kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Wednesday, December 21, 2011

ആത്മഗതം

ആത്മഗതം 
===========


സുഹൃത്തുക്കളെ
ഞാന്‍ ഇതാ ഈ പാറയിലിരുന്നു
ഓരിയിടാന്‍ തുടങ്ങിയിട്ട്
വര്‍ഷങ്ങളായി ,

ഒരു കാരണവര്‍ പോലും
നിന്റെ ഓരി നന്നെന്നോ
ചീത്തയെന്നോ
അതിന്റെ ആദ്യഭാഗം
ഇങ്ങിനെയാക്കണമെന്നോ
അവസാനഭാഗം കലക്കി എന്നോ
പറഞ്ഞിട്ടില്ല
ഒരു കാമുകി പോലും
പല്ലവി മധുരതരം
അനുപല്ലവി ഇഴഞ്ഞു
ചരണം മോശം
തുണ്ട് പല്ലവി നന്നായി
എന്നൊന്നും പറഞ്ഞിട്ടില്ല
അമ്മപെങ്ങന്മാര്‍ പോലും ..

ഇന്നെലെ ദാ അപ്പുറത്തെ
കാട്ടില്‍ നിന്നും
ഒരു ഊശാന്താടിക്കാരന്‍
പരദേശി
വന്നു ഈ പാറയുടെ
ആ മൂലയിലിരുന്നു
വെറുതെ ഒന്ന് ഓരിയിട്ടതെ ഉള്ളല്ലോ

മുതുകിളവികള്‍ തൊട്ടു
ഇളം പെണ്ണുങ്ങള്‍ വരെ,
നരച്ചവര്‍ തൊട്ടു
തോട്ടിലാടുന്നവര്‍ വരെ,
കൊടിപിടിച്ചവനും,
വഴിപിഴച്ചവനും ,
അവന്റെ കൂവലിനെ പറ്റി
ചര്‍ച്ച ചെയ്യുന്നു ..
അവന്റെ ഓരി
ലോകത്തെ അടയാളപ്പെടുത്തലാണത്രേ ,
എട്ടു ഭാഷകളിലേക്ക് വിവര്‍ത്തനം
ചെയ്യപ്പെട്ടിട്ടുണ്ടത്രേ ..

കുറെ ഞണ്ടിന്റെ കാലും
പനംകുരുവും
പാറപ്പുറത്ത് ബാക്കി വച്ച്
അവന്‍ പോയി..
അവരവന് യാത്രയയപ്പ് നല്‍കി

ഇന്നും ഞാനിവിടിരുന്നു കൂവുന്നുണ്ട്
സൌകര്യമുള്ളവര്‍ കാറ്റില്‍
എന്റെ ഓരിയെയും
കേട്ട് കൊള്ളുക
ഞാനൊരു പ്രാദേശിക
കുറുക്കന്‍.

No comments:

Post a Comment