്ടും നടത്തം തുടങ്ങി. ചര്‍ച്ചില്‍ നിന്നും തന്ന പുതിയ ചെരിപ്പുകള്‍ കാലില്‍ കടിക്കാന്‍ തുടങ്ങി. തേഞ്ഞു പോയതെങ്കിലും വലിച്ചെറിഞ്ഞ പഴയ ചെരിപ്പുകള്‍ ശരിരത്തിന്റെ ഭാഗമായി തീര്‍ന്നിരുന്നു. തെരുവിളക്കുകള്‍ കത്തിക്കൊണ്ടിരിക്കുന്നു. ദുബിയഹിയും പതഹിയും ഗര്‍ത്തനും കടന്നു പോയി. റോഡിനിരു വശവും ചപ്പ് ചവറുകൾ കെട്ടിക്കിടക്കുന്ന ചളിവെള്ളത്തിൽ നീന്തുന്ന  പന്നികൾ.
മധേപുരയിലെത്തിയപ്പോള്‍ അവരെ കടന്നു പോയ ഒരു വാഹനം കുറച്ചപ്പുറത്ത്  നിർത്തി. അതില്‍ നിന്നു ഇറങ്ങിയ ചെറുപ്പക്കാർ അവരുടെ ഫോട്ടോ എടുക്കാൻ തുടങ്ങി.

കഹാം ജാതാ ഹും ഭായ്

വെസ്റ്റ് ബംഗാൾ.. മിയാൻ നടന്നു കൊണ്ടു തന്നെ മറുപടി പറഞ്ഞു. അവർ പിന്തുടർന്നു.

ഹം പ്രസ് പീപ്പിൾ ഹെ. ഞങ്ങൾക്ക് നിങ്ങളെക്കുറിച്ച് അറിയണമെന്നുണ്ട്.
അല്പസമയം നിൽക്കാമോ?

സംഘം മുന്നിൽ നിന്നു ചോദിച്ചപ്പോൾ നടത്തം നിര്‍ത്തി. ഒാരോരുത്തരും വരുന്ന സ്ഥലവും പോകുന്ന സ്ഥലവും അവർ എഴുതി എടുക്കുന്നുണ്ടായിരുന്നു. മൈക്കുകൾ തോക്കുകൾ പോലെ നീണ്ടു.

എവിടെയാണോ അവിടെ തുടരാണല്ലോ നിങ്ങളോടു പറഞ്ഞത്..ഇത്രയും ദൂരം നടക്കാൻ നിങ്ങളെ പ്രേരിപ്പിച്ചതെന്താണ്? വഴിയിലെ അനുഭവങ്ങൾ എന്തൊക്കെയായിരുന്നു. സഹായങ്ങൾ വല്ലതും ലഭിച്ചോ? അനവധി ചോദ്യങ്ങൾക്ക് അവർക്കുത്തരം വേണ്ടിയിരുന്നു. വരണ്ടു പോയ തൊണ്ടകൊണ്ട് അനുഭവിച്ച യാതനകളും വേദനകളും പറയുമ്പോള്‍ അവരത് ക്യാമറകളിൽ പകർത്താനുള്ള ധൃതിയിലായിരുന്നു.

നിങ്ങളുടെ ഈ അവസ്ഥക്ക് ആരാണ് കാരണം?

ഒരു ദിവസം ഞങ്ങൾക്ക് തന്നാൽ ഞങ്ങൾ ഗ്രാമത്തിലെത്തുമായിരുന്നു. ഞങ്ങൾ തൊഴിലെടുത്ത ഇടങ്ങളിലുള്ളവർക്ക് ഞങ്ങളെ സംരക്ഷിക്കാമായിരുന്നു. പക്ഷേ എല്ലാവരും ഞങ്ങളെ കുടിയേറ്റക്കാർ എന്നു വിളിച്ചു. ഞങ്ങളുടെ ഗ്രാമത്തിലെ ദാരിദ്ര്യം കൊണ്ടാണ് ഞങ്ങൾക്ക് കുടിയേറേണ്ടി വന്നത്..ഞങ്ങൾ പരമ്പരകളായി ദാരിദ്യത്തിൽ തന്നെയായിരുന്നത് കൊണ്ട് ആരെയാണ് ഞങ്ങൾ കുറ്റപ്പെടുത്തുക.
ഞങ്ങളെത്തന്നെ കുറ്റപ്പെടുത്താം. ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്ന മൺകപ്പുകളെപ്പോലെയായി ഞങ്ങൾ. അത് ഉടഞ്ഞോ എന്നാരും നോക്കാറില്ലല്ലോ..ചേരിയിലെ പ്രഭുക്കന്മാർ ഒറ്റ രാത്രികൊണ്ട് ചേരി
ഒഴിപ്പിക്കുന്ന പോലെ ഒരു രാത്രികൊണ്ട് തെരുവിലിറക്കപ്പെട്ടവരാണ് ഞങ്ങൾ.

കുടിയേറ്റ തൊഴിലാളികൾക്കായി സർക്കാർ റേഷൻ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ? നിങ്ങൾക്കത് കിട്ടിയോ?  അസം സർക്കാർ കുടിയേറ്റ തൊഴിലാളികളുടെ എക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചു നൽകുന്നുണ്ടല്ലോ?

കത്തിയെരിയുന്ന കുടിലുകളിൽ നിന്ന് ഞങ്ങൾ ഇറങ്ങി ഒാടിയിട്ടുണ്ട്. കുത്തിയൊഴുകി വരുന്ന വെള്ളത്തിൽ തകർന്ന കുടിലുകളിൽ നിന്ന് ഒാടി രക്ഷപ്പെട്ടിട്ടുണ്ട്. അതു പോലെ ഒറ്റ രാത്രികൊണ്ട് തകർന്നതാണ് ഞങ്ങളുടെ ജീവിതം, .റേഷൻ വാങ്ങുന്നതിന് ഞങ്ങൾക്ക് കാർഡുകളില്ല. എക്കൗണ്ടുകളിലേക്ക് പണമിട്ടിട്ടുണ്ടോ എന്ന് ഞങ്ങൾക്കറിയില്ല. ഇനി ഉണ്ടെങ്കിൽ തന്നെ അതറിയുവാൻ പോയിട്ട് ഗ്രാമത്തിലേക്ക് ഒന്നു വിളിക്കുവാൻ ഞങ്ങൾക്ക് ഫോണുകൾ പോലുമില്ല.


ഗരീബ് കല്യാൺ യോജനയും ഒരു രാഷ്ട്രം ഒരു റേഷന്‍ ഒക്കെ പരാജയമാണെന്നാണോ
നിങ്ങൾ പറയുന്നത്? ഈ ലോക്ക് ഡൗൺ ആവശ്യമില്ലാത്ത ഒന്നായി നിങ്ങള്‍ കരുതുന്നുണ്ടോ?

കടലാസുകളിൽ പലതുമുണ്ടായിരിക്കാം. ഞങ്ങള്‍ക്കെന്നല്ല ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് ആര്‍ക്കും കിട്ടിയെന്നു തോന്നുന്നില്ല. തൊഴിലാളികൾക്ക് ജോലി നഷ്‌ടപ്പെട്ടു, കയറിക്കിടക്കാന്‍ ഇടമില്ലാതെ , ദിവസങ്ങളോളം പട്ടിണിയിരുന്നു. കടുത്ത വെയിലിൽ ആയിരക്കണക്കിന് ആളുകൾ ചെരിപ്പുപോലുമില്ലാതെ  ഗ്രാമങ്ങളിലേക്ക് നടക്കാൻ നിർബന്ധിതരായി. 
അപ്പോള്‍ ഈ വിഷയത്തില്‍ സര്‍ക്കാരുകള്‍ സമ്പൂര്‍ണ പരാജയമാണെന്നാണോ നിങ്ങള്‍ പറയുന്നത്?
ആരുടെയും വിജയവും പരാജയവും ഞങ്ങള്‍ക്കറിയില്ല. പക്ഷെ ഒന്നറിയാം ഞങ്ങളാ‍ക്കായിരുന്നു പരാജയം. ഈ രാജ്യത്ത് ജനിച്ചയന്നു മുതല്‍ എല്ലാം ഇട്ടെറിഞ്ഞ് തെരുവിലേക്കിറങ്ങിയതു മുതല്‍ ഇതാ ഈ നടപ്പു തുടങ്ങിയതില്‍ പോലും പരാജയം മാത്രമേയുള്ളൂ..വിജയമെന്നത് ഇതുവര ഞങ്ങള്‍ പിന്നിട്ട ദൂരം മാത്രം.
                         അപ്പോളേക്കും പിറകെ നടന്നു വരുന്ന ആളുകള്‍ വണ്ടിക്ക് സമീപമെത്തിയിരുന്നു. ജാവേദിനെയും മിയാനെയും വിട്ട് സംഘം അവര്‍ക്കരികിലേക്ക് പോയപ്പോള്‍ വീണ്ടും നടത്തം തുടങ്ങി.ഹം പ്രസ് പീപ്പിൾ ഹെ. ഞങ്ങൾക്ക് നിങ്ങളെക്കുറിച്ച് അറിയണമെന്നുണ്ട്. അല്പസമയം നിൽക്കാമോ? എന്ന ചോദ്യം പിറകില്‍ ആവര്‍ത്തിക്കപ്പെടുന്നത് കേട്ട് ഹൊസൈന്‍ പറഞ്ഞു.

            ഒരു രാഷ്ട്രം ഒരു റേഷന്‍ ..മിയാന്‍ പുഛത്തോടെ പറഞ്ഞു.എത്ര വലിയ നുണയാണവര്‍ നമ്മളെ പഠിപ്പിക്കുന്നത്. നമ്മുടെ ഗ്രാമത്തിലെ ബിപിഎല്‍ കാര്‍ഡുപയോഗിച്ച് നമുക്ക് നഗരങ്ങളില്‍ റേഷന്‍ കിട്ടുമോ? ഗ്രാമത്തില്‍ തന്നെ കിട്ടുന്നില്ല. ഈ യാത്രക്കിടയില്‍ റേഷന്‍ വാങ്ങുകയെന്നത് നടക്കാവുന്നതാണ്. രണ്ടു കിലോ അരിയോ ഗോതമ്പോ കിട്ടി അതുകൊണ്ട് നമ്മളെന്തു ചെയ്യാനാണ്?

ജാവേദ് തിരിഞ്ഞു നോക്കി. പിറകില്‍ തന്നെപ്പോലെ മെലിഞ്ഞ ഒരാളുടെ മുന്നിലാണിപ്പോള്‍ മൈക്കും ക്യാമറയും. മുഷിഞ്ഞ ഈ രൂപങ്ങളുടെ ചിത്രം പകര്‍ത്തി ഇവരെന്തു നേടാനാണ്.
                        നമ്മള്‍ ദരിദ്രനാണെന്നത് നമ്മുടെ മാത്രം പ്രശ്‌നമാണ് എന്നാണവരിപ്പോളും കരുതുന്നത്.
നമ്മുടെ ഗ്രാമത്തിലെ  കുടില്‍ അവരെ സംബന്ധിച്ചിടത്തോളം ഒരു കൗതുക വസ്തു മാത്രമാണ്. പക്ഷെ നമ്മുക്കത് നഗരത്തിലെ ഒരു ഫ്ളാറ്റിനെക്കാള്‍ വിലമതിക്കുന്നതാണ്. അതവര്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല. ഇന്ത്യ ദരിദ്രരെ ഉപേക്ഷിച്ചു. ഇവിടെയുണ്ടായ വികസനം നമ്മുടെ മണ്ണും ജീവനോപാധിയും നഷ്ടപ്പെടുത്തിയി ട്ടുണ്ട്. നമുക്ക് ഗ്രാമങ്ങളിലെ നമ്മുടെ പാരമ്പര്യ തൊഴിലെടുത്ത് ജീവിക്കാനാകുമോ? അതുകൊണ്ടു തന്നെയാണ് ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് കൂട്ടത്തോടെ മനുഷ്യര്‍ പലായനം ചെയ്യുന്നത്. ഒരുപക്ഷേ സർക്കാർ ആശ്വാസം നൽകാൻ ആഗ്രഹിക്കുന്നില്ല. ദരിദ്രർ ദരിദ്രരായി തുടരട്ടെയെന്നായിരിക്കണം രാജ്യം കരുതുന്നത്.

               സുന്ദര്‍ബെന്‍സ് കാണാന്‍ എത്രയോ ആളുകള്‍ വരുന്നുണ്ട് ഞങ്ങളുടെ നാട്ടില്‍. നമ്മുടെ ചെറ്റക്കുടിലുകള്‍ കാണാന്‍. വെള്ളപ്പൊക്കത്തില്‍ ബിദാഹുകണക്കിന് ഭൂമി നഷ്ടപ്പെട്ട കര്‍ഷകരുടെ കണ്ണീരുവറ്റുന്നതിന് മുമ്പ് അതിനെ കുറിച്ച് കഥയെഴുതാന്‍ ആളുകളുടെ തിരക്കാണ്. ദാരിദ്യം അനുഭവിക്കാത്തവന് കൗതുകമാണ്. അനുഭവിക്കുന്നവര്‍ക്കേ അതിന്റെ വേദനയറിയൂ..ഹൊസൈന്‍ രോഷത്തോടെ പറഞ്ഞു.
              തുളസീശ്വരി മാര്‍ഗിലേക്ക് കടന്ന് വീണ്ടും കോശി നദിയുടെ പാലത്തിലൂടെ. ബെടോന കടന്ന്  ദുര്‍ഗോന്‍ ആയതും ഒരു ആംബുലന്‍സ് വഴിയോരത്ത് നിര്‍ത്തിയതിന് സമീപം ഉദ്യോഗസ്ഥര്‍ നീല ഉറകള്‍ കൊണ്ടുള്ള കുപ്പായങ്ങള്‍ ധരിച്ച് റോഡിലിറങ്ങി ആളുകളെ തടയുന്നുണ്ടായിരുന്നു.  നേരം ഉച്ചയോടടുക്കുകയായിരുന്നു.

         എല്ലാവരെയും പാതയോരത്ത് ഒരു മീറ്റര്‍ അകലത്തില്‍ വരച്ചിട്ട വട്ടങ്ങളില്‍ വരിയായി ഇരുത്തി.
 എല്ലാവരുടെയും കൈകളിലേക്ക് സാനിറ്റൈസര്‍ ഇറ്റിച്ചു.  തെര്‍മല്‍ സെന്‍സര്‍ ഉപയോഗിച്ച് പരിശോധിച്ച് ചിലരെ മാറ്റി നിര്‍ത്തിയിരുന്നു. ജാവോദിനെയും ഹൊസൈനെയും മിയാനെയും പരിശോധിച്ചു. രേഖകള്‍ വാങ്ങി നോക്കി അവരെയും മാറ്റി നിര്‍ത്തി. അല്പം കഴിഞ്ഞപ്പോള്‍ മറ്റൊരു ആംബുലന്‍സും പൊലിസ് വാഹനവും അവിടെയെത്തി.
 പൊലിസ് എല്ലാരോടും കൂടി പറഞ്ഞു.

സഭി കൊ സഹയോഗ് കര്‍നാ ഹോഗാ. അധിക് താപമാന്‍ വാലെ ലോഗോം കൊ അധിക് പരീഷണ് കീ ആവശ്യകതാ ഹോതീ ഹെ. ഉനെ എബുലേസ് മേം ചഠനാ ഹോഗാ. ഇസ് തരഹ് കീ പരീക്ഷാ തഭി സംഭവ് ഹെ ജബ് ആപ് ആസ്പത്താല്‍ ജാതെ ഹെം. ഇപ്പോൾ ഞങ്ങൾ നിങ്ങളുടെ രക്ഷാധികാരികളാണ്, നിങ്ങളെ പരിപാലിക്കും.ഉറപ്പ്.
    ജാവോദും മിയാനും ഹൊസൈനും ഉള്‍പ്പെടെ മാറ്റി നിര്‍ത്തിയിരുന്നവരെ മുഴുവന്‍ ആദ്യം ആംബുലന്‍സില്‍ കയറ്റി. വണ്ടി നീങ്ങാനിരിക്കെ പുറത്ത് ബാക്കിയുള്ളവരെ അടുത്ത വാഹനത്തില്‍ കയറ്റുന്നുണ്ടായിരുന്നു. അതിനും പിറകേ പൊലിസ് വാഹനവും വരുന്നുണ്ടായിരുന്നു.
 ബിശുന്‍പുര്‍ കോര്‍ലഹിയും, പുരുണിയയും ഭര്‍ഗാമയും കഴിഞ്ഞുപോയി. അരറിയ എത്തിയപ്പോള്‍  രണ്ടു മണിയായി. വണ്ടി പൊലിസ് കാവല്‍ നില്‍ക്കുന്ന ഒരു കെട്ടിടത്തിലേക്ക് കയറി. അതൊരു സ്കൂളായിരുന്നു. അതിന്റെ വരാന്തയിലും മുറികളിലുമെല്ലാം ആളുകളെക്കൊണ്ട് നിറഞ്ഞിരിരുന്നു. മുമ്പില്‍ ടാര്‍ പോളിന്‍ വലിച്ചുകെട്ടിയുണ്ടാക്കിയ ഷെഡില്‍ കുറച്ചു ഡസ്കുകളും ബെഞ്ചുകളും കിടക്കുന്നുണ്ടായിരുന്നു. ആംബുലന്‍സില്‍ നിന്നും ഒാരോരുത്തരെയായി പുറത്തിറക്കി. മുഖിയയും നഴ്സും വീണ്ടും തെര്‍മല്‍ സ്കാനറില്‍ പരിശോധിച്ചു. കൊണ്ടു വന്നവരെയെല്ലാം മാറ്റി നിര്‍ത്തി മുഖിയ പറഞ്ഞു.

           ഞാന്‍ ഈ ക്വാറന്റീന്‍ കേന്ദ്രത്തിന്റെ ചുമതലയുള്ള റാണിഗഞ്ച് വില്ലേജ് മുഖിയയാണ്. കോവിഡ് പരിശോധനകള്‍ക്കായും വ്യാപനം തടയുന്നതിന് വേണ്ടിയും നിങ്ങള്‍ക്കിവിടെ കഴിയേണ്ടതുണ്ട്.സഭി കൊ സഹയോഗ് കര്‍നാ ഹോഗാ. യഹാം ആപ് ആാവാസ് ഒൗര്‍ ഭോജന്‍ പാ സകതെ ഹെം. സ്വാസ്ഥ്യ വിഭാഗ് ആപകൊ ജാച് കരേഗാ. ദവാ ഒൗര്‍ ഉപചാര്‍ ഉപലബ്ദ് ഹെ..
           മൂന്നു പേരും പരസ്പരം നോക്കി. വീണ്ടും കുടുങ്ങിപ്പോയിരിക്കുന്നു. ഈ കേന്ദ്രത്തില്‍ ഇനി പതിനാലു ദിവസം കഴിയണം. ജരിസണിലെ ആള്‍ക്കൂട്ടം വിധിച്ച ശിക്ഷ ലഭിക്കാന്‍ രണ്ടു ദിവസം വൈകിയെന്നു മാത്രം. വിധികളില്‍ നിന്നും മോചനമില്ല.
                                  കേന്ദ്രത്തിന്റെ വരാന്തയും മുറ്റവും മുറികളുമെല്ലാം  കൊള്ളാവുന്നതിലും അപ്പുറം ആളുകളായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ. വരാന്തകളിലെ തുണിത്തൊട്ടിലുകളില്‍ ഉറക്കിക്കിടത്തിയിരിക്കുന്ന പിഞ്ചു കുട്ടികള്‍. കേന്ദ്രത്തിനുള്ളിലൂടെ ഒാടിക്കളിക്കുന്ന അല്പം മുതിര്‍ന്ന കുട്ടികള്‍. മാസ്ക് ധരിച്ചും ഇല്ലാതെയും പാന്‍ ചവച്ചു തുപ്പി തലങ്ങും വിലങ്ങും നടക്കുന്നവര്‍. ഇതിലെവിയെടെയാണ് തങ്ങള്‍ക്കുള്ള ഇടമെന്നറിയാതെ കുറെ നേരം മാറി നിന്നു. പിന്നെ ചുവരിനോട് ചേര്‍ന്നൊരു ഭാഗത്ത് ഇരുപ്പുറപ്പിച്ചു. അപ്പോഴാണ് ഹൊസൈന്റെ ഫോണ്‍ മിടിക്കുന്നത്..
 തിരക്കില്‍ നിന്ന് അല്പം മാറി നിന്ന് അവന്‍ ഫോണിലൂടെ പറയുന്നുണ്ടായിരുന്നു.
            ഞങ്ങള്‍ ബീഹാര്‍ കടക്കാനിരിക്കുകയായിരുന്നു. അവര്‍ ഞങ്ങളെ പിടികൂടി. ക്വാറന്റീനിലാക്കി. ഇനി ഇവിടെ കഴിയണം. ഭക്ഷണവും ചികിത്സയും തരും എന്നു പറയുന്നു. പക്ഷേ ഇവിടെ തീരെ സൗകര്യമില്ല. ആയിരത്തിനടുത്ത് ആളാണിവിടെ...ഞങ്ങള്‍ക്ക് രോഗമില്ലെന്ന് ഉറപ്പുണ്ട്. പക്ഷേ പനിയുണ്ടെന്ന് അവര്‍ പറയുന്നു. ഗേറ്റ് പൊലിസ്  കനത്ത പൂട്ട് ഇട്ട് പൂട്ടിയിരിക്കുകയാണ്.
                 നേരം വൈകുന്നേരമാകുകയാണ്. കേന്ദ്രത്തിന്റെ ചുവരുകളില്‍ നിറം മങ്ങിയ ബള്‍ബുകള്‍ പ്രകാശിച്ചു തുടങ്ങി. ഏറെ പേരും നാട്ടിലേക്ക് മടങ്ങിയെത്തിയ ബീഹാറുകാര്‍ തന്നെയാണ്. തൊട്ടടുത്ത ഗ്രാമക്കാരെ വരെ ക്വാറന്റീനില്‍ ആക്കിയിരിക്കുകയാണ്. രണ്ടു ദിവസം മുമ്പ് കേന്ദ്രം തുടങ്ങിയപ്പോള്‍ മുതല്‍ താമസിക്കുന്നവരുണ്ട്.
            വിശക്കുന്നുവെന്ന്  വിളിച്ചു കൂവിയപ്പോള്‍ കൊണ്ടു വന്ന്  പത്ത് മണിക്കൂര്‍ കഴിഞ്ഞ് കുറച്ച് ചോറും വേവിച്ച പയറും തന്നു. അതും പകുതി വേവിച്ചതാണ്. പിന്നെ ദാ ഇപ്പോ വരെ ആരും ഒന്നും കഴിച്ചിട്ടില്ല. ഞങ്ങളിൽ ചിലർ മെയിൻ ഗേറ്റിലേക്ക് കയറി, ശബ്ദമുണ്ടാക്കിയപ്പോള്‍ മുഖിയ ഏര്‍പ്പാടാക്കിയ ആളുകള്‍ ഓരോ കുട്ടിക്കും 5 രൂപ വിലവരുന്ന ചെറിയ പാക്കറ്റ് ബിസ്ക്കറ്റ് നൽകിയത് മാത്രമാണ് ഉണ്ടായത്. രാവിലെ  ഒരു കപ്പ് ചായ ആവശ്യപ്പെട്ടപ്പോൾ, മുഖിയ ചിരിക്കുകയാണ്. ചായ നൽകാന്‍ സര്‍ക്കാര്‍ ഒാര്‍ഡറില്ലത്രെ.  സ്കൂളുകളില്‍  ഉച്ചഭക്ഷണം തയ്യാറാക്കുന്ന പാചകക്കാരുടെ സഹായത്തോടെ രണ്ട് സ്കൂളുകളിലാണത്രേ നമുക്കുള്ള ഭക്ഷണമുണ്ടാക്കുന്നത്. ഇവിടെ ഒരു  അടുക്കള ആരംഭിച്ചാല്‍ മതി. പക്ഷേ അതവര്‍ ചെയ്യുന്നില്ല.
ഭഗവാൻ ദാസ് പറയുന്നുണ്ടായിരുന്നു.
             നേരം രാത്രിയായി തുടങ്ങിയതോടെ കേന്ദ്രത്തിലെ ബഹളം കൂടി വന്നു. ഇപ്പോളത് വിശന്ന മനുഷ്യരെ അടച്ചിട്ട ഒരു കൂടാണ്. ആളുകള്‍ തലങ്ങും വിലങ്ങും നടക്കുമ്പോള്‍ അവരുടെ നിഴലുകള്‍ കൂടിച്ചേര്‍ന്ന് നിലം കാണാതായി. ഇടക്ക് കറന്റ് പോയപ്പോള്‍ കുട്ടികളുടെ കരച്ചിലും ആളുകളുടെ കൂക്കിവിളിയും കൂടി.
കേന്ദ്രത്തിന് അടുത്ത ഗ്രാമക്കാര്‍ക്ക് വീട്ടില്‍ നിന്ന് ഭക്ഷണവും കൊതുകുവലയും മറ്റും ബന്ധുക്കള്‍ എത്തിച്ചു കൊണ്ടിരുന്നു. ഈ തിരക്കിനിടയിലും ഒരാളോട് ജാവേദ് ചങ്ങാത്തത്തിലായി. അസമിലെ കൊക്രാജർ സ്വദേശിയായ സൊഹൈൽ അൻസാരി. യുപിയില്‍ ടേബിള്‍ ക്ളീനറായി ജോലി ചെയ്തിരുന്നയാള്‍. രണ്ടു ദിവസം മുമ്പാണ് അന്‍സാരിയെ പൊലീസ് പിടിച്ച് ക്വാറന്റീനിലാക്കുന്നത്.
              നിങ്ങൾ ഞങ്ങളെ മൃഗങ്ങളെപ്പോലെയാണ് കാണുന്നത്..ഞങ്ങൾക്ക് വെള്ളം ആവശ്യമില്ലേ? ആഹാരം ആവശ്യമില്ലേ? ബീഹാറിലേക്ക് മടങ്ങിയെത്തി ഞങ്ങൾ ഒരു തെറ്റ് ചെയ്തതായി ഇപ്പോൾ ഞങ്ങൾക്ക് തോന്നുന്നു. ഞങ്ങളെ ചികിത്സിക്കുന്ന രീതി ഞങ്ങൾ ഇതൊരു ജയിലിലാണെന്ന തോന്നലുണ്ടാക്കുന്നു. പലരും ഉറക്കെ ചോദിക്കുന്നുണ്ടായിരുന്നു.
      കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ‍ടാങ്കര്‍ വെള്ളം കേന്ദ്രത്തിലേക്ക് കൊണ്ടു വന്നു. അതില്‍ നിന്ന് വീപ്പകളിലേക്ക് വെള്ളം നിറച്ചുകൊണ്ടിരുന്നു. പിന്നീട് ആളുകള്‍ അതില്‍നിന്നും വെള്ളം കുപ്പികളില്‍ നിറക്കാന്‍ തുടങ്ങി. ടാങ്കര്‍ വേണ്ടത്ര വൃത്തിയാക്കാത്തതിനാല്‍ വെള്ളത്തിന് മുകളില്‍ എണ്ണയുടെ പാട കലര്‍ന്നിരുന്നു. അതോടെ വീണ്ടും ബഹളമായി. ചിലര്‍ വെള്ളം നിറച്ച് വീപ്പ മറിച്ചിട്ട്  മുഖിയയോട്  കയര്‍ത്തു.

ആപ് കെ പാസ് പീനെ കെ ലിയെ അച്ഛാ ബോട്ടില്‍ ബംന്ദ് പാനീ ഹെ.  തോഡ ഹമാറെ ലിയേ ഭീ ലെ.

മുഖിയയുടെ കയ്യിലെ കുപ്പിവെള്ളം ഒരു ചെറുപ്പക്കാരന്‍ തട്ടിപ്പറിച്ചു. കേന്ദ്രത്തിന് കാവല്‍ നിന്ന പൊലീസുകാരന്‍ അതു കണ്ട് മുഖിയയുടെ അടുത്തേക്കെത്തി. പ്രശ്നം മുറുകുന്നതിനിടെ ഗേറ്റില്‍ ഒരു വണ്ടി കൂടി വന്നു. അതില്‍ ഭക്ഷണപ്പൊതികളായിരുന്നു. പൊലീസുകാരന്‍ എല്ലാരോടും വരിയായി നില്‍ക്കാന്‍ പറഞ്ഞു. ഗേറ്റ് തുറക്കാതെ പുറത്തു നിന്നും അഴികള്‍ക്കുള്ളിലൂടെ പൊതി നല്‍കാനായിരുന്നു ശ്രമം. ഗേറ്റിന്റെ എല്ലാ അഴികള്‍ക്കുള്ളിലൂടെയും കൈകള്‍ പുറത്തേക്കു നീണ്ടു. തിരക്ക് നിയന്ത്രിക്കാന്‍ രണ്ടു പൊലിസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
                   ഒരു വിധം എല്ലാവര്‍ത്തും ഭക്ഷണപ്പൊതി കൊടുത്തു തീര്‍ന്നപ്പോള്‍ പൊതിയോടൊപ്പം നല്‍കിയ അര കിലോചന അൽപം ഗുർ എന്നിവ രാത്രിയിൽ വെള്ളത്തിൽ മുക്കിവയ്ക്കുകയും പ്രഭാതഭക്ഷണമായി കഴിക്കുകയും വേണമെന്ന്  മുഖിയ മൈക്കിലൂടെ വിളിച്ചു പറഞ്ഞത്.  അപ്പോഴാണ് അടുത്ത ബഹളമുണ്ടാകുന്നത്. പൊതിയായി നല്‍കിയ ചോറുണ്ടാക്കിയ അരി പഴകിയതാണ് മണം വരുന്നു എന്നൊക്കെ ആളുകള്‍ രോഷം കൊണ്ടു.

കുട്ടികൾക്ക് പാലില്ല,  പഴകിയ ഭക്ഷണം, കൊതുക് വലകള്‍ തന്നില്ല..ഇത് ജയിലാണോ? ഞങ്ങള്‍ കുടിയേറ്റക്കാരല്ല നികുതി കൊടുക്കുന്ന പൗരന്മാരാണ്.. പലരും ആഹാരപ്പൊതികള്‍ വലിച്ചെറിയാന്‍ തുടങ്ങി.
 ഒരു കിലോ പയറ് സൗജന്യമായി നൽകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നല്ലോ. മാസം അഞ്ചു കിലോ അരിയും ഗോതമ്പും ഗരിബ് കല്യാൺ ആൻ യോജനവഴി തരാമെന്ന് പറഞ്ഞല്ലോ? എവിടെ അരിയും ഗോതമ്പും. 20 ലക്ഷം കോടിയുടെ കോവിഡ് പാക്കേജില്‍ നിന്ന്  സാധാരണക്കാര്‍ക്ക് എന്ത് കിട്ടി..?
ഞങ്ങളെന്താ വിഢികളാണോ? മുഖിയയുടെ മുന്നിലുള്ള മേശ ആരോ മറിച്ചിടല്‍ കഴിഞ്ഞിരുന്നു. നാലുഭാഗത്തുനിന്നും ആളുകള്‍ അയാളെയും പൊലിസുകാരെയും നഴ്സിനെയും  വളഞ്ഞു. മുഖിയയുടെ ഷര്‍ട്ട് കീറിയിരുന്നു. പൊലീസുകാരെ ആരൊക്കെയോ ഇരുട്ടില്‍ കല്ലെറിയാന്‍ തുടങ്ങി. അവര്‍ വടിയെടുത്ത് വീശാന്‍ തുടങ്ങിയതോടെ ജനം ചിതറിയോടി. സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളി ഇരുട്ടില്‍ മുഴങ്ങി.
                    മുഖിയയും നഴ്സും പൊലീസുകാരും ആളുകള്‍ക്കിടിയില്‍ നിന്ന് ഒാടി കേന്ദ്രത്തിന്റെ മുറിയില്‍ കയറി മുറി ഉള്ളില്‍ നിന്നും പൂട്ടി. ആളുകള്‍ മുറി പുറത്തു നിന്നും പൂട്ടി. മുറിയുടെ ജനാലകളിലേക്ക് കല്ലുകള്‍ വന്നു വീണുകൊണ്ടിരുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ ഗേറ്റില്‍ നിറയെ പൊലിസുകാരുമായി ഒരു ബസ് വന്നു നിന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങി ആളുകള്‍ക്കടുത്തേക്ക് വന്നു. അയാള്‍ ആളുകളോട് സംസാരിച്ചു.

ഞാന്‍ ബ്ളോക്ക് ഡവലപ്മെന്റ് ഒാഫീസര്‍ ആണ്. നിങ്ങള്‍ക്ക് കൂടുതല്‍ സൗകര്യവും സഹായവും ഏര്‍പ്പെടുത്താന്‍ വന്നതാണ്. അകത്തുള്ളവരെ ഉപദ്രവിക്കരുത് അവരും നിങ്ങളെ സഹായിക്കാനായി സര്‍ക്കാര്‍ നിയോഗിച്ചവരാണ്..
ഞങ്ങൾക്ക് ഒരിക്കലും സമയത്തിന്  ഭക്ഷണം വിളമ്പുന്നില്ല, കിട്ടുന്നതോ പഴകിയ അരി.  ഇത്രയധികം ആണുങ്ങളും അമ്പതിലധികം സ്ത്രീകള്‍ക്കുമായി   ടോയ്‌ലറ്റുകളില്ല. ഉള്ളവ വളരെ വൃത്തികെട്ടവയാണ്. ഇത്രയുമാള്‍ക്കാര്‍ക്ക് കിടക്കാന്‍ ഇവിടെ ഒരു സൗകര്യവുമില്ല. സാമൂഹിക അകലം പാലിക്കൽ സ്ഥലപരിമിതി കാരണം നടക്കുന്നില്ല.
 തൊഴിലാളികള്‍ അയാളോട് വിളിച്ചു പറയുന്നുണ്ടായിരുന്നു.
 പൊലീസും ഉള്ളിലേക്ക് കടന്നു. ആഫീസറും പൊലീസും ചേര്‍ന്ന് കേന്ദ്രത്തിന് ഉള്ളിലുള്ളവരെ വാതില്‍ തുറന്ന് പുറത്തെത്തിച്ചു. അവരെ പൊലിസ് വാഹനത്തിലേക്ക് മാറ്റി.
നിങ്ങള്‍ സമാധാനം പാലിക്കണം. കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നോക്കൂ.ഇത് ഒരു പാന്‍ഡമിക് ആയ സാഹചര്യമാണ്. നിങ്ങള്‍ രാജ്യത്തോടൊപ്പം നില്‍ക്കേണ്ട സമയമാണിപ്പോള്‍..അസ്ഥായി കഠിനായിയോം കൊ സമാജ് കെ ബടെ ഹിത് മേം നജര്‍ അംദാജ് കിയാ ജാനാ ചാഹിയെ.
ഒാഫീസര്‍ ഉറക്കെ പറയുന്നുണ്ടായിരുന്നു.
ഞങ്ങള്‍ക്ക് കയ്യുറകളോ ശരിയായ മാസ്കുകളോ ഇല്ല. നാല് വാഷ്‌റൂമുകൾ ഞങ്ങൾക്കിടയിൽ പങ്കിടണം. ഈ രീതിയിൽ രോഗം കൂടുതൽ പടരും..ഇതിലും ഭേദമായിരുന്നു ഞങ്ങള്‍ നടന്നു തള്ളിയ റോഡുകള്‍...അവിടെ ഞങ്ങള്‍ ഇതിലും സുരക്ഷിതരായിരുന്നു.
ആളുകള്‍ വിളിച്ചു പറയുന്നത് കേട്ടുകൊണ്ട് ഒാഫീസര്‍ കേന്ദ്രം വിട്ട് പുറത്തേക്കിറങ്ങി. ഗേറ്റ് വീണ്ടും പൂട്ടി പൊലീസ് കാവല്‍ നിന്നു. ആളുകള്‍ ഗേറ്റിന്റെ അഴികളില്‍ ഇടിക്കുകയും ശബ്ദമുണ്ടാക്കുകയും ലോക്ക് കല്ലുപയോഗിച്ച് തകര്‍ക്കാനും ശ്രമിച്ചു കൊണ്ടിരുന്നു. പൊലിസുകാരെല്ലാം വടികളുമായി ബസില്‍ നിന്നിറങ്ങി. അവര്‍ ഗേറ്റ് തുറന്ന് അകത്തുകയറി. മുന്നില്‍ കണ്ട കുറേ പേര്‍ക്ക് അടി കിട്ടി. ആളുകള്‍ ചിതറിയോടി. ഒരു സംഘം കേന്ദ്രത്തിന്റെ ഒാഫീസ് അടിച്ചു തകര്‍ത്തു. കസേരകളും മേശകളും തല്ലിപ്പൊട്ടിച്ചു. ബള്‍ബുകള്‍ എറിഞ്ഞുടച്ചതോടെ കേന്ദ്രം ഇരുട്ടിലായി. ഗേറ്റിലൂടെ പുറത്തെത്തിയ അവര്‍ പാതയില്‍ കുത്തിയിരുന്നു. ആ അര്‍ധരാത്രിയില്‍ മഴ ചാറിക്കൊണ്ടിരിക്കുമ്പോളും ആളുകള്‍ പിരിഞ്ഞില്ല. പൊലീസിന് മുഖാമുഖമായി പാതയില്‍ ഇരുന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കുകയാണ് ചെറുപ്പക്കാര്‍.

