kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Sunday, May 17, 2020

ഗോൾപ്പാറ ചെറുകഥ (ശിവപ്രസാദ് പാലോട്

 

   
             വൈകിട്ട് ബൂട്ടും പന്തുമായി മൈതാനത്തെത്തിയ സച്ചു ഉറക്കെ വിളിച്ചുപറയുകയായിരുന്നു.
            പിന്നേം മായ്ച്ചിട്ടുണ്ട്..ഇന്നലെ എഴുതീതും
മായ്ച്ചു..ഇതാരാന്ന് കണ്ടുപിടിക്കണം..
            ആരാ ഈ പണി ചെയ്യുന്നത് ഒരു പിടീം ഇല്ലല്ലോ..ക്ളബിൽ പോയി
കുമ്മായോം ബ്രഷും എടുത്തിട്ട് വാടാ..ഇന്ന് രണ്ടിലൊന്ന് അറിഞ്ഞിട്ട്
തന്നെ കാര്യം..
          അനീസിന് രോഷം അടക്കാനായില്ല. കൂട്ടത്തിൽ ചെറിയവനായ സച്ചു
ക്ളബിലേക്ക് ഒാടി.
                    മൈതാനത്തിന്റെ കിഴക്ക് ഭാഗത്തുള്ള ഗോൾപോസ്റ്റിന്
പിറകിലാണ് കാറ്റത്ത് പാറിവന്നിരുന്നത് പോലെയുള്ള കരടിപ്പാറ. പോസ്റ്റില്‍
ഗോൾ വീണാൽ പന്ത് പാറയിൽ പോയിത്തട്ടും..അങ്ങനെയാണ് ആരുടെയോ നാവിൽ നിന്ന് ആ
പേര് പൊട്ടി വീണതോടെ ചെകിടിക്കല്ലുകൊണ്ട് സച്ചുവാണ് ഗോൾപ്പാറ എന്ന്
പാറയിൽ എഴുതിയത്. പിന്നെ പലരും പലഭാഷയിൽ ഹിന്ദിയിലും ഇംഗ്ളീഷിലുമൊക്കെ
ഗോൾപ്പാറ എന്നെഴുതി. ദുബായിൽ നിന്നും മടങ്ങിവന്ന് നാട്ടിലെ കുട്ടികൾക്ക്
കളിക്കാൻ പുത്തൻ പന്ത് വാങ്ങിക്കൊടുത്ത അസീസാക്ക അറബിയിലും എഴുതിയപ്പോൾ
കരടിപ്പാറ ക്രമേണ ഗോൾപ്പാറയായി.
                 ആ പേരാണ് കഴിഞ്ഞ ഒരു മാസമായി ഇടക്കിടെ ആരോ മായ്ക്കാൻ
ശ്രമിക്കുന്നത്. ആദ്യമാദ്യം കാര്യമാക്കിയില്ലെങ്കിലും പിന്നെ മൈതാനത്ത്
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടായിരുന്നു. കരടിപ്പാറയുടെ ഭൂതകാലം
അത്ര പന്തിയല്ല.  പണ്ടിവിടം കാടുപിടിച്ചു കിടന്ന കാലത്ത് ആൾപ്പിടിയൻ കരടി
വന്നിരുന്ന പാറ..പുല്ലരിയാൻ പോയ സുലോചന അരിവാൾ മൂർച്ചകൂട്ടാൻ പാറയിൽ
ഉരച്ചപ്പോൾ ചോര പൊടിഞ്ഞുവന്ന കഥ..പച്ചക്കുപ്പായവും കയ്യില്‍ ജപമാലയുമായി
നടന്നിരുന്ന പച്ചഒൗലിയ പാറമ്മെ സത്യണ്ട് എന്ന് പറഞ്ഞു നടന്നിരുന്നതും
പാറപ്പുറത്ത് കൊത്തിവച്ച അടയാളം എഞ്ചുവടിപ്പട്ടികയിലെ കൂട്ടണം
എന്നതാണെന്നും അല്ല കുരിശടയാളമാണെന്നും  കുട്ടിക്കാലം മുതൽതൊട്ട്
കറത്തുകിടക്കുന്ന പലകഥകൾ.
             എന്താലായും ഗോൾപ്പാറ എന്ന പേര് ആർക്കോ പിടിക്കുന്നില്ലെന്ന്
ഉറപ്പ്.ആ പേരാണ് ഇടക്കിടെ മായ്ക്കുന്നത്.


