kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Friday, November 30, 2012

7:22 AM

തീക്കോലങ്ങള്‍

തീക്കോലങ്ങള്‍ 

വിറകില്ലാതെ 
മണ്ണപ്പം ചുട്ടു കളിച്ചു 
ശൈശവം ,
വിറകുപെറുക്കാന്‍
കൂടെപ്പോയി
ബാല്യം,
വിറകും പെറുക്കി
അടുപ്പും കൂട്ടി 
കൌമാരങ്ങള്‍ 
അടുപ്പില്‍ 
സ്വയമെരിഞ്ഞും 
എരിയിച്ചും 
യൌവനങ്ങള്‍ ,
പുകയുന്ന 
അടുപ്പുകള്‍ 
ദാമ്പത്യം .
ഊതിപ്പൊലിപ്പിച്ചും 
ഊതിക്കെടുത്തിയും 
അങ്ങിനെയങ്ങിനെ 
ദിനാദിനം ..
ചികഞ്ഞു നോക്കലാണ് 
വാര്‍ധക്യം 
കെട്ടുപോയ അടുപ്പുകളില്‍ 
ചാരത്തിലാഴ്ന്നു 
കിടക്കുന്നയിത്തിരി 
കനലെങ്കിലും 
തിരഞ്ഞു വിയര്‍ക്കുന്നു 
അവസാനം 
എല്ലാ വിറകുകളും 
എല്ലാ അടുപ്പുകളും 
വന്നു പരേതനെ 
നാളങ്ങള്‍ കൊണ്ട് 
തലോടുന്നു
മണ്ണപ്പംചുട്ട
മധുരതരമോര്‍മ 
അയവെട്ടി അയവെട്ടി 
ആത്മാവ് 
ചിതയില്‍ 
തീ കായുന്നു 

