kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Sunday, March 25, 2018

കടത്തുതോണി


കൂയ് അക്കരെ കടവില്‍ നിന്നും ആരോ കൂക്കി .. കൂനന്‍ മൂച്ചിക്ക് താഴെ ഇക്കരെ കടവില്‍ തോണിപ്പടിയില്‍ വെറ്റില പരത്തി വച്ചു മൂസ അതില്‍ ചുണ്ണാമ്പ് തേച്ചു ..വീര്യം പോകാതിരിക്കാന്‍ പ്ലാസ്റിക് കവറില്‍ പൊതിഞ്ഞു വച്ച പോകല ഒരു കഷണം വിരല് കൊണ്ട് മുറിച്ചെടുത്തു. പേനാക്കത്തി കൊണ്ട് അടക്ക നാല് കഷണമാക്കി .ഒരു കഷണത്തെ ഒന്നൂടി നാലാക്കി ..എല്ലാം കൂട്ടി വായിലേക് തിരുകി ഒന്ന് ചവച്ചു .പൊതി പഴയ പോലെ മടിയില്‍ തിരുകി . തോണിയുടെ കെട്ടഴിച്ചു ..തുഴ എടുത്ത് കുത്തി .. കൂ..കൂയ് ...മറുകൂക്ക് കൂക്കി . അക്കരെക്കു തുഴഞ്ഞു .. മുറിയങ്കണ്ണിപ്പുഴയുടെ ഈ കടവില്‍ മൂസ തോണി തുഴയാന്‍ തുടങ്ങി വര്‍ഷം പത്ത് നാല്‍പതായി.രാവിലെ അഞ്ചരക്ക് അക്കരെ പണിക്കു പോകുന്നവര്‍ക്കായി ഇക്കരെ നിന്നും ആദ്യത്തെ കടത്ത് ..അപ്പുറത്തു നിന്നും വെറ്റിലയുമായി എത്തുന്ന തരകന്‍ മാര്‍ക്കും , ചെത്തല്ലൂര്‍ അമ്പലത്തിലേക്ക് തൊഴാന്‍ നേരെത്തെ വരുന്നവര്‍ക്കുമായി അക്കരെ നിന്നും മടക്കക്കടത്ത് .രണ്ടു രൂപയാണ് കൂലി . അപ്പുറവും ഇപ്പുറവും യാത്ര ചെയ്യാന്‍ . പിന്നെ ഇക്കരയും അക്കരയുമായി കാത്തു കിടക്കും ..ആളായാല്‍ അങ്ങോട്ടും ഇങ്ങോട്ടും പല കടത്തുകള്‍ . മൂസക്ക് മുമ്പ് മമ്മു .മൂസയുടെ ബാപ്പയായിരുന്നു തോണിക്കാരന്‍ . അതിനു മുമ്പും കുടുംബത്തിലെ ആരൊക്കെയോ . തോണിക്കടവന്‍ എന്ന വീട്ടു പേരിനു പിമ്പില്‍ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട് . ഇടവപ്പാതി കഴിഞ്ഞുള്ള പെരുവെള്ളം, പുഴ ഇരു കരയും മുട്ടി ഒഴുകുകയാണ് .ഇന്ന് തോണി ഇറക്കണ്ട എന്ന ബീടരുടെ കരഞ്ഞുള്ള പറച്ചില്‍ കേട്ട് മമ്മു നേരം പുലര്‍ന്നും ഒന്നൂടി കിടന്നു ..കടവില്‍ നിന്നും കൂക്ക് കേട്ടതോടെ ഉറക്കം പോയി .. ഡാ,,മൂസേ ..കിടക്കപ്പായില്‍ ചുരുണ്ട് കിടന്ന മകനെ ഉരുട്ടി ഉണര്‍ത്തി ..നല്ല വെള്ളം കൂടുമ്പോള്‍ മമ്മു മകനെയും ഒപ്പം കൂട്ടും . കരഞ്ഞു വിലക്കിയ പെണ്ണുങ്ങളോട് മമ്മു ചീറി .. മുണ്ടാണ്ടിരുന്നോ അവിടെ ..മമ്മു പോയ കാണാന്‍ തുടങ്ങീത്‌ ഇന്നും ഇന്നലെയുമല്ല ..ബാപ്പ കാര്‍ണോന്‍മ്മാരായി കഴുക്കോല് പിടിച്ച തയമ്പാ കയ്യില്..തോണി നമ്മടെ ചോറാ...പൊയ..അതില് വെള്ളം വരും പോകും ..കടത്ത് മുടക്കാന്‍ പാടില്ല ..കൂക്ക് കേട്ടില്ലേ ..ഓരൊക്കെ നിത്യോം പോണോരാ.. മുമ്പിലെ പടിയില്‍ ചെറിയ തൊഴ പിടിച്ച് ഇരുന്നോ ചെര്‍ക്കാ ..വെള്ളം അത്ര പന്ത്യല്ല...രണ്ടു കരിമ്പന കുണ്ടുള്ള കയാ..കാഴ്ച്ചേം കണ്ടു ഇരിക്കരുത് ..കുത്താന്‍ പറഞ്ഞാ കുത്തിക്കോള.... പൊടിമീശ പിടിക്കണ പ്രായാ അന്ന് മൂസക്ക് .വെള്ളം കുറവുള്ള സമയത്തും മമ്മു മൂസക്ക് ഒറ്റയ്ക്ക് തോണി കൊടുക്കാറില്ല ..നാട്ടാരുടെ പ്രാണന്‍ വച്ചുള്ള കള്യാണ് ..എല്ലോറപ്പ്‌ ഇല്ലാത്ത ചെക്കന്റെ കയ്യിലൊന്നും തോണി കൊടുക്കാന്‍ പറ്റില്ല ..അതാണ്‌ മമ്മുവിന്റെ വേദാന്തം രാവിലെ തൊട്ടു കടത്തില്ലാതിനാല്‍ ആള് കൂടുതലുണ്ട് . പൊയ പന്ത്യല്ല ..നല്ല ഉസിര് ഉള്ളോരു പത്താള് കേറീം...