പെണ്ണുകാണാൻ
ചെന്നതാണ്
അവൾ ഇരുട്ട് പുതച്ച്
പുറന്തിരിഞ്ഞു നിൽക്കുകയായിരുന്നു
കുടിക്കാനെന്താ വേണ്ടത്
അവൾ തിരിഞ്ഞു നിന്നു
രണ്ടു വത്തക്കകൾ
അലസം കത്തികൊണ്ടു മുറിച്ച്
കുരു കളഞ്ഞ്
ഗ്ലാസിലേക്കിട്ടു
കൺകോണിനോട് ചേർത്തു പിടിച്ച്
വെള്ളം നിറച്ചു
ഞങ്ങളുടെ നേരെ നീട്ടി
ചുണ്ടോടടുപ്പിച്ചപ്പോൾ
വല്ലാത്ത ചോരമണം
രുചിക്കുമ്പോൾ
പുളിക്കുന്ന ഞരമ്പുകൾ
അവളുടെ കാലിലെ
ഒറ്റപ്പാദസരത്തിന്റെ
കിലുക്കം വല്ലാതെ ഉയരുന്നു
പുറത്തേക്ക് ഓടുമ്പോള്‍
വേലിപ്പുറത്ത്
കിടപ്പുണ്ടായിരുന്നു
ചൂഴ്ന്നെടുത്ത് ബാക്കിയായിപ്പോയ
വത്തക്കാത്തോടുകൾ
തലയോട്ടികൾ പോലെ
വത്തക്കച്ചോറ് നിറച്ച ഗ്ലാസുകൾ
പിന്തുടരുന്ന പോലെ
കൈകൾ നീണ്ടുവരുമ്പോലെ
പൊടുന്നനേ പെയ്ത മഴയിൽ
ചുവന്നു തുടുത്തപ്പോൾ
ആകാശം നോക്കി
മുറിച്ചു വച്ച
ഒരു വലിയ വത്തക്ക
എപ്പോഴാണവൾ
ഭൂമിക്കു മുകളിൽ
കമഴ്ത്തിവച്ചത്...?
ശിവപ്രസാദ് പാലോട്
വത്തയ്ക്ക ഭാരമാവുന്നവൾ
ReplyDeleteവത്തക്ക കണ്ട് കൊതിക്കു
ന്നവർ
നന്ദി സുഹൃത്തെ
Delete