kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Saturday, June 29, 2013

7:33 PM

ഞാന്‍ ഇപ്പോള്‍

ഞാന്‍ ഇപ്പോള്‍ 


ഞാന്‍ കൊണ്ട് വരുന്ന 
പച്ചക്കറികളിലേറെയും
ചീഞ്ഞതാനെന്നും 
നോട്ടക്കുറവാനെന്നും പറഞ്ഞു 
അവളിപ്പോള്‍ നേരിട്ട്
പച്ചക്കറി വാങ്ങിതുടങ്ങി 

മീന്‍ വാങ്ങുന്നതില്‍ 
തൂക്കക്കുറവ് ആരോപിച്ചു
ഇപ്പോള്‍ മീന്‍കാരനുമായി
അവളാണ് പേശല്‍

ഞാനെടുത്ത തുണികള്‍
കാല്‍ക്കാശിനു കൊള്ളില്ല
ആര്‍ക്കും വേണ്ടാത്ത കീറച്ചരക്ക്

കുട്ടികള്‍ക്ക്
ഞാന്‍ പഠിപ്പിച്ചതോന്നും
പരീക്ഷക്ക്‌ ചോദിക്കുന്നില്ല
ഇപ്പോള്‍ അവളാണ് ചോദ്യം

ഞാന്‍ അടച്ചാല്‍ വാതില്‍ അടയില്ല
ഞാന്‍ തുറന്നാല്‍ വാതില്‍ തുറക്കില്ല
ഞാന്‍ വിളിച്ചാല്‍ ഓട്ടോ വരില്ല ,
ബസ്സിനു കൈകാണിച്ചാല്‍ നിര്‍ത്തുന്നില്ല,
അവളായി ,
ഞാന്‍ വിളിച്ചാല്‍ വേലക്കാരി വരില്ല
പിച്ചക്കാരനെ ഓടിക്കാനറിയില്ല ,
പഴയത് എടുക്കുന്ന തമിഴത്തിയോട്
വിലപേശാന്‍ അറിയില്ല ,
പത്രക്കാരനോടും ,
പാല്‍ക്കാരനോടും
ട്യൂഷന്‍ മാഷോടും
ഉത്സവപിരിവുകരോടും
ചൂടാകാനറിയില്ല ,
ഞാന്‍ ഓടിച്ചാല്‍
വണ്ടിക്കു സ്പീഡ്‌ ഇല്ല ,
കല്യാണ വീട്ടില്‍ ,
മരണവീട്ടില്‍ ,
സ്കൂള്‍ വാര്‍ഷികത്തിന്
അവളായി

എന്റെ ആകാശത്തിന് നിറം പോര
എന്റെ സമുദ്രത്തില്‍ തിരകളില്ല
എന്റെ കാടിന് പച്ചപ്പ് പോര
എന്റെ മണ്ണിനു വളക്കൂറില്ല
എന്റെ നിഘണ്ടുവില്‍ വാക്കില്ല
എന്റെ മരത്തില്‍ പൂവില്ല
എനിക്ക് കാതലില്ല
മുനയില്ല മൂര്‍ച്ചയില്ല
അവളായി..
അവളായി..

ഞാന്‍ ഇപ്പോള്‍ എന്താണെന്നും
ഏതാണെന്നും
എവിടെയാണെന്നും
എത്രയാണെന്നും
എങ്ങിനെയാണെന്നും
ഒരെത്തുംപിടിയും കിട്ടുന്നുമില്ല 
7:32 PM

വ്യവഹാരം

വ്യവഹാരം 


കോടതി വരാന്ത 
പത്തുമണി

ഓടിക്കിതച്ചെത്തിയ 
ഓട്ടോ റിക്ഷയില്‍ നിന്ന് 
രണ്ടുപേര്‍ 
അവര്‍ക്കപ്പോള്‍ 
വിവാഹം കഴിക്കണം

