kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Monday, September 4, 2017

തീക്കൂട്ട്


നഗരത്തിലെ
പതിവു കടയിൽ ചെന്ന്
ഞാനൊരു
ഗ്യാസ് ലൈറ്റർ ചോദിച്ചു

സെയിൽസ് ഗേൾ
തിരഞ്ഞു കത്തി
പുകഞ്ഞു കൊണ്ട്
തിരിച്ചെത്തി
അത് തീർന്നു പോയി സർ
സിഗരറ്റ് ലൈറ്റർ തരട്ടെ...?

അതെങ്കിലത്
പേരിലൊരു സിഗരറ്റ്
ഉണ്ടെന്നല്ലേയുള്ളൂ

പിന്നെയും അവൾ
തപ്പിയെടുക്കാൻ
ഊളിയിട്ടു
വെറും കയ്യോടെ തിരിച്ചു വന്നു

അതില്ല സാർ
തീപ്പെട്ടിയെടുക്കട്ടെ

അമ്മയെക്കുത്തി
മകൻ മരിച്ച കടംകഥ
ഓർത്തു നിൽക്കേ
അവൾ പിന്നെയും

അതുമില്ല സാർ
ഇനിയിപ്പോൾ
ഈ നേരത്ത്
എവിടെയും
കിട്ടുമെന്നും തോന്നുന്നില്ല

ചില നേരം
ചില കണ്ണുകളിടയുമ്പോൾ
ചില ചിന്തകളിൽ നിന്ന്
തെരുവുകളിൽ,
ഹൃദയങ്ങളിൽ നിന്ന്
കവിതകളിൽ നിന്നൊക്കെ
പൊരികളുണ്ടാകുമെന്ന്
കേട്ടിട്ടുണ്ട്

സർ
കാട്ടുകല്ലുകൾ
കൂട്ടി ഉരസി നോക്കൂ
കാട്ടുമുളകൾ
കാറ്റിൽ കൂട്ടിയുരുമ്മുന്നിടത്ത്
കാത്തു നില്ക്കൂ

അതേ ഇനി വഴിയുള്ളൂ സർ
ഇനി ഈ നേരത്ത്
മറ്റെവിടെ കിട്ടാനാ..?
ഞാനും വരാം

ഇപ്പോൾ അവളും ഞാനും
കാടുണ്ടാക്കി
കല്ലുകളായി
തീയുണ്ടാക്കുകയാണ്

No comments:

Post a Comment