Friday, September 28, 2012

ഹോ


എന്തോരം നല്ല 
മനുഷ്യനായിരുന്നു 

എന്നയല്പക്കക്കാരന്‍

എന്റെ വലം കയ്യാണ്
പോയതെന്ന്
ആഫിസ് മേധാവി

മിനിഞ്ഞാന്നു പോലും
പയറുമണി പോലെ
നടന്ന ആളാ..
പോയ പോക്ക് കണ്ടില്ലേ എന്ന്
നാട്ടുകാര്‍

ഇന്നലെ കുറെ
ആക്കമുണ്ടായിരുന്നു എന്നും
കണ്ണ് തുറന്നു എല്ലാരെയും
ചോദിച്ചെന്നും
പൊടിയരിക്കഞ്ഞി
മോന്തിക്കുടിച്ചെന്നും
ബന്ധുക്കള്‍

ഏതു അര്‍ദ്ധ രാത്രിക്ക്
വിളിച്ചാലും
മൂപ്പര്‍ എന്തിനും
റെഡി ആയിരുന്നു എന്ന്
ലോക്കല്‍ നേതാവ്

ഓനു ഓന്റേതായ
ഒര് ചിട്ടണ്ടായിരുന്നു
എല്ലാറ്റിനും ന്ന്
സഹകുടിയന്‍

ഞങ്ങള് നാട്ടിന്‍ പുറത്ത്
ചത്തു കഴിഞ്ഞേ
ഇങ്ങനൊക്കെ
ചാക്കാല പാടാറുള്ളൂ
ങ്ങള് പട്ടണക്കാര്
ചാവണെന്റെ മുമ്പന്നെ
ചൊല്ലും ല്ലേ
മ്മക്കതോന്നും അങ്ങനങ്ങ്ട്
പോതിക്കിണില്ലാ ...

മൂന്നു കവിതകള്‍ 
സീന്‍ 9

സ്ടാര്‍ട്,
ആക്ഷന്‍ ...
ക്യാമറ ,,
ളെ ളെ ളെ...
കട്ട്.
ആരുടെതാണാവോ ?

നനഞ്ഞിടം
കുഴിച്ചു നോക്കുകയായിരുന്നു 

അവിടെ കണ്ടു

നഗ്നമായി
ഒരു ഹൃദയം

ആരുടെതാണാവോ ?ഭേദം 
വിശുദ്ധന്റെ 
അംഗീകരിക്കപ്പെടാത്ത
ഭാര്യയാകുന്നതിലും ഭേദം 
കളങ്കിതന്റെ
ഏഴാമത്തെ
വെപ്പാട്ടിയാകുന്നതാണ്

രാജാവിന്റെ
ഉറപ്പിച്ചു കിട്ടാത്ത
പിതൃത്വത്ത്തിലും ഭേദം
കുതിരക്കാരന്റെ
ദത്തുപുത്രനാവുന്നതാണ്

ഹെക്കു കവിതകള്‍ ആന്ദോളനം

മറന്നുറങ്ങി ,
പെന്‍ഡുലം
കത്തിയമര്‍ന്നു 
സീമന്തരേഖയില്‍ 
ഒരു ചിത
പാതിരാവ്,
അനാഥനക്ഷത്രങ്ങളുടെ
രോദനം

ഋതുക്കളുടെ
പ്രശ്ചന്നവേഷം
കാലചക്രം

ഉത്തരം 
മറന്നു പോയ 
പേനSunday, September 23, 2012

ക്ലോക്ക്


പ്രഭാതം 
കുമ്പ കുലുക്കി 

നടക്കാനിറങ്ങി

പത്തുമണി
ഇസ്തിരിവടിവില്‍
ബൈക്കില്‍ പറന്നു

പതിനൊന്നു മണി
മുഷിഞ്ഞു
ചായക്ക് കാത്തു

ഉച്ചക്ക്
പോതിച്ചോറിന്റെ വാട

നാലുമണി
വാച്ചില്‍ നോക്കി
കോട്ടുവായിട്ടു

അഞ്ചു മണി
ഒടിഞ്ഞു തൂങ്ങി
വീട്ടില്‍ മടങ്ങിയെത്തി

ആറുമണി
വെടി പറഞ്ഞിരുന്നു

രാത്രി നാലുകാലില്‍
പതറിയെത്തി
പല്ലിരുമ്പലിനു
ചെവി കൊടുക്കാതെ
എവിടെയോ ചുരുണ്ട് കൂടി