കോടതി വരാന്ത
പന്ത്രണ്ടു മണി

വിവാഹമോചനത്തിന്
എത്തിയ യുവതിയുടെ കുഞ്ഞ്
കൂട്ടില്‍ നിക്കുന്ന
അച്ഛന് നേരെ ചാടുന്നു

കോടതി വരാന്ത
അഞ്ചു മണി

സ്വത്ത് തര്‍ക്കം തീരാതെ
കൂടെപ്പിറപ്പുകള്‍
പല്ലിറുമ്മി
പെരുവഴിയിലേക്ക്
ഒന്നിക്കുന്നു
7:28 PM

കുറുങ്കവിതകള്‍

വീട് 

സ്നേഹം 
കൊണ്ടായിരുന്നു മേല്‍ക്കൂര 
വേനലിലും മഴയിലും 
പായലിലും പൂപ്പലിലും 
ചോര്‍ന്നു തുടങ്ങിയപ്പോളാണ്
വെറുപ്പ്‌ കൊണ്ട് 
രണ്ടാം നില പണിതത് ,

ഇപ്പോള്‍ ഒട്ടും ചോരുന്നില്ല 
സ്നേഹം


അയ 

സങ്കടങ്ങള്‍ എല്ലാം 
സോപ്പ് നനച്ചു 
അലക്ക് കല്ലില്‍ 
തല്ലിച്ചതച്ചു 
മുക്കിപ്പിഴിഞ്ഞു 
അയയില്‍ 
ഉണക്കാനിട്ടിരിക്കുകയാണ് 
അവള്‍
7:26 PM

മൌനപ്പുര



മൌനപ്പുര

മൌനത്തിന്റെ 
അസ്തിവാരം കീറി 
മൌനം കൊണ്ട് തന്നെ 
അടിത്തറ 
മൌനം കൊണ്ട് കട്ടച്ച ചുവര്
മൌനം കൊണ്ട് 
വിറുങ്ങലിച്ച മേല്‍ക്കൂര 
മൌനം കൊണ്ട്
ശ്വാസം മുട്ടിയ വാതിലുകള്‍
ജനാലകള്‍

മൌനം കൊണ്ട് മുറ്റം
ഒരക്ഷരമുരിയാടാതെ
ചെടികള്‍ പൂവുകള്‍
ചുറ്റും മൌനത്തിന്റെ
മഹാമതില്‍
കൂട്ടില്‍
എല്ലാം മരന്നുറങ്ങുന്ന ശ്വാനന്‍

അതെ
മൌനം കൊണ്ടാണെന്റെ വീട്
7:25 PM

തുലാഭാരം

തുലാഭാരം 


ജീവിതത്തിന്റെ 
തുലാസില്‍ 
പലപ്പോഴും 
അളവുകള്‍ കൃത്യമാല്ലാതെ വരുന്നു 

കടപ്പാടിന്റെ 
തൂക്കത്തിന് 
ജന്മം മുഴുവന്‍
എടുത്തു വച്ചിട്ടും അനക്കമില്ല

സൌഹൃദത്തിന്റെ
തട്ടിന് വച്ച
ഹൃദയം പൊള്ള

പ്രണയത്തിന്റെ
തട്ട് എന്നും
നിറയാതെ നിറയാതെ
എത്രമേല്‍
പിണങ്ങിയിട്ടും

ഒരളവും
കൃത്യമല്ലെന്നറിഞ്ഞിട്ടും
ഇന്നും ഈ തുലാസില്‍
തൂക്കി നോക്കിയിരിക്കുന്നു
ചത്ത്‌ മലച്ച കണ്ണുകള്‍
7:24 PM

പുഴ വീട്



പുഴ വീട് 

ഗേറ്റില്‍ 
കെട്ടിത്തൂക്കിയിട്ടുണ്ട് 
റിവര്‍ വ്യൂ
എന്ന ബോര്‍ഡ്‌ 

മുറ്റത്ത് 
പാകിയ വെള്ളാരം കല്ലുകളില്‍ 
ഒരൊഴുക്കിന്റെ മര്‍മരം

ചുമരില്‍ ,
നിലത്ത് ,
മേല്കൂരയില്‍,
ഒരു പുഴയുടെ കരച്ചില്‍

അടുക്കളയിലേക്ക്
കുളിമുറിയിലേക്ക്
അവളുടെ
ഹൃദയരക്തം
അലച്ചിലായി
കുഴലില്‍ എത്തുന്നു ..

