Friday, August 31, 2012

കണ്ടത് -ഓണത്തിന് 
ഇക്കുറി 
മഹാബലിയെയോ 

വാമനനെയോ
എനിക്ക് കാണാനായില്ല

കണ്ടത്
ദര്‍ഭമുന കൊണ്ട്
തകര്‍ന്ന കണ്ണുമായി
ചോരയൊലിപ്പിച്ച്
നടന്നു പോകുന്ന
ശുക്രാചാര്യരെ മാത്രം

ഞാന്‍ മാത്രം
എന്താണാവോ
ഇങ്ങിനെ ?
ഓണം 

പൂക്കളുടെ 
മഹാ 
ബലി

Sunday, August 26, 2012


ഇടങ്ങള്‍ 

അതൊരു 
തുമ്പപ്പൂവായിരുന്നു 
പുള്ളിക്കുടയും ചൂടി 

കൂട്ടുകാരികളോടോത്ത്
അത് കലപില കൂട്ടി
നടന്നു പോകും
ചിലപ്പോഴൊക്കെ
പാല്‍ പാത്രവുമായി
ഉമ്മറത്ത് വന്നു നിക്കും
വരാന്തയില്‍
ചിത്ര പുസ്തകത്തിന്
കണ്ണ് വിടര്‍ത്തും
മുറ്റത്ത് വീണു കിടക്കുന്ന
കോളാമ്പിപ്പൂവുകളെ
എടുത്തോമനിക്കുന്നതും കാണാം
പക്ഷെ
ഇന്നലെ ഉറക്കത്തില്‍
എനിക്കറിയാം
ഞാനാതുമ്പപ്പൂവിനെ
പിടിച്ചു വലിച്ചു
ഉള്ളിലേക്ക്
കൊണ്ടുപോയിരുന്നു
നിലവിളികള്‍ക്ക്
കൊളുത്തിട്ട്
ഇതളുകള്‍ക്ക് മേല്‍
അമര്‍ത്തി ചുംബിച്ചിരുന്നു
മൌനങ്ങളെ
അനായാസം കീഴ്പ്പെടുത്തിയപ്പോള്‍
അവിടിവിടെ പൊടിഞ്ഞിറങ്ങിയ
കുന്നിക്കുരുപ്പാടുകള്‍
തേങ്ങുന്നുണ്ടായിരുന്നു
കണ്ണീര്‍ ഒലിചിറങ്ങിയ
ദളങ്ങളില്‍ കണ്ട
പ്രതിബിംബത്തില്‍
എനിക്ക് ദംഷ്ട്രയുണ്ടായിരുന്നു
കീറിപ്പറിഞ്ഞ ഉടയാടയുമായി
അതിറങ്ങിപ്പോയപ്പോളാണ്
ഉറയൂരിയെരിഞ്ഞു
ഒരു സര്‍പ്പം എന്നില്‍ നിന്നും
ഇഴഞ്ഞു പോയത് ..

ഇന്ന് രാവിലെ
കോളിംഗ് ബെല്‍
നിര്‍ത്താതെ കരയുന്നത് കേട്ട്
കിട്ടിയതെന്തോക്കെയോ
വാരിച്ചുറ്റി
വാതില്‍ തുറന്നപ്പോള്‍
അവളുണ്ട് തെള് തെളാ ചിരിച്ചു
ഉമ്മറത്ത് നില്‍ക്കുന്നു
ഒരു തുമ്പപ്പൂ

വാതില്‍ വലിച്ചടച്ചു
ചുമരില്‍ തല തല്ലുമ്പോള്‍
ഒരു കണ്ണാടി വീണു പൊട്ടി ..
പുറത്തപ്പോഴും
പാദസരം കിലുങ്ങുന്നുണ്ടായിരുന്നു

