ഈയാംപാറ്റകൾ
( ചെറുകഥ ശിവപ്രസാദ് പാലോട് )
ബഗുല പാറയിലെ ട്രൈബൂണല്‍ ഒാഫീസിലേക്ക് പുറപ്പെടുമ്പോൾ മാമോൻ
ഉദ്ദീൻ നിശബ്ദനായിരുന്നു. ഭാര്യ നൂറുൽ നെഹറിനോടും മക്കളോടും ചേർന്ന്
രാവിലെ ബോർബോറിയിൽ നിന്ന് എൺപത് കിലോമീറ്റർ അകലെയുള്ള ബഗൂല പാറയിലേക്ക്
പോകുമ്പോൾ മാമോൻ ഉദ്ദീൻ പ്രതീക്ഷ കൈ വിട്ടില്ല. ഇന്നല്ലെങ്കിൽ നാളെ
എല്ലാം ശരീയാകും.അല്ലെങ്കിൽ ഇതെങ്ങിനെ സംഭവവിക്കാനാണ്. തനിക്കും
ഭാര്യക്കും പൗരത്വപട്ടികയിൽ ഇടം കിട്ടുക..തങ്ങൾക്ക് ജനിച്ച കുട്ടികൾ
പട്ടികയിൽ പെടാതെ പുറത്താകുക..മാതാപിതാക്കൾ ഇന്ത്യക്കാരായിരിക്കുകയും
കുട്ടികൾ വിദേശികളായി മുദ്രകുത്തപ്പെട്ട് ജയിലിലാവുക..എങ്ങിനെയാണിതെല്ലാം
സംഭവിച്ചു പോകുന്നത്..ആലോചിച്ചിട്ട് മാമോന് ഉത്തരം കിട്ടിയില്ല.
ഉത്തരം കിട്ടാത്ത മറ്റൊരു ചേദ്യം കൊണ്ടാണല്ലോ താന്‍
അനാഥനായെതെന്ന് ഒാർത്തപ്പോൾ വല്ലാത്ത ചോരമണം മൂക്കിൻ തുമ്പിൽ വന്നു
മുട്ടി. ഇപ്പോളും രാത്രി ഞെട്ടിയുണർന്ന് എഴുന്നേറ്റാൽ പിന്നെ
ഉറങ്ങാനാവുന്നില്ല. ഉറങ്ങാന്‍ വേണ്ടി കണ്ണുകള്‍ അടയ്ക്കുമ്പോള്‍
ഇത്രകാലമായിട്ടും പേടിച്ചരണ്ട മാതാ പിതാക്കളുടെയും സഹോദരങ്ങളുടെയും മുഖം
തെളിഞ്ഞുവരും. പെരുമ്പറകളുടെ മുഴക്കവും അട്ടഹാസങ്ങളും കാതിൽ വന്നലക്കും.
1983 ഫെബ്രുവരി 18നെ എങ്ങിനെ മറക്കാനാണ്. താനന്ന് ചെറിയ
കുട്ടിയായിരുന്നല്ലോ. രാവിലെ ഏഴു മണിക്ക് ഏഴുന്നേല്‍ക്കുമ്പോള്‍ ചുറ്റും
പേടിച്ചരണ്ടിരിക്കുന്ന വീട്ടുകാർ. പിതാവും തനിക്കു മീതെയുള്ള നാലു
സഹോദരങ്ങളും വീടിനുള്ളിൽ അടച്ചിരുന്നു. മാതാപിതാക്കളുടെ സംസാരത്തിൽ
നിന്നും എന്തോ ആപത്ത് പിണയാൻ പോകുന്നു എന്നുമാത്രം മനസ്സിലായി. എട്ടു
മണിയായിക്കാണും. ഒരുകൂട്ടം ആളുകള്‍ വരുന്നത് കണ്ടു. വന്നവർ പെരുമ്പറകൾ
മുഴക്കി കോപത്തോടെ എന്തൊക്കെയോ ആർത്തുവിളിക്കുമ്പോൾ ചുണ്ടിനുമീതെ ചൂണ്ടു
വിരൽ വച്ച് മിണ്ടരുത് എന്നാംഗ്യം കാണിച്ച് ബാപ്പ പതുങ്ങിയിരിക്കാൻ
പറഞ്ഞു. വന്നവർ വീടിന് തീയിട്ടപ്പോൾ പോലും ആരും മിണ്ടിയില്ല. തീ വീടിനെ
വിഴുങ്ങുമെന്നായപ്പോളും കത്തുന്ന ജനാലയിലൂടെ പുറത്തേക്ക് ബാപ്പ ഭയത്തോടെ
നോക്കി.
