kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Sunday, May 17, 2020

വനജർവാഡി ചെറുകഥ ശിവപ്രസാദ് പാലോട്

                      


അടുക്കളയുടെ കരിപിടിച്ച വാതിലിന് മറവിൽ നിന്ന്  സത്യഭാമ എല്ലാം കേട്ടുകെണ്ടിരുന്നു. ഇടക്ക് ഉള്ളിൽ നിന്നു വന്ന ആന്തലുകളുടെ വാപൊത്തിപ്പിടിച്ച് കെടുത്തി. ഇപ്പോൾ സംസാരിക്കുന്നത് ഭർത്താവിന്റെ അഛ്ചനായ വല്ലാഭായ് ആണ്. പ്രധാനപ്പെട്ട കാര്യങ്ങൾ ഉണ്ടാകുമ്പോളാണ് അടുത്ത വീട്ടുകാർ എല്ലാവരും കൂട്ടം കൂടാറുള്ളത്.


എന്തെങ്കിലും ഒരു തീരുമാനം ഉടൻ ഉണ്ടാക്കണം.. ഇന്നലെക്കൂടി പാട്ടീൽ ദാദ എന്നോട് ചോദിച്ചു..രണ്ടാഴ്ച കഴിഞ്ഞാൽ പോകേണ്ടതാണ്..

ഉഗാലെ നിശബ്ദനായിരുന്നു..

          ഭർത്താവ് എന്താണ് ഒന്നും മിണ്ടാതിരിക്കുന്നതെന്ന് സത്യാഭാമ ആലോചിച്ചു. കല്യാണം കഴിഞ്ഞിട്ട് ആകെ മൂന്നുമാസമേ ആയിട്ടുള്ളൂ.. ഇന്നലെ രാത്രികൂടി ഈ കാര്യം ആരും കേൾക്കാതെ തങ്ങൾ ചർച്ചചെയ്തതാണ്..അപ്പോൾ തന്റെ വയറിന് മുകളിൽ തഴമ്പിച്ച് കൈകൊണ്ട് തലോടി ഉഗാലെ പറഞ്ഞിരുന്നു..

    ഭഗവാൻ ഒരു വഴി കാണിച്ചുതരാതിരിക്കില്ല.. നിന്റെയും എന്റെയും കരച്ചിൽ ഭഗവാൻ കേൾക്കാതിരിക്കുമോ..നാളെ ഇക്കാര്യം തീരുമാനിക്കേണ്ടി വരും..അപ്പോൾ ഗ്രാമത്തിൽ നിന്ന് പുറത്താക്കിയാലും വേണ്ടില്ല ഞാൻ പറ്റില്ല എന്ന് പറയാൻ പോകുകയാണ്..

    ഇങ്ങനെയൊക്കെ തന്നെ സമാധാനിപ്പിച്ച ആളാണ് ഒന്നും മിണ്ടാതെ ഇരിക്കുന്നത്. ഉഗാലെയുടെ അമ്മയാണ് ഒട്ടൊന്ന് ഒച്ചയുയർത്തിയത്.

അതിപ്പോൾ..സത്യഭാമയെ കൊണ്ടുപോകണമെന്ന കാര്യത്തിൽ എനിക്കൊരു വിയോജിപ്പുണ്ട്..എത്രയായാലും അവരുടെ കല്യാണം അടുത്തു കഴിഞ്ഞതേയുള്ളൂ..അവർക്കുമുണ്ടാകില്ലേ ആഗ്രഹങ്ങൾ..എനിക്കുമുണ്ട് ഒരു പേരക്കുട്ടിയെകാണാൻ കൊതി..

അതെങ്ങനെ നടക്കും..?
ബന്ധുവായ ഒരാളുടെ ശബ്ദം ഉയർന്നു കേട്ടു..

നമ്മൾ എല്ലാവരും ജോലിക്ക് പോകുന്നു  വല്ലാഭായ് ദാദയുടെ സ്ഥിരം പണിക്കാരനാണ്..പട്ടീൽ ദാദയെ ദേഷ്യപ്പെടുത്തിയാൽ അറിയാമല്ലോ ആർക്കും പണികിട്ടിയെന്നു വരില്ല. വല്ലാഭായും ഉഗാലെയും മാന്ദ്രിദേവിയും ജോലിക്കു പോന്നാൽ സത്യഭാമ ഒറ്റക്ക് വീട്ടിൽ നിൽക്കുമോ? പിന്നെ നിൽക്കാമെന്ന് വച്ചാൽത്തന്നെ വനജര്‍വാഡിയിൽ ഈ സീസണിൽ ആരെങ്കിലും വീട്ടിലുണ്ടാകുമോ..ഗ്രാമത്തിലെല്ലാരും പണിക്ക് പോകും..അപ്പോൾ പിന്നെ സത്യഭാമയെക്കൂടി കൂട്ടുകതന്നെ..