Thursday, November 29, 2012

6:51 AM

ഹൈക്കു കവിതകള്‍


ഹൈക്കു
 
കവിതകള്‍ 


1


കടല്‍പാലത്തിന്‍

തപസ്സിളക്കുന്നു
മത്സ്യകന്യക

2

മണല്‍പരപ്പില്‍ 

ഉറപൊട്ടിയൊരാഴി 
നിന്‍പാദമുദ്രയില്‍

3


നെറ്റിയില്‍ 

രക്തപുഷ്പം വിരിയിച്ചു 
കോമരം

4

കരയെത്തേടി 

വിരഹക്കടലല
വിതുമ്പുന്നിന്നും
5


ഋതുഭേദം

കലങ്ങി മറിയുന്ന 
പ്രണയനയനം

Saturday, November 24, 2012

7:30 AM

ഹൈക്കു കവിതകള്‍


ഹൈക്കു

 കവിതകള്‍ 



മനസ്സിന്റെ 
വേരോക്കെപുറത്താക്കി 
മണ്ണൊലിപ്പ്‌,


കൈക്കുടന്ന,
ആലേപനം കാത്തു 
പ്രസാദകുങ്കുമം

നട്ടുച്ച, കാലില്‍ 
നിഴല്‍ച്ചിലങ്കയായ്‌
വിരഹവെയില്‍
7:11 AM

ഹൈക്കു കവിതകള്‍

ഹൈക്കു കവിതകള്‍ 



1
മച്ചകത്ത്
നഖം കടിച്ചു നിന്നു
ഓര്‍മപ്പെണ്ണ്

2

പ്രേമരശ്മിക്ക്
ഭേദിക്കാനാകാതെ
നിന്‍ അതാര്യത

3
ഹൃദയവാതില്‍ ,
പൂട്ടവേയുള്ളില്‍
ഭ്രാന്തം,ചിറകടി

4
മരണം പോലെ
അരിച്ചെത്തുന്ന
മഴച്ചെത്തം


5
തിരക്കിലുദിച്ച്
തിരക്കിലസ്തമിച്ച്
ക്ഷണിക ജീവിതം


6:59 AM

ഹൈക്കു കവിതകള്‍


ഹൈക്കു 

കവിതകള്‍ 

1.
അസ്തമനസൂര്യന്
സന്ധ്യാമേഘത്തിന്റെ 

അന്ത്യചുംബനം

2.
മേഘമില്ലാത്ത
ആകാശങ്ങളാണ് 
മരുഭൂമികള്‍


3.
ലോഹ മൌനങ്ങള്‍ 
ഉരുകിപ്പഴുക്കും 
ഉള്ളമൊരാല


4.
പുലരിമുററത്ത്
കദനമൊരിരവിന്‍
മരണവെപ്രാളം

5.
ഇലച്ചാര്‍ത്ത്
ഇഴപിരിച്ചെടുത്ത
വെയില്‍ നൂലുകള്‍

Friday, November 23, 2012

8:36 PM

ആകസ്മികം


ആകസ്മികം 

രാവിലെ
അലാറം അടിച്ചില്ല
ഏറെ വൈകിപ്പിന്നെ
നിലവിളിച്ചു കൊണ്ട്
ഒരു ആംബുലന്‍സ്
ഓടിപ്പോകുന്നത് കേട്ടാണ്
ഞെട്ടി ഉണര്‍ന്നത് ..

മേശപ്പുറത്ത്
അലാറം
തണുത്തു കിടപ്പുണ്ടായിരുന്നു ,
ഒന്ന് രണ്ട് ഉറുമ്പുകള്‍
മടിച്ചുമടിച്ചു
മണത്തു നടപ്പുണ്ട് ,
ഒരു കൂറ ധൃതിപ്പെട്ട് വന്നു
ഒന്നെത്തിനോക്കി
ഓടുന്നത് കണ്ടു
ഉത്തരത്തില്‍ നിന്ന്
ഒരാന്തലോടെ
പല്ലിയുടെചിലപ്പ്‌,
ശോകരാഗം മീട്ടി
അവിടിവിടെ
ചില കൊതുകുകള്‍ ,

വെള്ളം നിറച്ച കൂജക്കും
ഗുളികപ്പൊതികള്‍ക്കും
സിഗരറ്റ് പാക്കിനും
എന്തോ കണ്ടു പേടിച്ച ഭാവം
മറിഞ്ഞു വീണ
ആഷ്ട്രെയാണ്
അതെനിക്ക്
ചൂണ്ടിക്കാണിച്ചത്

തലേന്ന് രാത്രി
ഞാന്‍ വായിച്ചു നിര്‍ത്തിയ
തെരുവുകളുടെ ഘടികാരം
എന്ന പുസ്തകത്തിന്റെ
ഒന്നാം താള്‍ കീറി
കറുപ്പ് മഷിയിലുള്ള
എന്റെ പതിവ് പേന കൊണ്ട്
അവിടെ ഒരു എഴുത്തുണ്ടായിരുന്നു

ജീവിത നൈരാശ്യം മൂലം
ആത്മഹത്യ ചെയ്യുന്നതായും
മരണത്തില്‍ ആര്‍ക്കും
പങ്കില്ലെന്നും
തൊടിയുടെ തെക്കേക്കോണില്‍
റേഡിയോയെ അടക്കിയതിനു
അടുത്ത് തന്നെ
അടക്കണം എന്നും
വിറച്ചും കൊണ്ട്
അലാറം
എഴുതിയ
ഒരു കുറിപ്പ്


Thursday, November 22, 2012

7:30 AM

അന്ന്

അന്ന്

പുലര്‍ച്ചെ
ബീടിപ്പുകയുടെ
ഇടര്‍ച്ചയോടെകുഞ്ഞാപ്പു മൊല്ലയുടെബാങ്ക് വിളികേട്ടാണ്ഉണര്‍ന്നിരുന്നത്
ഇന്നുംഉണര്‍ന്നത്ബാങ്ക് വിളി കേട്ടാണ്വായ്പാ കുടിശികഏഴരപ്പുലര്‍ച്ചക്ക്ദയാപരംഫോണില്‍ വിളിച്ചു
പറയുന്നു അര്‍ബന്‍ ബാങ്കിന്റെകുയില്‍ ..
5:08 AM