പ്രഭാതം പിന്നെയും
കുമ്പ കുലുക്കി 
നടക്കാനിറങ്ങി 

Thursday, September 20, 2012

ഉറക്കപ്പിച്ച്

ചരിത്രം 
സ്വപ്നങ്ങളില്‍ 

കഴുത്തില്‍
വന്നു ചുറ്റുന്ന
പൊക്കിള്‍ക്കൊടിയാണ്

നെഞ്ചിലൂടെ
ഓടി പ്പോകുന്ന
മെതിയടി ഒച്ചകളും
കുളമ്പടികളാണ്

ആരൊക്കെയോ ചേര്‍ന്ന്
കറുപ്പിച്ചു വച്ച
വെളുപ്പുകളും
വെളുപ്പിച്ചു വച്ച
കറുപ്പുകളും
നെറ്റിയില്‍ പലപ്പോഴും
ചുളിവുകളായി
എത്ര വെളിച്ചം വീശിയാലും
തുളയാത്ത ഇരുട്ടായി

ദിക്കിന്റെ ചോപ്പന്‍ നക്ഷത്രം
ഇടക്ക് കണ്ണ് ചിമ്പുമ്പോള്‍
പതറിപ്പോകുന്ന
കുഞ്ഞിക്കാലടികള്‍
കാല്‍ച്ചുവട്ടിലെ
മണ്ണ് ഒലിച്ചുപോകുന്ന
ഭ്രാന്തന്‍ ഒച്ചകളായി

സെമിത്തേരി കല്ലുകളില്‍
ജനനവും മരണവും
മാത്രമേ കൊല്ലങ്ങളായി
കൊത്തി വച്ചിട്ടുള്ളൂ
അതിനിടയില്‍
ഒഴുകിപ്പോയ
പാരാവാരത്തിന്റെ
കണക്കുകള്‍
ഭൂപടങ്ങളുടെ
അത്യന്തം ആപേക്ഷികമായ
അതിരുകള്‍

ചരിത്രം
സ്വപ്നങ്ങളില്‍
കഴുത്തില്‍
വന്നു ചുറ്റുന്ന
പൊക്കിള്‍ക്കൊടിയാണ്

മുറുകി മുറുകി
ശ്വാസം നിലക്കാറാകുമ്പോള്‍
വര്‍ത്തമാനകാലം
വന്നു വിളിക്കുമായിരിക്കും
കാത്തു കിടക്കുക തന്നെ 
സമയരഥം

ഹൃദയ രക്തം മുക്കി 
യുണക്കിയ പതാകയായ്‌ 
പറന്നിട്ടുണ്ടവന്‍ 

വിവസത്രം വാനില്‍ ,

ചങ്ങലക്കെട്ടുകള്‍
കാലില്‍ത്തഴമ്പിന്റെ
കരിമ്പാടുകള്‍തീര്‍ത്തു
പിണഞ്ഞു കിടക്കുമ്പോള്‍
ചിരിച്ചിട്ടുണ്ടവന്‍

പകുത്ത കരളുകള്‍
നാഗങ്ങളായ്‌ വന്നു
ജ്വരം കൊണ്ട് ദംശിച്ച
നട്ടുച്ചകളില്‍
ആരോടെന്നില്ലാതെ
കരഞ്ഞിട്ടുണ്ടവന്‍

അവന്റെ പാട്ടുകള്‍ക്ക്
കൊട്ടിയടച്ചു പോയ
ചെവികളെ
അവന്റെ ചുവടിനു
ഭ്രാന്തിന്റെ മുദ്രയിട്ട
കണ്ണുകളെ
അവന്റെ രക്തത്തിന്
വിലയിട്ടവരേ
ഈ അന്തിത്തിരി
കെടുത്താതിരിക്കുക
ഒരു കാറ്റിനും പിടി കൊടുക്കാതെ
അവന്‍ ജ്വലിച്ചു തീരുന്നത്
കണ്ടു കൊണ്ടെയിരിക്കുക
ഇരുന്നാല്‍ ഒരു നാരങ്ങള്ളം
മോന്തീട്ടു പോകാം മാനെ .