എന്നാലും ..ഒരു കുട്ടിയെങ്കിലും ആയിട്ടാണെങ്കിൽ പോലും എനിക്ക് വിഷമമില്ലായിരുന്നു.. ഇതിപ്പോൾ സത്യഭാമയെ ആര് എങ്ങിനെ  സമ്മതിപ്പിക്കും..?

ഉഗാലെ സമ്മതിപ്പിക്കട്ടെ..ഭർത്താവുതന്നെയല്ലേ ഭാര്യയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്..?



നിശ്ബ്ദമായ കുറെ നിമിഷങ്ങൾ...പിന്നെ ഒരു തേങ്ങൽ കേട്ടു.. ഉഗാലെ സമ്മതിച്ചതായി കൂട്ടം തീർച്ചപ്പെടുത്തിയിരിക്കണം


ശസ്ത്രക്രിയ ചെയ്യാന്‍ മൂന്‍കൂറായി പണം നല്‍കാമെന്ന് പാട്ടീൽ ദാദ പറഞ്ഞിട്ടുണ്ട്... തുക പണിക്കൂലിയില്‍നിന്ന് അവര്‍ പിന്നീട് ഈടാക്കിക്കൊള്ളാമെന്നും ഉറപ്പുപറഞ്ഞു..ദാദ വാക്കുപറഞ്ഞാ പിന്നെ വാക്കാണ്..


എന്നാലും ഇത്ര ചെറുപ്പത്തിൽ തന്നെ ഗർഭപാത്രം നീക്കം ചെയ്യുകയെന്നാൽ...
മാന്ദ്രീദേവി പിന്നെയും ഒരു ചോദ്യം ഉന്നയിച്ചു..


         വനജര്‍വാഡിയിൽ ഏതു സ്ത്രീക്കാണ് ഗർഭപാത്രമുള്ളത്..? എന്റെയറിവിൽ ഒന്നോ രണ്ടോ പേർക്കുമാത്രം..രണ്ടോ മൂന്നോ കുട്ടികളുണ്ടായപ്പോൾ ശേഷം ഗര്‍ഭപാത്രം നീക്കം ചെയ്തു കരിമ്പുപണിക്ക് പോകുന്നവരല്ലേ കൂടുതൽ..കഴിഞ്ഞ പ്രാവശ്യം ഉജ്വലിനും റാണിക്കും ഉണ്ടായ പ്രശ്നം അറിയില്ലേ..പണിക്കിടയിൽ അവർ തമ്മിൽ സംസാരിച്ചതിന് 500 രൂപ പിഴയീടാക്കിയത്..അതാണ് ഇത്തവണ ഉഗാലെയുടെയും സത്യഭാമയുടെയും കാര്യത്തിൽ ദാദ ഇത്ര  നിർബന്ധം പിടിക്കുന്നത്..


    അല്ലെങ്കിലും നമുക്ക് എന്ത് കിട്ടാൻ..ഒരു കുടുംബത്തിന് ഒരു ടണ്‍ കരിമ്പ് വെട്ടിയാല്‍ കിട്ടുന്നത് ആകെ നൂറു രൂപയാണ്.  ദിവസം എത്ര മുറിക്കാം മൂന്നോ നാലോ ടൺ മാത്രം . ഒരു സീസണില്‍ കൂടിപ്പോയാൽ മുന്നൂറ് ടണ്‍ അതില്‍നിന്ന് വേണ്ടേ വര്‍ഷം കഴിയാന്‍..ഫണിക്ക് പോയില്ലെങ്കിൽ എങ്ങിനെ ജീവിക്കും..?

കൂട്ടത്തിലാരോ ജോലിയും കൂലിയും തിട്ടപ്പെടുത്തി,


    പട്ടീൽ ദാദ തോട്ടത്തിലുള്ളപ്പോൾ കുഴപ്പമില്ല..ദാദയുടെ കങ്കാണിമാരെക്കൊണ്ടാണ് കുഴപ്പം..കഴിഞ്ഞ വർഷം ഒരുത്തൻ എന്നോട് ചെയ്തത്..