അക്കരെ കല്യാണത്തിനുള്ള ചെക്കന്‍ പാര്‍ടിക്ക് മുഹൂര്‍ത്തം തെറ്റുന്നതിന് മുമ്പ് എത്തണം . ജാതകം കൂട്ടിക്കേട്ടാന്‍ പോണ പണിക്കര്‍ ആദ്യം കയറി . അതെ കല്യാണത്തിനുള്ള ബന്ധുക്കളില്‍ ചിലരും. കൂനം മൂച്ചിയുടെ അടുത്ത് നിന്നും പുഴയുടെ വടക്ക് പനാംതോട് ചേരുന്ന അവിടെന്നും കിഴക്കോട്ട് തുഴയണം ആദ്യം ..പിന്നെ ഒറ്റപ്പിടുത്തം ..കൂലംകുത്തി ഒഴുകുന്ന പുഴ പടിഞ്ഞാട്ടെക്ക് വലിക്കും ..ആ വലിവിന് ഒപ്പം കുത്തി പുഴയെ പറ്റിച്ച് തോണി തെക്കടുപ്പികണം ..അതാണ്‌ തോണിക്കടവന്മാരുടെ ചങ്കുറപ്പ്. കൂട്ടിനു ആയോം നീളോം ഉള്ള കഴുക്കോല് മാത്രം . തോണിയുടെ തല വെട്ടിക്കാന്‍ ആണ് നല്ല ഒഴുക്കുള്ളപ്പോള്‍ മൂസ ..ചെറിയ തുഴ കൊണ്ട് ഇടംവലം തുഴയണം . ആദ്യ കടത്ത് അക്കരെ എത്തിയപ്പോള്‍ അവിടെ പൂരത്തിനുള്ള ആളുണ്ട് . ഇക്കരെ ശങ്കു വൈദ്യരെ കാണാന്‍ , ജോത്സ്യം നോക്കുന്ന ശങ്കരന്‍ മാഷേ കാണാന്‍ , ആറങ്കുണ്ട് ആശാരിയെ കാണാന്‍ , പൂവത്താണി ചന്തയിലേക്ക് കായക്കുലകള്‍ മുറുകിയ കടത്ത്..പൈസ പിരിക്കുന്നത് മൂസയാണ് .പതിവുകാര്‍ക്ക് ഒരു കൂലി ..അല്ലാത്തവര്‍ക്ക് ശകലം കൂട്ടിപ്പിരിക്കണം ...ഉച്ചയായിട്ടും മഴക്കോളുണ്ട്‌. അക്കരയ്ക്കു പോകുമ്പോള്‍ പതിവില്ലാതെ മമ്മു വിയര്‍ത്തു ..താഴെ നുര കുത്തിയൊഴുകുന്ന വെള്ളം ..എന്നിടും പ്രവേശം .തൊണ്ട ഒരു പാറപ്പുറം പോലെ വറ്റിപ്പോകുന്നു ..കുത്തുന്ന കഴുക്കോല്‍ പാളിപ്പോകുന്നപോലെ . തോണിയും പുഴയും കരയും എല്ലാം വട്ടം ചുറ്റുന്നു.. അപ്പുറത്ത് അടയാളം വച്ച നീര്‍ മരുത് കാണാനില്ല ...കുത്തിയോടത്ത് തോണി നിക്കാതായപ്പോള്‍ ഒരു കൈ കൊണ്ട് നെഞ്ചു പൊത്തി മമ്മു കയര്‍ത്തു ഡാ മൂസേ ..ഇങ്ങോട്ട് വാടാ ..വാപ്പാക്ക് പിടിച്ചാല്‍ കിട്ടുന്നില ..നെഞ്ചിന്റെ ഉള്ളില് ബരാല്‍ മീനു പിടയണ പോലെ ഒരു പിടുത്തം ..നീ നോക്കി നിക്കാതെ വന്നേ കഴുക്കൊല്മ്മേ പിടിയെടാ ..നമ്മളെ വിശ്വസിച്ചു കയറിയോരാ ...ഓലെ മക്കാറാക്കരുത്.. ബാപ്പാന്റെ ഒച്ചയിലെ പതറിച്ച മൂസയെ പിടിച്ചുകുലുക്കി . മുന്നില്‍ നിന്നും പിറകില്‍ എത്തുമ്പോളെക്കും ബാപ്പ തോണിപ്പടിയിലേക്ക് തലകുനിച്ച് ഇരിക്കുകയും വഴുതി പോകുമായിരുന്ന കഴുകോല്‍ ഒരു കാല്‍മടക്കില്‍ അമര്‍ത്തി വച്ചിരിക്കുകയുമായിരുന്നു...എന്താണ് ബാപ്പാ എന്ന് ചോദിച്ചപ്പോള്‍ നായിന്റെ മോനെ ..നിറപ്പൊഴ വെള്ളാ..തോണി പോണ പോക്ക് നോക്കക്കടാ..കയാണ് ..നാട്ടാരാ തോണീല് ..കഴുക്കോലുംമ്മേ പിടിയെടാ.. അപ്പുറം ചുഴിയാണ് ..പെട്ടാല്‍ കിട്ടൂല...അപ്പോളാണ് ഓന്റെ സ്രുംഗാരം .. പിന്നെ പൊട്ടിവീണ പുളിച്ച തെറികള്‍ക്കിടയിലൂടെ മൂസ കഴുക്കോല്‍ വലം കൈ കൊണ്ട് പിടിച്ചു .ഇടം കൈ കൊണ്ട് ആയം കൊടുത്തു ..പെറ്റിട്ട നാള്‍ മുതല്‍ കണ്ടതാണ് പുഴയെ ..ഓള്‍ടെ ആഴം അറിയാന്‍ ബാപ്പ കാരണവന്മാരെ കൊണ്ട് കഴിഞ്ഞിട്ടില്ല ..തോണി പോകുന്നത് തെക്ക് വിട്ട് പടിഞ്ഞാട്ടാണ് ..കുത്തൊഴുക്കിലേക്ക് ...പെരുംചുഴിയിലേക്ക്..പുഴയുടെ ഗര്‍ഭപാത്രത്തിലേക്ക്.. കഴുക്കോലില്‍ ആഞ്ഞൊരു പിടുത്തം ...ചതിച്ചോ മാപ്പിള കുട്ട്യേ എന്ന് കരഞ്ഞയാളുടെ മുഖത്തേക്ക് നോക്കാതെ മൂസ അടുത്ത കുത്തിനു തോണിയെ തെക്ക് തിരിയിച്ചു ...ബദരീങ്ങളെ , പാപ്പാരെ എന്ന് മനസ്സില്‍ നിലവിളിച്ച് പുഴയുടെ ആഴത്തിലേക്ക് ആഞ്ഞ കഴുക്കോലിനെ വലിച്ചെടുത്ത്‌ പിന്നെയും ആഞ്ഞു കുത്തി ...ബാപ്പ നെഞ്ചു പൊത്തി ഇരുപ്പാണ്...പുഴ നല്ല കലിപ്പിലായിരുന്നു ..ഒലി മൂത്ത് നില്‍ക്കുകയാണ് ..