*
കൃത്യമായി
പറഞ്ഞാൽ
രണ്ടു കുട്ടികൾ
കോലൈസ് വാങ്ങിക്കുകയാണ്
കൃത്യതയില്ലാതെ
പറഞ്ഞാൽ
നാളത്തെ പൗരന്മാരുടെ പ്രതിനിധികളാകയാൽ
അവർ അനേകം പേരുണ്ടെന്ന
ദൃഷ്ടിദോഷം...
ഈമ്പുന്തോറും
ചുരുങ്ങി വരുന്ന
ജീവിതമാകുന്ന കോ ലൈസ്
എന്ന വിഭ്രാന്തരൂപകം
ഐസുകാരന്റെ
തണുത്ത ചിരി
കുട്ടികളുടെ കൊതിച്ചൂടിൽ
ഒലിക്കാൻ തുടങ്ങുന്ന ഐസ്
ഐസുപെട്ടിക്കു ചുറ്റും
ചില തേനീച്ച മൂളൽ
നുണഞ്ഞരഞ്ഞുചാവുന്ന
ചോണനുറുമ്പുകൾ
മധുര രക്തസാക്ഷികൾ
എല്ലാം കാണാൻ
വഴുവഴുപ്പൊട്ടി മിനുസമായ
സിമന്റ് ബഞ്ചിൽ
ഞാനൊറ്റക്കാണെന്ന്
ധരിച്ചേക്കരുത്
അമ്മിഞ്ഞപ്പാൽ മുതൽ
ഡ്രിപ്പ് ബോട്ടിൽ വരെ
രുചിക്കലി കയറിയ
സകലമാന എരിച്ചിലുകളും ഒപ്പം ചേർന്നിരിക്കുന്നുണ്ട്
കുട്ടികൾ ഒരാൾ ഈമ്പിയ
കോലൈസ് അടുത്തവന്റെ ചുണ്ടിൽ
ചേർത്തുവക്കുന്നു
ഉമിനീരുകൾ
അയിത്തമില്ലാതെ
കൂടിക്കലരുന്നു...
അവരുടെ വെളുത്ത കുപ്പായത്തിൽ
ഐസു നിറം ദീപുകളുണ്ടാക്കുന്നു
തുടക്കുമ്പോൾ അവ
പരന്നു വൻകരകളായി
വെളുപ്പിന്റെ കടലുകളെ
ഉമ്മ വക്കുന്നു
ഉച്ചിയിൽ വീണ
കാക്കക്കാഷ്ഠം കരിയില കൊണ്ട്
തുടച്ചു മാറ്റുമ്പോൾ
ചുകന്ന സൂര്യൻ
കാറ്റാടി മരത്തിന്റെ
ഇലക്കൂർപ്പുകൾക്കൾക്കുള്ളിലൂടെ
എനിക്ക് മറ്റൊരു ഐസ് വട്ടമായി വെളിപ്പെടുന്നു
ഐസ് തീർന്ന്
കോലുകൾ ബാക്കിയാവുന്നു
ഇപ്പോളവർ അതു കൊണ്ട് കുട്ടിയും കോലും കളിക്കുന്നു...
പിന്നെ
ഐസ്കോലുകൾ
കുന്തങ്ങളാക്കി അവർ
പരസ്പരം മൂർച്ചകളാകുന്നു
വാളുകളാക്കി വെട്ടിത്തടുത്ത്
തീപ്പൊരികൾ കൊണ്ട്
നക്ഷത്രങ്ങളുണ്ടാക്കുന്നു
കോലുകൾ യുദ്ധവിമാനങ്ങളും
മിസൈലുകളുമായി
പറന്ന് ജനപഥങ്ങൾക്കു മേൽ പുകപ്പൂവുകളാകുന്നു
കുട്ടികളെ ഇപ്പോൾ
കാണാതായിരിക്കുന്നു
പാർക്കിന്
ഒരു യുദ്ധഭൂമിയുടെ
പിൻ കർട്ടൻ വലിച്ചിട്ട്
ഐസ് കാരൻ
എപ്പോഴോ ഓടിയൊളിച്ചിട്ടുണ്ട്
പടയോട്ടങ്ങളുടെ
കുതിരച്ചാലുകൾ
കൂട്ടക്കരച്ചിലുകളും
പൊട്ടിച്ചിരികളും
കൂടിക്കലർന്ന്
രക്ത മാംസ ചല നദികളായി ഒഴുകുമ്പോൾ
ഞാനെന്റെ ജാതകം ഒരു
കടലാസ് തോണിയാക്കി
ഒഴുക്കിവിടുന്നു
കൈകൾ ബന്ധിക്കപ്പെട്ട്
കാലുകൾ സിമന്റ് ബെഞ്ചിലേക്ക് ചേർത്തു കെട്ടി
ഒരു പാട് ഐസ്കോലുകൾ
കുരലിലേക്ക് തിരുകിക്കയറ്റി
ഓരോ നിമിഷത്തിലും
ശിരസിലേക്ക് ഒറ്റി വീഴുന്ന
തണുപ്പറിഞ്ഞ്
നാടുകടത്തലോ
തലവെട്ടലോ
ജീവപര്യന്തമോ കാത്ത്
ഞാൻ ജരാനരകളുടെ
യുദ്ധത്തടവുകാരനാകുന്നു....
ഒന്നിച്ച് കളിക്കാമെന്നേറ്റ് തുടങ്ങിയ
നാടകത്തിൽ
എന്നെ ഒറ്റക്കഭിനയിക്കാൻ വിട്ട്
ഈ കുട്ടികൾ എവിടെപ്പോയി..?
*ശിവപ്രസാദ് പാലോട്*
Post Top Ad
ഉള്ളടക്കം
Monday, November 20, 2017
Subscribe to:
Post Comments (Atom)
No comments:
Post a Comment