+++++
വരയാടിനെ കാണാൻ
ഇരവികുളം വരെ
പോകണമായിരുന്നു,,
ഇരയാടിനെക്കാണാൻ
അധികം ദൂരെപ്പോവേണ്ടി വന്നില്ല,,
വൈകിട്ട് വലിച്ചിഴച്ച്
കടക്കു മുമ്പിൽ കെട്ടിയിരുന്നു
മുന്നിൽ തൂക്കിയിട്ട പ്ലാച്ചില്ല
തൊട്ടിയിലെ കലക്കവെള്ളം
അത് തൊട്ടു നോക്കിയില്ല,,
നേരം വെളുത്തപ്പോൾ
കടക്കു മുമ്പിൽ
കൊറവ്,
കരൾ,
പിടുക്ക്,
പണ്ടം,
തല,
തലച്ചോറ്,
എല്ല്,
തോല്,
ചോര,
കാല്,
കയ്യ്
എന്നൊക്കെയായി
പിരിച്ചെഴുതപ്പെട്ട്
പല വഴിക്ക് പോയി
എൻ്റെ വീട്ടിലും വന്നു കാണും
അങ്ങനെ എനിക്ക് വയറ്റിലുണ്ടായി,
ഇരയാട്,,
ഇപ്പോളേത് പച്ചില കണ്ടാലും
വായിക്കാൻ തോന്നുന്നു,,
ഏതൊച്ച കേട്ടാലും
പേടിക്കാനും,,
വരയാടാകുന്നതിലും
എളുപ്പം
ഇരയാടാകുന്നതാണ്
No comments:
Post a Comment