(കെ സ് ടി എ സംസ്ഥാന സമ്മേളനം സാഹിത്യ മത്സരത്തില്‍ ഓണം സ്ഥാനം നേടിയ കഥ )
ഓഫീസ് മുറിയുടെ മൂലയിലെ സ്വിച്ചില്‍ പ്യൂണ്‍ രമേശന്‍ വിരലമര്‍ത്തുന്നതോടെ എല്ലാ ക്ലാസ്സുകളിലെയും ബെല്ലുകള്‍ ഒന്നിച്ചു ചിലച്ചു. അതുവരെ വിവിധ കാട്ടുപക്ഷികളുടെ കലപിലയും കാട്ടരുവികളുടെ കളകളാരവവും ഉണ്ടായിരുന്നിടത്ത് പ്രാചീനമായ ഏതോ ഒരു ചീവീടിന്റെ ശബ്ദം പോലെ. അതോടെ സ്കൂള്‍ പെട്ടെന്ന് നിശബ്ദമായി.
ക്ലാസ്സിലേക്ക് പോകുമ്പോള്‍ അമ്മിണി ടീച്ചറുടെ കാലുകള്‍ വിറക്കുന്നുണ്ടായിരുന്നു. ടി ടി സി ക്ക് പഠിക്കുമ്പോള്‍ പരിശീലനത്തിന്റെ ഭാഗമായി ആദ്യം സ്കൂള്‍ മുറ്റത്ത് കയറുമ്പോഴും ഇതേ വിറതന്നെ തനിക്കു ഉണ്ടായിരുന്നല്ലോ എന്ന് ടീച്ചര്‍ ഓര്‍ത്തു പോയി. താന്‍ പഠിച്ച പാഠങ്ങള്‍ക്ക് അപ്പുറം പുതിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടി വരുമ്പോള്‍ താന്‍ തീരെ ചെറുതായി പോകുന്നുണ്ടോ എന്ന സംശയത്തോടെ ടീച്ചര്‍ ക്ലാസിലേക്ക് കയറി.
കഴിഞ്ഞ ദിവസമാണ് സ്കൂളിനെ സ്മാര്‍ട്ട് സ്കൂള്‍ ആക്കി പ്രഖാപിക്കുന്നത്. അത് വരെ ഉണ്ടായിരുന്ന മുക്കാലിയും ബോര്‍ഡും സ്കൂളിനു പിറകിലെ ഷെഡില്‍ തന്നെ പോലെ തന്നെ ചുരുണ്ട് കിടപ്പുണ്ടാകുമെന്നു ടീച്ചര്‍ക്ക് തോന്നി.
ഗ്രാമപ്രദേശത്തെ സ്കൂളില്‍ തനിക്കിനി ഏതാനും മാസങ്ങള്‍ മാത്രം. സ്കൂളിലേക്ക് വരുമ്പോള്‍ പാത കറുത്തിരുന്നില്ല, മുന്നിലെ ഷോപ്പിംഗ് കോംപ്ലക്സിനു പകരം ഗോപാലന്‍ നായരുടെ പുക മണമുള്ള ചായപ്പീടിക മാത്രം. സ്വയംഭൂവായ വിഗ്രഹം പോലെ സ്കൂളില്‍ ഉണ്ടായിരുന്ന പഴയ തീവണ്ടി ചക്രത്തില്‍ ഇരുമ്പു ചുറ്റിക കൊണ്ട് അടിക്കുമ്പോള്‍ ഉണ്ടാകുന്ന മുഴക്കമാണ് അവിടുന്ന് ഇതുവരെ തന്റെ ജീവതത്തിന്റെ താളം.
ഒന്നാം തരം മുതല്‍ ക്ലാസ്സുകള്‍ ഒന്നാന്തരം ആക്കണം. ക്ലാസ് മുറി മുഴുവന്‍ പക്ഷി മൃഗാദികളുടെ ചിത്രങ്ങള്‍ പതിച്ചു. നിലം ടൈല്‍ വിരിച്ചു. കറകറ കരയുന്ന പഴയ മര ബഞ്ചുകള്‍ക്ക് പകരം സ്റ്റീലില്‍ വെല്‍ഡ് ചെയ്തു ഉറപ്പിച്ച പുതിയ കാല ഇരിപ്പിടങ്ങളായി. കീറിപ്പറിഞ്ഞ ഡസ്റ്ററും കൈയ്യില്‍ തൂക്കി നിന്ന ബോര്‍ഡിനു പകരം മിനി സ്ക്രീന്‍. തലയ്ക്കു മുകളില്‍ ലോക സാക്ഷിയെ പോലെ പ്രൊജക്ടര്‍. ഡി വി ഡി, മൈക്ക്, ബോക്സുകള്‍.. അമ്മിണി ടീച്ചറുടെ നാലാം ക്ലാസും അങ്ങിനെ സ്മാര്‍ട്ട് ആയി.