സര്‍ക്കാര്‍ ഹമേം ചോദ് രഹീ ഹെ,
ഹമേം ഭീ ജീനെ കീ ജരൂരത് ഹെ
ഗാവ് ജാനെ ദൊ
ഹം കീടെ നഹീം മസ്ദൂര്‍ ഹെ..
പൊലീസ് എന്തിനും തയ്യാറായി ഇരിക്കുകയാണ്. അവര്‍ വടികളും മാര്‍ച്ചട്ടകളും ധരിച്ചു കഴിഞ്ഞു.
മസ്ദൂരോം കീ ബീച് മേം നക്സല്‍വാദ് ലഗതാ ഹെ..ഇസെ ദേശദ്രോഹ് കഹാ ജാതാ ഹെം..
മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആര്‍ക്കൊക്കെയോ ഫോണ്‍ ചെയ്യുന്നുണ്ട്. ചിലപ്പോള്‍ കൂടുതല്‍ പൊലിസ് വന്നേക്കും..

ജാവേദ് മിയാനെയും ഹൊസൈനെയും മാറ്റി നിര്‍ത്തി. നടക്കാന്‍ പോകന്നത് ചിലപ്പോള്‍ മര്‍ദ്ദനമായിരിക്കും. ഇപ്പോള്‍ ക്വാറന്റീന്‍ കേന്ദ്രത്തിന് അകത്താരുമില്ല. എല്ലാരും പുറത്താണ്. നമ്മളിവിടെ തുടര്‍ന്നാലും ദുരിതം തന്നെയാണ്. ചിലപ്പോള്‍ പൊലീസിന്റെ അടി കിട്ടിയെന്നും വരും. സമരം ചെയ്തതിന് ചിലപ്പോള്‍ ജയിലിലിട്ടെന്നും വരാം.

നമുക്ക് ഇതില്‍ നിന്ന് രക്ഷപ്പെടാം..ജാവേദ് പറഞ്ഞു.
എങ്ങിനെ? മിയാന്‍ ചോദിച്ചു.
ഇപ്പോള്‍ ആരും ആരെയും ശ്രദ്ധിക്കുന്നില്ല. മുമ്പില്‍ സമരം ചെയ്യുന്നവരൊക്കെ ഇന്നാട്ടുകാരാണ്. നമ്മളാണ് കുടിയേറ്റക്കാര്‍. നമുക്ക് ഇവിടെ നിന്നിറങ്ങി നടക്കാം. വഴിയിലെവിടെയെങ്കിലും വിശ്രമിക്കാന്‍ പറ്റുമോ നോക്കാം.
     സൊഹൈൽ അൻസാരിയും അവരോടൊപ്പം ചേര്‍ന്നു. തൊണ്ടപൊട്ടുമാറുച്ചത്തില്‍  ദേശ് നെ ഹമേം ധോഖാ ദിയാ ഹെ, വോട് ഖരീദെ ഗയെ ഔര്‍ ഛലെ ഗയെ എന്ന് ആ ചെറുപ്പക്കാര്‍ വിളിക്കുന്നത് തങ്ങള്‍ക്കു കൂടി വേണ്ടിയാണ്. അവരെ വഞ്ചിച്ചുകൊണ്ട് ഞങ്ങളിതാ ഇരുട്ടില്‍ രക്ഷപ്പെടാന്‍ പോകുന്നു ജാവേദിന് വിഷമം തോന്നി. പക്ഷേ അതല്ലാതെ നിവൃത്തിയുണ്ടായിരു ന്നില്ലല്ലോ.
                കോശി കനാല്‍ പാലത്തിലൂടെ കടന്ന് പുരന്തഹയും ആഴ്മാട്പൂരും പിന്നിട്ടു. കകാന്‍ എത്തിയപ്പോള്‍ പബ്ളിക് സ്കൂളിന്റെ ബോര്‍ഡ് കണ്ടു. പൊളിഞ്ഞു കിടക്കുന്ന ഗേറ്റിലൂടെ ഉള്ളിലേക്ക് കടന്നു. ചാണകം മണക്കുന്ന വരാന്തയില്‍ കാലുകള്‍ നീട്ടിവച്ച് ഇരുന്നപ്പോള്‍ ഹൊസൈന്‍ ഉറക്കെ വിളിച്ചു പറഞ്ഞു.
ദേശ് നെ ഹമേം ധോഖാ ദിയാ ഹെ, വോട് ഖരീദെ ഗയെ ഔര്‍ ഛലെ ഗയെ. അതേറ്റു പറയുന്ന പോലെ ഇരമ്പിവന്ന മഴ ഇരുട്ടിനെ നനച്ചു. അപ്പോള്‍ തെരുവിളക്കുകളെല്ലാം കെട്ട് രാത്രി കൂടുതല്‍ കറുത്തു.
                  23
                          കകാന്‍ കൊതുകുകളുടെ രാജ്യമായിരുന്നു. തങ്ങളുടെ ലോകത്തേക്ക് നുഴഞ്ഞു കയറിയവരെ ഏതു നിലക്കും പുറത്താക്കാന്‍ അവ പുലരും വരെ ശ്രമിച്ചു കൊണ്ടിരുന്നു. എഴുന്നേറ്റും ഇരുന്നും പുലര്‍ച്ചയായപ്പോള്‍ ആ വരാന്തയോടും വിടപറഞ്ഞ് പാതയിലേക്കിറങ്ങി. ഇടക്കൊക്കെ കിതച്ച് പോകുന്ന ലോറികള്‍ക്ക് കൈ കാണിച്ചെങ്കിലും അവര്‍ കനിഞ്ഞില്ല. പാതയിലിപ്പോള്‍ നടക്കുന്നവരുടെ വലിയ തിരക്ക് കുറഞ്ഞിരിക്കുന്നു. ബീഹാറിലെ ക്വാറന്റീന്‍ കേന്ദ്രങ്ങളുടെ ചതുപ്പുകളില്‍ അവരുടെ കാലുകള്‍ ആഴ്ന്നു കിടക്കുകയായിരിക്കുും. കുറച്ചു നടന്നപ്പോള്‍ മസ്ജിദ് ബാള്വ ചൗക്കിന്റെ മുന്നിലെത്തി. അതിനു പുറത്തെ ടാപ്പ് അരണ്ട വെളിച്ചത്തിലും കണ്ണില്‍ പെട്ടു. മുഖം കഴുകി കുപ്പികളില്‍ വെള്ളം നിറച്ച് യാത്ര തുടര്‍ന്നു.ടെങ്ങയും ഗുസ്പൂരും കടന്ന് ദീപ് നഗര്‍ എത്തിയപ്പോള്‍ പാത രണ്ടായി പിളരുന്നു. ഹൊസൈന്‍ മൊബൈല്‍ എടുത്ത് മാപ്പ് നോക്കി. തിരിഞ്ഞുപോകേണ്ട പാത കണ്ടെത്തി.
                                          പാതയോരത്ത് തകര ഷീറ്റ മേഞ്ഞ ഒരു ഡാബ തുറന്നിരിക്കുന്നുണ്ടായിരുന്നു. ചര്‍ച്ചില്‍ നിന്നും ഫാദര്‍ തന്ന പണമുണ്ട്. ചായ കുടിച്ചതിന് ശേഷം നടക്കാമെന്നുറപ്പിച്ച് അതിനു മുന്നിലെത്തി. നിറം മങ്ങിയ പാത്രത്തില്‍നിന്ന് പാലെടുത്ത് ചായക്കറ കൊണ്ട്  നരച്ചുപോയ അലുമിനിയം പാത്രത്തിലേക്ക് പകര്‍ന്നു. പാലില്‍ വെള്ളമൊഴിക്കാതെ ഇഞ്ചിയും ഏലക്കയും ചേര്‍ത്ത് കടലാസ് ഗ്ളാസുകളില്‍ തന്ന ചായയുടെ ചൂട് ചങ്കിലൂടെ ഇറങ്ങുമ്പോള്‍ ശരീരമാസകലം തരിപ്പ് പടരുകയായിരന്നു. ഡാബയുടെ ഉടമ ചാണകവരളി അടുപ്പിലേക്ക് ഇട്ടുകൊണ്ടിരുന്നു. അത് പുകഞ്ഞു കത്താന്‍ തുടങ്ങി.
           ചാണക വരളി കത്തിക്കാന്‍ പാടില്ലെന്നാണ് നിയമം.  വായു മലിനമാകുമെത്രെ.  ചാണകവും കല്‍ക്കരിയും കത്തിക്കുന്നത് നിര്‍ത്തലാക്കുന്നെത്രെ. പക്ഷേ ചായക്ക് രുചി കിട്ടണമെങ്കില്‍ ചാണകവരളി കത്തിച്ചു ചൂടാക്കണം. ചായക്ക് മാത്രമല്ല. എല്ലാറ്റിനും. ഞാന്‍ ഒരാഴ്ച ചാണക വരളി കത്തിക്കാതെ ഇരുന്നു നോക്കി. വരുന്നവരെല്ലാം പാചകത്തിന് രുചി പോരെന്ന് പരാതി പറയാന്‍ തുടങ്ങി. നോക്കൂ..നിങ്ങള്‍ പറയൂ..ചായക്ക് രുചിയുണ്ടോ എന്ന്..ബീഹാറിലൊരിടത്തും നിങ്ങള്‍ക്ക് ഈ രുചിയില്‍ ചായ കിട്ടില്ല.
          അയാള്‍ പുകഞ്ഞു ചുമയ്ക്കുമ്പോളും പറഞ്ഞു കൊണ്ടിരുന്നു. പണം കൊടുത്ത് പുറത്തിറങ്ങുമ്പോള്‍ അയാള്‍ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. അയാള്‍ക്ക് മുഖം കൊടുക്കാതെ വേഗം ഇറങ്ങി. സ്വയം ഒളിപ്പിച്ചു ചെയ്യേണ്ട യാത്രയാണിത്. ഏതു നിമിഷവും പിടിക്കപ്പെടാവുന്ന യാത്ര.
            നമുക്കിതെങ്കിലുമുണ്ട്. ഗ്രാമത്തില്‍  മുടിയും തേളും ദാലും ചനലും കഴിക്കാന്‍ കുടുംബത്തിന് കഴിയുന്നുണ്ടോ അറിയില്ല.  പാടത്ത് പണിയുണ്ടെങ്കില്‍ കുഴപ്പമില്ലായിരുന്നു.  ഒരു ചാക്ക് ഉരുളക്കിഴങ്ങ് പെറുക്കിയാൽ പത്ത് രൂപയെങ്കിലും കിട്ടും. കുട്ടികളും സ്ത്രീകളും എല്ലാം വന്നാല്‍  പത്ത് ചാക്ക് നിറയ്ക്കാം അപ്പോ നൂറ് രൂപ കിട്ടും. അതും ഇല്ലെങ്കിൽ അവരും പട്ടിണിയായിരിക്കും.
ഹൊസൈന്‍ ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.
           സുഹൃത്തുക്കളെ നിങ്ങള്‍ക്കറിയാമോ? ഈ യാത്രയില്‍ രണ്ടാം തവണയാണ് എന്നെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ പിടിച്ചിടുന്നത്. ആദ്യത്തെ കേന്ദ്രം നാട്ടുകാര്‍ ആക്രമിക്കുകയായിരുന്നു. നെറ്റിയിലെ ഈ മുറിവ് കണ്ടോ? അത് കല്ലേറു കൊണ്ടതാണ്.    നെറ്റിയിലെ മുഴയില്‍ കൈയ്യമര്‍ത്തി   സൊഹൈൽ അൻസാരി പറയാന്‍ തുടങ്ങി.
                           ഗയയിലെ ഗുരുകുൽ കോളേജായിരുന്നു ആ കേന്ദ്രം. അതിന്റെ ടോയ് ലെറ്റില്‍ വരെ ആളുകളെ പാര്‍പ്പിച്ചിരുന്നു. വെള്ളമില്ല, വെളിച്ചമില്ല, ഭക്ഷണം വല്ലപ്പോളും മാത്രം. രാവിലെ  കോളേജിന്റെ മതിലുകൾക്ക് പുറത്തുകയിറിയിരുന്നാണ് ശൗചാലയം കണ്ടെത്തിയത്. നൂറ്റിയമ്പത് പേരിലധികമുണ്ടായിരുന്നു അവിടെ. അടുത്ത ഗ്രാമത്തിലേക്ക് മടങ്ങിയെത്തിവരായിരുന്നു ഏറെ പേരും.ഭക്ഷണമായി മൂന്നു നേരവും ലഭിച്ചത് റൊട്ടിയായിരുന്നു, ആളുകള്‍ പൂരി വേണമെന്ന് ആവശ്യപ്പെട്ട് ഒച്ചയുയര്‍ത്തിക്കൊണ്ടിരുന്നു.  എന്നെ പിടിച്ചു കൊണ്ടുപോയ അന്നു രാത്രി മുഴുവന്‍ കേന്ദ്രത്തിന് നേരെ ഗ്രാമക്കാരുടെ കല്ലേറുണ്ടായിരുന്നു. ഞങ്ങളെ രാത്രി അവര്‍ ആക്രമിച്ചു കൊല്ലുമെന്നു തന്നെ ഭയന്നു. പിന്നെ പൊലിസ് എത്തി കേന്ദ്രത്തിന് കാവലിട്ടു.
                          പിറ്റെന്ന് വൈകിട്ട് പൊലീസും ആരോഗ്യ ഉദ്യോഗസ്ഥരും ആംബുലന്‍സില്‍ പിന്നെയും ആളുകളെയും കൊണ്ട് കേന്ദ്രത്തിലേക്ക് വന്നു.ഗേറ്റ് തുറക്കാന്‍ സമ്മതിക്കാതെ ഉള്ളിലുള്ളവര്‍ ബഹളം വച്ചു കൊണ്ടിരുന്നു. പുറത്ത് ഗ്രാമവാസികളും എത്തി.  പൊലിസ് രണ്ടിനും ഇടയിലായിപ്പോയി. പെട്ടെന്നാണ് കല്ലേറ് തുടങ്ങിയത്. പുറത്തുനിന്ന് ഗ്രാമീണരും ഉള്ളില്‍ നിന്ന് കേന്ദ്രത്തില്‍ പാര്‍പ്പിച്ചവരും കിട്ടിയതെല്ലാം പൊലീസിന് നേരെ വലിച്ചെറിഞ്ഞു. ആംബുലന്‍സിന്റെ ഗ്ളാസുകള്‍ തകര്‍ന്നു. പൊലിസ് വാന്‍ ആളുകള്‍ തല്ലിത്തകര്‍ത്തു.
ശാംത് ഹൊ ജാവൊ. യഹ് ഏക് ബുരാ സമയ് ഹെ. ലോഗ് സബ് കുഛ് ഠീക് കര്‍നെ മേം ലഗെ ഹെം.പൊലിസ് മൈക്കിലൂടെ വിളിച്ചു പറയുന്നുണ്ടായിരുന്നു. കല്ലുകളും മുളകളും കുപ്പികളും പൊലീസിനു നേരെ ഉയര്‍ന്നു. പൊലിസ് ലാത്തിചാര്‍ജ് തുടങ്ങി. തലങ്ങും വിലങ്ങും അടി കിട്ടി. അതിനിടയിലാണ് എന്റെ നെറ്റിക്ക് കല്ലേറ് കൊണ്ടത്.
യഹാം മരീജോം കൊ ന രഖേം. ആസ്പത്താല്‍ മേം രഖേം. ഹമേം യഹാം രഹനാ ഹെ..പൊലിസ് ഗ്രാമത്തിലേക്ക് കോവിഡുള്ളവരെ കൊണ്ടു വരുന്നു എന്നാണ് ഗ്രാമക്കാരുടെ പരാതി.
   ഭോജന്‍ ദേം സാബൂന്‍ ഒൗര്‍ മാസ്ക് ദേം..യദി നഹിം തൊ ഇസെ ഘര്‍ പര്‍ ഛോ‍ഠ് ദേം.
ആളുകള്‍ ഉറക്കെ വിളിച്ചു പറയാന്‍ തുടങ്ങി.

നിങ്ങള്‍ തന്ന  പച്ചക്കറി ചീഞ്ഞത് അരി പുഴു അരിച്ചത്.യഹ് ദൂസരാ സ്വതന്ത്രതാ സംഗ്രാം ഹെ. ഹമേം മുക്ത് കരൊ..
കൂട്ടിയ പെട്രോള്‍ വിലയില്‍ നിന്ന് കോടികള്‍ കിട്ടിയില്ലേ? പാവപ്പെട്ടവന് പത്തു കിലോ നല്ല അരി എങ്കിലും കൊടുക്കൂ..ഗരീബോം കൊ കംസെ കം ദസ് കിലോ അച്ഛാ ചാവല്‍ ദേം.
                     കേന്ദ്രത്തില്‍ വേണ്ടത്ര സൗകര്യമില്ലെന്ന് ഉള്ളില്‍ പാര്‍പ്പിച്ചവരുടെ പ്രശ്നം. ചിലര്‍ പൊലിസിന്റെ ലാത്തിയും തൊപ്പിയും തോക്കും വരെ പിടിച്ചു വാങ്ങി. നാല് പൊലിസുകാര്‍ അടിയേറ്റ് നിലത്ത് ചോരയൊലിപ്പിച്ചു കിടക്കുന്നുണ്ടായിരുന്നു. ലാത്തിയടിയേറ്റ് കയ്യും കാലും ഒടിഞ്ഞ തൊഴിലാളികളുമുണ്ടായിരുന്നു. ചിലരെ പൊലിസ് പിടിച്ച് വാനില്‍ കയറ്റി.കിട്ടിയ പഴുതിന് ഞാന്‍ ഒാടി രക്ഷപ്പെടുകയായിരുന്നു. പിന്നെയും റെയില്‍പാതയിലും റോഡിലും നടന്ന് വരുമ്പോള്‍ ക്വാറന്റീനിലാക്കാ  പൊലിസ് വീണ്ടും പിടിച്ചു.

ധര്‍ഹാറിലെത്തിയപ്പോള്‍ കനകി നദിയുടെ പാലത്തില്‍ പടിഞ്ഞാറന്‍ സൂര്യന്‍ നിഴലുകള്‍ വീഴ്ത്തിക്കൊണ്ടിരുന്നു. അവിടെ കുറച്ചു നേരം ഇരുന്നു. നേരം മൂന്നു മണിയാവുകയാണ്.
                 അവിട നിന്നു വീണ്ടും നടത്തമാരംഭിച്ചപ്പോണാണ്ഹൊസൈന്‍ നടക്കുന്നതിനിടെ സൊഹൈലിനെ നോക്കി ചോദിച്ചത്
എവിടെയാണ് ജോലി ചെയ്തിരുന്നത്..
           ഞാന്‍ അസ്സാം ടിൻസുകിയ ജില്ലയിലെ ജാഗൂണിലെ ലക്ലയിൽ നിന്നാണ്. ഞാന്‍ ജോലി ചെയ്തിരന്നത് ജയ്പൂരിലെ ഒരു ടൈലറിങ്ങ് ഫാക്ടറിയില്‍.ജയ്പൂരില്‍ നിന്നും പത്ത് പന്ത്രണ്ട്  കിലോമീറ്റർ അകലെയാണ് ഖടീപുരയിലായിരുന്നു ഫാക്ടറി.  ലോക്കൗഡൗണ്‍ ആയതോടെ ഫാക്ടറി അടച്ചു. തീരുന്ന കാലയളവ് വരെ കാത്തിരിക്കാനാവില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു, കാരണം ജോലിയില്ല,പണവുമില്ല. ആഹാരവുമില്ല.ഒരു ട്രക്കിൽ വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്ന് ഞങ്ങളുടെ  സംഘത്തിലെ ഒരാളോട്   ഒരു ട്രക്ക് ഡ്രൈവര്‍ പറഞ്ഞു. മാർച്ച് 31 ന് രാത്രി ഞങ്ങള്‍  ട്രക്കിൽ കയറി. ഭരത്പൂരിലെത്തിയപ്പോള്‍ ട്രക്കിന്റെ ഡീസല്‍  ഇന്ധനം തീർന്നു. ലോറിയില്‍ തൊഴിലാളികളെ കടത്തുകയാണെന്ന് ആരോ  പോലീസിനെ അറിയിച്ചു. അതോടെ പൊലിസ് ഞങ്ങളെ തിരിച്ച്  ഖടീപുരയിലേക്ക് കൊണ്ടുപോയി.ഞങ്ങള്‍ മുമ്പ് താമസിച്ചിരുന്ന സ്ഥലത്തിന് ചുറ്റും താമസമുള്ള ആളുകള്‍ ഞങ്ങളെ  തിരിച്ചെടുക്കാൻ വിസമ്മതിച്ചു.രണ്ടു ദിവസം കൊണ്ട് ഞങ്ങളെ നിത്യവും കണ്ടിരുന്ന ആളുകൾക്ക് ഞങ്ങള്‍ കുടിയേറ്റക്കാരും അപരിചിതരുമായി. ഞങ്ങളെല്ലാം പുതിയ ആളുകളാണെന്നു പറഞ്ഞ് പോലീസിനെ തെറ്റിദ്ധരപ്പിച്ചു. ഏപ്രിൽ ഒന്നിന് പോലീസ് ഞങ്ങളെ മഹാവീര്‍ മാര്‍ഗിലെ രാജ് മന്ദിറില്‍ കൊണ്ടു ചെന്നാക്കി. അവിടെ പ്രവര്‍ത്തിച്ചിരുന്ന കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് ഭക്ഷണം ഏര്‍പ്പാടാക്കി. അതിന്റെ നടത്തിപ്പുകാരോട് ഞങ്ങളെ പതിനാല് ദിവസം സൂക്ഷിക്കാൻ ആവശ്യപ്പെട്ടു. രണ്ടു ദിവസം വലിയ കുഴപ്പമില്ലാതെ കഴിഞ്ഞു പോയി. മൂന്നാം നാള്‍ മുതല്‍ ഞങ്ങള്‍ക്ക് ഭക്ഷണം തരാന്‍ കഴിയില്ലെന്ന് കമ്മൂണിറ്റി കിച്ചന്റെ ആളുകള്‍ പറഞ്ഞു. അവിടത്തെ നാട്ടുകാരും ഞങ്ങളെ അവിടെ പാര്‍പ്പിക്കുന്നതില്‍ എതിരായിരുന്നു.
             മണ്ടന്‍ കുടിയേറ്റക്കാര്‍..ഇവരെ തീറ്റിപ്പോറ്റേണ്ട ജോലി നമുക്കില്ല. അവര്‍ അവരുടെ ജനിച്ച നാട്ടില്‍ പോകട്ടെ. എന്നായിരുന്നു നാട്ടുകാരുടെ വാദം. അവിടെനിന്നും ഇറങ്ങി നടക്കുമ്പോള്‍ ഉണ്ടായിരുന്നവരെല്ലാം പലവഴിക്ക് ചിതറിപ്പോയി. പിന്നെ ട്രക്കിലും കാളവണ്ടിലും ഒക്കെയായിയാത്ര. എന്റെ മൊബൈല്‍ ഞാനൊരാള്‍ക്ക് വിറ്റു. ആ പണം കൊണ്ടാണ് അടുത്ത ദിവസങ്ങളില്‍ ഭക്ഷണം വാങ്ങിയത്. മൊബൈല്‍ കയ്യിലുള്ളവര്‍ക്ക് നടക്കുമ്പോള്‍ അത് ദിശ കാണിച്ചു. അല്ലാത്തവര്‍ക്ക് വഴിയറിയാന്‍ തീവണ്ടിപ്പാളങ്ങളോ, പാതയോരത്തെ ബോര്‍ഡുകളോ ഒക്കെയായിരുന്നു സഹായം. ഒരു ദിവസം രാത്രി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
                    ഞങ്ങളന്ന് കുറെ പേരുണ്ട്. പാളത്തിലൂടെ നടന്ന് രാത്രി ഒരു സ്റ്റേഷനിലെത്തി. അവിടെ നിന്നും ചപ്പാത്തിയും പൂരിയും സബ്ജിയുമെല്ലാം കിട്ടിയിരുന്നു. ആ പൊതികളും പിടിച്ച് പിന്നെയും കുറെ ദൂരം നടന്നിരുന്നു. ക്ഷീണം കാരണം ഞങ്ങള്‍ പാളത്തിന്റെ ബീമുകള്‍ക്ക് മുകളില്‍ ഇരുന്നു. ചപ്പാത്തികള്‍ തിന്നു. വെള്ളം കുടിച്ചു.  പിന്നെ പാളത്തില്‍ തന്നെ കിടന്നുറങ്ങി. കുറച്ചു മണിക്കൂറികള്‍ കടന്നു പോയിക്കാണും. ഞാന്‍ തലവച്ചു കിടന്ന പാളത്തിലൂടെ എന്റെ ചെവിയിലേക്ക് ഇരുമ്പ് ഉരയുന്ന ശബ്ദം വന്നു മുഴങ്ങാന്‍ തുടങ്ങി. അതിന് നേരിയ വിറയലുണ്ടായിരുന്നു. സമയം നീങ്ങുന്തോറും ആ ശബ്ദത്തിന്റെ മുഴക്കം കൂടിവന്നു.
ഭായ് അതൊരു ട്രെയിന്‍ വരുന്നതായിരുന്നു. ആ സമയം പത്തിരുനൂറ് മീറ്ററെങ്കിലും നീളത്തില്‍ പലയിടത്തായി ആളുകള്‍ ഇരുമ്പില്‍ തലവച്ച് ഉറങ്ങുന്നുണ്ടായിരുന്നു. വണ്ടി വരുന്നുണ്ടെന്ന് മനസ്സിലായതോടെ ഞാന്‍ ഉറക്കെ നിലവിളിച്ചു. എല്ലാവരോടും എഴുന്നേല്‍ക്കാനും ഒാടാനും പറഞ്ഞു. ചിലര്‍ എഴുന്നേറ്റു. അവര്‍ക്കും കാര്യം മനസ്സിലായിരുന്നില്ല. അത്രയും പേരെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തി പാളത്തില്‍ നിന്നു മാറ്റുകയെന്നത് സാധിക്കുന്ന കാര്യമല്ലായിരുന്നു. തീവണ്ടി വരുന്നതും ഞങ്ങള്‍ക്ക് മുകളിലൂടെ കയറിപ്പോകുന്നതും ആലോചിച്ചപ്പോള്‍ ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാള്‍ അയാളുടെ ബാഗ് പാളത്തില്‍ വച്ച് ലൈറ്റര്‍ കൊണ്ട് തീ കൊളുത്തി. ആ വെളിച്ചം കണ്ടിട്ടോ എന്തോ മിനുട്ടുകള്‍ക്കകം പാഞ്ഞു വരികയായിരുന്ന ചരക്കുവണ്ടി ഞങ്ങള്‍ കിടന്നിരുന്നതിന്റെ അല്പം മാറി അലറി നിന്നു. ആലോചിക്കാന്‍ വയ്യ അന്ന് ഉണര്‍ന്നിരുന്നില്ലെങ്കില്‍ പിന്നെ ഒരിക്കലും ഉണരില്ലായിരുന്നു. അതില്‍ പിന്നെ റെയില്‍ പാതയിലൂടെ നടന്നിട്ടില്ല. പ്രധാന പാതയിലൂടെയും നാട്ടുവഴികളിലൂടെയും നടന്നു. വഴി തെറ്റി. പൊലിസിന്റെയും നാട്ടുകാരുടെയും അടി കിട്ടി. ആഹാരത്തിനായി പിച്ച തെണ്ടി. ഒരു കഷണം ബ്രഡ് കൊണ്ട് ഒരു പഴം കൊണ്ടൊക്കെ ഒരു ദിവസം ജീവിച്ചിരുന്നിട്ടുണ്ട്.  ബിഹാര്‍ എത്തിയപ്പോള്‍ രണ്ടിടത്ത് പിടിച്ചിട്ടു.
                പലസ് മണിയില്‍ ടോള്‍ പ്ളാസയില്‍ കത്തിനിന്ന മഞ്ഞ വെളിച്ചങ്ങള്‍ക്ക് താഴെ വിരിവച്ച് കിടക്കുന്നവര്‍. കിടന്നു കൊണ്ട് വീട്ടിലേക്ക് വിളിക്കുന്നവര്‍. രാത്രിയില്‍ കിടക്കാന്‍ പറ്റിയ താവളമെന്നായതോടെ നടത്തം നിര്‍ത്തി. ടോള്‍ പ്ളാസയില്‍ നിന്നും ‍ ഏതെങ്കിലും ട്രക്ക് കിട്ടിയാല്‍ ഭാഗ്യമാവും. അങ്ങിനെ പറഞ്ഞു ഇരിക്കാന്‍ തുടങ്ങുമ്പോള്‍ നേരത്തെ ഇരുന്നിരുന്ന ഒരു സംഘം എഴുന്നേറ്റു. ബഹദൂര്‍ ഗഞ്ചും സമേസറും ബാന‍്‍ഗോണും കഴിഞ്ഞാല്‍ എകരയില്‍ ഒരു ടോള്‍ പ്ളാസ കൂടിയുണ്ടെന്നും അവിടെ കുടിക്കാന്‍ വെള്ളവും ശുചിമുറിയുമൊക്കെ ഉണ്ടെന്നും പറഞ്ഞ് അങ്ങോട്ട് നടക്കുകയാണ് അവര്‍. പിന്നെ അവരുടെ കൂടി കൂടി.എകരയില്‍ എത്തുമ്പോള്‍ രാത്രി പത്തുമണി. ടോള്‍ പ്ളാസയുടെ കാലുകള്‍ക്ക് താഴെ കിടന്നുറങ്ങുമ്പോള്‍ കഴിക്കാനുണ്ടായിരുന്നത് ബിസ്കറ്റും കുപ്പിവെള്ളവും മാത്രം. ഒരിടത്ത് ഇരുന്നാലും കാലുകള്‍ ചലിക്കുന്ന പോലെ.
              ഉറങ്ങുമ്പോള്‍ പൊട്ടക്കണ്ണില്‍ നിന്നും ചോരയൊലിപ്പിച്ച് നിലവിളിച്ചുകൊണ്ട് ഒരു ചരക്കുവണ്ടി പാഞ്ഞു വരികയാണ്. അതിന്റെ ഇരുമ്പൊച്ച ചെവികളെ മൂടുന്നു. മിന്നായം പോലെ അതു കടന്നു പോയ ഇടത്ത് റെയിലിന് ചുകപ്പ് നിറമായിരുന്നു. പാളത്തിലൂടെ ഒഴുകുന്ന ചുവന്ന നദി. ഉറങ്ങിക്കിടന്ന അനേകം പേര്‍ ഊരിത്തെറിച്ച കൈകാലുകളോെടെ ആ ഒഴുക്കില്‍ പൊങ്ങി കിടക്കുന്നുണ്ടായിരുന്നു. അരഞ്ഞു ചിതറിയ തുണികളും ചിതറിയ ഭക്ഷണപ്പൊതികളും പാളങ്ങളെ മൂടിക്കിടന്നിരുന്നു. ഞെട്ടിയുണരുമ്പോള്‍ ബ്രഹ്മപുത്രയെ കുടിച്ചുവറ്റിക്കാന്‍ മാത്രമുള്ള ദാഹത്തെ രണ്ടിറക്ക് കുപ്പിവെള്ളത്തില്‍ അടച്ചു വച്ച് ജാവേദ് കിതച്ചു.
           