           കുമ്മായം കലക്കി എല്ലാവരും ചേർന്ന് എല്ലാ ഭാഷയിലും
ഗോൾപ്പാറയെന്ന് വലുതായി എഴുതിയപ്പോൾ അതൊരു റയിൽവേ സ്റ്റേഷൻ ബോർഡ് പോലെ
തോന്നിച്ചു.
2
ദൈവാണെ പടച്ചോനാണെ ഇനി ഈ പേര് മായ്ക്കണോന്റെ കയ്യ് ഞാൻ വെട്ടും..
ജോസഫ് ഉറക്കെ പ്രഖ്യാപിച്ചു.

അങ്ങനെ വിട്ടാപ്പറ്റില്ല.. കാവൽ നിക്കണം..കയ്യോടെ പിടിക്കണം..
പ്രഷർ വിജയേട്ടൻ ഇടപെട്ടു. മൂപ്പർക്ക് പെട്ടെന്ന് പ്രഷർ കയറും.

അങ്ങനെ ഗോൾപ്പാറക്ക് കാവലായി..ആദ്യ രണ്ടു ദിവസവും ഗോൾപ്പാറ മായാതെ
കിടന്നു. അടുത്ത ദിവസം കാവലിരുന്നവരാണ് ആ കാഴ്ച കണ്ടുപിടിച്ചത്..

അത്രക്ക് രാത്രിയായിട്ടൊന്നുമില്ല..വലതുഭാഗത്തെ നടവഴിയിൽ നിന്ന് ഒരു
സിഗരറ്റ് ലൈറ്ററിന്റെ ഒറ്റക്കണ്ണ്.  പതുങ്ങിപ്പതുങ്ങിയെത്തുന്ന
രണ്ടുമൂന്നുപേർ..

ശ്ശ് ..കാവൽ നിന്നവർക്ക് മജീദ് സൂചന നൽകി. എന്താ ചെയ്യണത് നോക്കാം.

          നിഴലുകൾ ഗോൾപ്പാറക്കുമുകളിലേക്ക് ഒറ്റക്കണ്ണ് തെളിയിക്കുന്നു.
പിന്നെ പാറക്ക് മുകളിലേക്ക് അള്ളിപ്പിടിച്ച് കയറി ഉരച്ചും, തുടച്ചും
വികൃതമാക്കിയും ഗോൾപ്പാറയെ മായ്ച്ചെടുക്കുന്നു..ആ പേരിനോട് പകയെടുത്ത്
ക്രൂരമായി ഉരക്കുന്നു.
              അച്ചടക്കമുള്ള പട്ടാളമായി കാവൽ സംഘം ഒന്നിച്ച് നിഴലുകൾക്ക്
നേരെ അടിവച്ചുനീങ്ങി പാറയെ വളഞ്ഞുനിന്നു..താഴത്തേക്ക് ഇറങ്ങാൻ
ശ്രമിക്കുകയായിരുന്ന നിഴലുകളെ വട്ടം പിടിച്ചു.  കരുത്തിൽ കുതറിയ നിഴലുകൾ
പിടിവിട്ടോടിയപ്പോൾ പിന്തുടർന്ന് പിടി കൂടി . വിചാരണക്കായി മുഖത്തേക്ക്
ടോർച്ചടിച്ചു..

പതറിയ കണ്ണുകൾ വെളിച്ചത്തിൽ തിളങ്ങി. ആരോ മുഖമടച്ച് കൊടുത്ത അടിയിൽ ഒരു
നിഴൽ ഒന്നു ഞരങ്ങി..

മാഫ് കീജിയേ ഭായ്..

ആ രൂപം വിജയേട്ടന്റെ കാലിൽ പിടിച്ചു..

