kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Saturday, November 4, 2017

ഒപ്പം പഠിച്ചവൾ തുന്നക്കാരി


ഒപ്പം പഠിച്ചതാണ്
അവൾ
വാലൻ പുഴു തിന്ന
ഓർമ്മയിൽ
വിളറിയ കണങ്കാലു മാത്രം
കണ്ടെത്താനാകുന്നുണ്ട്
കണ്ണുകൾ കലങ്ങിപ്പരന്ന്
മുഖമാകെ നിറം കെട്ടു
 മുഖങ്ങൾ കൊണ്ട്
ആര് ആരെ ഓർക്കാനാണ്
കണ്ണ് മൂക്ക് കഴുത്ത്
നെറ്റിയുടെ പ്രഭാതം
മാറിടത്തിന്റെ ഉച്ച
വിയർത്ത മധ്യാംഗങ്ങൾ
കൊഴുത്ത സന്ധ്യകൾ
ചിലപ്പോളൊരൊച്ച
ഒരാഗ്യം, ഒരിരട്ടപ്പേര്
അങ്ങിനെ ഏതെങ്കിലുമൊന്നായി
ഓർത്തെടുക്കുന്നതാണ്
കറ പിടിക്കാത്ത ദാർമ്മ
മറ്റേതൊക്കെ അലക്കിപ്പിഴിഞ്ഞ്
ഇസ്തിരിയിട്ടവ

തോറ്റു പഠിത്തം നിർത്തി
തുന്നക്കാരിയായി
ഇന്നൊരു യാത്രയിൽ
അവളെക്കാണുന്നു

മരുഭൂമിയിൽ
ഉരുകുന്നൊരുവന്റെ
ഭാര്യയാണ്
ദൂരെയൊരിടത്ത്‌
അലോപ്പതി അഞ്ചാം വർഷം പഠിക്കുന്നവന്റെ അമ്മയാണ്
കുരുത്തമില്ലാത്തൊരുത്തന്റെ സഹപാഠിയാണ്

കുറെ വർഷത്തെ കഥകൾ
ഷുഗർ കൊളസ്ട്രോൾ
വീടിന്റെ ചോർച്ച
വണ്ടിയുടെ അടവ്
കുടുബശ്രീയുടെ ലോൺ
വെട്ടിക്കിറി തുന്നാനിട്ട
പലരുടെതായ വിവാഹങ്ങൾ
ഇറങ്ങിയും ഇറുകിയും അയഞ്ഞും കുറുകിയും
കൂട്ടിച്ചേർക്കാനും
വേർപിരിക്കാനുമുള്ള
ആകുലതകളുടെ
പ്രസവമുറി
പാളം തെറ്റിയ  ഹൃദയങ്ങൾ


പൊടി കലങ്ങിയ ചായ
ഊതിക്കുടിക്കുമ്പോൾ
വാലൻ പുഴു തിന്നാത്ത കണങ്കാലുകൾ
നഖച്ചെളികൾക്കു മീതെ
നിറച്ചാർത്തുകൾ
പല മടക്കുകൾ
ഉന്തി മുഴക്കലുകൾ
വിയർപ്പുവട്ടങ്ങൾ


സ്വീകരണമുറിയുടെ ഉൾക്കൊളുത്തുകളിട്ട്
കിടപ്പുമുറിയുടെ
കർടനുകളുടെ ഹുക്കുകൾ അഴിച്ചിട്ട്

ഇപ്പാളവൾ ഒരു ടാപ്പെടുത്ത്
എന്റെ അളവെടുക്കുകയാണ്
കർണന്റെ കവച കുണ്ഡലങ്ങൾ പോലെ
ആ ടാപ്പ് അവളുടെ കഴുത്തിൽ ഒരു പാമ്പായിയി തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നല്ലോ...
ഇന്നവളെക്കണ്ടുമുട്ടിയ
യുഗത്തിന്റെ ആദ്യ നിമിഷം മുതൽത്തന്നെ..


കഴുത്ത്
ചുമലുകൾ
അരവണ്ണം
കൈ നീളം കാൽ വണ്ണം
ഇറക്കം കയറ്റം
പുറം പോക്കറ്റ്
ഉൾപ്പോക്കറ്റ്

എന്റെയുടൽ
സശ്രദ്ധം കുറിച്ചെടുക്കപ്പെടുകയാണ്

എപ്പോഴോ എപ്പോഴോ
ഞാനൊരു നരച്ച ശീലയായിക്കഴിഞ്ഞിരുന്നു
ഇപ്പാൾ കത്രികയുടെ
കിറുകിറുപ്പുകൾ
തുന്നൽ മെഷീന്റെ
കറകറപ്പുകൾ...
അവളങ്ങിനെ പാഞ്ഞു നടക്കുകയാണ്

ഷുഗറിന്റെ കിതപ്പ്
കൊഴുപ്പിന്റെ കനപ്പ്
അയഞ്ഞും മുറുകിയും
ഒലിച്ചും നിലച്ചും
കുരുടിയായ ഒരു പുഴ

വാലൻ പുഴു തിന്ന
ഗ്രൂപ്പ് ഫോട്ടോയിൽ
ഇപ്പോളെന്റെ സ്ഥാനത്ത്
മൂടൽമഞ്ഞ് വന്ന് മൂടുന്നതും

കഴുത്തുണ്ട്
തലയില്ല
കൈയുണ്ട്
കാലുണ്ട് വിരലില്ല
ഉടലുണ്ട് വിശപ്പില്ല ദാഹമില്ല


അവൾ പണ്ടെങ്ങോ
ഞങ്ങൾ തമ്മിൽ ചോദിച്ച
കടംകഥ വിറകയറിയ
വെളിച്ചപ്പാടു പോലെ
ജല്പിക്കുന്നതും
മാത്രം അറിയാൻ കഴിഞ്ഞ്

ഞാൻ മോർച്ചറിയുടെ
മൂലയിലെ കൊളുത്തിൽ
ഹാങ്ങറിൽ തൂങ്ങിക്കിടന്നു..


ശിവപ്രസാദ് പാലോട്

No comments:

Post a Comment