(2018 രാജലക്ഷ്മി കവിത പുരസ്കാരം നേടിയ കവിത)
ബസിലൊരു സീറ്റിൽ
ഞങ്ങൾ
ഞങ്ങളെന്നാൽ
അയാൾ ഞാൻ വരും മുമ്പ് ആ സീറ്റിലിരുന്നിരുന്നവൻ
ഞാൻ കഴിഞ്ഞ സ്റ്റോപ്പിൽ നിന്നും കയറിയവനും
ബസ് ഓടുന്നുണ്ട്
കെട്ടിടങ്ങൾ പിറകോട്ടോടുന്നുണ്ട്
ബസ്
കുഴിയാനയെപ്പോലെ പിറകിലോട്ടോടിയാൽ
കെട്ടിടങ്ങൾ
മുമ്പോട്ട്
അണച്ചനാവുള്ള
പട്ടികളെപ്പോലെ ഓടുമായിരിക്കണം
അയാൾ
മൊബൈലിൽ
കളി കളിക്കുകയാണ്
ഞാൻ കാക്കയെപ്പോലെ
പാളി നോക്കുകയും
ടച്ച്പാഡിൽ
ഇടതും വലതും വെട്ടിച്ച്
പുരികങ്ങൾ വളച്ചും ഒടിച്ചും ചുണ്ടു വക്രിച്ചും
ചാഞ്ഞും ചരിഞ്ഞും
ഒരാളിങ്ങനെ പാളി നോക്കുന്നതോ
ബസ് ഗട്ടറിൽ ജ്ഞാനസ്നാനം ചെയ്യുന്നതോ
ടയറുകരിയുന്ന മണം
ശവം ദഹിപ്പിക്കുന്ന പോലെ മൂക്കിൽ വന്നു കുത്തുന്നതോ
ഒന്നുമറിയാതെ
അയാൾ കളിച്ചു കൊണ്ടേ യിരിക്കുന്നു...
ടെമ്പിൾ റൺ
ഞാൻ അയാളറിയാതെ
കളി കാണാൻ തുടങ്ങുന്നു
ബസിന്റെയും കാറ്റിന്റെയും കൂടിച്ചേർന്നു മുറുക്കാൻ തുപ്പൽ പോലെ ചുവന്ന ശബ്ദം കേൾക്കുന്നു
ഒരാൾ ഓടുയാണ്
അല്ല അയാളെ ഇയാൾ വിരൽ കൊണ്ട്
ഓടിപ്പിക്കുകയാണ്
അയാൾക്ക് പിന്നാലെ
നഗ്നനായ അയാൾക്കു പിന്നാലെ
പേടിച്ചരണ്ട അയാൾക്ക് പിന്നാലെ
ചീറിക്കൊണ്ട് ഗറില്ലകൾ
പിടിക്കാനോടുന്നുണ്ട്
പരിണാമവഴിയിലെ
ഇങ്ങേത്തലയെ
അങ്ങേത്തല
കൊല്ലാനോടിക്കുകയാണല്ലോ
ഓർമ്മകളെപ്പോലെ
പെരുമ്പാമ്പുകൾ
തൂങ്ങിക്കിടക്കുന്ന
വനപാതകളിൽ
കരക്കടിഞ്ഞ നാവികന്റെ ജഢം പോല ഒറ്റപ്പെട്ട
കടൽപ്പാലങ്ങളിൽ
തേളുകൾ അരിച്ചു നടക്കുന്ന തുരുത്തുകളിൽ
പലപ്പോഴും ഓടുന്നയാൾ ചാടുന്നുണ്ട്
ചാടിക്കുന്നുണ്ട്
വീഴുന്നുണ്ട്
കടൽവെള്ളത്തിലേക്ക്
നെഞ്ചു കുത്തി വീഴുമ്പോൾ
വെള്ളം നിലവിളിക്കുന്നുണ്ട്..
പിന്നെയും
പുനർജന്മം പോലെ
അയാൾ ഓടുന്നു
ഗറില്ലകളും
പുനർജനിക്കുന്നു..
ചീറലുകൾ
ഉയിർത്തെഴുനേറ്റിട്ടുണ്ട്...