അക്രമികൾ പോയെന്ന് തോന്നിയപ്പോൾ എല്ലാവരുടെയും കൈപിടിച്ച് ബാപ്പയും
ഉമ്മയും പുറത്തേക്ക് ഒാടി. അധിക ദൂരം പോകാനായില്ല..മറ്റൊരു സംഘത്തിന്റെ
മുന്നിൽ പെട്ടു. അവർ തങ്ങളെ കൂട്ടമായി അക്രമിച്ചപ്പോൾ തങ്ങളോട് ഒാടി
രക്ഷപ്പെട്ടോളാൻ പറഞ്ഞ് ഉമ്മയും ബാപ്പയും ചെറുത്തു നിന്നു. മൂത്ത സഹോദരൻ
ഞങ്ങൾ കുട്ടികളെയും കൂട്ടി ഒാടാൻ തുടങ്ങി. അധികദൂരം ഒാടാനായില്ല.
തലയ്ക്ക് ശക്തമായ അടിയേറ്റു. വീഴുമ്പോൾ മുമ്പിൽ എങ്ങോട്ടെന്നില്ലാതെ
ഒാടിക്കൊണ്ടിരിക്കുന്ന സഹോദരങ്ങളെ മൂടൽ മഞ്ഞിലെന്ന പോലെ കണ്ടു. ആ മൂടൽ
മഞ്ഞ് പിന്നീടിത്ര കാലവും വിട്ടുമാറിയിട്ടില്ല. അവരെയൊന്നും പിന്ന
കാണാനായിട്ടില്ല.വഴി നീളെ കത്തിക്കൊണ്ടിരിക്കുന്ന വീടുകൾ. പച്ചവിരിച്ച്
കിടന്നിരുന്ന കുന്നുകളിൽ കറുത്ത മേഘങ്ങൾ വന്നു മുട്ടിയിരുന്നു. സൂര്യൻ
പോലും പേടിച്ച് ഒളിച്ചപോലെ..ചുറ്റും ഇരുട്ടുമാത്രം. ഇടക്ക് മുഴങ്ങുന്ന
വെടിയൊച്ചകളും.
ആ കിടപ്പ് എത്ര സമയം നീണ്ടെന്നറിയില്ല. തലയുടെ പെരുക്കം വിട്ട്
കണ്ണുതുറക്കുമ്പോൾ മുമ്പിൽ പൊലീസാണ്. അവർ പിടിച്ചെഴുന്നേൽപ്പിച്ച് ആദ്യം
പൊലീസ് സ്റ്റേഷനിലേക്കും പിന്നെ ആശുപത്രിയിലേക്കും മാറ്റി. ദിവസങ്ങൾ
കഴിഞ്ഞ് ഒരു സ്കൂളിൽ ഇതേ പോലെ ഒറ്റപ്പെട്ട കുറെ പേരെ
താമസിപ്പിച്ചിരുന്നിടത്ത് കൊണ്ടു പോയി ആക്കപ്പെട്ടപ്പോൾ
മാതാപിതാക്കളെയും സഹോദരങ്ങളെയും തിരഞ്ഞു.. ബന്ധുക്കളിൽ ചിലര്‍
തിരിച്ചറിഞ്ഞ അവരോടൊപ്പെ കൂട്ടി. ബോർബോറി ഒരു പടനിലം പോലെ കണ്ടു.
