എല്ലാകളികളും
വെളിച്ചം പോലെ മടുത്തപ്പോളാണ്
ഞങ്ങൾ ഇരുട്ടുണ്ടാക്കിക്കളി
കണ്ടു പിടിച്ചത്
ആദ്യം
പൊഴിഞ്ഞ രണ്ടിലകൾ ചേർത്തുവച്ചപ്പോൾ
അതിനിടയിലേക്ക്
കണ്ണു ചുളിച്ചു നോക്കി
നീ ഇരുണ്ടു
നോക്ക് ഒരു കുഞ്ഞിയിരുട്ട്
നോക്ക് വെളിച്ചം
അതിന്റെ
പാൽപ്പല്ലുകൾ
പുഴങ്ങി വീണ
രണ്ടു മരങ്ങൾക്കിടയിൽ നിന്ന്
ഒളിച്ചുകളിക്കുന്ന
രണ്ടിരുട്ടിനെക്കിട്ടി
കണ്ണിൽ വീണ കരടിൽ
ഒരിരുട്ട് നീറുമ്പോൾ
പാവാടത്തുമ്പുകൊണ്ട്
കരടെടുക്കുന്ന മറ്റൊരിരുട്ട്
പാലത്തിന് താഴെ
പുഴയൊരിരുട്ട്
നിന്നിൽ മുഖമാഴ്ത്തുന്നിടത്തൊക്കെ ,
ഇരുട്ടുമണക്കുന്നു
തിരകളെ വടിച്ചു മാറ്റിയപ്പോൾ
പുളിച്ചു കിടന്ന കടലിരുട്ട്
കുളിച്ചു കയറുമ്പോൾ
ഉടുമുണ്ടുകൊണ്ട
തുവർത്തുന്നത്ര കാറ്റാണിപ്പോൾ ഇരുട്ട്
നിവർത്തിയ കുടക്ക് താഴെ
ആയാസപ്പെട്ട് തമ്മിൽ
കുടിച്ചുവറ്റിക്കുന്ന
ഇരുട്ടുചുണ്ടുകൾ
കടി കൂടുന്ന വെളുത്ത പൂച്ചകൾ
മാന്തുന്നിടത്തൊക്കെ
കിനിഞ്ഞു വരുന്നയിരുട്ടിൽ
കറുത്തു പോകുന്നു
തോക്കിൽ നിന്നും പാഞ്ഞു പോകുന്ന ഇരുട്ടുണ്ട
ഈ നിമിഷം വരെയുള്ള
സൂര്യനെ കടന്നു പോവുമ്പോൾ
അവസാനത്തെ പ്രതീക്ഷയും
ആത്മഹത്യ ചെയ്യുന്നു
എല്ലാ വെളിച്ചത്തേയും
വലിച്ചെടുക്കുന്ന തമോഗർത്തമാക്കുന്ന
കളിക്കൊടുവിൽ
നക്ഷത്രങ്ങളെ, നിലാവിനെ ഊതിക്കെടുത്തി
വാ പൊളിച്ച്
കുറ്റാക്കുറ്റിയിരുട്ട്
തുപ്പി വരുന്ന ആകാശം
പതുക്കെ അത് നിന്റെ
കെട്ടഴിഞ്ഞ മുടിയാവുന്നു
ഞാനതിന്റെ മോഹാലസ്യങ്ങളിൽ
പിന്നെയും പിന്നെയും
ഇരുട്ടാവുന്നു,,,
*ശിവപ്രസാദ് പാലോട്*
No comments:
Post a Comment