എന്റെ ചിതലരിച്ച നാഡികൾ
നിന്റെ വിരൽത്തുമ്പിലെ
വൈദ്യുതി കൊണ്ട്
ഉയിർത്തെഴുന്നേൽക്കട്ടെ
നിലച്ചുപോയ
ഹൃദയത്തിന് മേൽ
ഒരുമ്മ കൊണ്ട്
ചലനമാവട്ടെ
ഇടറിപ്പോകുന്ന
ശ്വാസമൊക്കെയും
ഗാനമാകട്ടെ
ഒരു പുല്ലാങ്കുഴലായ്
ചുണ്ടുകളോടിണചേരുക
ജs പിടിച്ച നെറുകയിലേക്ക്
ആസക്തിയുടെ സർപ്പങ്ങളായ്
നിൻ വിരലുകളാഴ്ന്നു പോകട്ടെ..
ഉമിനീരുകളൊന്നിച്ച്
അസ്തമിക്കപ്പെട്ട
വാക്കുകളൊക്കെയും
രസനയിൽ തീയായ് വന്നുദിക്കട്ടെ..
നിർജീവകോശങ്ങളിൽ
നിൻ നഖ, ദന്തക്ഷതങ്ങളിൽ
നിന്ന് തൃപ്തിയുടെ
നിണം പൊടിയട്ടെ
പലായനം ചെയ്ത
ഉറവകളൊക്കെയും
നിന്റെ ദീർഘാലിംഗനത്തിൽ
സമുദ്രം തേടി ശാന്തമാവട്ടെ
ആലസ്യത്തിന്റെ
അഗ്നി കോണിൽ
ആയിരം മഴവില്ലുകളായി
പുഞ്ചിരിയൊളിപ്പിച്ച്
സുചികളെല്ലാം താഴ്ത്തി
അങ്കനങ്ങളെല്ലാം പൂജ്യമാക്കി
കാലിൽ നിന്നും
മുഖത്തേക്ക് വലിച്ചിടുന്ന
ആശുപത്രിപ്പുതപ്പിനുള്ളിൽ
ഹേ... മരണമേ
ഈ ഘനമൗനയാമത്തിൽ
നിനക്കുമെനിക്കും
ഇതു മധുവിധു
No comments:
Post a Comment