അയമുട്ടിക്കക്കയുടെ
തട്ട് മുട്ട് കട
കവലമുക്കിലായിരുന്നു
ബീഡി ,സിഗരറ്റ്
ഒറ്റ മുറുക്കാന്‍
ചീട്ടുകെട്ട്
പെന്‍ ചീന്തുന്ന ചീര്‍പ്പ്
ചാന്തുകണ്മഷി ,പൊട്ട്
പെട്രോ മാക്സിന്റെ മാന്റല്‍
വിളക്ക് തിരി
മിടായിപ്പാത്രങ്ങള്‍ ,
മീന്‍ ചൂണ്ട ,എലിവിഷം ,
നന്നാരി സര്‍ബത്ത് ,
കാശ് വേണ്ടാത്ത
പച്ച വെള്ളം ,
കൊട്ടന്‍ച്ചുക്കാദിതൈലം
കല്യാണിക്കുട്ടിയുടെ കടും കൈ
ചങ്ങമ്പുഴയുടെ രമണന്‍
കവളപ്പാറ കൊമ്പന്‍ ,
ഒക്കെയുമോക്കെയും
ചുമച്ചു ചുമച്ചു
എടുത്തു തരുമായിരുന്നു
മുതലാളിമാര്‍ അങ്ങോട്ട്‌
തിരിഞ്ഞു നോക്കാറില്ലായിരുന്നു
പാക്കരനും കോവാലനും
വീരാന്കുട്ടിയും ചാക്കോയും
സ്ഥിരം പറ്റുകാര്‍ ,

ഇന്നിതാ അതെ സ്ഥലം
അതിവേഗപാത
മുതലാളി മാരുണ്ട്
നിര നിരയായി
പെട്ടിക്കടകള്‍
തുറന്നിരിക്കുന്നു
അച്ഛന്‍ അമ്മ ,
കഷണ്ടി മരുന്ന്
ഗര്‍ഭ നിരോധന ഉറ
ഫേസ് പാക്ക് ,
വിലയേറിയ കുപ്പിവെള്ളം ,
ഇന്ടക്ഷന്‍ കുക്കര്‍
ഉപയോഗിച്ച കാറുകള്‍
കൊക്കോകോള ,ബിയര്‍
പാവ്ലോ കൊയ്ലോയുടെ
ഫിഫ്ത് മൌണ്ടന്‍ ,
മോണിക്ക ലെവിന്‍സ്കിയുടെ
ആത്മകഥ ,
ഐ എസ് ഐ മാര്‍ക്കുള്ള
തീണ്ടാരിത്തുണി,
വയാഗ്ര ഗുളിക ,
യൂറോപ്യന്‍ ക്ലോസ്സറ്റ്..
ഒക്കെ എടുത്തു നീട്ടുന്നു
കഴുത്തില്‍ ടൈയുംകെട്ടി
കച്ചവടക്കാര്‍

അയമുട്ടിക്കാക്കയുടെ
കടനിന്നസ്ഥലം
ഇന്ന് നാടു റോഡാണ്
പതം പതം പറഞ്ഞു
അവസാനിച്ചു പോയ
അയമുട്ടിക്കാക്ക
പള്ളിപ്പറമ്പില്‍ കിടന്നു
ഇത് വല്ലതും
കാണുന്നുണ്ടോ ആവോ ?

ഇരുന്നാല്‍ ഒരു നാരങ്ങള്ളം
മോന്തീട്ടു പോകാം മാനെ .