എടാ ഇത് പാറക്കോരിയിൽ കോറിയിൽ പണിയെടുക്കുന്ന ഭായിമാരാണ് എന്ന് തോന്നുന്നു..
                 പാറക്കോരി തൊട്ടടുത്ത സ്ഥലമാണ്. ഏതോ കാലത്ത് വന്ന


   പാറമടക്ക് നാട്ടുകാർ ഇട്ടപേരാണ് പാറക്കോരി..അത് പിന്നെ സ്ഥലപ്പേരായി
മാറിയതാണ്.അവിടെ പാറപൊട്ടിക്കുന്ന പണിയെടുക്കാൻ ഹിന്ദിക്കാര്‍ ധാരാളം.
പാറക്കോരിയിലേക്ക് പോകണമെങ്കിൽ ഗോൾപ്പാറ

3
കടന്നുപോകണം. രാവിലെയും വൈകിട്ടും ചെവിയിൽ ഇയർഫോണും തിരുകി പാട്ടും
കേട്ട് പോകുന്ന ഭായിമാർ.

ഭായ് തുമാരാ നാം..

യൂനുസ്..

കുത്തിന് പിടിച്ച് നിർത്തിയ രണ്ടാമനോട് ആരോ പേരു ചോദിച്ചു..

അമ്രിത് ദാസ്..ഇരുട്ടിനോട് അയാൾ വിക്കി വിക്കി പറഞ്ഞു..

എന്തിനാണ് പാറമ്മലെ പേര് മായ്ച്ചത്..മജീദിന് ധൃതി കൂടിയിരുന്നു.

പേടിയാണ് ഭായി..പേടികൊണ്ടാണ് ഭായി..ഇന്നല്ലെങ്കിൽ നാളെ ആ പാറ വായ്
തുറക്കും.  ഞങ്ങളെപ്പോലെ അനേകം പേരെ അത് വിഴുങ്ങും..എനിക്ക് കാണാം ഭായ്
അതിന്റെ ആർത്തി ഇറ്റുവീഴുന്ന ചുവന്ന നാവ്..ഒരു പൊട്ടിക്കരച്ചിലോടെ
യൂനുസ് പറഞ്ഞു..

യൂനുസിനെ പിടിച്ചു വച്ച വിജയേട്ടന്റെ കൈ ഒന്നയഞ്ഞു..
എടാ ഭ്രാന്താണെന്നാ തോന്നുന്നത്

ഭ്രാന്തല്ല ഭായി..അമ്രിത് ദാസ് വിതുമ്പിക്കൊണ്ട് തുടങ്ങി..

ഗോൾപ്പാറ മനുഷ്യനെ തിന്നുന്ന ഗുഹയാണ്..വിശപ്പു തീരാത്ത ഗുഹ..അതിൽ പെടുന്ന
ഒാരോ മനുഷ്യന്റെയും ചോരകുടിച്ചാണ് അത് ദാഹം തീർക്കുന്നത്..ഞങ്ങളുടെ
അമ്മമാരുടെ, പെങ്ങന്മാരുടെ, കുട്ടികളുടെ ചോര.പേടിയാണ്
ഭായി..പേടികൊണ്ടാണ് ഭായി.
         രണ്ടും കഞ്ചാവാണെന്നാണ് തോന്നുന്നത് അനീസെ..ഒരു കാര്യം ചെയ്യാം
ഇവരെ ക്ളബിലേക്ക് കൊണ്ടു പോകാം,,നാട്ടുകാരെ കൂട്ടി കൈകാര്യം
ചെയ്യാം..രണ്ടിന്റെയും കൈ കൂട്ടിക്കെട്ടടാ..
വിജയേട്ടൻ അലറി..
             യൂനുസിനെയും അമ്രിത് ദാസിനെയും കൈകൾ പിറകിലേക്ക് കെട്ടി
ഒാടിപ്പോകാതിരിക്കാൻ നടുവിൽ നിർത്തി ഉന്തി തള്ളി ക്ളബിലെത്തിച്ചു..

മാഫ് കീജിയേ ഭായ്..ഹംകൊ ചോഡൊ..

ഡാ..ഇത് ഞങ്ങടെ നാട്..ഞങ്ങടെ നാട്ടിലെ പാറ..ഇവിടെ ഞങ്ങൾ ഇഷ്ടമു
ള്ള പേരിടും..അതിന് നിങ്ങൾ അന്യനാട്ടുകാർക്കെന്താ..