ഇടിഞ്ഞു പൊളിഞ്ഞ വീടുകൾ, കത്തിക്കരിഞ്ഞ വീടുകൾ. നെൽപ്പാടങ്ങളെ ചൂഴ്ന്നു
നിന്ന മണത്തിൽ തന്റെ കുടുംബം അലിഞ്ഞു ചേർന്നിട്ടുണ്ടായിരുന്നെന്ന്
മനസ്സിലാക്കാൻ കാലമെത്ര കഴിഞ്ഞു?.. നെല്ലിക്കൂട്ടക്കൊലയിൽ
എഴുതിച്ചേർക്കാത്ത പേരുകളായി തന്റെ മാതാ പിതാക്കളും കൂടപ്പിറപ്പുകളും.
എന്തിനായിരുന്നു ആ അരുംകൊലയെന്ന് പിന്നീട്
കാലം പഠിപ്പിച്ചു. വംശപരമ്പരകളിലെന്നോ ബംഗ്ളാദേശിൽ നിന്ന്
കുടിയേറിപ്പാർത്തവരുടെ ഇങ്ങേ അറ്റത്തുള്ള തങ്ങളെല്ലാം കലാപകാരികളുടെ
കണക്കിൽ നിയമവിരുദ്ധ കുടിയേറ്റക്കാരായിരുന്നു. ഇത്തരക്കാരെ മുഴുവൻ
രാജ്യത്തുനിന്നും ഒഴിവാക്കണമെന്നായിരുന്നു അവരുടെ ആവശ്യം.
ഇങ്ങിനെയുള്ളവരിൽ എല്ലാ മതക്കാരും ഉണ്ടായിരുന്നെങ്കിലും
വേട്ടയാടപ്പെട്ടത് മുസ്ലിം വീടുകളായിരുന്നു.
വർഷങ്ങൾ കഴിഞ്ഞ് അവർ എല്ലാറ്റിനും പരിഹാരം കണ്ടു. രണ്ടു
കെട്ട് ടിൻ ഷീറ്റുകൾ തന്ന് അവർ ഞങ്ങൾക്ക് കത്തിപ്പോയവക്ക് പകരം വീടുകൾ
തന്നു. എന്നെന്നേക്കുമായി അടർത്തിമാറ്റിയവര്‍ക്കു പകരമായി അയ്യായിരം രൂപ
തന്നു. ആരും വാങ്ങാതിരുന്നില്ല. എന്തും സഹിക്കാൻ ശേഷി ലഭിക്കുമ്പോൾ
എല്ലാം മറന്നുപോകാനും സാധിക്കു മായിരുന്നല്ലോ ..അതൊക്കെ കഴിഞ്ഞ്
എത്രകാലം. ഒളിച്ചുകഴിയുന്നവരായി വളർന്നു. ഒളിച്ചുകൊണ്ട്
തൊഴിലെടുത്തു..ഒളിച്ചുകൊണ്ട് വിവാഹം കഴിക്കുകയും കുട്ടുകളുണ്ടാകുകയും
അവരെ വളർത്തകയും ചെയ്തു. കണ്ണടക്കുമ്പോൾ ചുറ്റും ഇരുട്ടുണ്ടായി തീരുകയും
ആ ഇരുട്ട് തങ്ങളെ എല്ലാ കണ്ണുകളിൽ നിന്നും
രക്ഷപ്പെടുത്തിക്കൊള്ളുമെന്നും പരസ്പരം വിശ്വസിപ്പിച്ചു കൊണ്ടിരുന്ന
ഒരു കൂട്ടം മനുഷ്യർ. ബോർബോറി മാത്രമല്ല
അലിസിങ, ഖുലപതാർ, ബസുന്ധരി, ബദ്ഗുദ ബീൽ, ബദ്ഗുദ ഹബി, ബൊർജോല, ബുട്ടുണി,
ഇന്ദുർമാരി, മാടി പാർബത്, മാടി പാർബത്, മുളധരി, സിൽഫേറ്റ, നെല്ലി
ഗ്രാമങ്ങളിലെല്ലാം അനാഥരാക്കപ്പെട്ടവരും അവരുടെ പിൻമുറക്കാരും തിളക്കുന്ന
മണ്ണിന്റെ മുകളിൽ ഒളിച്ചു പാർത്തു.