തോണിയിറക്കണ്ട എന്നുമ്മ പറഞ്ഞത് വെറുതെ അല്ല... ഇടംവലം ഒരു പോലെ കുത്തടാ പന്നീ...തോണി തിരിയട്ടെ ...മുമ്പ് തിരിഞ്ഞോണ്ടായില്ല...പുറം തിരിയണം കോടുന്ന ചുണ്ടുകള്‍ക്കിടയിലൂടെ വഴുതി വീഴുന്ന യുദ്ധതന്ത്രങ്ങള്‍ . പ്രേതം കൂടിയ പോലെ മൂസ ചരഞ്ഞു , നിവര്‍ന്നു ...ആഞ്ഞു,,,കാത്തോളണീ തെയ്യോട്ടുചിറ പാപ്പാ ... പനങ്കുര്‍ശി കാവിലമ്മേ .. തോണിപ്പടികളില്‍ നിന്നും നെഞ്ചു പിടയുന്ന പ്രാര്‍ഥനകള്‍ . നടുപ്പുഴയില്‍ നിന്നും തോണി ഗതി വിലങ്ങി തെക്കോട്ട്‌ തല തിരിച്ചു ...ഇനി ആഴം കുറവാണ് ..പിടിച്ചാല്‍ കിട്ടും ...കുത്തുന്ന കഴുക്കോല്‍ അടിയില്‍ തട്ടുന്നുണ്ട് ..തനിക്കു മുമ്പേ തോണിക്കടവന്മാരായ പറഞ്ഞു കേട്ട ബീരാനെയും , പോക്കറിനെയും മനസ്സിലോര്‍ത്തു ..ഇല്ല തോണി വലം തിരിഞ്ഞിട്ടുണ്ട് ..തല കരക്ക്‌ തന്നെ ,,ആളുകള്‍ നെടുവീര്‍പ്പിടുന്നതു പോലും മൂസ കേട്ടു,,കര പിടിച്ചിരിക്കുന്നു .ബാപ്പ അണയ്ക്കുന്ന നീര്‍ മരുതിന്റെ ചുവട്ടില്‍ അരയ്ക്കു വെള്ളം ഉണ്ട് ..ഇനിയും അടുപ്പിച്ചാല്‍ അടി പാറയില്‍ തട്ടും ..തോണിക്ക് കേടാണ് .. ഇറങ്ങീം ..ഇറങ്ങീം .... ബാപ്പ തോണിപ്പടിയില്‍ തല ചായ്ച്ചു കിടക്കുകയാണ് ..ആളുകള്‍ കയറുന്നു ..തിരിച്ചു തുഴയണം ..ബാപ്പ തുഴയുന്നത് കണ്ടിട്ടേ ഉള്ളൂ ,,,നെറ പുഴ വെള്ളാണ്..തിരിച്ചു തുഴയുമ്പോള്‍ ആദ്യം കിഴക്കോട്ട് കയറ്റണം ..പിന്നെ വടക്ക് പടിഞ്ഞാറ് കൂനം മൂച്ചി കണക്കാക്കി പിടിക്കണം ..രണ്ടു കരിമ്പന ആഴമുള്ള അടിയൊഴുക്കുള്ള കയമാണ് ,,, പുഴ പെണ്ണുങ്ങളെ പോലെ ആടാ ..രണ്ടു സ്വഭാവാ ...കണ്ടറിഞ്ഞു നിക്കണം ...ബാപ്പയുടെ പാഠങ്ങള്‍ മൂസ തിരിച്ചു തുഴഞ്ഞു .തോണിപ്പടിയില്‍ കമിഴ്ന്നു കിടക്കുകയാണ് മമ്മു . തിരിച്ചു ചെത്തല്ലൂര്‍ കടവിലേക്ക് തുഴഞ്ഞു ബാപ്പയെ തോണിയില്‍ നിന്നും കോരിയെടുത്ത് ശങ്കു വൈദ്യരുടെ അടുത്തെത്തികുമ്പോള്‍ വല്ലാതെ തണുത്തു പോയിരുന്നു .ഒന്ന് നോക്കി കണ്ണ് മിഴിപ്പിച്ച് കൈത്തണ്ടയില്‍ വിരലമര്‍ത്തി ശങ്കു വൈദ്യര്‍ മൂസയുടെ മുഖത്തേക്ക് നോക്കി .. ആരാ മകനാണോ .? മൂപ്പര് തുഴച്ചില്‍ മതിയാക്കീരിക്കുന്നു...ച്ചാല്‍ ..ഇനി എനിക്ക് ചെയ്യാന്‍ ഒന്നൂല്യ .. ബാപ്പ തുഴച്ചില്‍ നിര്‍ത്തിയടത്തു നിന്നും കഴുക്കോല്‍ പിടിച്ചതാണ് മൂസ ..അങ്ങിനെ ഇളം പ്രായത്തില്‍..കടത്ത് അങ്ങിനെ നീണ്ടു .കാലം കുറെ കുത്തിയൊലിച്ചു.ചിലപ്പോള്‍ ഒരു നീര്‍ച്ചാല് മാത്രമായി ..പണി തീരെ കുറയുമ്പോള്‍ മൂസ ചൂണ്ടലിടാന്‍ ഇറങ്ങും ..പുഴമീന്‍ കടവില്‍ ഇരുന്നു കച്ചവടം ചെയ്യും ..കൈതോല കൊണ്ട് തഴപ്പായ , ചൂല് ഒക്കെ ഉണ്ടാക്കി വില്‍ക്കും . ബാപ്പ മരിച്ചു രണ്ടു കൊല്ലം തികയുമ്പോള്‍ ആണ് മൂസ ബീവാത്തു വിനെ കെട്ടുന്നത് ..മൂസയുടെ ഭാഷയില്‍ ഓരോ തവണ പുഴ ചോക്കുംപോളും ബീവാത്തു പെറ്റു. അങ്ങിനെ കുട്ടികള്‍ നാലായി ..യൌവ്വനം വിട്ടു നരച്ചു .മുറുക്കി ചവച്ച് പല്ലുകള്‍ കൊഴിഞ്ഞു .കാലം ഒലിച്ചു പോയപ്പോള്‍ മൂസ മൂസാക്കയായി .. കടവും കുറെ മാറി ..കൂനം മൂച്ചിക്ക് താഴെ പടവ് കെട്ടി .പുഴയ്ക്കു കരയില്‍ കൂറ്റന്‍ കിണറുകള്‍ രണ്ടെണ്ണം വന്നു . പമ്പ് ഹൌസ് വന്നു .മുറിയങ്കണ്ണിയില്‍ നിന്നും വെള്ളം പൈപ്പ് വഴി കാവുവട്ടത്തെ ടാങ്കില്‍ നിറച്ച് നാട് മുഴുവന്‍ പൈപ്പ് ഇട്ടു .അങ്ങിനെ പുഴവെള്ളം താഴേക്കോട് വരെ നാടുകാര്‍ കുടിച്ചു . ചെറുപ്പക്കാര്‍ പുതിയ പണി കണ്ടു പിടിച്ചു .