അന്നും ഇന്നും


അന്നും ഇന്നും 

അന്ന്
പുലര്‍ച്ചെ
ബീടിപ്പുകയുടെ
ഇടര്‍ച്ചയോടെ
കുഞ്ഞാപ്പു മൊല്ലയുടെ
ബാങ്ക് വിളി
കേട്ടാണ്
ഉണര്‍ന്നിരുന്നത്

ഇന്നും
ഉണര്‍ന്നത്
ബാങ്ക് വിളി കേട്ടാണ്
വായ്പാ കുടിശിക
ഏഴരപ്പുലര്‍ച്ചക്ക്
ദയാപരം
ഫോണില്‍ വിളിച്ചു
പറയുന്ന
അര്‍ബന്‍ ബാങ്കിന്റെ
കുയില്‍ ..

അന്ന്
ഈ ഈ നേരത്ത്
മുത്തശ്ശി
മടിയിലിരുത്തി
എനിക്ക്
വെട്ടിലക്കറ പിടിച്ച
കഥ പറഞ്ഞു
തരുമായിരുന്നു

ഇന്നിതാ
എന്റെ മകള്‍
അവളുടെ മുത്തശിക്ക്
സീരിയലിലെ കഥ
നീട്ടി വിളമ്പുന്നു

ഞാന്‍ തിടുക്കത്തില്‍
അന്നും ഇന്നും
എന്ന കവിത കുറിക്കുന്നു

Tuesday, November 20, 2012

6:55 PM

തൂപ്പ്

തൂപ്പ്

ഉരലും 
മദ്ദളവും 
സങ്കടം 
പറഞ്ഞു
ഇരിക്കുമ്പോഴാണ്
വിരലുകളും
ഉലക്കകളും
കയറിവന്നത്
അതിനു പിന്നാലെ
കാശിക്കുപോയ
മണ്ണാങ്കട്ടയും
കരിയിലയും
അതിനു പിന്നാലെ
വറച്ചട്ടിയും
എരിതീയും
വേലിയില്‍
കിടന്ന പാമ്പും
കയ്യാലപ്പുറത്തെ
തേങ്ങയും
മുറ്റത്തെ മുല്ലയും
തേവരുടെ ആനയും
കാട്ടിലെ തടിയും
ആരാന്റെ അമ്മയും
വന്നു
സങ്കടം തന്നെ
സങ്കടം ..
അപ്പോഴാണ്‌
ഒരു മുറം
ചിരിയും
ചൂലുമായി
പുത്തനച്ചി വന്നത്
അതോടെ
സങ്കടം
മറന്നു വച്ച്
എല്ലാരും
എഴുനേറ്റു ഓടി
6:50 PM

ഉറക്കം

ഉറക്കം 

ഒരേ പോലത്തെ 

കുപ്പികളില്‍ 
അവര്‍ 
വിവിധ നിറത്തിലുള്ള
ചോരകള്‍
പ്രദര്‍ശനത്തിന്
വച്ചിരിക്കുന്നു
പല പ്രദേശത്തുനിന്നുള്ളവ
പല സംസ്കാരത്തില്‍
പല പ്രായത്തിലുള്ളവ