ക്ളബിലെ ബഞ്ചിൽ കുനിഞ്ഞിരുന്ന് അമ്രിത് ദാസ് പറഞ്ഞു..
4
ഭായ് നമ്മൾ ഇന്ത്യാക്കാർ..ഒറ്റ നാട്ടുകാർ..ആ പേരിനെക്കുറിച്ച്
നിങ്ങൾക്കറിയാഞ്ഞിട്ടാ..ആ പാറ വിഴുങ്ങുന്നത് ഞങ്ങളെ
മാത്രമല്ല,,,നമ്മളെയെല്ലാരേം കൂടിയാണ്..

ഡാ സത്യം പറ നിങ്ങൾ കള്ളോ കഞ്ചാവോ..അതോ രണ്ടും ഭ്രാന്തന്മാരാണോ..അടിച്ചു
കണ്ണുപൊട്ടിക്കണ്ടങ്കി സത്യം പറഞ്ഞോ..എന്തിനാ പാറമ്മലെ പേരു മായച്ചത്..
മജീദ് അവർക്കു നേരെ കയ്യുയർത്തി..

ഭായ് പറയാം..കുറച്ചു വെള്ളം തരുമോ..

നീട്ടിയകുപ്പിയിലെ വെള്ളം രണ്ടിറക്ക് കുടിച്ച് യൂനുസ് പറയാൻ തുടങ്ങി..
                              ഭായ്..ഞാൻ യൂനുസ്..അസംകാരൻ..ധുബ്രി
ജില്ലയിൽ ഗൗരിപൂർ ഗ്രാമക്കാരൻ..പിതാവ് അബൂബക്കർ സിദ്ദീഖി..മാതാവ് സമീന
ബീബി..സഹോദരി കിസ്മത്. പിതാവ് മരിച്ചുപോയി..മാതാവ് ജയിലിലാണ്..സഹോദരി
നാട്ടിൽ ബന്ധുക്കളുടെ കൂടെ..എനിക്ക് ഇരുപത് വയസ്.ഞാനിവിടെ
ജോലിക്കുവന്നിട്ട് നാലു വർഷം..
                മൂന്ന് വർഷം മുമ്പാണ്..ഗൗരിപൂരിൽ ബോർഡർ പൊലീസ്
ഇരച്ചെത്തി വീടുകളിൽ കയറുന്നത്. ആ സമയം ഞാനിവിടാണ്  ഭായ്..അമ്മയും
പെങ്ങളും മാത്രം വീട്ടിൽ..പൊലീസിന്റെ കയ്യിലെ രേഖകൾ പ്രകാരം അമ്മ
വിദേശിയാണെന്ന് പറഞ്ഞ് അമ്മയെ പിടിച്ചുകൊണ്ടു പോയി. ഒറ്റക്കായിപ്പോയ
പെങ്ങൾ ബന്ധുക്കൾ അവർക്കൊപ്പം നിർത്തി. നാട്ടിൽ നിന്നും ഫോണ്‍ വന്ന് ഞാൻ
മടങ്ങിച്ചെന്നു..ഞാൻ ജനിച്ചമുതൽ അമ്മെയെയും അച്ഛനെയും കണ്ടതാണ് ഭായ്.
ഗ്രാമത്തിൽ ഞങ്ങളൊന്നിച്ചാണ് കുളിച്ചത്. ഒന്നിച്ചാണ് വർത്തമാനം
പറഞ്ഞത്..ഇടക്കൊക്കെ ഒന്നിച്ചാണ് ചിരിച്ചത്..ഉറങ്ങിയത്. എന്നിട്ടും അമ്മ
മാത്രം എങ്ങനെ ഇന്ത്യാക്കാരി അല്ലാതായി മാറി ഭായി..അപ്പോൾ ഞാനും
അനുജത്തിയും ഇനി എങ്ങനെ ഇന്ത്യാക്കാരാകും
ഭായി..എന്താണിങ്ങനെയൊക്കെ..എനിക്കൊന്നും മനസ്സിലായില്ല..നാട്ടിൽ
പലർക്കും ഇതേ അനുഭവം..എല്ലാവരും വക്കീലുമാരെ കാണാനുള്ള ഒാട്ടം.
            ട്രിബൂണലിൽ ഞങ്ങളടക്കം നിരവധി പേരെ വിചാരണ ചെയ്തു.അമ്മയുടെ
പിതാവുമായി ബന്ധം തെളിയിക്കുന്ന രേഖകൾ കളവാണെന്ന് അവർ കണ്ണിൽ ചോരയില്ലാതെ
വാദിച്ചു ഭായി. നാലാം ക്ളാസുവരെയാണ് അമ്മ പഠിച്ചിരുന്നത്. സ്കൂളിൽ
ചേർക്കുമ്പോൾ കൊടുത്ത രേഖയാണ് ഞങ്ങൾ തെളിവായി കൊടുത്തത്. എന്നാൽ
അറസ്റ്റ് ചെയ്യുന്ന സമയത്ത് സ്കൂളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഉള്ള