പുഴയില്‍ നിന്നും മണല്‍ വാരി കരയത്ത് കൂട്ടും .വലിയ ട്യൂബുകളില്‍ കാറ്റ് നിറച്ച് അത് കൊണ്ട് പുഴയുടെ ഏതു ചുഴികളിലും വരെ മുങ്ങി മണലെടുക്കും. ലോറിക്കാര്‍ വന്ന് കയറ്റിക്കൊണ്ടു പോകും .സാമാന്യം കൂലി കിട്ടാന്‍ തുടങ്ങിയപ്പോള്‍ മണല്‍പ്പണിക്ക് ആള് കൂടി .. .. പുഴയുടെ തുരുത്തുകളില്‍ ചാരായം വാറ്റുന്നവര്‍ . വാഷ് കല്‍ക്കി വക്കലും അടുപ്പുകൂട്ടി ചാരായം വാറ്റലും. ചാരായം വലിയ കാനുകളില്‍ കയര്‍ കെട്ടി കയത്തില്‍ താഴ്ത്തി ഇടും . ഇടപാടുകാര്‍ വരുമ്പോള്‍ കയര്‍ വലിച്ച് കാന്‍ പുറത്തെടുക്കും .ഇടയ്ക്കിടയ്ക്ക് പോലിസും എക്സൈസും കടവില്‍ വരും. ചോദ്യം മൂസയോടാകും .. ഞമ്മകൊന്നും അറിയില്ല സാറമ്മാരെ ..ബാപ്പ കാരണോന്‍മാരായി തോണിക്കടവന്മാരാ ..ഒന്നര ലച്ചം ഉരുപ്പികക്ക് ഈ തോണി ചോദിച്ചു ..ഞമ്മക്ക് പുഴയാ ചോറ് ..ഞാന്‍ ഒന്നും കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല . മൂസ ചിരിച്ച് ഒഴിയും .മണല്‍ കടത്തുകാരും വാറ്റുകാരും മൂസയുമായി നിരക്കിലല്ല .പോലിസും എക്സൈസും വരുന്നതൊക്കെ മൂസ ഒറ്റിയിട്ടാണ് എന്നാണു അവരുടെ സംസാരം .കാരണം പല പ്രാവശ്യം മണല്‍ കയറ്റാന്‍ തോണി വിളിച്ചിട്ടും മൂസ പോയിട്ടില്ല ..മൂസ തന്നെ നാട്ടുകാരോട് ഈ വിവരം പറയുകയും ചെയ്യും .. മാളോരെ ഇങ്ങക്ക് കേക്കണോ ..ഇവിടെ ചില പുത്തന്‍ പണക്കാരുണ്ട്..മൂസക്ക് വില പറയാന്‍ ..ഒന്നര ലച്ചം ഉരുപ്പികക്ക് ഈ തോണി ചോദിച്ചു ..എന്തിനാ ..മണല് വാരാന്‍ ...ഞമ്മളെ തോണിക്കടവന്മാരാ ..പുഴയാ ഞമ്മടെ ചോറ് ..അതിമേ തൊട്ടുള്ള കളിയില്ല ഒന്നര ലക്ഷം എന്നതൊക്കെ പുളു ആയിരുന്നെങ്കിലും ആരും മൂസയോട് തിരിച്ചു ചോദിക്കാറില്ല ..കാരണം നിറ വെള്ളത്തിലും എപ്പോ വിളിച്ചാലും തോണി ഇറക്കാന്‍ മൂസ വേണം . അങ്ങിനെയിരിക്കെയാണ് കടവില്‍ പുഴയ്ക്കു പാലം നിര്‍മ്മിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ..ഒരു തിരഞ്ഞെടുപ്പുകാലത്ത്‌ പുഴക്കരയില്‍ സ്റ്റെജുകെട്ടി പ്രസംഗം നടക്കുമ്പോള്‍ മുറിയങ്കണ്ണിയില്‍ ഒരു പാലം ആയിരുന്നു പ്രധാന വാഗ്ദാനം ..പ്രസംഗിക്കാന്‍ വന്ന നേതാവിന് പോകാന്‍ മൂസ തന്നെ തോണി ഇറക്കി..അതുവരെ കടവുകാര്‍ക്ക് പുഴയ്ക്കു ഒരു പാലം എന്ന ചിന്തയേ പോയിരുന്നില്ല . രണ്ടു മൂന്നു ദിവസം പിന്നെ കടവത്ത് ആളുകൂടുമ്പോള്‍ പാലം ആയി ചര്‍ച്ച .തോണിയില്‍ ആള് കയറുമ്പോള്‍ പലരും പാലം പണി കാര്യം എടുത്തിടും ..അപ്പോള്‍ വെളുക്കെ ചിരിച്ച് , ഒന്ന് നീട്ടിത്തുപ്പി മൂസ ഒച്ചയുയര്‍ത്തും പിന്നെ രണ്ടു കരിമ്പന കുണ്ടാ ഇവടെ . ഇവടല്ലേ പാലം വരണത് ..ഇങ്ങക്ക് വല്ലിച്ച കാറ്റുണ്ടോ മൂത്താരെ ..ഇനി പാലം വന്നാ തന്നെ അടുത്ത ഇടവത്തില് അത് പൊയ എടുക്കുകയും ചെയ്യും .. എന്നാലും പാലം വരട്ടെ മൂസാക്കാ ..ഭാരതപ്പുഴക്ക്‌ അടക്കം പാലം ഇല്ലേ ? കരിമ്പുഴക്ക്‌ പാലം വന്നിട്ട് കാലം എത്രായി ..? പാലം വരൂല ..ങ്ങക്ക് പോണങ്കി മൂസെന്റെ തോണി മാത്രം ഇവടെ ണ്ടാകും .. നേതാവ് ജയിച്ചു എം എല്‍ എ ആയി ..രണ്ടു മൂന്ന് കൊല്ലം കഴിഞ്ഞു . ഒരു ദിവസം കടവില്‍ കുറെ ഉദ്യോഗസ്ഥര്‍ എത്തി ..പാലം പണിക്കു പാറയുടെ ബലം നോക്കാന്‍ ..മൂസയുടെ തോണിയില്‍ കയറി അക്കര പോയി ..പല തവണ അങ്ങോട്ടും ഇങ്ങോട്ടും ..മൂസക്ക് അന്ന് കാര്യമായ കടത്ത് അവരെ കൊണ്ടായിരുന്നു .