kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Thursday, May 21, 2020

കാന്തക്കുട്ടി (ശാസ്ത്ര കഥ ശിവപ്രസാദ് പാലോട്)

കാന്തക്കുട്ടി 
(ശാസ്ത്ര കഥ ശിവപ്രസാദ് പാലോട്)


                 എന്തു ചെയ്യണമെന്ന് ഒരു രൂപവുമില്ലാതെ ഇരിക്കുകയാണ്
രാഘവൻ മാഷ്. പേരക്കുട്ടിയെ ചീത്ത പറഞ്ഞിട്ടോ അടിച്ചിട്ടോ എന്തു കാര്യം.
വെറും മൂന്നു വയസ്സുകാരൻ.പാവം കുട്ടി.അവനിതിന്റെ തൊന്തരവ് വല്ലതും
അറിയുമോ? സംഗതി പ്രശ്നാണ്..താക്കോലില്ലാതെ കാറ് എങ്ങിനെ പുറത്തെടുക്കും?
ആകെയുള്ള താക്കോലല്ലേ ആദിത്യൻ എടുത്തു കിണറ്റിലിട്ടത്. കിണറിലാണെങ്കിൽ
നിറച്ചുവെള്ളം നിൽക്കുന്നു. അടിച്ചു വറ്റിക്കാമെന്നു വച്ചാലും നടക്കുന്ന
കാര്യമല്ല..മഴക്കാലമല്ലേ..നല്ല ഉറവയുള്ള കിണറും.

ആദിത്യന് വലിയ ഭാവഭേദമൊന്നുമില്ല..

മുത്തശാ..താക്കോലിനി അമ്മ മോട്ടോർ അടിക്കുമ്പോ മുകളിലെ ടാങ്കിൽ പോയി
വീഴും..പിന്നെ നമുക്ക് താഴത്തെ പൈപ്പ് തിരിച്ചാ അതിലൂടെ താക്കോല്
കിട്ടില്ലേ..

        കിണറ്റിൽ കിടക്കുന്ന താക്കോൽ മോട്ടോർ വലിച്ചെടുത്ത് ടെറസിനു
മുകളിലെ ടാങ്കിൽ പോയി വീണ് പൈപ്പിലൂടെ താഴെ കിട്ടുന്ന പേരക്കുട്ടിയുടെ
നാനോ കെമിസ്ട്രി കലർന്ന ഉത്തരം രാഘവൻ മാഷിന്റെ തലയിലൂടെ ഒരു മിന്നായം
പോലെ കടന്നു പോയി. ഹൊ..ഈ കുട്ടികളുടെ ഒരു കാര്യം . മാഷ് കഷണ്ടി കയറിയ തല
രണ്ടുമൂന്നാവർത്തി അമർത്തി ഉഴിഞ്ഞു.

              താക്കോൽ എങ്ങിനെ എടുക്കും..?
വീട്ടിലെല്ലാരും തലപുകഞ്ഞ് ആലോചനയിലായി. എത്തും പിടിയുമില്ലാത്ത
ആശയങ്ങൾക്കൊടുവിൽ പാതാളക്കരണ്ടി കൊണ്ട് പണ്ട് കിണറ്റിൽ വീണ സ്വർണമാല
എടുത്ത പുരാണ കഥ മുത്തശി  ആലോചനാസമിതി മുന്നാകെ പങ്കുവച്ചു..

അതിനിപ്പോ ഇക്കാലത്ത് എവിടെക്കിട്ടാനാ പാതാളക്കരണ്ടി?

പാതാളക്കരണ്ടി വച്ചാ എന്താ മുത്തശാ

പാതാളക്കരണ്ടിയും കിണറ്റിൽ പെട്ടാലോ.. അപ്പോ എങ്ങിനെയാ എടുക്ക്വാ മുത്തശാ

ചർച്ച മുറുകുകയാണ്..അപ്പോഴാണ് അരുൺ പടികയറി വരുന്നത്..കയ്യിൽ കുറെ പുസ്തകങ്ങൾ.

മാഷേ..എന്താ എല്ലാരും വല്യ ആലോചനയിലാണല്ലോ..എന്താ കാര്യം..

അതൊരു മുടിഞ്ഞ പ്രശ്നാണ് അരുണേ..ഒന്നും പറയണ്ട..പേരക്കുട്ടി ഒപ്പിച്ച
കുസൃതിയാ പെട്ടുപോയെന്ന് പറഞ്ഞാ മതിയല്ലോ..ആട്ടെ അരുൺ എന്താ വന്നത്..

