വികൃതിക്കുട്ടികളുടെ അമ്മ
കാറിനു
പറയാനുണ്ടായിരുന്നത്
ഊരിപ്പോയ
ചക്രത്തെ കുറിച്ചായിരുന്നു ,
ഒടിഞ്ഞു പോയ
കയ്യും കാലും കാണിച്ചു
പാവ ഒരു
പിച്ചക്കാരനെപ്പോലെ ,
മുഖം മൂടികള്‍ക്ക്
പലതിനും
മുഖമേ ഇല്ലായിരുന്നു ..
ചിത്ര പുസ്തകത്തില്‍
പകച്ചിരിപ്പുണ്ടായിരുന്നു
നിറം പരന്ന
സ്വപങ്ങള്‍ ..
പട്ടത്തിനു വാലില്ല
കളിചെണ്ടക്ക് തോലില്ല
തത്തക്ക് ചുണ്ടിന്
കൂര്‍പ്പേയില്ല .
വീണ പാട്ടു മറന്നു
പൊഴിഞ്ഞ മുത്തുകളും
പൊട്ടിയ വളകളും
മിഠായിയുറകളും
പൂമുഖത്ത്
ഒരു വന്‍കര തന്നെ
ഉണ്ടാക്കിയിട്ടുണ്ട്
അവധിക്കാലം കഴിയുന്നത്
മുന തേഞ്ഞുപോകുന്ന
പെന്‍സില്‍ പോലെ
തൂവിപ്പോയ
നിറക്കൂട്ടുപോലെ
അയ്യോ ഞാന്‍ ഇത്രയും നേരം
ഈ ഓലപ്പീപ്പി ഊതുകയായിരുന്നോ ?
ആരെങ്കിലും കണ്ടോ ആവോ ?
No comments:
Post a Comment