പറഞു പറഞ്ഞു സംഗതി വരാന്‍ പോകുന്നു എന്ന് മൂസക്കും തോന്നി ..അവര്‍ പോയപ്പോള്‍ മൂസ നാട്ടുകാരോട് പറഞ്ഞു .. അതേയ് ഓല്‍ക്കു ഇവിടത്തെ സ്ഥിതി അറിയില്ലാ ..വെറുതെ കണ്ണില്‍ പൊടിയിടാന്‍ ഉള്ള വരവാ ..പാലം ഒന്നും ബരൂല ... കാവിലെ പൂരത്തിന് വേലയ്ക്കു വന്ന കുംഭാട്ടക്കാരന്‍ പുഴയില്‍ ഇറങ്ങുമ്പോളും മൂസ ഓര്‍മ്മിപ്പിച്ചിരുന്നു അതേയ് അനക്കു ഇവിടത്തെ സ്ഥിതി അറിയില്ലാ...മോന്ത കഴുകി പോകാന്‍ നോക്ക് കുംഭാട്ടക്കാരന്‍ കേട്ടില്ല ..രണ്ടു ദിവസം കഴിഞ്ഞു കയത്തിനു പടിഞ്ഞാറ് പൊന്തുമ്പോള്‍ കണ്ണുകള്‍ മീനുകള്‍ കൊത്തി തിന്നിരുന്നു .പോലീസ് വന്നു കരക്ക്‌ കൊണ്ട് വരാനും മൂസയുടെ തോണി പിടിച്ചു ..അന്ന് എത്ര തവണ തോണി കഴുകിയിട്ടും മൂസക്ക് തൃപ്തി വന്നില്ല . പിന്നെ എല്ലാം പെട്ടെന്നായിരുന്നു..പുഴയുടെ അക്കരയും ഇക്കരയും ഉള്ള പാറകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് പാലം വരാന്‍ പോകുന്നത് .കരക്ക്‌ മുട്ടുന്ന ഭാഗത്ത് രണ്ടു കരയിലും റോഡ്‌ വേണം കായ്ക്കുന്ന തെങ്ങും കവുങ്ങും ഉള്ള പുരയിടങ്ങള്‍ ..പഴയ ഓല മേഞ്ഞ കുടിലുകളില്‍ നിന്നും ഓടിട്ട പുരയിലേക്ക്‌ മാറി അധികം ആയിട്ടില്ല .ജീവിതം തെല്ലൊന്ന് മാറിയിട്ടേയുള്ളൂ. സ്വന്തമായുള്ള ഇത്തിരി മണ്ണ് വിട്ടു കൊടുക്കാന്‍ ഉടമകള്‍ തയ്യാറായില്ല ..ഒരാളുടെ പുരയുടെ മുറ്റത്ത് കൂടി പോകും റോഡ്‌ .. അങ്ങിനെ പാലം പണി ഇത്തിരി പരുങ്ങലില്‍ ആയി . പിന്നെ നിത്യവും ചര്‍ച്ചകള്‍, സന്ധി സംഭാഷണങ്ങള്‍ ..സ്ഥലം വിട്ടു നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുക്കും , കുടിയോഴിപ്പിക്കും എന്ന ഭീഷണി .. പാലം വരും എന്നും പറഞ്ഞു ഉള്ള കൂര പൊളിച്ചാലേ ..പിന്നെ പാലത്തിമ്മേ ഇരുന്നു നാട്ടാരോടു കയ്യ് നീട്ടേണ്ട ഗതിയാകും .. നട്ട് നനച്ചുണ്ടാക്കിയ തെങ്ങും കവുങ്ങും കായ്കറീം ഉള്ള സ്ഥലാ ..കാശ് കിട്ടുംന്ന് കരുതി വിട്ടു കൊടുത്തിട്ട് എന്താകാനാ ..? കാശ് തിന്നാനൊന്നും പറ്റൂലല്ലോ
നാടിന് വരുന്ന വികസനം മുടക്കികള്‍ എന്ന ആക്ഷേപം ഒടുക്കം പാതി മനസ്സോടെ ഉടമകളുടെ സമ്മതം .ഒടുവില്‍ നാട്ടുകാര്‍ സ്ഥലം വിട്ടു കൊടുത്തു .സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കുമെന്ന ഉറപ്പില്‍ ...കുല പിടിച്ച തെങ്ങും കവുങ്ങും മണ്ണുമാന്തികള്‍ പുഴക്കിയിടുന്നത് കണ്ടു നെഞ്ചില്‍ കൈ വച്ചു. റോഡ്‌ വന്നതോടെ തറവാട് വീടും മക്കളുടെ വീടും അപ്പുറവും ഇപ്പുറവും ആയി മാറിയപ്പോള്‍ നാണി മുത്തശി പിരാകി ഒടുക്കത്തെ ഒരു പാലം ..ഞ്ഞിപ്പോ കുട്ട്യോളെ ഒന്ന് കാണണം എങ്കില്‍ റോഡ്‌ മുറിച്ചു പോണം ..സമാധി തറയിലും സര്‍പ്പകാവിലും വിളക്ക് വെക്കണങ്കി ഒരാള്‍ക്കുയരം കേറി പോണം ..കലികാലം കലികാലം




ഇതെല്ലാം നടക്കുമ്പോളും മൂസ അക്കരയിക്കരെ തുഴഞ്ഞു . വെള്ളം കുറഞ്ഞ വേനലില്‍ മണ്ണുമാന്തികള്‍ വന്ന്‌ കര ഇടിച്ച് പുഴയ്ക്കു തൂര്‍ച്ചയിട്ടു..അരിശത്തോടെ ആദ്യം ഇട്ട ഒരു ലോറി മണ്ണിനെ ഒറ്റവലിക്കു കയത്തിലാക്കി ..മൂന്നു ദിവസം മണ്ണും എടുത്ത് ഒഴുകിയ പുഴ നാലാം ദിവസം പോകെ പതുക്കെ കീഴടങ്ങി തുടങ്ങി ..രണ്ടു കരയില്‍ നിന്നും മണ്ണ് കൊണ്ടു വന്ന് തൂര്‍ത്തതോടെ ചുവന്ന മണ്ണിന്റെ ഒരു പാലം പുഴ കടന്നു വന്നു ..നാട്ടുകാര്‍ അതിലൂടെ അക്കര ഇക്കരെ നടക്കാന്‍ തുടങ്ങി ..