കാര്യം അമ്മ പറഞ്ഞിരുന്നില്ലെന്ന് പറഞ്ഞ് അവർ അതു തള്ളി ഭായി. പിന്നെ
സ്കൂൾ രേഖ നൽകിയ ഹെഡ് മാസ്റ്ററെ ഹാജരാക്കാനായിരുന്നു നിർദ്ദേശം.
5           വളരെ വർഷം മുമ്പ് തയ്യാറാക്കിയ ‌ പട്ടികയിൽ അമ്മയുടെ
പിതാവിന്റെ പേരുണ്ടായിരുന്നത് ഞങ്ങളുടെ വക്കീൽ എടുത്തുകാട്ടി. അമ്മയുടെ
പിതാവും മാതാവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ഭാഗത്ത് എന്തോ വെട്ടി
എഴുതിയപോലെയാണ് എന്നാണ് ട്രിബൂണലുകാർ കണ്ടെത്തിയത്. അമ്മയുടെ കയ്യിൽ
നിന്നും എഴുതി വാങ്ങിയ രേഖയിൽ മാതാവിന്റെ പേരു പറഞ്ഞിട്ടുമില്ലെന്ന്.
എങ്ങനെ ഇതൊക്കെ ഒാർത്തു പറയാനാണ് ഭായ്. പെട്ടൊന്നൊരു സമയം പൊലീസ്
വീടുകയറുക..ചോദ്യം ചെയ്യുക എന്തൊക്കെയോ എഴുതി വാങ്ങുക..അതിനിടയിൽ
കരയുന്ന പെണ്‍കുട്ടിയേയും കെട്ടിപ്പിടിച്ച് അമ്മ എന്തൊക്കെ
ഒാർത്തെടുക്കാനാണ്..കാലാകാലങ്ങളായി  ചെയ്യുന്നവരാണ് ഭായി.. പട്ടികയിലും
പേരുണ്ട്..എന്നാൽ വോട്ടർ പട്ടികയിൽ എന്റെ പിതാവ് അബൂബക്കർ സിദ്ദീഖിയുടെ
വയസ്സ് രേഖപ്പെടുത്തിയതിൽ തെറ്റുണ്ടത്രെ..ഞങ്ങൾക്ക് സ്വന്തമായി
ഉണ്ടായിരുന്ന ഭൂമിയുടെ ആധാരം കാണിച്ചു നോക്കി .അത് മുത്തശ്ശൻ വാങ്ങുന്ന
സമയത്ത് വിൽക്കുന്ന ആൾ തരേണ്ട വിൽപന സമ്മതം ഹാജരാക്കിയില്ലെന്നായിരുന്നു
മറുപടി.
               വിവാഹത്തിന് ശേഷം ഭർത്താവിന്റെ വീട്ടിലേക്ക് വന്നതിനാൽ
പഴയ രേഖകൾ സംഘടിപ്പിക്കുന്നത് ദുഷ്കരമാണെന്ന് വാദിച്ചപ്പോൾ ട്രിബൂണലിലെ
കറുത്ത കോട്ടിട്ടയാൾ പുഛത്തോടെ പൊട്ടിച്ചിരിച്ചു ഭായ്..അമ്മ ഇപ്പോഴും
ജയിലിലാണ്..ഇവിടെ ജനിച്ചിട്ടും ഞങ്ങളെ ജനിപ്പിച്ചിട്ടുംഅമ്മ
ഇന്ത്യാക്കാരിയാവാതെ പോയി ഭായി..ഇക്കണക്കിന് ഭാരത് മാതാ പോലും ജയിലിലാകും
ഭായ്.. ത്സൂഡ്, ത്സൂഡ്, ത്സൂഡ്, സബ് ത്സൂഡ് ഹെ ഭായി..അവർ പറയുന്നതൊക്കെ
കള്ളമാണ്. എന്നിട്ടവർ ഞങ്ങളെ കള്ളന്മാരാക്കുന്നു,,
                   അമ്മയെ ജയിലിറക്കാൻ വക്കീലും കോടതിയുമായി കുടുങ്ങി
ഭായി. പണം തന്നെയാണ് ഭായി പ്രാണൻ..വക്കീൽ ഫീസ് കൊടുക്കാന്‍ ഉണ്ടായിരുന്ന
ഭൂമി വിറ്റു . അമ്മയാണ് ഭൂമിയിൽ ഞങ്ങൾക്കുള്ള ഏക രേഖ..ആ രേഖ തന്നെ
കെട്ടിച്ചമച്ചതാക്കാൻ അവർക്കൊരു കറുത്ത കോട്ടും പൊട്ടിച്ചിരിയും
മതിയല്ലോ ഭായ്...
                   കഴിഞ്ഞ ഏപ്രിലിൽ രണ്ടുപേരുടെ ആൾജാമ്യത്തിലും,
വലിയൊരു തുക ജാമ്യത്തുകയായും വാങ്ങിച്ച് വക്കീൽ സുപ്രീം കോടതിയിൽ
നി്ന്നും അമ്മക്ക് ജാമ്യം വാങ്ങിത്തന്നു ഭായി. പക്ഷെ ജയിലധികാരികൾ


