ഉരുവിടും വാക്കിനെ
മുളയിലെത്തന്നെ
കരിക്കുമിന്നിന്റെ
കൊടുംവേനലിൽ
ഉയരുന്ന കയ്യിനെ-
യുരുക്കാൽ വിലങ്ങും
കെട്ടകാലത്തിൻ
ഹിമശൈത്യാലയങ്ങളിൽ
ഉരുട്ടുമന്നത്തിൻ
രുചി ഭേദങ്ങൾ തേടിയും
ഉടുക്കും തുണിക്കീറി_
ന്നിഴപിരിച്ചു നോക്കിയും
ഞരമ്പിലോടുമോർമ്മയിൽ
വിഷ ബീജം കലർത്തിയും
ഹൃദ് ഭിത്തിയിലുറച്ച
ലിപികളൊക്കെത്തിരുത്തിയും
കോർത്ത കൈകളെയൊക്കെ
കൂർത്ത മൂർച്ച കൊണ്ടകറ്റിയും
വിയർത്ത ചെയ്യുകൾ
വരച്ചഭൂപടം
തുണ്ടം മുറിച്ചു ഭാഗിച്ചും
വാക്കിൻ നെരിപ്പോടു
കാക്കുന്ന തൂലികയെ
വെടിപ്പുക കൊണ്ടു മൂടി
അടിയാള മുഷ്ടികളെ-
യധികാരച്ചങ്ങല ബന്ധിച്ചും
ഇടിമുറികൾ, തെരുവുകളിൽ
നര മൃഗയകൾ, ചിന്തകളിൽ
വിതയ്ക്കുമന്തകവിത്തുകൾ
ഇന്നിൻ നിമിഷങ്ങൾ നിറയ്ക്കവേ
ഉയരുന്നുണ്ടനേകം കണ്ഠങ്ങളിൽ നിന്നുശിരുകൾ
നാറും മുഖം മൂടികൾ
പിച്ചിച്ചീന്തിയെറിയുവാൻ
ബലം കൊണ്ടുറപ്പിച്ച
സിംഹാസനങ്ങൾക്കുനേരെ
ഊരിപ്പിടിച്ച വാൾമുനകൾക്കു നേരേ
പോർവിളികളട്ടഹാസങ്ങൾക്കുനേര,
മഹാ മൗനം ഭേദിച്ചു
കാരിരുമ്പാൽ തീർത്ത ചോദ്യങ്ങൾ
വിരിയുന്നനേകം തളിരുകൾ
തീയിൽ കുരുത്ത വിത്തുകൾ
ഇല്ല, തകർന്നീടുമൊരു ദിനം
കൂരിരുകൾ കോട്ടയിപ്രകമ്പനത്തിൽ
ഉദിക്കുമൊരായിരം സൂര്യന്മാരൊരുമി
ച്ചുയർത്തുമീ ചോദ്യങ്ങൾ
അന്നേരം പുലരുവാൻ വെമ്പും
പൂവുകളൊക്കെയും സാക്ഷി.
ശിവപ്രസാദ് പാലോട്
No comments:
Post a Comment