kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Friday, May 18, 2018

കുട്ടിയും കുതിരയും*


നാലു മണി നേരമായാൽ
ശനിയും ഞായറുമായാൽ
തിരിച്ചറിയുന്ന
ഒരു കുതിരക്കുട്ടിയുണ്ടായിരുന്നു
പാദസരത്തിന്റെ കൊഞ്ചലും
മൂളിപ്പാട്ടിന്റെ കിലുക്കവും
നീലക്കണ്ണുകളുടെ ആഴവും വരെ
തിരിച്ചറിയുന്ന സ്വപ്നക്കുതിര
കാർണിവൽ പറമ്പുകളിൽ നിന്നും
ചക്രത്തിലോടുന്ന
കുതിരകളിൽ കയറിയിട്ടാവണം
ബാലവാടികളിലെ
ചാഞ്ചാടുന്ന കുതിരയിൽ
ആടിയിട്ടാവണം
ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ
നിൽക്കും കുതിര എന്ന്
കഥകൾ കടം പറഞ്ഞതു കൊണ്ടാവണം
അവൾക്കാക്കാ കുതിരക്കുട്ടി ജീവനായിരുന്നതും
കൂട്ടുകാരി തന്ന ലഡുവിന്റെ പൊട്ട്
നാലുമണിപ്പലഹാരത്തിന്റെ പാതി
കയ്യിൽ വച്ചാണ്
കുതിര വാലു പോലെ മുടി കെട്ടി
അവളോടിയെത്തുന്നത്
പരിഭവങ്ങളുടെ ഒരു കടൽ
പകുത്തു വയ്ക്കാനായി
അവളെത്തുന്നതിനു മുമ്പേ
കുതിരക്കുട്ടി ഒളിച്ചുകളി
തുടങ്ങിക്കഴിഞ്ഞിരുന്നു
എന്നും ലായത്തിന്റെ വാതിൽപ്പിറകിലോ
പൊന്തക്കാടിലോ
ഒളിക്കുമായിരുന്ന അവളെ
എത്രയെളുപ്പത്തിലാണവൻ
പാവാടയിൽ കടിച്ച്
പുറം ലോകത്തേക്ക്
കൂട്ടിക്കൊണ്ടുവരാറുള്ളത്
ഇന്നെന്താണിങ്ങനെ
ഒരു മുന്നറിയിപ്പിന്റെ
ചിനപ്പുപോലുമില്ലാതെ
ഒറ്റക്കൊരാൾ ഒളിച്ചുകളിക്കാൻ പോകുന്നത്...
കുഞ്ഞിക്കുളമ്പുകൾ
തട്ടിയമർന്ന പുൽനാമ്പുകളിലൂടെ
ഏതേതു പൊന്തയാണ് ഇളകുന്നതെന്നും
തന്നെ കളിയാക്കുന്ന
കുതിര വാലിളകുന്നതെന്നും നോക്കി
അവൾ തിരയാൻ തുടങ്ങി
മരമേ
നീയെന്റെ ഓമനക്കുതിരയെ കണ്ടോ??
ചെടിയേ പൂവേ
നീയെന്റെ കള്ളൻ കുതിരയെക്കണ്ടോ??
നിഴലേ പോക്കുവെയിലേ
നിങ്ങളെന്റെ പുന്നാരക്കുതിരയെക്കണ്ടോ??
കണ്ടു പിടിച്ചു തന്നാൽ
ഞാൻ നിങ്ങൾക്കൊരായിരം
നക്ഷത്രങ്ങളെത്തരാം
കുട്ട നിറയെ പാട്ടുകൾ തരാം
അതുവരെ കാണാത്ത
മുഖങ്ങളുള്ള
കുറെ ജീവികൾ പൊടുന്നനേ
കാട്ടുവഴിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ
നിങ്ങളെന്റെ കുതിരയെക്കണ്ടോ???
ഒളിച്ചുകളിക്കുകയാണവൻ
കണ്ടു...
അവനീ കാട്ടിലേക്ക് കയറിപ്പോകുന്നു
മല കടന്നു പോകുന്നു
ആകാശം മുറിച്ചു പോകുന്നു
ഞങ്ങളവനെ കാണിച്ചു തന്നാൽ
ഞങ്ങൾക്കെന്തു തരും???
വളപ്പൊട്ടുകളുടെ
ഒരു കുന്നു തരാം
രണ്ടു കയ്യിലെയും കുപ്പിവളകൾ
കൂട്ടിമുട്ടിച്ച് അവൾ പറഞ്ഞു...
നടന്നു നടന്ന് കാട് കനത്തു
ദൂരെ കുടിലിപ്പോൾ
ഒരു പൊട്ടു പോലെ
അമ്മയുടെ വിളി
ഒരിലയനക്കം പോലെ
തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ
ഒപ്പം കൂടിയ ജീവികൾക്ക്
കൊമ്പു മുളച്ചു
നാവു നിണ്ടു
വിരലുകളിൽ നിന്ന്
നഖങ്ങളും
നാഭികളിൽ നിന്ന്
ഫണസർപ്പങ്ങളും
ഉയർന്നു വന്നു
സർപ്പങ്ങൾ പിളർനാവുകൊണ്ട്
ഊതി മയക്കിയപ്പോൾ
വിഷപ്പല്ലുകളിൽ നിന്ന്
രക്തത്തിലേക്ക് കാളിമ
നുരഞ്ഞൊലിച്ചപ്പോൾ
അസ്ഥികൾ ഞെരിഞ്ഞു
പൊട്ടിയപ്പോൾ
താഴ്വരയിലെ ഭൂതക്കൊട്ടാരങ്ങളെക്കുറിച്ച്
അമ്മ മടിയിലിരുത്തിപ്പറഞ്ഞുതന്ന
കഥകളിൽ അവൾ
ഭൂതങ്ങളുടെ മായാജാലങ്ങളെ
തോൽപ്പിച്ച്
കുതിരയെ അന്വേഷിച്ചു പോയ രാജകുമാരിയായി
ജീവികൾ കടിച്ചു കുടയുമ്പോൾ
പിഞ്ഞിപ്പോയ കുപ്പായത്തിൽ നിന്ന്
ഓരോ അവയവങ്ങളും
ഒഴുകിപ്പോകുമ്പോൾ
രക്തം പോലെ ചുവന്ന നദികളിൽ
പാറക്കെട്ടുകളിൽ
ചുഴികളിൽ
ശ്വാസമില്ലാതെ
മുങ്ങിപ്പൊങ്ങുമ്പോൾ
എല്ലാം സ്വപ്നമാണെന്ന്
സമാധാനപ്പെട്ട്
വേദനയുടെ വൻകരകളിലെല്ലാം
അവൾ കുതിരക്കുട്ടിയെ
തിരഞ്ഞു കൊണ്ടിരുന്നു
സ്വപ്നത്തിന്റെ ഒടുക്കം
മേഘങ്ങൾക്കു മീതേ
മാലാഖമാർക്കിടയിൽ
കുതിരക്കുട്ടി ഒളിച്ചു നിൽക്കുന്നതും
മാലാഖമാരുടെ
ചിറകു കുപ്പായങ്ങൾക്ക് പുറത്തേക്ക്
ചെമ്പൻ വാൽ രോമങ്ങൾ
ഇളകി നിൽക്കുന്നതും കണ്ട്
അവൾ തന്നിലേക്ക്
തന്നിലേക്ക്
വർഷങ്ങൾ പിറകിലേക്ക്
തൊട്ടിൽക്കുട്ടിയിലേക്ക്
ഗർഭപാത്രത്തിലേക്ക്
ഭ്രൂണത്തിലേക്ക്
പരമാണുവിലേക്ക്
ചുരുങ്ങിച്ചുരുങ്ങി
പതുങ്ങിപ്പതുങ്ങി
കുതിരക്കുട്ടിയെ തൊട്ടു
*ശിവപ്രസാദ് പാലോട്*

No comments:

Post a Comment