കുട്ടികള്‍ ഒക്കെ വല്ലാണ്ട് മാറിപ്പോയി. എല്ലാ ദാരിദ്ര്യങ്ങളെയും ഒളിച്ചു വയ്ക്കുന്ന പുതിയ യൂണിഫോം. കഴുത്തില്‍ ഫോട്ടോ അടക്കം ഉള്ള ടാഗുകള്‍. കാലില്‍ സോക്സും ഷൂവും. പഴയ കുഞ്ചുവും നീലാണ്ടനും കാര്‍ത്യായനിയും നിറഞ്ഞ ഹാജര്‍ പട്ടിക ഇപ്പോള്‍ അര്‍ച്ചന എസ് വാര്യര്‍, സിനു കെ ഗോപാലന്‍ നായര്‍, ഹേമ നമ്പൂതിരി എന്നൊക്കെ മാറിയിട്ടുണ്ട്. ടീച്ചര്‍ക്ക് ഗസറ്റില്‍ പരസ്യം കൊടുത്ത് ഈ അമ്മിണി എന്ന പേര്‍ അമ്മിണി ഗോപിനാഥ് എന്നോ അല്ലെങ്കില്‍ മറ്റൊരു പേരോ തന്നെയോ ആക്കി മാറ്റിക്കൂടെ എന്നും ഇനി എന്നാണു നമ്മുടെ അമ്മിണി ടീച്ചര്‍ കൂടി സ്മാര്‍ട്ട് ആകുക എന്ന് ചെറുപ്പക്കാരനായ ഹെഡ് മാസ്റര്‍ സ്റ്റാഫ് മീറ്റിങ്ങില്‍ ചോദിച്ച അന്ന് തുടങ്ങിയതാണ് മനസ്സിലെ ഈ പിടച്ചില്‍.
പാഠം ആരംഭിക്കണം. എന്നും പറയാറുള്ള
'നമസ്തേ ടീച്ചര്‍'
എന്നതിന് പകരം ഇന്ന് ആദ്യം ഒറ്റക്കും പിന്നെ ക്രമമില്ലാത്ത കൂട്ടമായും ഉയര്‍ന്ന
'ഗുഡ് മോര്‍ണിംഗ് ടീച്ചര്‍'
ചെവിയില്‍ വന്നലച്ചപ്പോള്‍ ആണ് ടീച്ചര്‍ ചിന്തയില്‍ നിന്നും ഉയര്‍ന്നത്. താനിനി ഗുഡ് മോര്‍ണിംഗ് തിരിച്ചു പറയണം. രക്ഷിതാക്കളും പ്രധാനാധ്യാപകനും പിന്‍ നിരയില്‍ ക്ലാസ് കാണാന്‍ ആയി ഇരിപ്പാണ്.
ഗുഡ് മോര്‍ണിംഗ് ആള്‍ ഓഫ് യു..
തന്റെ ശബ്ദത്തിന് ഇടര്‍ച്ചയില്ലെന്നു വരുത്താന്‍ ഒന്ന് കൂടി ചുമച്ച് ടീച്ചര്‍ തൊണ്ട ശരിയാക്കി.
ഇന്നത്തെ പാഠം പുഴയാണ്. മുമ്പാണെങ്കില്‍ പുഴ എന്ന് ബോര്‍ഡില്‍ കനപ്പിച്ചു ഒരു എഴുത്തും അതിനടിയില്‍ പാലം പോലെ രണ്ടു വരയും മതിയായിരുന്നു. ഇന്നത് പോര. നേരെത്തെ ലാപ് ടോപ്പില്‍ തയാറാക്കി വച്ച പലതും പ്രൊജക്ടര്‍ വച്ചു കാണിക്കണം. സ്റ്റാഫ് റൂമില്‍ വച്ച് എല്ലാവരും ചേര്‍ന്ന് പഠിപ്പിച്ചു വിട്ടതാണ്. ചെന്നയുടന്‍ പുഴയെ കുറിച്ച് ഒരു ആമുഖം പറയണം. പിന്നെ പതുക്കെ കാഴ്ചകളിലേക്ക്. ക്ലാസ് പകര്‍ത്താന്‍ ക്യാമറക്കാരനെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പതറാന്‍ പാടില്ല എന്ന് ഉള്ളില്‍ ഇരുന്ന് ആരോ പറയുന്നത് കടവിലെ പുഴയുടെ നേര്‍ത്ത മൂളല്‍ പോലെ ചെവിയില്‍ വന്നലയ്ക്കുന്നുണ്ട്.
ക്ലാസ് മുറിയുടെ മൂലയില്‍ നിന്നും ക്യാമറ തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്. ടീച്ചര്‍ എന്താണ് ക്ലാസ് തുടങ്ങാത്തതെന്ന ചോദ്യം പ്രധാനാധ്യാപകന്റെ പുരികക്കൊടിയില്‍ ഉയരുന്നുണ്ട്. രക്ഷിതാക്കള്‍ക്കിടയില്‍ അമര്‍ത്തിയ ചിരികള്‍ ഉണ്ട്. ഇലകള്‍ക്ക് മുമ്പില്‍ വിളമ്പുകാരനെ കാത്ത് ഇരിക്കുന്നവരെ പോലെ തന്റെ കുട്ടികള്‍. താന്‍ ബലിച്ചോറിന്റെ ഒരു ഉരുളയാണെന്നും തനിക്കു ചുറ്റിലും ബലിക്കാക്കകള്‍ ഊഴം കാത്ത് കടുപ്പിച്ചു നോക്കുകയാണെന്നും അമ്മിണി ടീച്ചര്‍ക്ക് തോന്നി.
