Sunday, January 22, 2012

അടുക്കള


വെച്ച് വിളമ്പി തന്നവള്‍
പെറ്റുകിടക്കാന്‍ പോയപ്പോഴാണ് 
അടുക്കള കണ്ടു പിടിച്ചത് ..

കണ്ണീരു കുറുക്കിയാണ്
അവള്‍ ഉപ്പുണ്ടാക്കിയിരുന്നത്
വല്ലപ്പോഴും ഞാന്‍ നല്‍കിയ
മധുരം മുഴുവന്‍
അവള്‍ ഉറുമ്പുകള്‍ക്ക്
കൊടുത്തും കാണണം ,
എരിവിനും കയ്പിനും
വീട്ടില്‍ പഞ്ഞമുണ്ടായിട്ടില്ല ..

അടുക്കളയുടെ ഭൂപടം
ചിതറി കിടപ്പാണ്
അന്ധനായ ഒരു കൂറ
പാത്രങ്ങല്‍ക്കിടയില്‍ ,

അടുപ്പെന്നാല്‍
ഊതിയാലും ഊതിയാലും
ഉയിര്‍ക്കാത്ത ചിതയാണ്

വാതില്‍ പടിയില്‍
അവള്‍ മൂക്ക് ചീറ്റി
തുടച്ച പാടുകള്‍ ,
ചുവരില്‍ ഒട്ടിച്ചു വച്ച
നിന്റെ കുങ്കുമം,
അടുപ്പിറക്കാനെടുത്ത
പാഴ്ത്തുണിക്കു പോലും
അവളുടെ ചൂര് ,
കറിക്കരിയുന്ന കത്തിയില്‍
കല്ലച്ച് കിടന്ന പെണ്ചോര.,

അടുക്കളയിലെ അവളുടെ
ഘടികാരം ,
എന്റെതിനേക്കാള്‍
ബഹുദൂരം മുന്നില്‍ ..

അടുപ്പില്‍ വച്ച
പാത്രത്തില്‍ നിന്നിതാ
ജീവിതം കരിഞ്ഞ മണം,
പുക ചൂരുള്ളതെങ്കിലും
ആത്മ രതിക്ക്
രുചി കൂടും,

അടുക്കള കണ്ടു പിടിച്ച
ലഹരിയില്‍ ഞാനിത്
മോന്തി ദഹിക്കട്ടെ..
.

1 comment:

  1. "വെച്ച് വിളമ്പി തന്നവള്‍
    പെറ്റുകിടക്കാന്‍ പോയപ്പോഴാണ്
    അടുക്കള കണ്ടു പിടിച്ചത് .."

    കൊള്ളാം, മിക്ക പുരുഷന്മാരും ഇങ്ങനെ തന്നെയാ.
    (ഇങ്ങനെ മൂന്നു വരിയിലായി കൊടുക്കുക.)

    ReplyDelete