kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Saturday, May 16, 2020

കുടം സഞ്ചി, കുപ്പി പരാധീനങ്ങൾ*



കുടം സഞ്ചി, കുപ്പി പരാധീനങ്ങൾ*



വെള്ളമില്ലായിരുന്നു
കിണറ്റിൻകരയിൽ
പൈപ്പിൻ ചുവട്ടിൽ,
ഗർഭിണിയെപ്പോലെ
പതുക്കെ വരുന്ന
ടാങ്കറിനെക്കാത്ത്
കുടങ്ങളുടെ
വരിയായിരുന്നു,

അരിയില്ലാഞ്ഞ്
കടക്കു പിന്നിൽ
വരി നിന്നു സഞ്ചികളും

ആളുകൂടിയതിനാൽ
അകലമില്ലാത്തതിനാൽ
കുടങ്ങളെയും സഞ്ചികളെയും
അടിച്ചോടിച്ചു
ഞണുങ്ങിയയിടം തിരുമ്മി
കീറിയേടം പൊത്തി
അവ പല വഴിക്ക് പ്രാകി

മദ്യമില്ലായിരുന്നു,
മൊത്തവും
ചില്ലറയും
നിന്നു കുടിക്കാനും
ഇരിക്കാനും കിടക്കാനും
കുപ്പികൾ ഒട്ടിക്കൊണ്ട്
ക്യൂ നിന്നു
ചരിഞ്ഞു, മറിഞ്ഞു
ഒലിച്ചു,
കുപ്പികളെ ആരും അടിച്ചോടിച്ചില്ല
കുപ്പികളോട് അടിമത്തമുണ്ടത്രേ,,
കുപ്പിയില്ലാതെ ജീവിക്കാനാവില്ലത്രേ,,
കുപ്പികൾ പ്രശ്നമുണ്ടാക്കും
വാറ്റുകൂടും,,,
കുഴഞ്ഞ ശാസനങ്ങൾ

വെള്ളത്തിനോടാർക്കും
അരിയോടാർക്കും
ആസക്തിയില്ലല്ലോ
വെള്ളം കിട്ടാക്കഞ്ഞാരും
അരിയില്ലാഞ്ഞാരും മരിക്കില്ലല്ലോ,,

കുടം വാ പൊത്തി
സമാധാനിക്കാൻ ശ്രമിച്ചു

*ശിവപ്രസാദ് പാലോട്*

No comments:

Post a Comment