കൊക്രജഹാർ ജയിലിൽ നിന്നും ആംബുലൻസിലേക്ക്
കയറ്റുമ്പോൾ പാർബതി ദാസിന്റെ ശരീരം തണുത്തു മരവിച്ചു തുടങ്ങിയിരുന്നു.
സ്ടച്ചറിൽ ഒരു വശത്തേക്ക് തിരിഞ്ഞുപോയ അമ്മയുടെ മുഖം ബിശ്വനാഥ് ശരിയാക്കി
വച്ചു. ആംബുലൻസിൽ അമ്മയോടൊപ്പ മിരിക്കുമ്പോൾ ബിശ്വനാഥിന്
കരച്ചിലടക്കാനായില്ല. മകനെന്ന നിലയിൽ താന്‍ വലിയൊരു പരാജയമാണെന്ന്
തോന്നിയപ്പോൾ ബിശ്വനാഥ് ആംബുലൻസിന്റെ ഇരുമ്പുകമ്പിയിൽ തലയിട്ടിച്ചു.
ബോൺഗൈഗാവോണിലെ സർക്കാർ ആശുപത്രിയുടെ വളപ്പിലേക്ക്
ആംബുലൻസ് തിരിഞ്ഞുകയറി..വണ്ടിയുടെ മുന്‍സീറ്റിൽ ഇരുന്നിരുന്ന
പൊലീസുകാരന്‍ ആശുപത്രിക്കുള്ളിലേക്ക് പോയി.കുറെക്കഴിഞ്ഞ് ആശുപത്രി
ജീവനക്കാരനുമായി തിരിച്ചുവന്നു. പാർബതി ദാസിന്റെ ശരീരം ബിശ്വനാഥും
ആംബുലൻസിന്റെ ഡ്രൈവറും ചേർന്ന് പുറത്തെക്കിറക്കി. ആശുപത്രിയുടെ
വരാന്തയിലൂടെ ഒഴിഞ്ഞ ഒരു മൂലക്കുള്ള മോർച്ചറി കെട്ടിടത്തിന്റെ മുന്നിൽ
സ്ട്രച്ചർ ഇന്നു. അതിനുള്ളിലേക്ക് ആശുപത്രി ജീവനക്കാരനും പൊലീസുകാരനും
കയറിപ്പോയപ്പോൾ ബിശ്വനാഥ് പുറത്തുനിന്നു. കുറച്ചു കഴിഞ്ഞ് പൊലീസുകാരൻ
വന്ന് ബിശ്വനാഥിനെ ഉള്ളിലേക്ക് വിളിച്ചു.
ഒട്ടും വൃത്തിയില്ലാത്ത ആ കെട്ടിടത്തിനുള്ളിൽ
തലച്ചോറിലേക്ക് കുത്തിക്കയറുന്ന മണം തങ്ങിനിന്നു. ഉള്ളിൽ രണ്ടുമൂന്നു
മേശകൾ. മേശകൾ എന്നു പറഞ്ഞുകൂടാ..ഉള്ളിൽ ഒരാളെ കിടത്താന്‍ പാകത്തിലുള്ള
തൊട്ടികൾ. അതിൽ നിന്ന് താഴേക്ക് നീണ്ടുപോകുന്ന പൈപ്പ്. അതിനെ
ഏറ്റുവാങ്ങുന്ന സിമന്റുകൊണ്ടുള്ള ചാൽ. ഒരു മേശക്കു ചുറ്റും തുണികൊണ്ട്
മറച്ചിരുന്നു. പോസ്റ്റ് മോർട്ടം ചെയ്യുന്നതിന് മുമ്പ് എന്തൊക്കെയോ
രേഖകളിൽ ബിശ്വനാഥിനെക്കൊണ്ട് ഒപ്പിടുവിച്ചു. മേശയുടെ അരികിൽ ഒരുക്കി
വച്ചിരിക്കുന്ന ചുറ്റികയും ഉളിയുമെല്ലാം ഒരാന്തലോടെ ബിശ്വനാഥ് കണ്ടു.
ദേഹത്തിൽ നിന്ന് തുണിയെല്ലാം മാറ്റി അമ്മയെ കിടത്തിയിരിക്കുകയാണ്.