Friday, September 14, 2012കവിഭാഷ 

1
ജാഗ്രത 
പിടഞ്ഞു കളിക്കുന്ന
മാന്‍ കണ്ണുകള്‍

2
പുഴയ്ക്ക് 
സ്മാര്‍ത്ത വിചാരം, 
അഴിമുഖത്ത്

3
കിനാവുണ്ട്

വിശപ്പകറ്റുന്നു ,
ചെമ്പതാക

4

ജരാനര
തുറിച്ചു നോക്കുന്ന 
ഭിത്തികള്‍

5

ജരാനര
തുറിച്ചു നോക്കുന്ന 
ഭിത്തികള്‍

6
മാറില്‍ 
കലപ്പച്ചാലുകള്‍ ,
ഞാറ്റടി

7
ഭൂമിക്കടിയിലെ 

സ്വര്‍ഗത്തെ ,പൂക്കളില്‍ 
നിറച്ചു വേരുകള്‍

8

വിരിയുന്ന 
മൊട്ടിനെ ,കാത്തു
കാത്തൊരു വണ്ട്‌

9ഒരു 
മാറാരോഗമാണ് 
ജീവിതം

10

അടുക്കള 
ഉദിക്കുന്നു 
സൂര്യനൊപ്പം

11

പൂമരച്ചുവട്,
കരിയിലയുടെ 
ശയനപ്രദക്ഷിണം

12

കിളിപോയ 
ചില്ലയിലൊരിളക്കം 
ബാക്കിയായി

13

കറുത്ത 
നിലാവാണ്‌ 
അമാവാസി

Saturday, September 8, 2012

അരികുകള്‍

അവിടെ ,
നിന്റെ 
സ്വപങ്ങളിലോക്കെ 
ഇപ്പോഴും
മരങ്ങള്‍ ഉണ്ടോ ?
നിന്റെ
യാത്രകളിലോക്കെ
ഇപ്പോഴും
പുഴകളുണ്ടോ?
നിന്റെ കാഴ്ചകളിലൊക്കെ
ഇപ്പോഴും
നക്ഷത്രങ്ങള്‍ ഉണ്ടോ ?
നിന്റെ രുചികളില്‍
ഇപ്പോഴും
എന്റെ കണ്ണീരുപ്പുണ്ടോ ?
പുലരികളില്‍
പുല്‍പ്പൂവുകള്‍
കുഞ്ഞിക്കണ്ണ്
മിഴിക്കാറുണ്ടോ ?
കരിയിലക്കിളികള്‍
കലപില കൂട്ടാറുണ്ടോ ?
പരിഭവങ്ങള്‍ വന്നു
മുറ്റമടിക്കാറുണ്ടോ ?
നീയറിയാരുണ്ടോ
ഒരു മണ്ണിന്റെ മണം ?
അവിടെ
മെല്ലിച്ചു പോയ
ഒരു തേങ്ങല്‍
നിന്നെ ഉണര്‍ത്താറുണ്ടോ ?
കാക്കപ്പുള്ളികള്‍
ചേക്കേറിയ
ഒരു തൊലിപ്പുറം
എവിടെയെങ്കിലും
നീ തൊട്ടറിയാറുണ്ടോ ?

ഇവിടെ ,
നീ തന്നു പോയ
മരുഭൂമി
ഞാന്‍ നട്ടും നനച്ചും
മറ്റൊരോര്‍മയും
കടക്കാതെയങ്ങിനെ
പ്രാണനെ കൊണ്ടൊരു
വേലി കെട്ടിയും
കാത്തു പോരുന്നുണ്ട് .

അവിടെ
മരുഭൂമിയിലോക്കെ
ഇപ്പോഴും
സ്വപ്നങ്ങള്‍ ഉണ്ടോ ?

Friday, September 7, 2012


വ്യാധികള്‍ 

ഒന്നും പേടിക്കണ്ട 
പറയുന്നു എന്നേ ഉള്ളൂ 

ദുരഭിമാനം ,അഹങ്കാരം
ഒരു പാരമ്പര്യ രോഗം ,
മരുന്ന് ഫലിച്ചെന്നു വരില്ല

അസൂയ,സംഭ്രമം എന്നിവ
നെഞ്ഞെരിച്ചില്‍
ആയി വരുമാദ്യം
ശ്രദ്ധിച്ചില്ലെങ്കില്‍
ചീത്ത കൊഴുപ്പ് അടിഞ്ഞു കൂടി
ഒരു പരുവം ആകും
ഹൃദയം ഇടുങ്ങി പോകുന്നത്
ഒരു പക്ഷെ ദിവസവും
നടക്കാനിറങ്ങി
നാലാളെ കണ്ടു തുടങ്ങുമ്പോള്‍
മാറ്റം കാണും