അതിനിടയിലൂടെ
നഗ്നമായ
വാക്കുകളോടെ
ഒരാള്‍ ഓടിനടന്നു പുലമ്പുന്നു

ചോരക്കു നിറം ചുകപ്പ്
ചോരക്കു നിറം ചുകപ്പ്

ഒരു വെടിയൊച്ചയും
പുകമറയും,
ചുകന്ന
പരവതാനിയില്‍
കമിഴ്ന്നു കിടക്കുന്നു അയാള്‍

സ്വപ്നം
പാതിയില്‍ മുറിഞ്ഞു
ഞെട്ടിയുണര്‍ന്നു
നോക്കുമ്പോള്‍
ജനാലച്ചതുരത്തിനപ്പുറം
ഒട്ടും പരിചിതമല്ലാത്ത
ആകാശത്ത്
ഒരു വിമാനം
ചൂട്ടും മിന്നി
കനത്ത ഒരു മൂളല്‍ മൂളി
കടന്നു പോകുന്നു

നൂറ്റാണ്ടുകളുടെ
ഭീര്‍ുത്വത്തിന്റെ
കരിമ്പടം തലവഴി മൂടി
പേടിയുടെ തണുത്ത കൈകള്‍
കാലിടയില്‍ തിരുകി വച്ചു
ഗുഹയില്‍
പിന്നെയും ഉറങ്ങാന്‍ കിടന്നു
വിശ്വമാനവന്‍ 

Sunday, November 18, 2012

7:40 PM

സത്രം

സത്രം 

എനിക്ക്
വിശന്നപ്പോള്‍ 
മൌനം 
കൊണ്ട്
നീയെന്നെ
ഊട്ടി

എനിക്ക്
ദാഹിച്ചപ്പോള്‍
തിരസ്കാരം
കൊണ്ട്
ശമിപ്പിച്ചു

എനിക്ക്
തണുത്തപ്പോഴൊക്കെ
നിര്‍വികാരത
കൊണ്ട്
പുതപ്പിച്ചു

എനിക്ക്
ഉഷ്ണിചപ്പോളാകട്ടെ
വിരഹത്തീ കൊണ്ട്
ഉഴിഞ്ഞു

കണ്ണ് തുറന്നപ്പോളൊക്കെ
ഇരുട്ട് കൊണ്ട്
ഉറക്കി
സ്വപ്നം കാണിച്ചു

ഞാന്‍
ചിറകടിച്ചപ്പോഴൊക്കെ
ആകാശത്തെ
ഒളിപ്പിച്ചു

ഇന്നിനി
ഞാന്‍ ദഹിക്കുംപോള്‍
നീ തികച്ചും
സ്വാഭാവികമായ
ഒരു മഴയാവരുത് 
7:36 PM

ഗാസ

ഈ ലോകം നിന്നോട് ചെയ്ത ക്രൂരതക്ക് മാപ്പ്..
ഒരു പക്ഷെ നിസ്സംഗരായി ഇരുന്നത് കൊണ്ട്
ഞങ്ങളത് അര്‍ഹിക്കുന്നില്ലെന്കിലും ..
ഗാസ

കുഞ്ഞുങ്ങളുടെ 
ചോര കൊണ്ട് 
കൊടികള്‍ കഴുകി 
ഉണക്കുന്നവരെ ,
അവര്‍ക്ക് മേല്‍
തോക്കുകള്‍ കൊണ്ട്
സമാധാനത്തിന്റെ
സൌധങ്ങള്‍ പണിയുന്നവരെ

അഭയാര്‍ഥിക്യാമ്പിലെ
കുഞ്ഞുങ്ങളുടെ
ശബ്ദങ്ങളെ
നിങ്ങളെത്ര
ഇല്ലാതാക്കിയാലും
ഒരിക്കല്‍
മൌനത്തിന്റെ സമുദ്രം
കുടിച്ചു വറ്റിച്ചു
പ്രകമ്പനനങ്ങളായി
തിരിച്ചു വരും
അന്ന്
നിറമറ്റ നിങ്ങളുടെ
കൊടിക്കൂറകള്‍
ഞങ്ങള്‍ക്ക്
തൂപ്പുതുണികള്‍ ആകും
നിങ്ങളുടെ
മുഖം മൂടികള്‍ ഒളിപ്പിച്ച
മണിമേടകള്‍
അന്ന്
ഞങ്ങള്‍ക്ക് കളിപ്പാട്ടങ്ങള്‍