പൊലീസുകാരൻ ഒരു പേപ്പറിൽ എഴുതിത്തുടങ്ങി. അതിനുതാഴെ
ബിശ്വനാഥിനെക്കൊണ്ട് ഒപ്പിടുവിച്ച് പുറത്തേക്ക് പോന്നുകൊള്ളാൻ ആംഗ്യം
കാണിച്ചു.
രണ്ടുമണിക്കൂർ
കഴിഞ്ഞുകാണണം...മോർച്ചറിയുടെ മുന്നില്‍ മരവിച്ചുനിന്നിരുന്ന
വേപ്പുമരത്തിന്റെ തണലിൽ ബിശ്വനാഥ് ഇരുന്നു. വേപ്പുമരത്തിൽ നിന്നും വീണ
കുരുക്കൾ മണ്ണിലേക്ക് ചാഞ്ഞ് മുളച്ചുതുടങ്ങിയിരുന്നു. വേരുകൾ മണ്ണിലേക്ക്
ഇറങ്ങില്ലെന്ന് അറിഞ്ഞുകൊണ്ട് അല്പദിവസം കൊണ്ട് ഉണങ്ങാന്‍ തയ്യാറായാണ്
അവയുടെ നിൽപ്പ്. പൊലീസുകാനൻ പുറത്തുവന്ന് സ്ട്രച്ചർ പിടിക്കാന്‍
ബിശ്വനാഥിനോട് പറഞ്ഞു. അവിടിവിടെ ചുകന്നുപോയിട്ടുള്ള വെള്ളത്തുണിയിലേക്ക്
നോക്കിയപ്പോൾ അയാൾക്ക് നെഞ്ചുപിടഞ്ഞു..വീണ്ടും ആംബുലൻസിൽ കയറ്റി.വണ്ടി
പിന്നെയും ജയിലിലേക്ക് . പൊലീസുകാരൻ അവിടെ ഇറങ്ങിപ്പോയി. വണ്ടിയിൽ
പിന്നെ അമ്മയും ബിശ്വനാഥും ഒറ്റക്കായി. അമ്മയുടെ നെറ്റിയിൽ അയാൾ
തലോടിക്കൊണ്ടിരുന്നു.
ബിജ്നിയിലെ വീട്ടിൽ
തന്നോടൊപ്പം കഴിയുമ്പോൾ അമ്മ സന്തോഷവതിയായരുന്നു. വയസ്സ്
എഴുപതായെങ്കിലും അമ്മ ചുറുചുറുക്കോടെ അവിടെ ഒാടി നടന്നു. ഒാട്ടോറിക്ഷ
ഒാടിക്കുന്ന ജോലി കഴിഞ്ഞ് രാത്രിവൈകിയും ചിലപ്പോൾ താനെത്തുമ്പോൾ ആഹാരം
തയ്യാറാക്കി ഉറങ്ങാതിരിക്കുമായിരുന്നു അമ്മ. തനിക്ക്
പത്തുവയസ്സുള്ളപ്പോൾ മരിച്ചുപോയ അച്ഛൻ. അതിനു ശേഷം അമ്മ ജീവിച്ചത്
തനിക്കുവേണ്ടി മാത്രമായിരുന്നു. ഭാര്യ ശ്രദ്ധിക്കു ന്നതിനേ ക്കാളധികം
തന്റെ കാര്യങ്ങൾ അമ്മ നോക്കിയിരുന്നു. തങ്ങൾക്ക് കുട്ടികളുണ്ടാകാത്തതിൽ
അമ്മക്കാണ് കൂടുതൽ വിഷമമെന്ന് ഗീത റാണി പറയുമായിരുന്നു. എല്ലാം എത്ര
പെട്ടെന്നാണ് മാറി മറഞ്ഞത്..