പ്രേമം ഒരു
പകര്‍ച്ചവ്യാധി
ഒരാളില്‍ നിന്നും ഒരാളിലേക്ക്
വിവാഹം ,ജോലി
അന്വേഷണങ്ങള്‍
ഒരു തരം മാനസിക രോഗം തന്നെയാണ്
ഒരിക്കലും തൃപ്തി തരില്ല

ദാമ്പത്യം
ഒരു ജീവിത ശൈലീ രോഗം
പഥ്യം പാലിച്ചും
കണ്ടില്ല കേട്ടില്ല എന്ന് നടിച്ചും
ഒരു വിധം പോകാം
സംശയത്തിന്റെ കൊതുകുകടി
ഏല്‍ക്കുന്നത് തടയാന്‍
വല കെട്ടിക്കോലണം
ഹ്രസ്വ ദൃഷ്ടി
സൂക്ഷ്മദൃഷ്ടി
എന്നിവപോകാനും
ദീര്‍ഘദൃഷ്ടി കിട്ടാനും
കണ്ണടകള്‍ വേണം

ആശ ,നിരാശ
അഭിനിവേശം
ആര്‍ത്തി ,കാമം
അര്‍ബുദം ആണിവ
കരിച്ചു കളയണം

സൗഹൃദം
പലപ്പോഴും
ജലദോഷപ്പനി പോലെ
വരും പോകും
ചില മൂത്ത പനികള്‍
മസ്തിഷ്കജ്വരം പോലെ
കൊണ്ടേ പോകൂ
സൂക്ഷിക്കണം ,

മക്കള്‍,
കൂടെപ്പിറപ്പുകള്‍
കടപ്പാട് ,കാണിച്ചു കൂട്ടിയ
നന്ദികേടുകള്‍,
ഓര്‍മ്മകള്‍ ,
ഭഗ്നപ്രണയങ്ങള്‍ ,
വായ്പ കുടിശികകള്‍ ,
റിട്ടയര്‍മെന്റ്
മരണം ,കടം കൊടുത്തത്
തിരിച്ചു കിട്ടായ്മ,
ആധി..
ഷെയര്‍ മാര്‍കെറ്റില്‍ ഇട്ട പണം
മൂത്രച്ചൂട് പോലെയാകും
എവിടെപോകുംപോഴും
ഒരു പൊള്ളല്‍ ഉള്ളില്‍

കവിത
ഒരു തരം ഭ്രാന്ത്

ഒരു മാറാ രോഗമാണ്
ജീവിതം 

Tuesday, September 4, 2012


പാഠം 

എന്റെ ഭൂമി 
നീയെത്തും വരെ

ഒരു മരുവായി തപിച്ചു ,
തരിശായി മലര്‍ന്നു,
പേടികള്‍ മുട്ടയിട്ട
പോത്തുകള്‍ നിറഞ്ഞു.
പൂക്കളില്ലാതെ ,
പുഴകളില്ലാതെ ,
കിളികളില്ലാതെ ,
ഭാഷയില്ലാതെ ,
മൌനപ്പെട്ടു കിടന്നു.

അതില്‍
പച്ച കൊണ്ടൊരു കാവ്യം എഴുതി,
അന്നം കൊണ്ട് ആതിഥ്യമായി
പുഞ്ചിരി നിറച്ചു.
നനയുന്ന കണ്ണുകളെ ഒപ്പി,
സ്നേഹമോഴുക്കി ,
ദേശാന്തരങ്ങിലേക്ക്,
പാതകള്‍ തന്നത് നീയായിരുന്നു ..

എന്റെയാകാശം അവിടിവിടെ
കുഞ്ഞുമേഘങ്ങള്‍
കള്ളനും പോലീസും കളിച്ച
വെറും മൈതാനമായിരുന്നു,
അവിടെ അക്ഷരങ്ങളെ
കൈപിടിച്ച് നടത്തി ,
കാലത്തിന്റെ ചെരാതുകളായി
നക്ഷത്രങ്ങളെ
കൊളുത്തിവച്ചതും ,
സ്വപങ്ങളുടെ
മഴവില്ലുകളെ ആദ്യമായി ,
വരച്ചിട്ടതും നീയാണ് ..
അസ്വാതന്ത്ര്യത്തിനോട്
പൊരുതാനുള്ള മുഷ്ടിയും ,
അശരണന്റെ ശബ്ദത്തിനൊരു ചങ്കും
തന്നത് നീയായിരുന്നു ..