Tuesday, August 21, 2012

ഹൃദയം 

ഹൃദയമൊരു 
നന്ദിയില്ലാത്ത 
വളര്‍ത്തുപട്ടി..
പലപ്പോഴുമത്
വാലാട്ടാന്‍
മറക്കുന്നു ,
പേ ഇറ്റുന്ന
നാവുമായി
കടിക്കാന്‍
പിന്തുടരുന്നു ..
അത് കൊണ്ട് തന്നെ
സ്വപ്നത്തില്‍
വിഷം ചാലിച്ചു
ഞാനതിനെ
ഊട്ടിയുറക്കുന്നു ..
ബന്ദികള്‍ 

ഞങ്ങളില്‍ 
കറുത്തവരും വെളുത്തവരും ,
കുട്ടികളും വൃദ്ധരും ,
അമ്മമാരും ഗര്‍ഭിണികളും ,
യുവാക്കളും യുവതികളും ,
മച്ചികളും ,
വരിയുടക്കപ്പെട്ടവരും,
കറവയുള്ളവരും,
ഇല്ലാത്തവരും ,
ഉണ്ടായിരുന്നു .

പ്രേമവും പിണക്കവും
വാത്സല്യവും ,
പരാതികളും,
പ്രാക്കുകളും,
ഉണ്ടായിരുന്നു ....
ഒരു ദിവസം കൂട്ടത്തോടെ
ആട്ടി ലോറിയില്‍ കയറ്റി ,
ചൂണ്ടിയ തോക്കിന്‍മുനയില്‍
ദിവസങ്ങായി
വെള്ളമില്ല ,വെളിച്ചമില്ല
മിണ്ടാട്ടമില്ല
മുഖം മൂടി ധരിച്ചവരുടെ
അജ്ഞാതമായ
ഭാഷ മാത്രം ചെവിയില്‍ .
മനസ്സില്‍ തെളിയുന്നത്
ഭയത്തിന്റെ ഭൂപടം മാത്രം

ഇടക്കെവിടെയോ നിര്‍ത്തി
ആരുടെയോ വിശപ്പ്‌ മാറ്റാന്‍
ഞങ്ങളുടെ കൂട്ടത്തില്‍
നിന്നാരെയോക്കെയോ
ഇറക്കി കൊണ്ട് പോകുന്നത്
അറിഞ്ഞു ,
വാപൊത്തിപ്പിടിച്ചിട്ടും
കുതറിപ്പോകുന്ന കരച്ചില്‍ ..
കയര്‍ത്തുപോയ ഒരു
യുവശബ്ദം
ഞങ്ങളുടെ ഭാഷയില്‍
ഒരു മുദ്രാവാക്യം
പാതിയില്‍ മൌനപ്പെട്ടു...

വണ്ടി നില്‍ക്കുകയാണ്
ബാക്കി വന്ന എല്ലാവരെയും
താഴെ ഇറക്കുകയാണ്
നടത്തം മറന്ന കാലുകള്‍
പതറി പോകുന്നുണ്ട്
ബയനറ്റ് കൊണ്ടുള്ള കുത്തുകള്‍
മുതുകത്ത് ചിത്രം വരക്കുന്നുണ്ട്
ദുഷ്ടിയില്‍ അജ്ഞാതമായ
ഏതോ ഭൂഖണ്ഡം
കാല്‍ച്ചുവട്ടിലെ മണ്ണിനു
പച്ചമാംസത്തിന്റെ മണം

ഞങ്ങളെ വരിക്കു
നിര്‍ത്തിയിരിക്കുകയാണ്
കഴുത്തില്‍ കയറിട്ടു
ഓരോരുത്തരെയായി
ഉള്ളിലേക്ക് കൊണ്ടുപോകുന്നുണ്ട്
പുറത്തേക്ക് കൊണ്ടുവരുന്നില്ല