മാണ്ട ഇടറിക്കൊണ്ട് പറഞ്ഞു തുടരുന്നുണ്ടായിരുന്നു.

വൈകുന്നേരം ഇരുട്ട് പരന്നു തുടങ്ങിയപ്പോ ഞാൻ തോട്ടത്തിന്റെ മൂലയിൽ വെട്ടിയെത്തിയിരുന്നു..പെട്ടെന്നാണ് പിറകിൽ ദാദയുടെ കങ്കാണിമാരിൽ ആ തടിയൻ മീശയുള്ളവനില്ലേ അവൻ പിറകിലെത്തി എന്നെ പിടികൂടിയത്,,കുതറുമ്പോളൊക്കെ അയാളെന്റെ മുഖത്തു തല്ലി..വെട്ടിക്കൂട്ടിയിട്ട കരിമ്പോലകൾക്കു മുകളിലേക്ക് എന്നെ മറിച്ചിട്ട് അയാൾ....

മാണ്ടെ തേങ്ങുന്നുണ്ടായിരുന്നു..

കഴിഞ്ഞത് കഴിഞ്ഞു..അതൊന്നും ഇനി പറയണ്ട..ദാദക്ക് വേറെ പണിക്കാരെ കിട്ടും..നമുക്ക് പണിക്ക് വേറെ ഒരിടം കിട്ടാനില്ല..എല്ലാവരും അതോർത്തോളണം..ദാദ നമ്മളെ വിളിച്ചത് തന്നെ മഹാഭാഗ്യമായി കരുതണം... ആരോ ഉറക്കെപ്പറഞ്ഞു..

മാണ്ടെയുടെ തേങ്ങലുകൾ അയാളുടെ വാക്കുകൾക്കടിയിൽ അമർന്നു പോയി.



തീണ്ടാരി വലിയൊരു ബാധ്യതയാണ് പെണ്ണുങ്ങളേ..നമ്മളെ പണിക്കെടുക്കുന്നതേ നഷ്ടമാണെന്നാണ് കങ്കാണിമാരുടെ വാദം..

              കൂട്ടത്തിൽ പ്രായം ചെന്ന സരോജിനി ദീദിയുടെ വാക്കുകളിൽ നിരാശയുടെ ഒരു കടലുണ്ടെന്ന് സത്യഭാമക്ക് തോന്നി.

ആദ്യം പണിക്ക് പോയിത്തുടങ്ങിയപ്പോൾ ആണിനും പെണ്ണിനും വേറെ വേറെ താമസം ഇല്ലായിരുന്നു. എല്ലാവരും ഒരേ ഷെഡിൽ കിടക്കണം..പിന്നെ പിന്നെയാണ് മില്ലുകളിലോ, കുടിലുകളോ പെണ്ണുങ്ങൾക്കും സ്ഥലം കിട്ടിത്തുടങ്ങിയത്. വെളിക്കു പോകാൻ കൂടി സൗകര്യമില്ലാത്തിടത്ത്  തീണ്ടാരിയുടെ കാര്യം പറയാനുണ്ടോ..അതു നിന്നു കിട്ടാൻ ഗുളിക കഴിച്ചവർ എത്രയെത്രയുണ്ട് നമ്മുടെ കൂട്ടത്തിൽ

ദീദി പഴയ ഒാർമകൾ നെരിപ്പോടിൽ നിന്ന് കുത്തിയെടുത്തു.


 വെള്ളപോക്കിനും, അടിവയര്‍ വേദനക്കുമായിട്ടാണ് എന്നെ ഭർത്താവ് ആശുപത്രിയിൽ കൊണ്ടു പോയത്. ചിലവിന് ഇത്തിരി പണം കടം ചോദിച്ചപ്പോൾ കങ്കാണി പറഞ്ഞത് ഗര്‍ഭപാത്രം നീക്കംചെയ്യാന്‍...അങ്ങനെയാണ് ഞാനും..
മീരാ ഭായിയുടെ ഗദ്ഗദം. വീശിയടിച്ച കാറ്റിനൊപ്പം ഗ്രാമം ചുറ്റി.