ഇതിനു മുന്നെ നടന്ന ട്രിബൂണലുകൾ രാജ്
ഗുധവയിലായിരുന്നു. ഒാരോന്നിനും എഴുപതു കിലോമീറ്റർ അകലത്തേക്ക്
കുട്ടികളെയും ചുമന്ന് പോകണമായിരുന്നു. പക്ഷേ മോറിഗവോണിൽ ജനിച്ചു
ജീവിച്ചവർക്ക് ഇതൊരു ദൂരമേയല്ല. ഈ ദൂരങ്ങളൊന്നും സഞ്ചരിച്ചിട്ടും അവരിൽ
പലരും സ്വന്തം രാജ്യത്തിന്റെ അതിർത്തികളിൽ എത്തുന്നുമില്ല. ഈ ജീവിതം
കൊണ്ട് വീട്ടാവുന്നതിലേറെ പണം കടം വാങ്ങി രാജ്യം വാങ്ങുന്നവർ. തനിക്കു
തന്നെ ഇപ്പോൾ എത്ര കടമുണ്ട്. ഒരു ലക്ഷമായിക്കാണും. പത്ത് ശതമാനം
പലിശകൊടുത്തു വീട്ടേണ്ട ആ കടത്തിന് ഒരു രാജ്യത്തിന്റെ തന്നെ വിലയുണ്ട്.
രാജ് ഗുധവയിലെ മൂന്നാമത്തെ സിറ്റിങ്ങിലാണ് രേഖകൾ പരിശോധിച്ച്
തനിക്കും ഭാര്യക്കും പൗരത്വം ലഭിച്ചത്. അപ്പോളാണ് മറ്റൊരു കാര്യം
ശ്രദ്ധിക്കുന്നത്. കുട്ടികൾക്ക് പൗരത്വമില്ലെന്നാണ് രേഖ. കുട്ടികളുടെ
സ്കൂൾ രേഖകൾ കൊടുത്തിരുന്നെങ്കിലും കുട്ടികള്‍ക്ക് പൗരത്വം
നൽകാനാവില്ലെന്ന് ട്രിബൂണലിലെ ഉദ്യോഗസ്ഥർ പറഞ്ഞു. കാരണം ചോദിച്ചാൽ
തങ്ങളുടെ അനുവദിച്ച രേഖ കൂടി തള്ളുമെന്ന് പറഞ്ഞ് അയാൾ ചിരിക്കുമ്പോൾ
ചെവിയിൽ പെരുമ്പറകൾ മുഴങ്ങി. ആരോ നിലവിളിക്കുന്നപോലെയും ചുറ്റും തീ
പരക്കുന്നപോലെയും തോന്നി.
പിന്നീട് കുട്ടികളെ അന്വേഷിച്ച്
അതിർത്തി പൊലീസ് വീട്ടിലെത്തുന്നത് പതിവായി . രേഖകൾ തെളിയിച്ചില്ലെങ്കിൽ
ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തുമ്പോൾ കുട്ടികൾ പൊട്ടിക്കരഞ്ഞു. രാജ്
ഗുധവയിൽ നിന്നും കേസ് ബഗുലപാറയിലേക്ക് മാറ്റി. കുട്ടികൾ പഠിച്ചിരുന്ന
സ്കൂളിലെ അധ്യാപകരുടെ സാക്ഷ്യപത്രങ്ങൾ, ഗ്രാമത്തിലെ ഇതേ പ്രായത്തിലെ
മറ്റു കുട്ടികള്‍ക്ക് പൗരത്വം ലഭിച്ചതിന്റെ രേഖകൾ എന്നിവയെല്ലാം
സംഘടിപ്പിച്ചിട്ടുള്ളതിനാൽ ഇപ്രാവശ്യം കേസ് ജയിക്കുമെന്നാണ് വിശ്വാസവും.