                 24                                                               
             കുട്ടികളുടെ കരച്ചില്‍. അവരെ സ്നേഹത്തോടെ ശാസിക്കുന്ന സ്ത്രീ ശബ്ദം. ഇതെല്ലാം കേള്‍ക്കുമ്പോള്‍ അത് സ്വപ്നമാണോ താന്‍ വീട്ടിലെത്തിയോ എന്ന് ഉറപ്പുവരാതെ ജാവേദ് ഉണര്‍ന്നു. തെട്ടടുത്ത് കിടന്നുറങ്ങുന്ന കുടുംബമാണ് . പാതയിലാണ് കിടപ്പെങ്കിലും ഉറക്കം വിട്ട് എഴുന്നേല്‍ക്കാന്‍ മടികാണിക്കുന്ന കുട്ടികളെ ഉണര്‍ത്തുകയാണ് അച്ഛനും അമ്മയും. മുഷിഞ്ഞ സാരി വാരിച്ചുറ്റി ചെറിയ കുട്ടിക്ക് കുടിക്കാന്‍ വെള്ളം കൊടുക്കകയാണ് അമ്മ. മറ്റൊരു കുട്ടി എഴുന്നേറ്റ് അച്ഛന്റെ കയ്യില്‍ പിടിച്ചു നില്‍ക്കുകയാണ്. അപ്പോളാണ് ശ്രദ്ധിച്ചത് ആ കുട്ടിയുടെ വലതു കാല്‍ മുട്ടിനു താഴെ ശോഷിച്ചിരുന്നു. നടക്കാന്‍ വയ്യാത്ത ഈ കുട്ടിയെയും ചുമന്നുള്ള യാത്ര മനസ്സില്‍ വന്നപ്പോള്‍ ജാവേദ് കണ്ണുകള്‍ പിന്‍വലിച്ചു.
                                             കൂട്ടുകാര്‍ എഴുന്നേല്‍ക്കുന്നതേയുള്ളൂ. ഇപ്പോള്‍ കുട്ടിയും അച്ഛനും ജാവേദിന്റെ അരികിലേക്ക് വരികയായിരുന്നു..
ഭായി കുട്ടികള്‍ക്ക് കുടിക്കാനാണ്...വെള്ളമുണ്ടോ കയ്യില്‍, ഞങ്ങളുടെ പക്കലുള്ളത് തീര്‍ന്നു പോയി.
ജാവേദ് മിയാന്റെ ബാഗിനടുത്ത് ഉണ്ടായിരുന്ന പകുതി തീര്‍ന്ന കുപ്പി അയാള്‍ക്ക് നേരെ നീട്ടി. അായള്‍ അതുകൊണ്ട് ഭാര്യയുടെ കയ്യില്‍ കൊടുത്തു. അവര്‍ ആ കുപ്പി വാങ്ങി ചെറിയ കുട്ടികള്‍ക്ക് കൊടുത്തു കൊണ്ടിരുന്നു.അയാള്‍ വീണ്ടും ജാവേദിന് അരികിലെത്തി.
ഇസ് സടക് അംതഹീന്‍ ദിഖ് രഹീ ഥീ. ഹമാരെ പാസ് ഭോജന്‍ കെ ലിയെ പൈസെ നഹിം ഔാര്‍ മേരെ ബച്ചോം നെ ഫര്‍ശ് പര്‍ സോനെ കെ ലിയെ ഛോടെ ബ്രേക്ക് ലിയെ..
 എവിടേക്കാണ്  പോകുന്നത്?
ഗോത്രയിലേക്കാണ്..ഞാന്‍ രാം ദേവ്, ഭാര്യ അംത. നാലുമക്കാളാണ്. മൂത്തവന് കാലിന് സുഖമില്ല..നടക്കുമ്പോള്‍ അവനെ ചുമലിലിരുത്തണം. ചെറിയ രണ്ടു കുട്ടികളെയും ഭാര്യ എടുത്തു നടക്കണം. പെടാപ്പാടാണ് ഭായി, മനസ്സ് ഇരുളുകയാണ് ഞങ്ങള്‍ക്ക്  ഗ്രാമത്തിലേക്ക് എത്താന്‍ കഴിയില്ലേ?  എന്റെ കുടുംബം റോഡിന്റെ വശത്ത് മരിച്ചുവീഴുമോ?
അയാള്‍ തേങ്ങുന്നുണ്ടായിരുന്നു. അപ്പോളേക്കും മിയാനും ഹൊസൈനും എഴുന്നേറ്റു. ബാഗുകള്‍ എടുത്ത് യാത്ര തുടങ്ങി. രാം ദേവും കുടുംബവും അവരോടൊപ്പം നടക്കാന്‍ തുടങ്ങുകയാണ്.
ഭായ്..എന്താണിവന്റെ പേര്? കാലിന് സുഖമില്ലാത്ത കുട്ടിയെ ചൂണ്ടി ജാവേദ് ചോദിച്ചു.
സുമിത്..അയാള്‍ പറഞ്ഞു.
ഇവനെ കുറച്ചു നേരം ഞാന്‍ എടുക്കാം. താങ്കള്‍ക്ക് ഒരാശ്വാസമാകുമല്ലോ?
ചോദിച്ചത് താങ്കളുടെ വലിയ മനസ്സുകൊണ്ടാണ്..വേണമെന്നില്ല ഭായ്. ..അയാളുടെ ഭാര്യ കണ്ണുകൊണ്ട് അയാളെ വിലക്കുന്നത് ജാവേദ് കണ്ടു.
അല്ല ഭായി ..കുറച്ചു നേരം ഞാന്‍ എടുക്കാം. പേടിക്കണ്ട ഞങ്ങളും നിങ്ങളുടെ അതേ വഴിക്കാണ്..ഞങ്ങള്‍ക്ക് ഇനിയും എത്രയോ ദിവസത്തെ യാത്രയുണ്ട്. നിങ്ങള്‍ എത്രയോ നേരത്തെ എത്തും..
       മനസ്സില്ലാ മനസ്സോടെ രാംദേവ് കുട്ടിയെ ജാവേദിന് കൈമാറി. ജാവേദ് അവനെ ചുമലില്‍ എടുത്തു. വീട്ടില്‍ കുട്ടികളെ ചുമലിലിരുത്തി ബിഹു നൃത്തം കാണാന്‍ നടക്കുന്നതു പോലെ അയാള്‍ക്ക് തോന്നി. ഇപ്പോള്‍ താനൊരു കുടുംബ നാഥനാണ്. നടക്കുന്നത് പുഷ്പലതയും കുട്ടികളുമാണ്. ഈ പാതയിപ്പോള്‍ ഗധാരിയയാണ്.  ഈ രോഗകാലമല്ലായിരുന്നെങ്കില്‍ ഗ്രാമമിപ്പോള്‍  ബിഹുവിനെ വരവേല്ക്കാന്‍ ഒരുങ്ങിയിട്ടുണ്ടാകും.  വഴിയോരങ്ങള്‍ ഗാമോസയുടെ കൂമ്പാരമായി മാറിയിട്ടുണ്ടാകും. മുതര്‍ന്നവര്‍ കുടുംബത്തിലെ അംഗങ്ങള്‍ക്ക് പുതുവസ്ത്രങ്ങള്‍ വാങ്ങിക്കാനുള്ള തിരക്കിലായിരിക്കും. വീടുകളില്‍ അരിയും തേങ്ങയും ചേര്‍ത്ത് പിത്തയും, ലരുവും, ജോല്‍പ്പനും‍ അരിയുണ്ടയും എള്ളുണ്ടയും ഉണ്ടാക്കാന്‍ സ്ത്രീകള്‍ തിരക്കിലായിരിക്കും. ഗോസായി ബിഹുവിന് പൂജാമുറികളിലെ വിഗ്രഹങ്ങള്‍  തേച്ചുകഴുകി വൃത്തിയാക്കുന്നിടത്ത് കുട്ടികള്‍ മത്സരിക്കുന്നുണ്ടാകും. മുഗ ധരിച്ച് നൃത്തമാടുന്ന ചെറുപ്പക്കാരും പെണ്‍കുട്ടികളും.ജെംഗ് ബിഹുവിന്  നൃത്തത്തിന്  ഗ്രാമത്തിലെ സ്ത്രീകള്‍ കൂട്ടം കൂടുന്നുണ്ടാകും.രോഗത്തിന്റെ ഇക്കാലത്ത് എങ്ങിനെ പാട്ടുകള്‍ പാടും, എങ്ങിനെ നൃത്തം ചെയ്യും? ബിഹു നൃത്തവും പാട്ടും വിഭവങ്ങളും നിറഞ്ഞിരുന്ന ഗുവാഹാട്ടി ഇപ്പോള്‍ ശ്മശാനം പോലെ മൂകമായിരിക്കും. എല്ലാ ഇല്ലായ്മകള്‍ക്കിടയിലും അല്പം സന്തോഷം കൊണ്ടു വരുന്ന ബിഹു കൂടി ഗ്രാമങ്ങളില്‍ നിന്നും അകന്നു പോകുന്നു. ശാരീരിക അകലങ്ങള്‍ വീടുകളെ ചേര്‍ത്തു കെട്ടുന്ന നാരുകള്‍ അറുത്തു കളയുന്നു. എല്ലാവരും മറ്റുള്ളവരെ പേടിക്കുന്ന അടുക്കാന്‍ അറയ്ക്കുന്ന തൊടാന്‍ വെറുക്കുന്ന കാലത്ത് എങ്ങിനെയാണ് കൈകോര്‍ത്തു പിടിച്ച് നൃത്തം ചെയ്യുന്നത്? ബ്രായ് ഷിബ്രായ് എന്തെങ്കിലും ഒന്ന് തീരുമാനിച്ചിട്ടുണ്ടാകും..
                          കുഹനിയ കടന്നപ്പോള്‍ പുഅഖളിയില്‍ പൊലിസ് തടഞ്ഞു. രാംദേവും കുടുംബവും കുട്ടികളെയുമെല്ലാം കണ്ടപ്പോള്‍ അവര്‍ കടത്തിവിട്ടു.  ബെലാഗോറി പിന്നിട്ടപ്പോള്‍ പാതയോരത്ത് കണ്ട പെട്രോള്‍ പമ്പിനരികിലെത്തി.  അംത കൂട്ടത്തിനൊപ്പം നടന്നെത്താന്‍ കഷ്ടപ്പെട്ടിരുന്നു. പലപ്പോഴും അവള്‍ പല്ലുകടിച്ച് ശപിക്കുന്നുണ്ടായിരുന്നു. നേരം ഉച്ചയായിരിക്കുന്നു.  
ഒന്നു നിന്നിട്ട് പോകാം. കുട്ടികള്‍ക്ക് ഒരു വിശ്രമമാവട്ടെ.
കൊരോനാ വൈറസ് സെ പഹലെ ഭൂഖ് ഹമേം മാര്‍ ദേംഗി
                                                ഇപ്പോള്‍ ആ കുടുംബത്തോട് മിയാനും സൊഹൈലും ഹൊസൈനുമെല്ലാം ചങ്ങാത്തത്തിലായിരിക്കുന്നു. രണ്ടു കുട്ടികളെ അവരാണിപ്പോള്‍ ചുമലില്‍ എടുത്തിരുന്നത്. മാറോട് ചേര്‍ത്ത് തുണി കൊണ്ട് കെട്ടിയ അറയില്‍ ചെറിയ കുഞ്ഞിനെ തൂക്കിയിട്ട്  മംത അവരോടൊപ്പം നടന്നു.
രാംദേവ് വീണ്ടും പറഞ്ഞു തുടങ്ങി.
ഞാന്‍ മധ്യപ്രദേശിലായിരുന്നു ഭായ്. കഴിഞ്ഞ വര്‍ഷമാണ് ഇവരെയും അങ്ങോട്ട് കൊണ്ടു പോയത്. ലോക്ക് ഡൗണിന് മുമ്പ് പ്രതിദിനം  നാനൂറ് രൂപക്ക് പണിയെടുത്തിരുന്നു.  ബന്ദ് ആയതോടെ ഒരു ജോലിയും ഉണ്ടായിരുന്നില്ല. എന്റെ പണം തീർന്നു, ഭക്ഷണമില്ലായിരുന്നു. വാടക നൽകാനോ ഭക്ഷണം വാങ്ങാനോ മാർഗമില്ല.അതിനാലാണ്  മടങ്ങിയത്. പ്രശ്നങ്ങളൊതുങ്ങിയാലും ഇനി ഞാന്‍  മധ്യപ്രദേശിലേക്ക് പോകില്ലെന്ന് ഉറപ്പിച്ചു. ഇനിയുള്ള കാലം ഗോത്രയിലെ സ്ഥലത്ത് കൃഷിയെടുത്ത് ജീവിക്കും.
      മെയിൻ തോ യുസ് ട്രക്ക് വാലെ കാ ഭീ ഷുക്ർ ഗുസാർ ഹുൻ ജിസ്നെ ഏക് ഹജാര്‍ രൂപെ മേം ഹം ലോഗോ കോ കാഫി യുപി തക് പഹുച്ച ദിയ. ട്രക്ക് വാലെ തോ ഗാരീബ് ഹെയ്ൻ, അപ്ന പരിവാർ ഭി തോ തോ ചലാന ഹായ്. സര്‍ക്കാരോ നമ്മുടെ തൊഴിലുടമകളോ ഒന്നും തന്നില്ലല്ലോ..അപ്പോള്‍ ട്രക്കുകാര്‍ അത്രയെങ്കിലും ചെയ്തില്ലേ. ഏറെ സമയം കഴിയുമ്പോള്‍ കുട്ടികളുടെ വയറു മുഴങ്ങും. ശീലമില്ലാത്തത് കൊടുത്താല്‍ കഴിച്ചയുടനെ അവർ ഛർദ്ദിക്കാനും വയറുവേദനയെക്കുറിച്ച് പരാതിപ്പെടാനും തുടങ്ങും. അവര്‍ മിണ്ടാതിരിക്കാൻ ഞങ്ങൾ ഒരു ബിസ്കറ്റ് കൊടുക്കും. അതായിരുന്നു ആഹാരവും മരുന്നും.ഞങ്ങൾക്കും വിശക്കുന്നുണ്ടായിരുന്നു. പക്ഷേ ഞങ്ങൾക്ക് മറ്റ് മാർഗമില്ല. ഇക്കാലത്ത് ഓരോ രൂപയും ലാഭിക്കേണ്ടതുണ്ട്.
                ഒപ്പം നടന്നുണ്ടായ പരിചയം കൊണ്ടാവണം അംതയും സംസാരിക്കാന്‍ തുടങ്ങി. അവളുടെ മാറോട് ചേര്‍ത്ത് കെട്ടിയ അറയില്‍ മാസ്ക് ധരിപ്പിച്ചത് പിടിച്ചു വലിക്കുന്ന രണ്ടു കുഞ്ഞിക്കെൈകള്‍.
 ഇതിെ അതിജീവിക്കാൻ ഞങ്ങൾക്ക്  ഗ്രാമത്തിലേക്ക് മടങ്ങുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു, നടന്നു തീര്‍ത്ത എനിക്ക് സങ്കൽപ്പിക്കാവുന്നതിലും ഭയാനകമാണ്. പൊലിസ് തന്ന ഒരു ഡസൻ പുരിയും രണ്ടു പാക്കറ്റ് റൊട്ടിയും കൊണ്ട് അഞ്ചു ദിവസം ഒരു കുടുംബം കഴിഞ്ഞതോര്‍ക്കുമ്പോള്‍.കുട്ടികളുടെ  കാലുകൾ വീർത്തു പൊട്ടി. രാത്രി മുഴുവൻ നടന്നു, ഒരു മണിക്കൂർ ഇടവേളകൾ മാത്രം നിർത്തി. ഇനിയിപ്പോള്‍ ഗ്രാമത്തിൽ എത്തിയിട്ടും ഭക്ഷണത്തിന് പണമില്ല. ഞങ്ങൾ എങ്ങനെ അതിജീവിക്കുമെന്ന് എനിക്കറിയില്ല.
              യഹ് സര്‍ക്കാര്‍ ഗരീബോം ദ്വാരാ പ്രായോജിത് ഏക് മഹാമാരി ഹെ. ഗരീബീ ഹമാരാ ജന്മസിദ്ധ് അധികാര്‍ ഹെ. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് കുടിയേറ്റ കൂലിത്തൊഴിലാളികൾക്ക്  ഇനി വരാന്‍ പോകുന്നതെന്തും ദുരന്തമാണെന്ന് മനസ്സിലായില്ലേ? നാളെ പത്തുമണിക്ക് അദ്ദേഹം വീണ്ടും ടെലിവിഷനില്‍ വരും. ഇരുപത്തി ഒന്നു ദിവസത്തെ യുദ്ധം കഴിഞ്ഞ് മിക്കവാറും അടുത്ത യുദ്ധത്തിന്റെ തിയ്യതികള്‍ പ്രഖ്യാപിക്കാന്‍.ഒഡീഷയും പഞ്ചാബും മഹാരാഷ്ട്രയും  കർണാടകയും, പശ്ചിമ ബംഗാളും, തെലങ്കാനയുമെല്ലാം ലോക്ക് ഡൗണ്‍ നീട്ടണമെന്ന് പറഞ്ഞു കഴിഞ്ഞു. ആരറിയാന്‍ വീടു പിടിക്കാന്‍ നടക്കുന്നവരുടെ കെടുതികള്‍.  ഹമാരാ മന്ത്ര് ജാന്‍ ഹെ സെ ജഹാന്‍ ഹെ. ലേകിന്‍ അബ് ജാന്‍ ഹെ ജഹാന്‍ ഹെ എന്നാണിപ്പോള്‍ പറയുന്നത്. നേരത്തെ ലോക്ക് ഡൗണ്‍ ചെയ്തതിനാല്‍ വികസിത രാജ്യങ്ങളെക്കാള്‍ ഇന്ത്യയുടെ സ്ഥിതി മികച്ചതാണെന്നാണ് അവര്‍ പറയുന്നത്.  ലോക്ക്ഡൗണ്‍ നിർത്തലാക്കിയാൽ അതു കൊണ്ടുണ്ടായ എല്ലാ നേട്ടങ്ങളും നഷ്‌ടപ്പെടുമെത്രെ.അത് നീട്ടേണ്ടത് പ്രധാനമാണെന്നാണ് ഭരിക്കുന്നവരുടെ വാദം..എന്തു നേട്ടമാണ് നാം സാധാരണക്കാര്‍ക്ക് ഉണ്ടായിട്ടുള്ളത്. ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. വാഗ്ദാനങ്ങളൊന്നും നമുക്കല്ല..അത് പണമുള്ളവര്‍ക്കുള്ളതാണെന്നാണ്.
ഹൊസൈന്‍ ദേഷ്യത്തോടെ പറഞ്ഞു. 
മരിക്കുന്നെങ്കിലും സമാധാനത്തോടെ മരിക്കാന്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാനല്ലേ എല്ലാവരും ശ്രമിക്കുന്നത്. ആയിരക്കണക്കിന്  തൊഴിലാളികൾ മരിച്ചിട്ടുണ്ട്. അവരെല്ലാം  ഈ രാജ്യം  കൊറോണക്കെതിരെ പോരാടിയതില്‍ മരിച്ച പടയാളികളാണ്. പട്ടാളക്കാരേക്കാള്‍ ധൈര്യം കാണിച്ചല്ലേ നമ്മള്‍ തെരുവിലൂടെ നടന്നത്. ഒാരോ ദിവസവും നടന്നു തീര്‍ക്കുന്ന ദൂരവും പ്രദേശങ്ങളും നാം പിടിച്ചടക്കി. ജയ് ജവാന്‍ ജയ് കിസാന്‍ എന്നുമാത്രം പറഞ്ഞാല്‍ പോര, ജയ് മജ്ദൂര്‍ എന്നും പറയേണ്ടിവരും.. മിയാന്‍ ഒന്നു തിരിഞ്ഞു നിന്നു.
                 സബോടങ്ങിയും ഗംബീര്‍ഗാറും കഴിഞ്ഞപ്പോള്‍ ശിവ മന്ദിറിന് മുന്നില്‍ പിന്നെയും കുറച്ചു നേരം ഇരുന്നു. ജിരണ്‍ഗഞ്ചില്‍ നാച്ചി നദിയുടെ പാലം കടന്നു. ഇപ്പോള്‍ രാംദേവും അംതയുമെല്ലാം സന്തോഷത്തിലായിരിക്കുന്നു. അവരുടെ ഗ്രാമത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം നടന്നാല്‍ മതി. ഒരു കര പറ്റാന്‍ പോകുന്നു. ഈ യാത്രയില്‍ ആദ്യം രോഹനെയും രാകേഷിനെയും വരാണസിയില്‍ പിരിഞ്ഞു. സമസ്തിപൂരില്‍ സജ്ജയിനെ പിരിഞ്ഞു. ഗോത്രയില്‍ വച്ച് ഈ കുടുംബത്തെയും പിരിയാന്‍ പോകുന്നു. ചെകര്മാരി എത്തിയാല്‍ ഹൊസൈനും മിയാനും..സൊഹൈല്‍ കൊക്രാജഹാര്‍ വരെ ഉള്ളതാണ് ആകെയുള്ള സമാധാനം. തന്റെ ഗ്രാമത്തിലേക്ക് ഇനിയും എത്രയോ ദൂരം. എത്രയോ ദിവസങ്ങള്‍. ചിലപ്പോള്‍ അതിനിടയിലെവിടെങ്കിലും വച്ച് അണുവിന്റെ ദംശനമേല്‍ക്കാം..അങ്ങിനെ വന്നാല്‍ ഒരിക്കലും വീടു പറ്റാതെ താനവസാനിക്കും. ജാവേദ് ഒാര്‍ത്തു.
          ഹരിന്‍ ദുബാലും നോനി അടരിയും ബോഗ് ഡാബറും, ദലൈഗോനും താക്കൂര്‍ ഗഞ്ചും  കഴിഞ്ഞാല്‍ ഗോത്രയായി. താക്കൂര്‍ ഗഞ്ചില്‍ നിന്ന് അധികം നടക്കാനില്ല. ഇനിയില്ല  എങ്ങോട്ടും .മരിക്കുന്നെങ്കില്‍ ഇനി ഈ മണ്ണില്‍ മതി. രാംദേവ് പറയുന്നുണ്ടായിരുന്നു. നാച്ചി നദിയുടെ മറുകര കഴിഞ്ഞാല്‍ നേപ്പാളായി. ചിലപ്പോള്‍ നാം പോകുന്ന വഴിയില്‍ പട്ടാളത്തിന്റെ ചെക്കിങ്ങ് ഉണ്ടാകും. നേപ്പാളിലേക്ക് ഈ വഴി കടക്കാന്‍ കഴിയും. രാം ദേവ് നാട് അടുക്കുന്ന സന്തോഷത്തില്‍ പറയുന്നുണ്ടായിരുന്നു.
ഗോത്രയില്‍ തങ്ങാന്‍ ഞാന്‍ പറയുന്നില്ല..ഇപ്പോള്‍ ഒരിടത്തും തങ്ങുന്നത് സുരക്ഷിതമല്ല. ചലിച്ചു കൊണ്ടേ ഇരിക്കണം. പക്ഷേ ഗോത്രയില്‍ അല്പം നടന്നാല്‍ ഗ്രാം ആസ്ഥാന്‍ മന്ദിറിലോ സങ്കട് മോഹന്‍ മന്ദിറിലോ  രാത്രി തങ്ങാന്‍ കഴിയും..വഴി തെറ്റാതെ നോക്കണം. പ്രധാന പാത മാറരുത്. തിരിഞ്ഞു പോയാല്‍ നിങ്ങളെത്തുന്നത് പട്ടേല്‍ കമ്പനിയുടെ ടീ എസ്റ്റേറ്റിലേക്കായിരിക്കും.
                                   ഗോത്രയെത്തുമ്പോള്‍ നേരം കറുത്തിരുന്നു. മഴ മൂടി നില്‍ക്കുന്നു. തണുപ്പ് കാറ്റിനൊപ്പം അരിച്ചു കയറുന്നുണ്ടായിരുന്നു.
പട്ടേല്‍ ജി കാ ഡാബാ...മിയാന്‍ ഉറക്കെ വായിച്ചു. ഭായി ഒന്നു നില്‍ക്കണേ..
         അവന്‍ ആ ഡാബയിലേക്ക് സംശയിച്ച് നടന്നു. തിരികെ വന്നപ്പോള്‍ കുട്ടികള്‍ക്ക് ജിലേബിയാണ്.
രാംദേവ് ഭായ് ഇത് നമ്മുടെ യാത്രയുടെ ഒാര്‍മ്മക്ക്. ഈ യാത്രക്കിടെ താങ്കള്‍ ഞങ്ങളുടെ ബന്ധുവായി. ഞങ്ങള്‍ക്ക് നാല് അനുജന്‍മാരെയും ഒരു പെങ്ങളേയും കിട്ടി..നമ്മള്‍ യാത്ര ചെയ്തുകൊണ്ടു തന്നെ പിരിയുന്നു.
     താക്കൂര്‍ ഗഞ്ചില്‍ പാതയോരത്ത് യാത്ര നിന്നു. രാം ദേവ് കരയുകയായിരുന്നു.
ഈ ഭായി നിന്നെ ഇത്ര നേരം എടുത്തു നടന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ കാല്‍ തൊട്ട് വന്ദിക്ക്..അയാള്‍ മകനോട് പറഞ്ഞു.നിലത്ത് നിര്‍ത്തിയ ഇടത്തു നിന്നും സുമിത് ജാവേദിന്റെ കാലുകളില്‍ തൊട്ടു വണങ്ങി. രാംദേവും അംതയും പാത മുറിച്ചു കടന്ന് അപ്പുറത്തെത്തി. രാംദേവിന്റെ ചുമലിലിരുന്ന് സുമിത് ജാവേദിന് നേരെ കൈവീശിക്കാണിക്കുന്നുണ്ടായിരുന്നു.
              സങ്കട് മോഹന്‍ മന്ദിറിന് മുന്നില്‍ അല്പസമയം ഇരുന്നു. ക്ഷേത്രത്തിന് മുന്നില്‍ ഒരാള്‍ ദീപങ്ങള്‍ തെളിയിക്കുന്നുണ്ടായിരുന്നു. മണ്ഡപത്തിന് മുന്നിലിരിക്കുന്ന അവര്‍ക്കു നേരെ അയാള്‍ നാലഞ്ചു പഴം നീട്ടി. മുഖം മൂടി കിടന്ന തുണിക്കടിയിലൂടെ രാത്രി കിടക്കണമെങ്കില്‍ കിടക്കാമെന്നും ഭഗവാന്‍ കൂട്ടുണ്ടാകുമെന്നും പറഞ്ഞ് അയാള്‍ മന്ദിറിന്റെ പിറകിലേക്ക് പോയി.
                                  ഇരുട്ട് പരന്നു തുടങ്ങുന്നു. ഒന്നുകില്‍ യാത്ര നിര്‍ത്തണം.അല്ലെങ്കില്‍ എത്താവുന്നിടത്തോളം ദൂരം നടക്കണം. അവസാനം നടന്നുകൊണ്ടേയിരിക്കാനും പറ്റിയ ഇടത്ത് വിശ്രമിക്കാമെന്നുമുള്ള ധാരണയില്‍ നടക്കാന്‍ തുടങ്ങി. ഇടക്കു കണ്ട മസ്ജിദിനു മുന്നില്‍ വീണ്ടും നിന്നു. ഹുസൈനും മിയാനും സൊഹൈലും അവിടെ വെറും നിലത്ത് പ്രാര്‍ഥിച്ചു. ജാവേദ് അവര്‍ക്കൊപ്പം ഇരുന്നു.
                              ചുര്ളിയ കഴിഞ്ഞ്  ഭട്ട് ഗോണ്‍ എത്തിയപ്പോള്‍ ട്രാഫിക് പൊലിസിന്റെ വാഹനം നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ രേഖകളെല്ലാം വാങ്ങി പരിശോധിച്ചു. ഗല്‍ഗലിയ എത്തിയപ്പോള്‍ വിണ്ടും പൊലിസ് പരിശോധന. ആദ്യം യാത്രക്ക് അനുവാദമില്ലെന്നും രാവിലെ വരെ പൊലിസ് സ്റ്റേഷനില്‍ തങ്ങണമെന്നും പിന്നീട് ആശുപത്രിക്കാര്‍ക്ക് കൈമാറുമെന്നും പൊലിസ് ഭിഷണിപ്പെടുത്തി. എല്ലാവരെയും പാതയില്‍ വിട്ടു വിട്ട് ഇരുത്തി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അവരെ നോക്കുകപോലും ചെയ്യാതെ പൊലിസ് വാഹനം അകന്നു പോയി. പൊലിസ് തിരിച്ചു വരുമെന്നു കാത്ത് ഒരു മണിക്കൂര്‍ കടന്നു പോയി. പിന്നെ രണ്ടും കല്പിച്ച് എഴുന്നേറ്റ് നടന്നു.
                      ടെമ്പിള്‍ ഗഞ്ഞ പിന്നിടുമ്പോള്‍ പാതി രാത്രിയായി. ബീഹാര്‍ പിറകിലേക്ക് മാറുകയാണ്. എത്രയോ ദിവസത്തെ നടത്തം. പിടിച്ചു പറിയും പൊലിസ് മര്‍ദ്ദനവും, ജരിസണിലെ ചര്‍ച്ചും ക്വാറന്റീന്‍ കേന്ദ്രവും എല്ലാം അനുഭവിച്ച ബീഹാര്‍. ടെമ്പിള്‍ ഗഞ്ഞ കഴിഞ്ഞാല്‍ വെസ്റ്റ് ബംഗാള്‍ ആയി. ഉറക്കം കണ്ണുകളെ തളര്‍ത്തിക്കൊണ്ടിരുന്നു. ഇതു വരെ ഒപ്പമുണ്ടായിരുന്നു മിയാനും ഹൊസൈനും പിരിയാനുള്ള ഇടമായി. കത്ഹറില്‍ വച്ച് തന്നോടൊപ്പം ചേര്‍ന്നവര്‍. ചെകര്മാരിയില്‍ വെസ്റ്റ് ബംഗാളിന്റെ ചെക്ക് പോസ്റ്റില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു.
ഞങ്ങള്‍ ഇതേ നാട്ടുകാര്‍. ഇവര്‍ അസമിലേക്കും. ഇത്രയും ദൂരം നടന്നു വരികയായിരുന്നു. മിയാന്‍ നാട് എത്തിയ ധൈര്യത്തില്‍ പൊലിസിനോട് പറഞ്ഞു.
ക്യാ കോയി പ്രമാണ്‍ പത്ര് ഹെ കി കോവിദ് മൈജൂദ് നഹീ ഹെ? അഗര്‍ ആപ് യഹാം സെ വഹാം കീ യാത്ര കര്‍നാ ചാഹ്തെ ഹെം, തൊ ആപ്കൊ ഇസകീ ജരൂരത് ഹെ., അന്യഥാ ഗ്രാമീണോം കൊ പീഡ് പീഡകര്‍ മര്‍ ടാലാ ജായേംഗാ..
വഴിയില്‍ ഞങ്ങളെ പരിശോധിച്ചിരുന്നു. രേഖകളൊന്നും തന്നില്ല. രോഗമില്ലെന്ന് ഉറപ്പാണ്. ദിവസം ഇരുപത്തി ഒന്നായി. ഞങ്ങള്‍ ഇരുപത്തിനാലിന് നടക്കാന്‍ തുടങ്ങിയതാണ്. രോഗമുണ്ടെങ്കില്‍ ഇതിനിടെ തന്നെ മരിക്കുമായിരുന്നു. രേഖകള്‍ കാണിക്കുന്നതിനിടെ ഹൊസൈനും പറഞ്ഞു.

പക്ഷേ ഈ രാത്രിയിലെ നടത്തം നിങ്ങളെ അപകടത്തിലാക്കും. വേണമെങ്കില്‍ ഇവിടെ ഷെഡിന് താഴെ കിടന്നുറങ്ങി രാവിലെ പോകു. ഗ്രാമീണര്‍ വയലന്റാണ്.  പുറമേ നിന്നുള്ള ആരെയും കോവിഡ് ഫ്രീ കടലാസില്ലാതെ ഗ്രാമത്തില്‍ കടത്തുന്നില്ല. നാളെ യാത്ര തുടരാന്‍ അത്തരം ഒരു സര്‍ട്ടിഫിക്കറ്റ് നിങ്ങള്‍ക്കും നിര്‍ബന്ധമാണ്.  
ഏറെ നേരം കഴിഞ്ഞ് പൊലിസ് യാത്രക്ക് അനുവാദം നല്‍കി. കുറച്ചു കൂടി നടന്നപ്പോള്‍ ബഞ്ചവിറ്റ ഫ്രീ വിൽ ബാപ്റ്റിസ്റ്റ് ചർച്ച് കെട്ടിടം കണ്ടു. ഇരുട്ടില്‍ അതിന്റെ നെറുകില്‍ പ്രകാശിച്ചു കൊണ്ടിരുന്ന ചുകന്ന വെളിച്ചത്തിനു താഴെയുള്ള കുരിശടയാളം. കെട്ടിടത്തിന്റെ ഗേറ്റ് ചാടിക്കടന്നു.  അവശേഷിച്ച വെള്ളം കുടിച്ച് ഗോത്രയിലെ ഡാബയില്‍ നിന്നും വാങ്ങിയ ജിലേബിയും കഴിച്ച് വരാന്തയില്‍ മലര്‍ന്ന് കിടക്കുമ്പോള്‍ കാലുകള്‍ വിറച്ചു കൊണ്ടിരുന്നു.
ദൈവമേ ഞാന്‍ നല്ലവണ്ണം ഓടുന്നുണ്ട് എന്റെ ഓട്ടം പൂര്‍ത്തിയാക്കേണമേ...ജരിസണിലെ ഫാദര്‍ ചൊല്ലിത്തന്ന പ്രാര്‍ഥന ജാവേദ് ഇരുട്ടില്‍ ഉരുവിട്ടു. അപ്പോള്‍ രൂപക്കൂട്ടിനുള്ളില്‍ നിന്ന് പ്രാവുകളുടെ ചിറകടിയൊച്ച കേട്ടു.
                                                 25
   പിന്നെ വിളിച്ചുണര്‍ത്തുന്നത്  കടുത്ത ഒരിടിയായിരുന്നു. നോക്കുമ്പോള്‍ മഴയാണ്. കാറ്റടിച്ചപ്പോള്‍ ഉറക്കത്തിനുമീതെ തൂവിയിറങ്ങിയ  മഴത്തുള്ളികള്‍ വസ്ത്രങ്ങളെ നനച്ചു കഴിഞ്ഞിരുന്നു. വരാന്തയുടെ ചുമരിനോട് ചാരിയിരിക്കുമ്പോള്‍ അടുത്ത പുലരി വന്ന് മഴയിലൂടെ എത്തിനോക്കുകയാണ്.
             ജാവേദ് ഭായ് ഇനി എനിക്ക് പോകേണ്ടത് പഖിരാലയക്കാണ്. മിയാന് മുര്‍ഷിദാബാദിലേക്കും. വല്ല വാഹനവും കിട്ടുകയാണെങ്കില്‍ ഞങ്ങള്‍ ഒരു ദിവസം കൊണ്ട് എത്തും. അല്ല നടക്കുകയാണെങ്കില്‍ ഇനിയും നാലോ അഞ്ചോ ദിവസത്തെ നടത്തമുണ്ട്.  തണുപ്പില്‍ കൈകള്‍ കൂട്ടിപ്പിണച്ച്  ഹൊസൈന്‍ പറഞ്ഞു. മീയാന്‍ അപ്പോളും ഉറക്കാമായിരുന്നു.

ഹൊസൈന്‍ അങ്ങിനെ വഴിയില്‍ വച്ച് കണ്ട നമ്മള്‍ അതേ വഴിയില്‍ പിരിയുന്നു. നമുക്കിനിയും കാണാന്‍ കഴിയുമെന്നാണ് എന്റ് പ്രതീക്ഷ. അതൊരു അപകടം പിടിച്ച കാര്യമാണെന്ന് നീ ഇടക്കിടെ പറയുമായിരുന്നെങ്കിലും...
അതെ. തുടക്കത്തില്‍ അങ്ങിനെ തന്നെയാണ് എനിക്ക് തോന്നിയിരുന്നത്. ഇവിടെ വരെ എത്തും എന്നതുപോലും ഞാന്‍ വിചാരിച്ചതല്ല. താങ്കളാണ് ഞങ്ങള്‍ക്ക് ആപല്‍ക്കരമെങ്കിലും പിന്നെയും പിന്നെയും പ്രതീക്ഷകള്‍ തന്നു കൊണ്ടിരുന്നത്..
അപ്പോഴേക്കും മിയാനും സൊഹൈലും എഴുന്നേറ്റിരുന്നു. മഴ തകര്‍ത്തു പെയ്യുകയാണ്. നേരം പുലര്‍ന്നു കഴിഞ്ഞു.
ആദ്യത്തെ പോരാട്ടം നാട്ടിലെത്തുകയെന്നതായിരുന്നു. മഴയുടെ ലക്ഷണങ്ങള്‍ കാണുമ്പോള്‍ ചിലപ്പോള്‍ ഒരു വീടും ഇല്ലാതാകും.  ഐലയെപ്പോലെ ഒരു കൊടുങ്കാറ്റുമതി പത്തോ പതിനഞ്ചോ ഗ്രാമങ്ങള്‍ ഇല്ലാതാകാന്‍. ഞാൻ കുട്ടിക്കാലം മുതൽ നിരവധി കൊടുങ്കാറ്റും വെള്ളപ്പൊക്കവും കണ്ടിട്ടുണ്ട്, പക്ഷേ ഐലപോലൊരു  കൊടുങ്കാറ്റ് കണ്ടിട്ടില്ല. അന്നു തന്നെ ഞങ്ങൾ എല്ലാവരും മരിക്കുമെന്ന് ഞാൻ കരുതിയിരുന്നു.  ചുഴലിക്കാറ്റ് വീശിയ ദിവസം ഗ്രാമത്തില്‍ പന്ത്രണ് അടി ഉയരത്തിൽ വെള്ളം ഒഴുകുന്നത് ഞാന്‍ കണ്ടു. പക്ഷേ അതില്‍ നിന്നെല്ലാം രക്ഷപ്പെട്ടു. ഒരുപക്ഷേ ഇത് വിധി ആയിരിക്കും, ഈ രോഗം കൊണ്ടു മരിച്ചുവീഴാനാകും വിധി. ചുഴലിക്കാറ്റുകളും വെള്ളപ്പൊക്കവും എന്നോ ഗ്രാമീണരുടെ ജീവിതത്തിന്റെ ഭാഗമായി മാറി. അതു പോലെ കൊറോണയും ജീവിതത്തിന്റെ ഭാഗമായി മാറുമായിരിക്കും..
അതെെ ഹൊസൈന്‍..ഇനി ജനിച്ചു വീഴുന്ന കുട്ടിക്ക് പോലും മാസ്ക് ധരിക്കേണ്ടി വരും. മരിച്ചു കിടക്കുമ്പോളും മാസ്ക് വേണ്ടിവരും. നാം സാനിറ്റെസര്‍ കൊണ്ട് കുളിക്കേണ്ടി വരും. ഇപ്പോള്‍ തന്നെ നോക്കൂ..വലിയ ആളുകള്‍ എല്ലാവരും മാസ്ക് ധരിച്ചു തുടങ്ങി. കൈ കഴുകി തുടങ്ങി. നാം സാധാരണക്കാര്‍ കൂടി ഇനി കൊറോണയോടൊത്ത് ജീവിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു. ജാവേദ് പറഞ്ഞു.
                       മേഘങ്ങള്‍ക്കടിയിലൂടെ വെയില്‍ അല്പമായി വന്നു തുടങ്ങി. പള്ളിയുടെ മുറ്റത്തെ വെള്ളം വറ്റിത്തുടങ്ങിയിരുന്നു. ഇടക്ക് ട്രക്കുകളുടെ ഇരമ്പം കേട്ടു തുടങ്ങി. നേരം പത്തുമണിയാവുകയാണ്.

ഭായി. നാഗോണിലേക്ക് ഇനിയും നാനൂറ് കിലോമീറ്ററുണ്ടാകും. രാത്രി അധികം യാത്ര വേണ്ട. ഷാൻറികളിലോ മൊബൈൽ ബേസറകളിലോ  തങ്ങുക. പക്രിഗുരി കഴിഞ്ഞുകിട്ടിയാല്‍ രക്ഷപ്പെട്ടു. പിന്നെ താങ്കളുടെ നാടായി. അവിടെ നിന്നും താങ്കള്‍ക്ക് കംരൂപ് വഴി റാഹ പിടിക്കാം.
മിയാന്‍ മൊബൈല്‍ നോക്കി ജാവേദിനോടും സൊഹൈലിനോടുമായി പറഞ്ഞു.

മിയാന്‍..വിരോധമില്ലെങ്കില്‍ ഞാന്‍ നിന്റെ ഫോണില്‍ നിന്ന് വീട്ടിലേക്ക് വിളിച്ചോട്ടെ?

മിയാന്‍ ഫോണ്‍ ജാവേദിന് നീട്ടി. രാജന്‍ ഫുകാന്റെ നമ്പറില്‍ വിരലമര്‍ത്തി കാത്തുനിന്നു. അപ്പുറത്ത് ബ്രഹ്മപുത്ര നദിയുടെ ഇരമ്പം.
രാജു ..ഇത് ജാവേദ്..ഞാന്‍ വെസ്റ്റ് ബംഗാളില്‍ എത്തി. കൂട്ടുകാര്‍ ഒപ്പമുണ്ട്. വഴികളെല്ലാം സുരക്ഷിതമാണ്. ഒന്നും പേടിക്കാനില്ല. ഇപ്പോള്‍ ബിഹുവാണോ? നമ്മുടെ ആളുകൾ വസ്ത്രം ധരിച്ച് ആഘോഷിക്കുന്നത് എനിക്കിവിടെയിരുന്ന് കാണാനാകുന്നുണ്ട്. ബിസ്ക്കറ്റിലും ചായയിലുമാണ്  കൂടുതലും രക്ഷപ്പെടുന്നത് .വഴിയിൽ ഉണ്ടായിരുന്ന നാലായിരം തട്ടിയെടുക്കപ്പെട്ടു. ഫോണും നഷ്ടമായി അതാണ് കൂട്ടുകാരുടെ നമ്പറില്‍ നിന്നും വിളിക്കുന്നത്.
എനിക്ക് താങ്കളെ സഹായിക്കണമെന്നുണ്ട്. എങ്ങിനെയാണത് ചെയ്യുക എന്നെനിക്കറിയില്ല. ഫോണും ബാങ്ക് പാസ് ബുക്കും ഒക്കെ ഉണ്ടായിരുന്നെങ്കില്‍ അതിലേക്ക് അല്പം പണം അയക്കാമായിരുന്നു. എനിക്കെത്താവുന്ന സ്ഥലത്ത് താങ്കള്‍ എത്തുമ്പോള്‍ വിളിക്കു..ഞാന്‍ എങ്ങിനെയെങ്കിലും താങ്കളെ കൊണ്ടു വന്നുകൊള്ളാം..രാജന്‍ ഫുക്കാന്‍ അയാളെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു.