              ബീദിലും ഹാജിപ്പൂരിലുമെല്ലാം ഇതു തന്നെ അവസ്ഥ..അവിടെയൊക്കെ കൊടും വരൾച്ചയാണ് . ദാരിദ്യം ഒഴിഞ്ഞ ഇടമുണ്ടോ നമുക്ക്..നമ്മളുടെ വംശം പിറന്നതിനൊപ്പം പിറന്നതാണ് വേദനയും ദാരിദ്യവും..  പടിഞ്ഞാറൻ മഹാരാഷ്ട്രയില്‍ കരിമ്പ് തോട്ടങ്ങളുണ്ടായത് ഭാഗ്യം . വര്‍ഷത്തിൽ കുറച്ചുമാസം അവിടേക്ക് കുടിയേറി പാർക്കാം. വരള്‍ച്ച കൂടുന്നതിനനുസരിച്ച് കുടിയേറുന്നവരുടെ എണ്ണവും കൂടും..ഭഗവാൻ നമ്മളെ സൃഷ്ടിച്ചിരിക്കുന്നതു തന്നെ ഭൂമിയിൽ വിശപ്പും ദാഹവും നില നിൽക്കാനാണെന്ന് തോന്നിപ്പോകുന്നു.

വല്ലാഭായ് ഒരു ലോകകാര്യം പറഞ്ഞു.


      നിങ്ങൾ പുരുഷന്മാരുമായിട്ടല്ലേ ദാദ കരാറുകള്‍ ഉണ്ടാക്കുന്നത്. അതിലൊന്നും ഞങ്ങളുടെ അഭിപ്രായേ ചോടിക്കാറില്ല ആരും..ഞങ്ങളുടെ പ്രശ്നം ഞങ്ങൾ ആരോടുപറയും..ഭഗവാനോടാല്ലാതെ..


 ഹീരാ ലാൽ ദീദി പതം പറയുന്നത് കേൾക്കാം..


 കരിമ്പു തോട്ടത്തിലെ പണിക്കിടയില്‍ തീണ്ടാരിയാകുന്നത്  ജോലിക്ക് തടസ്സമാകുന്നതിനാല്ലേ അതിത്ര പരിഹാരമില്ലാത്ത പാപമാകുന്നത്.. ആർക്കാണിതിപ്പോ അറിയാത്തത്. പിഴ നല്‍കി എത്ര പ്രാവശ്യം തീണ്ടാരിയാകും.?  അതല്ലേ നമ്മുടെ പെണ്ണുങ്ങള്‍ക്ക് ഗര്‍ഭപാത്രം മുറിച്ചുകളഞ്ഞ് തീണ്ടാരി തന്നെ ഒഴിവാക്കേണ്ടി വരുന്നത്... 


     ഗര്‍ഭപാത്രം നീക്കംചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ജോലിയില്‍നിന്ന് മാറിനില്‍ക്കേണ്ടി വരികയില്ല. അതിനാല്‍ പണം നഷ്ടപ്പെടുന്നത് ഒഴിവാക്കാം. അതല്ലേ ദാദാ മാരുടെ സൂത്രവാക്യം..ആരാണ് ചോദിക്കാനും പറയാനുമുള്ളത്.. ഭഗവാന്‍ പോലും  പെണ്ണിന് നേരെ മുഖം തിരിക്കുകയല്ലേ..പെണ്ണായി ജീവിക്കാൻ അവകാശില്ലെങ്കിൽ പിന്നെ ഭഗവാൻ നമ്മളെ സൃഷ്ടിച്ചതെന്തിന്?

ഹീരാലാലിന്റെ ചോദ്യങ്ങൾക്കൊന്നും പുരുഷന്മാർക്ക് ഉത്തരമില്ലാതിരിക്കുന്നതിന്റെയും ഉഗാലെ ശബ്ദിമില്ലാത്തവനായി പോയതിന്റെയും കാരണം സത്യഭാമക്ക് അധികം തേടേണ്ടി വന്നില്ല..