കെട്ടിടത്തിന് മുന്നിൽ വലിയ വരി
ഉണ്ടായിരുന്നു. ആയിരമോ രണ്ടായിരമോ ആളുകൾ. കൂടുതൽ സ്ത്രീകളാണ്. വരികളിൽ
നിന്നു കാലുകഴക്കുമ്പോൾ ആളുകൾ വെറും നിലത്ത് കുന്തിച്ചിരിക്കും. അപ്പോൾ
നിൽക്കുന്നവരുടെ നിഴലുകൾ ഇരിക്കുന്നവർക്ക് ചെറിയ തണൽ നൽകും. തങ്ങളുടെ
ഊഴമെത്തി.
സെമീമ ബീഗം, നെർജുൽ ഇസ്ലാം
പേരുവിളിച്ചപ്പോൾ ഉള്ളിലേക്ക് കയറിച്ചെന്നു. കറുത്ത കോട്ടിട്ട ട്രിബൂണൽ
ഉദ്യോസ്ഥന്മാർ. വിധി പറയുന്ന ജഡ്ജി. വക്കീലിനെ ഏർപ്പാടാക്കിയിട്ടു
ണ്ടെങ്കിൽ ചോദ്യങ്ങൾക്ക് ഉത്തരം പറയാനും രേഖകൾ കാണിക്കാനു മൊക്കെ അയാൾ
എഴുന്നേൽക്കും. .തങ്ങൾക്കു വേണ്ടി വാദിക്കാൻ ദൈവം മാത്രമേ
ഉണ്ടായിരുന്നുള്ളൂ..അദ്ദേഹമാകട്
അവധിയിലുമായിരിക്കും.
കുട്ടികൾ സ്കൂളിൽ പഠിച്ച രേഖ ആർക്കും ഉണ്ടാക്കാവുന്നതാണെന്ന്
വാദിക്കുമ്പോൾ അയാളുടെ ചിരിയിൽ നാവു നീട്ടി വരുന്ന ഒരു
ചെന്നായുടേതായിരുന്നു,,
മറ്റു കുട്ടികൾക്ക് പൗരത്വം കിട്ടിയിട്ടുണ്ടെന്നത് നിങ്ങൾക്ക് തരാനുള്ള
യോഗ്യതയല്ല. ഈ രേഖ നിങ്ങൾ ഹാജരാക്കിയ സ്ഥിതിക്ക് അവരുടെ വിധി കൂടി പുന
പരിശോധിക്കേണ്ടതുണ്ട്...
മറ്റിരകളെക്കൂടി കണ്ട സന്തോഷത്തിൽ അയാളുടെ ചെങ്കണ്ണുകൾ കൂടുതൽ തിളങ്ങി.
നിങ്ങൾ വിവാഹിതരായി എന്നു പറയുന്നത് പോലും കുട്ടികൾ നിങ്ങളുടെതാണെന്നതിന്
തെളിവല്ല. ഇക്കാലത്ത് ആർക്കാണ് ഒരു ഡോക്ടറെ സ്വാധീനിച്ച് ഒരു ജനന
സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാൻ സാധിക്കാത്തത്. വിവാഹിതരാകാതെയും
കുട്ടികളുണ്ടാകാം..ദത്തെടുക്കാം
വരാം..നിങ്ങളുടെ വംശം അതിനു മടിക്കാത്തവരുമാണല്ലോ.. നോക്കൂ ഇതു പോലെ ഊരും
പേരുമില്ലാത്തവർ കടന്നു വന്നാണ് നമ്മുടെ ചരിത്രം പോലും ഇങ്ങിനെയായത്.
വന്നവർ എന്താണ് ചെയ്തത്. ഇവിടത്തെ രാജാക്കന്മാരെ കീഴടക്കി. അവരുടെ
സ്വത്തുക്കൾ കൊള്ളയടിച്ചു. അവരുടെ സ്ത്രീകളെ കൈവശമാക്കി മതം മാറ്റി
..അതിന്റെ പിൻമുറക്കാരാണ് നിങ്ങൾ.. ലോകത്തിൽ മറ്റൊരു സ്ഥലത്തും ഇതേ പോലെ
കുട്ടികൾ ജനിക്കുന്നില്ല. അത്രക്കധികം നിങ്ങൾ പെരുകുന്നു. ഒരിക്കൽ നിങ്ങൾ
എണ്ണത്തിൽ കൂടിക്കഴിഞ്ഞാൽ നിങ്ങള്‍ ഇവിടം പിടിച്ചടക്കില്ലെന്ന് ആരു
കണ്ടു. അതു കൊണ്ട് പറയുന്നു. കുട്ടികള്‍ക്ക് പൗരത്വം നൽകാനാവില്ല.
