kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Monday, August 6, 2018

പഴയ മാർക്കറ്റ്


നഗരം കഴിഞ്ഞ്
ഭൂതമെന്നും
വർത്തമാനമെന്നുമുള്ള
രണ്ടേ രണ്ടു വളവു കഴിഞ്ഞാൽ
പഴയ മാർക്കറ്റായി..

പൊടിയുയർത്തിപ്പാഞ്ഞ
രഥങ്ങളെല്ലാം
ചക്രങ്ങളൂരി
ജയിച്ചു കിടക്കുന്നുണ്ടവിടെ
തേർത്തട്ടിൽ കിടന്ന്
വാൽ നിവർന്നു വരുന്ന
പേക്കിനാവു കണ്ട്
ഒരു നായ കുരച്ചു ചാടിയേക്കാം

കുടിലുകളും
കൊട്ടാരങ്ങളുമുണ്ടവിടെ
വെട്ടുകല്ലും വെണ്ണക്കല്ലും
അയിത്തമില്ലാതെ
ഇണചേരുന്നു
മുളകീറിയ കഴുക്കോലും
വീട്ടിക്കാതലും
പിണഞ്ഞു കിടപ്പാകും
പലക പിരിച്ചിട്ട
അന്തപ്പുരക്കട്ടിൽ
കിടന്ന കിടപ്പിൽ
വിയർത്തൊലിച്ചിരിക്കും

കഞ്ഞി വച്ച കലങ്ങൾ
ചുളുങ്ങി കിടക്കുമ്പോൾ
ക്ലാവു കെട്ടിയ ഓട്ടു ചരക്കുകൾ ഒന്നിനു മീതെ ഒന്നായി വിശപ്പുകെട്ട തപസ്സിലായിരിക്കും

മണിപ്രവാളം മുതൽ
ഉത്തരാധുനികതവരെ
കുത്തടർന്ന് കിടപ്പുണ്ടാകും
എഞ്ചുവടിമുതൽ
എംബിഎ ഗൈഡ് വരെ
സത്യാന്വേഷണ പരീക്ഷണങ്ങളും
മൂലധനവും
അഷ്ടാംഗഹൃദയവും
അനാട്ടമി ടെക്സ്റ്റും വരെ
കൂടിക്കുഴഞ്ഞ്

എല്ലാ സ്വപ്നങ്ങളും
ചാക്കിൽക്കെട്ടി
കൊണ്ടുവന്നിട്ടുണ്ട്

വല്ലാതെ മുഴച്ചു നിന്നവയെ
ചവിട്ടിയൊതുക്കി
ചാക്കിൽക്കയറാൻ കൂട്ടാക്കാത്തവയെ
വെട്ടിപ്പരുവമാക്കി
തൂക്കി വിൽക്കാൻ
പുറപ്പെട്ടു വന്നതാണ്

എല്ലാം തൂക്കിയെടുത്ത്
കണക്കുകൂട്ടുന്നതിനിടെ
അറുപഴഞ്ചനായ
എന്നെത്തന്നെ കൊടുത്ത്
ഒഴിവാക്കുന്നോയെന്ന
പ്രലോഭനം പുരട്ടിയ
അയാളുടെ
പ്രാചീനമായ പുഞ്ചിരിയിൽ
വീണുപോകാതിരിക്കാൻ
പണിപ്പെട്ട് ഞാനോടുമ്പോളാണ് വായനക്കാരാ
നിങ്ങളിവിടേക്ക് കയറി വരുന്നത്...

*ശിവപ്രസാദ് പാലോട്*

No comments:

Post a Comment