     കനിഞ്ഞിട്ടില്ല...ഇന്നോ നാളെയോ അമ്മ ഇറങ്ങുമായിരിക്കും ..പക്ഷെ
കാര്യമില്ല സാബ്.അമ്മക്ക് സംഭവിച്ചത് തന്നെയാണ് ഇനി ഞങ്ങൾക്കും
സംഭവിക്കുക .ഗുവാഗത്തിയിലെ ഗോൾപ്പാറയിൽ രേഖയില്ലാത്തവരെ പിടിച്ചിടാൻ
പുതിയ ജയിലൊരുങ്ങുന്നുണ്ട് ഭായ്..ചുവന്ന പെയന്റടിച്ച കൂറ്റൻ
കെട്ടിടം..അത് പണിയെടുക്കുന്നതിൽ എന്റെ കൂട്ടുകാരുമുണ്ട് ഭായ്..അവരും
എന്നെപ്പോലൊക്കെത്തന്നെ..പലരുമിപ്പോൾ തന്നെ ഇന്ത്യാക്കാരാകാൻ
6 തെളിവു തെണ്ടുന്നവർ..അവർ പണിയെടുത്തുകിട്ടുന്ന കൂലി കൊണ്ട് തിന്നുന്ന
റൊട്ടിക്ക് എന്ത് രുചിയായിരിക്കും ഭായി..? അവരുടെ തന്നെ മാംസത്തിന്റെ
രുചി..അവർ കുടിക്കുന്ന ചായ അവരുടെ തന്നെ ചോരയല്ലേ
ഭായി..ജീവിക്കണ്ടേ..ചങ്ങാതിമാരേ..അവർക്കുള്ള ജയിൽ അവർ തന്നെ
ഉണ്ടാക്കിയെടുക്കുകയാണ്..അതിനകത്തേക്ക് പോയാൽ പിന്നെ ഞങ്ങൾ പുറത്തുവരില്ല
..പേടിയാകുന്നു ഭായി..യൂനസ് കണ്ണുകൾ തുടച്ചപ്പോൾ ക്ളബ്
നിശബ്ദമായിപ്പോയിരുന്നു..
              ഞാൻ അമ്രിത് ദാസ് എന്റെ പിതാവ് നാരായണദാസും  മാതാവ് ഗീതാ
റാണിയും. അഡബാരിയാണ് സ്വദേശം. പിതാവും മാതാവും കൊക്രജഹർ ജയിലിലാണ്.
രണ്ടുപേരും വിദേശികളുടെ പട്ടികയിൽ. അഡബാരിയിലെ കുടിലിരിക്കെ
ഇന്ത്യാക്കാരല്ലെന്ന് കാണിച്ചുള്ള ഉത്തരവ് കിട്ടിയപ്പോൾ കരഞ്ഞുകൊണ്ട്
അഛ്ചനും അമ്മയും അപ്പീൽ കൊടുക്കാൻ നഗരത്തിലെ ട്രിബൂണൽ ഒാഫീസിലേക്ക്
പായുകയായിരുന്നു. ബസ് കയറാൻ നിൽക്കുമ്പോളാണ് ഇരുവരെയും ബോർഡർ പൊലീസ്
പിടികൂടുന്നത്.
                 അടുത്ത ഗ്രാമത്തിലെ ഒരു കടയിൽ ജോലിക്കുനിന്നിരുന്ന ഞാൻ
എത്തുമ്പോഴേക്കും അവരെയും മറ്റു ഗ്രാമക്കാരെയും കയറ്റിയ പൊലീസ് വാൻ
പോയിരുന്നു. കയ്യിൽ അതുവരെ പണിയെടുത്തുകിട്ടിയ ഇത്തിരി കാശുമാത്രം.
ഇത്തരം കുറെ കേസുകൾ കൈകാര്യം ചെയ്യുന്ന വക്കീലിനെതന്നെ കണ്ട്
കാശുകൊടുത്ത് അപ്പീൽ നൽകി.
                                      ഏറെ വർഷം മുമ്പാണ് ഇരുവരുടെയും
ചെറുപ്പകാലത്താണ് കുടുംബങ്ങൾ കിഴക്കൻ പാകിസ്ഥാനിൽ നിന്നും അസമിലേക്ക്
കുടിയേറുന്നത്.  കുടിയേറ്റക്കാരെന്ന് കാണിച്ച് സർക്കാർ നൽകിയ രേഖ
അച്ഛന്റെ കയ്യിലുണ്ടായിരുന്നു.എന്നാൽ
അമ്മയുടെ കുടുംബത്തിന്റേതായ രേഖ ഹാജരാക്കാൻ സാധിച്ചില്ല.   അമ്മ ജനിച്ചത്
ആശുപത്രിയിലായിരുന്നില്ല..അതിനാൽ ജനനസർട്ടിഫിക്കറ്റ്
ഇല്ലായിരുന്നു.സ്കൂളിൽ പഠിക്കാത്തതിനാൽ സ്കൂൾ സർട്ടിഫിക്കറ്റുമില്ല.
പിന്നെ കുറെ അലച്ചിലിനുശേഷം അമ്മയുടെ പിതാവിന്റെ റേഷൻ കാർഡും വോട്ടർ
പട്ടികയിൽ പേരുള്ള ഭാഗവും എല്ലാം ഞാൻ കണ്ടെത്തി ട്രിബൂണലിൽ എത്തിച്ചു
ഭായ്. എന്തു ചെയ്യാം വോട്ടർ പട്ടികയിൽ മുത്തശ്ശന്റെ പേരിനൊപ്പം
അദ്ദേഹത്തിന്റെ പിതാവിന്റെ പേരും കൂട്ടി ദിലീപ് ദാസെന്ന്
ഉണ്ടായിരുന്നു.എന്നാൽ റേഷൻ കാർഡിൽ ദിലീപ് എന്നുമാത്രം. ഇതോടെ


