kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Monday, November 20, 2017

*ഡി വി ഡി*

അവളും
അവനും
അപരിചിതരായിരുന്നു
ചായകൊടുത്തപ്പോൾ
അവൻ സോഫയിൽ ഇരുന്നു കൊണ്ട്
തല നൂറ്റിനാൽപ്പന്തഞ്ചു ഡിഗ്രി
ബൃഹദ് കോണിൽ അവളെ നോക്കിയതും
അവൾ മുപ്പതു ഡിഗ്രി
ന്യൂന കോണിൽ അവനെ
നോക്കിയതുമാണ്
അവരുടെ വിദൂര
വിഭിന്ന ഭ്രമണ പരിക്രമണ
ദിനരാത്ര ഗ്രഹണ
ഗ്രഹ നക്ഷത്രങ്ങളുടെ
നില, നിലയില്ലായ്മ -
പ്പൊരുത്തങ്ങൾ...
ലിംഗ യോനി സാമ്യവ്യത്യാസങ്ങൾ

മീറ്റിങ്ങ് പോയന്റ്
എന്ന വഴിയോര
പ്രണയ അറയിലെ
കൂളിംഗ് ഗ്ലാസ് കൂട്ടിൽ
അവർ വിരലു തമ്മിൽ തൊട്ടതും
ഉമ്മ പോലെന്തോ
ചുരുട്ടിപ്പിടിച്ചു നൽകിയതും
ഡോർ തുറന്ന് സപ്ലയർ വന്നതുമവർ വേർപെട്ടേതോ
വൻകരകളായ് തീർന്നതും

ഫോണിൽ
ഓഡിയോയായും
വീഡിയോയായും
രചിച്ച
സന്ദേശകാവ്യങ്ങൾ
കണ്ടതും കേട്ടതും
അരിമാവു പുളിച്ച പോലെ
മധുരക്കള്ളു പോലെ
നുരഞ്ഞു പൊന്താറുണ്ടത്രേ

തല കുനിച്ചും
കൈവിറച്ചും മിന്നുകെട്ട്
ഇടിവെട്ടീടും വണ്ണം
ഫ്ലാഷ് മിന്നുമൊലി
കണ്ടവൾ മൈഥിലി
മയിൽപ്പേട പോലവളവൻ
ചാവി കൊടുത്തോടും
യന്ത്രപ്പാവ പോൽ ചമഞ്ഞും

മുള്ളിത്തെറിച്ച ബന്ധങ്ങൾക്കൊക്കെയും
പുടവ കൊടുത്തനുഗ്രഹം
ആബാലവൃദ്ധം
കടിച്ചും പറിച്ചും വലിച്ചും
സൽക്കാരമാമാങ്കമിടയിൽ
രഹസ്യമായ് സുരമോന്തിയ
വര ഭൂതഗണങ്ങൾ

നാനാ വർണച്ചാക്കുകൾ
പ്ലാസ്റ്റിക്കു കുപ്പികൾ
ഗർഭനിരോധനയുറ ബലൂണുകൾ
ചളിയിൽ കുളിപ്പിച്ചു നിർത്തിയ മണ്ണുമാന്തിയന്ത്രക്കൊട്ടയിൽ
വധൂവര സിംഹാസനങ്ങൾ
കാതടപ്പിക്കും കൂവൽ
തുടങ്ങയാം ഘോഷയാത്ര

അവനുമവളുമിപ്പോൾ
ചുടു ചോറുമാന്തിയിടം വലം ചാടി
തല, പൃഷ്ഠം ചൊറിയും
രണ്ടാൾക്കുരങ്ങുകൾ

ആരൊക്കെയോ ചേർന്നു
ചട്ടം പഠിപ്പിക്കും
തൊഴുത്തിൽ കെട്ടാനാകും വിധം മെലിഞ്ഞ രണ്ടു കുഴിയാനകൾ

പൊന്താക്കല്ലേറ്റിപ്പറക്കാൻ
തുനിയും തുമ്പികൾ
മുളഞ്ഞിൽ പെട്ട രണ്ടീച്ചകൾ
വലയിൽ കുടുങ്ങിയ ചേരകൾ
പുകച്ച മാളത്തിൽ
വീർപ്പുമുട്ടിയ പാമ്പുകൾ
നിഴൽപ്പാവകൾ

അവളിപ്പോൾ
വിയർത്തു കുളിച്ച്
തേങ്ങ പൊളിക്കുന്നു
അമ്മിയിൽ മുളകരച്ചു
കണ്ണുനീറ്റുന്നു
കല്യാണ സാരിയിൽ
എരിവു വട്ടം വരക്കുന്നു

പൊതിയട്ടെങ്ങനെ
പൊട്ടട്ടെ തേങ്ങ

വടിവൊത്ത അര
ഒന്നൊന്നര തുട
കുലുങ്ങുന്നോ അമ്മി
കൊത്തിവലിക്കുന്ന
കണ്ണുകൾക്കിടയിൽ
വഴുക്കുന്ന വാക്കുകൾക്കിടയിൽ
ആർക്കുന്ന കബന്ധങ്ങൾക്കിടയിൽ
അവളിപ്പോൾ ദ്രൗപതി
അഴിഞ്ഞു പോം ചേല

അവനൊരു മൂലക്ക്
കടയുകയാണ്
കട കോലുകൊണ്ട്
പാലാഴി മൈഥുനം

അമൃതെപ്പോൾ വരുമെന്നാർക്കും
അസുര ജന്മങ്ങൾ

ഇപ്പോ ഇവനുമവളും
പുളിമാവു വെട്ടിക്കിറുകയാണ്
വെള്ളക്കോടി വാങ്ങുകയാണ്
നിലവിളക്ക് കത്തിക്കുകയാണ്
തുളസിയുമരിയും പൂവുമിട്ട
വെള്ളം പരസ്പരം
ചുണ്ടിലിറ്റിച്ച്
രണ്ടു ശവങ്ങളായ് നിവർന്നു കിടക്കുകയാണ്

അവളവനെ
വിറകടുക്കി ചിത വച്ച്
വലം വച്ച് തീകൊളുത്തുന്നു
ആ തീയ്യിലേക്കവൾ എടുത്തു ചാടുന്നു..

അവനവളെ
കുഴികുത്തി
പെട്ടിയിലാക്കി ചേർത്തടച്ച്
മറവു ചെയ്യാറെടുക്കുന്നു
ആ കുഴിയിലവനും ഇഴഞ്ഞു കയറി
കുഴി മൂടുന്നു...

അവളവനും
അവനവൾക്കും
ചാക്കാല നീട്ടിപ്പാടുന്നു

യുദ്ധം കഴിഞ്ഞ് പട പിൻ വാങ്ങുന്നു
മണ്ണുമാന്തിയുടെ മുരൾച്ച
അകന്നുപോവുന്നു

അവളുമവനുമിപ്പോൾ
പൊതുദർശനത്തിന് ശേഷം എഴുനേറ്റു നടന്നു പോകുന്ന
രണ്ടു പ്രേതങ്ങൾ

ശവകുടീരത്തിലിരുന്ന്
അവരിപ്പോൾ
കല്യാണത്തിന്റെ
ഡിവിഡി കാണുകയാവണം
അവരിപ്പോഴും
അപരിചിതരായി തുടരട്ടെ

*ശിവപ്രസാദ് പാലോട്*

No comments:

Post a Comment