kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Saturday, February 18, 2012

നടത്തം

നടത്തം 

രാവിലെ നടക്കാനിറങ്ങിയതാണ്
അയാളും ഞാനും,
വഴിയിലൊരു വീട്ടില്‍ 
മുറ്റമടിച്ചു നിന്ന
മയില്‍പേടയെ കണ്ട്,
ശംഖു പുഷ്പങ്ങള്‍
വിരിഞ്ഞു നിന്ന
നീളന്‍ കഴുത്തിനെ കുറിച്ചും
കാതര മിഴികളെകുറിച്ചും
ഞാന്‍ വാചാലനായപ്പോള്‍ ,
വായിലൂറിയ വെള്ളമിറക്കി
അയാള്‍ പറഞ്ഞത്
ഒത്ത ഒരു മയില്‍പേടയും
രണ്ടു കുപ്പിയും
മൂന്നോ നാലോ പേരും ചേര്‍ന്നാല്‍
നമുക്കൊരു മേളം ഉണ്ടാക്കാം
എന്നായിരുന്നു ..

ഇടക്കൊരു വേലിയില്‍
ഒരു കുല തെച്ചിപ്പൂ കണ്ട്,
സൂര്യനെ പ്രണയിച്ചത് കൊണ്ടാണ്
ഇത്ര ചുകന്നു പോയതെന്ന്
ഞാന്‍ പറഞ്ഞപ്പോള്‍ ,
ഇപ്പോഴും എവിടെയൊക്കെയോ
ഒറ്റപ്പെട്ടു പൂത്തു നില്‍ക്കുന്ന
ചോപ്പന്‍ കിനാവുകളെയാണ്
അയാള്‍ ഓര്‍മിപ്പിച്ചത് ...

ഇടതൂര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ
ചോരക്കട്ടയായി സൂര്യനെ
കാണാനുണ്ടായിരുന്നു ,
പ്രഭാതമായെന്ന് ഞാന്‍
മറ്റൊരിടത്ത് ഇപ്പോഴും
രാത്രിയായിരിക്കുമെന്നു അയാള്‍ ,

വൈദ്യത കമ്പിയില്‍
ഒട്ടിക്കരിഞ്ഞുപോയ
കടവാവലിനെ കണ്ടപ്പോള്‍
അയാള്‍,നിത്യ സംഭവമായ
പവര്‍ക്കട്ടിനെ പ്രാകി ..
ഞാനപ്പോള്‍ എന്നും കരിയാന്‍
വിധിക്കപ്പെട്ട കറുത്തവരെ പറ്റി
ഓര്‍ക്കുകയായിരുന്നു

ഇങ്ങിനെയോക്കെയാനെന്കിലും
കൊഴുപ്പും കൊളസ്ട്രോളും
ഷുഗറും പ്രഷറും
ഞങ്ങളെ ഒരുമിപ്പിച്ചത് കൊണ്ട്
ഒരു വഴിയില്‍
രണ്ടുവഴി തീര്‍ത്തും
ഒരേ ദിശയില്‍
എതിര്‍ ദിശ തീര്‍ത്തും
ഞങ്ങള്‍ നടത്തം തുടരുന്നു 


No comments:

Post a Comment