ട്രൂബിയിലെ ട്രൈബുണലിന്റെ വിധിയുമായി ഉദ്യോഗസ്ഥൻ
എത്തുമ്പോൾ താൻ വീട്ടിലുണ്ടായിരുന്നില്ല. കൊണ്ടുവന്ന പേപ്പറിൽ
ഒപ്പിടിക്കുന്നതിന് മുമ്പേ അയാൾ അത് ഭാര്യക്കും അമ്മക്കും
വായിച്ചുകൊടുത്തത് ഇംഗ്ളീഷിലായിരുന്നു. പിറ്റേന്ന് ട്രൂബിയിലെത്തി
അന്വഷിക്കുമ്പോളാണ് അമ്മയെ വിദേശിയായി പ്രഖ്യാപിച്ചത് അറിയുന്നത്. അമ്മ
വിദേശിയായാൽ പിന്നെ താൻ ആരായിരിക്കും..ഏതു ദേശക്കാരനായിരിക്കും ഒരു
ഉത്തരവും കിട്ടിയില്ല. വിദേശിയല്ലെന്ന് തെളിയിക്കാനുള്ള രേഖകൾ
ഹാജരാക്കാനും അല്ലാത്ത പക്ഷം രാജ്യം വിട്ട് പോകണമെന്നും ഇല്ലെങ്കിൽ ജയിൽ
ശിക്ഷ നേരിടേണ്ടിവരുമെന്നും ട്രൂബിയിലെ ഉദ്യോഗസ്ഥന്‍ കടുപ്പിച്ചു പറഞ്ഞു.
പിന്നെ തെളിവുകൾ ഉണ്ടാക്കാനായുള്ള ഒാട്ടങ്ങൾ. ഏറെ പരിശ്രമിച്ച് അമ്മയുടെ
പിതാവിന്റെ റേഷൻ കാർഡും വോട്ടർപട്ടികയുടെ കോപ്പിയുമെല്ലാം
സംഘടിപ്പിച്ചു. ഇതെല്ലാം സാക്ഷ്യപ്പെടുത്തുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ
കത്തും. എല്ലാ രേഖകളും കൊണ്ട് അമ്മയെയും കൂട്ടി ട്രൈബൂണലിന്റെ
ഒാഫീസിലെത്തി. രേഖകൾ മറിച്ചുനോക്കി കട്ടിക്കണ്ണടക്കിടയിലൂടെ പരിഹസിച്ചു
ചിരിച്ച് ആ ഉദ്യോഗസ്ഥൻ എല്ലാം മടക്കി നൽകി.
നിങ്ങളുടെ പിതാവുമായുള്ള ബന്ധം ഇതുകൊണ്ടൊന്നും തെളിയുന്നില്ലല്ലോ..
എന്തെങ്കിലും കടലാസ് ഒപ്പിച്ചുകൊണ്ടുവന്നിട്ട് കാര്യമില്ല. പിതൃത്വം
തെളിയിക്കാനാകണം..അല്ലെങ്കിൽ തന്നെ എവിടെ നിന്നോ വന്ന നിങ്ങളെയൊക്കെ
തീറ്റിപ്പോറ്റേണ്ട എന്തുത്തരവാദിത്തമാണ് ഹിന്ദുസ്ഥാനുള്ളത്.
വന്നിടത്തേക്ക് തിരിച്ചുപോകണം..അല്ലാതെ ഇവിടെ പറ്റിക്കൂടാൻ നോക്കരുത്..
അയാൾ അമ്മയോട് കയർത്തു.
ശരത് ചന്ദ്രദാസ് എന്നായിരുന്നു മുത്തശന്റെ പേര്. എന്നാൽ മുത്തശന്റെ
പിതാവിന്റെ പേരിലാണ് കുഴപ്പമെന്നായിരുന്നു വാദം. ശരത്ചന്ദ്രദാസിന്റെ
പിതാവായി ഒരു രേഖയിൽ പറഞ്ഞിരുന്നത് ബൈഷ്ണബ് ചന്ദ്ര ദാസ് എന്നായിരുന്നു.
എന്നാൽ മറ്റൊരു രേഖയിൽ അത് ഗിരിധർ എന്നാണ്. അതിനാൽ ശരത്ചന്ദ്രദാസ് ആണ്
പാർബതിയുടെ പിതാവെന്നത് സംശയമാണെന്നായിരുന്നു ചിരിച്ചുകൊണ്ട് ട്രൈബൂണൽ
ഉദ്യോഗസ്ഥൻ പറഞ്ഞത്. അമ്മക്കു തന്നെ എഴുപത് വയസ്സായി, അമ്മക്ക് പതിനഞ്ച്
വയസ്സുള്ളപ്പോൾ മരിച്ചുപോയതാണ് അഛ്ചൻ. ചെറിയ ഒാർമ മാത്രമാണ്
അച്ഛനെക്കുറിച്ചുള്ളത്. അപ്പോഴാണ് ഒരു തലമുറകൂടി അപ്പുറത്തുള്ള പേരിലെ
വ്യത്യാസം തന്റെ ശിരോരേഖകളെ മായ്കാൻ തുടങ്ങുന്നത്.
