kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Monday, November 20, 2017

സ്വർഗം

സ്കൂളിലേക്ക്
നേരം വൈകിയതിനാലാണ്
യൂണിഫോമിട്ട പൂമ്പാറ്റ
സീബ്ര ലൈനിലൂടെ
പിച്ചവച്ചത്

വർക്ക് സൈറ്റിൽ
സാധനമെത്താത്തതിനാൽ
തുടർച്ചയായി കോൺട്രാക്ടറുടെ ഫോൺ കാരണം
ടിപ്പർ ഡ്രൈവർക്ക്
നേരം വൈകിയിരുന്നു

സൂപ്പർഫാസ്റ്റിലെ
എല്ലാ യാത്രക്കാർക്കും
നേരം വൈകിയിരുന്നതിനാൽ
ഡോർ ചെക്കർ വാതിലിൽ
അമർത്തിക്കൊട്ടി
പാഞ്ഞു പോയി

തല ചരിച്ചൊന്നു നോക്കി
ഒരു ബൈക്കുകാരൻ
പാറിപ്പോയി
വഴിയിലെവിടെയോ യയാളുടെയേതെങ്കിലുമൊരിഷ്ടം
കാത്തു നില്പായിരിക്കണം

ചെവി വട്ടം പിടിച്ച്
ഒരോട്ടോ ചുമച്ചു നിന്ന്
ഇടറിക്കടന്നു പോയി

നെറ്റിയിൽ കണ്ണു മിഴിയിച്ച
വാഹനത്തിനും നേരം
വൈകിപ്പോയി
കാഷ്വാലിറ്റിയിൽ
നേരം ഒരുപാടു വൈകി
വാർന്നു പോയിട്ടുണ്ടെന്ന്
ഡോക്ടർ കൈമലർത്തി

പ്രപഞ്ചത്തിൽ
എല്ലാ ഓട്ടങ്ങളും
നേരം വൈകാൻ വേണ്ടി മാത്രമാണ്..

അതു കൊണ്ടാണ്
അവളിവിടെ ഇത്ര
നേരത്തെയെത്തിയത്

മാലാഖ പറഞ്ഞു നിർത്തി

*ശിവപ്രസാദ് പാലോട്*

No comments:

Post a Comment