              പണ്ടൊക്കെ തീണ്ടാരി സമയത്ത് പെണ്ണുങ്ങൾ ഒന്നോ രണ്ടോ ദിവസം മാറിനില്‍ക്കണമെന്നായിരുന്നു ദാദാമാരുടെ നിയമം. ഇത് പണിക്കൂലി നഷ്ടപ്പെടാന്‍ കാരണമാകുന്നു. ഈ ദിവസത്തെ പണിക്കൂലി കുറക്കുമ്പോൾ കുടുംബത്തിൽ വരുമാനം കുറയുന്നതിനാൽ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുകകയേ വഴിയുണ്ടായിരുന്നുള്ളൂ..നമുക്കിതല്ലാതെ വേറെ എന്തു പണികിട്ടാനാണ്.. മുറുമുറുപ്പെന്തെങ്കിലും പറഞ്ഞാൽ ദാദ വേറെ ഗ്രാമക്കാരെ തേടും..ദാദയോട്  ഒരു ദിവസം ഞാൻ ഇതൊക്കെ പറഞ്ഞു നോക്കിയിരുന്നു. പറഞ്ഞ സമയനുള്ളില്‍ പണികള്‍ തീര്‍ക്കണമെന്ന കരാറിലാണത്രേ ദാദ ജമീന്ദാരിൽ നിന്നും പണി ഏറ്റെടുക്കുന്നത്. അതിനാല്‍ ആ സമയത്തിനുള്ളിൽ പെണ്ണുങ്ങൾക്ക് തീണ്ടാരിയുണ്ടാകുന്നതിനോട് ജമീന്ദാർമാർക്ക് യോജിപ്പില്ലെത്രെ


വല്ലാഭായ് ഖേദത്തോടെ പറയുന്നുണ്ടായിരുന്നു.

      പിന്നെ ഗുളിക കഴിക്കുന്നവരുടെ കാര്യവും കഷ്ടമാണ്..കഴിച്ചു കഴിച്ച് പലർക്കും ഉറക്കമില്ലാതായി..ബ‍ഡുവിന്റെ പെണ്ണിന് എന്തൊരു ആരോഗ്യമായിരുന്നു..നമ്മുടെ കൂട്ടത്തിൽ ആ പെണ്ണിനോളം ചന്തമുള്ള ആരെങ്കിലും ഉണ്ടായിരുന്നോ..കഴിഞ്ഞതിന്റെ മുമ്പത്തെ കരിമ്പുകാലത്തിന് മുമ്പല്ലേ അവളുടെ ഗർഭപാത്രം മുറിച്ചു കളഞ്ഞത്.  അതിൽ പിന്നെയല്ലേ അവൾ മെലിഞ്ഞു മെലിഞ്ഞ് രോഗിയായത്..പാവം പിച്ചും പേയും പറഞ്ഞ് ബുദ്ധിയില്ലാതായല്ലേ മരിച്ചു പോയത്..?

ഒരു നിശബ്ദത കുറെ നേരം കൂട്ടത്തിൽ ചുറ്റിപ്പറ്റി നിന്നു..അത് ഉടച്ചു കളഞ്ഞത് മാണ്ടെയുടെ വാക്കുകളായിരുന്നു..
              ഒന്നും പറഞ്ഞിട്ട് കാര്യമില്ല...എല്ലാക്കാലവും ഇതേ പോലെ തുടരും.. ജമീന്ദാർമാർ കരിമ്പു വയ്ക്കും..അതു തടിക്കും..നീരു മുറ്റും..പൂക്കും..സത്യഭാമയുടെ കാര്യത്തിൽ ഉഗാലെ അവളെ പറഞ്ഞു സമ്മതിപ്പിക്കട്ടെ..നാളെ ആശുപത്രിയിൽ പോകണമെന്നല്ലേ പട്ടീൽ ദാദ പറഞ്ഞത്..രണ്ടാഴ്ച കഴിഞ്ഞാ പണിക്ക് പോകേണ്ടതല്ലേ..?പറഞ്ഞിരുന്ന് വല്ലാതെ വൈകി..കൂട്ടം പിരിയുകയല്ലേ?


       നേരം വല്ലാതെ കറുത്തിരുന്നു.. കൂട്ടത്തിന്റെ സംസാരത്തിൽ നിന്ന് ചെവിയെടുത്ത് വാരിച്ചുറ്റിയ സാരിയുടെ കോന്തല  കൊണ്ട് കണ്ണു തുടച്ച് സത്യഭാമ അടുപ്പിനരുകിലേക്ക് നീങ്ങി. അത്താഴത്തിന് അന്നു പരത്തിയ ചപ്പാത്തികളൊക്കെ കണ്ണീർ വീണ് പുളിച്ചുകൊണ്ടിരുന്നു..പിന്നെയും പിന്നെയും കെട്ടുകൊണ്ടിരുന്ന അടുപ്പിൽ ഊതിയൂതി ചുമപൊട്ടിയപ്പോളും ഒച്ചപുറത്തുവരാതിരിക്കാൻ സത്യഭാമ പാടുപെട്ടു. കല്ലിൽ പൊരിയുന്ന ചപ്പാത്തികളിൽ കരിഞ്ഞുകിടന്ന ഒരോ പാടിലും അവൾ അനേകം കുഞ്ഞുങ്ങളുടെ തെളിഞ്ഞ മുഖം കണ്ടു..ഒാരോ കുഞ്ഞിനേയും വല്ലാതെ നെഞ്ചോട് ചേർത്തപ്പോൾ ചുരന്നുപോയ