ട്രിബൂണൽ പിന്നീട് ബോൺ ഗൈഗവോണിലേക്ക്
മാറ്റി. കേസും അങ്ങോട്ടാക്കി മാറ്റി. മറ്റു തെളിവുകൾ ഉണ്ടാക്കാൻ
ഒാടുന്നതിനിടയിൽ അമ്മയുടെ വിവാഹ സമയത്തെ രേഖകൾ സംഘടിപ്പിക്കാൻ ചിലർ
നിർദ്ദേശിച്ചു.
താൻ ആരാ ഇവരുടെ? ട്രിബൂണലിലെ ഉദ്യോഗസ്ഥൻ ചോദിച്ചു.
മകനാണ്
പേര്
ബിശ്വനാഥ്..
ബിശ്വനാഥിന്റെ പിതാവിന്റെ പേര്
ജിതേന്ദ്ര ദാസ്
കാര്യമൊക്കെ ശരിതന്നെ. തന്റെ അമ്മ ജിതേന്ദ്രദാസിന്റെ കൂടെ
ഉണ്ടായിരുന്നു എന്നു മാത്രമാണ് ഇതിലൂടെ തെളിയിക്കാനാവുക. അതിന് അത് 1971
മുമ്പുള്ളതാണല്ലോ..നിങ്ങൾ പത്രമൊന്നും വായിക്കാറില്ലേ? 1971 ശേഷമുള്ള
ഒരു രേഖയും പൗരത്വത്തിന് തെളിവാകുന്നില്ലല്ലോ.. പിന്നെ ഇതെങ്ങിനെ
പാർബതിയുടെ പിതാവുമായി ബന്ധിപ്പിക്കാൻ കഴിയും..
സാർ ഞങ്ങളിനി എന്താണ് ചെയ്യേണ്ടത്...
ക്വിറ്റ് ഇന്ത്യ...
അതും പറഞ്ഞ് അയാൾ പൊട്ടിച്ചിരിച്ചു...
ജയിലിൽ കിടക്കുക അല്ലെങ്കിൽ മരിക്കുക. നിങ്ങൾ ഏതു രേഖ ഹാജരാക്കിയാലും
അത് പരിശേധിക്കാനാണ് ഞാൻ ശമ്പളം വാങ്ങുന്നത്..ഞാനീ സീറ്റിൽ
ഇരിക്കുന്നിടത്തോളും കാലം ആരെയും ഹിന്ദുസ്ഥാനിൽ കുറ്റിയടിക്കാൻ
സമ്മതിക്കില്ല...അയാൾ പിന്നെയും ചിരിച്ചു..
അതിന് സാബ് ഞാൻ ഇവിടെയാണ് ജനിച്ചത്..
ജനിച്ചത് ഒരു തെളിവേയല്ല. അല്ലെങ്കിലും നമ്മുടെ സമ്മതത്തോടെയാണോ നമ്മുടെ
ജനനം? ജനിപ്പിച്ചത് ആരൊക്കെ എന്നതാണ് ചോദ്യം. അത്
തെളിയിക്കാനാകുന്നില്ലെങ്കിൽ പിന്നെ വന്നയിടത്തേക്ക് തിരിച്ചു പോകൂ..
സാബ് ഏതാണ് എന്റെ രാജ്യം ..അമ്മ കരഞ്ഞുകൊണ്ട് ചോദിച്ചു,,
രേഖകൾ പ്രകാരം നിങ്ങൾ ഇന്ത്യാക്കാരിയല്ല..ബംഗ്ളാദേശുകാരിയാണ്. അങ്ങോട്ടു പോകു..
സാബ് ആ രാജ്യത്തിന്റെ പേരുപോലും താങ്കൾ പറയുമ്പോളാണ് ഞാൻ കേൾക്കുന്നത്,,,
അതെയോ...അയാൾ ബിശ്വനാഥിന് നേരെ തിരിഞ്ഞു..
