Monday, May 26, 2014

വീണ

"ആരെങ്കിലും അപശബ്ദമെങ്കിലും 
മീട്ടിയിരുന്നെങ്കില്‍ "
അനാഥ വീണയുടെ 
ആത്മഗതം .
ഗതി പൂ മൂടല്‍ കഴിഞ്ഞു 
അതിനടിയില്‍ 
ശ്വാസം മുട്ടി 
മരിച്ചു കിടപ്പുണ്ടായിരുന്നു 
ദേവി
ഇനി 


ഇല്ല കടലേ 
നിനക്ക് മായ്ക്കാന്‍ വേണ്ടി 
ഇനി ഈ തീരത്ത് 
ഞാന്‍ ആരുടെ പേരും 
കോറിവയ്ക്കില്ലനോവ്

അലകള്‍ നിലച്ച് പോയ സമുദ്രം
കരയോട് കരഞ്ഞുകൊണ്ടിരിക്കുന്നു 
നിശബ്ദമായ മഹാകാവ്യം

ഉറക്കം


പരസ്പരം പിണങ്ങി 
മുഖം വീര്‍പ്പിച്ചു 
മുഖം കൊടുക്കാതെ 
ഉറക്കം നടിച്ചും 
ഉറങ്ങാതെയും 
പാതിരയാകുംപോള്‍ 
അവള്‍ മോബിലില്‍ പരതി 
സഫലമീയാത്ര 
ഉയര്‍ന്ന ശബ്ദത്തില്‍ വയ്ക്കുന്നു 
വരിക സഖീ നീ എന്നണിയത്ത്
ചേര്‍ന്ന് നില്‍ക്കൂ എന്ന
വരിയെത്തുംപോള്‍ 
അറിയാതെ, അറിയാതെ 
മുഖത്തോടു മുഖം ചേര്‍ത്തു 
ഞങ്ങള്‍ ഉറങ്ങാന്‍ കിടക്കുന്നു 
ഇതൊരു പതിവാകുന്നു 
സഫലമീയാത്ര


മൌനം


ഇന്നെനിക്കു വിശന്നപ്പൊള്‍
നീ മൌനം കൊണ്ട് ഊട്ടി
ദാഹിചപ്പൊള്‍ ഒരു കുടം നിറയെ മൌനം തന്നു 
ഞാന്‍ വേദനിച്ചപ്പൊള്‍
മൌനം കൊണ്ട് ഉപ്പു പുരട്ടി 
ഞാന്‍ പിണ്ങ്ങയപ്പൊള്‍
മൌനം കൊണ്ടു തലോടി

അന്തിക്കൂട്ട്പിശാച്
കാണാന്‍ സുന്ദരന്‍ /സുന്ദരി ആണ് 
എന്താ പുഞ്ചിരി ..
മയങ്ങിപ്പോകും 
പിശാചിന്റെ കയ്യില്‍ 
എപ്പോളും മൊട്ടിടുന്ന പൂവുകള്‍ 

ദൈവം ഇപ്പോളും 
കോങ്കണ്ണന്‍ /കോങ്കണ്ണി തന്നെ 
കൂനന്‍ തന്നെ 
ചിലപ്പോള്‍ ഒക്കെ
പല്ലിളിക്കുകയും ചെയ്യുന്നു
ദൈവത്തിന്റെ കയ്യിലോ
അറപ്പുള്ള പിച്ചപ്പാത്രം

അപ്പുറവും ഇപ്പുറവും നിന്ന്
രണ്ടു പേരും വിളിച്ചു കൊണ്ടിരിക്കുന്നു
പിശാചിന്റെത്
അലങ്കരിച്ച വാഹനം
ദൈവം നടന്നു പോകാന്‍ വിളിക്കുന്നു

എനിക്ക് വയ്യ
എവിടെ നിന്നെങ്കിലും
ഒരു മനുഷ്യന്‍ /മനുഷ്യത്തി
വന്നൊന്നു വിളിച്ചിരുന്നെങ്കില്‍
കൂടെ പോകാമായിരുന്നു .

പ്രണയ നരകംഇവിടെ പാപികള്‍ 
കടാക്ഷങ്ങള്‍ കൊണ്ട് 
വലിച്ചിഴക്കപ്പെടും 

കൂര്‍ത്ത നോട്ടങ്ങള്‍ കൊണ്ട് 
കൊത്തിവലിക്കപ്പെടും 

തലോടലുകളും 
ചുംബനങ്ങളും
ആലിംഗനങ്ങളും
പാപികളുടെ ദേഹങ്ങള്‍ക്ക് മേല്‍
ഇഴഞ്ഞു നടക്കും

ഓര്‍മകളുടെ വേട്ടനായക്കള്‍
കിതപ്പിച്ചു പിന്തുടര്‍ന്ന്
കടിച്ചു കീറും ,

സന്ദേശങ്ങള്‍ കൈമാറിയ
മേഘവും ,മയൂരവും
കാറ്റും ഇരുട്ടും
അവരെ നോക്കി
കൊഞ്ഞനം കുത്തും

ഒന്നിച്ചിരുന്നു പാപം ചെയ്ത
വാകത്തണലുകള്‍
ഒരിലയോ പൂവോ ഇല്ലാതെ
തലയ്ക്കു മുകളില്‍
വേനല്‍ വിരിക്കും ..
കാത്തിരുന്ന ഓരോ ഇടവും
ഗന്ധകമെരിയുന്ന അഗ്നിയും
ചുട്ടുപഴുത്തപാറകളുമുള്ളതായി
വരവേല്‍ക്കും
മുറവിളികളുടെ സ്ഥലരാശിയാകും