ഈ വിവരമൊന്നും വീട്ടുകാരോട് പറയരു്. ഞാന്‍ സുരക്ഷിതനാണെന്ന് മാത്രം പറയു. കൊക്രാജഹാര്‍ വരെ എന്റെ കൂടെ സൊഹൈല്‍ എന്ന സുഹൃത്തുണ്ട്. അവിടെ നിന്നും നമ്മുടെ ഗ്രാമത്തിലേക്ക് അധികമില്ലല്ലോ..ഞാന്‍ ഉടനെ വീട്ടിലെത്തുമെന്ന് അവരോട് പറയൂ.
                  സുഹൃത്തുക്കളെ ഇതാ അദ്ദേഹം വന്നു കഴിഞ്ഞു. ഹൊസൈന്‍ മൊബൈലില്‍ വന്ന ഒരു വീഡിയോ എല്ലാവരെയും കാണിക്കുകയായിരുന്നു.
         നിങ്ങൾ എല്ലാവരേയും ഞാൻ അഭിവാദ്യം ചെയ്യുന്നു, വൈറസിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്കാർ നൽകിയ പിന്തുണയ്ക്ക് നന്ദി. സാമ്പത്തിക ചെലവുകൾക്കിടയിലും ലോക്കഡൗണും മറ്റു സാമൂഹിക അകലം പാലിക്കൽ നടപടികളും രാജ്യത്തിന് ഗുണം ചെയ്തു. ഇന്ത്യയില്‍ ഇതുവരെ 8,988 സജീവ കേസുകളും 339 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ കൊറോണ വൈറസ് യുദ്ധത്തിൽ അടുത്ത ഏതാനും ആഴ്ചകൾ നിർണായകമാണ്. മെയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടുകയാണ്. ഹോട്ട് സ്പോട്ടുകളെക്കുറിച്ച് ഇന്ത്യ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ലോക്ക്ഡൗണിന് കീഴിൽ, പലചരക്ക് സാധനങ്ങൾ തുടങ്ങിയ അവശ്യ കടകള്‍ മാത്രം തുറന്നിരിക്കാൻ അനുവദിച്ചിരിക്കുന്നു. മരുന്നുകൾ, ഭക്ഷ്യ റേഷൻ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ കരുതൽ ശേഖരം രാജ്യത്തുണ്ട്. നഗര ഗതാഗത സേവനങ്ങൾ എമർജൻസി സ്റ്റാഫുകൾക്കും പ്രത്യേക യാത്രാ പാസുകൾ ഉള്ളവർക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. എല്ലാ ട്രെയിനുകളും ഫ്ലൈറ്റുകളും നിർത്തിവച്ചിരിക്കുന്നത് തുടരും. ഹോട്ട്-സ്പോട്ടുകളായി മാറുന്ന സ്ഥലങ്ങളിൽ  സൂക്ഷ്മവും കർശനവുമായ നിരീക്ഷണം നടത്തേണ്ടതുണ്ട്. നിര്‍ധനരായ ആളുകളെയും കര്‍ഷകരെയും കുടിയറ്റത്തൊഴിലാളികളെയും കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നു. കൂടുതല്‍ ആനുകൂല്യങ്ങളും മാര്‍ഗ നിര്‍ദ്ദേശങ്ങളും അടുത്ത ദിവസം പുറപ്പെടുവിക്കും..
             മൊബൈലില്‍ നിന്നും കണ്ണെടുത്ത് നാലുപേരും പരസ്പരം നോക്കി.
                   ഇത് ആദ്യം മുതല്‍ക്കേ പാളിയിരുന്നു. ആദ്യ ലോക്ക് ഡൗൺ ആരംഭിക്കുമ്പോൾ അഞ്ഞൂറ്  രോഗികളാണ്  ഇന്ത്യയിലുണ്ടായിരുന്നത്. ഇരുപത്തിയൊന്ന് ദിവസമാകുമ്പോള്‍ അവസ്ഥയെന്താണ്?   വൈറസ് തടയാനുള്ള  നടപടികളിൽ രാജ്യം പരാജയപ്പെട്ടിരിക്കുകയല്ലേ?  വേഗത്തില്‍ രോഗം കണ്ടെത്താനും നിയന്ത്രിക്കാനും ശ്രമിച്ചില്ല. ചൈനയിൽ നിന്ന് വൻ തുകക്ക് വാങ്ങിയ കിറ്റുകളിൽ ഭൂരിഭാഗവും പാഴാണെന്നും  ഇന്നലെ മറ്റൊരു വാര്‍ത്തയില്‍ കണ്ടിരുന്നു. മിയാന്‍ പറഞ്ഞു.

അവര്‍ തന്നെ വൈറസിനെ ഉണ്ടാക്കി. അവര്‍ തന്നെ തുറന്നു വിട്ടു. അവര്‍ തന്നെ അതിനെതിരെ മരുന്നുണ്ടാക്കുുന്നു. മാസ്ക് ഉണ്ടാക്കുന്നു. ശരീരം മൂടാനുള്ള ഉറകളുണ്ടാക്കുന്നു. ദുരന്തം വിതച്ച് ലാഭം കൊയ്യുകയാണവര്‍.. ഇവിടെയും പറയുന്നത് അതു തന്നെയല്ലേ..? ഈ ദുരിത കാലത്തെ അവസരമാക്കി മാറ്റണമെന്നല്ലേ അവര്‍ നമ്മളോട് പറയുന്നത്..ദുരിതങ്ങളും രോഗങ്ങളും വില്‍പനക്ക് വച്ചിരിക്കുകയാണ്. അത് വാങ്ങാന്‍ വരി നില്‍ക്കേണ്ടവരാണ് നാം.സൊഹൈല്‍ തന്റെ സംശയം പറഞ്ഞു.
                               ആരും മറുപടി പറഞ്ഞിരുന്നില്ല. അടുത്ത നിമിഷത്തില്‍ പിരിയാനുള്ളവര്‍ മുഷിഞ്ഞ കുപ്പായങ്ങളില്‍ പരസ്പരം കെട്ടിപ്പിടിച്ചു.  പള്ളിയുടെ മുറ്റം പിന്നിടുമ്പോള്‍ ജാവേദ് കുരിശുരൂപത്തിലേക്ക് ഒന്നു നോക്കി. വീണിടത്തു നിന്നെല്ലാം എഴുന്നേറ്റ് വീണ്ടും നടക്കാന്‍ അത് പറയുന്ന പോലെ ജാവേദിന് തോന്നി. പാത രണ്ടായി പിരിയുകയാണ്. ഇസ്ലാംപൂരം, ഉത്തര്‍ ദിനാജ് പൂരും കടന്ന് പഖിരാലയിലേക്കും മുര്‍ഷിദാബാദിലേക്കും..അടുത്തത് ഖോരിഭാരിയും സോന ചാണ്ടിയും വഴി പക്രിഗുരിയിലേക്ക്. മിയാനും ഹൊസൈനും പിന്നിലേക്കും, ജാവേദും സൊഹൈലും മുന്നിലേക്കും നടന്നു. കണ്ണെത്തുന്ന ദൂരം വരെ പിന്തിരിഞ്ഞു നോക്കി. ഉറുമ്പുകള്‍ ഒരു കൂട്ടം വിട്ട് മറ്റൊരു കൂട്ടത്തിലേക്ക് അരിച്ചു നീങ്ങുകയാണ്.
                                                       കറിയ പിന്നിടുമ്പോള്‍ ഷോണി മന്ദിറും സ്വര്‍ണമോട്ടി മന്ദിറും കണ്ടു. പതാരം കഴിഞ്ഞ് ഖോരിഭാരി എത്തിയപ്പോള്‍ പൊലിസ് സ്റ്റേഷനു മുന്നില്‍ കുറെ പേരെ തടഞ്ഞിട്ടിരിക്കുന്നു. ചില വാഹനങ്ങളുമുണ്ട്. വരുന്നവരെയെല്ലാം പൊലിസ് പാതയില്‍ തന്നെ മാര്‍ക്കു ചെയ്ത വട്ടങ്ങളില്‍ അകറ്റി ഇരുത്തിയിരുന്നു. പൊലിസുകാര്‍ ജാവേദിനെയും സൊഹൈലിനേയും തടഞ്ഞു. ഒരു ഉദ്യോഗസ്ഥന്‍ പറയുന്നുണ്ടായിരുന്നു.

കാര്യങ്ങള്‍ കൈ വിട്ടു പോകുകയാണ്. നക്‌സൽബാരി ബ്ലോക്കിലെ  തേയിലത്തൊഴിലാളിയായ സ്ത്രീക്ക്  ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തഞ്ചോറ ടീ എസ്റ്റേറ്റില്‍ നിങ്ങള്‍ തൊഴിലാളികള്‍ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നെന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു. നിങ്ങള്‍ നിങ്ങളുടെ ഗ്രാമത്തിലേക്ക് തിരിച്ചു പോകുക മാത്രമേ കഴിയൂ. നിങ്ങള്‍ക്ക് ജോലി ചെയ്യാന്‍ നാട്ടുകാര്‍ ഫാക്ടറി തുറക്കാന്‍ സമ്മതിക്കുകയില്ല.

തൊഴിലാളികളുടെ കൂട്ടത്തിലൊരാള്‍ പൊലീസിനോട് സംസാരിക്കുന്നതില്‍ നിന്നും അവര്‍ പശ്ചിമബംഗാളിലെ തന്നെ ഇതര ജില്ലകളില്‍ നിന്നെത്തിയ തൊഴിലാളികളാണെന്ന് മനസ്സിലായി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തങ്ങളുടെ പോലെ ഗ്രാമത്തിലേക്ക് മടങ്ങി. ആദ്യ ലോക്ക്ഡൗണ്‍ കഴിഞ്ഞപ്പോള്‍ കമ്പനി തുറക്കുമെന്ന് കരുതി   ജോലിക്ക് മടങ്ങിയെത്തിയതാണ്.
ഫാക്ടറിയിൽ ഗ്രാമീണർ ഗെറാവോ നടത്തി വളയുകയായിരുന്നെത്രെ. നാട്ടുകാരെ ഭയന്ന് ഫാക്ടറി ജീവനക്കാര്‍ സ്ഥാപനം പൂട്ടി രക്ഷപ്പെട്ടു.
      എല്ലാവരെയും പൊലിസ് തെര്‍മല്‍ സ്കാനര്‍ വച്ച് പരിശോധിച്ചു. അതിനുശേഷം അവര്‍ വന്ന വാഹനത്തില്‍ തിരിച്ചു പോകാന്‍ പൊലിസ് നിര്‍ദ്ദേശിച്ചു. എല്ലാവരെയും സ്റ്റേഷനു പിന്നിലെ ഒഴിഞ്ഞ പറമ്പിലേക്ക് മാറ്റി ഇരുത്തി. പുല്ലുപിടിച്ചു കിടന്ന ആ മൈതാനത്തില്‍ പശുക്കള്‍ മേഞ്ഞു നടക്കുന്നുണ്ടായിരുന്നു. വെള്ളം കുത്തിയൊലിച്ച് കിടങ്ങുകളും തിട്ടകളും രൂപപ്പെട്ട് കിടക്കുന്ന ആ പാഴ് നിലത്തിന്റെ നനവില്‍ അമ്പതോളം പേരോടൊപ്പം ജാവേദും സൊഹൈലും കറുത്ത മേഘങ്ങള്‍ പാഞ്ഞുപോകുന്ന ആകാശം നോക്കിക്കിടന്നു. അപ്പുറത്ത് തുരുമ്പെടുത്ത ഷീറ്റ് മേഞ്ഞ കുടിലുകളില്‍ നിന്ന് നാട്ടുകാര്‍ അവരെ എത്തിനോക്കുന്നുണ്ടായിരുന്നു. കുടിലുകളിലേക്ക് കടക്കാവുന്ന ഇടങ്ങളിലെല്ലാം മുകകള്‍കൊണ്ട് തടസ്സം വച്ചിരിക്കുകയാണ്.
                              കുറച്ചു കഴിഞ്ഞപ്പോള്‍ പൊലീസ് ആഹാരപ്പൊതികളും കുപ്പിവെള്ളവുമായി വന്നു.  തൊഴിലാളികളെ ജല്ടപരയിലെ അവരുടെ ഗ്രാമത്തിലേക്ക് എത്തിക്കാന്‍ വാഹനം അന്വേഷിക്കുന്നുണ്ടെന്ന് പൊലിസ് പറയുന്നുണ്ടായിരുന്നു. വാഹനം ലഭിക്കാന്‍ താമസം നേരിട്ടാല്‍ ഇന്ന് യാത്ര നടക്കില്ലെന്നും നാളെ വരെ തങ്ങേണ്ടിവരുമെന്നും അങ്ങിനെ വന്നാല്‍ അടുത്തുള്ള സ്കൂളില്‍ താമസം ഏര്‍പ്പടുത്തുമെന്നും പൊലിസ് അറിയിച്ചപ്പോളാണ് ആളുകള്‍ക്ക് സമാധാനമായത്. രണ്ടു മണിയായപ്പോളേക്കും പൊലിസ് ഏര്‍പ്പാടാക്കിയ ഒരു ട്രക്കില്‍‍ എല്ലാവരെയും കയറ്റി. ട്രക്കിന്റെ പ്ളാറ്റ് ഫോറത്തില്‍ ഇരുന്ന്  പിന്നിടുന്ന പാതകളെ നോക്കിയിരുന്നു. സിലിഗുരി, ജുങ്ങ് ളി മോഹല്‍ കടന്നപ്പോള്‍ കാട്ടു വഴിയായി. കോടമൂടി നില്‍ക്കുന്ന പാത. ചിലയിടത്ത് ഇരുട്ടുമൂടിയ പോലെ.  സിവോകെ പിന്നിടുമ്പോള്‍ വാന്‍ പൊടുന്നനേ നിര്‍ത്തി..
ഡ്രൈവറുടെ സഹായി പിറകിലേക്ക് തലയിട്ട് ആരും ഉറക്കെ ശബ്ദമുണ്ടാക്കരുതെന്ന് പറഞ്ഞു. ആളുകള്‍ ട്രക്കിന്റെ വശത്തെ അഴികളില്‍ പിടിച്ച് മുന്നിലേക്ക് എത്തിനോക്കി..
പാതയുടെ നടുവില്‍ നില്‍ക്കുകയാണ് കാട്ടുകൊമ്പന്‍. പിറകില്‍ പിടിയും കുട്ടിയും കൂട്ടവുമായി പത്തിരുപത് ആനകള്‍..മുതുകിലേക്ക് വാരിയിട്ട മണ്ണിലും ചെളിയിലും അവ ചുവന്നു പോയിരുന്നു. കൂട്ടം പാത മുറിച്ചു കടക്കുകയാണ്. അതിന് സംരക്ഷണമായാണ് കൂട്ടത്തിലെ കൊമ്പന്‍ നടുവില്‍ നില്‍ക്കുന്നത്.  അവര്‍ നോക്കി നില്‍ക്കേ ആന വാഹനത്തിന്റെ അടുത്തേക്ക് വന്നു. വാനിന്റെ മുന്നിലെ ബോഡിയില്‍ കൊമ്പുകൊണ്ട് കുത്തി..ലോറി ആടിക്കൊണ്ട് പിറകിലേക്ക് മാറി..

കാളി മാതാ ഹമേം ബചാവോ..ലോറിക്കു പിറകില്‍ നിന്ന് നിലവിളികള്‍ ഉയര്‍ന്നു. മുന്‍വശം പൊന്തിയ ലോറി മറിയുമെന്നായി. ആളുകള്‍ അതിന്റെ വശങ്ങളില്‍ പിടിച്ച് തൂങ്ങി നിന്നു. പതിയെ മുന്‍വശം താണു. ഉറക്കെ ചിന്നം വിളിച്ച് ആന കാടിനുള്ളിലേക്ക് മാറിപ്പോയി.
ഭഗവാന്‍ നെ ജീവന്‍ വാപസ് ദേ ദിയാ..യദി ലാറി പലട് ഗയി ഥീ ഹം സഭീ ഗിര്‍ ഗയെ ഹോംഗെ..
ആരൊക്കെയോ ഉറക്കെ പറയുന്നുണ്ടായിരുന്നു.. പിന്നയും അല്പം കഴിഞ്ഞ് ഡ്രൈവര്‍ പുറത്തിറങ്ങി പരിശോധിച്ചു.ലൈറ്റുകള്‍ പൊട്ടിപ്പോയിട്ടുണ്ടെന്നും ബോഡിക്ക് തകരാറുണ്ടെന്നുമൊക്കെ പറഞ്ഞ് അയാള്‍ ലോറിയില്‍ തിരിച്ചു കയറി. വാഹനത്തിന് തകരാറുണ്ടെങ്കില്‍ കാട്ടിന് നടുവില്‍ കുടുങ്ങിപ്പോകുമെന്ന് വിചാരിച്ചിരിക്കെ ലോറി സ്റ്റാര്‍ട്ടായി നീങ്ങിത്തുടങ്ങി..ആളുകള്‍ ആനകള്‍ കയറിപ്പോയ വഴികളിലേക്ക് നോക്കി കൈ കൂപ്പുന്നുണ്ടായിരുന്നു ചലസ, കഴിഞ്ഞതോടെ കാടിന്റെ കനം പിന്നെയും കൂടി. മഞ്ഞിനും ഇരുട്ടിനും ഉള്ളിലൂടെ പോകമ്പോള്‍ കൂട്ടത്തിലൊരാള്‍ പറയുന്നുണ്ടായിരുന്നു..
 ചപ്രമരി കാടുകള്‍  കഴിഞ്ഞ് കിട്ടണം. ഞങ്ങള്‍ ഇങ്ങോട്ടുവരുമ്പോളും വഴിയില്‍ ആനകളുണ്ടായിരുന്നു. പകല്‍ പോലും പുലിയിറങ്ങി നടക്കുന്ന വഴിയാണ്.. കാളി മാതാ തുണയുണ്ടാവട്ടെ..
                 അപ്പോളാണ് ജാവേദ് നടുങ്ങിപ്പോയത്. ഒരു പക്ഷേ ഈ ഖോരിബാരിയില്‍ പൊലിസ് തടഞ്ഞില്ല എങ്കില്‍ ഈ വാഹനം കിട്ടിയില്ല എങ്കില്‍ തങ്ങള്‍ നടന്നു പോരേണ്ട വഴിയായിരുന്നു. ലുക്സന്‍, ഭിന്നഗുരിയും കഴിഞ്ഞതോടെ പാതക്കിരുവശവും
തേയിലത്തോട്ടങ്ങള്‍ നിറഞ്ഞു. ഖിര്‍ഭരിയിലെത്തിയപ്പോള്‍ വീണ്ടും യാത്ര കാടിനു നടുവിലൂടെയായി. ഗുജറാത്തിലേക്കുള്ള യാത്രയില്‍ തീവണ്ടിയില്‍ വരുമ്പോളും കാടിന് നടുവിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും അതിത്രത്തോളം ഭയപ്പെടുത്തിയിരുന്നില്ല.ജല്ടപരയിലെത്തുമ്പോള്‍ നേരം ഏഴുമണിയായിരുന്നു. കാടിനു നടുവിലൂടെ കടന്നു വന്ന് എപ്പോളാണ് രാത്രിയായിപ്പോയതെന്നറിയാത്ത യാത്ര.
                                                ട്രക്ക് ജലട്പരയില്‍ നിന്നു. ആളുകള്‍ ഇറങ്ങിത്തുടങ്ങി. ഇരുട്ടില്‍ സിഗരറ്റ് ലൈറ്ററുകളുടെ വെളിച്ചത്തില്‍ അവര്‍ അവരുടെതായ മാളങ്ങളിലേക്ക് ഇഴഞ്ഞുപോകുന്നത് ജാവേദും ഹൊസൈനും നോക്കിനിന്നു. തങ്ങള്‍ക്ക് കടന്നു പോകാന്‍ ഇരുട്ടിന്റെ വലിയ തുരങ്കും തന്നെയുണ്ട്. അത് തങ്ങളെ വിഴുങ്ങാനായി മുന്നില്‍ വാ പൊളിച്ചു നില്‍ക്കുകയാണ്.
                                            തെരുവുവിളക്കുകകള്‍ തമ്മിലുള്ള അകലം കൂടുതലാണ്. മ‍ഞ്ഞ് തലക്കു മീതെ വെള്ളത്തിന്റെ ഒരു പുതപ്പുതന്നെ ഉണ്ടാക്കിയിരിക്കുന്നു. തണുപ്പ് എല്ലായിടത്തുനിന്നും അരിച്ചു കയറുന്നു. കുറച്ചു കൂടി മുന്നിലേക്ക് നടന്ന് എവിടെയെങ്കിലും കിടക്കാമെന്ന് ഉറപ്പിച്ചു. പ്രോധന്‍പര കടന്നു പോന്ന് ഒരു കെട്ടിടത്തിന് മുന്നിലെത്തി. അതിനു മുന്നില്‍ അപ്പോളും ആളുകള്‍ നില്‍ക്കുന്നുണ്ടായിരുന്നു. അടുത്തെത്തിയപ്പോളാണ് തിരിച്ചറിഞ്ഞത്. അത് മുന്‍ഷിപര സര്‍ക്കാര്‍ ആശുപത്രിയായിരുന്നു. അതിനു മുന്നില്‍    പൊലിസ് വാഹനം നിര്‍ത്തിയിരിക്കുന്നു. 
കോയി ഒൗര്‍ അധിക് സത്യാപന്‍ യാ പരമാണ് പതര്‍ ജാരി നഹിം കര്‍താഹെ.. സഭീ ലോഗ് സുരക്ഷിത് രഹെം. നിരീക്ഷണ്‍ കല്‍ നഹീം ഹോഗാ
കുറച്ചു നേരം അവിടെ നിന്നപ്പോളാണ് മനസ്സിലായത്. തങ്ങളെപ്പോലെ പല സംസ്ഥാനങ്ങളില്‍ പോയി തിരിച്ചു വന്ന തൊഴിലാളികളാണ്,. നാട്ടിലെത്തിയപ്പോള്‍ ഗ്രാമക്കാര്‍ അവരെ വീട്ടില്‍ കയറ്റുന്നില്ല. കോവിഡ് പരിശോധന കഴിഞ്ഞ രേഖ കാണിച്ചാല്‍ മാത്രമേ വീടുകളിലേക്ക് പ്രവേശിക്കാന്‍ കഴിയു. അതിനായി ആശുപത്രിയില്‍ എത്തിയവരാണ് കൂടി നില്‍ക്കുന്നത്. രാത്രി അല്പം കൂടിയായപ്പോള്‍ പൊലിസ് അവരെ ആശുപത്രിയുടെ ഉള്ളിലെ വരാന്തയിലേക്ക് മാറ്റി.
ഞങ്ങള്‍ കുട്ടികളായി കളിച്ച സ്ഥലങ്ങൾ ഇവിടെയാണ്,  ഞങ്ങള്‍ ആരാധിച്ച മന്ദിറുകള്‍ ഇവിടെയാണ്,  ഞങ്ങള്‍ ഇഷ്ടിക ചുട്ടു പണിത വീടുകള്‍ ഇവിടെയാണ് പക്ഷേ അവിടേക്ക് കയറണമെങ്കില്‍ ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റ് വേണം.. സ്വന്തം നാട്ടില്‍ അഭയാര്‍ഥിയായി കഴിയുന്നതിലും ഭേദം വഴിയില്‍ കോവിഡ് പിടിച്ചു മരിക്കുന്നതായിരുന്നു.

ആരോ ഇരുട്ടില്‍ സ്വയം ശപിക്കുന്നുണ്ടായിരുന്നു. ആശുപത്രിയുടെ പുറത്തുള്ള ടാപ്പിനു മുമ്പില്‍ ആളുകളുടെ വരിയായിരുന്നു. അതിന് പിറകില്‍ നിന്ന് പൈപ്പില്‍ നിന്ന് വെള്ളം കുടിച്ച് ആശുപത്രിയുടെ വരാന്തയില്‍ ചുരുണ്ടു കിടക്കുമ്പോളും ആളുകള്‍ ഉറക്കത്തിലെന്നവണ്ണം അവ്യക്തമായി പറയുന്നുണ്ടായിരുന്നു. 

ഗരീബോം കൊ സടകോം പര്‍ ടാല്‍നെ വാലോം കൊ ഭഗവാന്‍ സജാ ദേംഗെ, ചാഹെ വെ കിതനെ ഭീ സുരക്ഷിത് ഹോ നരക് ഉനേം ഇംതജാര്‍ കര്‍ രഹാ ഹെ..
                            
ഇല്ല സുഹൃത്തെ അധികാരത്തിലിരിക്കുന്നവര്‍ എന്നും സ്വര്‍ഗത്തിലാണ്. നരകം നമുക്ക് മാത്രം വിധിച്ചതാണ്. ദരിദ്രര്‍ക്ക്, ദളിതര്‍ക്ക്, വേശ്യാത്തെരുവുകള്‍ക്ക്, ചേരികള്‍ക്ക് വിധിച്ചതാണ് നരകം.എത്ര തന്നെ ശപിച്ചാലും നമമുടെ നരകങ്ങള്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞും നമ്മളെ വിട്ടുപോകാതെ നമ്മെ ചൂഴ്ന്നു കൊണ്ടിരിക്കും..ജാവേദ് അയാള്‍ക്കുത്തരമായി സ്വയം പറഞ്ഞു. തണുപ്പ്  കൂടാന്‍ തുടങ്ങിയപ്പോള്‍ ചുമരിന്നരികിലേക്ക് ജാവേദ് അട്ടയെപ്പോലെ ചുരുണ്ടു.

                             26
             ബഹളം കേട്ടാണുണരുന്നത്. ഇരുട്ട് വിട്ടുതുടങ്ങുന്നതേയുള്ളൂ. മങ്ങിയ വെളിച്ചത്തില്‍ വരി നില്‍ക്കുന്ന രൂപങ്ങള്‍. പെട്ടെന്ന് തലേന്ന് രാത്രിയില്‍ കേട്ട ചര്‍ച്ചകള്‍ ഒാര്‍മ വന്നു.
                       ആശുപത്രിയുടെ ശുചിമുറികള്‍ക്ക് മുന്നിലും തിരക്കുതന്നെ. രോഗമില്ല എന്ന സര്‍ട്ടിഫിക്കറ്റ് കിട്ടാനായി ഒരു മുന്‍കരുതലുമില്ലാതെ കൂടി നടക്കുന്നവര്‍. ആ രേഖ കിട്ടിയാല്‍ അവര്‍ക്കവരുടെ ഗ്രാമത്തില്‍ പ്രവേശിക്കാം..
  നമുക്കും ഈ രേഖ കൊണ്ട് പ്രയോജനം ലഭിച്ചേക്കും. വെസ്റ്റ് ബംഗാളിലൂടെ, അസമിലൂടെ തന്നെ എത്ര ദിവസങ്ങള്‍ നടന്നാണ് നമുക്ക് വീടെത്താനാവുക. നമ്മുടെ നാട്ടിലെയും സ്ഥിതി മറ്റൊന്നായിരിക്കില്ല. അതു കൊണ്ട് നമുക്കും കൂട്ടത്തില്‍ നില്ക്കാം..
ജാവേദ് സൊഹൈലിനോട് പറഞ്ഞു. അപ്പോളേക്കും പുറത്ത് റോഡ് വരെ എത്തിയിരുന്ന വരിയുടെ അവസാനം അവരും കയറി നിന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും പൊലിസും ആശുപത്രി ജീവനക്കാരും ആളുകളെ അകലത്തില്‍ നിര്‍ത്താന്‍ തുടങ്ങി. അവരിലേറെ പേരും ദേഹം മുഴുവന്‍ മൂടുന്ന ഉറകള്‍ ധരിച്ചിരുന്നു. പിന്നെയും കുറെ കഴിഞ്ഞാണ് ഒാരോരുത്തരെയായി ഉള്ളിലെ മുറിയിലേക്ക് കടത്തിവിടാന്‍ തുടങ്ങിയത്.
 
           ഇതൊക്കെ സര്‍ക്കാരും മുതലാളിമാരും തമ്മിലുള്ള അഡ്ജസ്റ്റ് മെന്റാണ്.സുകുമാർ മൊണ്ടാല്‍ നിനക്കു മനസ്സിലായില്ലേ? നമ്മളെ എവിടെയും പോകാനാവാതെ തളച്ചിടുകയായിരുന്നു അവരുടെ ലക്ഷ്യം. പണിയിടങ്ങളില്‍ തന്നെ നമ്മള്‍ തങ്ങി നില്‍ക്കും എന്നവര്‍ കണക്കുകൂട്ടി. അങ്ങിനെയെങ്കില്‍ മുതലാളിമാര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ നമ്മളെ പണിയെടുപ്പിക്കാം. കൂലി ഇപ്പോള്‍ ഉള്ളതിലും കുറക്കാം. അതിനവര്‍ തീവണ്ടിയും ബസും റദ്ദാക്കി. എന്നിട്ടും നമ്മള്‍ അവസാനത്തെ ആയുധമായി കാലുകളെ തിരഞ്ഞെടുത്തപ്പോഴാണ് അവര്‍ വെട്ടിലായത്. ഇന്ത്യൻ പൗരന്മാർക്ക് നാട്ടിലേക്ക് പോകാൻ അനുവാദമില്ലാതാക്കി..അല്ലാതെ ഇതു മുഴുവന്‍ രോഗത്തെ പേടിച്ചിട്ടൊന്നുമല്ല..മഹാമാരിയുടെ പേര് പറഞ്ഞ് അവര്‍ രാജ്യത്തെ ലേലത്തിന് വെച്ചിരിക്കുകയാണ്. മുറിച്ച് വിൽക്കുകയാണ്. ഇക്കണക്കിന് പോയാല്‍ രാജ്യം മുഴു പട്ടിണിയിലേക്ക് പോകും.
ഒരാള്‍ പറയുന്നുണ്ടായിരുന്നു..
ലഖൻ ദത്ത..  അങ്ങിനെ അടച്ചാക്ഷേപിക്കരുത്. ദീദി അക്കാര്യത്തില്‍ നല്ല കണിശക്കാരിയായിരുന്നു. എന്നും. രാജ്യം ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുമ്പിവിടെ  ലോക്ക്ഡൗൺ പ്രഖ്യാപിച്ചല്ലോ.. ഇവിടെ നിന്ന് മറ്റ് സംസ്ഥാനങ്ങളിൽ കുടിയേറിയവര്‍ക്ക്  റെയിലും ബസും ഉള്ളപ്പോള്‍ തന്നെ തിരിച്ചത്താന്‍ അവസരം തന്നിരുന്നല്ലോ..

അതു ശരിയാണ് സുകുമാര്‍..എന്‍ആര്‍സി യുടെ കാര്യത്തിലും നമ്മളത് കണ്ടതാണ്. ബംഗ്ലാദേശില്‍ നിന്നെത്തി ബംഗാളില്‍ ജീവിക്കുന്നവരെല്ലാം ഇന്ത്യക്കാര്‍ തന്നെയെന്ന്  അവര്‍  ഉറക്കെ പറഞ്ഞിരുന്നു. അവര്‍ക്ക് പൗരത്വം ലഭിച്ചിട്ടുണ്ട്. അവരെല്ലാം ഇന്ത്യക്കാരാണ്. എല്ലാവര്‍ക്കും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാം. അങ്ങിനെയുള്ളവര്‍ പ്രത്യേകമായി പൗരത്വത്തിന് അപേക്ഷിക്കേണ്ടെന്നും അവര്‍ പറഞ്ഞല്ലോ. 

എന്നാലും നമ്മള്‍ ഇന്ത്യന്‍ പൗരന്മാരല്ലെന്ന് ചിലര്‍ പറയും. ചില സംസ്ഥാനങ്ങളില്‍
ആധാർ കാർഡിലെ നമ്പർ നോക്കി കോവിഡ് രോഗിയല്ലയെന്ന് സർട്ടിഫിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ടു. ഒരു  പരിശോധനയും നടത്താതെ ആ അഫിഡവിറ്റ് വച്ച് ആളുകള്‍  അതിർത്തി കടക്കുന്നു. ഇവിടെ പരിശോധന നടത്തുന്നുണ്ടല്ലോ..നമ്മള്‍ക്ക് രോഗമില്ലെന്ന് ഉറപ്പുവരുത്തേണ്ടതും സര്‍ക്കാരിന്റെ കടമയാണല്ലോ..
       നിങ്ങള്‍ രണ്ടാളും കാര്യമറിയാതെ വിമര്‍ശിക്കുകയാണ്. കേന്ദ്രം എന്തു ചെയ്യണമെന്നാണ് നിങ്ങള്‍ പറയുന്നത്. ലോകത്ത് കോവിഡ് വന്ന എല്ലായിടത്തും സാമൂഹ്യഅകലം പാലിക്കാന്‍ പറഞ്ഞിട്ടുണ്ട്. എല്ലായിടത്തും ലോക്ക് ഡൗണ്‍ ചെയ്തിട്ടുണ്ട്, ഒരു കോവിഡ് രോഗി പോലും ഇല്ലാതിരുന്ന കാലത്ത് തന്നെ വിമാന സര്‍വീസ് നിര്‍ത്തിയിട്ടുണ്ട് . ഇത് മഹാമാരിയാണ് എന്നാലോചിക്കണം..നമുക്ക് അല്പം ബുദ്ധിമുട്ടുണ്ടായിട്ടുണ്ട് എന്നത് സത്യം തന്നെ. പക്ഷേ ഇത്രയധികം കിലോമീറ്ററുകള്‍ നടന്നു വന്നിട്ടും നമ്മളൊക്കെ ഇപ്പോളും ജീവനോടെ ഇരിക്കുന്നത് രാജ്യത്തിന്റെ മേന്മ തന്നെയാണ്..ഈ യുദ്ധത്തിൽ വിജയിക്കാൻ ഈ കടുത്ത നടപടികൾ ആവശ്യമാണ്. പിന്നില്‍ നിന്ന് ഒരാള്‍ ശബ്ദമുയര്‍ത്തി.

         അതൊക്കെ ശരി തന്നെ. തപൻ സരദ്..പക്ഷേ എല്ലാരും സുരക്ഷിതരായി വീട്ടിലെത്തിയതിന് ശേഷം രാജ്യം അടച്ചിരുന്നെങ്കില്‍ അത്രയേ ഞാന്‍ പറഞ്ഞുള്ളൂ. നോക്കൂ..ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതിനായി എല്ലാ ആരോഗ്യ കേന്ദ്രങ്ങൾക്ക് പുറത്ത് ഇതേ പോലെ നീണ്ട വരിയാണ്. എത്ര കിലോമീറ്റര്‍ താണ്ടിയാണ് നാം ഇവിടെ എത്തിയത് എന്നോര്‍ക്കണം.
സാരി കേസുകളാണ് ഗ്രാമങ്ങളില്‍ കൂടുതല്‍. അതും ഇപ്പോള്‍ ജനങ്ങള്‍ക്ക് പുറത്തു പറയാന്‍ വിഷമമാണ്. സാരിയാണ് ശ്വസിക്കാന്‍ പ്രയാസമാണ് എന്നു പറഞ്ഞാല്‍ കോവിഡായി പിടിക്കപ്പെടും.

അതിലും വലിയ ഒരു ചതി നമുക്കിടയിലുണ്ട് മൊണ്ടാല്‍..ഇന്നലെ ഇവിടെ കൂടിനിന്ന ഒരാള്‍ പറയുന്നത് കേട്ടതാണ്.ആശുപത്രിയില്‍ പനി ആണത്രേ പരിശോധിക്കുന്നത്. യന്ത്രത്തില്‍ പനിയുടെ റീഡിങ്ങ് കിട്ടാതിരിക്കാനായി ചിലര്‍ പാരസിറ്റാമോള്‍ ഗുളികകള്‍ കഴിച്ചാണത്രേ വരി നില്‍ക്കുന്നത്. അപ്പോള്‍ നാം നമ്മുടെ ഗ്രാമത്തെ വീട്ടുകാരെ രാജ്യത്തെ തന്നെ ചതിക്കുകയല്ലേ ചെയ്യുന്നത്. അസുഖമുണ്ടെങ്കില്‍ ക്വാറന്റീനില്‍ പോകണമെന്നു തന്നെയാണ് എന്റെ പക്ഷം..തപൻ സരദ് വീണ്ടും വാദിച്ചു..

