ഒന്നുമോർക്കാതിരിക്കാൻ
കനം കെട്ടിത്താഴ്ത്തി
കൊക്കു പിളർക്കും
പക്ഷിക്കുഞ്ഞുങ്ങൾ പാർത്ത
ഹൃദയവൻകരകളെ
ആത്മാന്ധകാരത്തിനാഴത്തിൽ
പരിഭ്രാന്തം ചിറകടിച്ചുയരുന്നു
സ്മൃതിതൻ വവ്വാലുകൾ
ചകിതം കിടപ്പാണൊരിക്കൽ ലോലഗാനമുയിർത്ത
നിൻ ശ്വാസത്തിൻ പുല്ലാങ്കുഴൽ
മൃതം
കുരലുകളൊടിഞ്ഞു
തമ്മിലൊട്ടിയ
പുരാ പ്രണയസ്വപ്നത്തിൻ
നുണപ്പശകൾ
മറക്കുവാനായി
കുഴിച്ച മുറിവാഴത്തിൽ
വീണ്ടുമുറവ പൊട്ടുന്നതും
ശീതമരിച്ചു കാർന്നുതിന്നുന്നതും
പകലിരവു ഭേദമില്ലാതെ
നോവിന്നീയാമ്പാറ്റകൾ
എന്റെ തീയിൽ വന്നുമ്മക്കുന്നതും
നിത്യബലി തൻ ചോരച്ചാലങ്ങു
നിന്റെ സോപാനത്തിൽ
വന്നു മുങ്ങുന്നതും
എന്നേക്കുമെന്ന പോൽ
കൊട്ടിയടക്കുന്ന
വാതിലിൽ
തിരസ്കാരത്തിന്നോട്ടു
മണികൾ കലമ്പുന്നതും
ആരൊരാൾ നെറ്റിത്തടം
വെട്ടിയാ ഭ്രാന്തിൽ
പൊട്ടിച്ചിരിച്ചേ പായും
പാതച്ചരലിളകുന്നതും
അറിഞ്ഞുകിടക്കുന്നിനി
പൊന്തി വരാതിരിക്കുവാനീ
മൃതിക്കടൽത്തട്ടിലീ
ജന്മശിലാകഠിനത്തെ_
യത്രമൂർച്ചയായാലിംഗനം
ചെയ്തു കിടക്കണം
No comments:
Post a Comment