എന്റെ ഊഴമായി
ഇപ്പോള്‍ എനിക്കതിന്റെ
ഉള്‍വശം കാണാം
എന്റെ കൂട്ടുകാരെല്ലാം
രൂപം നഷ്ടപ്പെട്ടു
ഇറച്ചി മാത്രമായി കിടക്കുന്നുണ്ട്
എന്നോ മരിച്ചു പോയ
സ്വപങ്ങള്‍ മാത്രം
മുറിച്ചു വച്ച തലകളില്‍
തുറിച്ചുനിന്ന കണ്ണുകളില്‍
ബാക്കിയുണ്ട് ...
ലാടം തറച്ച കാലുകളില്‍ നിന്നും ,
പിന്തള്ളിയ ദൂരങ്ങളോക്കെയും
വേര്‍പെട്ടു കിടക്കുന്നുണ്ട്

കൊലക്കത്തിയുടെ വായ്ത്തല
തിളങ്ങുന്നുണ്ട്
കാലുകളിതാ കൂട്ടിക്കെട്ടിക്കഴിഞ്ഞു
ഇനി പിടയുവാന്‍ പോലും
സ്വാതന്ത്ര്യമില്ലെന്നറിയാം
കണ്ണുകള്‍ക്ക്‌ മീതെ
കറുത്ത തുണി വീണു കഴിഞ്ഞു
ആരോ ഉയര്‍ത്തിപ്പിടിച്ച
വായില്‍ ,മരണത്തിന്റെ
മണമുള്ള വെള്ളം ഒരിറക്ക്,
ചങ്കിലെ ഞരമ്പ് തേടുന്ന
ഭ്രാന്തന്‍ കൈകള്‍
ഒരു മൂര്‍ച്ച വന്നു തൊലിപ്പുറമേ
മുട്ടി നില്‍ക്കുന്നു ..

ഇനി എന്റെ രക്തം
ബാക്കി കഥ പറയും
എണ്ണമറ്റ തീന്‍ മേശകളില്‍
ആര്‍ത്തികളുടെ ചരിത്രം
വിളിച്ചു പറയും
വിട ...

Sunday, August 19, 2012ആരും കാണാതെ ആരും കാണാതെ 
പകല്‍ കണ്ണ് തുടക്കുന്നു,
നിശാപുഷ്പം


രാവേറെ ചെന്നിട്ടും 
ആരെയോ കാക്കുന്നു 
ചിമ്മിനിവിളക്ക്

മിഴി നിറഞ്ഞ്
ശരത്കാലപുഷ്പം
വിരഹതീരത്ത്

പൂപ്പല്‍ ചിത്രം 
മരമേനിയില്‍ തീര്‍ത്ത് 
മഴ പോയി

തൊടരുത്,
വാടുവാന്‍ വയ്യിനി .
എന്നു തൊട്ടാവാടി

ഒറ്റയിരുപ്പിന് 
വായിച്ചു തീര്‍ത്തു
ഞാനിന്നവളെ

ആലിലകള്‍
അപസ്മാരം ബാധിച്ചു 
വിറച്ചു തുള്ളി

ഹൃദയമൊരു 
നന്ദിയില്ലാത്ത 
വളര്‍ത്തുപട്ടി Friday, August 17, 2012

എഴാംയാമം 
കേള്‍ക്കാം 
അവളുടെ
പല്ലിറുമ്പലുകള്‍ 
ദുസ്വപ്നങ്ങളെ അവള്‍ 
കടിച്ചു പോട്ടിക്കുകയാവണം

ഇടക്കിടെ 
പൊട്ടിച്ചിരിക്കുന്നുണ്ട്
ആരോടൊക്കെയോ 
പിണങ്ങുന്നുണ്ട് 
ചുരുണ്ട് കിടക്കുന്ന 
ഒന്നാം ക്ലാസ്സുകാരി 

തൊട്ടിലില്‍ 
മൂത്രശങ്കയില്‍
ഉണര്‍ന്നു കരയുന്നുണ്ട് 
കുഞ്ഞുവിശപ്പ്‌ 

നിലാവ് എത്തിനോക്കുന്നുണ്ട് 
കാറ്റ് പരിഭവിച്ചു നില്‍പ്പാണ് ,
ക്ഷീണിച്ച സീറോ വാട്ട് ബള്‍ബ്‌,
ചോരുന്ന കൊതുകുവല ,
സ്ഥാനം തെറ്റിയ വിരികള്‍ 
ഊര്‍ന്നുപോയ പുതപ്പ് 
അറ്റാച്ച്ഡ് ബാത്ത് റൂമില്‍ നിന്നും 
അനാദിയായ മണം,

