ഇത്രത്തോളം
സദാചാരപ്പെട്ടിട്ടില്ലാത്ത
നഗര മൈതാനത്തിൽ
കാക്കക്കാഷ്ഠം കൊണ്ട്
പരവതാനിയും
ഉച്ചവെയിലിന്റെ കടലും
ഒരു പാക്കറ്റ് ജീരക മിഠായിയും
ചേർത്തെടുത്ത കാലത്ത്
ഇരുപതു വയസുള്ള
രണ്ടാത്മാക്കൾ
ഒരു പുരുഷനും
ഒരു സ്ത്രീയും
ഒറ്റ ശരിരമായി
ത്രീ ഫോൾഡ് കുടയ്ക്കു കീഴേ
അന്ന് ഒളിച്ചുകളിക്കുന്നു..
അവൾക്ക് വിവാഹാലോചനകൾ
വന്നു കുരുക്കിടുന്നു
അവനോ
വിവാഹമെന്നത് വിദൂരതയിലെവിടെയോ
ഒരു മിന്നാമിനുങ്ങ്
അവൻ കാട്ടിക്കറുമ്പൻ
അവളോ വെള്ളക്കൊറ്റി
കൂട്ടിച്ചേർത്തുവച്ച
പ്രണയത്തിന്റെ മഴയെ
തുണ്ടം തുണ്ടമായി
കീറിപ്പറത്താൻ
ഒടുവിൽ സമവാക്യം
ഓരോ കരച്ചിലുകളും
മേഘങ്ങളായി
കരിമ്പനകളുടെ മുകളിൽ കയറുന്നു
തിമർത്തു പെയ്യുന്നു
പ്രളയമുണ്ടാകുന്നു…
ഒരാവർത്തികൂടി
ഒന്നിച്ചു വിഷം കുടിക്കാൻ
അപ്പോഴേക്കും രണ്ടായിപ്പിരിഞ്ഞു
കഴിഞ്ഞിഴയുകയായിരുന്ന
ശരീരങ്ങൾ
പേർത്തും പേർത്തും
അപേക്ഷിച്ചു കൊണ്ടിരുന്നപ്പോൾ
അവർ ഒരൊറ്റ മുറി
വിലക്കു വാങ്ങുന്നു
വീടുവയ്ക്കുവാൻ
മനസു ചോദ്യം കഴിഞ്ഞ താഴ്വര
അവിടെ വല്ലാതങ്ങു കായ്ച
ഭ്രാന്തൻ തെങ്ങുകൾ
വേർപെടാത്ത ഞാവൽച്ചുണ്ടുകൾ
വീടിനിട്ടപേര്
കുട്ടികളുണ്ടാകുമ്പോൾ
ഇടാനിരുന്ന പേരുകൾ
തയ്ച്ചുണ്ടാക്കിയ കുഞ്ഞുടുപ്പുകൾ
എല്ലാം മുറിയിലേക്ക്
ഓരോന്നായി ചുമന്നുകൊണ്ടു വരുന്നു
ഓരോ മഴവില്ലും
ഓരോ പക്ഷിക്കുഞ്ഞിന്റെ കണ്ണുകളും
കുത്തിപ്പൊട്ടിക്കുന്നു
ഓരോ കടലിനെയും
വേവിച്ച് ആവിയാക്കുന്നു…
കരഞ്ഞുകൊണ്ട്
അവർ തങ്ങളെ പൊതിഞ്ഞുവച്ച
കച്ചകൾ അഴിച്ചുമാറ്റുന്നു
കരഞ്ഞുകൊണ്ടെങ്ങിനെ
ചുംബിക്കാം
കരഞ്ഞുകൊണ്ടെങ്ങിനെ
പരസ്പരം കുടിച്ചു വറ്റിക്കാം
കരഞ്ഞും കൊണ്ടെങ്ങിനെ
വിയർക്കാം
കരഞ്ഞും കൊണ്ടെങ്ങിനെ???
കരഞ്ഞും കൊണ്ടെങ്ങിനെ
മുറി ചുട്ട്
പുറത്തിറങ്ങാം
കരഞ്ഞു കൊണ്ടെങ്ങിനെ
ഓട്ടോയ്ക്ക് കൈ കാണിക്കാം
കരഞ്ഞുകൊണ്ടെങ്ങിനെ
ഇരു ദിശകളിലേക്കുമുള്ള
ബസുകളിൽ കയറാം…
കരഞ്ഞുകൊണ്ടിങ്ങനെ…
കരഞ്ഞും കൊണ്ടിങ്ങനെ…
ശിവപ്രസാദ് പാലോട്
No comments:
Post a Comment