സുഹൃത്തെ, മാര്‍ച്ചില്‍ പതിനേഴു മുതല്‍ പത്തൊമ്പത് വരെ  അവരുടെ മുക്കിന് താഴെയാണ് നിസാമുദ്ദിനില്‍ സമ്മേളനം നടന്നത്. ഒന്നും രണ്ടുമല്ല മൂവായിരത്തിന് മീതെ ആളുകള്‍.ഇത്രയധികം ആളുകള്‍ കൂടിയിട്ടും ആരുടെയും കണ്ണില്‍ പെട്ടില്ല. അഞ്ച് ട്രെയിനിലെ യാത്രക്കാരാണ് നിരീക്ഷണത്തിലായത്. ജനത കര്‍ഫ്യൂവും വിളക്ക് കത്തിക്കലും ലോക്ക് ‍‍‍ഡൗണും പ്ളേറ്റ് കൊട്ടലും ഒക്കെ നടക്കുന്നതിനിടെയാണ് ഈ സംഭവം.ആ ഒറ്റ സമ്മേളനം കൊണ്ട് എത്ര രോഗികളുണ്ടായി? നിയന്ത്രിക്കാന്‍ സാധിച്ചോ? ഇല്ലല്ലോ? അതേ സമയം തെരുവില്‍ നടക്കുന്നവരെ തല്ലിയോടിക്കാന്‍ എന്ത് ഊര്‍ജമായിരുന്നു?
സംസാരത്തിന്റെ ഒച്ച പൊന്തിയപ്പോള്‍ പൊലീസുകാരന്‍ അവിടേക്ക് വരുന്നുണ്ടായിരുന്നു. ആളുകള്‍ ഒന്നു നിശബ്ദരായി.
           വരിയില്‍ നില്‍ക്കുന്ന ഒാരോരുത്തരെയായി തെര്‍മല്‍ സ്കാനറില്‍ പരിശോധിച്ച് ചില ആളുകളെ മാറ്റി നിര്‍ത്തിയിരുന്നു. ജാവേദിന്റെ ഊഴമെത്തി. ജരിസണില്‍ ഗ്രാമീണര്‍ തടഞ്ഞ് ഫാദറിന്റെ ക്ളിനിക്കിലെത്തിച്ചപ്പോളാണ് നേരത്തെ പരിശോധിച്ചത്. അതിന് മുമ്പ് ലോറിയില്‍ ബോധം കെട്ട് കിടന്നപ്പോള്‍ കഴിച്ച ഗുളികയുടെ സ്വാദിനു മീതെ പിന്നെയും എത്രയെത്ര കയ്പുകള്‍. മുറിയുടെ ഉള്ളില്‍ നില്‍ക്കുന്നവരെല്ലാം അവരെ മൂടുന്ന നിരവധി പ്ളാസ്ററിക് ഉറകള്‍ക്കുള്ളിലാണെന്ന് തോന്നി. എത്ര കരുതലോടെയാണ് ആശുപത്രി ജീവനക്കാര്‍ വരെ നടക്കുന്നത്. അതേ സമയം മാസ്കുപോലും ശരിക്ക് ധരിക്കാതെ താനിപ്പോള്‍ നിറഞ്ഞ തെരുവിലൂടെ നടന്നു വന്നത് ആയിരത്തിയഞ്ഞൂറിന് മീതെ കിലോമീറ്ററുകളാണ്. ഒരാള്‍ പേരും വയസ്സുമെല്ലാം  എഴുതിയെടുക്കുന്നുണ്ടായിരുന്നു. അയാള്‍ ജാവേദിനോട് രേഖകള്‍ ചോദിച്ചു. എല്ലാം കൈമോശം വന്നു പോയതായി പറഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചു.

ആപ് ഭാരതീയ് ഹെം യാ ബംഗ്ളാദേശ് കെ അപ്രവാസി? ക്യാ ആപ്കെ പാസ് വാസ്തവ് മേം ദസ്താവേജ് ഹെം?
അസമിലാണെന്നും ഗധാരിയിലാണെന്നും പറഞ്ഞപ്പോള്‍ അയാള്‍ അറിയാവുന്ന ഫോണ്‍ നമ്പറുകള്‍ ചോദിച്ചു. രാജന്‍ ഫുക്കാന്റെയും ഭാര്യയുടെയും ഫോണ്‍ നമ്പറുകള്‍ അയാള്‍ പറഞ്ഞു കൊടുത്തു.

ഒന്നും തൃപ്തിയാവാത്ത പോലെ അയാള്‍ ജാവേദിന്റെ കൈകളിലേക്ക് സാനിറ്റെസര്‍ ഇറ്റിച്ചു കൊടുത്തു.
ചുമയുണ്ടോ?
പനിയുണ്ടോ
തൊണ്ട വേദനയുണ്ടോ?
മണമറിയാന്‍ പ്രയാസം തോന്നുന്നുണ്ടോ?
രുചിയറിയാന്‍ കഴിയാത്ത അവസ്ഥയുണ്ടോ?
ദേഹത്ത് എവിടെയെങ്കിലും പാടുകളുണ്ടോ?
              മേശക്ക് പിറകിലിരുന്നയാള്‍ ഒാരോ ചോദ്യങ്ങളായി ചോദിച്ചു. യാത്ര പുറപ്പെട്ടമുതല്‍ അറിഞ്ഞത് ചായയുടെയും ബിസ്കറ്റിന്റെയും റൊട്ടിയുടെയും രുചി മാത്രം. ശ്മശാനത്തില്‍ നിന്നും പെറുക്കിയെടുത്ത പഴത്തിന് എന്ത് മണമായിരുന്നു.?കുളിക്കാതെ അലക്കാതെ നടക്കുന്ന ദേഹത്തിന് എന്ത് മണമാണ്..? ഒരു രാജപാതയെ നാവുകൊണ്ട് തുടച്ചു വൃത്തിയാക്കിയതിന്റെ രുചിക്ക് എന്ത് പേരിടും? ബാറ്റണുകള്‍ മുതുകില്‍ വരച്ച ചിത്രങ്ങള്‍ ഏത് രോഗത്തിന്റെ ലക്ഷണപ്പാടുകളായിരിക്കണം.ജാവേദ് മിണ്ടാതെ നിന്നപ്പോള്‍ അയാള്‍ ചോദ്യങ്ങള്‍ ഒന്നുകൂടി ആവര്‍ത്തിച്ചു. പനിയും ചുമയുമില്ലെന്ന് ജാവേദ് പറഞ്ഞപ്പോള്‍ അയാള്‍ മുന്നിലെ കടലാസില്‍ എന്തോ എഴുതി. പുറത്തേക്ക് പോകാന്‍ ഡോക്ടറുടെ സഹായി ആംഗ്യം കാണിച്ചപ്പോള്‍ ജാവേദ് മുറിക്ക് പുറത്തിറങ്ങി. സൊഹൈലിന്റെ ഊഴമായി. അവന്‍ ഉള്ളിലേക്ക് കയറി. പരിശോധന കഴിഞ്ഞവരെ ആശുപത്രിയുടെ മുറ്റത്തേക്ക് അകലം പാലിച്ചു നിര്‍ത്തുന്നുണ്ടായിരുന്നു. നിലത്ത് വരച്ചിട്ട വട്ടങ്ങളില്‍ ഒാരോരുത്തരെയും ഇരുത്തി. ചിലര്‍ കയ്യില്‍ കരുതിയ വെള്ളം കുടിക്കുന്നുണ്ടായിരുന്നു.

ഈ പരിശോധനയൊക്കെ കണ്ണില്‍ പൊടിയിടാനാണ്. യഥാര്‍ഥത്തില്‍ ഇവിടെ എന്താ നടക്കുന്നത്. നമുക്കിവിവിടെ തൊഴിലുണ്ടോ? വരുമാനമുണ്ടോ? തിരിച്ചു വന്ന നമ്മളെ പുലര്‍ത്താന്‍ ദീദിക്കോ ടിഎംസിക്കോ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മള്‍ തിരിച്ചുവരുന്നതു തന്നെ സംസ്ഥാനത്തിന് എതിര്‍പ്പാണെന്ന് തോന്നുന്നു.

കൂട്ടത്തില്‍ പരിചയക്കാര്‍ തമ്മില്‍ ചര്‍ച്ച നടക്കുന്നത് ജാവേദ് ചെവിയോര്‍ത്തു.

 കൊറോണ സംബന്ധിച്ച കണക്കുകള്‍ ‍ സര്‍ക്കാര്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നു എന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത കണ്ടില്ലേ? കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മരണ സര്‍ട്ടിഫിക്കറ്റില്‍ വേറെ എന്തെങ്കിലും കാരണം കാണിക്കാനാണ് ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം.  സര്‍ക്കാര്‍ .പശ്ചിമ ബംഗാളില്‍ ഇരുവരെ കൊറോണ വൈറസ് ബാധിച്ചിട്ടുള്ളത് എത്രപേര്‍ക്കാണെന്ന്  പറയാതെ സര്‍ക്കാര്‍ ഒളിച്ചുവെക്കുകയാണ്. മഹാമാരിയെ നേരിടാന്‍ കേന്ദ്രത്തിനൊപ്പം നില്‍ക്കേണ്ട സമയത്ത്  ഇവിടെ‍ കേന്ദ്രത്തെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനല്ലേ ശ്രമം. വന്നവര്‍ക്ക് എന്തെങ്കിലും തൊഴില്‍ ലഭ്യമാക്കാന്‍ എന്തെങ്കിലും നടപടിയുണ്ടായോ?

ഇവിടെ കോവിഡ് ബാധിച്ച് ആദ്യം മരിച്ചയാള്‍ക്ക് മരണശേഷം പോലും നീതി കിട്ടിയോ? നിയന്ത്രണങ്ങൾ പാലിച്ചേ  മൃതദേഹം സംസ്കരിക്കാവൂ എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ബന്ധുക്കളാ‍രും വന്നില്ല. ഭാര്യയും മക്കളും അനങ്ങാന്‍ പറ്റാതെ ക്വാറന്റീന്‍ കേന്ദ്രത്തില്‍. അവസാനം  മൃതദേഹം ദഹിപ്പിക്കാൻ ആശുപത്രിക്കാര്‍ പഞ്ചായത്തിനാണ് കൈമാറിയത്. ഇയാളുടെ വീടിന് സമീപത്തെ വൈദ്യുത ശ്മശാനത്തിലെത്തിച്ചപ്പോഴോ  അവിടെ സംസ്കരിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് നാട്ടുകാരും. ശ്മശാനം പ്രവര്‍ത്തിപ്പിക്കേണ്ട ജീവനക്കാരും മുങ്ങി.  അവസാനം എങ്ങിനെയൊക്കെയോ അയാളെ ദഹിപ്പിച്ചു. ഐസൊലേഷൻ കഴിഞ്ഞ്  ഭാര്യയെയും മക്കളെയും വരെ ഗ്രാമത്തില്‍ കേറ്റില്ലെന്ന് പറഞ്ഞാണ് നാട്ടുകാര്‍ നില്‍ക്കുന്നത്..ഇതാണോ രാജ്യം മരിച്ച ഒരാളോട് പുലര്‍ത്തേണ്ട മാന്യത, ഒന്നോര്‍ക്കണം ജീവിച്ചിരിക്കുമ്പോ അയാളുടെ വിരലടയാളത്തിനും വോട്ടിനും വിലയുണ്ടായിരുന്നു..
                           പറഞ്ഞയാളുടെ ശബ്ദത്തില്‍ രോഷം കലര്‍ന്നിരുന്നു.സമയം രണ്ടു മണി കഴിഞ്ഞു. ആശുപത്രി മുറ്റത്തേക്ക് വന്ന വാഹനത്തില്‍ നിന്ന് നിലത്തിരിക്കുന്നവര്‍ക്ക് ആഹാരപ്പൊതികള്‍ നല്‍കാന്‍ തുടങ്ങിയതോടെ ചര്‍ച്ച നിലച്ചു. കടലാസ് പ്ളേറ്റില്‍ രണ്ടു പൂരിയും സബ്ജിയും. രണ്ടാളുകള്‍ക്കായി ഒരു കുപ്പിവെള്ളവും. കിട്ടിയവര്‍ നിലത്ത് പ്ളേറ്റ് വച്ച് കഴിച്ചു കൊണ്ടിരുന്നു. അപ്പോള്‍ മാത്രം മാറ്റിയ മാസ്കുുകള്‍ കുറച്ചു നേരത്തേക്ക് അവരെ പുറത്ത് കാണിച്ചുകൊണ്ടിരുന്നു.
                                കൈ കഴുകി വന്ന് പലരും വെറും നിലത്ത് മലര്‍ന്നു കിടന്നു. ഏകദേശം രാവിലെ വന്നയാളുകളുടെ തിരക്ക് കഴിഞ്ഞിരുന്നു. അടച്ചിട്ട ഗേറ്റിന് പുറത്ത് അപ്പോഴേക്കും പുതിയ വരി രൂപപ്പെട്ടിരുന്നു. ആകാശം കറുക്കുകയാണ്. കാറ്റ് വീശാന്‍ തുടങ്ങി. കുറച്ചു നേരം കൂടി കഴിഞ്ഞപ്പോള്‍ പൊലിസുകാരും ആശുപത്രി ജീവനക്കാരും വരാന്തയിലേക്ക് വന്നു.

സഭീ കൊ സാമാജീക് ദൂരീ ബനാകര്‍ രഖനീ ചാഹിയെ. യഹ് ഏക് മഹാമാരി ഹെ. യഹാം നാമോേ കീ അവശ്യ പഠെ. അബ് ആപ് കൊ ഏക് ദസ്താവേജ് ജിയാ ഗയാ ഹെ ജൊ കഹതാ ഹെ കി പഹലെ ചെക്കപ്പ് മേം ബീമാര്‍ നഹീ ഹെം.

പേരുകള്‍ വിളിക്കാന്‍ തുടങ്ങിയതോടെ ആളുകള്‍ ഇരുന്നിടത്തു നിന്നും എഴുന്നേല്‍ക്കാന്‍ തുടങ്ങിയിരുന്നു. രേഖകള്‍ കിട്ടിയവര്‍ ഗേറ്റിനടുത്തേക്ക് ഒാടി. ഏറെ നേരം കഴിഞ്ഞ് ഹൊസൈന്റെ പേര് വിളിച്ചു. അയാള്‍ ജാവേദിനെ ഒന്നു നോക്കി കടലാസ് വാങ്ങിക്കാനായി പോയി. പിന്നെയും ഒരു മണിക്കൂറിന്റെ കാത്തുനില്‍പ്പ്. അവസാനം ജാവേദിന്റെ പേരും വിളിച്ചു. കടലാസ് വാങ്ങിക്കാനെത്തുമ്പോള്‍ അവര്‍ പറഞ്ഞു.

 ആപകെ ദ്വാരാ പ്രദാന്‍ കിയെ ഗയെ അസം നംബര്‍ പര്‍ കാള്‍ കര്‍കെ ആപ്കൊ പുഷ്ടി കര്‍നെ കീ ആവശ്യകതാ ഹെ. ഹാലാംകി ആശാഹെ കി യഹ് പത്ര് ആപകൊ ഗാവ് കീ യാത്രാ കര്‍നെ മേം മദ്ദ് കരേഗാ..

ജാവേദ് അവരെ നോക്കി കൈകൂപ്പി. തന്റെ പേരും മറ്റെന്തൊക്കെയോ കാര്യങ്ങളും കുറിച്ച ആ കടലാസ് പിന്നെയയാള്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ചു. കുറെ കാലത്തിന് ശേഷം താന്‍ ജീവിച്ചിരിക്കുന്നു എന്നതിന് ഒരു രേഖ ലഭിക്കുകയാണ്. ഗേറ്റിലേക്ക് നടക്കുമ്പോള്‍ മഴ ചാറാന്‍ തുടങ്ങിയിരുന്നു. അത് വക വക്കാതെ സര്‍ട്ടിഫിക്കറ്റുകള്‍ രണ്ടും സൊഹൈലിന്റെ ബാഗില്‍ വച്ച് വീണ്ടും നടക്കാന്‍ തുടങ്ങി. തെരുവിളക്കുകള്‍ മഞ്ഞു നിറഞ്ഞ വായുവിലേക്ക് മഞ്ഞവെളിച്ചം തുപ്പിക്കൊണ്ടിരുന്നു. ഇടക്ക് പോകുന്ന വാഹനങ്ങള്‍ക്ക് കൈ കാണിച്ചു നോക്കിയെങ്കിലും അവ നിര്‍ത്താതെ അകന്നു പോയി. ഇപ്പോള്‍ ചെറിയ ഒരു ധൈര്യമുള്ളത് കയ്യിലുള്ള കടലാസ് ആണ്. തങ്ങളാരാണെന്ന് സ്വയം ബോധ്യപ്പെട്ട ധൈര്യത്തില്‍ രാത്രി നീങ്ങുന്നതറിയാതെ കാലുകള്‍ മുന്നോട്ടു നീങ്ങി. സല്‍കുമാര്‍ഫറ്റും കലബേറിയയും  ജോഗേന്ദര നഗറും സിലുഹാരിയും കടന്നപ്പോഴേക്കും പത്തുമണിയായി. കതല്‍ബാരി എത്തിയപ്പോള്‍ പാതയരികില്‍ ഒരു ജുമ മസ്ജിദിന്റെ ബോര്‍ഡ് കണ്ടു. അവിടെ കിടക്കാമെന്ന് സൊഹൈല്‍ പറഞ്ഞു. പൊളിഞ്ഞു കിടന്ന അതിന്റെ ഗേറ്റിലൂടെ വീതി കുറഞ്ഞ അതിന്റെ വരാന്തയില്‍ നടു നിവര്‍ത്തുമ്പോള്‍ വല്ലാത്ത സമാധാനം തോന്നി. ഇരുട്ട് ഒരു കടലാണ്. ദൂരെയെങ്ങോ വെളിച്ചത്തിന്റെ ഒരു തരി കാണുന്നുണ്ട്. ചിലപ്പോള്‍ കരപറ്റാനായേക്കുമെന്ന പ്രതീക്ഷയില്‍  ജാവേദ് കണ്ണടച്ചു കിടന്നു.

                                                                         27
                              മഴയോ മഞ്ഞോ തിരിച്ചറിയാനാകാതെ ചിണുങ്ങി നില്‍ക്കുന്ന  പ്രഭാതം. ‍ആരോ വിളിച്ചുണര്‍ത്തുന്ന പോലെ തോന്നി എഴുന്നേല്‍ക്കുമ്പോള്‍ പച്ച ലുങ്കിയും തൊപ്പിയും ധരിച്ച  ഒരാള്‍ അടുത്തു വന്നു നില്‍ക്കുന്നുണ്ടായിരുന്നു. വെള്ളത്തുണികൊണ്ട് മുഖം അടച്ചുകെട്ടിയിരുന്ന   അയാളെക്കണ്ട് ഹൊസൈന്‍ ബഹുമാനത്തോടെ എഴുന്നേറ്റ് നിന്നു..
അസലാമു അലൈക്കും..
വഅലൈക്കും അസലാം..അയാള്‍ തിരിച്ചു പറഞ്ഞു..
ജാവേദ് അയാളെ ഭവ്യതയോടെ നോക്കി.
 അസമിലേക്കുള്ള യാത്രക്കാരാണെന്നും രാത്രി വിശ്രമിക്കാനായി കയറിയതാണെന്നും പറഞ്ഞപ്പോള്‍ അയാള്‍ മുകളിലേക്ക് കൈയുയര്‍ത്തി.
             ഞാനിവിടെ ഇമാമായി എത്രയോ കാലമായി. ഈ കാലം വല്ലാത്തതാണ്.  റമദാൻ മാസത്തിൽ  നമാസിന് വലിയ ഒത്തുചേരലുകൾ ഉണ്ടാകരുതെന്ന് പൊലിസ് നിർദ്ദേശമുണ്ട് ഈ പ്രാവശ്യം. നോമ്പുകളും ഇഫ്താറും  വീടുകളിൽ തന്നെ നടത്തണം. മുർഷിദാബാദിലെ ഗോപി നഗർ മസ്ജിദിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി വന്നവരെ പൊലിസ് ഒഴിപ്പിച്ചു. പങ്കെടുത്തവരാരും മാസ്ക് ധരിച്ചില്ലെന്നതാണ് കാരണം.മാത്രമല്ല കൂട്ടം കൂടുന്നത് ലോക്ക്ഡൗണിന്റെ ലംഘനമാണ്. പള്ളികളില്‍ മാത്രമല്ല ക്ഷേത്രങ്ങളിലും  ഗുരുദ്വാരകളിലും ഇതേ പ്രശ്നമുണ്ട്. തല്‍കാലം പൊലിസും സര്‍ക്കാരും പറയുന്നത് കേള്‍ക്കുകയാണ് നല്ലത്.  നിങ്ങളും ഇവിടെ കൂടുതല്‍ സമയം തങ്ങുന്നത് പ്രശ്നമുണ്ടാക്കും.
                         അയാള്‍ പള്ളിക്കുള്ളിലേക്ക് കയറിപ്പോയി. മഴച്ചാറല്‍ വക വയ്ക്കാതെ പ്രധാനപാതയിലേക്ക് നടന്നു. കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ ടോര്‍സ നദിയുടെ പാലം. പാലത്തിന് സമീപത്തു നിന്നും നദിയിലേക്കുള്ള നടവഴിയിലൂടെ താഴേക്കിറങ്ങി. കാലുകള്‍ വെള്ളത്തില്‍ മുട്ടിച്ചപ്പോള്‍ തണുപ്പ് നാഡികളിലൂടെ പാഞ്ഞു. മുഖം കഴുകി കുളിച്ചെന്നു വരുത്തി വീണ്ടും മുകളിലേക്ക് കയറി. ടോര്‍സ പോകുന്ന വഴിയാണ് തന്റെതും. എത്രയോ ദൂരം ടിബറ്റില്‍ മാച്ചുവായും ഭൂട്ടാനില്‍ അമാച്ചുവായും ഒഴുകി വരുന്നവള്‍. വെള്ളത്തിന്റെ പലായനം.  അസമിലൂടെ ഒഴുകി ചുവന്ന മണ്ണ് കലര്‍ന്ന് ഇന്ത്യയിലെ ചുവപ്പ് നദിയായ ബ്രഹ്മപുത്രയില്‍ ലയിക്കുന്നവള്‍.
                           പാലത്തിലൂടെ നടക്കുകയായിരുന്ന അവരെ കടന്ന് ഒരു ലോറി കടന്നു പോയി. അതിന്റെ പിറകില്‍ ആളുകള്‍ നില്‍ക്കുന്നുണ്ടായിരുന്നു. പാലം കടന്ന് പോയി ലോറി പാതയുടെ വശത്തേക്ക് നിന്നു. ആളുകള്‍ ലോറിയില്‍ നിന്നിറങ്ങി കൂട്ടമായി തന്നെ പുഴയിലേക്ക് ഇറങ്ങിപ്പോയി. ജാവേദും സൊഹൈലും നടന്ന് ലോറിയെ കടന്ന് പോകുകയായിരുന്നു. അപ്പോഴാണ് സൊഹൈല്‍ പറഞ്ഞത്..

ലോറിയില്‍ നമ്മളെപ്പോലുള്ളവര്‍ തന്നെയാണെന്ന് തോന്നുന്നു. അല്പം നിന്നാല്‍ അവര്‍ പോകുന്ന കൂട്ടത്തില്‍ നമുക്കും പോകാനാവുന്നത്ര ദൂരം പോകാനാകുമോ എന്ന് നോക്കാം..

ലോറിയില്‍ ഡ്രൈവറും സഹായിയും ഇരിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം ലോറിക്കു ചുറ്റും പരുങ്ങി നിന്ന് അവസാനം ഡ്രൈവറോട് ലോറി എവിടെ വരെ പോകും തങ്ങള്‍ക്കും വരാനാകുമോ എന്ന് ചോദിച്ചു.

ചെപനി...അവിടെക്കുള്ള തൊഴിലാളികളാണ്. ക്യാ ആപ്കെ പാസ് ദൊ സൗ രൂപയെ ഹെം..ലേകിന്‍ ചലെ ഇസെ ലേകെ ഹെം..അയാള്‍ അലക്ഷ്യമായി പറഞ്ഞു.

തന്റെ കയ്യില്‍ പത്തോ പതിനഞ്ചോ രൂപയാണുള്ളത്. ജാവേദ് സൊഹാലിനെ നോക്കി. സൊഹൈല്‍ ലോറിക്കാരനോട് പിന്നെയും കെഞ്ചി..

സഹോദരാ..ഇദ്ദേഹം വരുന്നത് ഗുജറാത്തില്‍ നിന്നാണ്..ഞാന്‍ എംപിയില്‍ നിന്ന്..കയ്യിലുള്ള പണമെല്ലാം തീര്‍ന്നു പോയി..താങ്കള്‍ക്ക് ദൈവത്തിന്റെ കൃപ ലഭിക്കും..ഞങ്ങളെക്കൂടി പോരാന്‍ അനുവദിക്കു..

ഹം പൂജിവാദി ഭീ നഹീം ഹെ. ഹമേം ബീ ജീനാ ഹെ. ഹം ഇസെ ബിനാ പൈസെ കെ നഹീം ലേ സക്തെ..

സൊഹൈല്‍ ജാവേദിനോട് പറഞ്ഞു. എന്റെ കയ്യില്‍ കൂടിയാല്‍ നൂറു രൂപ കാണും. നമുക്ക് നടന്നു തന്നെ പോകാം..ലോറിയിലേക്ക് ഒന്നു കൂടി നോക്കി അവര്‍ പിന്നെയും മുന്നോട്ട് നടന്നു..

പണമാണ് മുഖ്യം ..അതില്ലെങ്കില്‍ മനുഷ്യനും മനുഷ്യനും തമ്മില്‍ ഒരു ബന്ധവുമില്ല..സൊഹൈല്‍ പിറുപിറുത്തുകൊണ്ടിരുന്നു.

കുറച്ചു ദൂരം നടന്ന് സില്‍ബാരി ഹട്ടില്‍ എത്തിയപ്പോള്‍ പിറകില്‍ ലോറയുടെ ഇരമ്പം കേട്ടു. അതടുത്ത് വന്ന് അവരെ കടന്നു പോയി മുന്നില്‍ നിന്നു.ഡ്രൈവറുടെ സഹായി ഉറക്കെ വിളിച്ചു പറഞ്ഞു..
അരെ മൂര്‍ഖ് അപ്രവാസി..ചൊടക് ദാരി...ചല്‍നാ മത് മരൊ..ഇസ് മേം ജാവൊ.
ചീത്ത വിളിച്ചിട്ടാണെങ്കിലും അയാള്‍ തങ്ങളെ വിളിക്കുകയാണ്. അവര്‍ ലോറിയുടെ ബോഡിയില്‍ പിടിച്ച് ഉള്ളിലേക്ക് കയറി. അതിനുള്ളില്‍ ഇരുന്നും കിടന്നും കുറെ പേര്‍.
ലോറിയുടെ പ്ളാറ്റ്ഫോറത്തിലിരുന്ന് രണ്ടു പേര്‍ മൊബൈലില്‍ എന്തോ വായിച്ച് എല്ലാരോടും കൂടി പറഞ്ഞു.

     അവര്‍ വീണ്ടും രാജ്യത്തെ മുറിച്ചിരിക്കുന്നു...ലോക്ക്ഡൗൺ പ്രദേശങ്ങളെ റെഡ് സോൺ എന്ന് വിളിച്ചിരിക്കുന്നു.  ഇത് അണുവിന്റെ  ഹോട്ട്‌സ്പോട്ടാണ്..അവിടെ അണു കിടന്നു പുളക്കും..രോഗികള്‍ കുറവുള്ള ഇടം ഓറഞ്ച് സോൺ. അണുബാധകളില്ലാത്തയിടങ്ങള്‍ ഗ്രീന്‍ സോണ്‍..അത് മിക്കവാറും ശ്മശാനമായിരിക്കും.

അരെ.യാ കോയി രിയായതേം ഹെം..?

ചില ഇളവുണ്ട്. പാലിനും ചാണകത്തിനും ഗോമൂത്രത്തിനും പശുവിനും ലോക്ക് ഡൗണില്ല. തോട്ടങ്ങൾ കൃഷിക്കും  കൃഷിയുപകരണങ്ങൾ വിൽക്കുന്ന കടകൾക്കും തുറക്കാം.‍ ട്രക്കുകൾ, ചരക്ക് ട്രെയിനുകൾ, ചരക്കു കയറ്റുന്ന വിമാനങ്ങൾ എന്നിവ ഓടാം. ബാങ്കുകളും സർക്കാർ ആഫീസുകളും  തുറക്കും. ഓരോ ജന്‍ധന്‍കാരനും അക്കൗണ്ടില്‍ അഞ്ഞൂറ് രൂപയും കിട്ടും...ഭാരത് മാതാ കീ..ജയ്.

അരെ ഞങ്ങളെ കളിയാക്കണ്ട. നിന്റെയൊക്കെ കള്ളന്മാര്‍ കട്ടുമുടിച്ചിടമാണിതെന്ന് ഒാര്‍മവേണം..ഞങ്ങളൊന്നും ഭരിച്ചോട്ടെ..

പിന്നെ നിങ്ങള്‍ ഭരിച്ചിട്ട് എന്തുണ്ടായി. എന്തെങ്കിലും തൊഴില്‍ ഇവിടെയുണ്ടോ..ഇവിടത്തുകാര്‍ മുഴുവന്‍ രാജ്യം മുഴുവന്‍ തൊഴിലിനായി തെണ്ടുകയാണ്..

അത് നിങ്ങള്‍ കട്ടുമുടിച്ചതിന്റെ ഫലം. പാവപ്പെട്ടവന്റെ പേരും പറഞ്ഞ് നിങ്ങള്‍ വോട്ടുവാങ്ങി ജനങ്ങളെ പറ്റിക്കുമ്പോള്‍ ആലോചിക്കണമായിരുന്നു.

അതേയ് ഞങ്ങളുടെ കാലത്തിനെ പറയണ്. ഓപ്പറേഷൻ ബർഗ്ഗ നടപ്പിലാക്കിയത് ആരാ..അതില്ലായിരുന്നെങ്കില്‍ ഇന്നും ജമീന്ദാരി ആകുമായിരുന്നു ഇവിടെ..നെല്ല്, പച്ചക്കറി, ചണം, രാജ്യത്ത്‌ ഏറ്റവും കൂടുതൽ വഴുതനങ്ങയും, കാബേജും , കോളിഫ്ലവറും, മധുരക്കിഴങ്ങും , പൈനാപ്പിളും ഉൽപാദിപ്പിക്കുന്നത് ഇവിയെയായിരുന്നു അക്കാലത്ത്..ആദ്യത്തെ മെട്രോ വന്നതു കൽക്കട്ടയിലാണെന്നത് മറക്കണ്ട. സ്ത്രീസംവരണം ആദ്യം കൊണ്ടു വന്നത് ഇവിടെയാണ്.  തൊഴിലാളികൾക്ക് പിഎഫ് കൊണ്ടു വന്നത് ലെഫ്റ്റ് ആണ്..ഒന്നും മിണ്ടാത്ത മന്‍മോഹന്‍ വരെ ഇന്ന് ബംഗാൾ ചിന്തിക്കുന്നത് നാളെ ഭാരതം ചിന്തിക്കുമെന്നാണ് പറഞ്ഞത്.

അതു ശരിയാണ്..അച്ഛനും മകളും മകനും മരുമകളുമായി എത്ര കൊല്ലമാണ് ഇന്ത്യയെ മടക്കിച്ചുരുട്ടി വച്ചത്. അതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. ഒരു പേടിയുമില്ലാതെ ബംഗാളിലേക്ക്‌  കുടിയേറുന്നവർ കോടിയിലും മേലെയായില്ലേ? ഇവരൊക്കെ റേഷൻ കാർഡും, തിരിച്ചറിയല്‍ കാർഡും സംഘടിപ്പിച്ചു പൗരന്മാരായി. അതാണിപ്പോള്‍ ടിഎംസിക്കും പേടി. നമുക്ക് വല്ലതും തന്നാല്‍ അതൊക്കെ കുടിയേറ്റക്കാര്‍  കൊണ്ട് പോകുമോ എന്ന്..?

ബാബരി തകർത്തപ്പോൾ ഇന്ത്യയിലെ മൂവായിരം ഗ്രാമങ്ങള്‍ക്കാണ് തീ പിടിച്ചത്. എന്നാല്‍  ഇവിടെ വല്ലതും ഉണ്ടായോ..അതിന് കാരണം ഇവിടെ ചുകപ്പായിരുന്നു. ഇവിടെ മനുഷ്യന് വിലയുണ്ടായിരുന്നു. നിങ്ങളിവിടെ ദില്ലിയും യുപിയും ആക്കാന്‍ നോക്കിയിട്ട് കാര്യമില്ല ഇത് ബംഗാളാണ്.

നമ്മളെ ഇപ്പോള്‍ രാജ്യം വിളിക്കുന്നതെന്താ..? കുുടിയേറ്റ തൊഴിലാളികള്‍ എന്നല്ലേ? യഥാര്‍ഥത്തില്‍ നമ്മള്‍ ഈ രാജ്യത്തിനുള്ളില്‍ സഞ്ചരിച്ച് തൊഴിലെടുക്കുകയല്ലേ? അത് പൗരന്റെ അവകാശമല്ലേ? എന്നാലും നമ്മളെ കുടിയേറ്റക്കാരന്‍ എന്നേ വിളിക്കൂ..അതേ സമയം മറ്റു രാജ്യങ്ങളില്‍ നിന്ന് നുഴഞ്ഞു കയറി വന്നവരുണ്ട്. അവരാണ് യഥാര്‍ഥ കുടിയേറ്റക്കാര്‍..അവര്‍ക്ക് പൗരത്വം കൊടുത്തു തുടങ്ങിയതല്ലേ നമ്മുടെ പരാജയമായത്. ഇവിടത്തെ തൊഴിലും വരുമാനവും കുറയാനും അതല്ലേ കാരണമായത്..?

അവരും മനുഷ്യരല്ലേ..സഹോദരാ..ആ രാജ്യത്ത് ജീവിക്കാനാവാത്ത സാഹചര്യമായതുകൊണ്ടല്ലേ ഒാടിപ്പോരേണ്ടി വരുന്നത്? അഭയം കൊടുക്കുന്നത് തെറ്റാണെന്ന് പറയാനാവില്ല.

തെറ്റും ശരിയും അവിടെ നില്‍ക്കട്ടെ..കഴിഞ്ഞ ദിവസം മുര്‍ഷിദാബാദില്‍ എത്ര കാലിക്കള്ളന്മാരെയാണ്  ബിഎസ്എഫ് രാത്രി പിടികൂടിയത്. എല്ലാരും ബംഗ്ളാദേശികള്‍. ഇവിടെ നിന്നും  ബീഹാറില്‍ നിന്നും ഗംഗാനദിയൂടെയാണ് കാലികളെ കടത്തുന്നത്. ഓരോ കാലിയുടെ തലയും രണ്ട് വാഴ പ്പിണ്ടിക്കിടയില്‍ കുടുക്കിയിട്ട് മഴ പെയ്ത് വെള്ളം പൊന്തിയ ഗംഗയിലേക്ക് കാലികളെ തള്ളി വിടുന്നു. അപ്പോളവ മുങ്ങി ചാവില്ലല്ലോ. നദിയുടെ ഒഴുക്കിനനുസരിച്ച് അവ അപ്പുറത്തെത്തുമ്പോള്‍ പിടിച്ച് കശാപ്പുകാര്‍ക്ക് വില്‍ക്കുന്നു. ഇത്തരം ആളുകള്‍ക്ക് പൗരത്വം കൊടുക്കണമെന്ന് വാദിക്കുന്നവര്‍ ശരിക്കും രാജ്യദ്രോഹികളാണ്..