ഞങ്ങളുടെ
പുഞ്ചിരിക്ക് മുമ്പില്‍
അന്ന് നിങ്ങളുടെ
യുദ്ധവിമാനങ്ങള്‍
ചിറകറ്റു വീഴും

നിങ്ങള്‍ പൊട്ടിച്ചു തൂവിയ
മഴവില്ലുകള്‍
ചേര്‍ത്ത് വച്ചു
കണ്ണീരു കൊണ്ട് ഒട്ടിച്ചു
ഞങ്ങള്‍ കാത്തിരിക്കും
ഗാസയിലെ കുഞ്ഞുങ്ങള്‍

Friday, November 16, 2012

5:32 AM

ഇന്ന്

ഇന്ന്


എതിനെയോ 
കൊത്തിയെടുത്ത് 
കാക്ക 
പുളിന്കൊമ്പില്‍
ഇരിക്കുന്നത് കണ്ടു

ഭൂമധ്യരേഖയും
ഉത്തരായനവും
ദക്ഷിണായനവും
അക്ഷാംശ
രേഖാംശങ്ങളും
ചക്രവാളങ്ങളും
കടലുകളും
ഗ്രീനിച്ച് രേഖയും
ധ്രുവങ്ങളും
ഒക്കെ പൊഴിഞ്ഞു
താഴെ വീഴുന്നതും കണ്ടു

കൂട്ടത്തിലൊന്നു
പോയതിന്റെ
വിമ്മിട്ടത്തില്‍
കൊക്കിപ്പാറി
ബാക്കിയുള്ളതിനെ
ചിരകിന്നടിയില്‍
ഒളിപ്പിച്ച്
തള്ളക്കോഴി മാത്രം
കരയുന്നുണ്ടായിരുന്നു 
5:23 AM

സറോഗേറ്റ്


സറോഗേറ്റ്


ആശുപത്രി മുറിയില്‍
കുഞ്ഞിക്കരച്ചിലിനെ
മറികടന്നു 
കണക്ക് പറച്ചിലുകള്‍

ഗര്‍ഭ ധാരണത്തിനു
പറഞ്ഞപോലെ ,
യാത്രാപ്പടി ..
ഹോട്ടല്‍ ബില്ല്
തുണിക്കട ..
ചുമട്ടുകൂലി
ഒക്കാനത്തിനു
മരുന്ന് വാങ്ങിയതിന് ,
കുങ്കുമപ്പൂ
പച്ചമാങ്ങക്കും
അരിമുളകിനും വെവേറെ

പ്രസവ വേദനയ്ക്ക്
പറഞ്ഞ തുകയിലും
ഇത്തിരി കൂട്ടി തരണം
വിചാരിച്ച സമയത്ത്
തീര്‍ന്നിട്ടില്ല
അടച്ചു തീര്‍ത്തു
തരാമെന്നേറ്റ
പൂവല്‍ക്കുറി മറക്കണ്ട

പിന്നെ ജോലിക്കാര്യം
ഓര്‍മയുണ്ടാകുമല്ലോ
അന്നുതൊട്ടിന്നെവരെ
മൊത്തം എട്ടു നാള്‍
നിങ്ങടെ കൊച്ചിന്
മുല കൊടുത്തതിനും
കണ്ണീരിനും പരിവട്ടത്തിനും
ദേഹ രക്ഷക്കും
എന്താച്ചാല്‍ പുറമേ

ദല്ലാളനു
നിങ്ങള് കൊടുക്കണം
ഇനി ആരെങ്കിലും
അന്വേഷിച്ചാല്‍
എന്റെ നമ്പര്‍ കൊടുത്തേക്ക്

ഒക്കെ പറഞ്ഞ പടിയാണെങ്കില്‍
ബ്ലാങ്ക് ചെക്ക്
മടക്കിത്തരും
അല്ലെങ്കില്‍ എന്റെ വിധം മാറും
കോടതി കയറ്റിക്കരുത്

