ഭ്രാന്തി വൃത്തം*
ക്ലോക്ക് ആറുവട്ടം
ദയനീയമായി നിലവിളിച്ചപ്പോൾ
ആറുമണിയായിപ്പോയതാണ്
തിരിഞ്ഞു നോക്കുമ്പോൾ
സമയമില്ല
ക്ലോക്കില്ല
ചുവരിലെ ആണിപ്പാടിൽ നിന്ന്
അപ്പോൾ കിനിഞ്ഞിഴയുന്ന പാമ്പ്
മൂലക്കു നിന്ന്
ചൂലെടുത്തു
മുറ്റം തൂത്തുവാരണം
ഓർമ്മയുടെ കരിയിലകൾ
ഇന്നലെകൾ പൊഴിച്ചിട്ട ഉറകൾ
അടിവയർ കൊളുത്തുമ്പോൾ
ചൂൽത്തല
വിടർന്ന് പീലിയാട്ടുന്ന മയിൽ,
ചൂൽപ്പിടി
ഒരു കെട്ടു വടികൾ
മുറ്റമടിക്കാൻ നോക്കുമ്പോൾ
ചൂലില്ല,
കൈപ്പത്തി നീണ്ട്
ഈർക്കിലകളായി പിരിഞ്ഞ്
നിലത്തുരയുന്ന
കടുതാളം
പിന്നെ മുറ്റമില്ല
വേലിയേറ്റം
ചൂലില്ല
കൈകളില്ല
മുറ്റമില്ല
വീടില്ല
ക്ലോക്കില്ല
ആറു മണിയില്ല
ഞാനില്ല
രാവിലെയെന്നൊന്നില്ല
ഉണർച്ചയെന്നൊന്നില്ല
ഇപ്പോൾ
ചോരയുടെ വൃഷ്ടിപ്രദേശം
ഒരു ചെമ്പരത്തിപ്പൂ,
കണ്ണിമകൾ മൂടി
ഇളനിലാവ്
No comments:
Post a Comment