കോര്‍ത്തു പിടിച്ച കൈകളൊക്കെ
മുള്ളുകളായി വന്നു
ചോര കുടിക്കും

പങ്കിട്ട വാക്കുകള്‍
ചെവികളില്‍ വന്നു
അലര്‍ച്ചകളാകും

വിരഹം കുറിച്ചുവച്ച കവിതകള്‍
ചാക്കാലയാകും
നരക സങ്കീര്‍ത്തനം
പലവട്ടം
അയാളോട് 
പലവട്ടം പറഞ്ഞതാണ് 
രണ്ടു കെട്ടേണ്ട എന്ന് 
അതും 
ഒരു ചെറുപ്പക്കാരിയെയും 
ഒരു പ്രായക്കാരിയെയും ..
എന്നിട്ടോ എന്തുണ്ടായി ?
പ്രായക്കാരിയുടെ 
അടുത്ത് ചെല്ലുമ്പോള്‍ അവര്‍ പറയും
നോക്കൂ എന്റെ തല മുഴുവന്‍ നരച്ചു
നിങ്ങള്‍ക്കാനെങ്കില്‍ കറുത്തമുടിയും
ആളുകള്‍ എന്ത് പറയും ?
അതുകൊണ്ട് പ്രിയനേ
ഈ കറുത്ത മുടിയിഴകള്‍ ഞാന്‍
ഏറ്റവും സ്നേഹത്തോടെ പറിച്ചു മാറ്റുന്നു ..
ചെറുപ്പക്കാരിയുടെ അടുത്ത് ചെല്ലുമ്പോള്‍
അവള്‍ പറയും
പ്രിയനേ എന്റെ തലയില്‍ കറുത്ത മുടി
നിങ്ങളുടെ തലയിലാവട്ടെ
വെളുത്ത മുടിയിഴകള്‍
ആളുകള്‍ എന്ത് പറയും
അതുകൊണ്ട്
ഈ വെളുത്ത മുടിയിഴകള്‍
അത്യന്തം പ്രേമത്തോടെ
ഞാന്‍ പിഴുതു കളയുന്നു
വിരുന്നുകള്‍ പതിവുപോലെ
ആവര്‍ത്തിക്കുന്നു ...
അയാളിപ്പോള്‍ കണ്ണാടി
നോക്കാറില്ല ...
അയാളോട്
പലവട്ടം പറഞ്ഞതാണ് ..
ആനക്കോട്ട

ഉള്ളില്‍ തളച്ചിട്ടുണ്ട് 
പല വനങ്ങള്‍ 

ചങ്ങലയാഴ്ന്നു 
വ്രണിതമായ മന്തുകാലുകള്‍ 
ഏതോ വിരഹഗാനത്തിനു 
വട്ടം പിടിക്കുന്ന ചെവികള്‍ 

ചിലതിനെയൊക്കെ
ആദ്യ പ്രണയത്തെ പോലെ
ഒരു ഓര്മ കൊണ്ട് തൊട്ട് നോക്കാം
ചിലതൊക്കെ ചിന്നം വിളിച്ച്
കൊമ്പു കുലുക്കും

സ്വപ്നങ്ങള്‍ക്ക് മദപ്പാടാണ്
തുമ്പി നീട്ടി വിളിച്ചെന്ന് വരും
അടുത്ത് ചെല്ലരുത്‌
ചവിട്ടി ചീന്തിക്കളയും
അതാണ്‌ ചരിത്രം

ജരാനര ബാധിച്ച
വിപ്ലവമസ്തകം
കുനിച്ചു പിടിച്ചു നില്‍ക്കുന്നുണ്ടാകും
ചിലവ ,ഏതോ പഴയ
മുദ്രാവാക്യവും ചവച്ചിറക്കി
വാലില്‍ ഒറ്റ രോമം പോലും
ശേഷിക്കാതെ ,
പിശുക്കിയിടുന്ന പിണ്ടങ്ങളോടെ

നെറ്റിപ്പട്ടം കെട്ടാന്‍
ചട്ടക്കാരന്റെ വടിക്കൊപ്പം
പോകാന്‍ നില്‍പ്പുണ്ടാകും
സമരസപ്പെട്ട പോരാളികള്‍
വില്ക്കപ്പെട്ട തലയെടുപ്പുകള്‍
തോട്ടിക്കൂര്‍പ്പില്‍
മൂത്രമൊഴിച്ചുകൊണ്ട് ..

കുറുമ്പ് കാട്ടി നില്‍ക്കുന്ന
കുട്ടിത്തങ്ങള്‍ ,
പരവശപ്പെട്ട യൌവനങ്ങള്‍
കെട്ടുമരത്തോടു പരിഭവം
പറയുന്നുണ്ടാകും
കേട്ടു നില്‍ക്കണ്ട
ആര്‍ക്കും ആരെയും രക്ഷിക്കാനാകില്ല .

ഇവയെല്ലാം ചങ്ങലയഴിഞ്ഞു
ഉള്ള് ഒരു പോര്‍ക്കളമാകും
അന്നായിരിക്കും
സമനിലതെറ്റിയ ചിന്തകളെയും കൊണ്ട്
ഭ്രാന്താശുപതിയിലെക്കുള്ള
ആദ്യത്തേതും അവസാനത്തെക്കുമുള്ള
ഉന്മാദത്തീവണ്ടി
പാളംതെറ്റിയോടുക