പിറ്റേന്നു മുതല്‍ തോണിയില്‍ ആള് കുറവായി തുടങ്ങി ..കടവത്ത് കാത്തു നില്‍ക്കാതെ നാട്ടുകാര്‍ മണ്ണ് പാലത്തിലൂടെ കടന്നു പോകാന്‍ തുടങ്ങി .മൂസയുടെ മനസ്സില്‍ ഒരാന്തല്‍ മലവെള്ളം പോലെ കുത്തിത്തിരിഞ്ഞു . നാട്ടുകാര്‍ അതുവരെ കാണാത്ത പലതരം വണ്ടികള്‍ കടവിലെത്തി ..ജോലിക്കാരുടെ ബഹളം ..ഏറെയും ഹിന്ദിക്കാര്‍ ആണ് ..ആദ്യം പുഴയില്‍ പാലത്തിന്റെ കാലുകളുടെ പണി ..പിന്നെ അതിനു മീതെ കൂറ്റന്‍ സ്ലാബുകള്‍..പുതിയ ഒരു ചായക്കട കൂടി കടവില്‍ വന്നു ..ഹിന്ദിക്കാരുടെ കച്ചവടം കോളായി . കടവില്‍ എപ്പോളും ആളായപ്പോള്‍ അലക്കാനും കുളിക്കാനും വന്നിരുന്ന പെണ്ണുങ്ങളും കുടുക്കിലായി .. ഇതിപ്പോ നമ്മടെ രാജ്യം അല്ലാണ്ടായി മക്കളെ ..നാണി പതം പറഞ്ഞു ..പുഴ വിറ്റ കാശാണ് ഈ പാലം..ഇതിപ്പോ നമ്മടെ പുഴയല്ല .


നാല് മാസം കൊണ്ട് പാലം വാര്‍പ്പ് കഴിഞ്ഞു . പാലത്തിന്റെ വീതിയില്‍ രണ്ടു ഭാഗത്ത് നിന്നും പാലത്തിലേക്ക് റോഡു വെട്ടിയതോടെ ചെറിയ വണ്ടികള്‍ വരെ അക്കരെ ഇക്കരെ പോയി തുടങ്ങി. തോണിക്ക് കൂക്കുന്നത് കടവില്‍ കേള്‍ക്കാണ്ടായി ..കൂനന്‍ മൂച്ചിക്ക് കീഴെ രാവിലെ തോണിയുമായി വന്നിരിക്കുന്ന മൂസക്ക് മുറുക്കാന്‍ വാങ്ങാന്‍ പോലും കൂലി കിട്ടാതായി ..എന്നാലും ഇടയ്ക്കിടെ ഒരു കൂക്ക് കേള്‍ക്കുന്ന പോലെ തോന്നി മൂസ തല ഉയര്‍ത്തും ..വെറ്റില വില്‍ക്കാന്‍ വരുന്ന മൂത്താര് മാത്രം മൂസയെ വിളിക്കും ..അയാളെ ഒറ്റയ്ക്ക് കയറ്റി വരുമ്പോള്‍ മൂത്താരും മൂസയും ഒന്നിച്ച് പാലത്തിലേക്ക് നോക്കും ..
എന്താ മൂത്താരെ നോക്കണത്..? ഇത് വന്നെ പിന്നെ പത്തുരുപ്പിക മൂസ തികച്ചു കണ്ടിട്ടില്ല ...ബാപ്പ കാരണോന്‍മാരായി തോണിക്കടവന്മാരാ ...ഇനിയിപ്പോ ഒക്കെ നിര്‍ത്താറായി തോന്നുന്നു.. കാലം വല്ലാത്ത വരവാ മൂസാക്കാ ...ഞാന്‍ എന്നാലും കടവത്ത് വരും ..ഞാന്‍ ഈ പണി നിര്‍ത്തുന്ന വരെ മൂസ വിളിച്ചാ വരണം.. ഒരുദിവസം വൈകിട്ട് പനിക്കുവന്ന ബീഹാറികള്‍ക്ക് തോന്നിയ ഒരു കുസൃതി .കൂനന്‍ മൂച്ചിക്ക് താഴെ കെട്ടിയിടിരുന്ന തോണി അവര്‍ വെള്ളത്തില്‍ ഇറക്കി ..അവര്‍ക്കിഷ്ടമുള്ളത് പോലെ പുഴയില്‍ തലങ്ങും വിലങ്ങും തുഴഞ്ഞു ..ആരോ പറഞ്ഞു കടവിലെത്തിയ മൂസ ബാധ കയറിയ വെളിച്ചപ്പാടായി ..ഉടുത്ത മുണ്ടില്‍ പുഴയിലേക്ക് ചാടി നീന്തി അപ്പുറത്ത് മണ്ണുതിട്ടയില്‍ ഉരുസി നിര്‍ത്തിയ തോണിയില്‍ എത്തി ..ചെറിയ തുഴ എടുത്തു ഹിന്ദിക്കാരെ തലങ്ങും വിലങ്ങും പൂശി .. ഭായി ഭായി വിളികള്‍ നായിന്റെ മക്കളെ ..ഇതുംമേ എങ്ങാനും മേലാ തൊട്ടാല്‍ അന്റെ കൈ ഞമ്മള് വെട്ടും ...തോണിക്കടവന്‍ മൂസേന് പറയണേ ..ഓര്‍ത്തു കളിച്ചാളണ്ടാ, അടികിട്ടി പുറം പൊളിഞ്ഞ ഹിന്ദിക്കാര്‍ പുഴയിലെ ആറ്റുവഞ്ചി ക്കാടിലൂടെ ഓടി അപ്പുറം കയറി .. അവറ്റൊള്‍ക്ക് അങ്ങിനെ തന്നെ വേണം ..മിനിഞ്ഞാന്ന് തെങ്ങിന്റെ ചോട്ടില്‍ വീണ തേങ്ങ അവറ്റ ഒന്ന് ചോദിക്കും കൂടെ ചെയ്യാതെ എടുത്തു കൊണ്ട് പോയൊരാ ...നാണി മൂസയെ പിന്താങ്ങി ഈ കാക്കയ്ക്ക് ഇതെന്തിന്റെ കേടാ ..അവറ്റകള്‍ക്ക് തോണി കണ്ടപ്പോള്‍ ഒന്ന് തുഴയണം എന്ന് തോന്നിക്കാണും...അതിനാ ഈ പുകിലൊക്കെ .. തോണി പഴയ സ്ഥാനത്ത് ഉറപ്പിച്ച് കെട്ടുമ്പോ മൂസ എല്ലാരും കേള്‍ക്കാന്‍ പാകത്തില്‍ കയര്‍ക്കുന്നുണ്ടായിരുന്നു ..