അതേ പോണ വഴിക്ക് ബുക്ക് സ്റ്റാൾ ഉണ്ടെങ്കിൽ ഒരു ഗ്ളോബും അറ്റ്ലസും
വാങ്ങിച്ചോ..എന്നിട്ട് അമ്മയും മകനും പോയി കുത്തിയിരുന്ന് ബംഗ്ളാദേശ്
കണ്ടുപിടിക്ക്...വൈകാതെ പോകേണ്ടതാണ്..വഴിയൊക്കെ മനസ്സിലാക്കിവച്ചോ...
അന്ന് തിരിച്ചു പോരുമ്പോൾ മുതൽ അമ്മ മൗനിയായിരുന്നു. പിന്നീട്
അധികമാരോടും സംസാരിക്കാതായി. നേരത്തിന് കുളിയെ ഭക്ഷണമോ ഇല്ലാതായി. എഴുപത്
വയസ്സിലും ആരോഗ്യവതിയായിരുന്ന അമ്മ മെലിഞ്ഞ് എല്ലിൻകൂടായി മാറാൻ മാസങ്ങളേ
വേണ്ടിവന്നുള്ളൂ..ഇടക്ക് ബിജ്നിയിലെ ക്ളിനിക്കിൽ കൊണ്ടുപോയപ്പോൾ
രക്തസമ്മർദ്ദം കൂടുതലാണെന്ന് ഡോക്ടർ പറഞ്ഞു. വീട്ടിനുള്ളിലെ ഏതെങ്കിലും
ഇരുണ്ട കോണിൽ എല്ലാരിൽ നിന്നും ഒളിച്ചിരിക്കാനാണ് അമ്മ പിന്നീട്
ഇഷ്ടപ്പെട്ടത്. ഏതു നിമിഷത്തിലും തന്നെ പൊലിസുകാർ വന്ന് പിടിക്കുമെന്നും
അതുവരെ കേൾക്കുകപോലും ചെയ്യാത്ത ബംഗ്ളാദേശ് എന്ന രാജ്യത്തേക്ക്
നാടുകടത്തുമെന്ന് അമ്മ ഭയന്നുതുടങ്ങിയിരുന്നു. ആ ഭയം അവരുടെ ഞരമ്പുകളെ
സമ്മർദ്ദത്തിലാക്കി.
ഏതു വിധേനയും അമ്മയെ രക്ഷിക്കണം..അമ്മയെ ഇന്ത്യക്കാരിയാക്കി മാറ്റിയെടുക്കണം. അമ്മ
വിദേശിയായാൽ അതിനുപിറകേ താനും ഭാര്യയുമെല്ലാം ഇന്ത്യ
വിടേണ്ടിവരും..വീണ്ടു കേസിൽ ഗുവാഹത്തി ഹൈക്കോടതിയിലക്ക് അപ്പീൽ
കൊടുക്കുമ്പോൾ വക്കീൽ ഫീസ് കൊടുക്കാൻ പണം തികഞ്ഞില്ല. സ്വന്തമായി
ഉണ്ടായിരുന്ന ഇലക്ട്രിക് ഒാട്ടോറിക്ഷ വിൽക്കുന്നത് അങ്ങിനെയാണ്.
എഴുപതിനായിരം രൂപയായിരുന്നു വക്കീൽ ഫീസ്. അത്രയും തുക നൽകുമ്പോൾ തന്റെയും
അമ്മയുടെയും അവസ്ഥയെല്ലാം വക്കീലിനോട് പറഞ്ഞു നോക്കി. എന്തെങ്കിലും ഇളവ്
ചെയ്ത് കിട്ടുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ അയാൾ ഒന്നിനും ചെവി
കൊടുക്കാതെ പണം എണ്ണിത്തിട്ടപ്പെടുത്തുന്ന തിരക്കിലായിരുന്നു.