അതില്ലാത്തതിനാൽ അവർ ഇന്ത്യാക്കാരല്ല...ഒന്നുകിൽ രാജ്യം വിട്ടു പോകാം
..അല്ലെങ്കിൽ ജയിലിൽ...
സാർ ഞങ്ങൾ ജനിച്ചതിവിടെയാണ്...ഞങ്ങളുടെ കുട്ടികളാണവർ. ഇവിടെത്തന്നെ
ജനിച്ചവർ, ഇത്രകാലം വളർന്നവർ. അവരെങ്ങനെ പെട്ടെന്നൊരു ദിവസം
ഇന്ത്യാക്കാരല്ലാതാകും..ഞങ്ങളെക്കൂ
താങ്കളുടെ പേരന്താണ്..?
മോമോൻ ഉദ്ദീൻ
താങ്കൾ പൗരത്വം ലഭിച്ച രേഖ കൊണ്ടു വന്നിട്ടുണ്ടോ?
ഇല്ല..
അതു നന്നായി. അല്ലെങ്കിൽ രാജ്യ ദ്രോഹം പറഞ്ഞതിന് അത് ഞാനിപ്പോൾ ക്യാൻസൽ
ചെയ്യുമായിരുന്നു. ഇത് നിങ്ങളുടെ അവസാന അവസരമാണെന്ന് അറിയാമല്ലോ..
കശാപ്പുകാരൻ ഉരുക്കളെ ശ്രദ്ധാപൂർവം നോക്കി.
രണ്ടു വർഷം കഴിഞ്ഞാൽ ബീഗവും കല്യാണം കഴിഞ്ഞു പോകും. പിന്നെയും
കുട്ടികളായി. അവർക്കും ഈ രാജ്യത്ത് പൗരത്വം കൊടുക്കേണ്ട ബാധ്യതയായി.
വർഷങ്ങളേറെയായി രാജ്യം ഈ വിഴുപ്പു ചുമക്കാൻ തുടങ്ങിയിട്ട്...
അയാളുടെ ഒപ്പമുണ്ടായിരുന്ന ആളുകളുടെ നോട്ടവും തന്നിലേക്കാണെന്നറിഞ്ഞപ്പോൾ
സെമീമ ചൂളിപ്പോയി. തടിച്ച പുസ്തകത്തിൽ എഴുതിക്കൊണ്ടിരുന്ന ആൾ ഒന്ന്
തലയുയയർത്തി..പിന്നെ പറഞ്ഞു..
താഴെ ട്രീബൂണൽ വിധിച്ച വിധിയിൽ മാറ്റമില്ലെന്ന് ഈ സിറ്റിങ്ങ്
കണ്ടെത്തുന്നു. എത്രയും പെട്ടെന്ന് തുടർ നടപടി കൈക്കൊള്ളാൻ വിധി
പൊലിസിന് കൈമാറുന്നു...
ഊഴം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ വരാന്തയിൽ പൊലീസുകാർ .എത്രയും
പെട്ടെന്ന് അവിടെനിന്ന് രക്ഷപ്പെടണമെന്നും ഇല്ലെങ്കിൽ ഇപ്പോൾ തന്നെ അവർ
കുട്ടികളെ പിടിച്ചുകൊണ്ടു പോകുമെന്നും തോന്നിയപ്പോൾ മാമൂൻ ഉദ്ദീൻ അവരെ
പൊതിഞ്ഞു പിടിച്ചു. ആരും കാണാതിരിക്കാനായി അയാൾ തന്റെ തന്നെ കണ്ണുകൾ
അടച്ച് ഇരുട്ടുണ്ടാക്കി. മുന്നിൽ വെളിച്ചമുണ്ടായിരുന്നില്ല. എങ്കിലും
അയാൾക്ക് സമാധാനം തോന്നി. ഇരുട്ടില്‍ നിന്ന് ഒരു ചോദ്യം മാമൂൻ ഉദ്ദീൻ
കേട്ടു.