മാഷേ..ഞാൻ വന്നത് മാഷ്ക്ക്  ഈ പുസ്തകങ്ങൾ പരിചയപ്പെടുത്താനാ..പിന്നെ
ഇവിടെത്തെ യുറീക്കയുടെ വരിസംഖ്യ പുതുക്കാനും ആയിട്ടുണ്ട്..

ആഹാ..അതു നന്നായി ..അരുണ്‍ പുസ്തകങ്ങൾ കാണിക്കൂ..

അതു നിൽക്കട്ടെ മാഷെ..സമയമുണ്ടല്ലോ..ആദ്യം നിങ്ങളുടെ പ്രശ്നം എന്താണെന്ന്
പറ..മാഷിന്റെ മുഖം കണ്ട് എന്തോ മുടിഞ്ഞ ഇടവാടാണ്..

അതേ അരുണേ..കുടുങ്ങീന്ന് പറഞ്ഞാ മതീലോ,,കാറിന്റെ താക്കോൽ ഈ
വികൃതിക്കുട്ടി എടുത്ത് ദാ ഈ കിണറ്റിൽ ഇട്ടു..ആകെ ഒറ്റത്താക്കോലേ ഉള്ളൂ.
കിണറാണെങ്കിൽ നിറഞ്ഞു കിടക്കുകയും ..ഇനി ഇപ്പോ ഒറ്റ വഴിയേ ഉള്ളൂ..വർക്ക്
ഷാപ്പിൽ നിന്നും ആളെ കൊണ്ടു വരണം..


അയ്യോ..അപ്പോ അതാണ് പ്രശ്നം..

അരുൺ കിണറിന്റെ ചുറ്റും കളവു പിടിക്കാൻ വന്ന പൊലീസുകാരനെ പോലെ
അന്വേഷണഭാവത്തില്‍ നടന്നു.

അതേയ് മാഷേ..മാഷല്ലേ എന്നെ ആറാം ക്ളാസില് സയൻസ് പഠിപ്പിച്ചത്

അതേന്നാണ് എന്റെ ഒാർമ..അതെന്താ ഇപ്പോ ഒാർക്കാൻ..

അതൊക്കെ ഉണ്ട് മാഷേ..താക്കോൽ ഞാൻ എടുത്തുതരാം. അതിനു മുമ്പ് ഈ വീടും
പരിസരവും എനിക്കൊന്ന് പരിശോധിക്കണം..

ആവാലോ..അരുണിന് ഈ വീട്ടിലെവിടെയും പരിശോധിക്കാം..പണ്ടും പഠിക്കുന്ന
കാലത്ത് നീ ഇവിടെ എത്ര ചുറ്റിനടന്നതാ..

അരുൺ വീടിനു ചുറ്റും നടന്നു തുടങ്ങി..വീട്ടുകാർ പിറകേയും..വർക്ക്
ഏരിയായും സ്റ്റോർ മുറിയും അരിച്ചുപെറുക്കി പരിശോധിച്ചു..അവസാനം
പഴയസാധനങ്ങൾ കയറ്റിയിടുന്ന റാക്കിലായി തിരച്ചിൽ..

കിണറ്റിൽ വീണ താക്കോൽ ഇവനെന്താ വീട്ടിനുള്ളിൽ തിരയുന്നത്..മൊത്തത്തിൽ
ഒരു വശപ്പിശക് ..ഇനി പണ്ട് ആറാം ക്ളാസിൽ പഠിപ്പിക്കുമ്പോൾ കുന്തം പോയാ
കുടത്തിലും തപ്പണം എന്നതെങ്ങാനും താനിവന് ഇമ്പോസിഷൻ
കൊടുത്തിട്ടുണ്ടാകുമോ..

യുറേക്കാ..യുറേക്കാ

റാക്കിൽ നിന്ന് കേടുവന്നു മൂലക്കിട്ട റേഡിയോയുടെ സ്പീക്കർ കയ്യിലെടുത്ത്
നിൽക്കുകയാണ് അരുൺ..

അരുൺ സ്പീക്കറിൽ നിന്ന് കാന്തം ശ്രദ്ധാപൂർവം അടർത്തിയെടുത്തു.