രോഗിയായ അമ്മയെയും കൊണ്ട് കേസിനുള്ള ഒാട്ടങ്ങൾ. അവസാനം സുപ്രീം
കോടതിയും ട്രിബൂണൽ വിധി ശരി വച്ചു. ഉദർഗിരിയിൽ നിന്നുമുള്ള പൊലീസ് എത്തി
അമ്മയെ അറസ്റ്റ് ചെയ്യുമ്പോൾ തനിക്കൊന്നും ചെയ്യാനായില്ല. കശാപ്പിന്
പിടിച്ചുകൊടുക്കുന്ന മാട് അതുവരെ നിന്നിരുന്ന തൊഴുത്തിനെ
നോക്കുന്നതുപോലെ അമ്മ വീടിനെ പിൻതിരിഞ്ഞ് നോക്കി. പൊലീസ് വണ്ടിയിൽ
കയറുമ്പോൾ തന്റെ കയ്യിൽ അമർത്തിപ്പിടിച്ച് അമ്മ പറഞ്ഞു..
ബിശ്വനാഥ്...ഞാൻ ഇന്ത്യാക്കാരിയാണ്..നിന്റെ പിതാവും അയാളുടെ പിതാവും
ഇന്ത്യാക്കാരനാണ്. പക്ഷെ നമുക്കത് തെളിയിക്കാനായില്ല.നിന്റെ പേര്
ബിശ്വനാഥ് എന്നാണ്.. ഈ ലോകത്തിന്റെയും നാഥൻ.. നിനക്കും
പിറക്കാനിരിക്കുന്ന പേരക്കുട്ടിക്കും പാർബതിയുടെ അവസ്ഥ ഉണ്ടാകരുത്....
പതറാതെ കരയാതെ
അമ്മയാത്രയായി...കൊക്രജഹാർ ജയിലിലേക്കാണ് അമ്മയെ കൊണ്ടുപോയത്. ആ ജയിൽ
വാസത്തിന്റെ അന്ത്യമായിരുന്നല്ലോ ഇന്നലെ. പാർബതി ദാസ് ജയിലിൽ
മരണപ്പെട്ടെന്ന് ഉദർഗുരിയിലെ പൊലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്
ഇന്നലെയാണ്.
വണ്ടി തേയിലത്തോട്ടേങ്ങൾക്കിടയിലൂടെ ബിജ്നിയിലേക്ക് തിരിഞ്ഞു. അവിടെ
കാത്തുനിന്നിരുന്ന നാട്ടുകാർ. ആംബുലൻസിന്റെ ചില്ലിലൂടെ തന്നെ പാർബതിയോട്
യാത്ര പറഞ്ഞു. പോസ്റ്റ് മോർട്ടം കഴിഞ്ഞതിനാൽ നേരിട്ട് ബ്രഹ്മപുത്രയുടെ
തീരത്തെ പൊതുശ്മശാനത്തിലേക്ക് വണ്ടി നീങ്ങി.
കുഴിയിൽ മറവുചെയ്യാനുള്ള ഒരുക്കങ്ങളായി. അമ്മയെ കുഴിക്കുള്ളിൽ
ഇറക്കിക്കിടത്തി ആദ്യ പിടി മണ്ണ് മുഖത്തേക്കിടുമ്പോൾ അമ്മ
പുഞ്ചിരിച്ചതായി ബിശ്വനാഥിന് തോന്നി..എല്ലാ പേടിയിൽ നിന്നും അമ്മക്ക്
മോചനം ലഭിക്കുകകയാണ്. പിറന്ന മണ്ണിന്റെ മണമറിയുമ്പോൾ അമ്മക്ക്
എങ്ങിനെയാണ് ചിരിക്കാതിരിക്കാൻ കഴിയുക.
ട്രൂബിയിലെ ട്രിബൂണലിലെ കറുത്ത കണ്ണടക്കാരൻ ചിരിക്കുകയാണ്. അമ്മ അയാളോട്
വിറച്ചു കൊണ്ട് ചോദിക്കുകയാണ്
സാർ ഞങ്ങളിനി എന്താണ് ചെയ്യേണ്ടത്...
ക്വിറ്റ് ഇന്ത്യ...
ചെവിയിൽ എന്തോ വന്നലക്കുന്നു. ശ്മശാനം സൂക്ഷിപ്പുകാരന്റെ കയ്യിൽ നിന്നും മൺവെട്ടി പിടിച്ചു വാങ്ങി ബിശ്വനാഥ്
ഭ്രാന്തുപിടിച്ച് കുഴിയിലേക്ക് മണ്ണ് കൊത്തിയിട്ട് നികത്തി.
ശിവപ്രസാദ് പാലോട്
No comments:
Post a Comment