 മുലകളെ ചുരുക്കി. നാളെ രാവിലെ ആശുപത്രിയിലേക്ക് പുറപ്പെടണം. അതോടെ തന്നിൽ നിന്നും അഴിച്ചുമാറ്റപ്പെടുന്ന പെൺകുപ്പായത്തിന്റെ താഴ്‌വരകളിൽ കണ്ണുമിഴിച്ച അവസാനത്തെ കുഞ്ഞിനേയും തലോടി ഉറക്കി അവൾ സവാളയരിഞ്ഞ് കറിയുണ്ടാക്കാൻ തുടങ്ങി..
  അത്താഴം കഴിഞ്ഞ് അന്ന് ഉറങ്ങാൻ സത്യഭാമ ഉഗാലെയുടെ കൂടെ ചെന്നില്ല..മാന്ദ്രിദേവിയുടെ കുഴമ്പുമണക്കുന്ന പായുടെ അറ്റത്ത് അവൾ ഒതുങ്ങിക്കിടന്നു..തേങ്ങലുകൾ ഒടുങ്ങാത്ത രാവിലെപ്പോളോ അവൾ മാന്ദ്രിദേവിയുടെ മാറിലേക്ക് ഒട്ടിക്കിടന്നു..

ബേട്ടീ..മാന്ദ്രിദേവി ഇരുട്ടിൽ അവളുടെ കണ്ണുകൾ തുടച്ചു..

മാം.....സത്യഭാമയുടെ കരച്ചിൽ പിടിച്ചുനിർത്താനാവാതെ കുടിലിനെ നിറച്ചു..

അമ്മേ എനിക്ക് സങ്കടമില്ല..ഞാൻ രാവിലെ പോയ്ക്കോളാം..നമ്മുടെ കുടുംബത്തിന്റെ നന്മക്കു വേണ്ടിയല്ലേ..അല്ലെങ്കിലും നമുക്കെന്തിനാണ് കുഞ്ഞുങ്ങൾ..പിറന്നാൽ തന്നെ അവരുടെ ഗതിയും ഇതുപോലെയല്ലേ.. കരിമ്പ് തോട്ടത്തിൽ എരിവു തിന്ന് ജീവിക്കേണ്ടവർ. അവർ പിറക്കാതെ  രക്ഷപ്പെടട്ടെ അമ്മേ..

  കൂരയുടെ ഇരുട്ടിൽ നിന്ന് ഒരു രൂപം ഇഴഞ്ഞുവന്ന് മാന്ദ്രിദേവിയുടെ ഇപ്പുറത്ത് വന്നു കിടന്നു.  അത് തന്നോട് ചേർന്നപ്പോൾ ദേഹത്ത് വീണ കണ്ണീരിൽ വല്ലാതെ പൊള്ളിപ്പോയി മാന്ദ്രി ദേവി പൊട്ടിക്കരഞ്ഞുപോയി,,

ഉഗാലാ..മേരാ ബച്ചാ..ഞാനും നിന്നെ പ്രസവിക്കേണ്ടിയിരുന്നില്ല..ഗ്രാമത്തിലൊരു പെണ്ണും പ്രസവിക്കേണ്ടിയിരുന്നില്ല..

                മൂന്നുപേരുടെയും കണ്ണീരിന്റെ ചൂടിൽ കൂരയാകെ വിങ്ങിപ്പഴുത്തു. അകലെയെങ്ങോ നീരുമുറ്റി നീലച്ച കരിമ്പുതേട്ടത്തിന് തീപിടിച്ച് ശവക്കോട്ടയിൽ നിന്നെന്ന പോലെ അപ്പോൾ പുകമണം കൂരയെ വിഴുങ്ങാൻ തുടങ്ങി.



ശിവപ്രസാദ് പാലോട്

No comments:

Post a Comment