     അതൊക്കെ നിങ്ങള്‍ വലിയ വായില്‍ പറയും നിങ്ങളും കേന്ദ്രവും ഒന്നിച്ചാണെന്ന് ആര്‍ക്കാണറിയാത്തത്. നിങ്ങളെ തകര്‍ക്കാന്‍ ടിഎംസിയെ വളര്‍ത്തി. ഇപ്പോള്‍ ടിഎംസിയെ തളര്‍ത്താന്‍ നിങ്ങളോട് കൈകോര്‍ക്കുന്നു. ഇതൊക്കെ ദാദായുടെ കളിയാണ്..പൂജ്യത്തില്‍ നിന്ന് നൂറുലേക്കെത്തിക്കാന്‍ മൂപ്പരുടെ കയ്യില്‍ കളി കുറെയുണ്ട്. ചര്‍ച്ച തുടരുക തന്നെയാണ്. എല്ലാവരും ഒരേ ഗ്രാമക്കാരും അയല്‍ക്കാരുമായിരിക്കുണമെന്ന് ജാവേദ് ചിന്തിച്ചു.
                                   വണ്ടി ഗര്‍ധാരിയ നദിയുടെ പാലം കടക്കുകയാണ്. തപാരിഘട്ടയിലൂടെ കടന്നു പോകുമ്പോള്‍ വലിയൊരു പരസ്യബോര്‍ഡില്‍ കൃഷ്ണുനും രാധയും ചേര്‍ന്നിരിക്കുന്ന ചിത്രം..രാധാഗോബിന്ദ ബസ്ത്രാലയ എന്ന കടയുടേതാണ്. ദുദുമാരി കടന്നപ്പോള്‍ പന്ത്രണ്ട് മണിയായി. പരര്‍പാരും ബിര്പരയും കല്‍ജാനിയും കടന്നപ്പോള്‍ വണ്ടി ഒന്നു നിര്‍ത്തി. പാതയോരത്ത് ഒരു കുശിനിപ്പീടികയാണ്.
ഉച്ഛെ ഭജ, ഭജ, ആലു പൊശ്തൊ, ഛൊലര് ദൾ, ദല്ന, ആം പൊര ശെര്ബത്, സുഗന്ധ രൊസൊഗൊല്ല..കുശിനി കടക്കാരന്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
          തൊഴിലാളികള്‍ ചിലരിറങ്ങി ചായകുടിച്ചു. വണ്ടിയിരുന്ന ആരുടെയും വെള്ളക്കുപ്പിയില്‍ നിന്ന് വെള്ളം കുടിച്ച് ജാവേദും മിയാനും വയറു നിറച്ചു. കല്‍ജാനി എത്തിയപ്പോള്‍ പാതയോരത്ത് ചെറുപ്പക്കാര്‍ വാഹനങ്ങള്‍ക്ക് കൈകാണിക്കുന്നുണ്ടായിരുന്നു. അവര്‍ വാഹനങ്ങളുടെ ഉള്ളിലേക്ക് വെള്ളക്കുപ്പികളും ബ്രെഡ് പാക്കറ്റുകളും നല്‍കുുന്നുണ്ടായിരുന്നു. ഒരു തൊഴിലാളിക്ക് കിട്ടിയ രണ്ട് പാക്കറ്റുകെളിലൊന്ന് അയാള്‍ ജാവേദിന് നല്‍കി. ചെങ്ങ് പരയും ചപ്രര്‍പാരും കടന്ന് ലോറി സല്‍സലാബാരിയിലെത്തി. ചില തൊഴിലാളികള്‍ അവിടെ ഇറങ്ങി.  ചെപനി എത്തുമ്പോള്‍ രണ്ടു മണിയായിരുന്നു.
                                                                ലോറിയില്‍ നിന്നിറങ്ങി ഡ്രൈവറോടു തന്നെ വഴി ചോദിച്ചു.
റെളിപര ചക്ചോക നജിരന്‍ വഴി നടന്നു പോയാല്‍ നിങ്ങള്‍ക്ക് നാലഞ്ചു മണിക്കൂര്‍ കൊണ്ട് അസം ബോര്‍ഡറിലെ പക്രിഗുരിയിലെത്താം. ഇതു പോലെ ഏതെങ്കിലും വണ്ടി കിട്ടിയാല്‍ ഒരു മണിക്കൂര്‍ കൊണ്ട് എത്താവുന്ന ദൂരമേഉള്ളൂ.
              സൊഹൈല്‍ പോക്കറ്റില്‍ കയ്യിട്ട് അവശേഷിച്ചിരുന്ന നൂറു രൂപ എടുത്ത് ഡ്രൈവര്‍ക്ക് നീ്ട്ടി. അയാള്‍ മാസ്ക് തെല്ലുമാറ്റി പറഞ്ഞു..
          വേണ്ട സഹോദരാ..ദാരിദ്യം നമ്മുടെ എല്ലാം കൂടെപ്പിറപ്പാണ്..അതാണ് എന്നെക്കൊണ്ട് അത് ചോദിപ്പിച്ചത്. അത് കയ്യില്‍ വച്ചോളൂ..പോകുന്ന വഴിയില്‍ രണ്ടു പാക്കറ്റ് റൊട്ടി വാങ്ങിക്കാന്‍ പ്രയോജനപ്പെട്ടേക്കും..ഈശ്വര്‍ ഹമേം ക്ഷമാ കരേ.
                          സൊഹൈല്‍ അയാളെ കൈകൂപ്പി. വെയിലിന് നല്ല ചൂടുണ്ടായിരുന്നു. ചിപ്ര കഴിഞ്ഞ് റൈദക് നദിയുടെ ചെറിയ പാലം കടന്നു. നരതളിയിലെ ഫാമിലി ഡാബാ ഏന്‍ഡ് റസ്റ്റോറന്റ് എന്ന് ബോര്‍ഡ് കണ്ടു. അവിടെ നിന്ന് വെള്ളം ചോദിച്ചു കുടിച്ചു.ഉത്തര്‍ പരോക്ട എത്തുന്നതിന് മുമ്പ് രാജസ്ഥാന്‍ ഹോട്ടലിന്റെയും സാന്തി പ്രിയോ ഹോട്ടലിന്റെയും മുന്നിലെ ഷട്ടര്‍ താണുകിടക്കുകയായിരുന്നു. കമഖ്യഗുരിയിലെ ബസ് സ്റ്റോപ്പില്‍ കുറച്ചു നേരം ഇരുന്നു. ഇടക്ക് പാഞ്ഞു പോകുന്ന ആംബുലന്‍സുകള്‍.  ചക് ചകയില്‍ അടഞ്ഞുകിടക്കുന്ന ശിവ ക്ഷേത്രം. ലക്സര്‍പരയും ടഖിന്‍ രംപൂരും കടന്ന നജിരനില്‍ എത്തി.
                              ചെക്പോസ്റ്റില്‍ നീല ഉറകള്‍ ധരിച്ച് നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍. വലിയ പമ്പുകളില്‍ പാതയും വാഹനങ്ങളിലേക്കും ചീറ്റുന്ന വെള്ളത്തിന് ആശുപത്രിയുടെ മണമുണ്ടായിരുന്നു. നടന്നു പോകുന്നവരുടെയും രേഖകള്‍ പരിശോധിക്കുന്നുണ്ടായിരുന്നു. നെറ്റിയിലേക്ക് നീട്ടിപ്പിടിച്ച് തെര്‍മല്‍ സ്കാനറിന് ചിലപ്പോള്‍ ഒരു കൈത്തോക്കിന്റെ ഛായയായണ്. മുന്നില്‍ നില്‍ക്കുന്നവന്‍ കൈകള്‍ പിറകിലേക്ക് കെട്ടി നില്‍ക്കുന്ന യുദ്ധത്തടവുകാരന്‍. സൊഹൈല്‍ രണ്ടു പേരുടെയും രേഖകള്‍ കാണിച്ചു. അയാള്‍ അത് പരിശോധിച്ച് സീലുകള്‍ പതിപ്പിച്ചു തിരിച്ചു തന്നു.
                                                    ഹൃദയത്തിന്റെ താളം വല്ലാതെ കൂടുന്നു. ബ്രായ് ഷിബ്രായ് ഇതാ ജാവേദ് കാല്‍കുത്താന്‍ പോകുന്നു നിന്റെ ചുവന്ന മണ്ണിലേക്ക്. വീശിയടിക്കുന്ന കാറ്റിന് അസമിന്റെ കുളിരും മണവും. കേള്‍ക്കുന്ന ഒാരോ ശബ്ദവും കുട്ടികളുടെ കളിചിരികള്‍. ഇതാ മുന്നിലുള്ള സങ്കോശ് നദിയുടെ പാലം കടന്നാല്‍ നിന്റെ മണ്ണായെന്ന് ശരീരത്തിനെ ഒാരോ അണുവും തരിക്കുന്നു. മാസ്ക് ഊരി പോക്കറ്റിലിട്ട് കൈകള്‍ കൊണ്ട് ജാവേദ് മുഖം പൊത്തിപ്പിടിച്ചു. നിറഞ്ഞൊഴുകിയ കണ്ണുകള്‍ തുടച്ച് പിന്നെയും അയാള്‍ മാസ്ക് എടുത്തിട്ടു..വെയില്‍ മങ്ങി കണ്ണുകലങ്ങി നില്‍ക്കുകയാണ് ചക്രവാളം. നോക്കിയാല്‍ കാണാകുന്ന ദൂരത്ത് ശിവ് കാളി മന്ദിര്‍, ഹരിമന്ദിര്‍, സ്വാസന്‍ കാളി മന്ദിര്‍, കണ്ണിരു പുരണ്ട കൈകള്‍ ഉയര്‍ത്തിക്കൂപ്പി നിന്നപ്പോള്‍ സൊഹൈല്‍ അയാളെ സമാധാനിപ്പിച്ചു.

കരയുകയാണോ..?.നാമിപ്പോള്‍ നമ്മുടെ നാടിനെ തൊട്ടിരിക്കുന്നു. എനിക്ക് സന്തോഷം തോന്നുന്നു. ഈ ദിവസത്തിനായി എത്ര കൊതിച്ചതാണ്. എത്ര നാളുകള്‍ നടന്നു തീര്‍ത്തതാണ്.. ആകെ വിഷമം ഈ വിവരമൊന്ന് വീട്ടിലേക്ക് വിളിച്ചു പറയാന്‍ കഴിയുന്നില്ലെന്ന വിഷമമേയുള്ളൂ..
ശിമുലട്പുവും ഡാബ്ര പാലവും പിന്നിടുമ്പോള്‍ കാലുകള്‍ക്ക് മുമ്പില്ലാത്ത വേഗവും ശക്തിയും. സൊഹൈല്‍ ജാവേദിനൊപ്പം നടന്നെത്താന്‍ പാടുപെട്ടു. ശ്രീരാംപുര്‍ ടോള്‍ ബൂത്തിനടുത്തെത്തുമ്പോള്‍  സൊഹൈല്‍ പറഞ്ഞു.

ജാവേദ്, എന്റെ ഗ്രാമം അടുത്തിരിക്കുന്നു. ഇന്ന് രാത്രി മുഴുവന്‍ നടന്നാല്‍ ഞാന്‍ ബിധന്‍ പല്ലിയിലെത്തും. പക്ഷേ ഞാന്‍ കാത്തിരിക്കാന്‍ തയ്യാറാണ് ..ഈ രാത്രി നമുക്ക് അസമിന്റെ ശ്വാസവും ഇരുട്ടുമേറ്റ് സമാധാനത്തോടെ കിടന്നുറങ്ങാം. താങ്കള്‍ക്കും ഇനി കൂടിപ്പോയാല്‍ രണ്ടു ദിവസം..അല്ലെങ്കില്‍ ഒരു ദിവസം..

ടോള്‍ ബൂത്തിന്റെ വശത്ത് വെട്ടിയൊതുക്കിയ സ്തൂപികാമരങ്ങള്‍. നിര്‍ത്തിയിട്ടിരിക്കുന്ന കുറെയേറെ ട്രക്കുകള്‍.ഏക് കദമം സ്വഛതാ കീ ഔര്‍...ഗാന്ധിജിയുട കണ്ണട. അതിനു താഴെ എഴുതിയ വാക്കുകള്‍. അതിന് താഴെ ചിതറിക്കിടക്കുന്ന ചപ്പുചവറുകള്‍. അതിനപ്പുറം ഒഴിഞ്ഞു കിടന്ന ഭാഗത്ത് ഇരുന്നപ്പോള്‍ ഒരു വിശ്രമം ആവശ്യമാണെന്ന് ജാവേദിനും തോന്നി.
                         അഞ്ചുകൊല്ലം മുമ്പ് നല്ലൊരു ജോലി ഇവിടെത്തന്നെ ഉണ്ടായിരുന്നതാണ്. കച്ചാറിലെ പേപ്പര്‍ മില്ലില്‍. അത് നിലച്ചതോടെയാണ്  എംപി യിലേക്ക് പോകേണ്ടി വന്നത്. കിടക്കുമ്പോള്‍ സൊഹൈല്‍ പറയുന്നുണ്ടായിരുന്നു.ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പ്പറേഷനില്‍. ആദ്യം കച്ചാറിലെ പിന്നെ നാഗോണിലെ . രണ്ടും പൂട്ടിയതോടെ ലക്ഷക്കണക്കിന് തൊഴിലാളികളാണ് അസം വിട്ട് പുറത്തേക്ക് പോകേണ്ടി വന്നത്. കടബാധ്യത പറഞ്ഞാണ് അടച്ചതെങ്കിലും കാരണം വ്യക്തമാണ്. അവക്ക് പകരം സ്വകാര്യ മുതലാളിമാര്‍ കമ്പനി തുടങ്ങും. അതുറപ്പാണ്. നൂറു കോടിയുടെയെങ്കിലും മാലാണ് കിടന്നു നശിക്കുന്നത്. ശമ്പള കുടിശിക പോലും തരാതെ സര്‍ക്കാരുകള്‍ പറ്റിച്ചു. ബിനാ വേതന്‍ , വോട്ട് നഹീ,  ഘോഷണ്‍ പത്ര് ജൂഠ് ഹെ..എന്ന് മുദ്രാവാക്യം വിളിച്ച് സമരം ചെയ്തു. വോട്ട് ചെയ്യാന്‍ പോയില്ല. ഒന്നുമുണ്ടായില്ല. സമരത്തിന് മറുപടി ലാത്തിച്ചാര്‍ജായിരുന്നു. ശമ്പളം കൊടുക്കാന്‍ കോടതി പറഞ്ഞിട്ടും സര്‍ക്കാര്‍ തന്നില്ല. നൂറുകണക്കിന് തൊഴിലാളികള്‍ ആത്മഹത്യ ചെയ്തു. കുട്ടികള്‍ പഠിക്കാന്‍ പോകാതായി. ആളുകള്‍ ജോലി തേടി രാജ്യം മുഴുവന്‍ അലഞ്ഞു..മില്ല് തുറക്കാമെന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയവരാണിപ്പോള്‍..എന്നിട്ടും ഒന്നുമുണ്ടായില്ല. താങ്കള്‍ക്കും അറിയാവുന്നതാണല്ലോ ഇതെല്ലാം...

അതെ.അങ്ങിനെ നോക്കിയാല്‍ ഈ നാട്ടിലെ ഒാരോ മണല്‍ത്തരിക്കും ചോരയുടെയും വിയര്‍പ്പിന്റെയും മണമാണ്. അസംതൃപ്തിയുടെ കാറ്റേ ഇവിടെ വീശുന്നുണ്ടാകു. ഇവിടത്തെ കിണറുകളില്‍ ദാരിദ്ര്യത്തിന്റെ വറ്റാത്ത ഉറവകള്‍. ഇത്രയും ദൂരം നടന്നെത്തിയ നമുക്ക് നാളെ ചിലപ്പോള്‍ ഗ്രാമത്തില്‍ കയറാന്‍ പോലും പറ്റിയെന്നു വരില്ല. എന്നിരിക്കിലും ഇനി മരിച്ചാലും അത് സമാധാനത്തോടെയുള്ള മരണമായിരിക്കുമല്ലോ.

ജാവേദ് അത് പറയുമ്പോള്‍ പാതയില്‍  ഉയര്‍ന്ന് കേട്ട് നേര്‍ത്ത് ഇല്ലാതാവുന്ന ജീവന്റെ നിലവിളിയോടെ ഒരു ആംബുലന്‍സ് ടോള്‍ പ്ളാസ കടന്നു പോയി.

                            28
             ഉണരുമ്പോള്‍ അതു വരെ ഒരു പ്രഭാതത്തിലും തോന്നാത്ത മടിയും ക്ഷീണവും തോന്നി ജാവേദിന്. കാലുകള്‍ക്ക് വേദന കൂടിയിട്ടുണ്ട്. ഉപ്പുറ്റിക്ക് മീതെയുള്ള നീര്‍ക്കെട്ടിന് വലിപ്പം കൂടിയിരിക്കുന്നു. തേഞ്ഞു പോയ ചെരിപ്പിന്റെ ദ്വാരത്തിലൂടെ പാതയില്‍ തട്ടി ഉള്ളങ്കാലില്‍ ഉണ്ടായ തടിപ്പിന്റെ നീല നിറം. അമ്മക്കരികെലെത്തിയ കുട്ടിയെപ്പോലെ തന്റെ ശരീരം നാടിനോട് പരാതി പറയുകയാണ്. നാടിന്റെ കാറ്റും വെളിച്ചവും തന്നിലെ അതു വരെ നിലച്ചു കിടന്ന ഘടികാരത്തെ ഉണര്‍ത്തിക്കഴിഞ്ഞു. വിശപ്പും ദാഹവും വേദനകളും പുനര്‍ജനിച്ചിരിക്കുന്നു. കാലുകള്‍ നിലത്തൂന്നുമ്പോള്‍ തീയില്‍ ചവിട്ടിയപോലെ. തന്റെ ഗ്രാമത്തിന്റെ അടുത്തെത്തിയിട്ടുപോലും ഈ  അവസാനത്തെ ദിവസങ്ങളില്‍ താന്‍ കുഴഞ്ഞു വീണു മരിച്ചു പോകുമോ? മുന്നിലെ പാത ഇപ്പോള്‍ ഇഴയുന്ന ഒരു സര്‍പ്പമാണ്. അത് പത്തി വിടര്‍ത്തി തന്റെ നേരെ നോക്കുന്നുണ്ട്.
സൊഹൈല്‍ പതിവിലേറെ ഉത്സാഹത്തിലായിരുന്നു. ടമരയും നയഗോണും പിന്നിടുമ്പോള്‍ ഒരു മൂളിപ്പാട്ടുപാടാന്‍ മാത്രം അയാള്‍ സന്തോഷിച്ചു.
ഭൈരിഗുരി, മാടിയജുരി, ഹരാഫുട, പത്മാബില്‍, ഗാബിയഗോണ്‍, ദാലിഗുരി, നാപാല്‍പര, കടംഗുരി, അന്തൈബാരി, ടോബി, ഗര്‍ജന്, ഭൗരഗുരി, ചൗടര, ഭാഖനിചാര, ചിതിലഗ്രം, ചോകപര, മുഖിയാഗോണ്‍,മൊയ്നഗുരി, ദാലോവബാരി, മഗുര്മാരി..സൊഹൈല്‍ ഒരു പാട്ടുപാടുന്ന പോലെ കൊക്രജഹാര്‍ വരെയുള്ള സ്ഥലപ്പേരുകള്‍ പറഞ്ഞു.

കൊക്രാജഹാര്‍ കേള്‍ക്കുന്നവര്‍ക്ക് ഒരു പേരുമാത്രമാണ്. ജാവേദ് പക്ഷേ അനുഭവിച്ചവര്‍ക്ക് അതൊരു ചിതയാണ് . എല്ലാ പ്രതീക്ഷകളും കത്തിക്കരിയുന്ന ചിത. ഇവിടത്തെ ജയിലുകളില്‍ കരഞ്ഞു മരിക്കുന്ന എത്രയോ പേരുണ്ട്. വിചാരണകള്‍ നീണ്ടു പോകുമ്പോളും തങ്ങള്‍ ചെയ്ത കുറ്റം എന്താണെന്നറിയാത്തവര്‍. കൊക്രാജഹാര്‍ ശരിക്കും ഒരു കാരാഗൃഹമാണ്.

സൊഹൈല്‍ അടഞ്ഞു കിടക്കുന്ന പ്രഭാതത്തെ നോക്കി പറഞ്ഞു. പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട ഒരു കൈവണ്ടിയുടെ തണ്ടില്‍ ഒരു കുടുംബം ഇരിക്കുന്നുണ്ട്. മുഷിഞ്ഞ സാരിയുടുത്തിരിക്കുന്ന സ്ത്രീകളുടെ കാല്‍ച്ചുവട്ടില്‍ കെട്ടിയിട്ടപോലെ ഇരിക്കുന്ന കുഞ്ഞുങ്ങള്‍. അവര്‍ വിരലുകള്‍കൊണ്ട് നിലത്ത് എന്തോ വരക്കുകയാണ്. വിശക്കുന്ന രാജ്യത്തിന്റെ ഭൂപടം. പരസ്പരം കുരച്ചുചാടുന്ന അതിര്‍ത്തി വേലികള്‍. സൊഹൈല്‍ ഒാര്‍മിപ്പിക്കുന്നത് അസമിന്റെ ചെളിക്കുണ്ടുകളെയാണ്. ലക്ഷക്കണക്കിന് പേരെ മുക്കിക്കൊല്ലുന്ന വലിയ ചതുപ്പുകളെയാണെന്ന് ജാവേദിന് തോന്നി.

നമ്മൾ ജനിച്ച രാജ്യം, പരമ്പരകളായി താമസിക്കുന്ന രാജ്യം, നമ്മുടെ പൗരത്വം തെളിയിക്കണമെന്ന് പെട്ടെന്നൊരു ദിവസം പറയുകയാണ്.  തടങ്കലിലാക്കുുമെന്നും  നാടുകടത്തുമെന്നും ഭീഷണിപ്പെടുത്തുകയാണ്. ഭൂരിഭാഗവും മുസ്ലീങ്ങൾ, കുറെയേറെ ബംഗാളി വംശജരായ ഹിന്ദുക്കൾ. അവരിപ്പോള്‍ എത്ര തുറിച്ചു നോക്കിയിട്ടും അവരുടെ പേരുകൾ രാജ്യത്തിന്റെ പട്ടികയില്‍ ഇല്ല. അത് തെളിയിക്കാനുള്ള രേഖകള്‍ ഈ മണ്ണില്‍ എത്ര ആഴത്തിലാണ്  കുഴിച്ചിട്ടിരിക്കുന്നതെന്ന് അവര്‍ക്കറിയുകയുമില്ല. താങ്കള്‍ക്കറിയുമോ ബിധന്‍പല്ലിയിലെ എന്റെ ഗ്രാമത്തില്‍ നൂര്‍ ബീഗം എന്ന പതിനാലുകാരി വീടിന്റെ ഉത്തരത്തില്‍ തൂങ്ങി മരിച്ചു. എന്താണ് കാരണമെന്നറിയുമോ? അവളും അവളുടെ കുടുംബവും പൗരത്വത്തിന്‍ പുറത്തായിരുന്നു. അവളുടെ നോട്ടു പുസ്തകം നിറയെ ത്രിവര്‍ണപതാകയായിരുന്നു...

അറിയാം .സൊഹൈല്‍.എന്റെ ഗ്രാമത്തില്‍ നിന്നും ആളുകള്‍ കൊക്രാജഹാറിലെ ട്രിബൂണലില്‍ പങ്കെടുക്കാന്‍ വന്നിട്ടുണ്ട്. ജയിലില്‍ കഴിയുന്നവരും ഒട്ടേറെ. എന്റെ അമ്മ കജോഡി ദേവിയുടെ അടുത്ത കൂട്ടുകാരിയാണ് സലേഹ ബീഗം. രണ്ടു പേരും ഒരേ ഗ്രാമത്തില്‍ ജനിച്ചവര്‍. പക്ഷേ സലേഹ ബീഗം പട്ടികയിൽ ഇല്ലായിരുന്നു. അവരുടെ മാതാപിതാക്കൾ ഇവിടെ ജനിച്ചവരാണ്. അവര്‍ക്കതിന്റെ എല്ലാ രേഖകളും ഉണ്ട്. പക്ഷേ എന്താണെന്നറിയില്ല, സലേഹ ബീഗവും  കുടുംബവും  പട്ടികയിൽ ഇല്ല. അവരെ തടങ്കലിൽ പാർപ്പിക്കുമെന്നും ബംഗ്ലാദേശിലേക്ക് നാടുകടത്തുമെന്നും പൊലിസ് പലതവണ അവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ജാവേദ്..നിലവിൽ നിർമ്മാണത്തിലിരിക്കുന്നത് ഗോള്‍പ്പാറയിലെ പാളയമാണ്. മുലയൂട്ടുന്ന അമ്മമാരെയും കുട്ടികളെയും പോലും അവിടെ തടവിലാക്കുമെന്ന് പറയുന്നു. തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് അടുത്തുള്ള  സ്കൂളുകളിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നൊക്കെയാണ് വാഗ്ദാനം..സ്വാതന്ത്ര്യമില്ലെങ്കില്‍, പൗരത്വമില്ലെങ്കില്‍ പിന്നെന്തു വിദ്യാഭ്യാസമാണ് . കരയുന്ന കണ്ണുകള്‍ കൊണ്ട് അവര്‍ എന്താണ് കണ്ടു പഠിക്കുക?

അതെ സൈഹൈല്‍. തൊള്ളായിരത്തി അമ്പത്തി ഒന്നിലെ കണക്കെടുപ്പില്‍ ഉള്‍പ്പെട്ടവരോ തൊള്ളീയിരത്തി എഴുപത്തിയൊന്ന് മാര്‍ച്ചിന് മുമ്പ്  വോട്ടര്‍ പട്ടികയിലോ ഭൂരേഖയിലോ പേര് ഉള്ളവര്‍ക്കും  അവരുടെ പിന്‍മുറക്കാര്‍ക്കുമാണ് പൗരത്വം ഉറപ്പാവുന്നത്. അല്ലാത്തവരെല്ലാം വിദേശികളായി തടങ്കലില്‍ തള്ളുമെന്നും കുടിയേറ്റക്കാര്‍ ചിതലുകള്‍ പോലെ രാജ്യത്തെ തിന്നു നശിപ്പിക്കുകയാണെന്നുമൊക്കെയാണല്ലോ സര്‍ക്കാര്‍ പറയുന്നത്..

ആര്‍ക്കാണ് അസമിലെ ഗ്രാമങ്ങളില്‍ സര്‍ക്കാരിന്റെ ഭാഷയില്‍ എഴുതാനും വായിക്കാനും കഴിയുന്നത്..ജാവേദ് എല്ലാവരും സംസാരിക്കുന്നത് ഒരേ അസാമീസ്, അവരെല്ലാവരും ഒരുമിച്ച് താമസിക്കുകയും ഒരേ സ്ഥലത്ത് ജനിക്കുകയും ചെയ്താൽ, ചിലരെ ഇന്ത്യക്കാരായി കണക്കാക്കുകയും മറ്റുള്ളവർ  വിദേശികളായി കണക്കാക്കപ്പെടുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല..
                  അന്തേബാരി മാര്‍ക്കറ്റ് കഴിഞ്ഞ് ടോബിയിലെത്തുമ്പോള്‍ ഉച്ചയായിരുന്നു. ബ്രഹ്മ മന്ദിറിന് മുന്നില്‍ കുറച്ചാളുകള്‍ നില്‍ക്കുന്നുണ്ടായിരുന്നു. ചെറുപ്പക്കാരുടെ ഒരു കൂട്ടം ആളുകള്‍ക്ക്  കുടിക്കാന്‍ വെള്ളവും കടലാസ് പെട്ടികളില്‍ താലിയും നല്‍കയായിരുന്നു. ആളുകള്‍ അതിനായി കൈ നീട്ടിക്കൊണ്ടിരുന്നു. ജാവേദും സൊഹൈലും കിട്ടിയ പൊതികളുമായി പാതയോരത്ത് തന്നെ ഇരുന്നു. ഭക്ഷണം കഴിച്ച് വീണ്ടും നടത്തം തുടങ്ങി.

റോഹിംഗ്യൻ, ഉയ്ഘർ കാരുടെ ഗതിയാവും അസമില്‍ നിന്നും പുറത്താകുന്നവര്‍ക്കും. ഇവിടെ നിന്ന് ആട്ടിയോടിക്കുന്ന ആരെയും ബംഗ്ളാ ഏറ്റെടുക്കുമെന്ന് തോന്നുന്നില്ല. ജാവേദ്

സൊഹൈല്‍ അതിനും ഇരട്ട നീതിയുണ്ട്.   രാജ്യത്തെ മറ്റുള്ള പ്രദേശങ്ങൾക്കെല്ലാം തൊള്ളായിരത്തി നാല്‍പ്പത്തിഏഴോ നാല്‍പ്പത്തി എട്ടോ ആണ്  കട്ട് ഓഫ്. അസമിന്റെ കാര്യത്തില്‍ അത് തൊള്ളായിരിത്തി എഴുപത്തി ഒന്നായി മാറുന്നു.

ഇതിന്റെ വേരുകള്‍ കിടക്കുന്നത് താങ്കള്‍ പറഞ്ഞ തൊള്ളായിരത്തി നാല്‍പ്പത്തി ഏഴിനും അപ്പുറമാണ്. ഇവിടത്തെ തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് തൊഴിലാളികളെ ആവശ്യമായിരുന്നു. അവരാണ് കുടിയേറ്റം പ്രോത്സാഹിപ്പിച്ചത്. അങ്ങിനെ വന്നവരുടെ പിന്‍തലമുറക്കാരാണ് അസം നിറഞ്ഞത്. അവരും കൂടി ഉള്‍പ്പട്ടതാണ് അസം. പക്ഷേ തങ്ങളുടെ സംസ്ഥാനം കുടിയേറ്റക്കാരുടെ നിയന്ത്രണത്തിലുള്ള ഒരു പ്രദേശമായി മാറുമോ എന്നതല്ലേ ഇവിടത്തെ ആധി.
അത് ശരിയാണ് സൊഹൈല്‍. അലി , കൂലി, ബംഗാളി നേപ്പാളി, കര്‍ജ് സെ ബാഹര്‍ എന്നല്ലേ വിളിച്ചു കൊണ്ടിരുന്നത്. മുസ്ലിമും, തേയിലത്തോട്ടത്തില്‍ പണിയെടുത്തവരും, ബംഗാളി ഹിന്ദുക്കളും, നേപ്പാളില്‍ നിന്ന് വന്നവരും എല്ലാം പുറത്തു പോകണമെന്ന് പറഞ്ഞാല്‍ അസം തന്നെ പിരിച്ചു വിടേണ്ടി വരില്ലേ..?
                      ചിതിലഗ്രം എത്തുമ്പോള്‍ വഴിയില്‍ കുറെയേറെ ആളുകള്‍ തടഞ്ഞു നില്‍ക്കുകയാണ്. ഗ്രാമീണരുടെ സംഘവും മുളകളും കല്ലും റോഡിലേക്ക് ഇറക്കി വച്ചിരുന്നു. തൊട്ടപ്പുറത്ത് പൊലിസും നില്‍ക്കുന്നുണ്ടായിരുന്നു. എല്ലാവര്‍ക്കും കൈകളില്‍ സോപ്പുവെള്ളം ഒഴിച്ചു കൊടുത്തിരുന്നു.

ബിനാ ദസ്തെവാജ് കെ കിസീ കീ ഭീ തസ്കരീ നഹിെ കാ ജാ സക്തെ..ഇസ് യാത്ര കൊ കേവല്‍ അഗര്‍ ആപ് സുനിശ്ചിത് കരേം കി കോയി ബീമാരി നഹീം ഹെ.. കൂട്ടത്തിന്റെ തലവന്‍ യാത്രക്കാരെ തടഞ്ഞുകൊണ്ട് പറയുന്നുണ്ടായിരുന്നു.
           പൊലിസ് എല്ലാവരെയും പാതയില്‍ അകലം പാലിച്ച് ഇരുത്തി. ഒാരോരുത്തരുടെയും രേഖകള്‍ നാട്ടുകാര്‍ വാങ്ങി പരിശോധിക്കുന്നുണ്ടായിരുന്നു. മധ്യപ്രദേശില്‍ നിന്നും ഗുജറാത്തില്‍ നിന്നുമൊക്കെ വരുന്നെന്ന് പറഞ്ഞപ്പോള്‍ ജാവേദിനെയും സൊഹൈലിനെയും ആശുപത്രിയില്‍ കാണിച്ച് പരിശോധിച്ചേ വിടാന്‍ കഴിയൂ എന്ന് ഗ്രാമീണര്‍ പൊലിസിനോട് ശഠിച്ചു.
                          ഒരു പൊലിസുകാരന്‍ മുമ്പില്‍ നടന്നു. അതിന് പിറകില്‍ ജാവേദും സൊഹൈലും. അതിനു പിറകേ ഗ്രാമീണരില്‍ ചിലരുമായി ചിതില എസ്എച്ച് സി കെട്ടിടത്തിന് മുന്നിലെത്തി. അവിടെ നേരത്തെ എത്തിച്ച കുറെ പേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. മഞ്ഞ പെയിന്റടിച്ച ആ കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ തുരുമ്പെടുത്ത് ചുകന്ന നിറമായിരുന്നു. കമ്പി അഴികള്‍ക്കു പുറത്ത് ആളുകളെ വരി നിര്‍ത്തിയിരുന്നു.
                   ഉള്ളില്‍ മുന്‍ഷിപരയിലെ ആശുപത്രിയില്‍ നിന്നും തന്ന രേകകള്‍ പരിശോധിച്ച് അതില്‍ സീലുകള്‍ പതിപ്പിച്ചു. വീണ്ടും തെര്‍മല്‍ സ്കാനര്‍ നെറ്റിയിലേക്ക് നീണ്ടു. ചില ഗുളികള്‍ തന്ന് അവിടന്ന് പുറത്തിറങ്ങുമ്പോള്‍ ഗ്രാമീണര്‍ കയ്യിലുണ്ടായിരുന്ന രേഖകള്‍ തട്ടിപ്പറിച്ച് അതില്‍ എന്താണ് എഴുതിയിരിക്കുന്നത് എന്ന് വായിച്ചു

              അസമില്‍ കേസ് ഇങ്ങിനെ പരത്തിയത് നിസാമുദ്ദീന്‍ മര്‍ക്കസില്‍ നിന്ന് വന്നവരാണ്. അതിന് മുമ്പ് ഇവിടെയെന്നല്ല രാജ്യത്തു തന്നെ കേസ് കുറവായിരിന്നു. തബ്ലീഗി ജമാഅത്ത് കാര്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യാതെ വീടുകളിലേക്ക് പോയി. അവരും അവരുടെ കോണ്‍ടാക്ടുകളുമാണ് അസമില്‍ കോവിഡ് ബോംബ് പൊട്ടിച്ചത്.അജ്മീർ  നിന്നും വന്നവരും കൂടിയായപ്പോളാണ് ഇവിടെയും ഹോട്ട് സ്പോട്ട് ആയത്. അതു കൊണ്ട് പരിശോധിക്കാതെ വിടാന്‍ കഴിയില്ല..

അതും പറഞ്ഞ് അയാള്‍ രേഖകള്‍ സൊഹൈലിന് തിരിച്ചു കൊടുത്തു. വീണ്ടും പാതയിലെത്തുമ്പോള്‍ അടുത്ത ഒരു സംഘം ആളുകളെ ജാഥയാക്കി എസ്എച്ച് സി യിലേക്ക് നയിക്കുകയായിരുന്നു പൊലിസും ഗ്രാമീണരും. പൊലിസ് രേഖകള്‍ ഒന്നുകൂടി നോക്കി മടക്കി നല്‍കി. വീണ്ടും പുറപ്പെടുമ്പോളേക്കും വെയില്‍ മങ്ങാന്‍ തുടങ്ങിയിരുന്നു. കൊട്പരയെത്തുമ്പോളേക്കും രാത്രിയായി. മൊയിനഗുരിയിലെ ഒരു കടത്തിണ്ണയില്‍ കുറച്ചു നേരം ഇരുന്നു.

            ജാവേദ് ..കൊക്രജഹാറിലെത്താന്‍ ഇനി കുറച്ചു സമയം മാത്രം മതി. അവിടെ എനിക്ക് കൈരേഖ പോലെ പരിചയമുള്ള സ്ഥലം. ബിധന്‍പല്ലിയിലേക്ക് നടന്നാല്‍ പാതി രാത്രിയാവുമ്പോഴേക്കും എത്തും. നാം പിരിയാന്‍ പോകുകയല്ലേ. പക്ഷെ നാം ഒരേ നാട്ടുകാര്‍. സംസാരിക്കുന്നത് ഒരേ ആസാമി. നാമിനിയും കാണും. ലോക്ക് ഡൗണ്‍ കഴിയട്ടെ..ഈ യാത്ര നമുക്ക് മറക്കാനാവില്ലല്ലോ? ഒരു പക്ഷേ അരാറിയയില്‍ നാം ക്വാറന്റീനില്‍ പെട്ടിരുന്നെങ്കില്‍ ഈ സമയം നമ്മളിവിടെ ആയിരിക്കുകയില്ല. അവിടെ കിടന്ന് ഇതിനകം തന്നെ മരിച്ചിട്ടുമുണ്ടാകാം. സൊഹൈല്‍ പറഞ്ഞു.

ജാവേദ് ഒന്നും മിണ്ടിയില്ല. വഴിയോരത്തെ തേയിലക്കാടുകളില്‍ നിന്ന് ചിവീടുകള്‍ മുരളുന്നുണ്ടായിരുന്നു. ദാലോവബാരി ഭാഗിച്ചയും മഗുര്ബാരിയും പിന്നിട്ട് കൊക്രജഹാറിലെ ട്രാഫിക് ഐല്‍ഡില്‍ നിന്ന് രണ്ടു വഴിക്ക് തിരിയുമ്പോള്‍ ജാവേദ് കൈവിശി.

പേടിക്കാനില്ല സൊഹൈല്‍. താങ്കള്‍ രാത്രി കൊണ്ടു തന്നെ ബിധന്‍പല്ലിയിലെത്തു..നമ്മള്‍ വീണ്ടും കണ്ടിരിക്കും. അടുത്ത ബിഹുവിന് നമുക്ക് പരസ്പരം ഗമോസകള്‍ കൈമാറാം.  കാലുകള്‍ വീര്‍ത്തു പൊട്ടിയിട്ടില്ലെങ്കില്‍ എനിക്കിനിയും രണ്ടു ദിവസങ്ങള്‍ കൂടി നടക്കേണ്ടിയിരിക്കുന്നു. ഞാന്‍ അല്പം കൂടി നടന്ന് വിശ്രമിക്കും. നാളെ യാത്ര തുടങ്ങുവാന്‍ വിളിച്ചുണര്‍ത്തുവാന്‍ താങ്കള്‍ ഒപ്പമില്ല. എങ്കിലും ഈ ജീവിതകാലം മുഴുവന്‍ ഞാന്‍ താങ്കളെ ഒാര്‍മിക്കും.
                              
