ആരാണെന്നെ
നട്ടതെന്നറിയില്ല
തന്തയില്ലായ്മ രേഖപ്പെടുത്തിയ
മുറ്റത്തിന്റെ
തെക്കേക്കോണിൽ
നനച്ചിട്ടില്ലാരും
ദയാലുവായ
തെരുവുനായൊഴികെ
ഇറയോട്
പ്രേമിച്ചു പെയ്ത
മഴയൊഴികെ
വളർത്തിയില്ലാരും
ചാരാൻ പടരാൻ
തലപ്പുകൾക്കെന്നും
തുടിപ്പുകൾക്കെന്നും
പുറം പോക്കിന്റെ
നാനാർഥങ്ങൾ മാത്രം
വദനം ഭാവം പകർന്നതോ
കവിൾ കാന്തിയാർന്നതോ
പുതിയ പുഞ്ചിരി
സഞ്ചരിച്ചതോ പാടാൻ
കവികളുണ്ടായില്ല
എനിക്കു വേണ്ടി
പുത്തതാണ്
കാറ്റ് സമ്മതിച്ചില്ല
എന്റെത് അവന്റെ
കൂടിയാണത്രേ
സന്തോഷവും സങ്കടവും
മുറ്റം ചെത്തിക്കോരാൻ
വന്ന തമിഴനാണ്
ഇന്ത ച്ചെടിയെ
മുടിച്ചു പോട്ടുമാ
എന്ന് ചോദിച്ചു കേട്ടത്
മുല്ലയോ
അങ്ങിനൊരു ചെടി
ഇവിടെയുണ്ടായിരുന്നോ
അതാണ്
അതാണ്
ഇന്നലെ തെക്കേ ജനൽ
തുറന്നിട്ടപ്പോൾ
ഒരു മണം അരിച്ചു വന്നിരുന്നത്
എന്തായാലും നിർത്തണ്ട
മണത്തിന് ഗാർഡനിൽ
എത്രയെത്ര പൂക്കൾ
തന്തയുള്ളവർ
അങ്ങനെ
തന്തയില്ലാത്തവർ
ഊരും പേരുമില്ലാത്തവർ
വർഗ ഗുണമോ
ശാസ്ത്രനാമമോ
ഇല്ലാത്തവർ
ആരും നടാതെ വളർന്നവർ
പൂവിട്ടവർ
ഒരു നാസാദ്വാരത്തിലോ
കയറാത്തവർ
നാടുകടത്തപ്പെട്ടവർ
വധശിക്ഷക്ക്
വിളിക്കുമ്പോൾ മാത്രം
പേരു കിട്ടുന്നവർ
വേരോടെ പിഴുതെടുത്ത്
തെമ്മാടിക്കുഴിയിൽ
മറചെയ്യപ്പെടുന്നവർ
ഒഴിവാക്കപ്പെടേണ്ടവരുടെ
കുലങ്ങൾ തുന്നി വച്ച
സുവിശേഷ പുസ്തകങ്ങൾ
എല്ലാ പുറത്തിലും
നിറയാൻ വിധിക്കപ്പെട്ട
വേണ്ടാപ്പേരുകൾ...
*ശിവപ്രസാദ് പാലോട്*
No comments:
Post a Comment