മാഷേ പണ്ട് മാഷാണ് ആറാം ക്ളാസിൽ കാന്തത്തെ പറ്റി പഠിപ്പിച്ചത്..ആദ്യം
കാന്തം കാണിച്ചു തന്നത്..
അരുണിന്റെ കണ്ണിൽ ഒരു ആറാം ക്ളാസ് തിളക്കം മാഷ് കണ്ടു..

എന്നാലും അരുൺ താക്കോലും കാന്തവും തമ്മിലുള്ള ബന്ധം..?

ഒാ എന്റെ മാഷേ..കാന്തികവസ്തുക്കളും അകാന്തിക വസ്തുക്കളും പറഞ്ഞു തന്നത്
മാഷു തന്നെ അല്ലേ..നമുക്ക് കിണറിനടുത്തേക്ക് പോകാം..

കപ്പിയുടെ കയർ അഴിച്ചെടുത്തു.

ഇവനിനി കിണറിൽ ഇറങ്ങാനുള്ള പുറപ്പാട് വല്ലതുമാണോ..മാഷ് ആലോചിക്കാതെ ഇരുന്നില്ല..

കാന്തം കയറിന്റെ തലപ്പത്ത് മുറുക്കിക്കെട്ടി. വലിച്ച് ബലം
ഉറപ്പാക്കി..എല്ലാവരും കിണറിന് വട്ടം കൂടി.

ഇനിയാണ് മാഷേ സൂത്രം. നമുക്ക് ഈ കാന്തത്തെ കിണറ്റിലേക്ക്
ഇറക്കാം..താക്കോൽ ഇരുമ്പല്ലേ..അപ്പോ കാന്തത്തിൽ ഒട്ടിപ്പിടിക്കും.അപ്പോ
നമുക്ക് മുകളിലേക്ക് വലിച്ചെടുക്കാം..

അമ്പടാ...കാന്തം കൊണ്ട് താക്കോലിനെ പിടിക്കാനാ പരിപാടി..

അതേ മാഷേ. കാന്തച്ചൂണ്ട..താക്കോമീൻ കൊത്തും തീർച്ച..പണ്ട് ഒരു കാന്തം
നൂലിൽ കെട്ടി ബീക്കറിലെ വെള്ളത്തിലിട്ട ഇരുമ്പുകഷണം മാഷ് എടുത്തു
കാണിച്ചില്ലേ ..അതേ സൂത്രം..

അയ്യോ...ഞാനത് ഒാർത്തില്ല അരുണേ..മാഷ് മൂക്കത്ത് വിരൽ വച്ചു.

കാന്തത്തെ കിണറ്റിലേക്ക് ഇറക്കി അരുൺ കയറിനെ എല്ലാ ഭാഗത്തേക്കും കുറെ തവണ
ചലിപ്പിച്ചു..പിന്നെ സാവധാനം മുകളിലേക്ക് ഉയർത്തി.എല്ലാവരും
ആകാംക്ഷയിലായി

കാന്തം വെള്ളത്തിന് മുകളിലെത്തി. എല്ലാരും അതിനു ചുറ്റും കൂടി..

ആഹാ എന്തൊക്കെ സാധനങ്ങളാ..രണ്ടു സ്പൂൺ..നാണയങ്ങൾ,
കമ്പിക്കഷണം..കൂട്ടത്തിലിതാ മാഷിന്റെ കാറിന്റെ താക്കോലും ഇതൊക്കെ
ആദിത്യന്റെ സംഭാവനയാണല്ലേ...

ആദിത്യന് നാണമായി ..അവൻ അമ്മയുടെ സാരിയിൽ ഒളിച്ചുനിന്നുകൊണ്ട് ചോദിച്ചു..

മാമാ..ആ കാന്തക്കട്ട എനിക്ക് തര്വോ..

എന്തിനാ കിണറ്റിൽ ഇടാനാണോ..

അല്ല ഇനി ഉണ്ണി എന്തെങ്കിലും ഇട്ടാ മുത്തശന് കാന്തക്കട്ടേം കൊണ്ട് എടുക്കാലോ..

നീയൊരു കാന്തക്കുട്ടി തന്നെ ആണല്ലോ..

ആദിത്യന്റെ കവിളിൽ ഒന്നു തലോടി അരുൺ കാന്തം അവന്റെ കൈവെള്ളയിൽ വച്ചുകൊടുത്തു.


ശിവപ്രസാദ് പാലോട്

No comments:

Post a Comment