ഒരു അക്വേറിയമാണ്
നീന്തുന്നു തുടിക്കുന്നു
അതിലൊരു തിമിംഗലം
കടൽ തട്ടിൽ
കൊമ്പുകളാഴ്ത്തി
ജീവനൊടുക്കുമെത്രേ
നീലത്തിമിംഗലങ്ങൾ
അക്വേറിയത്തിലെ
ചെറുമീനുകളെ അത്
കളി പഠിപ്പിക്കുന്നു
സ്വയം ചിറകുവെട്ടാൻ
ചൂണ്ട വിഴുങ്ങാൻ
ചെതുമ്പലുകളിൽ
ചോരകൊണ്ട്
വൻകരകളുടെ
ചിത്രം വരക്കാൻ
ബന്ധങ്ങളുടെ കപ്പലുകളെ
തകർത്തെറിയാൻ
ഓളപ്പരപ്പിനെ
നിണമണിയിക്കാൻ
പ്രാണൻ പിടയുവോളം
ശ്വാസമടക്കാൻ
കെട്ട കാലത്തിൻ
കനലു തിന്നാൻ
ഒറ്റക്കിരുന്ന്
ഒരഗ്നിപർവ്വതമായി
ലാവ കുടിക്കാൻ
സ്വപ്നചഷകമുടയുമ്പോൾ
വാലിട്ടടിച്ച്
കൂർത്ത പല്ലു കാണിച്ച്
സ്വീകരണമുറിയിൽ
തിമിംഗല നൃത്തം
പിടയുന്ന എന്റെ
ചെറുമീനുകളെ
ഞാനിനി എവിടെയൊളിപ്പിക്കും
ഓ.... ഇതു
സ്വപ്നമായിരുന്നില്ലല്ലോ
എന്റെ തൊണ്ടയിലെന്നാണ്
മൗനത്തിന്റെ ചൂണ്ട
കുരുങ്ങിയത്..?
No comments:
Post a Comment