വെള്ളം നിറച്ച ജഗ്ഗ്
വല നെയ്തുകൊണ്ടെയിരിക്കുന്ന 
ഭ്രാന്തന്‍ ചിലന്തികള്‍ 
ഇടക്കെപ്പോഴോ 
പെന്‍ഷന്‍ പറ്റാറായ
ഏതൊക്കെയോ ചുമകള്‍ 
വെന്റിലെറ്റര്‍ പഴുതിലൂടെ 
കയറിവന്ന്
രോഷം കൊണ്ടാപ്പോഴാണ്
തലേന്നാത്തെ തപാലില്‍ വന്ന 
വായ്പ കുടിശികക്കത്ത് 
തോണ്ടിവിളിച്ചപ്പോഴാണ് 
ഞാന്‍ ഉണര്‍ന്നു പോയത് 

ഇതൊക്കെയാണ് സുഹൃത്തെ 
അണുകുടുംബത്തിന്റെ 
കിടപ്പറ വിശേഷം 
മറ്റെന്തെങ്കിലും പ്രതീക്ഷിച്ചു 
ഒളിഞ്ഞു നോക്കണ്ട 

Wednesday, August 15, 2012

സ്വാതന്ത്ര്യം 1
ഓര്‍മയിലെ
ആദ്യ സ്വാതന്ത്ര്യദിനം 
മുട്ടായി കിട്ടാന്‍ 
വരി തെറ്റിച്ചു
ഓടിക്കയറിയതിനു
എഡ്മാഷ്‌ തന്ന
കയ്പായിരു
ന്നു 

2സ്വാതന്ത്ര്യം 
ഇരുട്ടുമുറിയിലെ 
കറുത്ത പൂച്ച

3
നമുക്കിടയിലുണ്ട് 
സ്വാതന്ത്ര്യത്തിന്റെ 
വിടവ്

Sunday, August 12, 2012മൌനം

പലപ്പോഴും
മൌനം പ്രസവിക്കുന്നത് 
ചാപിള്ളയാണ്അടയിരിക്കുമ്പോള്‍
വിശപ്പറിഞ്ഞില്ല ,
അങ്ങാടിക്കുരുവിഅലയുന്നു 
നിറവയറുമായി 
പിഴച്ച മേഘംവെറുംകയ്യോടെത്തി
വെള്ളം തേടിപ്പോയ 
വേരുകള്‍തിരികെ 
വന്നപ്പോഴേക്കും 
അവളൊരു മരുഭൂമിഉന്മാദിയെ
നക്ഷത്രങ്ങളെ കാണിച്ചു 
പ്രലോഭിപ്പിക്കരുത്Saturday, August 11, 2012

കാമുകന് 

രണ്ടു 
കണ്ണുകള്‍ കൊണ്ട് 
നീയെന്നെ 
കൊത്തിപ്പറിക്കുംപോള്‍ ,
അവയില്‍ നിന്നിറങ്ങി വന്ന 
നഖങ്ങളും ,ദംഷ്ട്രകളും 
എന്നെ ചൂടോടെ 
രുചിക്കുംപോള്‍ 
കാമുകാ ..
സൌമ്യതയുടെ 
ആയിരം കണ്ണുകള്‍കൊണ്ട് 
നിന്നെ ഞാന്‍ 
ഉഴിയുന്നുണ്ടായിരുന്നു 
കൌതുകത്തിന്റെ 
നൂറു നൂറു 
കാലുകള്‍ കൊണ്ട് 
ഞാന്‍ നിന്നിലൂടെ 
അരിച്ചു നീങ്ങുന്നുണ്ടായിരുന്നു 
നീയറിഞ്ഞില്ല ..
നീയറിഞ്ഞില്ല ,,
പ്രവാസം 

