kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Friday, November 9, 2012

അറിയാതെ പോലും

അറിയാതെ 

പോലും 

വേണ്ട 
ഇനിയുമൊരു പുനര്‍ജ്ജന്മം 
അറിയാതെ പോലും 
ചവിട്ടല്ലേ രാമാ ...

മനുസ്മ്രുതിയുടെ
ഏടുകള്‍
മായാതെ കിടക്കുന്നു

അന്തപ്പുരങ്ങളില്‍
നെടുവീര്‍പ്പുകള്‍
കെട്ടിക്കിടക്കുന്നു

തെരുവുകളില്‍
ഭയം പെറ്റുകിടക്കുന്ന
പട്ടാപ്പകല്‍ ,

മാറുമറയ്ക്കാന്‍
മുഷ്ടി ചുരുട്ടിയവരിന്നു
മാറു തുറന്നിടാന്‍
കൊടിയേന്തുന്നു

കരച്ചിലുകള്‍
കുടിച്ചു ചീര്‍ത്ത
ചുവരുകള്‍ ,വിവസ്ത്രം
പിടയുന്ന പൂമ്പാറ്റകള്‍
പാളങ്ങള്‍ തോറും
പറ്റിപ്പിടിച്ച
നിലവിളികള്‍,
കൃഷ്ണമണിയില്ലാത്ത
നീതി നേത്രങ്ങള്‍

ഇരുട്ടുപോലും
വന്നു ബലാത്സംഗം
ചെയ്തിട്ട് പോകുന്ന
വഴിയമ്പലങ്ങള്‍ ,
പ്രണയമൊരു
പാതിയില്‍ ഒടുങ്ങിപ്പോയ
കടല്‍പ്പാലം
നിലാവിന് പോലും
കണ്ണില്‍ കത്തുന്ന കാമം
അന്ധയെപ്പോലും
പടുകുഴിയിലേക്ക്
വഴിനടത്തുന്ന
ഭ്രാന്തന്‍ വെളിച്ചങ്ങള്‍ ,
പൊടിഞ്ഞ രക്തം പോലും
നക്കിക്കുടിക്കാന്‍
ചെന്നായ്ക്കളുള്ളില്‍,
പുറത്ത് കാത്തു നില്പൂ
സ്പന്ദനം നിലക്കുന്നതും കാത്തു
നഖ മൂര്‍ച്ചകള്‍

ശിലാജന്മമല്ലോ
നീണ്ടു നില്‍കാന്‍ കൊതിപ്പൂ
അഹല്യയിപ്പോള്‍
ഇട്ടു മൂടുക ,നിന്റെ
നഗരമാലിന്യങ്ങള്‍
ഒട്ടുപോലും
കാണരുത് പുറത്തെക്കായ്‌

വേണ്ട
ഇനിയുമൊരു പുനര്‍ജ്ജന്മം
അറിയാതെ പോലും
ചവിട്ടല്ലേ രാമാ ...

No comments:

Post a Comment