കാല്‍ക്കുലേറ്ററില്‍
കൂട്ടിയും കിഴിച്ചും
പ്രാകിയും പറഞ്ഞും
കണക്ക് തീര്‍ക്കലുകള്‍

ഇതൊന്നുമറിയാതെ
കാക്കക്കൂട്ടില്‍
മുട്ടയിട്ട കുയില്‍
കുയില്‍ മുട്ടയേ
നെഞ്ചിലെ ചൂട് കൊണ്ട്
ഉണര്‍ത്തിയ
വാടക ചോദിക്കാത്ത കാക്ക ,
നന്ദി പോലും പറയാത്ത കുയില്‍
നാളും പാകവും ആകുമ്പോള്‍
പാട്ടും പാടി
കൂടു വിടുന്ന
കുയില്‍ കുട്ടികള്‍

ഇവിടെ തീരുന്നില്ല
വാടക ഗര്‍ഭപ്രാത്രങ്ങളുടെ
കഥകള്‍ 

Friday, November 9, 2012

8:12 PM

മുള്ളും പൂവും

മുള്ളും പൂവും 


മുള്ളുതേടിയാണ് 
ഇലപ്പടര്‍പ്പില്‍ 
കയ്യിടത് ,


മനസ്സില്‍ തറഞ്ഞു പോയ
ഒരു മുള്ളെടുക്കാന്‍
മറ്റൊരു മൂര്‍ച്ച
വേണ്ടിയിരുന്നു

എന്തുചെയ്യാം
കയ്യില്‍ തടഞ്ഞതോക്കെയും
പൂക്കളായിരുന്നു
മുള്ളുകളെക്കാള്‍
മുറിപ്പെടുത്തിയ
പൂക്കള്‍ ..
7:59 PM

അറിയാതെ പോലും

അറിയാതെ 

പോലും 

വേണ്ട 
ഇനിയുമൊരു പുനര്‍ജ്ജന്മം 
അറിയാതെ പോലും 
ചവിട്ടല്ലേ രാമാ ...

മനുസ്മ്രുതിയുടെ
ഏടുകള്‍
മായാതെ കിടക്കുന്നു

അന്തപ്പുരങ്ങളില്‍
നെടുവീര്‍പ്പുകള്‍
കെട്ടിക്കിടക്കുന്നു

തെരുവുകളില്‍
ഭയം പെറ്റുകിടക്കുന്ന
പട്ടാപ്പകല്‍ ,

മാറുമറയ്ക്കാന്‍
മുഷ്ടി ചുരുട്ടിയവരിന്നു
മാറു തുറന്നിടാന്‍
കൊടിയേന്തുന്നു

കരച്ചിലുകള്‍
കുടിച്ചു ചീര്‍ത്ത
ചുവരുകള്‍ ,വിവസ്ത്രം
പിടയുന്ന പൂമ്പാറ്റകള്‍
പാളങ്ങള്‍ തോറും
പറ്റിപ്പിടിച്ച
നിലവിളികള്‍,
കൃഷ്ണമണിയില്ലാത്ത
നീതി നേത്രങ്ങള്‍

ഇരുട്ടുപോലും
വന്നു ബലാത്സംഗം
ചെയ്തിട്ട് പോകുന്ന
വഴിയമ്പലങ്ങള്‍ ,
പ്രണയമൊരു
പാതിയില്‍ ഒടുങ്ങിപ്പോയ
കടല്‍പ്പാലം
നിലാവിന് പോലും
കണ്ണില്‍ കത്തുന്ന കാമം
അന്ധയെപ്പോലും
പടുകുഴിയിലേക്ക്
വഴിനടത്തുന്ന
ഭ്രാന്തന്‍ വെളിച്ചങ്ങള്‍ ,
പൊടിഞ്ഞ രക്തം പോലും
നക്കിക്കുടിക്കാന്‍
ചെന്നായ്ക്കളുള്ളില്‍,
പുറത്ത് കാത്തു നില്പൂ
സ്പന്ദനം നിലക്കുന്നതും കാത്തു
നഖ മൂര്‍ച്ചകള്‍