പോകുമ്പോള്‍ 
അവനൊരു 
പൂന്തോട്ടമായിരുന്നു ,

ഞാനവനില്‍
ഒരു പൂമ്പാറ്റയായിരുന്നു
കൌതുകം തീരാത്ത
കണ്ണുള്ള
ഉറവയായിരുന്നു
അവനെ പൊതിയുന്ന
മഞ്ഞായിരുന്നു

തിരികെ വന്നപ്പോള്‍
അവനൊരു
മരുഭൂമിയായിരിക്കുന്നു
ആലിംഗനത്തില്‍
കള്ളിമുള്‍ചെടികള്‍
തടയുന്നു ..
ശ്വാസത്തില്‍
മണല്‍ക്കാറ്റിന്റെ ഉരുക്കം
അഴുകിയ വര്‍ഷങ്ങള്‍
മണക്കുന്ന ചുംബനങ്ങള്‍
കളഞ്ഞു പോയ
എന്തൊക്കെയോ
എപ്പോഴും തിരയുന്ന
നോട്ടങ്ങള്‍

എങ്കിലും ഞാന്‍
ഒരു മരുപ്പച്ച തേടി
ഇപ്പോള്‍ അവനില്‍
തലങ്ങും വിലങ്ങും
ഓടിക്കൊണ്ടിരിക്കുന്നു 
പരിഭാഷ


ചൂണ്ടിയ തോക്കില്‍ 
ഉമ്മവച്ചു നിന്നു
വെള്ളരിപ്രാവ്


ഉറങ്ങാന്‍ വയ്യ ,
മരുഭൂമികള്‍ വന്നു 
ഉമ്മവക്കുന്നു .


നിലാവും 
കാത്തിരുന്നു, മയങ്ങി 
രാവ്ഇരുട്ടിന്റെ 
പരിഭാഷയാണ് 
പകല്‍


സൂര്യന് 
മഴവില്‍വലയം .
മേഘപ്രലോഭനം


വിരുന്നുവന്ന 
മഴ ,വിഭവം പോരാതെ 
പിണങ്ങിപ്പോയി


കത്തിയ 
പകലിന് പിന്നാലെ 
കരിദിനംവിത്തുകള്‍ 


ഉന്മാദിയെ
നക്ഷത്രങ്ങളെ കാണിച്ചു 
പ്രലോഭിപ്പിക്കരുത്തിരികെ 
വന്നപ്പോഴേക്കും 
അവളൊരു മരുഭൂമിഅണക്കെട്ടിനു 
താഴെ , നദിയൊരു 
പട്ടിണിപ്രേതം


സ്നേഹത്തിന്റെ
മുള്‍ക്കിരീടം,
വേദനയൊരുലഹരി..

Wednesday, August 8, 2012

ഒന്നിച്ച്

വീട്ടില്‍ 
ഒറ്റക്കായിപ്പോയ 
നവ വധുവും 
അക്വേറിയത്തിലെ
വര്‍ണമത്സ്യവും
ഒന്നിച്ചു
സ്വപ്നം കണ്ടു .
നിശ

തലോടലുകള്‍ കൊണ്ട് 
കതിരണിഞ്ഞ 
നെല്‍പ്പാടം നീ തീര്‍ക്കുംപോഴും 
ഉറങ്ങാന്‍ വയ്യ
മരുഭൂമികള്‍ വന്നു
ഉമ്മ വച്ചുകൊണ്ടിരിക്കുന്നു ..
സദാചാരപ്പോലിസ്

