പിള്ളേർ ഞങ്ങളഞ്ചെട്ടുപേർ
നാടു കാണാൻ പോയി
തെരുവു തോറും നാട്ടാരെല്ലാം
ജാഥയായി നടപ്പൂ
നമ്മളെല്ലാം ഒറ്റയമ്മ
ചോരയൊന്നേയൊഴുകുന്നു
നമ്മിലൂടെയെന്നും
ഉണ്ടു പല ഭാഷ നമ്മുടെ
തൊണ്ടകളിലെങ്കിലും
ദേശമെന്നയൊറ്റ ഭാഷ
പേശി വന്നോരാണു നാം
ഉണ്ടു പല വേഷ മങ്ങിനെ
പല നാട്ടിലായി
ഉടുപ്പിനുള്ളിൽ നമ്മൾ
പച്ച മനുഷ്യരെന്ന വേഷം
ജാഥ കണ്ടു നിൽക്കെ
കേട്ടു നിൽക്കെ
തൊണ്ട പൊട്ടുമാറുച്ചത്തിൽ
നമ്മൾ ദേശപ്പാട്ടു പാടി
കോരിത്തരിച്ചു മണ്ണിൽനിൽക്കേ
ചീറി വന്നു മുരണ്ടു നിന്നൂ
നാലു ദിക്കിൽ നിന്നും
ലാത്തി നീട്ടി
തോക്കു നീട്ടി
പത്തു പട്ടാളവണ്ടി
അവരടിച്ച കണ്ണീർവാതകത്തിന്നെരിവിനെ
നാം പൊഴിച്ച കണ്ണീർദ്രാവകം കൊണ്ടൊതുക്കി
നമ്മളൊറ്റയൊച്ചയിൽ
വിളിച്ച രാജ്യ നാമം
അവരലറും ഒച്ചയെല്ലാം
അതിലല്ലോ മുങ്ങി
വയ്ക്കു വെടി വയ്ക്കൂ വെടി
മൂത്തയേമാനലറി
കേട്ടുനിന്ന തോക്കു കൂട്ടം
കാഞ്ചി നൂറും ഞെക്കി
നാടുകാണാൻ പോയ ഞങ്ങൾ
പിള്ളേരെട്ടു പേരും
നെഞ്ചു കൂട്ടിൽ പൂത്തു നിന്ന
തീയിലൊട്ടു തൊട്ടു
കുഞ്ഞുറോസാപ്പൂവെടുത്ത്
കുഴലിലേക്ക് നീട്ടി
ഉണ്ടയായ ഉണ്ടയൊക്കെ
പൂവിൽ വന്നുമുട്ടി
കുഞ്ഞുറോസാപ്പൂവിനൊപ്പം
വേറൊരു പൂവായി
തോക്കുകളിൽ നിന്നൊരു
പൂന്തോട്ടം വന്നുലഞ്ഞു
തോറ്റുപോയ തോക്കു കൂട്ടം
ഞെട്ടലോടെ നിന്നു
മൂത്തയേമാൻ മൂക്കു കൊണ്ട്
ക്ഷ, ഞ്ഞ വരച്ചു
ഞെട്ടൽവിട്ട തോക്കു കൂട്ടം
പുഞ്ചിരിപ്പൂ തൂവി
പൂവെടുത്ത് അരുമയോടെ
നെഞ്ചിലേക്ക് ചേർത്തു
പിള്ളേർ ഞങ്ങളെട്ടു പേരും
ഒട്ടു വട്ടം നിന്നു
തോക്കു കൂട്ടം കൂട്ടുകൂടി
കളിവട്ടം തീർത്തു
പൂ പറിക്കാൻ പോരുമോ
പോരണം അതിരാവിലെ
ആരെ നിങ്ങൾക്കാവശ്യം
ആവശ്യം അതിരാവിലെ
നമ്മെ നമ്മൾക്കാവശ്യം
നമ്മെ നമ്മൾക്കാവശ്യം
നമ്മെ നമ്മൾക്കാവശ്യം
ഈ കെട്ട കാലം താണ്ടുവാൻ
*ശിവപ്രസാദ് പാലോട്*
No comments:
Post a Comment