എന്റെ കടല്‍
അലയും ആശങ്കയും
ഒഴിയാതെ പുലമ്പുന്ന
ഒരു ജലവിതാനം ,
അതിന്റെയാഴങ്ങളില്‍
പരിണാമ ദശകളുടെ
പവിഴപ്പുറ്റുകള്‍ ,
ഒറ്റപ്പെട്ടുപോയ ദീപുകള്‍ ,
ജലസമാധി ചെയ്യപ്പെട്ട
അഹങ്കാരനൌകകള്‍ ,
ചിലപ്പോള്‍ പ്രവാസവും
പലായനവും വിപ്ലവവും ,
ഇറങ്ങിയും കയറിയും വന്ന
ജീവിതത്തിരകള്‍ ..

നീയെനിക്ക്
വഴികാട്ടിയായി,
എന്നിലെ എന്നെ കാണിച്ചു തന്ന
ദീപസ്തംഭമായി,
എന്റെ തോണിക്ക്
ദിക്കുകളായി,

നിന്നില്‍ നിന്നും
കൊളുത്തപ്പെട്ട ജ്വാല
ആയിരമായിരം ദീപങ്ങളായപ്പോള്‍
സൂര്യസമാനം
നിന്റെ മുഖം ,
നിനക്കുള്ളതെല്ലാം ഞങ്ങള്‍ക്ക് തരുമ്പോള്‍
വ്യാകുലതകളില്ലാത്ത
നിന്റെ കണ്ണുകള്‍ ,

ഇന്നെന്റെയാകാശത്തിന്
അതിരുകളില്ല ,
ഇന്നെന്റെ സാഗരങ്ങള്‍ക്ക്
അടിമത്തമില്ല ,
എന്റെ ഭൂമി
നോക്കെത്താദൂരത്തോളം
പച്ചയുടെത് തന്നെ ..

ഗുരോ ,
നിന്റെ ഓര്‍മയുടെ
കാല്‍ച്ചുവട്ടില്‍ ,ഞാനെന്റ
ജീവിതപുസ്തകം
തുറന്നു വയ്ക്കുന്നു ..
ഒന്നു, പഴയ പോലെ
അരുമയോടെടുത്ത്
തിരുത്തി തന്നെക്കുക ..

(അധ്യാപക ദിനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട്‌ അക്കാദമിക് കൌണ്‍സിലും,വിദ്യാരംഗം കലാ സാഹിത്യ വേദിയും സംഘടിപ്പിച്ച കവിതാരചനാ മത്സരത്തില്‍ എഴുതിയതാണ് .അകക്കണ്ണ് തുറപ്പിച്ച ഗുരു സാന്നിധ്യം എന്നായിരുന്നു വിഷയം .ഈ കവിതക്കായിരുന്നു ഒന്നാം സ്ഥാനം )

Monday, September 3, 2012


കുറുങ്കവിതകള്‍ 

1
കറുത്ത 
നിലാവാണ്‌ 
അമാവാസി

2
സജലം 
നിലാക്കണ്ണുകള്‍,
യാത്രാമൊഴി


3
പ്രാണനെ ,വലിച്ചു 
കുടിച്ചുംകൊണ്ടുബസ്‌_
സ്റ്റോപ്പിലൊരോന്ത്


4


പാപി 
--------
പാപം 
ചെയ്യാത്ത 
ഒരുത്തന്റെയോ 
ഒരുത്തിയുടെയോ 
ഒരേറ് കൊണ്ടു 
മരിച്ചാല്‍ 
മതിയായിരുന്നു 


Saturday, September 1, 2012

Mirror images (haikku poems)Half nude 
Moon light
in cloudy nights

Patient laying calm
bystanders 
like vigorous ants


It is my home,
fumes,
the volcano .

The magnet
of love , attracts
iron hearts

The blanket of
darkness embraced me
when lights off

Naughty rain,
flower rounds
floating off.

Mirror
not male or female,
a transgender