    അമ്മയ്ക്ക് എത്ര പിതാവുണ്ടെന്നാണ് ട്രിബൂണലിൽ രാക്ഷസന്റെ മുഖത്തോടെ
ഇരുന്ന അധികാരി ചോദിച്ചത്. അന്നേരം അമ്മയുടെ കണ്ണിൽ നി്ന്നും കണ്ണീരല്ല,
ചോരയായിരുന്നു ഭായ് ഒഴുകിയത്.  അമ്മ ജയിലിലായി ഭായ്. നാട്ടിൽ നിന്ന്
കിട്ടുന്ന ചില്ലറകൊണ്ട് കേസ് നടത്താനാവില്ല. ഇവിടെ പണിയെടുത്ത്
കിട്ടുന്ന തുക നാട്ടിലേക്ക് അയച്ചാണിപ്പോൾ അമ്മയെ പുറത്തിറക്കാനുള്ള കേസ്
നടത്തുന്നത്. എങ്ങനെയെങ്കിലും അമ്മക്ക് ആസാദി കിട്ടണം..അല്ലങ്കിൽ പിന്നെ
എനിക്ക് മരിക്കുന്നതല്ലേ ഭേദം..
7
അമ്രിത് ദാസിന്റെ ശബ്ദം നനഞ്ഞുപോയിരുന്നു.
        ഇപ്പോൾ എന്റെ അ്ചഛൻ ഇന്ത്യാക്കാരനാണ്. അമ്മ വിദേശിയും. അപ്പോൾ
ഞാൻ ആരാണ് ഭായ്. തീർച്ചയായും ഗോൾപ്പാറയിലെ ജയിലായിരിക്കും ഇനി എന്റെ
രാജ്യം. അതിന്റെ ആഴമുള്ള ഏതോ ചതുപ്പുകളിൽ അമ്മയുടെയും എന്റെയും ചോരയുടെ
വേരുകൾ ആഴ്ന്ന് കിടപ്പുണ്ട്. അഴിച്ചെടുക്കാൻ ശ്രമിക്കുന്തോറും കൂടുതൽ
മുറുകിപ്പോകുന്ന  ചങ്ങലകളാണ് ഭായ്