സ്വീകരണ മുറിയില്‍
പതിച്ചു വച്ചിട്ടുണ്ട്
മദാലസയായ
അവളുടെ യൌവ്വനം

എല്ലാ പുഴകളും
ഇപ്പോള്‍ വീടുകളിലാണ് താമസം
ഒരൊ വീടും ഒരൊ കടവിന്റെ
സ്മൃതികുടീരങ്ങള്‍

നമ്മളോ
എല്ലാ വിസര്‍ജ്യങ്ങളും
പുഴയിലേക്ക്
കൊടുത്തയക്കുന്നു

തലയില്‍ മുണ്ടിട്ടും
അല്ലാതെയും
നാട്ടുച്ചക്കും
രാപ്പാതിക്കും
മാറി മാറി ....
7:23 PM

അവനവന്‍ തടവ്‌



അവനവന്‍ തടവ്‌ 

ഉദ്യാനത്തില്‍ 
നീ പൂത്തു നില്‍പ്പുണ്ടായിരുന്നു 
കണ്ടു നിന്ന് പോകും എന്നത് കൊണ്ട് 
കണ്ണെടുത്ത് മടങ്ങി 

മുളങ്കാട്ടില്‍ നിന്നും 
നിന്റെ പാട്ട് കേള്‍ക്കാമായിരുന്നു 
കേട്ട് നിന്ന് പോകുമെന്നതിനാല്‍ 
പിന്‍ തിരിഞ്ഞു നടന്നു

മേഘമായി നീ പെയ്യുന്നുണ്ടായിരുന്നു
കാറ്റായി നീ വീശുന്നുണ്ടായിരുന്നു
അരുവിയായി നീ ഒഴുകുന്നുണ്ടായിരുന്നു
തളിരായി
ശലഭമായി
മഞ്ഞായി ,മഴവില്ലായി
നീയുണ്ടായിരുന്നു
നീയുണ്ടായിരുന്നു

എവിടെയെങ്കിലും വച്ചു
എന്നെ തന്നെ കൈവിടുമെന്നതിനാല്‍
മനസ്സിന്റെ ജാലകങ്ങള്‍
പഴുതടച്ചു
എന്നില്‍ തന്നെ തടവിലാണ് ഞാന്‍
7:22 PM

ചിറക്



ചിറക്

ഒരു ദിവസം 
അരുമയോടെ 
നീ എന്നെ എടുത്തു 
തൂവലുകളില്‍ തലോടും 
കൊക്കില്‍ ഉമ്മ വച്ചു 
കൊഞ്ചിക്കും

ഒളിപ്പിച്ചു വച്ച കത്രിക 
എന്നെ പേടിപ്പിക്കാതെ
നീ എടുക്കും
എനിക്കേറ്റവും ഇഷ്ടപ്പെട്ട
ആ പഴം തരും
തലോടിക്കൊണ്ട് തന്നെ
അത്രമേല്‍ പതുക്കെ
സ്നേഹത്തോടെ
ഒരിറ്റു പോലും വേദനിപ്പിക്കാതെ
എന്റെ ചിറകുകള്‍
നീ അരിയും

പിന്നെ നീ എനിക്ക്
അപാരമായ
സ്വാതന്ത്ര്യം വിളമ്പിത്തരും
എനിക്ക് എവിടെ
വേണമെങ്കിലും പോകാം
ഏതു ചില്ലയിലും ചേക്കേറാം,

