അങ്ങനെയിരിക്കെ
അന്ധനായ മഹാരാജാവിന്
അശ്വമേധം നടത്തണമെന്നാശ,
ജന്മനാ അന്ധനായ
മന്ത്രിയോടാലോചിച്ചു
കണ്ണടച്ചുകെട്ടിയ
അന്തപ്പുരത്തിനോടും
കണ്ണുകൾ കുത്തിപ്പൊട്ടിച്ച
ദർബാറിലും ചോദിച്ചു
തിമിരം അലങ്കാരമായ
സർവ്വ സൈന്യാധിപനോട് കല്പിച്ചു
ലായം സൂക്ഷിപ്പുകാരന്റെ
കെട്ട കണ്ണിലേക്ക് വിവരം പോയി
കൂട്ടത്തിൽ കരുത്തനും
തികച്ചും അന്ധനുമായ
കുതിരക്കാണ് ഊഴം
നഗരവീഥികളിൽ
അഴുക്കു കെട്ടിയ പ്രാന്തങ്ങളിൽ
അടുപ്പു പുകയാത്ത
ഗ്രാമാന്തരങ്ങളിൽ
മൃഗം പാഞ്ഞു നടന്നു
ജനം മൃഗത്തെ
നോട്ടം കൊണ്ട് നിശ്ചലമാക്കി
ശ്വാസം കൊണ്ട് ബന്ധിച്ചു
വിയർപ്പിന്റെ, കണ്ണീരിന്റെ
കടലിൽ മുക്കി
അതൊരു കഴുതയായിരുന്നു
ലായം സൂക്ഷിപ്പുകാരന്റെ
ദൃഷ്ടിദോഷം,,,
*ശിവപ്രസാദ് പാലോട്*
No comments:
Post a Comment