ചേർച്ച
വിടിനുള്ളിലേക്ക് കയറിവന്ന
വണ്ണാത്തിപ്പുള്ള്
കിളികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചേർത്തു
അതിൽ പിന്നെ
സർവ്വ സമയവും
കലപില തന്നെ
തൊടിയിലെ ചെടികളെല്ലാരും കൂടി
അവരുടെ ഫേസ് ബുക്ക് ഗ്രൂപ്പിൽ ചേർത്തു
സൂര്യനാണ് അഡ്മിൻ
അതിൽ പിന്നെ
പൂക്കളും കായ്കളും തന്നെ,
ട്വിറ്ററിൽ മലകൾ
പുഴകൾ,,
ശലഭങ്ങളും നക്ഷത്രങ്ങളും
ഇൻസ്റ്റോഗ്രാമിൽ
ചിത്രങ്ങളായി,
പൂവാലനണ്ണാൻ
വായിക്കാൻ കടം തന്നു
മാങ്ങകളുടെ കഥാപുസ്തകം
സമൂഹ അടുക്കളയായി
പിലാച്ചുവടുകൾ,
മെസഞ്ചറിൽ
വന്നൊച്ചയുണ്ടാക്കുന്നു
കുളക്കോഴികൾ
വീഡിയോകാളിൽ വല്ലാതെ
ചോന്നിണ്ടുണ്ടവൾ ചെമ്പരത്തി
കാക്കകളുടെ
വോയ്സ് മെസേജുകൾ
ജനാലയിൽ പോക്ക് ചെയ്തു പോകുന്ന
മരംകൊത്തി
മുറ്റത്തെ ടാഗ് ചെയ്യുന്ന
കാട്ടുവള്ളികൾ
സ്കൈപ്പിലുണ്ട് വിഷുപ്പക്ഷി
ആഴങ്ങളിൽ നിന്ന് കയറി വന്ന്
കിണറുകൾ കുശലം ചോദിക്കുന്നു,,
സബ്സ്ക്രൈബ് ചെയ്തു
മഴയുടെ യുട്യൂബ് ചാനൽ
കയറി നോക്കി കാറ്റിൻ്റെ
വെബ് സൈറ്റിൽ,
ഇപ്പോഴൊറ്റക്കല്ല
സങ്കല്പവിലക്കില്ല
മാനസിക അകലമില്ല
കട്ടെടുത്ത്
രസിച്ചു വായിക്കുകയാണ്
ഒരു കണ്ണിയും പൊട്ടിക്കാതെ
ലോക്ക് ഡൗണില്ലാത്ത
പ്രകൃതിയുടെ ഡയറിക്കുറിപ്പുകൾ
ശിവപ്രസാദ് പാലോട്
പ്രകൃതിയുടെ ഡയറിക്കുറിപ്പുകൾ
ശിവപ്രസാദ് പാലോട്
No comments:
Post a Comment