ഒന്നര ലച്ചം ഉരുപ്പികക്ക് ചോദിച്ചിട്ട് കൊടുത്തിട്ടില്ലാ ...മറ്റുള്ളോരു അരി വാങ്ങാന സാധനം കൊണ്ടാ ഓന്റെ കളി ..കെട്ടി പോയെ താഴ്ത്തും ഇനി ഇതുംമേ തൊട്ടാല്‍


അക്കുറി അക്കരെ നിന്നും പൂരത്തിനുള്ള വേലകള്‍ വന്നത് പാലത്തിലൂടെ ആയിരുന്നു .തിറയും പൂതനും. ആനയും ചെണ്ട മേളവും പാലം കടന്നു ഇക്കരെ എത്തിയപ്പോള്‍ ആര്‍പ്പു വിളിയുടെ പൊടിപൂരം ആയിരുന്നു കടവില്‍ . അതിലേറെ ഘോഷമായി പാലത്തിന്റെ ഉത്ഘാടനം...മുഖ്യമന്ത്രി തന്നെ വന്നുള്ള ഉത്ഘാടനത്തിനു നോട്ടിസ് അടിക്കുമ്പോള്‍ നാട്ടിലെ ചെറുപ്പക്കാര്‍ ആരൊക്കെയോ പറഞ്ഞു മൂസാക്കയുടെ പേരും വച്ചു ...കാലങ്ങളോളം കടത്ത് തുഴഞ്ഞ തോണി മൂസക്ക് ആദരം ..
മറ്റൊന്റെ അന്നം മുട്ടിച്ചിട്ട് ഇനി സമ്മാനം തരാഞ്ഞിട്ടാ . ഞാന്‍ ഒന്നും വാങ്ങുല.. നമ്മള് കൊറേ കാലം ഈ പോയെം കൊണ്ട് കഞ്ഞി കുടിച്ചു ..അതന്നെ പെരുത്ത സമ്മാനം ..മൂസ കുലുങ്ങിയില്ല ബലം പിടിച്ച മൂസ അയഞ്ഞത് ..പരിപാടിയുടെ ചുക്കാന്‍ പിടിക്കുന്ന ഇളയ മകന്‍ സിദ്ധി നിര്‍ബന്ധിച്ചപ്പോള്‍ ആണ് .. ഒന്നുല്ലെങ്കി ഇന്റെ മനുസാ ..ങ്ങള് എത്ര കാലം തുഴഞ്ഞ പൊഴേന്റെ പേരില്‍ കിട്ടണ സമ്മാനം അല്ലേ..അതും മന്ത്രീന്റെ കയ്യില്‍ നിന്നും ..ബീവാത്തുവിന്റെ ശിപാര്‍ശയും .. പാലം തുറക്കുന്നതിനു തലേന്നു ടി വി ക്കാരും പത്രക്കാരും കടവില്‍ വന്നപ്പോള്‍ മൂസയുടെ പടം പിടിച്ചു ..അവര്‍ക്ക് വേണ്ടി തോണി കുറെ കാലത്തിനു ശേഷം വെള്ളത്തില്‍ ഇറക്കി ..വെയില് കൊണ്ട് വല്ലാതെ അകന്ന അടിപ്പലകയുടെ വിടവിലൂടെ പുഴ തോണിയിലേക്ക് കയറി വന്നു മൂസയുടെ കാലില്‍ മുട്ടി. പിറ്റേന്ന് മൂസയുടെ പടമുള്ള വാര്‍ത്ത മൂസ കടവത്ത് നാട്ടുകാര്‍ വായിച്ചു കേട്ടു..ഒന്നമര്‍ത്തി മൂളി മൂസ അവിടെ നിന്നും എഴുനേറ്റു പോയി . വേദിയില്‍ കുളിച്ചു വെള്ളക്കുപായത്തില്‍ അത്തറ് പൂശി മൂസ ഇരുന്നു . സമ്മാനം വാങ്ങുമ്പോള്‍ ഊറി വന്ന കണ്ണീര്‍ ആരും കാണാതെ തുടച്ച്..കൂനം മൂച്ചിക്ക് താഴെ കെട്ടിയിട്ട തോണിയില്‍ പോയിരുന്നു മുറുക്കി പുഴയിലേക്ക് തുപ്പി . പിറ്റേന്ന് മുതല്‍ പാലത്തിലൂടെ ചെര്‍പ്പുളശെരിക്കും , പാലക്കാട്ടേക്കും സര്‍ക്കാര്‍ ബസ്സുകള്‍ ഓടിത്തുടങ്ങി ..പാലത്തിലൂടെ ഓട്ടോ റിക്ഷകള്‍ തിരക്ക് പിടിച്ചു പാഞ്ഞു ..നാട്ടുകാര്‍ മൂസയെ പതുക്കെ മറന്നു തുടങ്ങി ..കൂനന്‍മൂച്ചിക്ക് താഴെ തോണി ഒറ്റയ്ക്ക് വെയില് കാഞ്ഞു , മഞ്ഞു കൊണ്ടു..മഴ നനഞ്ഞു ..മൂസ കടവിലേക്ക് വരുന്നത് വല്ലപ്പോഴുമായി .വന്നാല്‍ തന്നെ കടവിലെക്കിറങ്ങാതെ പുതുതായി പൊട്ടിമുളച്ച കൂള്‍ ബാറിനു മുമ്പിലെ കസേരയില്‍ ഒന്നിരിക്കും ..പൊറുതി കിട്ടാതെ എഴുനേറ്റു പോകും കനത്തു പെയ്ത മഴയില്‍ കരിയിലകള്‍ ഒന്നാകെ ഒലിച്ചു വന്നപ്പോള്‍ പഴമക്കാര്‍ പറയാന്‍ തുടങ്ങി.. മലേല് മഴ പിടിച്ചിട്ടുണ്ട് ...പെരുവെള്ളം വരാന്‍ സാധ്യത ഉണ്ട് .. പറഞ്ഞ പോലെ കാണെ കാണെ വെള്ളം പൊന്തി ..