ഇതൊക്കെ അറിയാവുന്നത് കൊണ്ട്
ഞാന്‍ എന്നേ
എന്റെ ആകാശത്തിനു
അതിരിട്ടിരുന്നു
എന്റെ ചിറകുകള്‍
എന്നേ മരിച്ചിരുന്നു ..
7:21 PM

പനിക്കാലം




പനിക്കാലം 

ഇടക്കൊന്നു 
പനിച്ചു കിടക്കണം 
അപ്പോളറിയാം 

ചാരത്തിന്റെ മണമുള്ള 
വിരലുകളായി നെറ്റിയില്‍ 
സ്നേഹം പൂക്കുന്നത്

ചാരുകസാരയിലെ
കനമുള്ള മൌനം
താക്കീതുകളുമായി
അഴിഞ്ഞു വീഴുന്നത്

ആവിപറക്കുന്ന വാത്സല്യം
തൊട്ടു നോക്കുന്നത്

സങ്കടം വാരിപ്പുതപ്പിക്കുന്ന
കൈകള്‍ ചേര്‍ത്ത് പിടിക്കുന്നത്‌

മഴവില്ലുകള്‍ക്ക് പിറകില്‍
ഒളിച്ചിരുന്ന് ഒരാള്‍
സുഖം തിരക്കുന്നത്

മുറിഞ്ഞു പോകുന്ന
സ്വപ്നങ്ങള്‍
വല നെയ്യുന്നത്

പേ പിടിച്ച
തീവണ്ടിയായി
സമയം കൂകിപ്പയുന്നത്

നിറയുന്ന പുഴകളായി
പൊള്ളുന്ന ഓര്‍മ്മകള്‍
ഇണ ചേരുന്നത്

തുറന്നിട്ട
ഒറ്റജനലില്‍
രാപ്പക്ഷി വന്നിരിക്കുന്നത്

നക്ഷത്രങ്ങള്‍ ഇല്ലാത്ത വാനം
വന്നു കൈനീട്ടുന്നത്

ഇടക്കൊന്നു
പനിച്ചു കിടക്കണം
അപ്പോളറിയാം
7:19 PM

പെണ്‍ പേടി

പെണ്‍ പേടി


പെണ്ണെ 
ഇപ്പോള്‍ പേടിയാണ് 
നീ നോക്കുമ്പോള്‍ 

ചങ്ക് കിടുങ്ങുന്നു 
കടാക്ഷം ഏല്‍ക്കുമ്പോള്‍ 

പുഞ്ചിരിക്കുമ്പോള്‍
ഭയം മുളപൊട്ടുന്നു

വിറച്ചുപോകുന്നു
നീ കൈനീട്ടുമ്പോള്‍

വയറുകാളുന്നു
നിന്റെ വസ്ത്രാഞ്ചലം
അല്പം മാറുമ്പോള്‍,

ചുണ്ട് വറ്റുന്നു
നിന്നോടെന്തെന്കിലും
മിണ്ടുവാന്‍

കാലുകള്‍ ഇടറിപ്പോകുന്നു
നീ ഒപ്പം നടക്കുമ്പോള്‍
ഇടവഴിയില്‍ ഞാന്‍
ഇടം വലം നോക്കുന്നു

ഞാനും നീയും
അടുപ്പുകൂടിയ
മരച്ചുവടും
ഉടുത്ത മരവുരിയും
ഉറങ്ങിയ ഗുഹയും
കുടിച്ച കാട്ടരുവിയും
തിന്ന കനിയും
കണ്ട കിനാവും
കൊണ്ട കാറ്റും
പങ്കിട്ട ഇറച്ചിയും
കോര്‍ത്ത വിരലും
ചേര്‍ന്ന നിഴലും
ഒക്കെ ഇപ്പോള്‍ പേടിയാണ്

നിന്റെ പാട്ട്
നിന്റെ ചുവട്
നീ നീ ഒക്കെയും
പേടിയാണിപ്പോള്‍