മഹാളി പിടിച്ച 
വാഴക്കയ്യിലിരുന്നു 
കാക്കചരിഞ്ഞു നോക്കി 

ആരെങ്കിലും
എവിടെയെങ്കിലും
പ്രണയിക്കുണ്ടോ ?
ഏതെന്കിലും നിഴലുകള്‍
ഇണചേരുന്നുണ്ടോ ?
നഖം കൊണ്ടും
കൊക്ക് കൊണ്ടും
ആഴത്തില്‍ നോക്കി ..
ഒരു ഹൃദയത്തിന്റെ
മിടിപ്പെങ്ങാനും
കേള്‍ക്കാനുണ്ടോ ?
വഴിയിലെങ്ങാനും
ഒരു ചുരിദാറും
കള്ളി ഷര്‍ട്ടും
നിന്ന് സംസാരിക്കുന്നുണ്ടോ ?
ഉണ്ടെങ്കില്‍
അവനാണ്
അവളാണ്
അവരാണ്
ഇന്നത്തെ ഇര 
ഹര്‍ത്താല്‍

ഉച്ചയുറക്കം ,
ഭയം 
മന്തുകാലുമായി 
ചിന്തകളിലൂടെ
മുടന്തി നടക്കുന്നു ,
സ്വപ്നങ്ങള്‍ക്കും
ഹര്‍ത്താല്‍.ഇപ്പോള്‍ 

എത്ര 
അലക്കിയിട്ടും 
വെളുക്കാത്ത 
മുണ്ടാണ്
വിപ്ലവം...
അതുകൊണ്ടാണ്
അതിപ്പോള്‍
ചവിട്ടിയരക്കപ്പെടുന്നത് 
കുരീപ്പുഴ

എരിതീയിലു-
മെരിയാതുയരെ
കീഴാളന്‍,
ചുടുവേനലിലു-
മൊഴിയാതോഴുകി
കവിതപ്പുഴ .
മരണങ്ങള്‍ 

എനിക്ക് 
തീപ്പെടാന്‍ കഴിയില്ല, 
കാരണം എനിക്ക് 
കിരീടവും ചെങ്കോലും ഇല്ല.


എനിക്ക്
നാടുനീങ്ങാന്‍ കഴിയില്ല ,
കാരണം
സിംഹാസനങ്ങളില്‍
ഇരുന്നിട്ടില്ല .


കാലം ചെയ്യാന്‍
കഴിയില്ല ,
കാരണം ഞാനൊരു
പാതിരിയല്ല .


സമാധിയടയാന്‍ കഴിയില്ല,
കാരണം ഞാനൊരു
സ്വാമിയല്ല .


അന്തരിക്കാനോ,
നിര്യാതനാകാനോ ,


രക്തസാക്ഷിയാകാനോ
ഇഹലോകവാസം വെടിയാനോ ,
മരിക്കാനോ, പോലും
സാധ്യതയില്ല .
കാരണം ഞാനൊരു
മഹാനല്ല .


ചത്തു പോകാനേ കഴിയൂ
ഞാനൊരു പച്ച മനുഷ്യന്‍ ..
.
വഴി 

യജമാനന്മാരെ 
നിങ്ങടെ 
കനപ്പെട്ടചിന്തകള്‍ 

ഇങ്ങിനെ
പൊട്ടിച്ചു പെരുവഴിയില്‍
തൂവരുത് ..

ചെരിപ്പില്ലാത്ത
അടിയന്റെ കിടാങ്ങളുടെ
കാലുകളില്‍
അവ ചോരപ്പൂക്കള്‍
വിരിയിക്കുന്നു
കല്‍ക്കണ്ടത്തിന്റെ
പോട്ടാണെന്നു നിനച്ചു
അവററ്ങ്ങളത്
നുണഞ്ഞു പോകുന്നു
മിന്നുന്നതെല്ലാം
പൊന്നാണെന്നു കരുതി
അവററ്ങ്ങളത്
അതിന്മേല്‍
അടയിരിക്കുന്നു

യജമാനന്മാരെ
നിങ്ങടെ
കനപ്പെട്ടചിന്തകള്‍
ഇങ്ങിനെ
പൊട്ടിച്ചു പെരുവഴിയില്‍
തൂവരുത് ..