kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Friday, July 26, 2013

മധുരം പകരാന്‍ അഞ്ചുതരം ഹല്‍വകള്‍

                   മധുരം പകരാന്‍ അഞ്ചുതരം ഹല്‍വകള്‍

                വീട്ടില്‍ അതിഥികള്‍ എത്തുമ്പോഴും ആഘോഷ വേളകളിലും എന്തെങ്കിലും വിശേഷമായി ഒരുക്കാന്‍ താല്പര്യം എല്ലാവര്ക്കും ഉണ്ടല്ലോ .എന്നാല്‍ പലര്‍ക്കും പലതും ഉണ്ടാക്കെണ്ടതിന്റെ ചേരുവകളോ നിര്‍മാണ രീതിയോ അറിവുവുണ്ടാകില്ല  .അത് കാരണം മിക്കവാറും ബേക്കറികളെ ആശ്രയിക്കുകയാണ് പതിവ് . പരാജയ ഭീതി കാരണം പലരും പരീക്ഷണങ്ങള്‍ക്ക് മുതിരാറും ഇല്ല .എന്നാല്‍ പല വിഭവങ്ങളും എളുപ്പത്തില്‍ ഉണ്ടാക്കി എടുക്കാന്‍ കഴിയും എന്നതാണ് വാസ്തവം . ഭക്ഷണം ഒരുക്കുമ്പോള്‍ തിരക്കേറിയ അടുക്കളയില്‍ മറ്റു വിഭവങ്ങള്‍ക്കൊപ്പം മധുര വിഭവം കൂടി പെട്ടന്ന് തയാറാക്കിയെടുക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ പാര്‍ട്ടിക്ക് മുമ്പ് ഒഴിവുള്ള ദിവസങ്ങളില്‍ കുറഞ്ഞ ചേരുവകള്‍ ചേര്‍ത്ത് തയാറാക്കിവെക്കാവുന്ന രുചിയേറും വിഭവങ്ങള്‍ ഉണ്ടാക്കാവുന്നതാണ് . ഇങ്ങിനെ അതിഥികള്‍ക്ക് മധുരം പകരാന്‍ അഞ്ചുതരം ഹല്‍വകള്‍ ഉണ്ടാക്കി എടുക്കാവുന്നതിന്റെ വിശദമായ ഒരു കുറിപ്പ് വായിക്കു .
ദൂധി എല്‍വ (ചുരക്ക ഹല്‍വ)
ചേരുവകള്‍:
ചുരയ്ക്ക -അരകിലോ
അണ്ടിപ്പരിപ്പ് -10
പിസ്ത -10
പാല്‍ -മൂന്ന് കപ്പ്
നെയ്യ് -മൂന്ന് -നാല് ടേബിള്‍ സ്പൂണ്‍
പഞ്ചസാര -കാല്‍ കപ്പ്
ഏലയ്ക്കാപ്പൊടി -അര ചെറിയ സ്പൂണ്‍
ഉണക്ക മുന്തിരി -10
തയാറാക്കുന്ന വിധം:
ചുരയ്ക്ക കഴുകി തൊലി കളയുക, കുരു കളഞ്ഞു പൊടിയായി ഗ്രേറ്റ് ചെയ്യക. അണ്ടിപ്പരിപ്പും പിസ്തയും കഷ്ണങ്ങളാക്കുക. പാല്‍ അടുപ്പത്ത് വച്ച് ചൂടാക്കി രണ്ട് കപ്പ് ആയി വറ്റിക്കുക. നെയ്യ് ഒരു പാത്രത്തില്‍ ചൂടാക്കി ചുരയ്ക്ക ഗ്രേറ്റ് ചെയ്തതിട്ട് നന്നായി വളറ്റുക. അതിലേക്ക് പാല്‍ വറ്റിച്ചത് ചേര്‍ത്തു വേവിക്കുക. പാല്‍ മുഴുവന്‍ വറ്റുന്നതു വരെ പാത്രത്തിനടിയില്‍ പിടിക്കാതെ ഇളക്കികൊടുക്കണം. അതിലേക്ക് പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേര്‍ത്തു നല്ല പോലെ ഇളക്കുക. പഞ്ചാസാര നന്നായി അലിഞ്ഞു ചേര്‍ന്നാല്‍ അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, പിസ്ത എന്നിവ ചേര്‍ത്തിറക്കുക. തണുത്താല്‍ കഷ്ണമാക്കി കഴിക്കാം. ഐസ്ക്രീമിനോടൊപ്പവും ദൂധി ഹല്‍വ വിളമ്പാവുന്നതാണ്.