ശിലാജന്മമല്ലോ
നീണ്ടു നില്‍കാന്‍ കൊതിപ്പൂ
അഹല്യയിപ്പോള്‍
ഇട്ടു മൂടുക ,നിന്റെ
നഗരമാലിന്യങ്ങള്‍
ഒട്ടുപോലും
കാണരുത് പുറത്തെക്കായ്‌

വേണ്ട
ഇനിയുമൊരു പുനര്‍ജ്ജന്മം
അറിയാതെ പോലും
ചവിട്ടല്ലേ രാമാ ...
7:58 PM

കുറുങ്കവിതകള്‍

രണ്ടു കവിതകള്‍ 





വില്‍പ്പത്രം 

പെട്ടെന്നൊരു ദിവസം 
ഒരു കവിത പകുതിയില്‍ 
എഴുതി നിര്‍ത്തി 
ഞാന്‍ മരിച്ചു പോയാല്‍
എന്റെ മനസ്സിലുള്ള
കാക്കത്തൊള്ളായിരം
കവിതകളൊക്കെ
പിന്നെ
നീ എഴുതണം





വീടുകള്‍ 
പണ്ടൊക്കെ 
ആളുകള്‍ക്ക് പേടിയായിരുന്നു 
ജയില്‍ ,
ഇപ്പോളിതാ
കൂറ്റന്‍ മതിലും
കുപ്പിചില്ലും,
കാവല്‍ക്കാരനും ,
ആളപ്പുറം കാണാത്ത
ഗെയിറ്റും
കെട്ടിയുണ്ടാക്കി
ആളുകള്‍ അതിന്നുള്ളില്‍
ചടഞ്ഞു കൂടുന്നു .
ആരെയൊക്കെയോ പേടിച്ച്...
6:53 PM

കാലാവസ്ഥ

കാലാവസ്ഥ 

മനസ്സിന്റെ 
വേരോക്കെപുറത്താക്കി 
മണ്ണൊലിപ്പ്‌,

പ്രണയത്തെ
മണല്‍പ്പരപ്പില്‍
മേയാന്‍ വിട്ടു
കാലത്തിന്റെ
വേലിയിറക്കം ,

ഹൃദയം
ശ്രുതികള്‍
എല്ലാം ഇറങ്ങിപ്പോയ
ഒരു പാഴ്ശംഖ്..

ചിന്തകള്‍
ഉണങ്ങിപ്പോയ
ചിതല്‍മരം
വേനല്‍

കണ്ണീരുപോലെ
മഞ്ഞിന്റെ
പിന്‍വിളി

മരണം പോലെ
അരിച്ചെത്തുന്ന
മഴച്ചെത്തം

സ്വപ്നങ്ങള്‍
ചുഴിയിട്ട
മണല്ക്കാറ്റ്

മുന്നിലെ
ഇരയില്‍
തന്നെയാണെന്റെ നോട്ടം
അതൊരു ചൂണ്ടയാണെന്കില്‍
ഞാന്‍ മീന്‍ തന്നെ ..

Friday, November 2, 2012

6:40 AM

കുറുങ്കവിതകള്‍



മൂന്നു കവിതകള്‍ 




സമയം

ഉറക്കപ്പിച്ചില്‍ 
നാഴികമണി 
ഏതോ സമയം 
വിളിച്ചു പറഞ്ഞു

വെയില്‍

നട്ടുച്ച, കാലില്‍ 
നിഴല്‍ച്ചിലങ്കയായ്‌
വിരഹവെയില്‍

മുഖം


കൈക്കുടന്ന,
ആലേപനം കാത്തു 
പ്രസാദകുങ്കുമം