kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Thursday, January 5, 2012

വാനപ്രസ്ഥം

വാനപ്രസ്ഥം

എന്റെ ഓര്‍മയില്‍
അച്ഛന് ചെവികള്‍ 
അനേകമായിരുന്നു ,

സ്കൂളിലേക്ക് പോയ ഞാന്‍
മുള്ളുംപഴം
പറിക്കാന്‍ പോയതും ,

പാവാടപ്പെണ്ണിനോട്
ഗൃഹപാഠം പകര്‍ത്തിയതും ,
കോവാലന്റെ സൈക്കിളില്‍
ഭൂമി ഉരുണ്ടതാണെന്ന്
തെളിയിച്ചതും ,

തറട്ടിക്കറ്റില്‍
നിഴലും വെളിച്ചവും
ഓടിക്കളിക്കുന്ന
സ്വപനം കണ്ടതും ,

അച്ഛന്റെ ചെവികള്‍
കിറുകൃത്യമായി
കേട്ടിരുന്നല്ലോ..

എന്റെ ഓര്‍മയില്‍
അമ്മക്ക് നൂറു
കണ്ണുകളുണ്ടായിരുന്നു ,

കട്ടെടുത്ത
അഞ്ചുരൂപാ നോട്ടും,
കീറിപ്പോയ
കണക്ക് പുസ്തകവും ,

അനുജത്തിയുടെ
കൈത്തണ്ടയിലെ
ചോര കല്ലിച്ച പാടും ,

അമ്മയുടെ കണ്ണുകള്‍
അനായാസം
കണ്ടെടുത്തിരുന്നല്ലോ ..

അമ്മയുടെ തീക്കണ്ണില്‍
ദഹിച്ച കവിതകള്‍
ഗതികിട്ടാതെയിപ്പോഴും
എഴുത്തുമേശ വലം വയ്ക്കുന്നുണ്ട് ,

ഇന്ന് അച്ഛനെ
ചെവിരോഗ വിദഗ്ദന്റെ
വരിയില്‍ കുടിയിരുത്തി ,
അമ്മയുടെ
തിമിരശസ്ത്രക്രിയക്ക്‌
കാവലിരിക്കുംപോള്‍
ഒരു കവിത വന്നിങ്ങിനെ
മുടന്തി നില്‍ക്കുന്നു 

No comments:

Post a Comment