2. ഏത്തപ്പഴം ഹല്‍വ
ചേരുവകള്‍:
ഏത്തപ്പഴം -രണ്ടു കിലോ
പഞ്ചസാര -ഒരു കിലോ
നെയ്യ് -അര കപ്പ്
ചെറുനാരങ്ങാനീര് -അര കപ്പ്
അണ്ടി പരിപ്പ് -ഒരു കപ്പ്
ഏലക്കായ് - 10 എണ്ണം
മൈദ - 4 സപൂണ്‍
തയാറാക്കുന്ന വിധം:
നന്നായി പഴുത്ത ഏത്തപ്പഴം പുഴുങ്ങിയ ശേഷം ഉള്ളിലെ നാരുകളഞ്ഞ് അരച്ചെടുക്കുക. പഞ്ചസാര കട്ടിയുള്ള പാത്രത്തില്‍ വെച്ച് വെള്ളം ചേര്‍ത്ത് ഉരുക്കി അരിച്ചെടുക്കുക. അതില്‍ ചെറുനാരങ്ങാനീരു ചേര്‍ത്ത് കുറുക്കി പാവ് (നൂല്‍ പരുവം) പരുവം വരുമ്പോള്‍ ഏത്തപ്പഴം പുഴുങ്ങി അരച്ചടെുത്തത് ചേര്‍ത്തു യോജിപ്പിക്കുക. നാലു വലിയ സ്പൂണ്‍ മൈദ ഒരു കപ്പ് വെള്ളത്തില്‍ കലക്കി അരിച്ച് തിളക്കുന്ന ഏത്തപ്പഴ ചേരുവയില്‍ ചേര്‍ക്കുക. നെയ് കുറേശ്ശേ ചേര്‍ത്ത് അടിയില്‍ പിടിക്കാതെ ഇളക്കിക്കൊടുക്കുക. ചേരുവ മുറുകി വരുമ്പോള്‍ ഏലക്കാ പൊടിച്ചത് വിതറി ചേര്‍ക്കുക. നന്നായി മുറുകുമ്പോള്‍ നെയ്യ് പുരട്ടിയ പാത്രത്തില്‍ പകര്‍ന്ന് അണ്ടിപരിപ്പും ചേര്‍ത്ത് അലങ്കരിക്കുക. തണുക്കുമ്പോള്‍ കമിഴ്ത്തി പുറത്തെടുക്കുക.
3. കാരറ്റ് ഹല്‍വ
ചേരുവകള്‍:
ക്യാരറ്റ് -4
പാല്‍ -1 1/2 കപ്പ്
പഞ്ചസാര -1 കപ്പ്
നെയ്യ് -3 ടേബിള്‍ സ്പൂണ്‍
ഏലയ്ക്കപൊടി- 1 ടീ സ്പൂണ്‍
അണ്ടിപരിപ്പ് - 10 (ചെറുതായി അരിഞ്ഞത്)
തയാറാക്കുന്ന വിധം:
ക്യാരറ്റ് ചെറുതായി ഗ്രേറ്റ് ചെയ്യുക. അടികട്ടിയുള്ള പാത്രം ചൂടാക്കി അതിലേക്ക് നെയ്യൊഴിക്കുക. അണ്ടിപ്പരിപ്പ് നെയ്യില്‍ ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്ത് കോരിമാറ്റുക. അണ്ടിപരിപ്പ് വറുക്കാന്‍ ഉപയോഗിച്ച നെയ്യിലേക്ക് ഗ്രേറ്റ് ചെയ്തു വെച്ചിരിക്കുന്ന ക്യാരറ്റ് ചേര്‍ത്തിളക്കുക. കാരറ്റ് നന്നായി വാടുമ്പോള്‍ അതിലേക്ക് പാല്‍ചേര്‍ത്ത് ചെറിയ തീയില്‍ വേവിക്കുക.
അടിയില്‍ പറ്റാതിരിക്കാന്‍ ഇടയ്ക്ക് ഇളക്കി കൊണ്ടിരിക്കണം. പാല്‍ നന്നായി വറ്റിതുടങ്ങുമ്പോള്‍ ഇതിലേക്ക് പഞ്ചസാരയും ഏലയ്ക്കപൊടിയും ചേര്‍ത്തിളക്കുക. പഞ്ചസാര നന്നായി അലിയുന്നതു വരെ ഇളക്കി കൊണ്ടിരിക്കുക. പഞ്ചസാര നന്നായി യോജിച്ചു കഴിഞ്ഞാല്‍ തീകെടുത്തി നെയ്യില്‍ വറുത്തെടുത്ത അണ്ടിപരിപ്പും ചേര്‍ത്ത് നന്നായി ഇളക്കി വാങ്ങാം. വിളമ്പാന്‍ ആവശ്യമുള്ള പാത്രത്തിലേക്ക് മാറ്റുക. അണ്ടിപരിപ്പ് ചെറുതായി അരിഞ്ഞത് ഉപയോഗിച്ച് അലങ്കരിക്കാം.
4. ബദാം ഹല്‍വ
ചേരുവകള്‍:
ബദാം-2 കപ്പ്
പഞ്ചസാര-2 കപ്പ്
പാല്‍-1 കപ്പ്
നെയ്യ്-1 കപ്പ്
ഏലയ്ക്ക പൊടിച്ചത്-2 സ്പൂണ്‍
അണ്ടിപരിപ്പ് -10 എണ്ണം
തയാറാക്കുന്ന വിധം:
ബദാം ഒരു മണിക്കൂര്‍ നേരം ചൂടുവെള്ളത്തിലിട്ടു വയ്ക്കുക. തൊലി കളയാനാണിത്. തൊലി നീക്കം ചെയ്ത ബദാമിലെ ഈര്‍പ്പം മുഴുവനായി തുടച്ചു കളയുക. ഈര്‍പ്പം കളഞ്ഞ ബദാം പാല്‍ ചേര്‍ത്ത് മിക്സിയിലിട്ട് നല്ലപോലെ അരച്ചെടുക്കുക. പഞ്ചസാര അടികട്ടിയുള്ള പാത്രത്തിലിട്ട് പാകത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കുക. ഇത് പാനി പരുവമാകുമ്പോള്‍ ഏലയ്ക്കാപ്പൊടിയും അരച്ചു വച്ചിരിക്കുന്ന ബദാം പേസ്റ്റും ചേര്‍ക്കുക. ഇത് പാത്രത്തിനടിയില്‍ പിടിക്കാതെ കുറേശ്ശേ നെയ്യും ചേര്‍ത്ത് നന്നായി ഇളക്കിക്കോണ്ടിരിക്കണം. ഹല്‍വയുടെ പാകത്തില്‍ കട്ടിയാകുമ്പോള്‍ അടുപ്പില്‍ നിന്ന് വാങ്ങി വയ്ക്കാം. നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് ചൂടോടെ ഒഴിച്ച് അണ്ടിപ്പ് ചെറുതായി അരിഞ്ഞതിട്ട് അലങ്കരിക്കാം. തണുക്കുമ്പോള്‍ ഇഷ്ടമുള്ള രൂപത്തില്‍ മുറിച്ചെടുക്കാം.
5.ചെറുപയര്‍ പരിപ്പ് ഹല്‍വ
ചേരുവകള്‍:
ചെറുപയര്‍ പരിപ്പ് -3 കപ്പ്
പഞ്ചസാര -2 കപ്പ്
പാല്‍ -കപ്പ്
നെയ്യ് -1 കപ്പ്
കശുവണ്ടിപ്പരിപ്പ് -100 ഗ്രാം
ഏലയ്ക്കാ പൊടിച്ചത് -കാല്‍ സ്പൂണ്‍
തയാറാക്കുന്ന വിധം:
ചെറുപയര്‍ പരിപ്പ് കഴുകി വറുത്ത് വെള്ളത്തില്‍ വേവിച്ച് ഉടച്ചെടുക്കുക. പാലും പഞ്ചസാരയും ചേര്‍ത്ത് അടുപ്പില്‍ വയ്ക്കുക. ഇത് തിളച്ച് കുറുകി വരുമ്പോള്‍ വേവിച്ചുടച്ച പരിപ്പ് ചേര്‍ത്തിളക്കുക. ഇതില്‍ ഇടക്കിടെ നെയ്യ് ചേര്‍ത്ത് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കുക. പാകത്തില്‍ കട്ടിയായി വരുമ്പോള്‍ ഇതിലേക്ക് ഏലയ്ക്കാ പൊടിച്ചതു ചേര്‍ക്കാം. ഇത് ഹല്‍വാ പാകത്തില്‍ കട്ടിയായാല്‍ അല്‍പം നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റുക. കശുവണ്ടിപ്പരിപ്പ് നെയ്യില്‍ വറുത്ത് ഇതിനു മുകളില്‍ നിരത്തി അലങ്കരിക്കാം. ഒരു സ്പൂണ്‍ കൊണ്ട് പതുക്കെ അമര്‍ത്തുക. തണുത്തു കഴിഞ്ഞാല്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം
പൊടിക്കെ:
കുറഞ്ഞ ചൂടില്‍ വച്ചു വേണം ഹല്‍വ മിശ്രിതം ഇളക്കിക്കൊണ്ടിരിക്കാന്‍. അല്ളെങ്കില്‍ കരിയാനും വേവാതിരിക്കാനും സാധ്യതയുണ്ട്. പാല്‍ ചേര്‍ത്ത് ഹല്‍വയുണ്ടാക്കുമ്പോള്‍ പാല്‍ കരിയാതിരിക്കാന്‍ ശ്രദ്ധിക്കണം. പഞ്ചസാര പാനി പാകത്തിന് കുറികിയില്ളെങ്കില്‍ കട്ടിയാവാന്‍ സമയമെടുക്കും. ഹല്‍വ വിരുന്നുകാരുടെ മുന്നില്‍ വിളമ്പുമ്പോള്‍ ആകര്‍ഷണം കിട്ടാന്‍ അനുയോജ്യമായ ഫുഡ് കളര്‍ ഉപയോഗിക്കാവുന്നതാണ്. തണുത്തതിനുശേഷം മാത്രം ഈര്‍പ്പമില്ലാത്ത, വായു കടക്കാത്ത പാത്രത്തില്‍ എടുത്ത് സൂക്ഷിക്കുക.

(അവലംബം :മാധ്യമം )

2 comments:

  1. എനിക്കീ പാചക കല അങ്ങോട്ട് പോകില്ല :‌

    ReplyDelete
  2. കാണുമ്പോള്‍ നല്ല രസമൊക്കെയുണ്ട്, എന്നാല്‍ പെട്ടെന്ന് മട്ടും.

    ReplyDelete