              ഗോൾപ്പാറ ആ വാക്ക് കാണുന്നതു പോലും പേടിയാണ്..ഭായ്..ഈ വഴി
വേണം രാവിലെയും വൈകിട്ടും പോകുവാൻ..ആ പേരുവായിക്കുമ്പോൾ പേടിയും പകയുമാണ്
ഭായ്..അതാണ് ഞങ്ങളതു മായ്ക്കുന്നത്. അതിന്റെ ഒാരോ അക്ഷരങ്ങളും
മായ്ഞ്ഞുപോകുമ്പോൾ ഇത്തിരി സമാധാനം ഭായി..ആസാദിയുടെ കാറ്റുവീശുന്നത് പോലെ
..ആസാദിയുടെ ഉറവപൊട്ടുന്ന പോലെ..  തെളിവുതെണ്ടികൾക്കുവേണ്ടി
എന്തെങ്കിലും ചെയ്ത പോലെ..യൂനസ് വല്ലാതെ കിതച്ചിരുന്നു..
            ത്സൂഡ്, ത്സൂഡ്, ത്സൂഡ്, സബ് ത്സൂഡ് ഹെ ഭായി..അവർ
പറയുന്നതൊക്കെ കള്ളമാണ്. എന്നിട്ടവർ നമ്മളെ കള്ളന്മാരാക്കുന്നു..
  ഇന്ന് ഞങ്ങളെ പിടികൂടിയപോലെ നാളെ നിങ്ങളെത്തേടിയും അവർ വരും ഭായ്..കാലം
വല്ലാതെ കറുത്തുപോയിട്ടുണ്ട്..
അമ്രിത് ദാസ് ഭ്രാന്തനെപ്പോലെ അലറി...കബ് മിലേഗാ ആസാദി.?
                     വൈകിപ്പോയ രാത്രി സച്ചുവിന്റെ വാക്കുകളിൽ തെല്ലുണർന്നു,
           അനീസേട്ടാ.. ഇനി ഗോൾപ്പാറ എന്ന് പേര്  ഇനി നമുക്ക് വേണ്ട.

          സിഗരറ്റ് ലൈറ്ററിന്റെ ഒറ്റക്കണ്ണ് പിന്നെയും മിഴിഞ്ഞു.
വിഴുങ്ങാൻ കാത്തിരിക്കുന്ന ഇരുട്ടിനെ തുളച്ചുകൊണ്ട് രണ്ട് ഇന്ത്യാക്കാർ
കരടിപ്പാറയുടെ മുന്നിലൂടെ പാറക്കോരിയിലേക്കുള്ള വഴി തിരഞ്ഞു.


ശിവപ്രസാദ് പാലോട്

No comments:

Post a Comment