ഇടക്ക് പാതക്ക് അരികിലൂടെ പായുമ്പോൾ
നിരത്തി വച്ച സ്വർണക്കട്ടി കളിൽ അയാൾ തട്ടുന്നു
അങ്ങനെ തട്ടുമ്പോൾ
ഇയാളുടെ കണ്ണ് തിളങ്ങുന്നു
പായ്ക്കപ്പലുകളടുക്കുന്നു
കുരുമുളകും
നാട്ടു പെണ്ണുങ്ങളും
തിരുവാതിര ഞാറ്റുവേലയും
താളിയോലകളും
ബലാൽസംഗം ചെയ്യപ്പെടുന്നു
നേരം അല്പം ഇരുട്ടുന്നു എന്റെ സ്റ്റോപ്പടുക്കുന്നു
ഞാൻ വാതിൽപ്പടി കടന്ന്
റോഡിലേക്കിറങ്ങുന്നു
റോഡല്ല
കടൽപ്പാലം
ബസിപ്പോൾ ഒരു
പുരാതന ദേവാലയം
പെരുമ്പാമ്പു തൂങ്ങിയ
അതേ വനപാത
അലകടൽ നീലിമ
പ്രാചീനമായ
പേടി കൊണ്ട്
ഞാൻ ഓടാൻ തുടങ്ങുന്നു
പിറകിൽ ചീറൽ കേൾക്കുന്നു
ഗറില്ലകൾ....
അതേ
അയാൾ
ബസ് ക്ലീനർ
കണ്ടക്ടർ
ഡ്രൈവർ
കറുത്ത നീണ്ട കയ്യുള്ള
പല്ലിളിക്കുന്ന
ഗറില്ലകളായി പിറകെ
ഫുട്പാത്തിലൂടെ
ആരുടെയൊക്കെയോ
ഭ്രാന്തൻ
പിച്ചക്കാരൻ
വേശ്യ
കൂട്ടിക്കൊടുപ്പുകാരൻ
തട്ടുകടക്കാരൻ
എന്തിന്റെയൊക്കെയോ
മൈൽക്കുറ്റികൾ
രക്തസാക്ഷി സ്തൂപങ്ങൾ
കൊടിമരങ്ങൾ
ഭണ്ഡാരങ്ങൾ
ഒക്കെച്ചവിട്ടിമെതിച്ച്
ഞാനോടുന്നു
പിറകെ അവയോടുന്നു...
അല്ല
മറ്റാരോ ഒരാൾ
മറ്റേതോ ബസിലിരുന്ന്
എന്നെ
അവയെ
ഓടിപ്പിച്ചു കളിപ്പിക്കുകയാണ്...
മറ്റേതോ ഞാൻ കളി
ഒളിഞ്ഞു നോക്കുകയാണ്..
ഞാൻ ക്ഷീണിക്കുകയാണ്
വീണു കിടക്കുകയാണ്
ഗറില്ലകൾ എന്നെ
പൊതിയുകയാണ്
ഒറ്റ വലിക്ക് എന്റെ ലിംഗവും
വൃഷണങ്ങളും അവ
പറിച്ചെടുക്കുകയാണ്
അവയുടെ തലവൻ
വിളിച്ചു പറയുന്നുണ്ടായിരുന്നു
നിന്നിലെ മൃഗത്തെ
ഞങ്ങൾ അറുത്തുമാറ്റിയിരിക്കുന്നു
നിന്റെ വംശത്തിൽ ഇനിയൊരുവനും
മൃഗത്തോടെ ജനിക്കാതിരിക്കട്ടെ
ജനിപ്പിക്കാതിരിക്കട്ടെ
ഗറില്ലകൾ കോറസ്സായി
ചീറി ആഹ്ലാദനൃത്തം ചവിട്ടുന്നു
പാണ്ടി ലോറി കയറിയ
തവളയെപ്പോലെ
ഞാൻ പരിണാമ പാതയിൽ
നിണ്ടുനിവർന്നരഞ്ഞു കിടക്കുന്നു...
*ശിവപ്രസാദ് പാലോട്*
Post Top Ad
ഉള്ളടക്കം
Friday, November 3, 2017
Subscribe to:
Post Comments (Atom)
No comments:
Post a Comment