കലങ്ങി ചുവന്നു ആര്‍ത്തിരമ്പി പെരുവെള്ളം. അന്നൊരു വെള്ളിയാഴ്ചയായിരുന്നു ...ഇരുകരയും മുട്ടി മറിയുന്ന മുറിയങ്കണ്ണിപ്പുഴ ..പാലത്തില്‍ പുഴ കാണാന്‍ സ്ഥാനം പിടിച്ചു നാട്ടുകാര്‍ .. മാസങ്ങള്‍ മുമ്പേ കൂനന്‍ മൂച്ചിക്കു കെട്ടിയിട്ടിരുന്ന തോണി മൂസാക്ക അഴിച്ചു ..തുഴ എടുത്തു ഒന്നുഴിഞ്ഞു ..ഒരു കഷണം പുകയില കൂടി വായിലേക്ക് തള്ളി ..ആഞ്ഞെന്നു മുറുക്കി ..നിറവെള്ളത്തിലേക്ക് തോണിയിറക്കിയ മൂസാക്കയെ കണ്ടു ജനം പാലത്തില്‍ നിന്നും കൂവി .. ഇയാക്കിതെന്തിന്റെ പ്രാന്താ .. മലവെള്ളം വരുന്നതാ കാക്കായീ ..ഇടങ്ങേറാക്കല്ലേ..പഴേ കാലല്ല,, മൂസ ഒന്നും കേള്‍കുന്നുണ്ടായിരുന്നില്ല.. കലങ്ങി മറിയുന്ന വെള്ളം ..എന്തൊക്കെയോ കാട്ടുപൊന്തകള്‍ കട പറിഞ്ഞു ഒഴുകി വരുന്നുണ്ട് ..നടുപ്പുഴയായി ..തുഴ കൊണ്ട് എന്തോ ഒരു മറിമായം ..തോണി ഒന്നാടി ഉലഞ്ഞു തുഴ വലിച്ചെറിഞ്ഞു മൂസ വെള്ളത്തിലേക്ക് എടുത്തു ചാടി ...തോണി ഒന്ന് ചാഞ്ചാടി ..പുഴ തോണിയിലെക്ക് കയറി..തോണി വെപ്രാളത്തോടെ ഒന്നു രണ്ടാവൃത്തി മുങ്ങിത്താണു ..പിന്നെ അമ്മയുടെ മാറില്‍ ചായുറങ്ങുന്ന കുഞ്ഞിനെ പോലെ പുഴയോട് കമിഴ്ന്നു കിടന്നു .പാലത്തിനു ചുവട്ടിലൂടെ കോണ്ക്രീറ്റ് തൂണുകളെ തൊട്ടുരുമ്മി പടിഞ്ഞാട്ട് ഒഴുകി . ചതിച്ചല്ലോ മൂസാക്കാ ...നാട്ടുകാര്‍ ഒന്നാകെ നിലവിളിച്ചു ..മൂസയെ പലവട്ടം പുഴ അമ്മാനമാടി .... പിന്നേ മൂസാനോടല്ലേ അന്റെ മായം മറിച്ചില്... മൂസ പുഴയെ വാശി പിടിപ്പിച്ചു ..പിന്നെ പുഴയും മൂസയും തമ്മിലുള്ള പയറ്റ്..പതിവുപോലെ പുഴ തോറ്റ് നാണം കെട്ടു..മൂസ കൂനമ്മൂച്ചിയുടെ താഴെ തലപൊന്തിച്ചു..കരയിലേക്ക് പിടിച്ചു കയറി ..പിന്നെ ചവിട്ടു വഴിയിലൂടെ കവുങ്ങിന്‍ തോട്ടത്തിലേക്ക് നെഞ്ചും വിരിച്ചു നടന്നു .. മൂസാക്കാ ..നാട്ടുകാര്‍ നീട്ടി കൂവി .. മൂസ മറുകൂക്ക് കൂക്കി. നനഞ്ഞു കുളിച്ച മൂസ അരയില്‍ കെട്ടിയ ചോപ്പന്‍ തോര്‍ത്ത് എടുത്ത് പിഴിഞ്ഞു..തലയില്‍ കെട്ടി ഉറപ്പിച്ചു .പാലത്തില്‍ നാട്ടുകാരുടെ ഒപ്പം പുഴ കാണാന്‍ നിന്നു..പാലത്തിന്റെ അപ്പുറം തോണി ഒരു പൊട്ടുപോലെ കമിഴ്ന്നു കാണുന്നത് ചൂണ്ടി മൂസ പറഞ്ഞു .. ഓനെ കിട്ടീത് ഈ നടുപ്പോഴെന്നാ ...ഒന്നര ലച്ചത്തിനു ചോയ്ച്ചിട്ടും ഞമ്മള് കൊടുത്തിട്ടില്ലാ ..ഓനെ ഈ പൊയെന്നെ എടുത്തോട്ടെ .. താഴെ മണ്ണാത്തിക്കടവില്‍ നിന്നും ചെക്കന്മാര്‍ ആരൊക്കെയോ ചേര്‍ന്ന് തോണി പുഴയില്‍ നിന്നും കയറ്റി എന്നും അതിപ്പോള്‍ മണല് കോരാന്‍ പോകുന്നുണ്ടെന്നും രണ്ടു ദിവസം കഴിഞ്ഞു കേട്ടപ്പോള്‍ മൂസാക്ക ഒന്നും മിണ്ടാതെ പുഴയില്‍ നിന്നും ഒരു പൊത്ത് വെള്ളം എടുത്ത് മുഖം ഒന്നമര്‍ത്തി കഴുകി പാലത്തിലേക്ക് കുറെ നേരം നോക്കി നിന്നു ..എവിടെന്നോ ഒരു കൂക്ക് കേട്ട പോലെ .. ശിവപ്രസാദ് പാലോട്

No comments:

Post a Comment