എന്നെ വളർത്തുകയാണെങ്കിൽ
നിന്റെ മുള്ളുകൾക്കിടയിലായിക്കോട്ടെ...
അതിനു മാത്രം മുള്ളുകൾ നിന്റെ
പൂവാടിയിലില്ലെങ്കിൽ
കൊന്നേക്കുക
മുളയിലേ കരിച്ചേക്കുക
പ്രണയമെന്ന
അസുരവിത്ത്
എന്റെ ശ്വാസത്തെ
നിന്റെ ശംഖിൽ കുരുക്കുക...
എന്റെ ദാഹത്തെ
നിന്റെ കണ്ണുകളിൽ
എന്റെ വിശപ്പിനെ
നിന്റെ ആഴങ്ങളിൽ
ഊട്ടുക
കിടക്ക വിരികളിൽ
വരഞ്ഞു കിടന്നിരുന്ന ചെടിയിൽ
നാമെത്ര തവണ
ഇലകളായ്
പൂക്കളായ്
കനികളായ്
വിരിഞ്ഞിരിക്കണം
നീയോ
ഓരോ മരത്തെ, വള്ളിയെ
പേരു ചൊല്ലി വിളിച്ച്
മുലയൂട്ടി
ഉറക്കുകയായിരുന്നില്ലേ?
വിത്തായി
നിന്നിലേക്ക്
വേരുറച്ചു പോയ
എന്നെ
ഏതൊരു വാക്കു കൊണ്ടാണ് നീ
യാത്രയാക്കിയത്..?
നിന്റെ ഉറക്കത്തിന്
ഞാൻ കാടെന്ന് പേരിടും
അതിന്റെ ഗുഹകളിലെ
സീൽക്കാരങ്ങളാണ്
നമ്മുടെ പ്രണയം
ഞാനെന്റെ പുല്ലാങ്കുഴൽ
സ്വപ്ന രാഗത്തിലേക്ക്
ഒളിച്ചു വക്കട്ടെ
തീ വേണ്ടിടത്ത് വെള്ളവും
വെള്ളം വേണ്ടിടത്ത്
തീയും പെയ്യുന്ന
അത്ഭുതദ്വീപാണ് പ്രണയം
അതിന്റെ വഴികടക്കാൻ
ഒറ്റപ്പെടുക
ഒറ്റപ്പെടുക
പറ്റാവുന്നിടത്തോളം
ഒറ്റപ്പെടുക
നമ്മളിൽത്തന്നെ
എന്ന മന്ത്രം മാത്രം
അതിനെ വളർത്തുകയാണെങ്കിൽ നിന്റെ മുള്ളുകൾക്കിടയിലായിക്കോട്ടെ..
മുള്ളുകൾ
മൂർച്ചകളുടെ വസന്തമാണ്
No comments:
Post a Comment