നിങ്ങളൂടെ മക്കൾ തന്നെയല്ലേ ഞങ്ങൾ?
നെർജുൽ ഇസ്ലാം ദേഷ്യത്തിലായിരുന്നു.. പതിമൂന്ന് വയസ്സേ ആയിട്ടുള്ളൂ
എങ്കിലും അവന്റെ ശബ്ദം എത്ര കടുത്തതാണെന്ന് മാമോൻ ഉദ്ദീൻ ഉള്ളിലോർത്തു.
അപ്പോൾ കണ്ണു തുറന്നപ്പോൾ ഇരുട്ട് അകന്നുപോകുകയും വെളിച്ചം തങ്ങളെ
തുറന്നു കാട്ടുന്നതായും അയാൾ ഭയന്നു. തൂണുകളുടെ മറവിലൂടെ അയാളവരെ
പുറത്തേക്ക് നയിച്ചു.
കുട്ടികളുടെ ചോദ്യങ്ങൾക്ക് മുമ്പിൽ പകച്ചു നിൽക്കാം
എന്നല്ലാതെ എന്തു മറുപടിപറയാനാണ്..മാമോൻ ഭാര്യ നൂറുൽ നെഹറിനെ ദയനീയമായി
നോക്കി.
ഉമ്മാ..സെമീമ ബീഗം നൂറുൽ നെഹറിന്റെ വസത്രം പിടിച്ചുലച്ചു..
ഉമ്മായെങ്കിലും പറ..ഞങ്ങളീ മണ്ണിലല്ലേ ജനിച്ചത് ...എങ്ങിനെയാണ് ഞങ്ങളീ
നാട്ടുകാർ അല്ലതായത്...ഞങ്ങളെ എന്തിനാണുമ്മാ പെറ്റത്..?
പെരുമ്പറകൾ മുഴങ്ങുന്ന ശബ്ദം. വെടിയൊച്ചയും പുകയും
ഉയരുന്നു. ബോർബോറി അലിസിങ, ഖുലപതാർ, ബസുന്ധരി, ബദ്ഗുദ ബീൽ, ബദ്ഗുദ ഹബി,
ബൊർജോല, ബുട്ടുണി, ഇന്ദുർമാരി, മാടി പാർബത്, , മുളധരി, സിൽഫേറ്റ, നെല്ലി
എല്ലാറ്റിന്റെയും ഉള്ളിൽ പേടിച്ചരണ്ട കണ്ണുകൾ മാത്രം. എല്ലാ ഗ്രാമങ്ങളും
ഒന്നിച്ച് കത്തുന്നു. പാതി കത്തിയ ചിറകുകളുമായി ഈയാംപാറ്റകൾ അയാൾക്ക്
ചുറ്റും പാറി. അവ ആകാശം നിറഞ്ഞു. മേഘങ്ങളായി സൂര്യനെ മറച്ചു. ചിലവ അല്പ
ദൂരം കൊണ്ട് തളർന്നു വീണു..അവ മണ്ണു നിറഞ്ഞു. തലക്കു പിന്നിൽ ഒരടിയേറ്റ
പോലെ.
കണ്ണടക്കാതെയും ഇപ്പോൾ ഇരുട്ടുണ്ട്. മാമോൻ രണ്ടു
കുട്ടികളെയും ഭാര്യയേയും ചേർത്തു പിടിച്ചു. അയാളുടെ കണ്ണുനീർ അവരുടെ
കണ്ണീരു മായി കലർന്ന് ഒറ്റ നദിയായി ഒഴുകി..
ശിവപ്രസാദ് പാലോട്
No comments:
Post a Comment