പ്രിയപ്പെട്ട കുട്ടികളെ ഇന്ന് നമ്മള്‍ പഠിക്കാന്‍ പോകുന്നത് പുഴയെ കുറിച്ചാണ്..
അയ്യോ ഡിയര്‍ സ്റ്റുഡന്റ്സ് ടുഡേ വി ആര്‍ ഗോയിംഗ് ടു സ്റ്റഡി എബൌട്ട് റിവര്‍ എന്നാണല്ലോ തുടങ്ങേണ്ടിയിരുന്നത്?
വിച് റിവര്‍ ടീച്ചര്‍ ഈസ് ഇറ്റ് കല്‍പ്പാത്തി റിവര്‍ ഓര്‍ ഭാരത റിവര്‍.?
ഒന്നാം ബഞ്ചില്‍ നിന്നും ഉയര്‍ന്ന ചോദ്യത്തിനു ഉത്തരം കൊടുക്കാതെ ലെറ്റ് അസ് സീ സം വീഡിയോസ് ഓഫ് റിവര്‍ എന്ന് തപ്പിത്തടഞ്ഞു ടീച്ചര്‍ പവര്‍ പ്ലഗിന്റെ ചുകപ്പില്‍ വിയര്‍ക്കുന്ന വിരല്‍ അമര്‍ത്തി. നൂറു വട്ടം പ്രവര്‍ത്തിപ്പിച്ചിട്ടും മെരുങ്ങാത്ത പ്രൊജക്ടര്‍ തന്നെ നോക്കി പല്ലിളിക്കുന്നതും നിവര്‍ത്തി വച്ച ലാപ് ടോപ് ഒരു വലിയ ജലജീവിയുടെ വാ പോലെയും തോന്നുന്നത് മറികടക്കാന്‍ ശ്രമിച്ചു റിമോട്ടില്‍ വിരല്‍ അമര്‍ത്തി. ലാപ് ടോപ്പിന്റെ പാഡില്‍ വിരല്‍ വച്ചപ്പോള്‍ സ്ക്രീനില്‍ ചുറ്റിത്തിരിയുന്ന അമ്പടയാളം തനിക്കു നേരെ എപ്പോളാണ് ബ്രഹ്മാസ്ത്രം പോലെ പാഞ്ഞു വരികയെന്ന് പെന്‍ഷന്‍ ബുക്ക് പൂരിപ്പിച്ചു കൊടുക്കുമ്പോള്‍ ഉള്ള അങ്കലാപ്പോടെ ടീച്ചര്‍ നിയന്ത്രിച്ചു നിര്‍ത്തി.
ലാപ് ടോപ്പിലെ റിവര്‍ എന്ന ഫോള്‍ഡര്‍ രണ്ടു പ്രാവശ്യം അമര്‍ത്തണം. സൈമോന്‍ മാഷിന്റെ വാക്കുകള്‍ ഉണ്ട് ചെവിയില്‍. പ്രൊജക്ടര്‍ ശരിയാവുന്നില്ല, മിനി സ്ക്രീനില്‍ ഉറ്റു നോക്കി ഇരുന്നവരുടെ കണ്ണുകളില്‍ അക്ഷമയുടെ ഒളിയമ്പുകള്‍.. അവിടവിടെ ടീച്ചര്‍ ടീച്ചര്‍ വിളികള്‍.. പിന്നെയും ടീച്ചര്‍ റിമോട്ട് അമര്‍ത്തി. സ്ക്രീനില്‍ എന്തോ ഒരു വെള്ളിവെളിച്ചം മിന്നി മറഞ്ഞു പോയി.
ടീച്ചര്‍ ഇതൊക്കെ നേരെത്തെ പ്രിപയര്‍ ചെയ്തു വയ്ക്കണ്ടേ? എന്താ ഇങ്ങിനെ ഒക്കെ?
പ്രധാനാധ്യാപകനും മറ്റുള്ളവരും മേശക്കരികിലേക്ക് വരുന്നത് അമ്മിണി ടീച്ചര്‍ കണ്ടു. എവിടെ നിന്നോ ഒരുറവ കണ്ണുകളില്‍ പുഴയായി വന്നു മൂടുന്നതും ആ കുത്തൊഴുക്കില്‍ താനും കുട്ടികളും നിലവിളിയോടെ അകന്നു പോകുന്നതും, വലിയ ഒരു മരം കടപുഴി ഒലിച്ചു പോകുന്നതു പോലെ പ്രൊജക്ടര്‍ നീങ്ങി പോകുന്നതും കണ്ടും കേട്ടും അമ്മിണി ടീച്ചര്‍ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ മിനുസമുള്ള നിലത്തേക്കു പൊടുന്നനെ കുഴഞ്ഞു വീണു.
No comments:
Post a Comment