                             29
        റെങ്ങപരയിലൂടെ നടക്കുമ്പോള്‍ ഇടക്കിടെ തന്നോട് ആരോ സംസാരിക്കുന്നത് പോലെ.  ഇന്നലെ വരെ ഒപ്പമുണ്ടായിരുന്ന സൊഹൈല്‍ ഇപ്പോള്‍ ബിധന്‍പല്ലിയിലെ ഗ്രാമത്തില്‍ എത്തിയിട്ടുണ്ടാകും.പുറത്തുനിന്ന് വരുന്നവരെ ഗ്രാമക്കാര്‍ സ്വീകരിക്കുന്നത് കല്ലും വടിയുമായാണെന്ന് അവസാന പ്രാവശ്യം വിളിച്ചപ്പോള്‍ ഫുക്കാന്‍ പറഞ്ഞിരുന്നു. വീടില്‍ കയറാന്‍ സമ്മതിക്കാതെ വഴികള്‍ അടച്ചിട്ട് പൊലിസിനെ അറിയിക്കുകയാണെത്രെ നാട്ടുകാര്‍. പൊലിസ് എത്തി അവരെ ക്വാറന്റീനിലേക്ക് മാറ്റും. എന്നാലും കണ്ണെത്താ ദൂരത്ത് പട്ടിണി കിടന്ന് മരിക്കുന്നതിലും ഭേദം അവനവന്റെ ജനിച്ച മണ്ണില്‍ വീണു മരിക്കുന്നതുതന്നെയാണ്.
                     മുന്നിലും പിന്നിലും അല്പം ദൂരെയായി നടന്നു പോകുന്നവര്‍. അടിമതയും അടബാരിയും നടന്നെത്തുമ്പോൾ കെട്ടിടങ്ങളുുടെ എണ്ണം കുറയുന്നു. ചോരിഖോര എത്തുമ്പോള്‍ കാട്ടുപാതയുടെ ഇരുട്ട്. സിവോകയിലെ കാട്ടുകൊമ്പന്‍ എപ്പോള്‍ വേണമെങ്കിലും മുന്നില്‍ ചിന്നം വിളിച്ച് പാഞ്ഞടുക്കുാം.ടിലപരയും കുംഗുരിയും കക്രിഖോലയും കടന്നപ്പോള്‍ പാതയോരത്ത് ചൈബാരി ടീ എസ്റ്റേറ്റിന്റെ ബോര്‍ഡ് . നൈഗോണും അംഗുരിയും എത്തുമ്പോള്‍ വീണ്ടും ജനവാസമേഖലയായി. ചൈഭാരിയില്‍ പാതയോരത്തെ അടഞ്ഞു കിടന്ന കടയുടെ മുന്നില്‍ കുറെ നേരം ഇരുന്നു. നെഞ്ചിലെ പക്ഷിയുടെ ചിലപ്പ് കൂടിയിരിക്കുന്നു.  ഉച്ച തലക്കുമുകളിലേക്ക് നീങ്ങുകയാണ്. ദാഹവും വിശപ്പുമുണ്ട്. പക്ഷേ അടുത്തെങ്ങും ഒരു പൈപ്പ് പോലുമില്ല. പുഴുങ്ങിയ അരി കൊണ്ട് വീട്ടിലുണ്ടാക്കുന്ന ഭട്ട്, ക്സഅഅക് ഭഅജി യും ബാജിയും വിശേഷ ദിവസങ്ങളിലെ തൊര്കരി, മഅസൊര് അഅന്ജ , പന്നിയോ കോഴിയോ കൊണ്ടുള്ള ജൊല് മംദ്ക്സൊരും  ആഖാനും മനസ്സില്‍ വന്നപ്പോള്‍ വിശപ്പിന് കണ്ണീരിന്റെ രുചിയായി.
                   പച്ച നിറമടിച്ച മരപ്പലകകള്‍ കൊണ്ട് അടഞ്ഞു കിടക്കുന്ന രങ്ങമടിയില്‍ കടകള്‍. ഒാരോന്നിലും തൂങ്ങിക്കിടക്കുന്ന തുരുമ്പു പിടിച്ച പൂട്ടുകള്‍. മുളയുടെ കാലുകളില്‍ ഷീറ്റ് മേഞ്ഞ് വഴിയിലുണ്ടാക്കിയിരുന്ന ആസാം ഫാസ്റ്റ് ഫുഡ് എന്ന കട അനാഥമായി കിടന്നിരുന്നു. ഏതു സമയത്തും ഉണങ്ങി വീണേക്കാവുന്ന പട്ടകളോട് കൂടിയ തെങ്ങുകള്‍ മുന്നിലേക്കുള്ള വഴിയുടെ അടയാളമായിരുന്നു.
                        കാളിമന്ദിറിന്റെ കവാടം അടച്ചിരുന്നില്ല. ചളി നിറഞ്ഞ നടവഴിയില്‍ തൊട്ടുമുമ്പൊരാള്‍ കടന്നു പോയപോലെ കാല്‍പാദം ആഴ്ന്ന് കിടക്കുന്നു. മന്ദിറില്‍ ഒന്നു രണ്ടു പേര്‍ ഉണ്ടായിരുന്നു. ജാവേദിനെ കണ്ട് ഒരാള്‍ പുറത്തേക്കിറങ്ങി വന്നു. ചുവന്ന പൂക്കള്‍ വിണുകിടക്കുന്ന നടപ്പാത. അഴികളില്‍ കെട്ടിത്തൂക്കിയിട്ടിരിക്കുന്ന ചുവന്ന തുണിക്കഷണങ്ങള്‍. കെൈചുരുട്ടി പെരുവിരല്‍ ചുണ്ടിനു നേരെ കാണിച്ച് ജാവേദ് വെള്ളം കുടിക്കണം എന്ന് ആംഗ്യം കാണിച്ചു. അയാള്‍ ചുമരിനരികിലേക്ക് കൈ ചൂണ്ടി. അവിടെ  ചുവന്ന ചാന്ത് തട്ടിത്തൂവി കിടന്ന ചുവരിനരികില്‍ ഒരു ടാപ്പുണ്ടാണ്ടിയിരുന്നു. അതിന് താഴെ ഇരുന്ന് പൈപ്പ് തുറന്ന് ജാവേദ് കൈകളില്‍ വെള്ളമെടുത്ത് ആര്‍ത്തിയോടെ കുടിച്ചു. നിലത്ത് പരന്ന വെള്ളത്തില്‍ ചുവപ്പ് നിറം കലര്‍ന്ന് കാല്‍ച്ചുവട്ടില്‍ ചോര പോലെ പടര്‍ന്നു.
                   അമ്മ പറഞ്ഞിട്ടുള്ള കഥകളില്‍ പ്രാഗ്‌ജ്യോതിഷപുരവും കാമരൂപുമായിരുന്ന ആസാം.  ദക്ഷയാഗത്തില്‍ ജീവത്യാഗം ചെയ്ത സതിയുടെ ശരീരത്തില്‍ നിന്ന് യോനീഭാഗം വന്നു വീണു നീലച്ച നിലാചല്‍ മലനിരകളില്‍ യോനി മാത്രമായി പ്രത്യക്ഷപ്പെടുന്ന കാളി. വസന്തമാകുമ്പോള്‍ ഋതുമതിയാവുന്ന ദേവി. ദേവിയുടെ യോനീ ഭാഗത്ത് ഈര്‍പ്പം കണ്ടാല്‍ പിന്നെ   അമ്പുമ്പാച്ചി പൂജയായി.ബ്രഹ്മപുത്ര നദിപോലും ചുവക്കുന്ന ദിവസങ്ങള്‍. സന്ധ്യാപൂജയുടെ സമയത്ത് അടച്ചിട്ട മന്ദിരത്തിനകത്ത് നഗ്നയായി നൃത്തം ചവിട്ടുന്ന കാളിമാത. നിത്യവും ബലിയർപ്പിക്കുന്ന ആണാടിന്റെ ചോരയില്‍ കുതിര്‍ന്നു കിടക്കുന്ന നിലാചല്‍.  ദേവിക്ക് കുളിക്കാന്‍ ചന്ദനച്ചാറും സ്വര്‍ണപ്പൊടിയും കലക്കിയ സുവര്‍ണശ്രീ നദി. ബ്രഹ്മപുത്രയുടെ ഒഴുക്കിനെതിരെ കിഴക്ക് സാദിയവരെ നീന്തിക്കളിക്കുന്ന കാളിമാത. ഉദിച്ചുവരുന്ന സൂര്യനെപ്പോലെ, തുളുമ്പുന്ന  മുലകളോടെ, അരക്കെട്ടില്‍ മാംസഞൊറികളുമായി തെല്ല് മദ്യത്തിന്റെ ലഹരിയുമാര്‍ന്ന് താമരയിലിരിക്കുന്നു ത്രിപുരസുന്ദരിയെക്കുറിച്ച്പറയുമ്പോള്‍ ഭക്തി കൊണ്ട് വിറച്ചു പോകുമായിരുന്നു അമ്മ കജോഡി ദേവി.
                       കാമാഖ്യയോട് പ്രണയിക്കുന്ന നരകന്‍.  പുലരുംമുമ്പ് മന്ദിറും നീരാടാന്‍ കുളവും നിലാചിലേക്ക് കല്‍പ്പാതയും തരാമെങ്കില്‍ അവനോട് വേഴ്ചചെയ്യാമെന്ന് കാമാഖ്യ . അസുരന്റെ ബലത്തില്‍ മന്ദിറും കുളവും വഴിയും പണിതു തീരുന്നതു കണ്ട കാളി തന്റെ മായകൊണ്ട്  കോഴിയെ കൂവിപ്പിക്കുന്നു. നേരം വെളുപ്പിച്ച്  നാരി നരകനെ തോല്‍പ്പിക്കുന്നു.
                  കച്ച് ‍രാജാവായ നരനാരായണന് കാമാഖ്യയുടെ നഗ്നനൃത്തം കാണുവാന്‍ മോഹം തോന്നുന്നു.  ക്ഷേത്രച്ചുമരിലുടെ ഒളിഞ്ഞുനോക്കുന്ന രാജാവിനെ കണ്ട ദേവി ആയിരം സൂര്യന്‍മാരുടെ തീക്ഷ്ണതയാര്‍ന്ന കണ്ണുകളോടെ രാജാവും പരമ്പരകളും നിലാചല്‍ മലകളിലേക്ക് നോക്കുകപോലും ചെയ്യരുതെന്ന് ശപിച്ചത്രെ. രാജവംശത്തിന്റെ പിന്‍ഗാമികള്‍ ഇന്നും നീലാചലത്തില്‍ നിന്ന് കുടകൊണ്ട് സ്വയം മറച്ചുപിടിക്കും.             ‍
                          ഹല്ടി ഭാരിയിലൂടെ പോകുമ്പോള്‍ നോക്കിയാല്‍ കാണുന്ന ദൂരത്ത് ചമ്പാവതി നദി ഒഴുകുന്നു. പുഴക്കരയില്‍ ശോഷിച്ചു നില്‍ക്കുന്ന കാറ്റാടിമരങ്ങള്‍. അടഞ്ഞു കിടക്കുന്ന ഹല്ടിഭാരി മസ്ജിദ്.  ഇരു വശത്തും തിങ്ങി നില്‍ക്കുന്ന മരങ്ങള്‍. അവക്കിടയിലൂടെ നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന കറുത്ത പാത. ഇടക്കിടെ മുഴങ്ങുന്ന കാട്ടുപക്ഷികളുടെ ചിലപ്പുകള്‍. വെയിലറിയാതെയുള്ള ദൂരം. പാതയില്‍ വീണുകിടന്ന ഏതോ കാട്ടു പഴം. പാതി പക്ഷി കൊത്തിയിരുന്നത് വകവക്കാതെ ജാവേദ് ചവച്ചു തിന്നു.
                                        കാട്ടുപാത കഴിയുന്നിടത്ത് ആല്‍മരത്തിനു ചുവട്ടില്‍ പഴവും പച്ചക്കറികളും വില്‍ക്കുന്ന കടകള്‍. അതും കടന്ന് ചമ്പാവതിയുടെ പാലം. പാതയില്‍ നിന്നിറങ്ങി പുഴയിലേക്കുള്ള ചവിട്ടുവഴിയിലൂടെ താഴേക്കിറങ്ങി. കാലും മുഖവും കഴുകിയപ്പോള്‍ ക്ഷീണം മാറുന്ന പോലെ. വീണ്ടും പാതയിലേക്ക് കയറി. കയത്പരയിലെ പെട്രോള്‍ പമ്പിന് മുന്നില്‍ തുറന്നിരിക്കുന്ന ഡാബ..അതിനു മുമ്പില്‍ തൂക്കിയിട്ടിരിക്കുന്ന പല നിറത്തിലുള്ള പാക്കറ്റുകള്‍. കയ്യിലുണ്ടായിരുന്ന അവസാനത്തെ മുഷിഞ്ഞ നോട്ടുകള്‍ പരതി. മുപ്പത് രൂപയുണ്ട്. വിശപ്പ് അത്രക്കുണ്ടായിരുന്നു. പകുതി വെന്ത ആലുപൊറോട്ടയും ഉളുമ്പ് മണമുള്ള ഗ്ലാസിൽ കട്ടൻചായയും. ചൂടുള്ള ചായ കുടിച്ചപ്പോള്‍ നെറ്റിക്കു മീതെ പടര്‍ന്നു നിന്ന വേദനക്ക് തെല്ലൊരു ശമനം.  ഡാബയുടെ ചുവരില്‍ കരിപിടിച്ചു നിന്ന ക്ളോക്കില്‍ നേരം രണ്ടു മണിയെന്ന് കാണിച്ചു. പെട്രോള്‍ പമ്പിനു മുന്നില്‍ ഉയര്‍ത്തിയ പല നിറങ്ങളുള്ള കൊടികളില്‍ കാറ്റു പിടിച്ചിരുന്നു.

താങ്കള്‍ അസമില്‍ എവിടെയാണ്? കടക്കാരന്‍ ചോദിച്ചു.
അഹോത്ഗിരി ഗധാരിയ..
എവിടെ നിന്നാണ് വരുന്നത്?
വാപ്പി..ഗുജറാത്ത്..
ഗുജറാത്ത്? വിശ്വസിക്കാനാകുന്നില്ല..ഇത്രയും ദൂരം താങ്കള്‍ നടന്നത്തിയോ?
ജാവേദ് അയാളെ  ഭാവഭേദമില്ലാതെ നോക്കി.
താങ്കള്‍ ഇരിക്കൂ..ഡിസല്‍ അടിക്കാനെത്തുന്ന വാഹനങ്ങള്‍ ഇവിടെ ചായക്കായി നിര്‍ത്തും. ഞാനവയിലേതിലെങ്കിലും കയറ്റിവിടാന്‍ ശ്രമിക്കാം.
കുറച്ചു സമയം ഡാബയുടെ മുന്നില്‍ മുളയലകുകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കിയ ബഞ്ചില്‍ ഇരുന്നു. പെട്ടെന്നൊരിടത്ത് ഇരിക്കുമ്പോള്‍ പേശികള്‍ കോച്ചിവലിക്കാന്‍ തുടങ്ങും. ഉപ്പുറ്റിക്ക് കനം വച്ചു തുടങ്ങും. പാതയോരത്ത് ഒരു മിനിലോറി വന്നു നിന്നു. അവര്‍ ചായകുടിച്ച് മടങ്ങുമ്പോള്‍ കടക്കാരന്‍ അവരോടായി പറഞ്ഞു.

 നിങ്ങള്‍ റെഘേറിയക്കല്ലേ..ഇദ്ദേഹം അഹോത്ഗുരിയിലേക്കാണ്..ഏറെ ദൂരം നടന്നു വന്നയാളാണ്..ഗുജറാത്തില്‍ നിന്നും ദാ ഇതുവരെ?

ഈസ്റ്റ് വെസ്റ്റ് കോറി ഡോര്‍?  ഡ്രൈവര്‍ സംശയത്തില്‍ കടക്കാരനെ നോക്കി.

അതെ..മാര്‍ച്ച് ഇരുപത്തിനാലിന് യാത്ര തുടങ്ങി എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്..

ധനികര്‍ എസി മുറികളില്‍ ഇരുന്ന് ഈസ്റ്റ് വെസ്റ്റ് കോറിഡോറിന്റെ പ്ളാന്‍ വരക്കുന്നു. പാവപ്പെട്ടവര്‍ അത് യാഥാര്‍ഥ്യമാക്കുന്നു. തീര്‍ച്ചയായും അദ്ദേഹത്തെ കൊണ്ടുപോകാം. ലോറിയുടെ പിറകില്‍ ചരക്കുണ്ട്.എന്നാലും ഇദ്ദേഹത്തിന് ഇരിക്കാനുള്ള സ്ഥലമുണ്ടാകും..

ഡ്രൈവര്‍ ജാവേദിനോടായി പറഞ്ഞു.
താങ്കള്‍ കോവിഡ് ഫ്രീ ആണല്ലോ അല്ലേ? വഴിയില്‍ പൊലിസും നാട്ടുകാരും ഉണ്ടാകും..ജാഗിരോധില്‍  യുവാക്കൾ എല്ലാവരെയും നിരോധിച്ച് റോഡ് ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്.ഖൈത്രിയിലെ രണ്ട് ഡസൻ ഗ്രാമങ്ങളും പൂട്ടിയിട്ടിട്ടുണ്ട്. ആരോഗ്യ കേന്ദ്രത്തിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങിച്ചു വന്നാലെ ഗ്രാമത്തില്‍ കയറ്റുകയുള്ളൂ..

ജാവേദ് പാന്റിന്റെ പോക്കറ്റില്‍ നിന്നും വിയര്‍ത്തു മുഷിഞ്ഞ നാലായി മടക്കിയ ആ കടലാസ് പുറത്തെടുത്ത് ഡ്രൈവര്‍ക്ക് നേരെ നീട്ടി..അയാള്‍ അതൊന്നു നിവര്‍ത്തി നോക്കി തിരിച്ചു കൊടുത്തു. വാഹനത്തിന്റെ പിറകില്‍ പകുതി വരെ ചരക്കു നിറച്ച ചാക്കുകളുണ്ട്. ബാക്കിയുള്ള ഭാഗത്തേക്ക് ജാവേദ് ഇഴഞ്ഞു കയറി. വാഹനം ഒാടിത്തുടങ്ങി.സല്‍ബാരി കഴിഞ്ഞപ്പോള്‍ ബ്രഹ്മ പുത്രനദി കാണായി. ജോഷിഘോപയില്‍ ബ്രഹ്മപുത്രക്ക് മീതെ നാരായണ്‍സേതുവിലൂടെ ലോറി കടന്നു പോയി.
              ഗോള്പെര. ചുവന്ന ചായം പൂശിയ അതിർത്തി മതിലോടു കൂടിയ കൂറ്റന്‍ ജയിലാണ് ആ ബോര്‍ഡ് വായിച്ചപ്പോള്‍ ജാവേദിന് ഒാര്‍മവന്നത്. നുഴഞ്ഞുകയറ്റക്കാരായവരെ പിടികൂടി താമസിപ്പിക്കാന്‍ രാജ്യം നിര്‍മിച്ചുകൊണ്ടിരിക്കുന്ന ജയില്‍. മരണഭായത്തോടെ നാരായണ്‍ദാസ് ഉച്ചരിച്ചിരുന്ന സ്ഥലനാമം. സലേഹ ബീഗത്തിന്റെ രാത്രികളെ ഉറക്കമില്ലാത്തതാക്കി മാറ്റിയ സ്ഥലപ്പേര്..അതിനെ കടന്നു പോകുമ്പോള്‍ സഹായത്തിനായി നിലവിളിക്കുന്ന അനേകായിരം കയ്യുകള്‍, ചെവികളെ ഉരുക്കിക്കളയുന്ന നിലവിളികള്‍ കേള്‍ക്കുന്നതായി ജാവേദിന് തോന്നി. പഞ്ച് രത്നയും സോല്മാരിയും പിന്നിട്ടു. ചന്ദ്രമാരി കഴിഞ്ഞ് കൃഷ്ണി എത്തിയപ്പോള്‍ പൊലിസ് വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ടായിരുന്നു. വലിയ പമ്പുകളില്‍ നിന്ന് അണുനാശിനി കലക്കിയ വെള്ളം വണ്ടിയുടെ ബോഡിയിലേക്ക് ചീറ്റിച്ചു. വാഹനത്തിന്റെ പിറകിലേക്ക് എത്തിനോക്കിയ പൊലിസുകാര്‍ ഡ്രൈവറോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. അയാള്‍ കൈ നീട്ടി രേഖകള്‍ കാണിക്കാന്‍ ജാവേദിനോട് പറഞ്ഞു. രേഖകള്‍ പിടിച്ചുപറിക്കപ്പെട്ടതായി പറഞ്ഞ് ജാവേദ് ആശുപത്രിയില്‍ നിന്നും ലഭിച്ച കടലാസ് കാണിച്ചു. ഗ്ളൗസ് ഇട്ട കൈകൊണ്ട് അത് നിവര്‍ത്തി അയാള്‍ ജാവേദിനോട് പറഞ്ഞു..

ഇത് അവര്‍ പരിശോധിക്കുമ്പോള്‍ നിങ്ങള്‍ക്ക് പനി ഉണ്ടായിരുന്നില്ല. സാരി ഉണ്ടായിരുന്നില്ല. എന്നു മാത്രമേ അര്‍ഥമാക്കുന്നുള്ളൂ.. ഇത്രയും ദൂരം വന്ന സ്ഥിതിക്ക് താങ്കള്‍ക്ക് ഇന്‍ഫക്ഷന്‍ ഉണ്ടാകാന്‍ ഉള്ള സാധ്യത നൂറുശതമാനമാണ്.
ഞങ്ങളിപ്പോള്‍ നിങ്ങളെ പോകാന്‍ അനുവദിക്കാം. പക്ഷേ ഞങ്ങള്‍ അഹോത്ഗുരിയിലേക്ക് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അവിടെ നിങ്ങള്‍ ക്വാറന്റീനില്‍ കഴിഞ്ഞേ പറ്റൂ..

ജാവേദ് തലയാട്ടി. കൊല്ലുന്നതിന് മുമ്പ് മൃഗത്തിന്റെ ചെവിയില്‍ വെള്ളമൊഴിക്കും. അപ്പോളത് തല കുലുക്കും. അത് അറുക്കുവാനുള്ള സമ്മതമാണെന്ന് പറഞ്ഞ് കുരലറുക്കും. ആ മൃഗമാണ് താനിപ്പോളെന്ന് ജാവേദിന് തോന്നി. അയാള്‍ ഒരു കുപ്പി വെള്ളവും, ഒരു ബ്രെഡ് പാക്കറ്റും വണ്ടിയിലേക്ക് ഇട്ടുകൊടുത്തു. വണ്ടി നീങ്ങുമ്പോള്‍ ജാവേദ് അതെടുത്ത് കഴിക്കാന്‍ തുടങ്ങി.
    ടബ്ളിയും മടങ്ങയും , ധൂപ്ധാരയും കടക്കുമ്പോഴേക്കും രാത്രിയായി. ജാവേദ് ഒന്നു മയങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. കംരൂപ് എത്തിയപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങി. ചരക്ക് കയറ്റിയ ഭാഗം ടാര്‍പോളിന്‍ ഇട്ടിരുന്നു. മഴയത്ത് കുറച്ചു ദൂരം വണ്ടി ഒാടി. പിന്നെ വാഹനം നിന്നു. ‍ഡ്രൈവറുടെ സഹായി പുറത്തിറങ്ങി വന്ന് ജാവേദിനോട് കാബിനിലേക്ക് കയറാന്‍ പറഞ്ഞു. നനഞ്ഞൊട്ടിയ വസ്ത്രങ്ങളോടെ ജാവേദ് ക്യാബിനില്‍ പിടിച്ചു കയറി. അയാള്‍ ഇറ്റിച്ചു നല്‍കിയ സാനിറ്റെസറില്‍ കൈകള്‍ ഉരച്ച് ജാവേദ് ഇരുട്ടിലേക്കും നോക്കി ഇരുന്നു.പരമശിവന്റെ മൂന്നാം തൃക്കണ്ണില്‍‍ വെണ്ണീറായിപ്പോയ കാമന്‍ വീണ്ടും രൂപംപൂണ്ടതിവിടെവെച്ചാണ്. കാമരൂപ്..ഖടിരയും ഭാതിപെരയും അടുക്കുകയാണ്.
പിന്നിടെപ്പോളോ വാഹനത്തില്‍ ചാരിയിരുന്ന് ജാവേദ് ഉറങ്ങാന്‍ തുടങ്ങി.
                                             ഉണരുമ്പോള്‍ വാഹനം ധിരന്പെര കടക്കുകയാണ്. തന്റെ ഒാര്‍മശരിയാണെങ്കില്‍ ഇനി റെഘേറിയക്ക് അധികമില്ല. പടോര്‍ കുചിയില്‍ എത്തിയപ്പോള്‍ തുറന്നു കിടന്ന പാന്‍ ഖുമ്ടിക്ക് മുന്നില്‍ ലോറി നിന്നു. ഡ്രൈവറുടെ സഹായി ആര്‍ക്കോ ഫോണ്‍ ചെയ്യുകയായിരുന്നു. അയാള്‍ ഫോണ്‍ തിരിച്ച് പോക്കറ്റിലിടാന്‍ തുടങ്ങുമ്പോള്‍ ജാവേദ് അയാളോട് ചോദിച്ചു.

എന്റെ ഫോണും പണവുമെല്ലാം വഴിയില്‍ പിക്ക് പോക്കറ്റായി പോയി. ഞാനെവിടെയാണെന്നു പോലും എന്റെ വീട്ടുകാര്‍ക്കറിയില്ല. അവരുടെ സമാധാനത്തിന് ഞാന്‍ അഹോത്ഗുരി എത്തിയെന്ന് ഞാനൊന്ന് വിളിച്ചു പറഞ്ഞോട്ടെ? താങ്കളുടെ ഫോണ്‍ കുറച്ചു സമയത്തേക്ക് ഞാന്‍ ഉപയോഗിച്ചോട്ടെ?

അയാള്‍ ഫോണ്‍ ജാവേദിന് നീട്ടി.
ആദ്യം അയാള്‍ വീട്ടിലേക്ക് വിളിച്ചു. അയാളുടെ ശബ്ദം കേട്ടപാടെ പൊട്ടിക്കരയുകയായിരുന്ന പുഷ്പലതയെ എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയാതെ ജാവേദിന്റെയും കണ്ണുകള്‍ നിറഞ്ഞു പോയി. അല്പസമയം രണ്ടു പേര്‍ക്കും സംസാരിക്കാനായില്ല.
ഞാനിപ്പോള്‍ ഒരു ലോറിയിലാണ് . ഗ്രാമത്തിന്റെ തൊട്ടടുത്തെത്തി. അഹോത് ഗുരി എത്തുന്നു. അവിടെനിന്നും നടന്നാല്‍ ഗ്രാമത്തിലെത്താവുന്നതേ ഉള്ളൂ.  എങ്കിലും ഞാന്‍ ഇന്ന് രാത്രി കൂടി ഏതെങ്കിലും ബസ് ഷെല്‍റ്ററില്‍ വിശ്രമിക്കും. നാളെ പുലര്‍ച്ചെ വീണ്ടും യാത്ര ആരംഭിക്കും.
 മറ്റൊരു തേങ്ങലില്‍ മുങ്ങി ആ ഫോണ്‍ കട്ടായപ്പോള്‍ അയാള്‍ രാജന്‍ ഫുകാനെ വിളിച്ചു നോക്കി.
രാജു ..ഇത് ജാവേദ് ആണ്..താന്‍ റെഘേറിയ എത്തിയതായി പറഞ്ഞപ്പോള്‍ രാജന്‍ ഫുക്കാന്‍ അയാളോട് പറയുന്നുണ്ടായിരുന്നു.
ജാവേദ് ..താങ്കളുടെ വരവ് ഇവിടെ പൊലിസിലും ആരോഗ്യവകുപ്പിലും അറിഞ്ഞിട്ടുണ്ട്. താങ്കളെ നാട്ടിലെത്തിക്കാനൊരു പക്ഷേ സര്‍ക്കാരിന്റെ സഹായെ ലഭിച്ചെന്നിരിക്കും. ഇനി അങ്ങിനെ സംഭവിച്ചില്ലെങ്കിലും താങ്കള്‍ എവിടെയാണ് ഉണ്ടാകുക എന്ന് പറയൂ..ഞാനെത്തും താങ്കളെ കൂട്ടിക്കൊണ്ടു വരുവാന്‍..

ഞാനിപ്പോള്‍ സഞ്ചരിക്കുന്ന ലോറി റെഘേറിയക്കാണ്. അവിടെ നിന്ന് എനിക്ക് നടക്കാന്‍ പറ്റാവുന്നിടത്തോളം ദൂരം ഞാന്‍ അഹോത്ഗുരി റൂട്ടില്‍ നടക്കും. ശേഷം ഏതെങ്കിലും ബസ്സ്റ്റേഷനില്‍ കിടന്നുറങ്ങി രാവിലെ വീണ്ടും പുറപ്പെടും..

ഏതായാലും ഇതു വരെ താങ്കള്‍ സുരക്ഷിതനാണല്ലോ..ഞങ്ങള്‍ തീര്‍ച്ചയായും അഹോത്ഗുരി എത്തിയിരിക്കും.
             
ഫോണ്‍ തിരികെ നല്‍കുമ്പോള്‍ ജാവേദിന് കരച്ചില്‍ വന്നിരുന്നു. വണ്ടി ഖൈത്രി എത്തിയപ്പോള്‍ വീണ്ടും പൊലിസ് കൈകാണിച്ചു. പൊലിസിനൊപ്പം ബോര്‍ഡര്‍ സെക്കുരിറ്റി ഫോഴ്സും. വാഹനത്തിനുള്ളിലും പിറകിലെ ചരക്കിലും പരിശോധിച്ചു. വാഹനത്തിലുള്ളവരുടെ രേഖകള്‍ വാങ്ങി നോക്കി തിരികെ നല്‍കി. ഒാംചുരിയും നഖൂളഗോണും കടന്ന് ജഗിരോധ് എത്തി. പാതയോരത്തെ പെട്രോള്‍ പമ്പിലേക്ക് വണ്ടി ഒതുക്കിയിട്ട് ‍ഡ്രൈവര്‍ പറഞ്ഞു.

ഞങ്ങള്‍ ഇതു വരെയേ ഉള്ളൂ..റെഘേറിയയിലേക്ക് രാവിലെ മാത്രമേ പോകുന്നുള്ളൂ. വാഹനം രാത്രി ഇവിടെ ഇടുകയാണ്. .ഞങ്ങള്‍ക്ക് ചരക്കിറക്കേണ്ട സ്ഥലത്ത് ഇപ്പോള്‍ എത്തിയിട്ട് കാര്യമില്ല. അവിടെ വിശ്രമിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ ഞങ്ങള്‍ യാത്രക്കിടെ ഇവിടം താവളമാക്കാറാണ് പതിവ്. താങ്കള്‍ക്ക് വേണമെങ്കില്‍ ഇതില്‍ വിശ്രമിച്ച് ഞങ്ങളുടെ കൂടെ രാവിലെ റെഘേറിയ ഇറങ്ങാം..

ഇപ്പോള്‍ നടന്നാല്‍ കുറച്ചു സമയംകൊണ്ട് അഹോത്ഗുരി എത്താന്‍ കഴിയും..അവിടെ എന്റെ ഭാര്യസഹോദരന്‍  എത്താമെന്ന് പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ ചെയ്തത് വലിയ സഹായമായി. അതെനിക്ക് ഒരു ദിവസം മുമ്പ് എന്റെ ഗ്രാമത്തിലെത്താന്‍ സാധിപ്പിക്കുന്നു.

ഇരുട്ടിലേക്ക് ഇറങ്ങുമ്പോള്‍ ബമുന്‍ഗോണ്‍ വഴി മുമ്പെന്നോ യാത്ര ചെയ്ത ഒാര്‍മ. വെളിച്ചത്തിന് പിശുക്കുകാണിക്കുന്ന തെരുവിളക്കുകകള്‍. ഒരു വിളക്കിന്റെ വെളിച്ചം മറ്റൊന്നിന്റെ വെളിച്ചവുമായി കൈകോര്‍ക്കാന്‍ വിരല്‍ വിടര്‍ത്തിപ്പിടിക്കുന്നുണ്ട്. പക്ഷേ ആ കൈകള്‍ ചിലയിടത്ത് കൂട്ടിമുട്ടിയതേയില്ല. നീട്ടിപ്പിടിച്ച വെളിച്ചത്തിന്റെ വിരലുകള്‍ക്കിടയില്‍ ഇരുട്ടിന്റെ സര്‍പ്പങ്ങള്‍ ചുരുണ്ടു കിടന്നു.
                                       നടുന്‍ഗോണിലെ ശിവമന്ദിറും, ഹനുമാന്‍ മന്ദിറിന്റെയും ഗുരുദ്വാരയുടെയും ബോര്‍ഡുകള്‍. അടഞ്ഞു കിടക്കുന്ന സിക്ദര്‍ ഷോപ്പിങ്ങ് കോംപ്ളക്സ്. ഘുനുഷ ഹബി ആയപ്പോള്‍ കാടും ഇരുട്ടും കൂടി പേടിപ്പെടുത്തി.ഇരു വശത്തുനിന്നും മരങ്ങളുടെ നിഴലുകള്‍ പാതയില്‍ ഇരുട്ട് കോരിയൊഴിച്ചു. ചില സ്ഥലങ്ങളില്‍ വിളക്കുകാലുകളില്‍ ഇരുട്ട് കായ്ച്ചുകിടന്നു. ദോഗോള്‍ എത്തുമ്പോള്‍ ദൂരെ നിന്നും ഒരു വാഹനം വരുന്നു. . ജാവേദ് ഇരുട്ടിലേക്ക് കയറി നിന്നു. അത് അകന്നു പോയപ്പോള്‍ വീണ്ടും നടത്തം തുടങ്ങി.
                  അപകടം പിടിച്ച സ്ഥലമാണ് ആസാം. എപ്പോഴാണെന്നറിയില്ല വെടി പൊട്ടുന്നത് എന്നറിയാന്‍ കഴിയില്ല. ഉള്‍ഫയും ബോഡോയും ചിന്തിയ ചോരയെല്ലാം സാധാരണക്കാരുടെതായിരുന്നു. രാത്രി യാത്രയില്‍ വന്യമൃഗങ്ങളെെെകാൾ പേടിക്കേണ്ടത്‌ കൊള്ളക്കാരെയാണ്. പക്ഷേ അവര്‍ക്കെടുക്കാന്‍ തന്റെ ജീവന്‍ മാത്രമേ കയ്യിലുള്ളൂ. പിന്നെ മിന്‍ഷിപരയിലെ ആശുപത്രി തന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വിയര്‍ത്തു നാറിയ ഒരു പത്തുരൂപ നോട്ടും..പക്ഷേ ജീവനെടുക്കാന്‍ പ്രത്യേക കാരണം വേണ്ടാത്ത വിഭാഗമാണല്ലോ മനുഷ്യര്‍.
                                                     പഹല് ഗുരിയും മോരിഗോനും കഴിഞ്ഞപ്പോള്‍ കാപിലി നദിയുടെ തണുത്ത കാറ്റ്. നദിയുടെ നേര്‍ത്ത ഇരമ്പം. പാതയും പുഴയും ഒരേ പോലെ ഒഴുകുന്നയിടങ്ങള്‍. നദിക്കടിയില്‍ ഉരുണ്ടു നീങ്ങുന്ന കല്ലുകള്‍ പോലെ പാതയില്‍ തേഞ്ഞുതീരുന്ന കാലുകള്‍. ഉരുണ്ടുനീങ്ങി മണല്‍ത്തരിയായി പോയ പെരുമ്പാറകള്‍ പോലെ പിറകില്‍ ചോരയിറ്റിക്കുന്ന പട്ടിണിയുടെ നാവിനെ, അദൃശ്യനായ അണുവിനെ പേടിച്ചോടിയ എത്ര മനുഷ്യര്‍ തെരുവുകളില്‍ തേഞ്ഞില്ലാതായിക്കാണും. കാപിലിയുടെ പാലം കടക്കുമ്പോള്‍ കൈവരിയില്‍ ചാരി അല്പം ഇരുന്നു. ഭാലുകഗുരി കഴിഞ്ഞ് ധരംടുല്‍. അരണ്ട നിലാവില്‍ ആശുപത്രിയുടെ വലിയ ബോര്‍ഡ്. ധരംടുല്‍ പൊലിസ് സ്റ്റേഷന്‍ അതിര്‍ത്തിയുടെ ബോര്‍ഡിലെ അക്ഷരങ്ങള്‍ ചുകന്നു കിടന്നു. ഗംഗ സര്‍വീസ് സ്റ്റേഷനുമുന്നില്‍ ഉപേക്ഷിക്കപ്പെട്ടുകിടക്കുന്ന പോലെ വാഹനങ്ങള്‍. ഇരുട്ടില്‍ ഒന്നിച്ചടഞ്ഞു കിടക്കുന്ന അലി സ്റ്റോറും മാ സ്റ്റോറും .
അസം വികാസ് ബാങ്കിന്റെ കെട്ടിടവും  എടിഎമ്മും മങ്ങിയ വെളിച്ചത്തില്‍ കണ്ടു. ബള്‍ബുകള്‍ കത്തി നില്‍ക്കുന്ന ഉഷ ചരിയാലി ഷോപ്പിങ്ങ് സെന്ററിന്റെ പരസ്യ ബോര്‍ഡില്‍ ചിരിച്ചു കൊണ്ടു നില്‍ക്കുന്ന അസാമി പെണ്‍കുട്ടി. ചന്ദന നിറത്തിലുള്ള കൈത്തറി സാരിയും, ചുവന്ന നീളൻ കുപ്പായവും ധരിച്ച അവളെക്കണ്ടാല്‍ ബിഹു നൃത്തത്തിന് ഒരുങ്ങിയ പോലെ. , നെറ്റിയിൽ ചുവന്ന വട്ട പൊട്ടും, രണ്ടു കയ്യും നിറയെ ചുവപ്പുംം വെളുപ്പും വളകളും . ചുവന്ന നൂലുകൊണ്ട് ചിത്രപ്പണിചെയ്ത ഈ വേഷത്തില്‍ അവളായിരിക്കും  അവളുടെ ഗ്രാമത്തിലെ ബിഹു കുന്‍വോരി. ബിഹുവിന്റെ രാജകുമാരിയായി തിരഞ്ഞെടുക്കപ്പെട്ട അവള്‍ക്കപ്പോള്‍ കാമാഖ്യയില്‍ കുമാരിപൂജക്കിരിക്കുന്ന കന്യകയുടെ മുഖമാകും..
                                 നേരം രാത്രി എത്രയായെന്നറിയില്ല. അഹോത്ഗുരിയിലെത്തുവാന്‍ ഇനിയും നടക്കണം. നരമാരിയിലെ ബോര്‍ ബസ്ഷെല്‍റ്റര്‍ കണ്ടപ്പോള്‍ കാലുകള്‍ വെള്ളം കണ്ട കുതിരയെപ്പോലെ നിന്നു. കണ്ണുകള്‍ക്ക് മീതെ നെറ്റിയില്‍ കനം വച്ചു കിടന്ന വേദനയുടെ തീയുണ്ട. ഏതുനിമിഷത്തിലും അത് പൊട്ടിപ്പോകുമെന്ന് തോന്നുന്നു. ഷെല്‍റ്ററിന്റെ ഗുഡ്ക മണക്കുന്ന നിലത്തേക്ക് ജാവേദ് ചുരുണ്ടു കിടന്നു
                              30

ജാവേദ് ഖുരാ...ഇത് നിങ്ങള്‍ തന്നെയോ? 
ഉറക്കത്തില്‍ സ്വപ്നത്തിലെന്നപോലെ കേള്‍ക്കുന്ന വാക്കുകകള്‍. വീണ്ടും വീണ്ടും അതാവര്‍ത്തിക്കപ്പെടുകയാണ്. ആരോ ശരീരത്തില്‍ സ്പര്‍ശിച്ച് ഉറക്കെ വിളിക്കുകയാണ്..

ജാവേദ് ഖുരാ
കിടന്നിടത്തുനിന്നും പിടഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ മുന്നില്‍ ടോര്‍ച്ച് തെളിച്ചു നില്‍ക്കുന്ന ചെറുപ്പക്കാര്‍. ആ വെളിച്ചത്തില്‍ കണ്ണുകള്‍ മഞ്ഞളിച്ച് ജാവേദ് രണ്ടടി പിറകിലേക്ക് മാറി..
മുന്നില്‍ നിന്ന ചെറുപ്പക്കാരന്‍ വീണ്ടും ചോദിച്ചു.

ഖുരാ..താങ്കള്‍ ഗധാരിയയില്‍ നിന്നുള്ള ജാവേദ് ഗോഗോയ് തന്നെയാണോ? ഞങ്ങള്‍ താങ്കളെ തിരക്കിയിറങ്ങിയ സംഘത്തില്‍ പെട്ടവരാണ്.താങ്കളുടെ ഭാര്യാ സഹോദരനാണ് ഞങ്ങളെ വിവരമറിയിക്കുന്നത്..
അതെ ഞാന്‍ ജാവേദ് ഗോഗോയ് തന്നെ..നിങ്ങൾ എന്നെ എങ്ങനെ കണ്ടെത്തി? ഞാൻ വളരെക്കാലം നടന്നു, എനിക്ക് ഇനിയും നടക്കാന്‍ കഴിയില്ലെന്ന് തോന്നി.
താങ്കളുടെ ഭാര്യാസഹോദരനും പൊലിസുമെല്ലാം താങ്കള്‍ക്ക് വേണ്ടി തിരച്ചിലിലാണ്. നാഗോണ്‍ മുതല്‍ റെഘേറിയ വരെയുള്ളെ എല്ലാ ബസ് ഷെല്‍റ്ററുകളിലും, കട വരാന്തകളിലും ട്രക്കുകളുടെ അടിയിലും പാലങ്ങള്‍ക്ക് അടിയിലും വരെ താങ്കള്‍ക്കായി തിരയുകയാണവര്‍. താങ്കളെ കണ്ടെത്തിയതായി ഞാന്‍ അവര്‍ക്ക് വിവരം നല്‍കിക്കോട്ടെ..താങ്കള്‍ എഴുന്നേറ്റ് സമാധാനമായി വാഹനത്തിലേക്ക് വരൂ.
              ആ ചെറുപ്പക്കാരന്‍ ഫോണില്‍ വിളിക്കുന്നത് രാജന്‍ ഫുകാനെയാണെന്ന് ജാവേദിന് മനസ്സിലായി. റെഘേറിയയിലെത്തുന്നതിന് മുമ്പ് ലോറിയിലെ ഡ്രൈവറുടെ ഫോണില്‍ നിന്നും വിളിച്ചു പറയുമ്പോള്‍ ഫുകാന്‍ ഉറപ്പു നല്‍കിയിരുന്നു അഹോത്ഗുരിയിലെത്തി കൂട്ടിക്കൊണ്ടു പോകാമെന്ന്. വെയിറ്റിങ്ങ് ഷെഡിനോട് ചേര്‍ന്ന്  കാര്‍ നിര്‍ത്തിയിരുന്നു. ഒരു ചെറുപ്പക്കാരന്‍ ഒരു കുപ്പി വെള്ളം ജാവേദിന് നേരെ നീട്ടി.
ഖുരാ കുടിച്ചോളൂ..താങ്കള്‍ വളരെയധികം ക്ഷീണിതനാണ്.
ആ കുപ്പിയിലെ വെള്ളം മുഴുവന്‍ കുടിച്ചപ്പോള്‍ ജാവേദിന് കാലുകള്‍ വേച്ചു പോകുന്നതു പോലെ തോന്നി.അടുത്തു നിന്ന ചെറുപ്പക്കാരന്‍ അയാളെ താങ്ങി.
ഖുരാ ഇനിയും വെള്ളം വേണോ?
ജാവേദ് വേണ്ടെന്ന് തലയാട്ടി..ഇതെവിടെയാണ്? ഇപ്പോള്‍ നേരമെത്രയായി?

ഇത് രുപാല്‍ഭാരിയിലെ മൊറോക്കലോങ് സ്കൂളിന് സമീപമാണ് . നേരം ഇതിപ്പോള്‍ ഞായറാഴ്ച പുലരുന്നു. ഏപ്രില്‍ ഇന്ന് പത്തൊമ്പതാണ്.

നിങ്ങളൊക്കെ ആരാണ്?
ഞങ്ങളെല്ലാം.. അസോം ജതിയതബാദി യുവചത്ര പരിഷത്ത് പ്രവര്‍ത്തകരാണ്. താങ്കളോട് നേരത്തെ സംസാരിച്ചത് ദിബ്യജിത്ത് ഞാന്‍ രഞ്ജിത്.
             ആദ്യം സംസാരിച്ച ചെറുപ്പക്കാരന്‍ വീണ്ടും അടുത്തെത്തി. ചെറുപ്പക്കാര്‍ അയാളെ കാറില്‍ കയറി ഇരിക്കാന്‍ സഹായിച്ചു. അവര്‍‍ മൊബൈലില്‍ ജാവേദിന്റെ ഫോട്ടോ എടുത്തു കൊണ്ടിരുന്നു .ദിബ്യജിത്ത് ജാവേദിനോടായി പറഞ്ഞു.
ഫുക്കോണും പോലീസും  ഇങ്ങോട്ട് തിരിച്ചിട്ടുണ്ട്. അവര്‍ ഇപ്പോള്‍ ഇവിടെയെത്തും. ഇവിടെയായതുകൊണ്ടാണ് ഞങ്ങള്‍ക്ക് താങ്കളെ കണ്ടെത്താനായത്. ഇവിടെ അല്പം വെളിച്ചമുണ്ട്. റോഡരികിലെ വിശ്രമമുറിയിൽ ഒരാള്‍  വിശ്രമിക്കുന്നതായി കണ്ടെന്ന് ഈ  നാട്ടുകാരായ ചിലര്‍ പോലീസിനെ അറിയിച്ചിണ്ടായിരുന്നു. അവരും താങ്കള്‍ക്കായി തിരച്ചിലിലായിരുന്നു.
                        കുറച്ചു കഴിഞ്ഞപ്പോള്‍ പൊലിസ് വാഹനവും മറ്റു രണ്ടു വാഹനങ്ങളും എത്തി. പൊലിസ് വണ്ടിക്ക് പിറകിലായി ആംബുലന്‍സ് നിര്‍ത്തിയിരുന്നു. അതിന്റെ നെറ്റിയിലെ നീലവെളിച്ചം ഇരുട്ടില്‍ കറങ്ങിക്കൊണ്ടിരുന്നു. കാറില്‍ നിന്നും രാജന്‍ ഫുക്കോൻ ഇറങ്ങി ജാവേദിന്റെ അരികിലേക്ക് ഒാടിയെത്തി.
ജാവേദ്..
അയാള്‍ ജാവേദിന്റെ കൈകളില്‍ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ പിറകേ വന്ന പൊലിസ് വിലക്കി.
അരുത് ഇത് മഹാമാരിയുടെ കാലമാണ്. പോരാത്തതിന് താങ്കളുടെ ബന്ധു വന്നിരിക്കുന്നത് ഹോട്ട്സ്പോട്ടുകളിലൂടെയാണ്. സാമൂഹിക അകലം നാം പാലിച്ചേ മതിയാകു.സാങ്കേതികമായി ഇദ്ദേഹം ഇപ്പോള്‍ ഞങ്ങളുടെ കസ്റ്റഡിയിലാണ്..
പൊലിസ് ജാവേദിനോട് പേരും യാത്രാവിവരങ്ങളും ചോദിച്ചു. താന്‍ ഗാധാരിയ കരോയിനി ഗ്രാമത്തിൽ നിന്നുള്ളയാളാണെന്നും ഗുജറാത്തില്‍ നിന്ന് നടന്നും ട്രക്കിലുമായി ബീഹാറിലെത്തി അവിടെ നിന്ന് നടന്ന് അഹോത്ഗുരി എത്തിയാതായും ജാദവ് ഗോഗോയ് പറഞ്ഞു.

ആംബുലന്‍സില്‍ നിന്നും ഇറങ്ങിവന്നവര്‍ കാറിനരികിലെത്തി. പൊലിസ് ഒാഫീസര്‍ ഫുക്കേനോടായി പറഞ്ഞു.
ഇത് മഹാദേശോള്‍ സബ്സിഡറി ഹെല്‍ത്ത് സെന്റര്‍ സ്റ്റാഫ് ആണ്. ഇവര്‍ ഇദ്ദേഹത്തെ ഇപ്പോള്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് പറയുന്നു. കോവിഡ് ഹോട്ട്സ്പോട്ടുകളിലൂടെ യാത്ര ചെയ്തു വന്നതിനാല്‍ ഗ്രാമത്തിലേക്ക് വിടുന്നത് റിസ്കാണ്..ഇത്തരം സമയത്ത് വികാരത്തിനേക്കാള്‍ വിചാരത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്.
സാബ് അദ്ദേഹത്തെ കാത്ത് കുടുംബവും പ്രായമായ അമ്മയും തീ തിന്ന് കഴിയുകയാണ്. ഞങ്ങള്‍ ഗ്രാമത്തിലെ വീട്ടിലോ അല്ലെങ്കില്‍ തൊട്ടടുത്തോ‍ അദ്ദേഹത്തെ ക്വാറന്റീന്‍ ചെയ്തോളാം.
അതു റിസ്കാണ്. നിയമപരമായി അത് ശരിയുമല്ല. ഞങ്ങള്‍ക്കത് ചെയ്യാനാവില്ല. ചിതിലഗ്രത്തുനിന്നും ഇദ്ദേഹം പിന്നിട്ട എല്ലാ സ്റ്റേഷനുകളില്‍ നിന്നും ഞങ്ങള്‍ക്ക് വയര്‍ലസ് സന്ദേശം ലഭിച്ചിരുന്നു ഇങ്ങെനെയൊരാള്‍ പാസ് ചെയ്യുന്നുണ്ടെന്ന്. ഒരാളുടെ സൗകര്യമല്ല രാജ്യത്തിന്റെ സുരക്ഷയാണ് മുഖ്യം. താങ്കളുടെ ബന്ധു ഗ്രാമത്തിന് തൊട്ടടുത്താണ്. ക്വാറന്റീന്‍ എന്നാല്‍ ജയിലല്ല. ഞങ്ങള്‍ ഇപ്പോള്‍ പൊലിസുകാരല്ല. ആരോഗ്യ പ്രവര്‍ത്തകരാണ്. ദാ നിങ്ങളുടെ കൂടെ ഒാടി വന്ന ഈ ചെറുപ്പക്കാരെല്ലാം ആരോഗ്യപ്രവര്‍ ത്തകരാണ്. എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരാകണമെന്നാണ് രാജ്യം നമ്മളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.   എല്ലാവരും ഒന്നു മാറി നില്‍ക്കൂ..
     
നീല സുരക്ഷാ ഉറകള്‍ ധരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ ജാവേദിനരികിലെത്തി പുറത്തേക്ക് ഇറങ്ങാന്‍ ആംഗ്യം കാണിച്ചു. അയാള്‍ പുറത്തിറങ്ങി. കയ്യിലുണ്ടായിരുന്ന പമ്പ് ഉപയോഗിച്ച് അയാള്‍ ജാവേദിന്റെ കൈകളില്‍ സാനിറ്റൈസര്‍ ഒഴിച്ചു. ജാവേദ് കൈകള്‍ കൂട്ടിത്തിരുമ്മി. അയാള്‍ ജാവേദിന്റെ കാലുകളിലും ഷര്‍ട്ടിലുമെല്ലാം സാനിറ്റൈസര്‍ സ്പ്രേ ചെയ്തു.
   ദയവായി കണ്ണടക്കൂ..ഇത് നമ്മുടെ എല്ലാവരുടെയും സുരക്ഷക്ക് വേണ്ടിയാണ്. ഞങ്ങള്‍ താങ്കളുടെ സംരക്ഷകരാണ്. പേടിക്കണ്ട.
അവരിലൊരാള്‍ ജാവേദിനോട് പറഞ്ഞു. പിന്നെ തെര്‍മല്‍ സ്കാനര്‍ കൊണ്ട് പരിശോധിച്ച് ഫുകാനോടും ദിബ്യജിത്തിന്റെയും നേരെ തിരിഞ്ഞു.
       ഇദ്ദേഹത്തിന് നല്ല ക്ഷീണമുണ്ട്. കാലുകള്‍ നീരുവന്ന് വീര്‍ത്തിരിക്കുന്നു. അനീമിക് ആണ്. ടെമ്പറേച്ചര്‍ കൂടുതലുമാണ്. ഇത്രയും യാത്ര ചെയ്തതുകൊണ്ടാകാം. ഡ്രിപ്പ് കൊടുക്കേണ്ടതുണ്ട്. റാഹ സിഎച്ച് സിയിലോ നാഗോണിലോ പ്രവേശിപ്പിക്കേണ്ടതുണ്ട്.

പൊലിസ് ഒാഫീസര്‍ ഫുക്കാനെ അടുത്തു വിളിച്ചു
ഇദ്ദേഹത്തെ ആംബുലന്‍സിലേക്ക് മാറ്റാന്‍ പോകുകയാണ്. അകലം പാലിച്ച് അദ്ദേഹത്തോട് സംസാരിക്കുക. അദ്ദേഹം പുറപ്പെട്ട തിയ്യതി സഞ്ചരിച്ച റൂട്ട് എന്നിവ. അദ്ദേഹം ആശുപത്രിയില്‍  ആരോഗ്യം വീണ്ടെടുത്ത് വരട്ടെ. നമുക്ക് പ്രത്യാശിക്കാം.
        അകലം പാലിച്ചു നിന്ന് ഫുകാന്‍ കജോഡിദേവിയുടെയും പുഷ്പലതയുടെയും കുട്ടികളുടെയും വിവരങ്ങള്‍ പറഞ്ഞു. താന്‍ സുരക്ഷിതനും ആരോഗ്യവാനുമാണെന്ന് അവരോട് പറയാനും ഉടനെ മടങ്ങിയെത്തുമെന്ന് അറിയിക്കാനും പറഞ്ഞ് ജാവേദ് തലതാഴ്ത്തി.
                                     പൊലിസ് അവരെ ആംബുലന്‍സിന് നേരെ നയിച്ചു. ജാവേദ് അവരെ അനുഗമിച്ചു. ആരോഗ്യപ്രവര്‍ത്തകരും ജാവേദും മാത്രം ആംബുലന്‍സില്‍ കയറി. പൊലിസ് വാഹനവും കാറുകളും ആംബുലന്‍സിനെ പിന്തുടര്‍ന്നു. കംഗോനും ലവ്ഫുരബാരിയും ബാമുനിജാനും പിന്നിടുന്നത് ആംബുലന്‍സിന്റെ ഗ്ളാസിലുടെ ജാവേദ് നോക്കിക്കണ്ടു. റാഹ സിഎച്ച്സിയുടെ കെട്ടിടത്തിന് മുന്നില്‍ ആംബുലന്‍സ് നിന്നു. അവിടെ നിന്നും ഡോക്ടര്‍ ഇറങ്ങിവന്ന് ആംബുലന്‍സിലേക്ക് കയറി. ആംബുലന്‍സിനുള്ളില്‍ തന്നെ ഡ്രിപ്പ് കുപ്പികള്‍ സജ്ജീകരിച്ച് ജാവേദിന്റെ കയ്യിലേക്ക് ഘടിപ്പിച്ചു. പൊലിസ് ഡോക്ടറോട് സംസാരിക്കുന്നുണ്ടായിരുന്നു.
            ഇവിടെ വേണ്ടത്ര സൗകര്യങ്ങളില്ല. കരിയര്‍ സസ്പെക്ടഡ് ആയതിനാല്‍ നാഗോൺ ഭോഗേശ്വരി ഫുക്കാനാനി സിവിൽ ആശുപത്രിയിലേക്ക് മാറ്റണം. അവിടെ വച്ച് സ്രവപരിശോധന നടത്തേണ്ടതുണ്ട്. എന്തായാലും ഐസോലേഷന്‍ വാര്‍ഡിലാക്കി നിരീക്ഷക്കണം. ശരീരം ദുര്‍ബലമായതിനാല്‍ മറ്റു മരുന്നുകളും നല്‍കേണ്ടി വരും. രക്തക്കുറവുണ്ട്. ചിലപ്പോള്‍ രക്തം വരെ കയറ്റേണ്ടി വന്നേക്കാം.
                       ആംബുലന്‍സ് റാഹ ടോള്‍ബൂത്ത് പിന്നിടുമ്പോള്‍ നേരം വെളുത്തിരുന്നു. മഞ്ഞില്‍ മഞ്ഞ ബള്‍ബുകള്‍ പ്രകാശിപ്പിച്ച് ട്രക്കുകള്‍ എതിരെ നിന്ന് വരുന്നത് കണ്ടു. ഡ്രിപ്പ് കയറിത്തുടങ്ങിയപ്പോള്‍ ജാവേദിന് മയക്കം തോന്നി.കണ്ണുകള്‍ അടച്ച് കിടന്ന് ജാവേദ് നെടുവീര്‍പ്പിട്ടു. ദരഗോണും, ഫുലഗുരിയും ടിമോയും മോഹ്മാരയും ഭാടികുറിയും ദേവ്ധരും പിന്നിടാന്‍ പത്തുമുപ്പതു കിലോമീറ്ററുണ്ടല്ലോ എന്നയാള്‍ മനസ്സിലോര്‍ത്തു. വാപ്പിയില്‍ നിന്ന് നടക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഭയത്തോടെ മാത്രം നോക്കിയ ആംബുലന്‍സുകള്‍. ഉറക്കത്തില്‍ ചെവിയില്‍ വന്നലച്ചിരുന്ന അവയുടെ നിലവിളികള്‍. ഇപ്പോള്‍ താനതിന് ഉള്ളിലാണ്. അത് തന്നെ ഒരു പെരുമ്പാമ്പിനെപ്പോലെ വിഴുങ്ങിയിരിക്കുകയാണ്. കുതറുമ്പോള്‍ വീണ്ടും വീണ്ടും അതു തന്നെ ഞെരുക്കിക്കൊണ്ടിരിക്കുകയാണ്.
                              നാഗോണിലെ ആശുപത്രിയിലെത്തിക്കുമ്പോൾ ജാദവ് ഗോഗോയ്ക്ക് ജീവനുണ്ട് എന്ന് മാത്രമേ പറയാമായി രുന്നുള്ളൂ..ചുറ്റും പല കണ്ണുകളിൽ നിന്നും ചുണ്ടൂകളിൽ നിന്നും ചോദ്യങ്ങൾ അയാളുടെ നേരെ കുതിച്ചു. എല്ലാ ചോദ്യങ്ങളെയും അയാളുടെ ദൈന്യമായ കണ്ണുകൾ ഒരു പരിചപോലെ തടുത്തു. വാക്കുകൾ അയാളുടെ തൊണ്ടയിൽ തടഞ്ഞു. ആരോടും അയാൾക്കൊന്നും മിണ്ടാനായില്ല. നാവുകളില്ലാതാവുന്ന അനേകായിരങ്ങളുടെ പ്രതിനിധിയാണ് താനെന്ന് അയാള്‍ക്ക് ബോധ്യമായിരുന്നു.
 കൂടെവന്നവരും പൊലീസ് ഉദ്യോഗസ്ഥരും ആശുപത്രിയുടെ മുന്നിൽ നിൽക്കുന്നു. എല്ലാവരും മാസ്ക് ധരിച്ചിരുന്നു.പൊലീസ്ഉദ്യോഗസ്ഥൻ ആശുപത്രി ജീവനക്കാരോട് പറയുന്നുണ്ടായിരുന്നു..
            ഇയാൾ ചില്ലറക്കാരനല്ല..ഗുജറാത്തിൽ നിന്നും അസമിലേക്ക് നടന്നു വന്നതാണിയാൾ..
ഇരുപ്പത്തിയഞ്ച് ദിവസം കൊണ്ട് ഇയാൾ നടന്നു തീർത്തത് രണ്ടായരത്തിയഞ്ഞൂറ് കിലോമീറ്ററാണ്..

ഡോക്ടറെന്ന് തോന്നിച്ചയാൾ ജാദേവിനെ നോക്കി.ഡോക്ടറും പൊലീസുകാരും തമ്മിൽ
എന്തൊക്കെയോ സംസാരിച്ചു. പല സംസ്ഥാനങ്ങൾ താണ്ടി വന്നതുകൊണ്ട് തന്നെ ഐസോലേഷനിൽ ആക്കണമെന്ന് പൊലിസും ഹെൽത്ത് ഇന്‍സ്പക്ടറും നേരത്തെ പറഞ്ഞിരുന്നതുകൊണ്ട് അയാൾക്ക് അവരുടെ സംസാരത്തിൽ പുതുമ തോന്നിയില്ല.

ഞങ്ങളിദ്ദേഹത്തിനെ കോവിഡിനായി പരിശോധിക്കുന്നു, നാളെയോ മറ്റന്നാളോ ഫലം പ്രതീക്ഷിക്കുന്നു. അയാൾക്ക് കുഴപ്പമില്ലെന്ന് തോന്നുന്നു. പോസിറ്റിവ് ആയിരുന്നെങ്കില്‍ ഈ ദിവസങ്ങളെ അയാള്‍ അതിജീവിക്കുമായിരുന്നില്ല.  പക്ഷേ ക്ഷീണിതനാണ്. പതിനാലു ദിവസത്തേക്ക് ഐസൊലേഷന്‍ നിര്‍ബന്ധമാണ്. ഇദ്ദേഹത്തിനോട് അഹോത്ഗുരി മുതല്‍ സമ്പര്‍ക്കമുണ്ടായവരെങ്കിലും ഹോം ക്വാറന്റീനിലായിരിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ആശുപത്രി സൂപ്രണ്ട് പൊലിസിനോട് പറയുന്നുണ്ടായിരുന്നു.
                എത്രയായാലും താനിപ്പോൾ അസമിലാണ്. നാഗോണിലാണ്. ജന്മഭൂമിയിലാണ്..കാമാഖ്യയുടെ ഭോഗേശ്വരിയുടെ പേരിലുള്ള ആതുരാലയത്തിലാണ്. ഭോഗേശ്വരിയുടെ ദയയുള്ള കൈകളിലാണ്. അതിന്റെ കാറ്റിലും വെളിച്ച ത്തിലും മണ്ണിന്റെ മണത്തിലുമാണ്.. അതിനു വേണ്ടിയാണല്ലോ താനിത്രനാളും അലഞ്ഞത്.
ബന്ധുക്കളും പൊലീസും തിരിച്ചുപോകുകയാണ്.ജാദവ് ഗോഗോയ് അവർക്കുനേരെ കൈവീശി. അവർ വന്ന ആംബുലൻസ് നെറ്റിയിലെ വെളിച്ചം മിന്നിച്ച് അകന്നകന്നുപോയി. വെള്ള സുരക്ഷാവസ്ത്രങ്ങളും മാസ്കും ധരിച്ച ആശുപത്രി ജീവനക്കാർ അയാളെ സ്ട്രച്ചറിൽ കിടത്തി ഉള്ളിലേക്ക് കൊണ്ടുപോയി. ദേഹം മൂടുന്ന വെളുത്ത വസ്ത്രങ്ങളും മുഖാവരണവും കൊണ്ട് മറ്റേതോ ഗ്രഹത്തിലെ ജീവികളെപ്പോലെ തോന്നിപ്പിച്ച അവരെ ജാദോവ് തുറിച്ചു നോക്കി. കഴിഞ്ഞ ഇരുപത്തിയഞ്ചു ദിവസമായി ധരിച്ചിരുന്ന വിലകുറഞ്ഞ മാസ്കുകൊണ്ട് തനിക്കെങ്ങിനെയാണ് രോഗത്തെ ചെറുക്കാനായത്.? നോക്കിയാൽ കാണാത്ത ആ ശത്രു എത്രപെട്ടെന്നാണ് ലോകത്തെ ഇങ്ങിനെ മാറ്റിമറിച്ചത്..

താൻ ഇനി മുതൽ നിരീക്ഷണത്തിലാണെന്നും ആശുപത്രിവിട്ട് എങ്ങോട്ടും പോകാനാവില്ലെന്ന് അറിയുമ്പോഴും അയാൾക്ക് സങ്കടം തോന്നിയില്ല.താനിപ്പോഴും ജീവിച്ചിരിക്കുന്നുണ്ടല്ലോ എന്നതിൽ അയാൾക്ക് അത്ഭുതം തോന്നുകയും ചെയ്തു. അല്ലെങ്കിലും കുറച്ചു ദിവസം അടച്ചിരിക്കുന്നതിനെ
താനെന്തിന് പേടിക്കണം. കഴിഞ്ഞ ഇരുപത്തിയഞ്ചു ദിവസവും അതിന് മുമ്പും താൻപുറത്തുതന്നെ
യായിരുന്നല്ലോ. കഴിഞ്ഞ ഇരുപത്തിയഞ്ച് ദിവസം പുറത്തായിരുന്നെങ്കിലും അതൊരു അടഞ്ഞ കൂടിനുള്ളിലെ പരക്കം പാച്ചിലായിരുന്നു. അടച്ചിട്ടൊരു രാജ്യത്തിനുള്ളിലൂടെ.ഐസോലേഷൻ വാർഡ് എന്ന് ചുകന്ന നിറത്തിൽ എഴുതിയ മുറിയിലേക്ക് അവർ അയാളെ ആനയിച്ചു. സ്ട്രച്ചറിൽ നിന്ന് ഇറങ്ങി കാലുകൾ നിലത്തു തട്ടിച്ചപ്പോൾ അയാൾ നിലവിളിച്ചു..കാലുകളിൽ സൂചി കുത്തിത്തറക്കുന്ന പോലെ. ഇന്നലെ വരെ തനിക്കീ വേദന ഇല്ലായി രുന്നല്ലോ എന്ന്  ജാദേവ് ഒാർത്തു. തന്റെ വേദന മുഴുവൻ താങ്ങിയത് തന്റെ കാലുകളായിരുന്നല്ലോ.നീരു വന്ന് വീർത്തപ്പോഴും, വിണ്ടുകീറിയപ്പോളും അവ വേദനിച്ചില്ല. പരാതി പറഞ്ഞില്ല, കരഞ്ഞില്ല. തോൽക്കാൻ മനസ്സില്ലാത്തെ കപ്പിത്താന്‍മാരെപ്പോലെ അവ തന്നെ മുന്നോട്ടുതന്നെ നയിക്കുകയായി രുന്നല്ലോ.വഴി പോലും അവക്ക് അറിയാമായിരുന്ന പോലെ.

          ഗോഗോയിയുടെ ആരോഗ്യനില തൃപതികരം ആണ്.  ഇത്രയും ദൂരം നടന്നതിന്റെ ക്ഷീണം മാത്രമേ അദ്ദേഹത്തിനുള്ളുവെന്നും ഡോക്ടര്‍മാര്‍ ആരോടൊക്കെയോ ഫോണില്‍ പറയുന്നുണ്ടായിരുന്നു.
          അതിന് ശേഷം ‍ഡോക്ടര്‍ ഫോണ്‍ ജാവേദിന്റെ നേരെ പിടിച്ചു.
ചാനലുകളില്‍ നിന്നാണ് അവര്‍ക്കറിയണം താങ്കള്‍ സുരക്ഷിതനാണോ എന്ന്..ഇന്ന് അസം മുഴുവന്‍ ചര്‍ച്ച താങ്കളെക്കുറിച്ചാണ്. യു ആര്‍ നൗ എ വിഐപി. വെരി ഇംപോര്‍ടന്റ് പേഷ്യന്റ് ഇന്‍ ദി റിപ്പബ്ളിക് ഒാഫ് പാന്‍ഡെമിക് ..ഡോക്ടര്‍ ജാവേദിനോട് മാസ്കിനുള്ളിലൂടെ ചിരിക്കാന്‍ ശ്രമിച്ചു.

എനിക്ക് ഭക്ഷണമോ പണമോ ഉണ്ടായിരുന്നില്ല, ചന്തകൾ അടച്ചിരുന്നു, ഞാൻ വാപ്പിയില്‍ തന്നെ താമസിച്ചിരുന്നുവെങ്കിൽ  പട്ടിണി കൊണ്ട് മരിക്കുമായിരുന്നു. ഇവിടെ വന്നതിൽ സന്തോഷമുണ്ട്,എങ്ങനെയെന്ന് സംസാരിക്കാൻ എനിക്കാവുന്നില്ല. എനിക്ക് വിശക്കുന്നിരുന്നു, എനിക്ക് ദാഹിച്ചിരുന്നു, എനിക്ക് വിയര്‍ത്തിരുന്നു, എനിക്ക് വേദനിച്ചിരുന്നു, എനിക്ക് തണുപ്പുണ്ടായിരുന്നു…എനിക്കെന്നു മാത്രമല്ല എന്നെപ്പോലെ നടന്നു വെന്ത എല്ലാവര്‍ക്കും രാജ്യം ഇങ്ങനെയൊക്കെ ത്തന്നെയായിരുന്നു. എനിക്ക് കൂടുതൽ പറയാനില്ല, എനിക്ക് വീട്ടിലേക്ക് പോകുകയേ വേണ്ടൂ. ആരോടെന്നില്ലാതെ ജാവേദ് പറഞ്ഞു.
             
                 ഡോക്ടർമാരും നഴ്സുമാരും അയാളെ അത്ഭുതത്തോടെ നോക്കി. ചുകന്നു തുടുത്ത കാലുകളിൽ സ്പിരിറ്റിന്റെ തണുപ്പ് തട്ടിയപ്പോൾ നീറ്റൽ കൊണ്ട് അയാൾക്ക് തൊണ്ട പൊട്ടുന്നപോലെ തോന്നി. കാലുകളിൽ ബാൻഡേജ് ചുറ്റിക്കഴിഞ്ഞപ്പോൾ തെല്ലാരാശ്വാസം പോലെ. മുറിയിൽ കട്ടിലിലെ കല്ലിച്ച കിടക്കയിലേക്ക് അവർ അയാളെ പിടിച്ചു കിടത്തി. അയാളുടെ മെല്ലിച്ച കൈകളിൽ അമർത്തി നഴ്സ് ഞരമ്പ് കണ്ടെത്താൻ ബുദ്ധിമുട്ടി.എല്ലിനോട് ഒട്ടിയിരുന്ന മാസത്തില്‍ എവിടേക്കാണ് സൂചി കുത്തിയിറക്കേ ണ്ടത്.ഇടതു കൈയ്യിൽ ഉറപ്പിച്ച അഡാപ്റ്ററിലൂടെ ഗ്ളൂക്കോസ് കയറിത്തുടങ്ങിയപ്പോൾ നഴ്സിന്റെ കണ്ണുകളിൽ ഒരു തിളക്കം അയാൾ കണ്ടു. വലത്തേ കയ്യിലൂടെ നിരവധി മരുന്നുകൾ അയാളുടെ ദേഹത്തേക്ക് കയറാൻ തുടങ്ങി. വല്ലാതെ കടഞ്ഞപ്പോൾ അയാൾ ഒന്നു ഞരങ്ങി. പതുക്കെ പതുക്കെ നെറ്റിത്തടത്തിൽ തണുപ്പ് വന്നു മുട്ടി. കണ്ണുകൾക്ക് മുകളിൽ ഭാരം. ഏറെ ദിവസമായി അത്ര നിർബന്ധമില്ലാതിരുന്ന ഉറക്കം പിന്നെയും തന്നെ തേടി വന്നപ്പോൾ ജാദവിന് ആശുപത്രി കെട്ടിടം ഒരു വലിയ പക്ഷിയാണെന്നും  അത് കാലിൽ തന്നെ റാഞ്ചിയെടുത്ത് പറക്കാൻ തുടങ്ങുകയാണെന്നും തോന്നു. തനിക്ക് ഒട്ടും ഭാരം തോന്നുന്നില്ല. അയാൾ പക്ഷിയുടെ കാലിൽ കൈകൾ ചേർത്തു പിടിച്ചു. പക്ഷീ എത്ര ദുരം പറക്കാനുള്ളതാണ്. നിന്റെ ചിറകുകൾക്ക് ബലമുണ്ടാവട്ടെ..തളർച്ച ഉണ്ടാകാതിരിക്കട്ടെ..
               നീയെന്നെ കൈവിടില്ലെന്ന് എനിക്കുറപ്പുണ്ട്. അല്ലെങ്കിൽ കഴിഞ്ഞ ഇരുപത്തിയഞ്ചു ദിവസത്തിൽ എപ്പോൾ വേണമെങ്കിലും തന്റെ പ്രാണന്റെ പക്ഷിക്ക് പറന്നു പോകാമായിരുന്നല്ലോ. അതിന് പറന്നുപോകാന്‍ വേണ്ടി ദേഹത്തിന്റെ എല്ലാ വാതിലുകളും തുറന്നു കിടക്കുകയുമായിരുന്നു. പക്ഷേ അത് തന്നോട് ചേർന്നു നിന്നു. വാതിലുകളില്ലാത്ത കൂട്ടിൽ നിന്ന് തന്നോട് സംസാരിച്ചു. വിട്ടുപോകാതെ, ഉറങ്ങാതെ കൂട്ടിരുന്നു. എനിക്കെന്റെ മണ്ണും കുടുംബവും മതി. ജീവിതത്തിൽ ഇനി ഒരിക്കലും ഞാൻ അസമിൽ നിന്ന് പുറത്തുകടക്കുകയില്ല. ജാവേദ് സ്വയം പറഞ്ഞു. മരുന്നുകളുടെ മയക്കം ബാധിച്ചപ്പോൾ ജാദവ് ആശുപത്രി കിടക്കയുടെ പച്ച നിറത്തിലേക്ക് ലയിച്ചു              
                                                                (അവസാനിച്ചു)

ശിവപ്രസാദ് പാലോട്
കുണ്ടൂര്‍ക്കുന്ന് പിഒ
മണ്ണാര്‍ക്കാട് കോളേജ്
പാലക്കാട് 678583
9249857148



No comments:

Post a Comment